പരീക്ഷാക്കാലത്തെ ശരിയായ ഭക്ഷണം

പരീക്ഷാക്കാലത്ത് പതിവായുള്ള വ്യായാമത്തോടൊപ്പം ആരോഗ്യകരമായ ഒരു ഭക്ഷണ ശീലം പിന്തുടരുന്നത് പഠിച്ചു തളര്‍ന്ന നിങ്ങളുടെ തലച്ചോറിന്‍റെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ സഹായകരമാകും. വൈറ്റ് സ്വാന്‍ ഫൗണ്ടേഷന്‍റെ അളഗമ്മൈ മെയ്യപ്പന്‍ പരീക്ഷാകാലത്ത് മാതാപിതാക്കളില്‍ നിന്നും കുട്ടികളില്‍ നിന്നുമായി അന്വേഷിച്ചറിഞ്ഞ സംശയങ്ങളും ഉത്കണ്ഠകളും ചോദ്യങ്ങളാക്കി ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ന്യൂട്രീഷ്യനും ആരോഗ്യ സംബന്ധമായ കാര്യങ്ങള്‍ എഴുതുന്ന വ്യക്തിയുമായ കവിത ദേവഗണില്‍ നിന്ന് അവയ്ക്ക് ഉത്തരം തേടുന്നു.
ഞാന്‍ വളരെ ഇഷ്ടപ്പെട്ട ചില ഭക്ഷണങ്ങള്‍ മാത്രം കഴിക്കുന്നയാളാണ്. വൈറ്റമിന്‍ സപ്ലിമെന്‍റുകള്‍ കഴിക്കുന്നത് എന്‍റെ പോഷകാവശ്യങ്ങള്‍ പരിഹരിക്കുന്നതിന് സഹായകരമാകുമോ? 
 സ്വാഭാവികമായ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. ഗരുതരമായ പോഷകക്കുറവൊന്നും ഇല്ലെങ്കില്‍ പിന്നെ സപ്ലിമെന്‍റുകളുടെ ആവശ്യമില്ല. 
തലച്ചോറിന്‍റെ പ്രവര്‍ത്തനം അല്ലെങ്കില്‍ ഓര്‍മ്മ ശക്തി മെച്ചപ്പെടുത്തുന്നതിനുള്ള എന്തെങ്കിലും ഭക്ഷണം ഉണ്ടോ? 
ഉണ്ട്, നിങ്ങളുടെ നിത്യാഹാര ക്രമത്തില്‍ ഉള്‍പ്പെടുത്താവുന്നതായ നിരവധി ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഉണ്ട്. ബദാമില്‍ ധാരാളമായി സിങ്ക് അടങ്ങിയിട്ടുണ്ട്, നമ്മുടെ തലച്ചോറിന്‍റെ ആരോഗ്യത്തിനായി വളരെ വലിയ പങ്ക് വഹിക്കാനാകുന്ന ഘടകമാണിത്. കപ്പലണ്ടി അഥവാ നിലക്കടല, കശുവണ്ടി, സൂര്യകാന്തിപ്പൂവിന്‍റെ വിത്ത്, മത്തങ്ങക്കുരു തുടങ്ങിയവയും വളരെ നല്ലതാണ്. നിയന്ത്രിതമായ തോതില്‍ കഴിക്കുകയാണെങ്കില്‍ നെയ്യ് വളരെ ഗുണം ചെയ്യും, നിത്യവും ഒരു ഗ്ലാസ് പാലു കുടിക്കുന്നതും നല്ലതാണ്. അതുപോലെ തന്നെ ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ള സ്ട്രോബറി, ബ്ലൂബെറി പോലുള്ള പഴങ്ങളും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിറ്റാമിന് സി അടങ്ങിയിട്ടുള്ള മാതളനാരങ്ങയും കഴിക്കുന്നത് (പ്രത്യേകിച്ച് പരീക്ഷാക്കാലത്ത്) വളരെ നല്ലതായിരിക്കും. മഞ്ഞളും കറുവാപട്ടയും നിങ്ങളുടെ ഭക്ഷണത്തില്‍ ചേര്‍ക്കാവുന്ന തലച്ചോറിന്‍റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷ്യവസ്തുക്കളാണ്. നിങ്ങള്‍ മാംസാഹാരം കഴിക്കുന്നയാളാണെങ്കില്‍, ആഴ്ചയില്‍ രണ്ടു പ്രാവശ്യം മീന്‍ കഴിക്കുന്നതില്‍ ശ്രദ്ധവെയ്ക്കാവുന്നതാണ്. മീനില്‍ ശീരത്തില്‍ കൊഴുപ്പിന്‍റെ ഉത്പാദനവും വിതരണവും സാധ്യമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്ന കോലൈന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്, തലച്ചോറ് ഇത് സന്ദേശങ്ങള്‍ സ്വീകരിക്കുകയും അയ്ക്കുകയും ചെയ്യുന്നതിനുള്ള ന്യൂറോട്രാസ്മിറ്ററായി (അസിതൈല്‍കോലൈന്‍) ഉപയോഗപ്പെടുത്തും, അത് ഓര്‍മ്മ ശക്തിയും ഗ്രഹണ ശക്തിയും വര്‍ദ്ധിപ്പിക്കും. 
പരീക്ഷാക്കാലത്ത് ഉപേക്ഷിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണ്?
കഫീന്‍ അടങ്ങിയിട്ടുള്ള പാനീയങ്ങള്‍ (കാപ്പി, ചായ, എനര്‍ജി ഡ്രിങ്ക്) അധികം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഇവ കൂടുതലായി ഉപയോഗിക്കുന്നത് ഉത്കണ്ഠ, അധൈര്യം, പരിഭ്രമം, വയറിന് അസ്വസ്ഥതകള്‍, തലവേദന, ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കും. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും വെറും കലോറിമാത്രമായി പോഷകം  തീരെയില്ലാത്ത പാക്കറ്റില്‍ വരുന്ന ഭക്ഷണങ്ങളും ഒഴിവാക്കുക- ദഹിക്കാന്‍ എളുപ്പമുള്ള കട്ടികുറഞ്ഞതും ആരോഗ്യകരവുമായ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്, അങ്ങനെയാകുമ്പോള്‍ നിങ്ങളുടെ ദഹനേന്ദ്രിയത്തിന് അധിക ഭാരം ഉണ്ടാകില്ല, അതിനാല്‍ പഠനത്തിലേക്ക് കൂടുതല്‍ ഊര്‍ജം തിരിച്ചുവിടാന്‍ കഴിയും.  
ധാരാളം പഞ്ചസാര കഴിക്കുന്നതും നല്ലതല്ല. കാരണം ഇതിന്‍റെ ഫലമായി ശരീരത്തില്‍ ഇന്‍സുലിന്‍റെ അളവ് കുതിച്ചുയരുകയും അതിനെ തുടര്‍ന്ന് ആ നിലയ്ക്ക് ഒരു തകര്‍ച്ചയുണ്ടാകുകയും അതിന്‍റെ ഫലമായി തളര്‍ച്ചയും മയക്കവും അനുഭവപ്പെടുകയും ചെയ്യും. പഞ്ചസാര ശരീരത്തില്‍ ഒരു അമ്ലത ഉണ്ടാക്കുകയും ചെയ്യുന്നു, ഇതിന്‍റെ ഫലമായി തളര്‍ച്ചയുണ്ടാകുകയും പ്രതികരണ വേഗതയിലും, തീരുമാനങ്ങളെടുക്കാനുള്ള കഴിവിലും ഏകാഗ്രതയിലും  പ്രതിരോധപ്രവര്‍ത്തനങ്ങളിലും കുറവ് വരികയും ചെയ്യും. 
ഉയര്‍ന്ന തോതില്‍ കൊഴുപ്പുള്ള ഭക്ഷണവും നിരവധി കറികളും മറ്റും ചേര്‍ത്തുള്ള വലിയ സദ്യയും മറ്റും ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇത് രക്ത പ്രവാഹത്തെ തലച്ചോറില്‍ നിന്നും ദഹനേന്ദ്രിയത്തിലേക്ക് തിരിച്ചു വിടുകയും ഇതിന്‍റെ ഫലമായി തളര്‍ച്ചയും മാന്ദ്യവും അനുഭവപ്പെടുകയും ചെയ്യും. അതിനാല്‍ ദിവസത്തില്‍ നാലുമുതല്‍ ആറുവരെ ചെറുഭക്ഷണ വേളകളിലാക്കി ഭക്ഷത്തെ വിഭജിക്കുകയാണ് നല്ലത്. 
പരീക്ഷയ്ക്കായി പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ പലപ്പോഴും ധാരാളം സംസ്ക്കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നു. ഇതിന് പകരം ആരോഗ്യകരമായ ചില ലഘുഭക്ഷണങ്ങള്‍ (സ്നാക്ക്സ്) നിര്‍ദ്ദേശിക്കാമോ? 
കപ്പലണ്ടി, കശുവണ്ടി പോലുള്ളവ, പഴങ്ങള്‍, ഇലക്കൂമ്പുകള്‍, പുഴുങ്ങിയ ചോളം മുതലായവ വളരെ നല്ലതാണ്. അതുപോലെ തന്നെ കരിക്കിന്‍വെള്ളവും കടല സൂപ്പും ( കറുത്ത കടല കൂടുതല്‍ വെള്ളത്തില്‍ തിളപ്പിക്കുക, കുറച്ച് കറുത്തുപ്പും നാരങ്ങാനീരും ചേര്‍ത്ത് കുടിക്കുക) കുടിക്കാവുന്നതുമാണ്. 
പരീക്ഷാക്കാലത്ത് ശരിയായ ഭക്ഷണം കഴിക്കുന്നിനെക്കുറിച്ചുള്ള മറ്റ്  പ്രധാന നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണ്? 
നിര്‍ജലീകരണം വരാതെ നോക്കുക:  ദാഹം തോന്നുന്നില്ലെങ്കിലും പഠിക്കുമ്പോള്‍ മറന്നു പോയാലും ധാരാളം വെള്ളം കുടിക്കുക. പഠിക്കുന്നതിന് അടുത്ത് ഒരു ലിറ്ററിന്‍റെ കുപ്പിയില്‍ വെള്ളം വെയ്ക്കുക. ഒരു ദിവസം കുറഞ്ഞത് രണ്ട് കുപ്പിയെങ്കിലും വെള്ളം കുടിക്കുക. നമ്മുടെ തലച്ചോര്‍, ഏതാണ്ട് 90 ശതമാനവും വെള്ളമാണെന്ന കാര്യം മനസിലാക്കുക. 
ഡയറ്റിംഗ് വേണ്ട, പ്രഭാതഭക്ഷണം ഒഴിവാക്കരുത്: കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും വളരെ കുറഞ്ഞ കലോറിയുള്ള ഭക്ഷണ ക്രമം അത്ര നല്ലതല്ല. കുറഞ്ഞ കലോറിയിലുള്ള ഭക്ഷണം വിവരങ്ങള്‍ സാവധാനത്തില്‍ മാത്രം വിശകലനം ചെയ്തെടുക്കുന്ന പ്രവണത, പ്രതികരിക്കാന്‍ കൂടുതല്‍ സമയം എടുക്കല്‍, സന്ദര്‍ഭവും സാഹചര്യവും മറ്റും ഓര്‍ത്തിരിക്കുന്നതില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കല്‍ തുടങ്ങിയ കുഴപ്പങ്ങള്‍ ഉണ്ടാക്കിയേക്കും. ഉറങ്ങുമ്പോള്‍ പോലും തലച്ചോര്‍ ഇന്ധനം കത്തിക്കുന്നുണ്ട്, അതിനാല്‍ ഈ ഇന്ധനം തിരികെ നിറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം പ്രഭാത ഭക്ഷണം കഴിക്കുക എന്നതാണ്. ഇതിലൂടെ പിന്നീട് ആ ദിവസം ഒരു മാനസികമായ അവ്യക്തത ഉണ്ടാകാനുള്ള സാധ്യതയെ തടയാന്‍ കഴിയും. അതിനാല്‍ എന്നും മതിയായ പ്രഭാത ഭക്ഷണത്തോടെ ഒരു ദിവസം ആരംഭിക്കുന്നു എന്ന് ഉറപ്പാക്കുക.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org