എന്റെ മാനസികരോഗത്തെ തൃപ്തികരമായി നേരിടാനുള്ള പഠനം എന്നെ മാറ്റിമറിച്ചു

സ്‌കിസോഫ്രീനിയ ബാധിതനായ ഒരു വ്യക്തി തന്റെ രോഗത്തെ സ്വതന്ത്രവും ഉറച്ചതുമായ വിശ്വാസത്തോടെ കൈകാര്യം ചെയ്തതിനെക്കുറിച്ച് പറയുന്നു. 
1970കളിൽ സ്‌കൂൾ പഠനകാലത്താണ് എന്റെ അസുഖം തുടങ്ങിയത്. ഭൂരിഭാഗം കൂട്ടുകാരും ഉപരിവർഗ്ഗ കുടുംബത്തിൽനിന്ന് ആയതുകൊണ്ട് സാധാരണ മധ്യവർഗ കുടുംബത്തിൽനിന്നുവരുന്ന എനിക്ക് അവരുമായി ഒത്തുപോകാൻ കഴിയാതെ വന്നു. പഠനകാര്യത്തിൽ ശ്രദ്ധ ചെലുത്തുമ്പോൾതന്നെ എന്റെ സുഹൃത്തുക്കളുടെയും സഹപാഠികളുടെയും പുതുവസ്ത്രങ്ങളും എനിക്കില്ലാത്ത ഉപകരണങ്ങളും കണ്ട് അപമാനിക്കപ്പെട്ടതായി തോന്നി. ആ കാലത്ത് ഹൈസ്‌കൂൾ യൂണിഫോം കാൽമുട്ട് വരെയുള്ള ട്രൗസറിൽനിന്ന് പാദംവരെ ഇറക്കമുള്ളതാക്കി മാറ്റി. എന്നിരുന്നാലും എന്റെ വീട്ടുകാർക്ക് പുതുക്കിയ യൂണിഫോം വാങ്ങുവാനുള്ള പണമില്ലാഞ്ഞതിനാൽ പുതിയ രീതിയിലേക്ക് മാറുവാൻ എനിക്ക് കഴിഞ്ഞില്ല. ഇതെന്നെ നാണംകെടുത്തി, എന്റെ കൂട്ടുകാർ എന്നെ വിചിത്രമായി നോക്കാറുണ്ടെന്ന് ഭയപ്പെടുവാൻ ഇത് കാരണമായി. ഞാൻ എനിക്ക് ചുറ്റുമുള്ളവരെപ്പോലെ അല്ല എന്ന കാര്യമാണ് എനിക്ക് ഓർത്തെടുക്കുവാൻ കഴിയുന്ന ആദ്യത്തെ പേടി. 
എങ്ങനെയോ സ്‌കൂൾ വിദ്യാഭ്യാസം ഞാൻ പൂർത്തിയാക്കി. എംബിബിഎസ് പഠനത്തിനായി ഒരു ചെറിയ നഗരത്തിൽനിന്ന് വലിയ നഗരത്തിലേക്ക് ചേക്കേറിയപ്പോൾ എന്റെ പ്രശ്‌നങ്ങൾ വർദ്ധിച്ചു. കോളേജിലെ റാഗിങ്ങും നഗരജീവിതവുമായി പൊരുത്തപ്പെടാൻ പറ്റാതെ വന്നതും ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ എന്നെ വേട്ടയാടി. റാഗിങ്ങിനെക്കുറിച്ചുള്ള അമിതഭയം മൂലം നിയന്ത്രിക്കാൻ കഴിയാത്ത പേടിപ്പെടുത്തുന്ന ചിന്തകൾ തുടർച്ചയായി എന്നിലുണ്ടായിക്കൊണ്ടിരുന്നു. 
ഇത് ഒത്തുപോകാൻ പറ്റാത്തതു കൊണ്ടുള്ള പ്രശ്‌നമാണെന്നാണ് തുടക്കത്തിൽ ഡോക്ടർ പറഞ്ഞത്. ഡോക്ടർ കുറിച്ച് നിർദ്ദേശിച്ച മരുന്നുകൾ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് കരുതിയെങ്കിലും അത് സംഭവിച്ചില്ല. ഞാൻ കോളേജിൽ സ്ഥിരമായി പോകാതാകുകയും പരീക്ഷകൾ ഒഴിവാക്കുവാനും തുടങ്ങി. എംബിബിഎസിന്റെ ആദ്യവർഷം അവസാനിക്കാറായപ്പോഴേക്കും എനിക്ക് എന്തോ മാനസികരോഗമാണെന്ന് കണ്ടെത്തി, പക്ഷേ അതെന്താണെന്ന് എനിക്കറിയില്ലായിരുന്നു. രോഗത്തിന്റെ പേരിൽ കളിയാക്കപ്പെടുമോ എന്ന് ഭയന്ന് ഞാൻ രണ്ടാം വർഷത്തിന്റെ തുടക്കത്തിൽ പഠനം അവസാനിപ്പിച്ചു.
എന്റെ രോഗത്തിൽനിന്ന് സുഖം പ്രാപിച്ചുകൊണ്ടിരുന്നപ്പോൾ ജീവിതത്തിൽ ഞാൻ ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ട്. ജോലിക്കാര്യത്തിലും സാമൂഹിക ജീവിതത്തിലും മാനസികരോഗത്തിന്റെ പേരിൽ എനിക്ക് അപമാനം സഹിക്കേണ്ടിവന്നു. എനിക്കൊരു തൊഴിൽ വേണമെന്ന് അതിയായി ആഗ്രഹിച്ച് എന്റെ കുടുംബം സർവ്വ പിന്തുണയും നൽകി. ഒരു ഡോക്ടറുടെ മകനായതിനാൽ ആശുപത്രിയിൽ ക്യാഷ്യറായി നിന്ന് ഞാൻ അച്ഛനെ സഹായിച്ചു. എന്റെ പഠനത്തെക്കുറിച്ച് അറിയാമായിരുന്ന ചില രോഗികൾ ചോദിച്ചു, 'ഒരു ക്യാഷ്യറായിട്ട് നിനക്കെന്താ ഇവിടെ കാര്യം? നീ തുടർന്ന് പഠിക്കുകയും മറ്റെതെങ്കിലും ആശുപത്രിയിൽ ജോലിക്ക് പോകുകയും ചെയ്യണം'. ഒരു വശത്തുനിന്ന് ഞാൻ രോഗത്തിൽനിന്ന് രക്ഷപ്രാപിക്കുക ആയിരുന്നുവെങ്കിൽപോലും ആളുകളിൽ നിന്നുള്ള ഇത്തരം സംസാരങ്ങൾ എനിക്ക് എന്നോട് തന്നെയുള്ള മതിപ്പ് കുറയുന്നതിനും അച്ഛന്റെ ആശുപത്രിയിലേക്ക് പോകുന്നത് നിർത്തുന്നതിനും കാരണമായി.
എന്റെ സഹോദരങ്ങൾ വിവാഹം കഴിക്കാൻ പോകുന്നതും എനിക്ക് മാത്രം അത് സംഭവിക്കാത്തതുമായിരുന്നു മറ്റൊരു വെല്ലുവിളി. നാണക്കേടിൽനിന്ന് രക്ഷപ്പെടാനായി എന്റെ സഹപാഠികളുടെ വിവാഹത്തിൽ ഒന്നിലും തന്നെ ഞാൻ പങ്കെടുത്തില്ല. അന്നത്തെ കാലത്ത് “കല്യാണം പ്രശ്‌നം പരിഹരിക്കു”മെന്ന് എന്റെ അമ്മാവന്മാർ പറയുമായിരുന്നു. തിരിഞ്ഞ് നോക്കുമ്പോൾ കല്യാണം കഴിക്കാതിരുന്നതിലൂടെ ഒരു ശരിയായ തീരുമാനമാണ് എടുത്തതെന്നാണ് എനിക്ക് തോന്നുന്നത്. വിവാഹശേഷം ഉണ്ടാകുന്ന ഉത്തരവാദിത്വങ്ങൾ എന്നെക്കാളുപരി എന്റെ പങ്കാളിയെ അമിത സമ്മർദ്ദത്തിലാക്കുമായിരുന്നു. 
അസുഖത്തെക്കുറിച്ചുള്ള എന്റെയും കുടുംബത്തിന്റെയും അറിവില്ലായ്മ പെട്ടെന്ന് സുഖം പ്രാപിക്കാതിരിക്കാൻ കാരണമായി. അതൊരു അപകർഷതാബോധം മാത്രം ആണെന്നായിരുന്നു ഞാൻ ധരിച്ചിരുന്നത്. ഏഴെട്ട് വർഷം പലതരത്തിലുള്ള മരുന്നുകൾ കഴിച്ചശേഷമാണ് എനിക്ക് സ്‌കിസോഫ്രീനിയ ബാധിച്ചിരിക്കുകയാണെന്ന് ഞാൻ മനസിലാക്കുന്നത്. എംബിബിഎസ് പശ്ചാത്തലം എന്റെ രോഗത്തെക്കുറിച്ച് കൂടുതൽ അറിയാൻ എന്നെ പ്രേരിപ്പിച്ചു. എന്നിരുന്നാലും ഒഴിയാബാധയായി മാറിയ ചിന്തകൾപോലെയുള്ള മറ്റ് രോഗലക്ഷണങ്ങളെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. ഏകദേശം ഇരുപത് വർഷത്തോളം ഞാൻ മരുന്ന് കഴിച്ച് വീട്ടിൽ വിശ്രമിക്കുകയായിരുന്നു. 
രോഗം തരണം ചെയ്യുന്ന പ്രക്രിയ എനിക്കോ കുടുംബത്തിനോ എളുപ്പത്തിൽ സാധ്യമല്ലായിരുന്നു. 70കളിലും 80കളിലും എന്റെ നഗരത്തിലെ മാനസികരോഗ വിദഗ്ദ്ധർ നിർദ്ദേശിച്ച മരുന്നുകൾക്ക് പാർശ്വഫലങ്ങൾ ഉണ്ടായിരുന്നു. പലതും എന്റെ തല കറങ്ങുന്നതിന് കാരണമായിരുന്നു. പാർശ്വഫലങ്ങളെ പ്രതിരോധിക്കുവാൻ ഞാൻ എടുത്ത കുത്തിവെയ്പുകൾക്ക് പോലും പാർശ്വഫലങ്ങൾ ഉണ്ടായിരുന്നു. 90കളിൽ മാനസികരോഗ വിദഗ്ദ്ധർ പാർശ്വഫലങ്ങളിൽനിന്ന് എന്നെ രക്ഷിക്കാനുതകുന്ന ആന്റിസൈക്കോട്ടിക്ക് മരുന്നുകൾ കുറിച്ചുതന്നു. കുറച്ച് വർഷങ്ങൾക്ക് ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി ഞാൻ ബാംഗ്ലൂരിലുള്ള നിംഹാൻസ് സന്ദർശിക്കണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. 
2010ൽ ഞാൻ ബാംഗ്ലൂരിലെത്തി. അവിടത്തെ മാനസികരോഗ വിദഗ്ദ്ധർ പറഞ്ഞത് 'മരുന്നുകൾ 50 ശതമാനം രോഗം മാത്രമാണ് ഭേദപ്പെടുത്തുന്നത്. ബാക്കി 50 ശതമാനം നിങ്ങളുടെ ശ്രമം അനുസരിച്ച് ഇരിക്കും'. ഡോക്ടർ എന്നെ പുനരധിവാസ കേന്ദ്രത്തിലേക്ക് പറഞ്ഞുവിട്ടു. 
പുനരധിവാസ കേന്ദ്രത്തിൽവെച്ച് ഒരു ദിനചര്യ ക്രമപ്പെടുത്താൻ ഞാൻ പഠിച്ചു. കൃത്യസമയത്ത് ഉണരുക, തയ്യാറാകുക, അവധിക്കാല പരിശീലന ക്ലാസുകളില്‍ പങ്കെടുക്കുക തുടങ്ങിയവ എല്ലാംതന്നെ എന്റെ സാമൂഹിക ഇടപെടലുകൾ മെച്ചപ്പെടുത്തുവാൻ എന്നെ സഹായിച്ചു. ഒരു കൂട്ടത്തിൽ ചേർന്ന് ജോലി ചെയ്യുവാനും ഒത്തുപോകുവാനും ഞാൻ പഠിച്ചു. ചികിത്സയ്ക്കായി  ബാംഗ്ലൂരിൽ വന്ന ഞാൻ തുടർന്നുള്ള ജീവിതം ഇവിടെ തന്നെ ആക്കാനും തീരുമാനിച്ചു. പണം കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് ഞാൻ പഠിച്ചു. കൂടുതൽ ഉത്തരവാദിത്വമുള്ള ഒരുവനായി ഞാൻ മാറി. എന്റെ സ്വന്തം കാര്യങ്ങൾ നോക്കിയും പണം കൈകാര്യം ചെയ്തും ഇപ്പോൾ ഒരു പേയിങ്ങ് ഗസ്റ്റ് താമസസ്ഥലത്താണ് ഞാൻ ജീവിക്കുന്നത്. മരുന്ന് കഴിക്കുക, കൗൺസിലിങ്ങിലും കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പിയിലും (നിങ്ങൾ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് തമ്മിലുള്ള വ്യത്യാസം കൈകാര്യം ചെയ്യാനുള്ള ഒരു സംസാര രോഗചികിത്സ) പങ്കെടുക്കുക, നടക്കാൻ പോകുക, കൃത്യമായി പ്രാണയാമം ചെയ്യുക തുടങ്ങിയവ എന്റെ ശരീരത്തിലും മനസിലും സ്വസ്ഥത നിലനിർത്താൻ സഹായിച്ചു. ഒരു മാനസികരോഗത്തിലൂടെ കടന്നുപോയ അനുഭവം എന്നെ ആത്മീയതയിലേക്ക് നയിച്ചു. അതേസമയം എന്റെയുള്ളിൽ എന്തായിരുന്നു സംഭവിച്ച് കൊണ്ടിരുന്നത് എന്നതിനെക്കുറിച്ചുള്ള ശരിയായ അറിവും ബോധ്യവും സുഖംപ്രാപിക്കുന്നതിന് എന്നെ സഹായിച്ചു. 
ഇന്ന് ഞാൻ സ്വതന്ത്രനായി ജീവിക്കുകയും എന്നെത്തന്നെ ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ കൂടി അംഗീകരിക്കുമോ കളിയാക്കുമോ എന്ന് പേടിച്ച് മാനസിക ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലാത്തവരുമായി സൗഹൃദം സ്ഥാപിച്ചെടുക്കാൻ എനിക്ക് പേടിയാണ്. എന്റെ രക്ഷിതാക്കൾ ഇല്ലാതാകുന്ന ദിവസത്തേയും ഞാൻ പേടിക്കുന്നു. എന്നിരുന്നാലും എന്റെ സഹോദരന്റെയും നിംഹാൻസിന്റെയും പുനരധിവാസ കേന്ദ്രത്തിന്റെയും പിന്തുണ ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. 
ആകെക്കൂടി, മാനസികരോഗം ഉണ്ടാക്കിയ അനുഭവങ്ങളും അത് തരണം ചെയ്യാൻ നടത്തിയ ശ്രമങ്ങളും ഒരു പുതിയ വ്യക്തിയായി മാറുവാൻ എന്നെ സഹായിച്ചു. 
വൈറ്റ് സ്വാൻ ഫൗണ്ടേഷനോട് പറഞ്ഞ് പ്രകാരം തയ്യാറാക്കിയത്. പ്രത്യേക അഭ്യർത്ഥന പ്രകാരം പേരുവിവരങ്ങൾ രഹസ്യമാക്കി വെച്ചിരിക്കുന്നു. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org