തെറാപ്പിക്ക് മുടക്കുന്ന പണം മുതലാകുമോ?

തെറാപ്പി വളരെ ചെലവേറിയതായേക്കും, അതുകൊണ്ട് ഉദ്ദേശിച്ച കാര്യം നടക്കുമെന്ന് ഒരു ഉറപ്പും പറയാനുമാകില്ല, പിന്നെന്തിന് ഒരാള്‍ അതിനായി പണം മുടക്കണം?
തെറാപ്പി, പ്രത്യേകിച്ച് സംസാരത്തിലൂടെയുള്ള തെറാപ്പി അല്ലെങ്കില്‍ കൗണ്‍സിലിംഗ് എന്നാല്‍ ഒരു തെറാപ്പിസ്റ്റ്   ഒരാളുടെ  ചിന്തകളേയും വികാരങ്ങളേയും പെരുമാറ്റത്തേയും അതെല്ലാം അയാള്‍ക്ക് അനുഭവപ്പെടുന്നതിനുള്ള (സാധ്യതയുള്ള) കാരണങ്ങളെയും കുറിച്ച് കൂടുതല്‍ പഠിക്കാന്‍ അയാളെ സഹായിക്കുന്ന ഒരു പ്രക്രിയയാണ്. ആ വ്യക്തിക്ക് ഈ ചിന്തകളേയും വികാരങ്ങളേയും കുറിച്ച് അവബോധം ഉണ്ടായാല്‍, തുടര്‍ന്ന് തെറാപ്പിസ്റ്റ് ആ വ്യക്തിയെ അയാളുടെ  വൈകാരികമായ പ്രശ്നങ്ങളെ മെച്ചപ്പെട്ട രീതിയില്‍ നേരിടുന്നതിനുള്ള മാര്‍ഗങ്ങളും ടെക്നിക്കുകളും മറ്റും പഠിക്കാന്‍ സഹായിക്കുന്നു.
മിക്കാവാറും എല്ലാ തെറാപ്പികളും ഒരു ലക്ഷ്യം വെച്ചുകൊണ്ടുള്ളതും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടുള്ളതുമായിരിക്കും. ആ വ്യക്തിയെ മാനസിക ദുരിതത്തിലേക്ക് നയിച്ച വൈകാരിക പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന തിനാണ് അവ രൂപപ്പെടുത്തിയിരിക്കുന്നത്. ഇവിടെ ഒരു തെറാപ്പിസ്റ്റിന്‍റെ ജോലി ഒരു വ്യക്തിയെ അയാളുടെ ചിന്തകളില്‍ മാറ്റം വരുത്തിക്കൊണ്ട് ആ ലക്ഷ്യം കൈവരിക്കുന്നതിനായി സഹായിക്കുക എന്നതാണ്.
തെറാപ്പികൊണ്ട് ഇങ്ങനെ പല ഗുണങ്ങള്‍ ഉണ്ടായിട്ട് പോലും തെറാപ്പി എന്നത് വളരെ ചെലവേറിയ കാര്യമാണ് എന്നൊരു  തെറ്റിദ്ധാരണ നിലനില്‍ക്കുന്നതിനാല്‍ ആളുകള്‍ പൊതുവില്‍ തെറാപ്പിക്ക് പോകാന്‍ മടിക്കുകയാണ്. ഇക്കാര്യത്തില്‍ ആളുകള്‍ സാധാരണായായി പറയുന്ന ചില കാര്യങ്ങള്‍ താഴെ കൊടുക്കുന്നു: 
  • എനിക്ക്  ഒരു തെറാപ്പിസ്റ്റിന്‍റെ ചെലവ് താങ്ങാനാകില്ല. 
  • ഞാന്‍ പറയുന്നത് കേട്ടിരിക്കുന്നതിന് മാത്രമായി ഞാനെന്തിനാണ് ഒരാള്‍ക്ക് കുറേ പണം കൊടുക്കുന്നത്? 
  • ആര്‍ക്കെങ്കിലും  പണം കൊടുത്ത് സംസാരിക്കുന്നതിനേക്കാള്‍ നല്ലത് ദുരിതം അനുഭവിക്കുകയാണ്.
ഇതിലുപരിയായി, ഒരു തെറാപ്പി ഘട്ടം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ നിങ്ങളുടെ സ്ഥിതി കൂടുതല്‍ മെച്ചപ്പെടും എന്ന് ഉറപ്പ് നല്‍കാന്‍ ഒരു തെറാപ്പിസ്റ്റിന് കഴിയുകയുമില്ല. തെറാപ്പിയെന്നാല്‍ അതിന് വിധേയനാകുന്ന വ്യക്തിക്കും തെറാപ്പിസ്റ്റിനും ഇടയില്‍ നടക്കുന്ന പരസ്പര സഹകരണത്തോടെയുള്ള ഒരു പരിശ്രമമാണ്, ചിലപ്പോള്‍  ഇവര്‍ തമ്മില്‍  ഒരു നല്ല മനപ്പൊരുത്തം ഉണ്ടായിക്കൊള്ളണമെന്നില്ല. ചിലപ്പോള്‍ വളരെ സാവധാനത്തിലായിരിക്കാം ഇതിന്‍റെ ഫലം കാണുന്നത്, അല്ലെങ്കില്‍ സ്ഥിതി ഒട്ടും മെച്ചപ്പെടാതിരിക്കുകയും ആ വ്യക്തിക്ക് മറ്റൊരു തെറാപ്പിസ്റ്റിനെ കാണുകയും ചെയ്യേണ്ടി വന്നേക്കാം. ചിലപ്പോള്‍ തനിക്ക് ഇണങ്ങിയ ഒരു തെറാപ്പിസ്റ്റിനെ കണ്ടെത്തുന്നതിന് മുമ്പ് ഒരാള്‍ക്ക് നിരവധി തെറാപ്പിസ്റ്റുകളെ പരീക്ഷിച്ചു നോക്കേണ്ടി വന്നേക്കും. ഇക്കാര്യങ്ങളെല്ലാം പരിഗണിക്കുമ്പോള്‍, ഒരു ഫലവും ഉണ്ടാകാതെ പോയേക്കുമെങ്കില്‍ പിന്നെ എന്തിന് ഒരാള്‍  കൗണ്‍സിലിംഗിനായി പണം മുടക്കണം?
ഇതിനുള്ള ഉത്തരം കിടക്കുന്നത് ഇതു സംബന്ധിച്ച് നടന്നിട്ടുള്ള നിരവധി പഠനങ്ങളിലാണ്. അവ പറയുന്നത് തെറാപ്പിക്ക് വിധേയരാകാത്തവരെ അപേക്ഷിച്ച്  തെറാപ്പി സ്വീകരിച്ചിട്ടുള്ളതില്‍ ഭൂരിപക്ഷം പേര്‍ക്കും സ്ഥിതി മെച്ചപ്പെടുത്താനായിട്ടുണ്ട് എന്നാണ്. ഇത് കുറച്ച് ചെലവേറിയതാണ് എന്ന് കരുതുന്നുണ്ടെങ്കില്‍ പോലും ഒരാള്‍ എന്തുകൊണ്ട് തെറാപ്പി സ്വീകരിക്കണം എന്നതിന് ചില കാരണങ്ങള്‍  താഴെ പറയുന്നു:  
  • ഫലസിദ്ധി: ചില കേസുകളില്‍ തെറാപ്പിക്ക് മരുന്ന് കഴിച്ചുണ്ടാകുന്നതിനേക്കാള്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്നതും സ്ഥിരതയുള്ളതുമായ ഫലം നല്‍കാനാകും.
  • ചെലവ്: നമുക്കിടയില്‍ നിലനില്‍ക്കുന്ന ഒരു  പൊതുധാരണ, തെറാപ്പിക്ക് സമ്മതിച്ചാല്‍ അത് നിങ്ങളുടെ പോക്കറ്റില്‍ തുളവീഴ്ത്തും എന്നാണ്. ഇത് പൂര്‍ണമായും ശരിയല്ല, വളരെ ന്യായമായ നിരക്കില്‍  തെറാപ്പി ആരംഭിക്കുന്ന തെറാപ്പിസ്റ്റുകള്‍ ഉണ്ട്. ചില  തെറാപ്പിസ്റ്റുകള്‍ക്ക് അവരുടെ അടുത്ത് ചെല്ലുന്നവരുടെ സാമ്പത്തിക നിലയെ അടിസ്ഥാനപ്പെടുത്തിയുള്ള പല തരംതിരിവിലുള്ള നിരക്കുപോലും ഉണ്ട്.
  • സൗജന്യമായി പരീക്ഷിച്ച് നോക്കാന്‍ അവസരം : പല തെറാപ്പിസ്റ്റുകളും സൗജന്യമായി ഒരു പരീക്ഷണം (ട്രയല്‍) നടത്താന്‍ പോലും തയ്യാറാകാറുണ്ട്. ആവശ്യക്കാര്‍ക്ക് ഇതിലൂടെ പണം മുടക്കാതെ തന്നെ തെറാപ്പി ചെയ്യിച്ച്  ആ തെറാപ്പിസ്റ്റ്  തങ്ങള്‍ക്ക് ഇണങ്ങുന്നതായിരിക്കുമോ എന്ന് അളന്നു നോക്കാം. അഥവാ തനിക്ക് പറ്റിയതല്ലെങ്കിലും ആവശ്യക്കാരന് നഷ്ടമൊന്നും ഉണ്ടാകുന്നില്ല. 
  • കടുത്ത ശാരീരിക/മാനസിക രോഗങ്ങളെ തടയല്‍: ഇക്കാലത്ത് അനുദിനം പെരുകി വരുന്ന മാനസിക പിരിമുറക്കത്തെക്കുറിച്ച് നമുക്കെല്ലാം അറിവുള്ളതാണ്. അമിതമായ മാസിക പിരിമുറുക്കവും മാനസിക സംഘര്‍ഷവും മറ്റും ഗുരുതരമായ ശാരീരിക പ്രശ്നങ്ങള്‍ക്ക് കാണമാകുമെന്നതും നമുക്ക് അറിയാവുന്ന കാര്യമാണ്. ഇങ്ങനെയുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് വേണ്ടി വരുന്ന ചികിത്സയ്ക്ക് ഒടുവില്‍ വന്‍ തുക തന്നെ മുടക്കേണ്ടിയും വന്നേക്കാം. അതിനാല്‍ ഇപ്പോള്‍ തെറാപ്പിക്ക് പണം മുടക്കിയാലും പിന്നീട് അത് ഗുണകരമാകും. 
  • ജീവിത നിലവാരം : ഉത്കണ്ഠ, വിഷാദരോഗം, മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങള്‍ എന്നിവ അനുഭവിക്കുന്നവരുടെ ജീവിത നിലവാരം വളരെ പരിതാപകരമായതായിരിക്കും. അവര്‍ക്ക് അവരുടെ മുഴുവന്‍ ശേഷിയോടെ ജോലിചെയ്യാന്‍ കഴിയാതെ വരികയും അവരുടെ കാര്യക്ഷമത കുറയുകയും അത് അവരെ ഉയര്‍ന്ന തോതിലുള്ള മാനസിക പിരിമുറുക്കത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. പലര്‍ക്കും ഇടയ്ക്കിടെ മൂഡില്‍ (മനോഭാവത്തില്‍) ചാഞ്ചാട്ടം ഉണ്ടാകുകയും ഇതവരെ മറ്റുള്ളവര്‍ക്ക് ഇണങ്ങാനാകാത്ത വ്യക്തിയാക്കി മാറ്റുകയും ചെയ്യും. ഇതിന്‍റെ ഫലമായി ആളുകള്‍ ഇവരെ അകറ്റിനിര്‍ത്താന്‍ തുടങ്ങും, അത് വീണ്ടും അവരുടെ മാനസിക പിരിമുറുക്കത്തിന്‍റെ നില ഉയര്‍ത്തുകയും ചെയ്യും. 
ഈ ഘടകങ്ങളെല്ലാം പരിഗണിക്കുമ്പോള്‍, തെറാപ്പി വൈകാരികമായ സംഘര്‍ഷം അല്ലങ്കില്‍ മനക്ലേശം അനുഭവിക്കുന്നവര്‍ക്ക് വളരെ ഗുണകരവും മുടക്കുന്ന പണത്തിന് മുതലാകുന്നതും ആയിരിക്കും. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ആളുടെ സ്ഥിതി കൂടുതല്‍ മെച്ചപ്പെടണം എന്ന് അയാള്‍ സ്വയം ആഗ്രഹിക്കണം എന്നതാണ്. ഓരോരുത്തരും സാമ്പത്തികമായ മെച്ചത്തെ വിലയിരുത്തുന്നത് വ്യത്യസ്തമായ തരത്തിലായിരിക്കും. അതിനാല്‍ മേല്‍പ്പറഞ്ഞ നേട്ടങ്ങളെ സാമ്പത്തിക ലാഭത്തിന്‍റെ അടിസ്ഥാനത്തില്‍ വിലയിരുത്താനാകില്ല. എന്തായാലും പൊതുവിലുള്ള അഭിപ്രായം, തെറാപ്പി ആളുകളെ സുഖപ്പെടാന്‍ കൂടുതല്‍ സഹായിക്കുന്നു എന്നുതന്നെയാണ്. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org