എന്താണ് ഇലക്ട്രോകണ്‍വള്‍സീവ് തെറാപ്പി (ഇ സി റ്റി )?

ഇലക്ട്രോകണ്‍വള്‍സീവ് തെറാപ്പി (ഇ സി റ്റി ) ചില പ്രത്യേകതരം മാനസികരോഗാവസ്ഥകള്‍ ചികിത്സിക്കുന്നതിനുള്ള സുരക്ഷിതവും ഫലപ്രദവും ചിലപ്പോഴൊക്കെ ജീവരക്ഷയ്ക്കു തന്നെ ഉപകരിക്കുന്നതുമായ ചികിത്സയാണ്.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റല്‍ ഹെല്‍ത്ത്&ന്യൂറോസയന്‍സസിലെ (നിംഹാന്‍സ്)കണ്‍സള്‍ട്ടന്‍റ് സൈക്യാട്രിസ്റ്റ് ഡോ. പ്രീതി സിന്‍ഹ യോട് ഇലക്ട്രോകണ്‍വള്‍സീവ് തെറാപ്പി (ഇ സി റ്റി ) യെക്കുറിച്ച് മനസിലാക്കാന്‍ സഹായിക്കാനും  അതിന്‍റെ ഗുണങ്ങളേയും ഈ ചികിത്സാ രീതിയെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്ന വിവാദങ്ങളേയും കുറിച്ച് പറഞ്ഞു തരാനും ഞങ്ങള്‍ ആവശ്യപ്പെട്ടു.
തീവ്രമായ ചില മനോരോഗാവസ്ഥകള്‍ക്കുള്ള ഒരു ചികിത്സയാണ് ഇലക്ട്രോകണ്‍വള്‍സീവ് തെറാപ്പി (ഇ സി റ്റി ). ഇ സി റ്റി സാധാരണക്കാര്‍ക്കിടയില്‍ 'ഷോക്ക് ചികിത്സ' എന്ന പേരിലും അറിയപ്പെടുന്നു. ഈ ചികിത്സാ രീതിയെക്കുറിച്ച് ശരിയായ, ശാസത്രീയമായ വിവരങ്ങള്‍ വേണ്ടത്ര ലഭ്യമല്ലാത്തതിനാല്‍ ഇതിനെക്കുറിച്ചുള്ള അറിവില്ലായ്മ മൂലം ആളുകള്‍ ഈ ചികിത്സാ രീതിയെ വളരെയധികം തെറ്റിദ്ധരിച്ചിട്ടുണ്ട്. സാധാരണക്കാര്‍ക്ക് ഇതിനെക്കുറിച്ചുള്ള ശരിയായ അറിവ് എളുപ്പത്തില്‍ ലഭ്യമല്ലാത്തതിനാല്‍ അവര്‍ക്ക്  ഇ സി റ്റിയെക്കുറിച്ചുള്ള ധാരണ കിട്ടുന്നത് സിനിമകള്‍, ടി വി സീരിയലുകള്‍, ചില ഇന്‍റര്‍നെറ്റ് സൈറ്റുകള്‍ തുടങ്ങിയ  ഒട്ടും അധികാരികമല്ലാത്ത കേന്ദ്രങ്ങളില്‍ നിന്നാണ.് ഇത് തെറ്റിദ്ധാരണ വര്‍ദ്ധിക്കുന്നതിന് ഇടയാക്കുകയും ചെയ്യുന്നു. അതിനാല്‍ അത്തരത്തിലുള്ള തെറ്റിദ്ധാരണകള്‍ നീക്കുകയും ഇ സി റ്റിയെക്കുറിച്ചുള്ള  യഥാര്‍ത്ഥ വസ്തുതകള്‍ വിശദീകരിക്കുകയുമാണ് ഈ ലേഖനത്തിലൂടെ ഞങ്ങള്‍ ലക്ഷ്യമിടുന്നത്.
എന്താണ് ഇലക്ട്രോകണ്‍വള്‍സീവ്  തെറാപ്പി (ഇ സി റ്റി )?
ഇലക്ട്രോകണ്‍വള്‍സീവ് തെറാപ്പി (ഇ സി റ്റി ) ചില പ്രത്യേകതരം മാനസികാരോഗ്യാവസ്ഥകള്‍ ചികിത്സിക്കുന്നതിനുള്ള സുരക്ഷിതവും ഫലപ്രദവും ചിലപ്പോഴൊക്കെ ജീവരക്ഷയ്ക്കു തന്നെ ഉപകരിക്കുന്നതുമായ ചികിത്സയാണ്. കഴിഞ്ഞ 75 വര്‍ഷമായി ഈ ചികിത്സാ രീതി ഉപയോഗപ്പെടുത്തി വരുന്നു. ഇ സി റ്റി ചെയ്യുമ്പോള്‍, രോഗിയുടെ തലച്ചോറിന്‍റെ കോശങ്ങളെ ഉത്തേജിപ്പിക്കുന്നതിനായി   അവന്‍റെ/ അവളുടെ നെറ്റിത്തടത്തിനു സമീപത്തായി വളരെ ചെറിയ അളവിലുള്ള, നന്നായി നിയന്ത്രിക്കപ്പെട്ട വൈദ്യുതി പ്രവാഹം ഏല്‍പ്പിക്കുന്നു. ഇത് ഏതാനും സെക്കറ്റ് നേരത്തേക്ക് രോഗിയില്‍ ഒരു പ്രകമ്പനം (കോച്ചിപ്പിടുത്തം) സൃഷ്ടിക്കുന്നു. ഇ സി റ്റി ചെയ്യുന്നത് രോഗിയെ മയക്കിയതിന് ശേഷമാണ്, അതിനാല്‍  വൈദ്യൂതി കടന്നു പോകുന്നതോ ശരീരത്തിന് കോച്ചിപ്പിടുത്തം (പ്രകമ്പനം) ഉണ്ടാകുന്നതോ രോഗി അറിയുന്നുണ്ടാകില്ല. ഇ സി റ്റി യുടെ എല്ലാ നടപടികള്‍ക്കും കൂടി ഏതാനും മിനിറ്റുകള്‍ മാത്രമാണ് വേണ്ടി വരുന്നത്. അതിന് ശേഷം പൊതുവില്‍ 15-20 മിനിറ്റിനുള്ളില്‍ രോഗി ബോധം വീണ്ടെടുക്കുകയും ചെയ്യും.
ഇതിന്‍റെ ഉപയോഗം എത്രമാത്രം സാധാരണമാണ്? 
യു എസ് എ, യൂറോപ്പ്, നിരവധി ഓസ്ട്രലേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലടക്കം ലോകത്താകമാനമായി നിരവധി രാജ്യങ്ങളില്‍ ഇ സി റ്റി ചെയ്യുന്നുണ്ട്.
സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ഓരോ വര്‍ഷവും വിവിധ രാജ്യങ്ങളില്‍ ഇ സി റ്റി  ചികിത്സയ്ക്ക് വിധേയരാകുന്നവരുടെ എണ്ണം താഴെ പറയുന്നു: 
  • അമേരിക്ക- 35000.
  • ബെല്‍ജിയം- 7000
  • ജര്‍മ്മനി- 1500
ബാംഗ്ലൂര്‍ നിംഹാന്‍സില്‍ ഏതാണ്ട് 600-800 പേര്‍ ഇ സി റ്റി ചികിത്സയ്ക്ക്  വിധേയരാകാറുണ്ട്.
ഇ സി റ്റി യില്‍ നിന്ന് ആര്‍ക്കാണ് ഗുണം കിട്ടുന്നത്?
വിഷാദരോഗം, സ്കിസോഫ്രീനിയ, അല്ലെങ്കില്‍ മതിഭ്രം എന്നിവ പോലെ കഠിനമായ മാനസിക തകരാറുള്ള രോഗികള്‍ക്ക് ആവശ്യമെങ്കില്‍ ഉപയോഗപ്പെടുത്തുന്ന ഒരു ചികിത്സാ സാധ്യതയാണ് ഇ സി റ്റി. ഒരു രോഗിക്ക് ഈ ചികിത്സ നിര്‍ദ്ദേശിക്കുന്നത് ഇതിന്‍റെ സുരക്ഷിതത്വം, രോഗിയുടേയും കുടുംബാംഗങ്ങളുടേയും മുന്‍ഗണന, താല്‍പര്യം, മാനസിക രോഗാവസ്ഥയില്‍ നിന്ന് എത്രയും പെട്ടെന്ന് മുക്തി നേടണമെന്ന ആവശ്യം, മാനസിക രോഗത്തിനുള്ള മരുന്നുകളോടുള്ള പ്രതികരണക്കുറവ് തുടങ്ങിയ പല കാര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടാണ.് പൊതുവില്‍ ഇ സി റ്റി ഉപയോഗിക്കുന്നത് താഴെ പറയുന്ന അവസ്ഥകളിലാണ്:
  • മനോരോഗാവസ്ഥ (പ്രത്യേകിച്ച് വിഷാദരോഗം) വളരെ തീവ്രനിലയിലായിരിക്കുകയും രോഗി ആത്മഹത്യചെയ്യാനുള്ള ഉയര്‍ന്ന സാധ്യത ഉണ്ടായിരിക്കുകയും ചെയ്യുമ്പോള്‍.
  • കഠിനമായ മാനസിക രോഗാവസ്ഥ മൂലം രോഗി ഭക്ഷണവും പാനീയങ്ങളും നിരസിക്കുകയും ഇത് അവരുടെ ശാരീരിക ആരോഗ്യത്തിന് അപകടകരമായ അവസ്ഥയിലെത്തുകയും ചെയ്യുമ്പോള്‍.
  • രോഗിയുടെ രോഗാവസ്ഥ വളരെയധികം വഷളാകുകയും  ചലനമറ്റ് മൂകനായിരിക്കുന്ന അവസ്ഥയില്‍- കാറ്റാറ്റോണിയ എന്ന് വിളിക്കപ്പെടുന്ന അവസ്ഥയില്‍- എത്തുകയും ചെയ്യുമ്പോള്‍.
  • രോഗി വളരെയധികം ഉത്തേജിതനാകുകയോ അയാളുടേയോ മറ്റുള്ളവരുടേയോ സുരക്ഷയ്ക്ക് ഭീഷണിയാകുകയോ ചെയ്യുമ്പോള്‍.
  • മരുന്നുകള്‍ക്ക് മാനസിക രോഗ ലക്ഷണങ്ങള്‍ ശമിപ്പിക്കാന്‍ കഴിയാതെ വരുമ്പോള്‍. 
  • നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന മരുന്നുകള്‍ ഗുരുതരമായ പാര്‍ശ്വഫലത്തിന് കാരണമാകുകയും അതുമൂലം ആ മരുന്നുകള്‍ തുടരാനാകാതെ വരികയും ചെയ്യുമ്പോള്‍.
ഇ സി റ്റി ചെയ്യുന്നതിന് മുമ്പ് രോഗിയുടെ അല്ലെങ്കില്‍ ബന്ധുക്കളുടെ സമ്മതം/അനുമതി വാങ്ങാറുണ്ടോ?
ഒരു രോഗിക്ക് ഇ സി റ്റി ആവശ്യമാണ് എന്ന് മനോരോഗ ചികിത്സകര്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ അവര്‍ അതിന്‍റെ നടപടിക്രമങ്ങള്‍, ഗുണങ്ങള്‍, ദോഷങ്ങള്‍, രോഗിക്ക് അല്ലങ്കില്‍ കുടുംബത്തിന് സ്വീകരിക്കാവുന്ന ബദല്‍ മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ച് രോഗിക്ക് അല്ലെങ്കില്‍ ബന്ധുക്കള്‍ക്ക് വിശദീകരിച്ച് കൊടുക്കും.രോഗിയുടെ അല്ലെങ്കില്‍ രോഗിയുടെ കുടുംബത്തിന്‍റെ രേഖാമൂലമുള്ള സമ്മതം വാങ്ങിയതിന് ശേഷമേ ഇ സി റ്റി  ചെയ്യുകയുള്ളു. രോഗിക്ക് രോഗത്തിന്‍റെ തീവ്രതമൂലം കാര്യങ്ങള്‍ ശരിക്ക് ഗ്രഹക്കാന്‍ കഴിയാതിരിക്കുകയും അതിനാല്‍ നിയമസാധുതയുള്ള ഒരു സമ്മതം നല്‍കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണെങ്കില്‍ പിന്നെ, രോഗിയുടെ കുടുംബാംഗത്തിന്‍റെ അനുമതി തേടും. രോഗിക്കും കുടുംബാംഗങ്ങള്‍ക്കും അനുമതി നിഷേധിക്കാവുന്നതുമാണ്. അതുപോലെ തന്നെ അവര്‍ക്ക്, ചികിത്സ തുടങ്ങുന്നതിന് മുമ്പോ  ചികിത്സയുടെ ഏതെങ്കിലും ഘട്ടത്തില്‍ വെച്ചോ അവരുടെ സമ്മതം/അനുമതി പിന്‍വലിക്കാവുന്നതുമാണ്. അത്തരം കേസുകളില്‍ അതിനെ തുടര്‍ന്ന് അവര്‍ക്ക് സാധ്യമായതില്‍ വെച്ച് അടുത്ത ഏറ്റവും നല്ല ചികിത്സ ലഭ്യമാകും.
ഒരാള്‍ ഇ സി റ്റിയ്ക്കുള്ള അനുമതി നല്‍കിയില്ലെങ്കില്‍ എന്ത് ചെയ്യും? 
മനോരോഗ ചികിത്സകന്‍ രോഗിയുടെയും ബന്ധുക്കളുടേയും തീരുമാനത്തെ മാനിക്കും. ലഭ്യമായ മറ്റ് മാര്‍ഗങ്ങളിലുടെ അവര്‍ മനോരോഗാവസ്ഥയെ നിയന്ത്രിക്കും. എന്നാല്‍, ഈ ചികിത്സകള്‍ അവയുടെ ഫലം കാണിക്കാന്‍ വളരെ സമയമെടുത്തേക്കാം. അതിന്‍റെ ഫലമായി രോഗി ദീര്‍ഘകാലം ആശുപത്രിയില്‍ കിടക്കേണ്ടതായും വന്നേക്കാം. രോഗിയുടെ ഉത്തേജിതാവസ്ഥ, അക്രമാസക്തി, അല്ലെങ്കില്‍ മറ്റ് ലക്ഷണങ്ങള്‍ നിയന്ത്രിക്കാനായി ഡോക്ടര്‍ക്ക് ഉയര്‍ന്ന അളവില്‍ മരുന്ന് ഉപയോഗിക്കേണ്ടതായും വന്നേക്കാം. 
വയസായവരിലും കുട്ടികളിലും ഇ സി റ്റി സുരക്ഷിതമായിരിക്കുമോ?
വേണ്ടത്ര മുന്‍കരുതലുകള്‍ എടുത്തുകൊണ്ട് പ്രായമായ രോഗികള്‍ക്കും സുരക്ഷിതമായി ഇ സി റ്റി  ചെയ്യാവുന്നതാണ്. വാസ്തവത്തില്‍, ചില  രാജ്യങ്ങളില്‍ ഇ സി റ്റി സ്വീകരിക്കുന്ന രോഗികളില്‍ ഭൂരിപക്ഷവും പ്രായമായവരാണ്.
കുട്ടികളുടെ കാര്യത്തില്‍, ഇ സി റ്റി ഏറ്റവും അവസാനത്തെ സാധ്യതയായി മാത്രമാണ് പരിഗണിക്കപ്പെടാറ്. അതാകട്ടെ ഡോക്ടര്‍മാരുടെ ഒരു സംഘം വിശദമായി ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമേ ചെയ്യുകയുമുള്ളു. ബാംഗ്ലൂര്‍ നിംഹാന്‍സില്‍, ഏതാണ്ട് നൂറിലധികം കുട്ടികള്‍ ഗുരുതരമായ പ്രതികൂല ഫലമൊന്നും ഇല്ലാതെ ഇ സി റ്റി ചികിത്സ നേടിയിട്ടുണ്ട്. 
ഒരു രോഗിക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം പോലുള്ള ശാരീരിക രോഗാവസ്ഥകള്‍ ഉണ്ടെങ്കില്‍ ഇ  സി റ്റി ചെയ്യാനാകുമോ? 
അത്തരം രോഗികളുടെ കാര്യത്തില്‍, ഇ സി റ്റിക്ക് മുമ്പ് മനോരോഗ ചികിത്സകന്‍ രോഗിയുടെ ശാരീരിക രോഗാവസ്ഥയെക്കുറിച്ചും ചികിത്സയെക്കുറിച്ചുമെല്ലാം വിശദമായ വിലയിരുത്തല്‍ നടത്തുകയും അനസ്തേഷ്യാ വിദഗ്ധന്‍റേതടക്കം വിവിധ വിദഗ്ധരുടെ അഭിപ്രായം തേടുകയും  ചെയ്യും. ഇ സി റ്റി ചെയ്യുന്ന സമയത്ത് അവരും രോഗിയുടെ അവസ്ഥ സസൂക്ഷ്മം നിരീക്ഷിക്കും. ഹൃദയ, നാഡീ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുള്ള നിരവധി രോഗികള്‍ യാതൊരു വിധകുഴപ്പവും കൂടാതെ ഇ സി റ്റി ചികിത്സ നേടിയിട്ടുണ്ട്.
ഗര്‍ഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും ഇ സി റ്റി ചികിത്സ നടത്തുമോ? 
ഉചിതമായ മുന്‍കരുതല്‍ എടുത്തിട്ടായാല്‍ ഗര്‍ഭിണികളേയും മുലയൂട്ടുന്ന അമ്മമാരേയും ചികിത്സിക്കാന്‍ സുരക്ഷിതമായ രീതിയാണ് ഇ സി റ്റി. വാസ്തവത്തില്‍  മനോരോഗ ചികിത്സാ മരുന്നുകളില്‍ പലതും ഈ അവസ്ഥയിലുള്ള സ്ത്രീകള്‍ക്ക് കൊടുക്കാവുന്നവയല്ലാത്തതിനാല്‍ മാനസിക രോഗാവസ്ഥ അടിയന്തിരമായി ചികിത്സിക്കേണ്ട ആവശ്യമുണ്ടെങ്കില്‍ ഇ സി റ്റിയാണ് നല്ലത്.
ഒരു രോഗിക്ക് ഒരു തവണ ഇ സി റ്റി കൊടുത്തു കഴിഞ്ഞാല്‍ പിന്നെ ഓരോ തവണ അവന്/അവള്‍ക്ക് രോഗം വരുമ്പോഴും ഇ സി റ്റി ആവശ്യമായി വരുമോ?
ഒരു രോഗിക്ക് ഒരു തവണ ഇ സി റ്റി കൊടുത്തു കഴിഞ്ഞാല്‍ പിന്നെ ഓരോ തവണ അവന്/അവള്‍ക്ക് രോഗം വരുമ്പോഴും ഇ സി റ്റി ആവശ്യമായി വരും എന്നൊരു തെറ്റിദ്ധാരണ ആളുകള്‍ക്കുണ്ട്. ഇത് ശരിയല്ല. മിക്കവാറും കേസുകളില്‍  രോഗി ഇ സി റ്റി ചികിത്സ നേടിക്കഴിഞ്ഞ് അവര്‍ക്ക് രോഗാവസ്ഥ തിരിച്ചു വരുന്നത് തടയുന്നതിനായി  മനോരോഗചികിത്സകന്‍ മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സ നടത്താറുണ്ട്. അഥവാ രോഗം തിരിച്ചു വരുന്ന ഒരു അവസ്ഥയുണ്ടായാല്‍, അവസ്ഥ ലഘുവായതാണെങ്കില്‍ അത് മരുന്നുകൊണ്ട് ചികിത്സിക്കപ്പെടും, ഇ സി റ്റി ചെയ്യാറില്ല. എന്നാല്‍  മനോരോഗാവസ്ഥ ഇ സി റ്റിയോടു മാത്രം പ്രതികരിക്കുകയും മറ്റൊരു ഇടപെടലും സാധ്യമല്ലാതിരിക്കുകയും ചെയ്യുന്ന ചില അപൂര്‍വ കേസുകളുണ്ട്. അത്തരം  കേസുകളില്‍ മാത്രമാണ് ഇ സി റ്റി ആവര്‍ത്തിച്ച് ചെയ്യുന്നത്. 
ഇ സി റ്റി രോഗം ഭേദമാക്കുമോ? ഇ സി റ്റി ചെയ്യുന്ന വേളയിലോ അതിന് ശേഷമോ മരുന്ന് കഴിക്കേണ്ട ആവശ്യമുണ്ടോ? 
ഇ സി റ്റിയിലൂടെ ഉളവാകുന്ന ഫലം സ്ഥിരമായി നിലനില്‍ക്കുന്നതായിരിക്കില്ല. ഇ സി റ്റിയുടെ ഉപയോഗത്തിലൂടെ കൈവരിച്ചിട്ടുള്ള പുരോഗതി നിലനിര്‍ത്തുന്നതിനായി രോഗി മരുന്നുകഴിക്കേണ്ടതായി വന്നേക്കാം. അപൂര്‍വ്വമായി, മരുന്ന് കഴിച്ചാല്‍ പോലും ഇ സി റ്റിയിലൂടെ ഉണ്ടായ നേട്ടം നിലനില്‍ക്കാത്ത കേസുകളുണ്ട്. അത്തരക്കാര്‍ക്ക് ഇടയ്ക്കിടയ്ക്ക്- രണ്ട്ഴ്ചയില്‍ ഒരിക്കല്‍, അല്ലങ്കില്‍ മാസത്തില്‍ ഒരിക്കല്‍- ഇ സി റ്റി ചെയ്യേണ്ടി വരും.
ഒരു രോഗിക്ക് ഇ സി റ്റി നിര്‍ദ്ദേശിക്കപ്പെട്ടാല്‍ അയാള്‍ എന്ത് ചെയ്യണം? 
 ഇക്കാര്യത്തില്‍ വളരെ പ്രധാനപ്പെട്ടൊരു കാര്യം രോഗിക്ക് മുമ്പുണ്ടായിരുന്നതും ഇപ്പോള്‍ ഉള്ളതുമായ എല്ലാ ശാരീരിക രോഗങ്ങളെക്കുറിച്ചും- പ്രത്യേകിച്ച് ഹൃദയം, ശ്വാസകോശം, രക്തസമ്മര്‍ദ്ദം, എല്ലുകള്‍ എന്നിവയുമായി ബന്ധപ്പെട്ടവയെക്കുറിച്ച്-   ചെയ്തു വരുന്ന ചികിത്സയെക്കുറിച്ചും ഡോക്ടറോട് പറയണം എന്നതാണ്. അതുപോലെ തന്നെ മുമ്പ് അനസ്തേഷ്യ കൊടുത്ത് ബോധം കെടുത്തിയുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ടോ, ഇളകിയ പല്ലുകളോ ക്രിത്രിമ പല്ലുകളോ ഉണ്ടോ തുടങ്ങിയ കാര്യങ്ങളും ഡോക്ടറെ അറിയിക്കണം. രോഗി കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളെക്കുറിച്ചും ഡോക്ടറോട് പറയണം. ഡോക്ടര്‍മാര്‍ പൊതുവില്‍ ഇ സി റ്റിക്ക് മുമ്പ്  രോഗിയെ വിശദമായി പരിശോധിക്കുകയും ചില രക്ത പരിശോധനകളും ഇലക്ട്രോകാര്‍ഡിയോഗ്രാം (ഇസിജി) പരിശോധനയും മറ്റും നടത്താറുമുണ്ട്. ചിലപ്പോള്‍ ഡോക്ടര്‍ തലച്ചോര്‍ സ്കാന്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടേക്കാം.
ഓരോ തവണയും ഇ സി റ്റി  ചെയ്യുന്നതിന് മുമ്പ് എന്തെല്ലാം തയ്യാറെടുപ്പുകളാണ് നടത്തേണ്ടത്?  
ഇ സി റ്റി ചെയ്യുന്നതിന് ആറു മണിക്കൂര്‍ മുമ്പ് മുതല്‍  യാതൊന്നും കഴിക്കുയോ കുടിക്കുകയോ ചെയ്യരുത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. തലമുടി ഷാമ്പൂ ചെയ്ത് എണ്ണമയമില്ലാത്തതാക്കണമെന്നും അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കണമെന്നും ഡോക്ടര്‍ രോഗിയോട് ആവശ്യപ്പെട്ടേക്കും. ആഭരണങ്ങള്‍, കണ്ണില്‍ വെയ്ക്കുന്ന കോണ്‍ടാക്റ്റ് ലെന്‍സ്, വെപ്പുപല്ലുകള്‍, ശ്രവണ സഹായികള്‍ മുതലായവ ഏതെങ്കിലും ഉണ്ടെങ്കില്‍ എടുത്തുമാറ്റണം. ഇ സി റ്റി മുറിയിലേക്ക് പോകുന്നതിന് തൊട്ടുമുമ്പ് മൂത്രമൊഴിക്കണം എന്നതും പ്രധാനപ്പെട്ട കാര്യമാണ്. രോഗി എന്തെങ്കിലും മരുന്ന് കഴിക്കുന്നുണ്ടെങ്കില്‍ ഇ  സി റ്റിക്ക് മുമ്പും ശേഷവും ഏതേത് മരുന്നുകളാണ് കഴിക്കേണ്ടത് എന്നതിനെക്കുറിച്ച് ഡോക്ടര്‍ പറയും.
ഇ സി റ്റി ചെയ്യുമ്പോള്‍ എന്താണ് സംഭവിക്കുന്നത്? എങ്ങനെയാണ് ഇ സി റ്റി ചെയ്യുന്നത്? ഇത് വേദനിപ്പിക്കുന്നതാണോ?
 വിദഗ്ധരായ ഡോക്ടര്‍മാര്‍, അനസ്തേഷ്യാ വിദ്ഗധന്‍, നേഴ്സുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു സംഘമാണ് ഇ സി റ്റി കൊടുക്കുന്നത്. രോഗിക്ക് ആദ്യം ഉറങ്ങാനുള്ള കുത്തിവെയ്പ്പെടുക്കും. ഈ സമയത്ത്, ഒരു മാസ്ക് ഉപയോഗിച്ച് ഓക്സിജന്‍ കൊടുക്കും. രോഗി മയങ്ങിക്കഴിഞ്ഞാല്‍, ഇ സി റ്റി ചെയ്യുമ്പോള്‍ ഉണ്ടായേക്കാവുന്ന ശാരീരിക പ്രകമ്പനം (കമ്പനം) അല്ലെങ്കില്‍ കോച്ചിപ്പിടുത്തം ലഘൂകരിക്കുന്നതിനായി പേശികള്‍ക്ക് അയവ് വരുത്തുന്നതിനുള്ള കുത്തിവെയ്പ്പെടുക്കും. അതിന് ശേഷം നെറ്റിത്തടത്തിന് സമീപത്ത് രണ്ടു മുതല്‍ നാലു സെക്കന്‍റുവരെ നേരത്തേക്ക് ചെറിയ അളവില്‍ വൈദ്യുതി കടത്തിവിടും. ഇത് രോഗിയില്‍ ഏതാണ്ട് ഇരുപത് സെക്കന്‍റുമുതല്‍ ഒരു മിനിറ്റുവരെ നീണ്ടു നിന്നേക്കാവുന്ന ഒരു പ്രകമ്പനം/കോച്ചിപ്പിടുത്തം ഉണ്ടാക്കും. രോഗി സ്വയം ശ്വസോച്ഛാസം നടത്താന്‍ തുടങ്ങുന്നതുവരെ ഡോക്ടര്‍മാര്‍ അയാളെ ശ്വസിക്കാന്‍ സഹായിച്ചുകൊണ്ടിരിക്കും. ഇ സി റ്റിയുടെ നടപടിക്രമങ്ങള്‍ക്കിടയില്‍ മുഴുവന്‍ ഡോക്ടര്‍മാര്‍ രോഗിയുടെ നാഡിമിടിപ്പ്, രക്തസമ്മര്‍ദ്ദം, രക്തത്തിലെ ഓക്സിജന്‍റെ അളവ് തുടങ്ങിയ കാര്യങ്ങള്‍ സശ്രദ്ധം നിരീക്ഷിച്ചുകൊണ്ടിരിക്കും. ഇ സി റ്റി വേദനിപ്പിക്കുന്നതല്ല, കാരണം വൈദ്യുത ഉത്തേജനം നല്‍കപ്പെടുന്ന സമയത്ത് രോഗി അഗാധമായ ഉറക്കത്തിലായിരിക്കും. 
ഇ സി റ്റി ചെയ്തതിന് ശേഷം എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? 
ഇ സി റ്റി ചികിത്സയ്ക്ക് ശേഷം തുടര്‍ന്നു വരുന്ന ഏതാനും മണിക്കൂറുകള്‍ക്കുശേഷം രോഗികള്‍ പൊതുവില്‍ പൂര്‍ണമായും ജാഗ്രതയതുള്ളവരായിത്തീരും. ഇ സി റ്റിക്ക് ശേഷം എപ്പോഴാണ് പ്രഭാത ഭക്ഷണം  കഴിക്കാവുന്നത്,  അല്ലെങ്കില്‍ രാവിലത്തെ മരുന്ന് കഴിക്കാവുന്നത് തുടങ്ങിയ കാര്യങ്ങള്‍ നേഴ്സിംഗ് ജീവനക്കാരോട് അന്വേഷിച്ച് ഉറപ്പാക്കേണ്ടതുണ്ട്. ഇ സി റ്റി കഴിഞ്ഞ് ഏതാനും മണിക്കൂര്‍ നേരത്തേക്ക് ഒരു തരത്തിലുള്ള വാഹനവും ഓടിക്കരുത്. എന്നാല്‍ ഒരാള്‍ക്ക്  അയാളുടെ ദിനചര്യകള്‍ പതിവുപോലെ തുടരാവുന്നതാണ്. എന്നാല്‍ ഇ സി റ്റി ചികിത്സ പൂര്‍ണമായും തീരുന്നതുവരെ കരാറുകള്‍ ഒപ്പിടുക, അല്ലങ്കില്‍ ഏതെങ്കിലും ബിസിനസ് കരാറുകളില്‍ ഏര്‍പ്പെടുക പോലുള്ള പ്രധാനപ്പെട്ട തീരുമാനങ്ങളൊന്നും  എടുക്കാതിരിക്കുകയാണ് നല്ലത്.
എത്ര ഇടവേളയിട്ടാണ് ഇ സി റ്റി കൊടുക്കുന്നത്? പൊതുവില്‍ എത്ര തവണ ഈ സി റ്റി കൊടുക്കേണ്ടതായി വരും? 
ഒരാഴ്ചയില്‍ രണ്ടു തവണ അല്ലെങ്കില്‍ മൂന്നു തവണ എന്ന കണക്കിലാണ് ഇ സി റ്റി ചെയ്യുന്നത്. മിക്കവാറും രോഗികള്‍ക്ക് 6-12 വരെ ഇ സി  റ്റി ചെയ്യാറുണ്ട്. ഇ സി റ്റിയോടുള്ള രോഗിയുടെ പ്രതികരണത്തിന്‍റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ ഇ സി റ്റിയുടെ എണ്ണം കുറയ്ക്കുകയും കൂട്ടുകയും ചെയ്തേക്കാം. 
എവിടെവെച്ചാണ് ഇ  സി റ്റി ചെയ്യുന്നത്? 
 മയക്കാനുള്ള അനസ്തേഷ്യ കൊടുക്കുമ്പോഴും ഇ സി റ്റി കൊടുക്കുമ്പോഴുമുള്ള രോഗിയുടെ അവസ്ഥ നിരീക്ഷിക്കുന്നതിനുള്ള ഉപകരണങ്ങള്‍ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക മുറിയില്‍ വെച്ചാണ് സാധാരണമായി ഇ സി റ്റി ചെയ്യുന്നത്. ചികിത്സ നേടുന്നതിനും ഇ സി റ്റി ചെയ്തുകഴിഞ്ഞ് തുടര്‍ന്നുള്ള അവസ്ഥയില്‍ നിന്ന് മുക്തി നേടുംവരെ വിശ്രമിക്കുന്നതിനുമൊക്കെ പ്രത്യേകം മുറികള്‍ ഉണ്ടായിരിക്കും.   
ഇ സി റ്റി കൊണ്ടുള്ള ഗുണം അഥവാ ചികിത്സയുടെ നല്ല ഫലം എപ്പോള്‍ പ്രതീക്ഷിക്കാം? 
മിക്കവാറും രോഗികള്‍ 2-4 ഇ സി  റ്റിക്ക് ശേഷം രോഗാവസ്ഥ മെച്ചപ്പെട്ടതിന്‍റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍ ചിലര്‍ ഇ സി റ്റി പൂര്‍ത്തിയായി ക്കഴിഞ്ഞ്  കുറേ നാളത്തേക്ക് കാര്യമായ ഗുണഫലമൊന്നും കാണിച്ചേക്കില്ല. ഇ സി റ്റി ചെയ്തുകഴിഞ്ഞും ഒരു  പുരോഗതിയും അനുഭവപ്പെടാത്ത അപൂര്‍വം കേസുകളും ഉണ്ടാകാറുണ്ട്. 
ഒരു രോഗിയില്‍ ഇ സി റ്റി എന്ത് പ്രവര്‍ത്തനമാണ് നടത്തുന്നത് ? 
തലച്ചോറിലെ വിവിധ നാഡീകോശങ്ങള്‍ തമ്മില്‍ പുതിയ ബന്ധം ഉണ്ടാക്കുന്നതിലേക്ക് നയിക്കുന്ന തരത്തിലുള്ള ചില രാസമാറ്റങ്ങള്‍ തലച്ചോറില്‍ ഉണ്ടാക്കാന്‍ ഇ സി റ്റിക്ക് കഴിയുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇ സി റ്റി ക്ക് ശേഷം, തലച്ചോറില്‍ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് സന്ദേശങ്ങള്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ന്യൂറോട്രാന്‍സ്മിറ്ററുകളുടെ നിലയില്‍ മാറ്റം ഉണ്ടാകുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതായിരിക്കാം ഇ സി റ്റിയുടെ ഫലമായി ഉണ്ടാകുന്ന പുരോഗതിക്ക് കാരണമാകുന്നത്. എന്തായാലും ഇ സി റ്റി ഒരു വ്യക്തിയില്‍ എന്ത് പ്രവര്‍ത്തനമാണ് നടത്തുന്നത് എന്നത് സംബന്ധിച്ച് ഇപ്പോഴും കൃത്യമായ വ്യക്തത വന്നിട്ടില്ല, ഇനിയും ഏറെ ഗവേഷണങ്ങള്‍ നടക്കേണ്ട വിഷയമാണിത്. 
ഇ സി റ്റി സുരക്ഷിതമാണോ? ഈ സി റ്റിയുടെ പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെയാണ്? ഇ സി റ്റിയെ തുടര്‍ന്ന് ഓര്‍മ്മ നഷ്ടപെടുമോ? 
ഡോക്ടര്‍മാര്‍ മതിയായ മുന്‍കരുതലുകള്‍ എടുക്കുന്നതിനാല്‍ ഇ സി റ്റി ഒരു വിധം സുരക്ഷിതമായ ചികിത്സാ രീതിയാണ്. ഇ സി റ്റി പൊതുവില്‍ താത്ക്കാലികമായ പാര്‍ശ്വഫലം ഉണ്ടാക്കാറുണ്ട്. ചിലര്‍ക്ക് ഇതിന്‍റെ ഫലമായി തലവേദനയോ ശരീരം വേദനയോ ഉണ്ടായേക്കാം, ഇതിന് വേദനസംഹാരികള്‍ കഴിക്കേണ്ടി വന്നേക്കും. ചിലപ്പോള്‍ ഇ സി റ്റിയെതുടര്‍ന്ന് രോഗിക്ക് ഏതാനും മിനിറ്റ് നേരത്തേക്ക് ഒരു ആശയക്കുഴപ്പം അനുഭവപ്പെട്ടേക്കാം. അതുപോലെ തന്നെ ഇ സി റ്റിക്ക് തൊട്ടു മുമ്പോ ശേഷമോ നടന്ന ചില  സംഭവങ്ങള്‍ മറന്നുപോകുന്ന അവസ്ഥയും ഉണ്ടായേക്കാം. ഇ സി റ്റി ചെയ്യുന്നതിന് വളരേ മുമ്പ് ഉണ്ടായ കാര്യങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകളേയോ നേടിയിട്ടുള്ള അറിവുകളേയോ പൊതുവിലുള്ള ബുദ്ധിശക്തിയേയൊ സാധാരണഗതിയില്‍ ഇത് ബാധിക്കാറില്ല. പാര്‍ശ്വഫലം, മറ്റേതൊരു വൈദ്യചികിത്സയുടെ കാര്യത്തിലുമെന്നതുപോലെതന്നെ ഓരോരുത്തരിലും വ്യത്യസ്തമായ തരത്തിലായിരിക്കും. ശരിയായ വൈദ്യ പരിചരണം ഉണ്ടെങ്കില്‍ ഹൃദയത്തേയോ നാഡീവ്യൂഹത്തേയോ ബാധിക്കുന്ന ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നത് വളരെ അപൂര്‍വ്വമായിരിക്കും. അഥവാ അങ്ങനെ എന്തെങ്കിലും ഉണ്ടാകുകയാണെങ്കില്‍  ഇ സി റ്റി ചെയ്യുന്ന മെഡിക്കല്‍ സംഘത്തിന് അത് കൈകാര്യം ചെയ്യാനുമാകും. ആധുനിക സാങ്കേതിക വിദ്യകള്‍ ഉള്ളതിനാല്‍ എല്ല്, പല്ല്, സന്ധികള്‍ എന്നിവയ്ക്ക് കുഴപ്പമുണ്ടാകുന്നത് വളരേ അപൂര്‍വ്വമായിട്ടായിരിക്കും.
പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ? 
  ഫലസിദ്ധിയില്‍ കുറവ് വരുത്താതെ തന്നെ ഓര്‍മ്മക്കുറവ് അടക്കമുള്ള പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കുന്നതിനായി ഇ സി റ്റിയുടെ നടപടിക്രമങ്ങള്‍ കുറച്ച് കൂടി സംസ്ക്കരിച്ച്, മെച്ചപ്പെടുത്താവുന്നതാണ്. ഇത് എത്രത്തോളം വേണം, ഏതെല്ലാം വേണം എന്ന് തീരുമാനിക്കുന്നത് എത്രവേഗത്തില്‍ രോഗമുക്തി ആഗ്രഹിക്കുന്നു, നിലവിലുള്ള ശാരീരിക രോഗങ്ങള്‍, പ്രായം, ഇ സി റ്റിയുടെ മുന്‍കാല അനുഭവം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org