നിങ്ങള്‍ക്ക് അറിയാവുന്ന ഒരാള്‍ ആത്മഹത്യയുടെ മുനമ്പില്‍ നില്‍ക്കുമ്പോള്‍...

നിങ്ങളോട് വളരെ അടുപ്പമുള്ള ഒരാള്‍ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു എന്ന് മനസിലാക്കുന്നത് വളരെയധികം മനക്ലേശം ഉണ്ടാക്കുന്ന കാര്യമാണ്, പക്ഷെ അവരെ ആ ചിന്തയില്‍ നിന്ന് അകറ്റിക്കൊണ്ടുവരുന്നതിനായി നിങ്ങള്‍ക്ക് ചെയ്യാവുന്ന നിരവധി കാര്യങ്ങളുണ്ട്.
ആ വ്യക്തിയോട് സ്വകാര്യമായും സൗമ്യമായും സംസാരിക്കുക, സംസാരത്തിലേക്ക് ആത്മഹത്യയെന്ന വിഷയവും കൊണ്ടുവരുക. ആത്മഹത്യയെക്കുറിച്ച് ആ വ്യക്തിയോട് സംസാരിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് ഒരു തുറന്ന സംസാരത്തിനുള്ള അവസരം ഉണ്ടാക്കുകയായിരിക്കും നിങ്ങള്‍ ചെയ്യുന്നത്.
ആത്മഹത്യയെക്കുറിച്ച് സംസാരിക്കുമ്പോള്‍ വളരെ സ്വാഭാവികമായ മട്ടില്‍ " നിങ്ങള്‍ ചില സമയത്ത് ഒട്ടും ഉത്സാഹമില്ലാതെ ആകെ മൂടികെട്ടിയ പോലെയാണല്ലൊ കാണുന്നത്, എന്തുപറ്റി, എന്തെങ്കിലും കാര്യം നിങ്ങളെ അലട്ടുന്നുണ്ടോ?" എന്നതുപോലുള്ള സംസാരവും ഉള്‍പ്പെടുത്തണം. നിങ്ങളുടെ ഇത്തരത്തിലുള്ള സംസാരത്തോട് ആ വ്യക്തിയുടെ പ്രതികരണം " എനിക്കൊരു വല്ലായ്മ തോന്നുന്നു ", അല്ലെങ്കില്‍ " ഞാന്‍ എന്‍റെ കുടുംബത്തിന് ഒരു ഭാരമാണ്", " എനിക്ക് മരിക്കാന്‍ തോന്നുന്നു" എന്ന  തരത്തിലുള്ളതാണെങ്കില്‍ അവയെ ആ വ്യക്തി ആത്മഹത്യ ചെയ്തേക്കാം എന്ന മുന്നറിയിപ്പ് സൂചനയായി പരിഗണിക്കുക.
അവരുടെ തീവ്രദുഃഖം അല്ലെങ്കില്‍ ദുരവസ്ഥ മനസിലാക്കി അത് അംഗീകരിക്കുക. അവരുടെ സാഹചര്യം എന്താണെന്ന് മനസിലാക്കാതെ അവരെ സമാശ്വസിപ്പിക്കുകയോ ധൈര്യപ്പെടുത്തുകയോ ഒന്നും ചെയ്യരുത്.
ഇത്തരം സാഹചര്യങ്ങളില്‍ നമ്മള്‍ സാധാരണ പറഞ്ഞുപോകുന്ന "നമുക്ക് എല്ലാവര്‍ക്കും ജീവിതത്തില്‍ പ്രശ്നങ്ങളുണ്ട്", അല്ലെങ്കില്‍ "അത് ജീവിതം അവസാനിപ്പിക്കുന്നതിന് ഒരു കാരണമല്ല"എന്നിങ്ങനെയുള്ള വാക്കുകള്‍ ആ വ്യക്തിക്ക് ഗുണമല്ല കൂടുതല്‍ ദോഷമായിരിക്കും ഉണ്ടാക്കുക. അതിനാല്‍ "ഇങ്ങനെ ഒരു പ്രശ്നം നേരിടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും" എന്നപോലെ സംസാരിക്കുക. അവരുടെ ദുഃഖത്തെ വിലമതിക്കുകയും അവര്‍ പറയുന്നത് അനുകമ്പയോടെ കേള്‍ക്കുകയും ചെയ്യുന്നത് അവരെ ജീവിതത്തെക്കുറിച്ച് കൂടുതല്‍  പ്രത്യാശയുള്ളവരാക്കും.
ആ വ്യക്തിയെ ഏതെങ്കിലും തരത്തില്‍ വിധിക്കുന്നതോ ഉപാധികള്‍ വെച്ചുകൊണ്ടുള്ളതോ അല്ലാത്ത പിന്തുണ അവര്‍ക്ക് ഉറപ്പു നല്‍കുക.
ആ വ്യക്തിക്ക് ഒരു സൗകര്യപ്രദമായ അവസ്ഥയിലേക്കെത്താനും നിങ്ങളോട് കാര്യങ്ങള്‍ തുറന്നു പറയാനും വേണ്ടത്ര സമയം കൊടുക്കുക. അവരെ പരിപൂര്‍ണമായ ശ്രദ്ധയോടെ കേള്‍ക്കുക, പക്ഷെ ഒരു തരത്തിലുള്ള പരിഹാരവും ഉപദേശിക്കാനോ വാഗ്ദാനം ചെയ്യാനോ ശ്രമിക്കരുത്. ആ വ്യക്തി ഇപ്പോള്‍ തന്നെ താങ്ങാനാകാത്ത, അല്ലെങ്കില്‍ മുറിവേറ്റ അവസ്ഥയിലായിരിക്കും, അതിനാല്‍ അയാളോട് "നിങ്ങളുടെ കുടുംബം നിങ്ങളെക്കുറിച്ച് എന്ത് കരുതും?" എന്നതുപോലുള്ള കാര്യങ്ങള്‍ ചോദിക്കരുത്. അയാള്‍ ഒറ്റയ്ക്കല്ലെന്നും നിങ്ങള്‍ അയാള്‍ക്ക് വേണ്ടി എന്ത് സഹായവും ചെയ്യാന്‍ സന്നദ്ധനായി ഉണ്ടെന്നും ആ വ്യക്തിക്ക് ഉറപ്പ് നല്‍കുക.
ആത്മഹത്യാ ചിന്തയുടെ അടിസ്ഥാനത്തില്‍ ഒന്നും ചെയ്യില്ല എന്ന കാര്യത്തില്‍ അവരില്‍ നിന്നും ഒരു ഉറപ്പ് സമ്പാദിക്കുക, അക്കാര്യത്തില്‍ അവരുമായി ഒരു ഉടമ്പടിയിലെത്തുക.
ആ വ്യക്തി ആത്മഹത്യ ചെയ്യാനുള്ള തന്‍റെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് എന്ന് നിങ്ങള്‍ക്ക് തോന്നിയായാല്‍ അവരുമായി ഒരു കരാറുണ്ടാക്കുക. അവരോട് "നിങ്ങളെ സഹായിക്കാന്‍ ഞാന്‍ ഒരു പോംവഴി കണ്ടെത്തും വരെ സ്വയം അപകടപ്പെടുത്തില്ലെന്ന് എനിക്ക് വാക്കു തരുമോ?" അല്ലെങ്കില്‍ "നിങ്ങളുടെ മനസില്‍ ആത്മഹത്യയെക്കുറിച്ചുള്ള ചിന്ത ഉണ്ടാകുമ്പോള്‍ എന്നെ ഒന്ന് വിളിക്കുമോ?" എന്നതുപോലുള്ള കാര്യങ്ങള്‍ ചോദിക്കുക. ആത്മഹത്യ ചെയ്യാന്‍ പോകുമ്പോള്‍ അതൊന്നു മാറ്റിവെയ്പ്പിക്കാനായാല്‍  ആയാള്‍ക്കായി ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണാന്‍ നിങ്ങള്‍ക്ക് സമയം കിട്ടും.
ജീവിതം അര്‍ത്ഥപൂര്‍ണമാക്കുന്ന കാര്യങ്ങളെ മനസില്‍ ഒന്ന്  അടുക്കിപ്പെറുക്കി നിരത്തിവെയ്ക്കാന്‍ അവരെ സഹായിക്കുക.
ആ വ്യക്തിയുടെ ജീവിതത്തിലെ സന്തോഷകരമായ കാര്യങ്ങളേയും വിജയങ്ങളേയും നേട്ടങ്ങളേയും കുറിച്ച് അയാളെ ഓര്‍മ്മപ്പെടുത്തുക. അവരുടെ ജീവിത്തിലെ ശേഷികളിലും അനുകൂലഘടകങ്ങളിലും  ശ്രദ്ധയൂന്നുക. ഇത് ആത്മഹത്യയില്‍ നിന്ന് ചിന്തയെ വഴിമാറ്റിയെടുക്കാന്‍ ആ വ്യക്തിയെ സഹായിക്കും. 
ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണാന്‍ അവരോട് പറയുക.
ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണാനും സഹായം തേടാനും അവരോട് പറയുക. മാനസികാരോഗ്യ വിദഗ്ധര്‍- കൗണ്‍സിലര്‍, മനഃശാസ്ത്രജ്ഞന്‍ (സൈക്കോളജിസ്റ്റ്), മനോരോഗചികിത്സകന്‍ (സൈക്യാട്രിസ്റ്റ്) തുടങ്ങിയവര്‍- ആത്മഹത്യാ ചിന്ത പുലര്‍ത്തുന്നവരെ അതില്‍ നിന്ന് പുറത്തുവരാന്‍  സഹായിക്കും. അതുപോലെ തന്നെ ആത്മഹത്യ ചെയ്യാനുള്ള ചിന്ത ഉയര്‍ന്നു വരുമ്പോള്‍ ഒരു ഹെല്‍പ്പ്ലൈനില്‍ വിളിക്കാന്‍ നിര്‍ദ്ദേശിക്കാവുന്നതുമാണ്.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org