ആത്മഹത്യ തടയല്‍ എന്തുകൊണ്ട് ജീവനക്കാരെ സഹായിക്കുന്നതിനുള്ള പരിപാടിയില്‍ ഉള്‍പ്പെടുത്തണം?

ഒരു ഫലപ്രദമായ ആത്മഹത്യാ പ്രതിരോധ കര്‍മ്മപരിപാടി പൊതുവായുള്ള ചില ഉത്കണ്ഠകളെ പരിഗണിക്കുന്നതും സ്ഥാപനത്തിന്‍റെ താല്‍പര്യങ്ങള്‍ക്കനുസൃതമായിട്ടുള്ളതുമായിരിക്കണം
ദൈനംദിന ജീവിതത്തില്‍ നമുക്ക് നേരിടേണ്ടി വരുന്ന മാനസിക സമ്മര്‍ദ്ദത്തിന്‍റെ തോത് കൂടി വരുന്നതിനാല്‍ ഓരോ തൊഴിലിടവും ആത്മഹത്യ തടയുന്നതിനുള്ള  ഒരു നിര്‍ണായക ഇടമായി മാറിയിരിക്കുന്നു. ഈ ലേഖനത്തില്‍, ഒരു സ്ഥാപനത്തിന് എങ്ങനെയെല്ലാം തൊഴിലാളികളുടെ ആത്മഹത്യ തടയാനാകുമെന്നും ആത്മഹത്യയ്ക്ക് വഴങ്ങിയേക്കാവുന്ന തൊഴിലാളികളെ അതില്‍ നിന്ന് രക്ഷപെടാന്‍ എങ്ങനെ സഹായിക്കാനാകുമെന്നും വിശദീകരിക്കുകയാണ് ശ്രീരഞ്ജിത ജയോര്‍കര്‍.
മിക്കവാറും എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും ഒരു എംപ്ലോയി അസിസ്റ്റന്‍സ് പ്രോഗ്രാം (ഇ എ പി) അല്ലെങ്കില്‍ തൊഴിലാളികള്‍ക്കുള്ള ആരോഗ്യ പരിപാലന പദ്ധതി- സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് വൈദ്യ സഹായം ലഭ്യമാക്കുന്നതിനായി രൂപപ്പെടുത്തിയിരിക്കുന്ന പദ്ധതി- ഉണ്ടായിരിക്കും. ഒരു മാനസികാരോഗ്യ പരിപാടിയെ അല്ലെങ്കില്‍ ആത്മഹത്യാ പ്രതിരോധ പരിപാടിയെ ഇ എ പിയുമായി സംയോജിപ്പിക്കാവുന്നതാണ്.ഇക്കാലത്തെ ജോലികള്‍ സമ്മാനിക്കുന്ന മാനസിക പിരിമുറുക്കത്തിന്‍റെ കാര്യം പരിഗണിച്ച് എല്ലാ തൊഴിലാളികളും അവരുടെ ഹെല്‍ത്ത് പോളിസിയില്‍ മാനസികാരോഗ്യം കൂടി ഉള്‍പ്പെടുത്തേണ്ടതിന്‍റെ ആവശ്യകത തിരിച്ചറിയേണ്ടതുണ്ട്. എന്നിരുന്നാലും ചില സ്ഥാപനങ്ങളിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നത് അവിടങ്ങളില്‍ ഇത് ഉള്‍പ്പെടുത്തുക എന്നത് ഇഷ്ടാനുസരണം തെരഞ്ഞെടുക്കാവുന്നതല്ല, അത് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതാണെന്നാണ്. അപകട സാധ്യത സൂചിപ്പിക്കുന്ന ചില പ്രധാനപ്പെട്ട ഘടകങ്ങള്‍ താഴെ പറയുന്നു :
  • വ്യവസായത്തിന്‍റെ സ്വഭാവം : എന്തു തരത്തിലുള്ള ജോലികളാണ് അവിടെ തൊഴിലാളികള്‍ക്ക് ചെയ്യേണ്ടി വരുന്നത്, എന്താണ് അവിടത്തെ തൊഴില്‍ സാഹചര്യം? തൊഴിലാളികള്‍ക്ക് ചെയ്യേണ്ടി വരുന്ന പ്രവര്‍ത്തികള്‍ എത്രമാത്രം മാനസിക പിരിമുറുക്കം ഉണ്ടാക്കുന്നവയാണ്? അവരുടെ ദൈനംദിന പ്രവര്‍ത്തിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന അപകട സാധ്യത എത്രമാത്രം ഉയര്‍ന്നതാണ്?
  • തൊഴിലാളിയുടെ വിവരങ്ങള്‍ : അവര്‍ എവിടെ നിന്നും വരുന്നു? കമ്പനിയുമായി ഇണങ്ങിച്ചേരുന്നതിനായി അവര്‍ക്ക് ജീവിതത്തില്‍ കാര്യമായ നീക്കുപോക്കുകള്‍ നടത്തേണ്ടി വന്നിട്ടുണ്ടോ? ( ഒരു നഗരത്തില്‍ നിന്നും മറ്റൊന്നിലേക്ക് മാറുക, കുടുംബത്തില്‍ നിന്നും അകന്ന് താമസിക്കേണ്ടി വരിക തുടങ്ങിയവ). എന്തൊക്കെയാണ് അവരുടെ ശക്തിയും ദൗര്‍ബല്യങ്ങളും? 
  • സാംസ്ക്കാരികവും വംശീയവുമായ വൈവിധ്യങ്ങള്‍ : സ്ഥാപനത്തിലെ സംസ്ക്കാരവുമായി ഒത്തുപോകാന്‍ പെടാപ്പാടുപെടുന്ന തൊഴിലാളികള്‍ ഉണ്ടോ? അവര്‍ക്ക് ഇണക്കവും സ്വീകാര്യതയും അനുഭവപ്പെടാന്‍ സഹായിക്കുന്നതിനായി എന്തെങ്കിലും നടപടികള്‍ എടുത്തിട്ടുണ്ടോ? 
ഓരോ സ്ഥാപനവും മാനസികാരോഗ്യ വിദഗ്ധരുമായി കൂടിയാലോചിച്ച് തങ്ങളുടെ ആത്മഹത്യാ പ്രതിരോധ പരിപാടികള്‍ തയ്യാറാക്കുമ്പോള്‍ ഇക്കാര്യങ്ങളും സ്ഥാപനവുമായി ബന്ധപ്പെട്ട ഘടകങ്ങളും  വകതിരിച്ച് മനസില്‍ വെച്ചുകൊണ്ടായിരിക്കണം അത് രൂപപ്പെടുത്തുന്നത്.
 ഇ എ പിയുടെ ഭാഗമായി ഉണ്ടാക്കുന്ന ഒരു ഫലപ്രദമായ ആത്മഹത്യാ പ്രതിരോധ പരിപാടി താഴെ പറയുന്ന ചില സവിശേഷ ഘടകങ്ങളെക്കൂടി അഭിമുഖീകരിക്കുന്നതായിരിക്കണം എന്ന് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു : 
1. മാനക്കേട് ഇല്ലാതാക്കല്‍
ഒരു വിഷയം സമൂഹത്തില്‍ വളരെയധികം മാനക്കേട് ഉണ്ടാക്കുന്നതാണ് എന്നു വന്നാല്‍ ആ പ്രശ്നം അനുഭവിക്കുന്ന ഒരാള്‍ അത് തുറന്നു പറയാനോ അതിനെ മറികടക്കുന്നതിനായി മറ്റുള്ളവരുടെ സഹായം തേടാനോ മടിച്ചേക്കും. ആത്മഹത്യയുടേയും മാനസികാരോഗ്യത്തിന്‍റേയും കാര്യത്തില്‍ ഈ മാനക്കേടിനുള്ള സാധ്യത വളരെ കൂടുതലായതിനാല്‍ ആളുകള്‍ തങ്ങളുടെ പ്രശ്നത്തെക്കുറിച്ച് തുറന്നു പറയാന്‍ ഇപ്പോഴും മടിക്കുകയാണ്. അതുകൊണ്ടു തന്നെ ഈ മാനക്കേട് കുറയ്ക്കുക എന്നതായിരിക്കണം ഏതൊരു ആത്മഹത്യാ പ്രതിരോധ പരിപാടിയുടേയും ആദ്യത്തേതും ഏറ്റവും പ്രധാനവുമായ ഘടകം.
ഇ എ പിയില്‍ മാനസികാരോഗ്യ അല്ലെങ്കില്‍ ആത്മഹത്യാ പ്രതിരോധ പദ്ധതികൂടി ഉള്‍പ്പെടുത്തുന്നത് മാനസികാരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന അപമാനം കുറയ്ക്കുന്നതിന് സഹായകരമാകും. ഇതാകട്ടെ ഒരു വ്യക്തി, അയാള്‍ക്ക് സഹായം ആവശ്യമുള്ളപ്പോള്‍ അത് സ്വീകരിക്കാന്‍ തയ്യാറാകുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. സ്ഥാപനത്തിന്‍റെ ആരോഗ്യ സംരക്ഷണ പദ്ധതിയിലേക്ക് മാനസികാരോഗ്യ പരിപാടികള്‍ കൂടി കൂട്ടിച്ചേര്‍ക്കുന്നതിലൂടെ നിരവധി നേട്ടങ്ങള്‍ ഉണ്ടാക്കാനാകും.
  • സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ വാര്‍ഷിക ആരോഗ്യ പരിശോധനാ പരിപാടിയില്‍  തൊഴിലാളികളുടെ മാനസികാരോഗ്യം വിലയിരുത്തല്‍ അല്ലെങ്കില്‍ അവര്‍ക്ക് ഒരു മാനസികാരോഗ്യ വിദഗ്ധനുമായി സംസാരിക്കാനുള്ള അവസരം എന്നതുകൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മാനസികാരോഗ്യ പിന്തുണ കൂടി നല്‍കാനാകും. ഇത് സഹായം ആവശ്യമുള്ള വ്യക്തികളെ, അല്ലെങ്കില്‍ പ്രശ്നങ്ങള്‍ക്ക് ( മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്ക് പൊതുവായും പ്രത്യേകിച്ച് ആത്മഹത്യയ്ക്കും) എളുപ്പത്തില്‍ കീഴ്പ്പെട്ടു പോകുന്ന വ്യക്തികളെ കണ്ടെത്താന്‍ സഹായിക്കും.
  • ഒരു സ്ഥാപനത്തിന് സഹായത്തിനായി വിളിക്കാവുന്ന ഒരു ഡോക്ടര്‍ ഉണ്ടായിരിക്കുന്നതുപോലെ തന്നെ സ്ഥാപനത്തിന് സ്വന്തമായി ഒരു മാനസികാരോഗ്യ വിദഗ്ധനും ഉണ്ടായിരിക്കുന്നത് തൊഴിലാളികള്‍ക്ക് സംരക്ഷണവും സഹായവും ആവശ്യമുള്ളപ്പോള്‍ എളുപ്പത്തില്‍ അവരെ സഹായിക്കാവുന്ന സാഹചര്യം ഉറപ്പാക്കുന്നു. അതുപോലെ തന്നെ ഇത് തങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ എന്തെല്ലാം മാനസികാരോഗ്യ സംരക്ഷണ സൗകര്യങ്ങളാണ് ലഭ്യമായിട്ടുള്ളത് എന്നതിനെക്കുറിച്ച് തൊഴിലാളികള്‍ക്ക് ഒരു ധാരണ ഉണ്ടാക്കിക്കൊടുക്കുന്നതിനും സഹായകരമാകും.
  • തൊഴിലാളികള്‍ക്ക് മാനസികാരോഗ്യ പിന്തുണ കൊടുക്കുന്നതിനുള്ള ഒരു പദ്ധതി  പ്രശ്നങ്ങളെ വിജയകരമായി അഭിമൂഖീകരിക്കുന്നതിനുള്ള തൊഴിലാളികളുടെ ശേഷി വര്‍ദ്ധിപ്പിക്കുകയും പ്രശ്നങ്ങള്‍ക്ക് കീഴ്പ്പെടാനുള്ള സാധ്യത കുറയ്ക്കുകയും ജോലിയുമായി ബന്ധപ്പെട്ടുള്ള മാനസിക സമ്മര്‍ദ്ദം, മത്സരം, തൊഴില്‍ സ്ഥലത്തെ സംഘര്‍ഷങ്ങള്‍, അവരുടെ മാനസിക സൗഖ്യത്തെ ബാധിക്കുന്ന മറ്റ് പ്രശ്നങ്ങള്‍ എന്നിവയെ കൈകാര്യം  ചെയ്തുകൊണ്ട് ആത്മഹത്യയെ പ്രതിരോധിക്കുകയും ചെയ്യും.
  • സ്വകാര്യത സംരക്ഷിക്കുന്നത് സംബന്ധിച്ചുള്ള വ്യക്തമായ ഒരു ഉടമ്പടി (ഏത് ആരോഗ്യ സംരക്ഷണ പരിപാടിയിലും ഉള്ളതുപോലെ) തൊഴിലാളികള്‍ക്ക് തങ്ങള്‍ സുരക്ഷിതരായിരിക്കും എന്നൊരു വിശ്വാസം അനുഭവപ്പെടുത്തും.
  • ശാരീരികാരോഗ്യ പ്രശ്നങ്ങളില്‍ നിന്നും വളരെയൊന്നും വ്യത്യസ്തമല്ല  മാനസികാരോഗ്യ പ്രശ്നങ്ങള്‍  എന്ന് പറയുന്നതിലൂടെ   തൊഴിലുടമ മാനസികാരോഗ്യ പ്രശ്നങ്ങളുമായി ചുറ്റിപ്പറ്റി നില്‍ക്കുന്ന അപമാനം കുറയ്ക്കുകയും സഹായം തേടാന്‍ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. 
സ്ഥാപനത്തിന് ഓരോ തൊഴിലാളിയേയും അവര്‍ നേരിട്ട ഏതെങ്കിലും തരത്തിലുള്ള മാനസികാരോഗ്യ പ്രശ്നത്തെക്കുറിച്ച് സംസാരിക്കാനും അതിനെ മറികടക്കാന്‍ അവര്‍ക്കെങ്ങിനെ കഴിഞ്ഞു എന്നത് മറ്റുള്ളവരുമായി പങ്കുവെയ്ക്കാനും പ്രോത്സാഹിപ്പിക്കാവുന്നതാണ്. അങ്ങനെ ചെയ്യുന്നതിലൂടെ മാനസികാരോഗ്യ പ്രശ്നങ്ങളെന്നത് ഒരു വിലക്കപ്പെട്ട, അല്ലെങ്കില്‍ സംസാരത്തില്‍ നിന്നും നീക്കിനിര്‍ത്തേണ്ടതായ ഒരു  കാര്യമല്ലെന്നും അക്കാര്യങ്ങള്‍ തുറന്നു പറയുന്നതുകൊണ്ട് തൊഴിലാളികളെ വേര്‍തിരിച്ച് കാണില്ലെന്നുമുള്ള സന്ദേശം കൊടുക്കാന്‍ സ്ഥാപനത്തിന് സാധിക്കും.
2. സംവേദനക്ഷമമാക്കുന്നതിനുള്ള പരിപാടികള്‍
തൊഴിലാളികളില്‍ പ്രശ്നങ്ങള്‍ തുറന്നു പറുന്നതിനുള്ള  ആത്മവിശ്വാസവും ധൈര്യവും ഉണ്ടാക്കുന്നതിനായി സ്ഥാപനത്തില്‍ മാനേജര്‍മാര്‍ക്കും ടീം ലീഡര്‍മാര്‍ക്കും ഉന്നത എക്സിക്യുട്ടീവ് ഓഫീസര്‍മാര്‍ക്കുമായി ഈ വിഷയം കൂടുതല്‍ വ്യക്തതയോടെ മനസിലാക്കുന്നതിന് ഉപകരിക്കുന്ന ഒരു പരിപാടിയുണ്ടായിരിക്കണമെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇത്തരത്തില്‍ ഒരു പരിപാടിയുണ്ടായിരിക്കുന്നത് സ്വകാര്യത, അല്ലെങ്കില്‍ രഹസ്യ സ്വഭാവം സംരക്ഷിക്കുന്ന കാര്യത്തിലും അപമാനം കുറയ്ക്കുന്ന കാര്യത്തിലും മാനസികാരോഗ്യ പരിപാടിയെ ആകെത്തന്നെ കൂടുതല്‍ ഫലപ്രദമാക്കിത്തീര്‍ക്കും. 
മാനേജര്‍മാര്‍ അല്ലെങ്കില്‍ ഉന്നത തലത്തിലുള്ള എക്സിക്യുട്ടീവ് ഓഫീസര്‍മാര്‍ മാനസികാരോഗ്യവുമായി, പ്രത്യേകിച്ച് ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രസക്തമായ അവരുടെ സ്വന്തം അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണെങ്കില്‍ തൊഴിലാളികളില്‍ അത് കൂടുതല്‍ മനോബലം സൃഷ്ടിക്കും. ആത്മഹത്യാ ചിന്തയും അതിനുള്ള പ്രവണതയും സത്യത്തില്‍ സഹായത്തിനായുള്ള ഒരു നിലവിളിയാണ് എന്നതിനെക്കുറിച്ചുള്ള തുറന്ന ചര്‍ച്ച സ്വന്തം പ്രശ്നങ്ങള്‍ തുറന്നു പറയാന്‍ തൊഴിലാളികളെ കൂടുതല്‍ സന്നദ്ധരാക്കുകയും വിമര്‍ശിക്കപ്പെടുകയോ വിധിക്കപ്പെടുകയോ ചെയ്യാത്ത തരത്തില്‍ തങ്ങള്‍ സ്വീകരിക്കപ്പെടും എന്നൊരു വിശ്വാസം അവരില്‍ ഉണ്ടാക്കുകയും ചെയ്യും.
3. അവബോധം സൃഷ്ടിക്കല്‍
ജോലിസ്ഥലത്തെ സംസാരത്തിലേക്ക് മാനസികാരോഗ്യവും ആത്മഹത്യാ പ്രതിരോധവും സംബന്ധിച്ച കാര്യങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്ന തരത്തിലുള്ള പരിപാടികള്‍ ഉണ്ടാക്കാവുന്നതാണ്. ഇതില്‍ പോസ്റ്ററുകള്‍, പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, സിനിമാപ്രദര്‍ശനം, ആത്മഹത്യാ പ്രതിരോധം അല്ലെങ്കില്‍ മാനസികാരോഗ്യം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള  മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്താവുന്നതാണ്. കൂടുതല്‍ തുറന്ന ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നത് തൊഴിലാളികള്‍ക്ക് മാനസികാരോഗ്യത്തെക്കുറിച്ച്  സംസാരിക്കുന്നതില്‍ ഒരു തെറ്റുമില്ല, കുഴപ്പവുമില്ല എന്ന സൂചന നല്‍കും.
അതുപോലെ തന്നെ ആത്മഹത്യയെക്കുറിച്ച്  നാട്ടിലും തൊഴിലാളികള്‍ക്കിടയിലും പ്രചാരത്തിലുള്ള അന്ധവിശ്വാസങ്ങളേയും അബദ്ധധാരണകളേയും നേരിടണം എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്- അതായത്, ആത്മഹത്യാ ചിന്തയുള്ള ഒരാള്‍ വളരെ ദുര്‍ബലനായിരിക്കും, അല്ലെങ്കില്‍ ജീവിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടാകില്ല എന്നിങ്ങനെയുള്ള  വിശ്വാസങ്ങളേയും ഒരു വ്യക്തിയോട് 'നിങ്ങള്‍ക്ക് ആത്മഹത്യാ ചിന്തയുണ്ടോ' എന്ന് ചോദിക്കുന്നത് അവരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചേക്കും എന്ന തരത്തിലുള്ള അബന്ധധാരണകളേയും നേരിടേണ്ടതുണ്ട്.
4. തീവ്രദുഃഖം അനുഭവിക്കുന്നവരെ കണ്ടെത്തല്‍
മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നത് ആത്മഹത്യ പെട്ടെന്നങ്ങ് സംഭവിക്കുന്നതല്ല എന്നാണ്. സാധാരണയായി ഒരു വ്യക്തിയെ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിപ്പിക്കുന്ന ചില സംഭവങ്ങളോ അല്ലെങ്കില്‍ ഒരു വ്യക്തി ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്ന ഒരു ഘട്ടം തന്നെയോ ഉണ്ടാകുമെന്നും അവര്‍ പറയുന്നു. അതിനാല്‍ തീവ്രദുഃഖവും മാനസിക സംഘര്‍ഷവും മറ്റും അനുഭവിക്കുന്ന വ്യക്തികളെ കണ്ടെത്താന്‍ സ്ഥാപനത്തിനായാല്‍ അത്തരം വ്യക്തികള്‍ക്ക് പ്രശ്നങ്ങളെ അതിജീവിക്കാന്‍ എന്ത് സഹായമാണോ ആവശ്യമുള്ളത് അത് ലഭിക്കുന്നു എന്ന് ഉറപ്പാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കാന്‍ സ്ഥാപനത്തിന് സാധിക്കും.
തൊഴിലാളികള്‍ക്കിടയില്‍ തീവ്രദുഃഖവും മാനസിക സംഘര്‍ഷവും അനുഭവിക്കുന്നവരെ തിരിച്ചറിയുന്നതിനുള്ള ഫലപ്രദമായ മറ്റൊരു മാര്‍ഗം ആത്മഹത്യയെ പ്രതിരോധിക്കുന്ന 'കാവല്‍ക്കാര്‍' (ഗേറ്റ്കീപ്പര്‍) ഉണ്ടായിരിക്കുക എന്നതാണ്. കാവല്‍ക്കാര്‍' (ഗേറ്റ്കീപ്പര്‍) എന്നാല്‍ തീവ്രദുഃഖത്തിന്‍റെ അല്ലെങ്കില്‍ മാനസിക സംഘര്‍ഷത്തിന്‍റെ സൂചനകള്‍ കണ്ടെത്താനും അതുള്ളവര്‍ക്ക് പ്രാഥമികമായ വൈകാരിക പിന്തുണ നല്‍കാനും അവരെ കൂടുതല്‍ സഹായം തേടുന്നതിനായി ഒരു മാനസികാരോഗ്യ വിദഗ്ധന്‍റെ അടുത്തേക്ക് വിടാനും പരിശീലനം നേടിയിട്ടുള്ളവരാണ് (ഇയാള്‍ ഒരു മാനസികാരോഗ്യ വിദഗ്ധന്‍ ആയിരിക്കണം എന്നില്ല). സ്ഥാപനത്തിന് അവരുടെ തൊഴിലാളികള്‍ക്ക് ഗേറ്റ്കീപ്പര്‍മാര്‍ ആകുന്നതിനുള്ള പരിശീലനം കൊടുക്കാവുന്നതാണ്. അങ്ങനെ ചെയ്യുന്നതിലൂടെ അപായ സൂചനകള്‍ പിടിച്ചെടുക്കുന്നതിന് കഴിവുള്ളവരുടെ ഒരു വലിയ ശൃംഖല സൃഷ്ടിക്കാനാകും. നിംഹാന്‍സ് സെന്‍റര്‍ ഫോര്‍ വെല്‍ബീയ്ങ് ഗേറ്റ്കീപ്പര്‍മാരാകുന്നതിനുള്ള പരിശീലനം കൊടുക്കുന്ന പരിപാടികള്‍ നടത്തുന്നുണ്ട്. ഈ പരിപാടിയില്‍ സഹപ്രവര്‍ത്തകര്‍ക്ക് ആവശ്യമെങ്കില്‍ പിന്തുണ കൊടുക്കുന്നതിന് സഹായിക്കുന്ന വിവരങ്ങളും ഗേറ്റ്കീപ്പര്‍മാര്‍ക്ക് ലഭ്യമാക്കുന്നുണ്ട്. അതില്‍ ചിലത് താഴെ പറയുന്നു :  
  • ഗേറ്റ്കീപ്പര്‍മാര്‍ക്കായുള്ള പ്രായോഗികവും സഹായകരവുമായ വിവരങ്ങള്‍ : ഒരു സഹപ്രവര്‍ത്തകന് സഹായം ആവശ്യമുണ്ടെന്നു കണ്ടാല്‍ അടുത്തതായി അവര്‍ എന്ത് ചെയ്യണം? ആരെയാണ് അവര്‍ വിവരം അറിയിക്കേണ്ടത്? തൊഴിലാളിക്ക് എന്ത് സഹായമാണ് ലഭിക്കുക?
  • ഗേറ്റ്കീപ്പര്‍മാര്‍ക്ക് ഉണ്ടാകാനിടയുള്ള ഉത്കണ്ഠകളെ അഭിമുഖീകരിക്കുന്ന മറ്റ് വിവരങ്ങള്‍ : എന്തൊക്കെയാണ് ഗേറ്റ്കീപ്പറുടെ ചുമതലകള്‍? മാനസികമായ തളര്‍ച്ച അല്ലെങ്കില്‍  സംഭ്രമം തോന്നിയാല്‍ ഗേറ്റ് കീപ്പര്‍ എന്ത് ചെയ്യണം? ഗേറ്റ്കീപ്പര്‍ക്ക് എന്ത് പിന്തു യാണ് ലഭ്യമായിട്ടുള്ളത്? ഒരു ഗേറ്റ്കീപ്പര്‍ എന്തെല്ലാം പരിമിതികളെക്കുറിച്ചാണ് അറിഞ്ഞിരിക്കേണ്ടത്? 
5. പ്രതിസന്ധി കൈകാര്യം  ചെയ്യല്‍
പ്രതിസന്ധി ഘട്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി സ്ഥാപനത്തിന് ഒരു പെരുമാറ്റച്ചട്ടം അല്ലെങ്കില്‍ ശുപാര്‍ശചെയ്യപ്പെട്ടിട്ടുള്ള കര്‍മ്മ പദ്ധതി പ്രാബല്യത്തിലുണ്ടായിരിക്കണം. അതായത് - ഒരു വ്യക്തി കടുത്ത ദുഃഖം അനുഭവിക്കുന്നു, അല്ലെങ്കില്‍ മാനസിക സംഘര്‍ഷത്തിലാണ്, അല്ലെങ്കില്‍ ആത്മഹത്യാ ചിന്ത പുലര്‍ത്തുന്നു എന്ന് തിരിച്ചറിഞ്ഞാല്‍ എന്ത് ചെയ്യണം? ഒരാള്‍ ആത്മഹത്യയ്ക്ക് വഴങ്ങിയേക്കാവുന്ന തരത്തിലുള്ള അപകടകരമായ അവസ്ഥയിലാണ്, അല്ലെങ്കില്‍ സഹായം ലഭ്യമാക്കേണ്ട സാഹചര്യത്തിലാണ് എന്ന് കണ്ടാല്‍ തുടര്‍ന്ന് എന്താണ് ചെയ്യേണ്ടത്? ഒരു ആത്മഹത്യ സംഭവിച്ചാല്‍ എന്ത് ചെയ്യണം? - എന്നിങ്ങനെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച് വ്യക്തമായ ഒരു കര്‍മ്മ പദ്ധതിയുണ്ടായിരിക്കണം.
6. മാര്‍ഗനിര്‍ദ്ദേശവും തുടര്‍ സേവനങ്ങളും
ഏതൊരു മാനസികാരോഗ്യ, ആത്മഹത്യാ പ്രതിരോധ പരിപാടിയുടേയും അഭിഭാജ്യ ഘടകമായി, തങ്ങള്‍ക്ക് സഹായം ആവശ്യമുള്ളപ്പോള്‍ തൊഴിലാളികള്‍ക്ക് സമീപിക്കാവുന്ന തരത്തില്‍  ഒരു മുഴുവന്‍ സമയ    അല്ലെങ്കില്‍  പാര്‍ട്ട്ടൈം മാനസികാരോഗ്യ വിദഗ്ധന്‍റെ സേവനം ഉണ്ടായിരിക്കണം. ഈ വിദഗ്ധനെ ആവശ്യമുള്ളപ്പോള്‍  കണ്ട് സംസാരിക്കാന്‍ തൊഴിലാളികള്‍ക്ക് അവസരം ഉണ്ടാകണം. അവര്‍ക്ക് കൂടുതല്‍ പിന്തുണ ആവശ്യമെങ്കില്‍ അവരെ അത് ലഭിക്കുന്ന സ്ഥലത്തേക്ക് അയക്കാന്‍ കഴിയുന്നയാളുമായിരിക്കണം. അതുപോലെ തന്നെ ഈ വിദഗ്ധന്‍ പ്രശ്നങ്ങള്‍ക്ക് കീഴ്പ്പെടാന്‍ ഇടയുള്ളവരെ, തീവ്രദുഃഖം അല്ലെങ്കില്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്നവരെ കണ്ടെത്താനും അവര്‍ക്ക് കഴിയുന്നത്ര നേരത്തേ സഹായം ലഭ്യമാകുമെന്ന് ഉറപ്പാക്കാനും സ്ഥാപനത്തെ സഹായിക്കാന്‍ കഴിയുന്നയാളുമായിരിക്കണം. അതുപോലെ തന്നെ ഇ എ പി സംവിധാനത്തില്‍ ഒരു മാനസികാരോഗ്യ വിദഗ്ധനെ കൂടി ഉള്‍പ്പെടുത്തുന്നതിനായി ഇ എ പി  സേവനം നല്‍കുന്നവരുമായി ഒരു കൂട്ടുകെട്ട് ഉണ്ടാക്കാനും സ്ഥാപനത്തിന് കഴിയും.  
തൊഴിലാളികള്‍ക്ക് സ്ഥാപനത്തില്‍ നിന്ന് ലഭിക്കുന്ന മാനസികാരോഗ്യ, ആത്മഹത്യാ പ്രതിരോധ സഹായങ്ങളെക്കുറിച്ച് പോസ്റ്ററുകള്‍, ലഘുലേഖകള്‍, ഇന്‍റര്‍നെറ്റില്‍ പ്രധാന്യത്തോടെ പ്രദര്‍ശിപ്പിക്കുന്ന നോട്ടീസുകള്‍, അല്ലെങ്കില്‍ മാനേജര്‍- തൊഴിലാളി, എച്ച് ആര്‍- തൊഴിലാളി മീറ്റിംഗുകളിലുള്ള ചര്‍ച്ചകള്‍ എന്നിവയിലൂടെ വ്യക്തമായ വിവരം നല്‍കാന്‍ സാധിക്കും. ഇത് ആത്മഹത്യാ ചിന്ത പുലര്‍ത്തുന്ന തൊഴിലാളികളെ പ്രശ്നങ്ങള്‍ തുറന്നു പറയുന്നതിനും സഹായം തേടുന്നതിനും പ്രേരിപ്പിക്കും. 
7. സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള വകുപ്പ്
തങ്ങളുടെ പ്രശ്നം എത്രമാത്രം സ്വകാര്യതയോടെയും  ജാഗ്രതയോടെയുമാണ് കൈകാര്യം ചെയ്യപ്പെടുക എന്ന കാര്യത്തില്‍ ഉത്കണ്ഠയുള്ളതിനാല്‍ മിക്കവാറും സഹായം ആവശ്യമുള്ള തൊഴിലാളികള്‍ പോലും  അതാവശ്യപ്പെടാന്‍ മടിക്കുന്നതായാണ് കാണുന്നത്. അതിനാല്‍ ആത്മഹത്യാ പ്രതിരോധ പരിപാടിയില്‍ തൊഴിലാളികളുടെ ഈ ഉത്കണ്ഠയെ വകവെച്ചുകൊണ്ട് അവരുടെ സ്വകാര്യത സംരക്ഷിക്കും എന്ന  വകുപ്പുകൂടി ഉള്‍ക്കൊള്ളിച്ചിരിക്കണം.തൊഴിലാളികളുടെ വ്യക്തിപരമായ വിവരങ്ങള്‍ ആരോടായിരിക്കും വെളിപ്പെടുത്തുക? ഏത് സാഹചര്യത്തിലായിരിക്കും ഈ വിവരങ്ങള്‍ പങ്കുവെയ്ക്കപ്പെടുന്നത്? ഒരു തൊഴിലാളിക്ക് മാനസികാരോഗ്യ പ്രശ്നം അല്ലെങ്കില്‍ ആത്മഹത്യാ ചിന്ത ഉണ്ടെങ്കില്‍ അത് അവരുടെ ഔദ്യോഗിക സ്ഥാനത്തെ അല്ലെങ്കില്‍ ജോലിയുടെ സുരക്ഷിതത്വത്തെ എങ്ങനെ ബാധിക്കും?
ഇക്കാര്യങ്ങളെക്കുറിച്ചുള്ള ശരിയായ വിവരം സ്ഥാപനം തങ്ങളുടെ പ്രശ്നങ്ങളില്‍ ശ്രദ്ധവെയ്ക്കുന്നു എന്നും തങ്ങളുടെ പ്രശ്നം സ്വകാര്യത സംരക്ഷിച്ചുകൊണ്ട് ജാഗ്രതയോടെ തന്നെ കൈകാര്യം ചെയ്യപ്പെടുമെന്നും അതിനാല്‍ മാനസികാരോഗ്യ പ്രശ്നത്തിന്‍റെ പേരില്‍ തങ്ങള്‍ക്ക് വിവേചനം അനുഭവിക്കേണ്ടി വരില്ലെന്നുമുള്ളകാര്യത്തില്‍ കൂടുതല്‍ ഉറപ്പ് കൊടുക്കും. ഇത് ആവശ്യമുള്ളപ്പോള്‍ സഹായം ചോദിക്കാന്‍ അവരെ പ്രേരിപ്പിക്കും.
8. പ്രതികൂല സാഹചര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാനിടയുള്ളവരുടെ ഉത്കണഠകളെ അഭിമുഖീകരിക്കുന്ന ഒരു കര്‍മ്മ പദ്ധതി
ഒരു സ്ഥാപനത്തില്‍ പ്രതികൂല സാഹചര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാനിടയുള്ളവരുടെ കൂട്ടത്തില്‍ താഴെ പറയുന്ന തരത്തിലുള്ളവര്‍ ഉള്‍പ്പെട്ടേക്കാം: 
  • തങ്ങളുടെ പ്രവര്‍ത്തന രീതിയില്‍ പെട്ടെന്ന് ഒരു മാറ്റം പ്രകടിപ്പിക്കുന്നവര്‍- ഉദാഹരണത്തിന്, കാര്യക്ഷമത, സമയനിഷ്ഠ, ജോലിയുടെ ഗുണനിലവാരം എന്നിവയില്‍ വീഴ്ച വരുത്തല്‍.
  • പിരിച്ചുവിടപ്പെടുമെന്ന അല്ലെങ്കില്‍   ജോലിയിലുള്ള ഉത്തരവാദിത്തമോ ശമ്പളമോ വെട്ടിക്കുറയ്ക്കപ്പെടുമെന്ന ഭീഷണിയുടെ സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍.
  • തങ്ങള്‍ ജനിച്ചുവളര്‍ന്ന പട്ടണം വിട്ട് മറ്റൊരിടത്ത് കുടിയേറിയിട്ടുള്ളവര്‍, നിലവിലെ സംവിധാനവുമായി പൊരുത്തപ്പെടാനാകാതെ നില്‍ക്കുന്നവര്‍, ഇപ്പോഴത്തെ സാഹചര്യത്തെ ഭയപ്പെടുന്നവര്‍.
  • ജോലിയുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ കാരണം കൊണ്ട് സാമ്പത്തികമോ വൈകാരികമോ ആയ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍.
കൂടുതല്‍ കുഴപ്പം പിടിച്ച സാഹചര്യങ്ങളും ഘടകങ്ങളുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നവരുടെ കാര്യത്തിലും- ഉദാഹരണത്തിന്, സായുധസേന അല്ലെങ്കില്‍ സുരക്ഷാ  ഭടന്മാരുടെ കാര്യത്തില്‍, അക്രമം) അല്ലെങ്കില്‍ ആത്മഹത്യയ്ക്ക് ഉപയോഗിക്കാവുന്ന സംഗതികളുടെ ലഭ്യതയുള്ളവവരുടെ കാര്യത്തിലും  (ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍, കൂറ്റന്‍ യന്ത്രങ്ങള്‍ ഉപയോഗിക്കുന്ന ഫാക്ടറികള്‍) ഈ ഘടകങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള കര്‍മ്മ പദ്ധതിയായിരിക്കണം അവര്‍ക്കായി തയ്യാറാക്കേണ്ടത്. 
9. കര്‍മ്മ പദ്ധതി
ഒരു ആത്മഹത്യാ പ്രതിരോധ പരിപാടി ഫലപ്രദമാകുന്നതിന് നിര്‍ബന്ധമായും ഒരു കര്‍മ്മ പദ്ധതി ഉണ്ടായിരിക്കണം. ഇതില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഉള്‍പ്പെട്ടിരിക്കണം: 
  • ആത്മഹത്യാ പ്രതിരോധ പരിപാടിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളുടെ വിശദമായ പട്ടിക (ലിസ്റ്റ്).
  • ഓരോ പ്രവര്‍ത്തനവും നടപ്പിലാക്കുന്നതിന് ഉത്തരവാദിത്തപ്പെട്ട ആരോഗ്യ, എച്ച് ആര്‍, അല്ലെങ്കില്‍ മറ്റ് വകുപ്പുകളില്‍ നിന്നുള്ള വ്യക്തികളുടെ പേരുകള്‍.
  • ഓരോ പ്രവര്‍ത്തനത്തിനും അനുവദിച്ചിരിക്കുന്ന പ്രത്യേക സ്രോതസുകള്‍, വിഭവങ്ങള്‍ മുതലായവ വ്യക്തമാക്കണം. അങ്ങനെയാകുമ്പോള്‍ പ്രതിസന്ധിഘട്ടത്തില്‍ ഫയലുകള്‍ നീങ്ങുന്നതിലെ കാലതാമസം നേരിടാതെ ഓരോ വകുപ്പിനും തക്കസമയത്ത് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകും.
  • ഓരോ വര്‍ഷത്തേയും കര്‍മ്മപദ്ധതി സമയനിഷ്ഠ മായി നടപ്പിലാക്കുന്നു എന്ന് ഉറപ്പുവരുത്തണം.
  • കര്‍മ്മപദ്ധതിയുടെ ഫലം നിരീക്ഷിക്കുന്നതിന് ഒരു സംവിധാനം ഉണ്ടായിരിക്കണം. അത് പദ്ധതികള്‍ സമയബന്ധിതമായി തന്നെ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നുണ്ടോ, അവ പ്രവര്‍ത്തനത്തില്‍ എത്രമാത്രം കാര്യക്ഷമവും ഫലപ്രദവുമാണ് തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തുകയും വിശകലനം ചെയ്യുകയും വേണം.
മേല്‍പ്പറഞ്ഞ വിവരങ്ങള്‍- ഡോ.  ഗുരുരാജ് ഗോപാല്‍കൃഷ്ണ ( നിംഹാന്‍സിലെ എപിഡിമിയോളജി വിഭാഗം മേധാവി), ഡോ.പ്രഭ ചന്ദ്ര ( സൈക്യാട്രി പ്രൊഫസര്‍, നിംഹാന്‍സ്), ഡോ. സീമ മെഹ്റോത്രാ (അഡീ. പ്രൊഫസര്‍, ക്ലിനിക്കല്‍ സൈക്കോളജി, നിംഹാന്‍സ്), ഡോ. പൂര്‍ണിമ ബോല (അസോസിയേറ്റ് പ്രൊഫസര്‍, ക്ലിനിക്കല്‍ സൈക്കോളജി, നിംഹാന്‍സ്), ഡോ. സെന്തില്‍ കുമാര്‍ റെഡ്ഡി (അസോസിയേറ്റ് പ്രൊഫസര്‍, സൈക്യാട്രി, നിംഹാന്‍സ്) എന്നിവര്‍ നല്‍കിയ വിവരങ്ങളുടെ സഹായത്തോടെ വൈറ്റ്സ്വാന്‍ ഫൗണ്ടേഷന്‍ തയ്യാറാക്കിയിട്ടുള്ളതാണ്.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org