അനോറെക്സിയ നെര്‍വോസ (മെലിയല്‍ രോഗം)

Q

എന്താണ് അനോറെക്സിയ നെര്‍വോസ ?

A

 
അനോറെക്സിയ നെര്‍വോസ ഒരു ഈറ്റിംഗ് ഡിസോര്‍ഡറാണ് ( ഭക്ഷണം കഴിക്കലിലെ തകരാര്‍). അസാധാരണമാംവിധം കുറഞ്ഞ ശരീരഭാരവും ഭാരം കൂടുന്നതിനെക്കുറിച്ചുള്ള തീവ്രമായ പേടിയും ശരീരാകൃതിയെക്കുറിച്ചുള്ള തെറ്റായ ധാരണകളുമാണ് ഈ തകാറിന്‍റെ ചില സ്വഭാവ സവിശേഷതകള്‍. വിവിധ വൈകാരിക പ്രശ്നങ്ങളെ നേരിടാനുള്ള ഒരു വ്യക്തിയുടെ കഴിവില്ലായമയില്‍ നിന്നാണ് ഈ തകരാര്‍ പലപ്പോഴും ആരംഭിക്കുന്നത്. ശരീരഭാരം കുറയുന്നതും വളരേ മെലിഞ്ഞതാകുന്നതും ഈ പ്രശ്നങ്ങളെ നേരിടാന്‍ തങ്ങളെ സഹായിക്കുമെന്നും തങ്ങള്‍ നല്ലതാണെന്ന തോന്നലുണ്ടാക്കുമെന്നും അവര്‍ വിശ്വസിക്കുന്നു. ഈ അവസ്ഥ കൈവരിക്കുന്നതിനു വേണ്ടി അവര്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവില്‍ കടുത്ത നിയന്ത്രണം കൊണ്ടുവരാന്‍ തുടങ്ങുന്നു, പതിവായി ഭക്ഷണം ഒഴിവാക്കുന്നു, അല്ലെങ്കില്‍ കുറച്ചു കഴിയുമ്പോള്‍  ദിവസങ്ങളോളം ഭക്ഷണം കഴിക്കുന്നത് നിര്‍ത്തിവെയ്ക്കുക പോലും ചെയ്യുന്നു. ഭക്ഷണം കഴിക്കുമ്പോഴാകട്ടെ  വളരെവളരെ കുറച്ച് മാത്രം കഴിക്കുന്നു, അതുപോലും അവരില്‍ കുറ്റബോധം ഉണ്ടാക്കുകയും ചെയ്യുന്നു. കുറച്ചുനാള്‍ കഴിയുമ്പോള്‍ ഈ ഭക്ഷണം നിയന്ത്രിക്കലും മെലിയല്‍ മോഹവും മനസില്‍ നിന്ന് വിട്ടുപോകാതിരിക്കുന്ന ഒരു വിചാരമായി,  ഒരു ഒഴിയാബാധയായി അവരെ പിടികൂടുന്നു. അവരുടെ ശരീര ഭാരം അവരുടെ പ്രായത്തിലും  ഉയരത്തിലും ഉള്ള ഒരാള്‍ക്ക് ഉണ്ടാകേണ്ട സാധാരണ ഭാരത്തേക്കാള്‍ വളരെ താഴെപോകുന്നു. ഇതോടൊപ്പം  കാഴ്ചയില്‍ തന്നെ ഇവര്‍ക്ക് വളരെ ഭാരക്കുറവ് പ്രകടമാകും എങ്കിലും തങ്ങള്‍ക്കിപ്പോഴും അമിതഭാരമാണെന്നായിരിക്കും അവര്‍ വിശ്വസിക്കുന്നത്. 
അനോറെക്സിയ പലരും തെറ്റിദ്ധരിക്കുന്നതുപോലെ ഒരു  ഒരു വ്യക്തി തെരഞ്ഞെടുത്തിരിക്കുന്ന ജീവിതശൈലിയല്ല . ഇത് വൈകാരികമായ സമ്മര്‍ദ്ദങ്ങളെ നേരിടാനുള്ള ഒരു വ്യക്തിയുടെ ശേഷിയില്ലായ്മ മൂലവും അവനവന്‍റെ  രൂപത്തെക്കുറിച്ചുള്ള തെറ്റായ, പ്രതികൂലമായ ധാരണമൂലവും ഉയര്‍ന്നു വരുന്ന തകരാറാണ്. ശരീഭാരത്തെക്കുറിച്ച് അവര്‍ക്ക് അത്യധികമായ ഭയം ഉണ്ടായിരിക്കും. ഇത് തീവ്രമായ ശാരീരിക ലക്ഷണങ്ങളോട് കൂടിയ വളരെ ഗൗരവതരമായ ഒരു രോഗമാണ്, പക്ഷെ ശരിയായ ചികിത്സയിലൂടെ നിങ്ങള്‍ക്ക് നല്ല ആരോഗ്യത്തിലേക്ക് തിരിച്ചു വരാനാകും.

Q

അനോറെക്സിയയുടെ ലക്ഷണങ്ങള്‍ എന്തെല്ലാം ?

A

 
അനോറെക്സിയയുള്ള ആളുകള്‍ അവരുടെ ശീലങ്ങളും പെരുമാറ്റവും കടുംബത്തില്‍ നിന്നും കൂട്ടുകാരില്‍ നിന്നും മറയ്ക്കാന്‍ ശ്രമിക്കും. എന്നിരുന്നാലും ഒരു വ്യക്തിക്ക് അനോറെക്സിയ ഉണ്ടെങ്കില്‍ അയാളില്‍ ശാരീരികവും പെരുമാറ്റ പരവുമായ നിരവധി ലക്ഷണങ്ങള്‍ പ്രകടമായിരിക്കും. 
ശാരീരികമായ ചില ലക്ഷണങ്ങള്‍ താഴെ പറയുന്നു
  •  ശരീരഭാരം ഗുരുതരമായ തരത്തില്‍ കുറയുകയും ഈ വ്യക്തി വളരെയധികം  മെലിഞ്ഞിരിക്കുകയും ചെയ്യും. 
  •  തലകറക്കവും ക്ഷീണവും അനുഭവപ്പെടും.
  • അകാരണമായി തണുപ്പ് അനുഭവപ്പെടും.
  •  മുടി നേര്‍ത്തതാകാനും കൊഴിയാനും തുടങ്ങും, ചര്‍മ്മം അത്യധികമായി വരളും.
  •  സ്ത്രീകള്‍ക്ക്, ആര്‍ത്തവ ചക്രത്തില്‍ കൃത്യതയില്ലായ്മ അനുഭവപ്പെടും, ചില കേസുകളില്‍ ആര്‍ത്തവം നിലയ്ക്കുക പോലും ചെയ്തേക്കാം.
പെരുമാറ്റത്തില്‍ പ്രകടമാകുന്ന ലക്ഷണങ്ങള്‍ താഴെ പറയുന്നു : 
  •   ഭാരത്തെക്കുറിച്ചും ഭക്ഷണത്തിലെ കലോറികളെക്കുറിച്ചുമുള്ള ചിന്ത ഒഴിയാബാധയാകുന്നു. ഈ വ്യക്തി  ആവര്‍ത്തിച്ച് തന്‍റെ ശരീരഭാരം പരിശോധിക്കുകയും കണ്ണാടിയില്‍ ശരീരത്തിന്‍റെ ആകൃതി നിരീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യും. 
  •  ഭക്ഷണം കഴിച്ചെന്നോ, ഇപ്പോള്‍ വിശക്കുന്നില്ല എന്നോ പറഞ്ഞ് കുടുംബത്തിനും കൂട്ടുകാര്‍ക്കും ഒപ്പം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കും. 
  • സമൂഹത്തില്‍ നിന്നും പിന്‍വലിഞ്ഞ് നില്‍ക്കലും മുന്‍കോപവും വര്‍ദ്ധിക്കുകയും ചെയ്യും.
  •  ശരീരഭാരം കുറയ്ക്കുന്നതിനായി കഠിനമായി വ്യായാമം ചെയ്യലും വിരേചനാഔഷധങ്ങളുടെ വര്‍ദ്ധിച്ച ഉപയോഗവും.

Q

അനോറെക്സിയക്ക് എന്താണ് കാരണം?

A

 
അനോറെക്സിയയുടെ കൃത്യമായ കാരണം അജ്ഞാതമാണ്. ഗവേഷണങ്ങള്‍ പറയുന്നത് മാനസികവും ശാരീരികവും പാരിസ്ഥിതികവുമായ ഘടങ്ങള്‍ കൂടിച്ചേര്‍ന്നാണ് ഇതുണ്ടാകുന്നതെന്നാണ്. വിഷാദരോഗത്തിന്‍റേയും ഉത്കണ്ഠാ രോഗത്തിന്‍റേയും പ്രവണതയുള്ളവര്‍ക്ക്, ആ പ്രശ്നങ്ങളെ നേരിടുന്നതിനുള്ള ശ്രമങ്ങളുടെ ഫലമായി അനോറെക്സിയ ഉണ്ടായേക്കാം. ഒ സി ഡി യുള്ള ആളുകളില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട് നിയന്ത്രിക്കാനാകെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ചില പ്രവര്‍ത്തികള്‍ ഉണ്ടായേക്കാം, അത് ഭക്ഷണത്തിന്‍റെ  ഓരോ ഭാഗവും അളന്നുമുറിച്ച് ഒരേതരത്തിലുള്ള കക്ഷണങ്ങളാക്കുക തുടങ്ങിയ ശീലങ്ങള്‍ക്ക് കാരണമായേക്കാം. ചില കേസുകളില്‍ എല്ലാം കിറുകൃത്യമായിരിക്കണം എന്ന പെര്‍ഫക്ഷനിസവും അതിവൈകാരികതയും വ്യക്തികളെ ഈ അവസ്ഥയിലേക്ക് നയിച്ചേക്കാം. ഇക്കാര്യത്തിലുള്ള ജീനുകളുടെ യഥാര്‍ത്ഥ പങ്ക് എന്താണെന്ന് വ്യക്തമല്ല, എങ്കിലും ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് തച്ചോറിലെ 'സെറോട്ടോണിന്‍' ഇതില്‍ ഒരു പങ്കുവഹിക്കുന്നുണ്ടെന്നാണ്.  
സ്കൂളില്‍ തങ്ങളുടെ ശരീരഭാരത്തെ /വണ്ണത്തെ ആരെങ്കിലും കളിയാക്കുകയോ മറ്റോ ചെയ്തിട്ടുണ്ടെങ്കില്‍ കുട്ടികളില്‍ മെലിയാനുള്ള അതിയായ മോഹം ഉണ്ടായി വന്നേക്കാം. ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ക്കിടയില്‍ കൂട്ടുകാരികളില്‍ നിന്നുള്ള സമ്മര്‍ദ്ദം ചിലരില്‍ അനോറെക്സിയ ഉണ്ടാകുന്നതിന് ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്. ഇന്നത്തെ ലോകത്ത് സമൂഹവും മാധ്യമങ്ങളും അനോറെക്സിയ ഉണ്ടാക്കുന്നതില്‍ ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. സൗന്ദര്യമെന്നത് മെലിഞ്ഞ ശരീരത്തോടൊപ്പം കൈകോര്‍ത്തു നില്‍ക്കുന്ന ഒന്നാണെന്ന അസ്ഥാനത്തുള്ള പ്രചരണവും വിശ്വാസവും ചെറുപ്പക്കാരുടെ മനസുകളെ പിടികൂടുകയും അവരെ സ്വയം പട്ടിണിക്കിടാന്‍ തയ്യാറാകുന്ന മാനസികാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നുണ്ട്.

Q

അനോറെക്സിയക്ക് ചികിത്സ നേടല്‍

A

 
അനോറെക്സിയ ശരീരത്തേയും മനസിനേയും ബാധിക്കുന്നു, അതിനാല്‍ അനോറെക്സിയക്ക് വിവിധ തരത്തിലുള്ള ചികിത്സ വേണ്ടി വരും. അനോറെക്സിയയുള്ള ഒരാള്‍ ഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്നുണ്ടാകും, അവരെ ആശുപത്രിയിലാക്കേണ്ടി വന്നേക്കാം. ഇനി, അവരുടെ ശരീരഭാരം ആവശ്യമായതിലും കുറവല്ലെങ്കില്‍, മറ്റ് ശാരീരികമായ അപകടാവസ്ഥയൊന്നും ഇല്ലെങ്കില്‍ അവര്‍ക്ക് പുറത്തു നിന്നുള്ള ചികിത്സ മതിയായേക്കും. 
അനോറെക്സിയക്കുള്ള ചികിത്സയ്ക്ക് മൂന്നു ഭാഗങ്ങളുണ്ട്
  •  ഒന്നാമതായി-  ഈ വ്യക്തിക്ക് ഭക്ഷണം കഴിക്കലിലെ തകരാര്‍ മൂലം എന്തെങ്കിലും ഗുരുതരായ ആരോഗ്യ പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ആദ്യം ചികിത്സിക്കണം. 
  •  രണ്ടാമതായി- ആരോഗ്യകരമായ ശരീരഭാരം വീണ്ടെടുക്കുന്നതിനായി അവര്‍ക്ക്  പോഷക സംബന്ധമായ ചികിത്സ കൊടുക്കണം, അതുപോലെ തന്നെ ഈ തൂക്കം നിലനിര്‍ത്തുന്നതിനായി അവര്‍ക്ക് പോഷകാഹാരം സംബന്ധിച്ച അറിവ് നല്‍കുകയും വേണം. 
  • മൂന്നാമതായി- ഇവര്‍ക്ക് തൂക്കം കൂടുന്നതിനെക്കുറിച്ചുള്ള  പേടി അകറ്റുന്നതിനായി കൗണ്‍സിലിംഗും തെറാപ്പിയും വേണ്ടി വരും. 
ഈ ചികിത്സകളെല്ലാം വിദഗ്ധരുടെ ഒരു സംഘം ഒരേ കാലത്ത്  തന്നെ ചെയ്യും. പല കേസുകളിലും കുടുംബവും ചികിത്സയില്‍ പങ്കാളികളാകാറുണ്ട്.
 

Q

അനോറെക്സിയ ഉള്ള വ്യക്തിയെ പരിചരിക്കല്‍

A

 
നിങ്ങള്‍ക്ക് അറിയാവുന്ന ആരെങ്കിലും അനോറെക്സിയയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നു എങ്കില്‍ ഏറ്റവും പ്രധാനമായി ചെയ്യേണ്ടത് ചികിത്സ നേടണം എന്ന കാര്യം അവരെ ബോധ്യപ്പെടുത്തുക എന്നതാണ്. നിങ്ങള്‍ വളരെ സൗമ്യതോടെയും ക്ഷമയോടേയും വേണം ഇത് ചെയ്യാന്‍, കാരണം ഈ പ്രശ്നം അനുഭവിക്കുന്നവര്‍ അത് നിഷേധിക്കാനും കടുത്ത രീതിയില്‍ ചെറുത്തുനില്‍ക്കാനും സാധ്യതയുണ്ട്. അവരെ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യരുത്. നിങ്ങളുടെ ഉത്കണ്ഠകള്‍ സൗമ്യമായി അവരെ അറിയിക്കുകയും നിങ്ങള്‍ അവര്‍ക്കുവേണ്ടി അവരുടെ കൂടെ ഉണ്ടാകുമെന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുക. നിങ്ങളുടെ കുടുംബാംഗത്തിന് അനോറെക്സിയ ഉണ്ടെങ്കില്‍ മറ്റ് കുടുംബാംഗങ്ങളെല്ലാം ഭക്ഷണം കഴിക്കലില്‍ ഒരു  ആരോഗ്യകരമായ ശീലം പുലര്‍ത്തുന്നുണ്ടെന്ന് നിങ്ങള്‍ ഉറപ്പാക്കണം. ഇത് തകരാറുള്ള വ്യക്തിക്ക് ചികിത്സാ ഘട്ടത്തില്‍ ഒരു മാതൃക എന്ന നിലയ്ക്ക് വളരെ സഹായകരമാകും. 

Q

അനോറെക്സിയയെ വിജയകരമായി നേരിടല്‍

A

 
അനോറെക്സിയക്കുള്ള ചികിത്സ ഏറെ നാള്‍ നീണ്ടുപോയേക്കാം, അതിനാല്‍ നിങ്ങള്‍ക്കായി തയ്യാറാക്കിയിരിക്കുന്ന  ചികിത്സയിലും നിത്യാഹാരക്രമത്തിലും പോഷകാഹാര പദ്ധതിയിലും  ഉറച്ചു നില്‍ക്കണം എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കൂട്ടുകാരില്‍ നിന്നും കുടുംബക്കാരില്‍ നിന്നും സ്വയം വിട്ടുനില്‍ക്കാന്‍ ശ്രമിക്കരുത്.  നിങ്ങളെ സഹായിക്കുന്ന ആളുകളോടൊത്ത് സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് കൂടുതല്‍ സൗഖ്യം നല്‍കുകയും നിങ്ങളെക്കുറിച്ച് മതിപ്പു തോന്നാന്‍ സഹായിക്കുകയും ചെയ്യും. അനോറെക്സിയയെക്കുറിച്ച് വായിക്കുകയും പഠിക്കുകയും ചെയ്യുന്നത് നിങ്ങളുടെ തൂക്കം കൂടുന്നു എന്ന ഭീതി ഒരു തകരാറിന്‍റെ ലക്ഷണം മാത്രമാണെന്ന് മനസിലാക്കാന്‍ നിങ്ങളെ സഹായിക്കും.അനോറെക്സിയയുള്ളവര്‍ക്കായുള്ള ഒരു സഹായക സംഘത്തില്‍ (സപ്പോര്‍ട്ട് ഗ്രൂപ്പില്‍) ചേരുന്നതും ഈ ഭീതിയെ മറികടക്കാന്‍ നിങ്ങളെ സഹായിക്കും. ഇടയ്ക്കിടയ്ക്ക് സ്വന്തം തൂക്കം നോക്കാനുള്ള ഒരു ത്വര നിങ്ങള്‍ക്കുണ്ടായേക്കാം, അതിനെ കഴിയുന്നത്ര ചെറുത്തുനില്‍ക്കുക.നിങ്ങളെ പരിചരിക്കുന്നവരെ വിശ്വസിക്കുകയും അവരോട് തുറന്ന മനസ്ഥിതി പുലര്‍ത്തുകയും ചെയ്യുക. ചികിത്സയുടെ ഘട്ടത്തില്‍ ഇത് നിങ്ങളെ വളരെയധികം സഹായിക്കും.

Q

സാധാരണ രീതിയില്‍ നിന്ന് വേറിട്ട അനോറെക്സിയ

A

 
പഠനങ്ങള്‍ കാണിക്കുന്നത് ഈറ്റിംഗ് ഡിസോര്‍ഡറുകള്‍ (ഭക്ഷണം കഴിക്കലിലെ തകരാറുകള്‍) പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ കൂടുതല്‍ വ്യാപകമാണെന്നാണ്. എന്നിരുന്നാലും അവ പടിഞ്ഞാറന്‍ അല്ലാത്ത രാജ്യങ്ങളിലും മേല്‍പ്പറഞ്ഞ കൃത്യമായ ലക്ഷണങ്ങളോടെ അല്ലെങ്കിലും കാണപ്പെടുന്നുണ്ട്. ഉദാഹരണത്തിന് ഇന്ത്യയിലും മറ്റ് തെക്കേ ഏഷ്യന്‍ രാജ്യങ്ങളിലും അനോറെക്സിയ ഉള്ള വ്യക്തികള്‍ക്ക് ശരീര രൂപത്തേക്കുറിച്ച് മാറിമറിയുന്ന ധാരണകളോ ശരീരഭാരം കൂടുതന്നതിനെക്കുറിച്ചുള്ള ഭീതിയോ ഉണ്ടായേക്കില്ല ( നോണ്‍-ഫാറ്റ് ഫോബിക് അനോറെക്സിയ). അവര്‍ ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുക പോലുള്ള മറ്റ് ലക്ഷണങ്ങള്‍ കാണിച്ചേക്കും. പക്ഷെ അത്തരം പെരുമാറ്റങ്ങളുടെ കാരണം ശരീരത്തിന്‍റെ ആകൃതിയുമായി ബന്ധപ്പെട്ടതൊന്നുമായിരിക്കില്ല. ഈ പ്രദേശങ്ങളില്‍ അനോറെക്സിയ ഉണ്ടാകുന്നതിന് സാംസ്ക്കാരികമായ പല ഘടകങ്ങള്‍ ഉണ്ടായേക്കും. ഉദാഹരണത്തിന്, ഇന്ത്യയില്‍, മാതാപിതാക്കള്‍ക്ക് വലിയ പ്രതീക്ഷകള്‍ ഉണ്ടായിരിക്കുകയും കുട്ടിക്ക് ആ പ്രതീക്ഷകള്‍ സാക്ഷാത്ക്കരിക്കാന്‍ കഴിവില്ലാതെ വരികയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം പോലുള്ള കാര്യങ്ങള്‍ ഒരു വ്യക്തിയെ സ്വയം ശിക്ഷിക്കല്‍ എന്ന നിലയ്ക്ക് ആഹാരം കഴിക്കുന്നത് നിര്‍ത്തുന്ന അവസ്ഥയിലേക്ക് നയിക്കാറുണ്ട്. കുറെനാള്‍ കഴിയുമ്പോള്‍ ഇത് ആര്‍ജിത പെരുമാറ്റമായി  ആയി മാറിയേക്കാം. ഇത് സാധാരണ രീതിയിലുള്ളതല്ലാത്ത അനോറെക്സിയ എന്ന് അറിയപ്പെടുന്നു. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org