ഓട്ടിസം

Q

എന്താണ് ഓട്ടിസം?

A

 
 
ഓട്ടിസം  തലച്ചോറിന്‍റെ സ്വാഭാവികമായ വളര്‍ച്ചയ്ക്ക് തടസം ഉണ്ടാക്കുന്നതും  ആശയവിനിമയം, സാമൂഹികമായ സമ്പര്‍ക്കം, കാര്യങ്ങള്‍ ഗ്രഹിക്കല്‍, പെരുമാറ്റം തുടങ്ങിയ കാര്യങ്ങളെ ബാധിക്കുന്നതുമായ ഒരു 'ന്യൂറോളജിക്കല്‍ ഡവലപ്പ്മെന്‍റല്‍' ( തലച്ചോറിലെ നാഡികളുടെ വളര്‍ച്ചയെ  തടസപ്പെടുത്തുന്ന) ബലഹീനതയാണ്.
ഓട്ടിസം പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന വിവിധ അവസ്ഥകളുടെ ഒരു ശ്രേണി ഉള്‍പ്പെട്ട മാനസിക തകരാറായാണ് (സ്പെക്ട്രം ഡിസോര്‍ഡര്‍) അറിയപ്പെടുന്നത്, കാരണം ഇതിന്‍റെ ലക്ഷണങ്ങളും സ്വഭാവസവിശേതകളും വ്യത്യസ്തമായ സംയോഗങ്ങളായാണ് പ്രത്യക്ഷപ്പെടുന്നത്. ഇത് കുട്ടികളെ വ്യത്യസ്തമായ വിധത്തിലാണ് ബാധിക്കുന്നത്. ചില കുട്ടികള്‍ക്ക് ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാകുകയും സഹായം വേണ്ടിവരിയും ചെയ്യുമ്പോള്‍ മറ്റുചിലര്‍ക്കാകട്ടെ കുറഞ്ഞ സഹായത്തോടെ തങ്ങളുടെ ജോലികള്‍ കൈകാര്യം ചെയ്യാനുള്ള ശേഷി ഉണ്ടായിരിക്കും.
ആദ്യകാലത്ത് ഓരോ അവസ്ഥയും (പഠനവൈകല്യം, ശ്രദ്ധേയമായ സാമൂഹിക ആശയ വിനിമയ പെരുമാറ്റ തകരാറുകള്‍- മറ്റൊരു തരത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ലാത്തത് (പിഡിഡി-എന്‍ഒഎസ്), സമൂഹവുമായി ഇടപഴകുന്നതിലെ വൈഷമ്യം, അനുചിതമായ സംസാരം തുടങ്ങിയ തകരാറുകള്‍ (അസ്പെര്‍ജര്‍ സിന്‍ഡ്രോം) തുടങ്ങിയവ പ്രത്യേകം പ്രത്യേകമായാണ് പരിശോധിക്കപ്പെട്ടിരുന്നത്. എന്നാലിപ്പോള്‍ ഈ തകറാരുകള്‍ ഒരുമിച്ച് ഒരു ഗ്രൂപ്പായി പരിഗണിക്കുകയും അവയെ എല്ലാകൂടി 'ഓട്ടിസം സ്പെക്ട്രം ഡിസ്ഓര്‍ഡര്‍' എന്ന് വിളിക്കുകയും ചെയ്യുന്നു. 
 
വസ്തുതകള്‍
 
  • ഓട്ടിസം  മൂന്നാംസ്ഥാനത്ത് നില്‍ക്കുന്ന ഏറ്റവും സാധാരണമായ  വളര്‍ച്ചാ വൈകല്യമാണ്.
  • 'ആക്ഷന്‍ ഫോര്‍ ഓട്ടിസം' എന്ന സംഘടന നടത്തിയ സാംക്രമികരോഗങ്ങള്‍ സംബന്ധിച്ച പഠനപ്രകാരം ഓട്ടിസം വ്യാപിച്ചിരിക്കുന്നതിന്‍റെ നിരക്ക് 1.7 ദശലക്ഷമാണ്. (250 കുട്ടികളില്‍ ഒരാള്‍ക്ക് എന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു).
  • ഓട്ടിസത്തിന് ചികിത്സയില്ല.

Q

ഓട്ടിസത്തിന്‍റെ ലക്ഷണങ്ങള്‍ എന്തെല്ലാം?

A

 
ഒരു കുട്ടിയുടെ ജീവിതത്തിലെ ആദ്യത്തെ മൂന്നു വയസിനുള്ളില്‍ തന്നെ ഓട്ടിസത്തിന്‍റെ ലക്ഷണങ്ങള്‍ നിരീക്ഷിക്കാനാകും. ലക്ഷണങ്ങള്‍ അത്ര ശക്തമല്ലാത്തത്, ഇടത്തം, വളരെ തീവ്രമായത് എന്നിങ്ങനെ വ്യത്യാസപ്പെട്ടിരിക്കാം. അതുപോലെ തന്നെ ഒരു കുട്ടിയിലെ ലക്ഷണങ്ങള്‍ മറ്റൊരു കുട്ടിയിലേതില്‍ നിന്ന് വ്യത്യാസപ്പെട്ടിരിക്കുകയും കുട്ടി വളരുന്നതിന് അനുസരിച്ച് മാറ്റം വരുകയും ചെയ്യാം. കാര്യങ്ങള്‍ ഗ്രഹിക്കുന്നതിലും പേശികള്‍ ചലിപ്പിക്കുന്നതിലും ഗുരുതരമായ ശേഷിയില്ലായ്മയുള്ള കുട്ടികളില്‍ അപസ്മാരവും ഉണ്ടായേക്കാം. ഇങ്ങനെയൊക്കെയാണെങ്കിലും പെരുമാറ്റത്തില്‍ പ്രകടമാകുന്ന ഒരു കൂട്ടം പ്രത്യേകതകളാണ് ഈ അവസ്ഥയുടെ സൂചനകളായി പരിഗണിക്കുന്നത്.
ഒരു കുട്ടിയുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയുടെ ഘട്ടത്തില്‍ താഴെ പറയുന്ന പ്രത്യേകതകള്‍ നിരീക്ഷിക്കാവുന്നതാണ്.
 
ഓട്ടിസത്തോട് ഒപ്പം ഉണ്ടാകുന്ന അവസ്ഥകള്‍ : മാനസിക വളര്‍ച്ചാ മുരടിപ്പ്, അമിതാവേശം, പേശീചലന പ്രയാസം, അപസ്മാരത്തിലേതുപോലുള്ള കോച്ചിപ്പിടുത്തം, പഠന വൈകല്യം, കാഴ്ചയ്ക്കോ കേള്‍വിക്കോ ഉള്ള തകരാറ് തുടങ്ങിയവ ഓട്ടിസത്തോടൊപ്പം ഉണ്ടാകാം.
 
ഓട്ടിസം ഉള്ള കുട്ടികള്‍ക്ക് ആശയവിനിമയത്തില്‍ താഴെപറയുന്ന ചില പ്രയാസങ്ങള്‍ ഉണ്ടായേക്കാം.
  • വളരെയധികം വാക്കുകള്‍ അറിയാമെങ്കില്‍ പോലും അര്‍ത്ഥവത്തായ വാചകം ഉണ്ടാക്കുവാന്‍ വളരെ ഗൗരവതരമായ പ്രയാസങ്ങള്‍ ഉണ്ടായേക്കാം.
  • കേള്‍ക്കുന്ന വാക്കുകളോ വാക്യങ്ങളോ ചൊല്ലുകളോ ആവര്‍ത്തിച്ചേക്കാം.
  •  ചെയ്യുന്ന പ്രവര്‍ത്തികള്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ചേക്കാം.
  •  സംസാരിക്കുമ്പോള്‍ ആംഗ്യഭാഷ ഉപയോഗിക്കല്‍.
  • ആശയവിനിമയത്തിനുള്ള ഭാഷ പഠിക്കുകയോ പഠിക്കാതിരിക്കുകയോ ചെയ്യാം. 
  •  ആവശ്യങ്ങളോ, വികാരങ്ങളോ, മനോഭാവങ്ങളോ പ്രകടിപ്പിക്കാനുള്ള കഴിവില്ലായ്മ.
  •  സംഭാഷണങ്ങള്‍, മുഖഭാവങ്ങള്‍, ശബ്ദങ്ങള്‍, ശരീരഭാഷ മുതലായവ വ്യാഖ്യാനിച്ചെടുക്കുന്നതിനുള്ള ശേഷിയില്ലായ്മ.
  • ആരെങ്കിലും സംസാരിക്കുമ്പോള്‍ അയാളുടെ കണ്ണിലേക്ക് നോക്കാനുള്ള ശേഷിയില്ലായ്മ.
 
ഓട്ടിസം ഉള്ള കുട്ടികള്‍ക്ക് സമൂഹവുമായി ഇടപഴകുന്നതില്‍ താഴപറയുന്ന ചില പ്രയാസങ്ങള്‍ ഉണ്ടായേക്കാം.
  •  കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ മുതിര്‍ന്നവര്‍ എടുക്കുന്നതിനായി അടുത്തുചെന്നാലും അത് പ്രതീക്ഷിക്കുന്ന തരത്തിലുള്ള എന്തെങ്കിലും ഭാവം പ്രകടിപ്പിക്കുകയോ ചിരിക്കുകയോ ചെയ്തേക്കില്ല.
  •  സാമൂഹ്യ മര്യാദകള്‍ പഠിക്കുന്നതിനോ ആളുകളുമായി ഇടപഴകുന്നതിനോ ഉള്ള പ്രയാസം.
  • കൂട്ടുകാരെ ഉണ്ടാക്കാന്‍ ഇഷ്ടപ്പെടാതിരിക്കുകയും പകരം ഒറ്റയ്ക്ക് കളിക്കുകയും ചെയ്യും.
  • കണ്ണോട് കണ്ണ് സമ്പര്‍ക്കം ഉണ്ടാകുന്നത് ഒഴിവാക്കും.
  •  ചുറ്റുമുള്ളവരുടെ വികാരങ്ങളോ മനോഭാവങ്ങളോ മനസിലാക്കാനുള്ള ശേഷിയില്ലായ്മ മൂലം ഉചിതമായി പ്രതികരിക്കില്ല.
  •  ദിനചര്യകളിലെ മാറ്റങ്ങളോട് പൊരുത്തപ്പെടാന്‍ പ്രയാസം.
  •  ഗന്ധങ്ങളോടോ രുചികളോടോ കാഴ്ചകളോടോ സ്വരങ്ങളോടെ വ്യത്യസ്തമായ രീതികളില്‍ പ്രതികരിച്ചേക്കാം.

Q

എന്താണ് പ്രത്യേകമായ രോഗനിര്‍ണയം ? (ഡിഫറന്‍ഷ്യല്‍ ഡയഗ്നോസിസ്)

A

 
 
ഡിഫറന്‍ഷ്യല്‍ ഡയഗ്നോസിസ് എന്നത് താഴെപറയുന്നവ അടക്കമുള്ള മറ്റുചില തകരാറുകള്‍ ഇല്ലെന്ന് ഉറപ്പാക്കുന്നതിനായി  നടത്തുന്നതാണ്.
  •  കുട്ടിക്കാലത്തേ തുടങ്ങുന്ന സ്കിസോഫ്രീനിയ. ډ ജന്മനാലുള്ള ബധിരത, ഗുരുതരമായ കേള്‍വി തകരാറ്.
  •  ഗുരുതരമായ മാനസിക വളര്‍ച്ചാ മുരടിപ്പ്. ഓട്ടിസവും മാനസിക വളര്‍ച്ചാ മുരടിപ്പും തമ്മിലുള്ള പ്രധാന വ്യത്യാസമെന്നത് മാനസിക വളര്‍ച്ചാ മുരടിപ്പുള്ള കുട്ടികള്‍ സാധാരണയായി മാനസികമായി അവരുടെ പ്രായത്തിലുള്ള മുതിര്‍ന്നവരുമായി ബന്ധപ്പെടുകയും അവരുടെ ഭാഷ മറ്റുള്ളവരുമായി ആശയവിനിമയത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു.
  • മാനസികവും സാമൂഹികവുമായ ക്ലേശങ്ങള്‍ കുട്ടികളെ നിരുത്സാഹികളും ഉള്‍വലിഞ്ഞവരും ഒറ്റപ്പെട്ടുനില്‍ക്കുന്നവരുമൊക്കെയാക്കുന്നതിന് കാരണമായേക്കാം.
  • ഓട്ടിസമുള്ള  കുട്ടികള്‍ക്ക് അവരുടേതായ കഴിവുകളും ശക്തികളുമൊക്കെ ഉണ്ടായിരിക്കും. മാതാപിതാക്കളും അദ്ധ്യാപകരും ഈ അനുകൂല ഘടകങ്ങളില്‍ ശ്രദ്ധവെയ്ക്കുകയും അതില്‍ ഏറ്റവും മികച്ചതായിത്തീരാന്‍ കുട്ടിയെ പ്രോത്സാഹിപ്പിക്കുകയും വേണം.
 
ശക്തിയും പ്രാപ്തിയും
1. കാഴ്ചസംബന്ധിയും സ്ഥലസംബന്ധിയുമായ മികച്ച ഓര്‍മ്മശക്തി
2. ചട്ടപ്പടിയും അടുക്കുംചിട്ടയോടെയും കാര്യങ്ങള്‍ ചെയ്യല്‍.
3. അമൂര്‍ത്തമോ നിഗൂഢമോ ഒക്കെയായ  ആശയങ്ങള്‍ മനസിലാക്കാനുള്ള കഴിവ്.
4. താല്‍പര്യമുള്ള മേഖലകളില്‍ ഉന്നതമായ മികവ്.
5.  ഭാഷകളില്‍ താല്‍പര്യം (നന്നായി സംസാരിക്കാന്‍ കഴിയുന്ന കുട്ടികള്‍ക്ക്)

Q

ഓട്ടിസത്തിന് കാരണമാകുന്നത് എന്ത്?

A

 
ഓട്ടിസത്തിന്‍റെ കൃത്യമായ കാരണം ഇപ്പോഴും അജ്ഞാതമാണ്. എന്നാലും ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് ഇത് ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങളുടെ ഒരു കൂടിച്ചേരല്‍ മൂലം ഉണ്ടാകുന്നു എന്നാണ്. ഈ പാരിസ്ഥിതികമായ ഘടകങ്ങള്‍ തലച്ചോറിന്‍റെ വളര്‍ച്ചയെ ബാധിക്കുന്ന അവസ്ഥകളുടെ വകഭേദങ്ങളാകാം. ഇതാകട്ടെ ജനനത്തിന് മുമ്പോ ജനന സമയത്തോ ജനിച്ച് അല്‍പ്പസമയത്തിനുള്ളിലോ സംഭവിക്കുന്നതാകാം. അതുപോലെ തന്നെ ശൈശവകാലത്ത് കേന്ദ്ര നാഡീവ്യവസ്ഥയ്ക്ക് ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള തകരാറും ഓട്ടിസത്തിന് കാരണമാകുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

Q

ഓട്ടിസത്തിന് ലഭ്യമാകുന്ന ചികിത്സ

A

 
ഓട്ടിസം ഒരു ആജീവനാന്ത അവസ്ഥയാണ്, അത് ഭേദമാകുകയില്ല. എന്നാല്‍ ശരിയായ ചികിത്സയോ ഇടപെടലോ  ജീവിത നിലവാരം ഉയര്‍ത്തുന്നതിന് ആവശ്യമായ കാര്യങ്ങള്‍ പഠിക്കുന്നതിന് കുട്ടിയെ സഹായിക്കും. കുട്ടിക്ക് 18 മാസം പ്രായം ഉള്ളപ്പോഴോ അതിനു മുമ്പോ ഓട്ടിസം കണ്ടെത്താന്‍ കഴിയുന്നതിനാല്‍ നേരത്തേതന്നെ പ്രോത്സാഹനവും പിന്തുണയും കൊടുത്താല്‍ വേഗത്തില്‍ ഒരു മികച്ച ഫലം ഉണ്ടാക്കിയെടുക്കാനാകും.
 
മാതാപിതാക്കള്‍ക്കുള്ള സുപ്രധാന അറിയിപ്പ് :  ഒരു മുന്‍കരുതല്‍ നടപടി എന്ന നിലയ്ക്ക് കുട്ടി ശരിയായ മാനസിക വളര്‍ച്ചയും സംസാര ഭാഷയും കൈവരിക്കുന്നുണ്ടോ എന്ന് മനസിലാക്കുന്നതിനുള്ള പരിശോധനകള്‍ നടത്താന്‍ മാതാപിതാക്കള്‍ക്ക് ശിശുരോഗ വിദഗ്ധനോട് പറയാവുന്നതാണ്. 

Q

ഓട്ടിസം എങ്ങനെ കണ്ടെത്തും?

A

 
ഓട്ടിസം കണ്ടെത്തുന്നതിന് സാധാരണ ശാരീരിക രോഗങ്ങള്‍ കണ്ടെത്തുന്നതിന് ഉള്ളതുപോലുള്ള പ്രത്യേകമായ ഒരു ഒറ്റ പരിശോധന ഇല്ല. അതിന് പകരം പ്രത്യേകമായ ഒരു കൂട്ടം മൂല്യനിര്‍ണയങ്ങളിലൂടേയും വിലയിരുത്തലുകളിലൂടേയും മറ്റുമാണ് ഓട്ടിസം എന്ന അവസ്ഥ ഉണ്ടെന്ന് ഉറപ്പാക്കുന്നത്. അതിനായുള്ള വിലയിരുത്തലുകളില്‍ ചിലത് താഴെ പറയുന്നു : 
  •  ശാരീരികമായ പരിശോധനയും നാഡീവ്യവസ്ഥയുടെ  (ന്യൂറോളജിക്കല്‍) പരിശോധനയും.
  • ഓട്ടിസം കണ്ടെത്തുന്നതിനുള്ള അഭിമുഖം-പരിഷ്ക്കരിച്ചത് (എ ഡി ഐ - ആര്‍) 
  •  ഓട്ടിസം കണ്ടെത്തുന്നതിനുള്ള നിരീക്ഷണ പരിപാടി (എഡിഒഎസ്).
  •  ശൈശവകാല ഓട്ടിസം തരംതിരിക്കല്‍ മാനദണ്ഡം (ചൈല്‍ഡ്ഹുഡ് ഓട്ടിസം റേറ്റിംഗ് സ്കെയില്‍- സിഎആര്‍എസ്)
  • ഗില്ലിയം ഓട്ടിസം റേറ്റിംഗ് സ്കെയില്‍ 
  •  വ്യാപകമായ വളര്‍ച്ചാ തകരാറുകള്‍ക്കുള്ള പരിശോധന (പെര്‍വേസീവ് ഡവലപ്പ്മെന്‍റല്‍ ഡിസോര്‍ഡര്‍ സ്ക്രീനിംഗ് ടെസ്റ്റ്).
  •  ക്രോമോസോം സംബന്ധമായ തകരാറുകള്‍ കണ്ടെത്തുന്നതിനുള്ള ജനിതക പരിശോധകള്‍.
  • ആശയവിനിമയം, ഭാഷ, സംസാരം, ചനലശേഷി, പഠനമികവും പുരോഗതിയും, ഗ്രഹണ ശേഷി മുതലായവ മനസിലാക്കുന്നതിനുള്ള പരിശോധനകള്‍.

Q

ഓട്ടിസത്തിനുള്ള വിവിധ ഇനം ചികിത്സകള്‍

A

 
ചികിത്സയുടെ ലക്ഷ്യമെന്നത് പെരുമാറ്റത്തെ ലാക്കാക്കുക എന്നതാണ്. അത് കുട്ടികളെ സ്കൂളുമായി ഇണങ്ങിച്ചേരുന്നതിനുള്ള ശേഷി മെച്ചപ്പെടുത്തുന്നതിനും അര്‍ത്ഥവത്തായ ബന്ധങ്ങള്‍ വികസിപ്പിക്കുന്നതിനും പ്രയപൂര്‍ത്തിയാകുമ്പോള്‍  സ്വതന്ത്രമായ ഒരു ജീവിതം പുലര്‍ത്തുന്നതിനുള്ള സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
ചികിത്സാപരമായ ഇടപെടലുകള്‍ ലക്ഷ്യംവെയ്ക്കുന്നത് സമൂഹത്തിന് സ്വീകാര്യമായ പെരുമാറ്റം വളര്‍ത്തിയെടുക്കുക, നല്ല സൗഹൃദങ്ങള്‍ ഉണ്ടാക്കുക, ഉള്‍വലിഞ്ഞ് നില്‍ക്കാതെ സമൂഹവുമായി ഇടപഴകാന്‍ തയ്യാറാകുക തുടങ്ങിയ കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള ഗുണകരമായ പെരുമാറ്റ രീതികള്‍ ഉള്‍പ്പെടുന്ന സാമൂഹ്യ സഹകരണ പെരുമാറ്റ രീതി വളര്‍ത്തിയെടുക്കുക, അസാധാരണ പെരുമാറ്റരീതികള്‍ കുറയ്ക്കുക, സംസാരം, ഭാഷ, ഭാവപ്രകടനങ്ങള്‍ തുടങ്ങിയ മെച്ചപ്പെടുത്തുക എന്നിവയിലാണ്.
ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് ലഭ്യമാക്കുന്ന മനഃശാസ്ത്രപരമായ ഇടപെടലുകള്‍ ഘടനാപരമായുള്ളതും പൊരുത്തമുള്ളതുമാണെങ്കില്‍ അര്‍ത്ഥപൂര്‍ണമായ പുരോഗതി കൈവരിക്കാന്‍ അവര്‍ക്കാകും. 
  • പ്രയോഗയോഗ്യമായ പെരുമാറ്റ വിശകലനം (അപ്ലൈഡ് ബിഹേവിയര്‍ അനാലിസിസ്-എ ബി എ ) :  ഓരോരുത്തര്‍ക്കും വേണ്ടി ഒറ്റ തിരിച്ചുള്ള കൂടിക്കാഴ്ചകള്‍ ഗ്രഹണ ശക്തി, സാമൂഹികമായ ഇടപഴകല്‍, പെരുമാറ്റ രീതികള്‍, മികച്ച ചലന ശേഷി,  കളി, സ്വയം സഹായം തുടങ്ങിയ കാര്യങ്ങള്‍ വികസിപ്പിക്കുന്നതിന് വേണ്ടിയുള്ളതാണ്. കുട്ടി ഇതിലൂടെ  ഘടനാ രൂപത്തിലാക്കിയ ജോലികള്‍ വളരെ ലളിതമായവ തൊട്ട് വളരെ സങ്കീര്‍ണമായവ വരെ ചെയ്യാന്‍ പഠിക്കുന്നു.ഓരോ ജോലിയും പിന്നീട് പല ഭാഗങ്ങളായി തരം തിരിക്കപ്പെടുകയും ഓരോ  സമയത്ത് ഓരോ ഭാഗമായി പഠിച്ച് ജോലി പൂര്‍ത്തിയാക്കാന്‍ കുട്ടിയെ പഠിപ്പിക്കുന്നു. ഉചിതമായ പെരുമാറ്റവും വൈദഗ്ധ്യങ്ങളും പഠിപ്പിക്കാനും നിലനിര്‍ത്താനും കുട്ടിക്ക് പ്രതിഫലങ്ങളും പ്രോത്സാഹനവും നല്‍കുന്നു. കുട്ടിയുടെ പുരോഗതി നിരീക്ഷിക്കുകയും അളക്കുകയും ചെയ്യുന്നു. എ ബി എ യുടെ ഇനങ്ങളില്‍ താഴെപ്പറയുന്നവ ഉള്‍പ്പെടുന്നു.
  •  പ്രത്യേകമായ പരീക്ഷണങ്ങളിലൂടെയുള്ള പരിശീലനം (ഡിസ്ക്രീറ്റ് ട്രയല്‍ ട്രെയിനിംഗ്- ഡി റ്റി റ്റി ) : ഈ പഠന രീതിയില്‍ കുട്ടിയെ അഭിലഷണീയമായ പെരുമാറ്റത്തിന്‍റെ അല്ലെങ്കില്‍ പ്രതികരണത്തിന്‍റെ ഓരോ ചുവടും പഠിപ്പിക്കുവാന്‍ തുടര്‍ച്ചയായ പരീക്ഷണങ്ങള്‍ ഉപയോഗിക്കുന്നു.പാഠങ്ങള്‍ അവയുടെ ഏറ്റവും ലളിതമായ ഭാഗങ്ങളാക്കി വിഭജിക്കുകയും ശരിയായ ഉത്തരങ്ങള്‍ക്കും പെരുമാറ്റത്തിനും പ്രതിഫലമായി പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നു. തെറ്റായ ഉത്തരങ്ങള്‍ പരിഗണിക്കില്ല.
  •  പെരുമാറ്റത്തില്‍ പ്രാരംഭത്തിലേ അതീവശ്രദ്ധയോടെയുള്ള ഇടപെടല്‍ (എര്‍ളി ഇന്‍റന്‍സീവ് ബിഹേവിയറല്‍ ഇന്‍റര്‍വെന്‍ഷന്‍- ഇഐബിഐ):
എ ബി എ യില്‍ അഞ്ചുവയസിന് താഴെയോ മൂന്നുവയസിലോ ഉള്ള കുട്ടികള്‍ക്കായുള്ള ഒരു ഇനം.
നിര്‍ണായകമായ പ്രതികരണ പരിശീലനം (പി ആര്‍ ടി ) : കുട്ടിക്ക് പഠിക്കാനും  സ്വന്തം പെരുമാറ്റം നിരീക്ഷിക്കാനും മറ്റുള്ളവരുമായുള്ള ആശയവിനിമയത്തിന് തുടക്കമിടാനുമുള്ള താല്‍പര്യം വര്‍ദ്ധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.ഈ പെരുമാറ്റങ്ങളിലുള്ള ഗുണകരമായ മാറ്റങ്ങള്‍ മറ്റ് പെരുമാറ്റങ്ങളില്‍ വലിയ മാറ്റം ഉണ്ടാക്കിയേക്കും. 
  •  ഭാഷാസംബന്ധിയായ പെരുമാറ്റത്തിലെ ഇടപെടല്‍ (വെര്‍ബല്‍ ബിഹേവിയര്‍ ഇന്‍റര്‍വെന്‍ഷന്‍- വിബിഐ): ഓരോ പ്രവര്‍ത്തന ഭാഗങ്ങളും ഉപ ഭാഗങ്ങളായി വിഭജിച്ച് ഭാഷ പഠിപ്പിക്കുന്നതില്‍ ശ്രദ്ധവെയ്ക്കുന്നു.
ചികിത്സയും ഓട്ടിസവും അനുബന്ധ ആശയ വിനിമയ വൈകല്യവുമുള്ള കുട്ടികള്‍ക്കുള്ള  ചികിത്സാ പഠന സമ്പ്രദായം (ടിഇഎസിസിഎച്ച്): ഈ രീതിയില്‍ കുട്ടിയെ നേരത്തേയുള്ള കഴിവുകള്‍ ഉപയോച്ച് സ്വയംപര്യാപ്തനാകാന്‍ സഹായിക്കുന്നു. ചുറ്റുപാടുകള്‍ ചിട്ടപ്പെടുത്തുക, ദിനചര്യകള്‍ ആസൂത്രണം ചെയ്യുക, വ്യക്തമായ ലക്ഷ്യങ്ങള്‍ നിശ്ചയിക്കുക, ആശയ വിനിമയത്തിന് ദൃശ്യവസ്തുക്കള്‍ ഉപയോഗിക്കുക എന്നിവയെല്ലാം കുട്ടികളെ അന്നന്നുള്ള ജോലികള്‍ ഒരു വിധം സ്വതന്ത്രമായി ചെയ്യാന്‍ സഹായിക്കുന്നു.

Q

ഓട്ടിസത്തിനുള്ള പുനരധിവാസ ചികിത്സകള്‍

A

 
 
ശ്രദ്ധിക്കുക : ഓട്ടിസമുള്ള കുട്ടി നേരിടുന്ന ചില വളര്‍ച്ചാ പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ ചികിത്സകളും ഇടപെടലുകളും രൂപപ്പെടുത്തുന്നു. ഓരോ കുട്ടിക്കും വ്യത്യസ്ത പ്രശ്നമായിരിക്കാമെന്ന് നമുക്ക് അറിയാവുന്നതുകൊണ്ട് മാതാപിതാക്കളും വിദഗ്ധരും ഒരുമിച്ച് പ്രവര്‍ത്തിച്ച് ഏത് ചികിത്സയാണ് കുട്ടിക്ക് ഏറ്റവും നല്ലതെന്ന് തീരുമാനിച്ച് അത് തുടരുന്നു. ഓട്ടിസം ഓരോ വ്യക്തിയേയും വ്യത്യസ്ത രീതിയില്‍ ബാധിക്കുന്നതുകൊണ്ട് ഒരു കുട്ടിക്ക് ഫലപ്രദമായേക്കാവുന്ന ചികിത്സ മറ്റൊരു കുട്ടിക്ക് അങ്ങനെ ആയേക്കില്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്. 
ഓട്ടിസം ബാധിച്ച കുട്ടിക്കുള്ള സമ്പൂര്‍ണ ചികിത്സാ പദ്ധതിയുടെ ഭാഗമാകാവുന്ന ചില പുനരധിവാസ ചികിത്സകള്‍ ഉണ്ട്.
  • വളര്‍ച്ചയിലും വ്യക്തിപരമായ വ്യത്യാസങ്ങളിലും ബന്ധങ്ങളുടെ അടിസ്ഥാനത്തിലുമുള്ള സമീപനം (ഡി ഐ ആര്‍. ഫ്ളോര്‍ടൈം എന്നും വിളിക്കപ്പെടുന്നു) : വികാരങ്ങളുടേയും ബന്ധങ്ങളുടേയും വളര്‍ച്ചയില്‍ (മനോഭാവം, പരിചരിക്കുന്നവരുമായുള്ള ബന്ധം) കേന്ദ്രീകരിക്കുന്നു. കുട്ടി കാഴ്ചകളേയും ശബ്ദങ്ങളേയും ഗന്ധങ്ങളേയും കൈകാര്യം ചെയ്യുന്ന രീതിയിലും ഇത് കേന്ദ്രീകരിക്കുന്നു. 
  •  പ്രവര്‍ത്തിപരമായ പുനരധിവാസ ചികിത്സ: കുട്ടിയെ കഴിയുന്നത്ര സ്വയംപര്യാപ്തനായി ജീവിക്കാനുള്ള കഴിവുകള്‍ പഠിപ്പിക്കുന്നു. ഈ കഴിവുകളില്‍ വസ്ത്രം ധരിക്കല്‍, ഭക്ഷണം കഴിക്കല്‍, കുളിക്കല്‍, ആളുകളുമായി ബന്ധപ്പെടല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
  •  ഇന്ദ്രിയപരമായ ഏകീകരണ പുനരധിവാസ ചികിത്സ : കുട്ടിയെ കാഴ്ചകള്‍, ശബ്ദങ്ങള്‍, ഗന്ധങ്ങള്‍ എന്നീ ഇന്ദ്രിയപരമായ വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നു. ചില ശബ്ദങ്ങളാല്‍ അസ്വസ്ഥനാകുകയോ സ്പര്‍ശനമേല്‍ക്കുന്നത് ഇഷ്ടപ്പെടാതിരിക്കുയോ ചെയ്യുന്ന കുട്ടിയെ ഇന്ദ്രിയപരമായ ഏകീകരണ പുനരധിവാസ ചികിത്സ (സെന്‍സറി ഇന്‍റഗ്രേഷന്‍ തെറാപ്പി) കൊണ്ട് സഹായിക്കാനാകും. 
  •  സംസാര പുനരധിവാസ ചികിത്സ (സ്പീച്ച് തെറാപ്പി ) : ഈ ചികിത്സ നടത്തുന്ന വിദഗ്ധര്‍ കുട്ടിയോടൊത്ത് പ്രവര്‍ത്തിച്ച് കുട്ടിയുടെ ആശയ വിനിമയ ശേഷി വര്‍ധിപ്പിക്കുന്നു. തന്‍റെ ചിന്തകളും ആശയങ്ങളും പ്രകടിപ്പിക്കാന്‍ കുട്ടിയെ പഠിപ്പിക്കുന്നതിന് അവര്‍ ആംഗ്യങ്ങള്‍, ചിത്രങ്ങള്‍ തുടങ്ങിയ ബദല്‍ രീതികള്‍ ഉപയോഗിക്കുന്നു.
  •  സംഗീത ചികിത്സ (മ്യൂസിക് തെറാപ്പി) : ഈ ചികിത്സാ രീതിയില്‍ പാട്ടുപാടല്‍, സംഗീതം ചിട്ടപ്പെടുത്തല്‍, നേരിട്ട് സംഗീത പരിപാടികള്‍ അവതരിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടുന്നു. 
  •  ചിത്രങ്ങള്‍ കൈമാറിയുള്ള ആശയവിനിമയ രീതി :  അടയാള ചിത്രങ്ങളും കാര്‍ഡുകളും ഉപയോഗിച്ച് ആശയവിനിമയം പഠിപ്പിക്കുന്നു.
  • നേരത്തേയുള്ള ഇടപെടല്‍ : നേരത്തേ ഇടപെട്ടുകൊണ്ടുള്ള ചികിത്സയ്ക്ക് കുട്ടിയുടെ വളര്‍ച്ചയെ വളരെയേറെ മെച്ചപ്പെടുത്താന്‍ കഴിയുമെന്നാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ തകരാറ് കണ്ടെത്തിയാലുടന്‍ ചികിത്സ ആരംഭിക്കാവുന്നതാണ്, കുട്ടിക്ക് ആറുമാസം പ്രായം ഉള്ളപ്പോള്‍ പോലു ഓട്ടിസം ബാധിക്കുന്ന സാമൂഹ്യ സമ്പര്‍ക്കം, ഭാഷയും ആശയവിനിമയവും, അനുകരണം, കളികളിലുള്ള മിടുക്ക്, ദൈനംദിന ജീവിതം, ചലനശേഷി മുതലായ കാതലായ മേഖലകളില്‍ ഇടപെടല്‍ കേന്ദ്രീകരിക്കുന്നു. തീരുമാനം എടുക്കലിലും ചികിത്സ നടപ്പാക്കലിലും മാതാപിതാക്കളെ സജീവമായി പങ്കെടുപ്പിക്കുന്നു. ഇതിനാല്‍ നിങ്ങളുടെ കുട്ടിക്ക് ഓട്ടിസമോ മറ്റേതെങ്കിലും മാനസിക-ശാരീരിക വളര്‍ച്ചാ പ്രശ്നമോ ഉണ്ടെന്ന് തോന്നുകയാണെങ്കില്‍ കഴിയുന്നത്ര വേഗം കുട്ടിയുടെ ഡോക്ടറോട് സംസാരിക്കുക എന്നത് പ്രധാനമാണ്. 
  •  മാതാപിതാക്കള്‍ക്കുള്ള പരിശീലനം : പിന്തുണയും വിദഗ്ധ ഉപദേശവും ആവശ്യമുള്ള പരിഭ്രാന്തരായ മാതാപിതാക്കളെ സഹായിക്കാന്‍ ഈ പരിശീലനം ഉപകരിക്കുന്നു. പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങളും കഴിവുകളും മാതാപിതാക്കളെ പരിശീലിപ്പിക്കുന്നതിലൂടെ അവര്‍ക്ക് ചികിത്സകരോടൊപ്പം പ്രവര്‍ത്തിച്ച് കുട്ടിയെ സഹായിക്കാനാകും. ഏറ്റവും പ്രധാനമെന്തെന്നാല്‍, കുട്ടിയെ സഹായിക്കാനുള്ള മാതാപിതാക്കളുടെ ദൃഢനിശ്ചയംകൊണ്ട് കുട്ടിയുടെ ഭാഷയും ധാരണാശക്തിയും സമൂഹത്തിലെ പെരുമാറ്റവും വളരയേറെ മെച്ചപ്പെട്ടെന്നിരിക്കും. 

Q

ഓട്ടിസം ബാധിച്ചവര്‍ക്കുള്ള പരിചരണം

A

 
 
കുട്ടിക്ക് ഓട്ടിസം ഉണ്ടെന്നറിയുമ്പോള്‍ മാതാപിതാക്കളും രക്ഷിതാക്കളും കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കുകയും വളരയേറെ പരിഭ്രാന്തരാകുകയും ചെയ്യുന്നു. കുട്ടിയെ ചികിത്സയ്ക്കും കൗണ്‍സിലിംഗിനും ഇടപെടല്‍ പരിപാടികള്‍ക്കും സ്കൂളിലും കൊണ്ടുപോകേണ്ടി വരുന്നതിനാല്‍ മാതാപിതാക്കള്‍ അധിക സമയവും കുട്ടികളോടൊപ്പം ചെലവഴിക്കുന്നു. പല മാതാപിതാക്കളും പ്രത്യേകിച്ച് അമ്മമാര്‍ ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയവും കുട്ടിയെ പരിചരിക്കുന്നു. വീട്ടില്‍ ഒരുപാട് വീട്ടുവീഴ്ചകള്‍ വേണ്ടി വരുന്നു. പ്രത്യേകതയുള്ള സഹോദരന്‍/ സഹോദരിക്ക് വേണ്ടി ജീവിതം ചിട്ടപ്പെടുത്താന്‍ സഹോദരങ്ങള്‍ പഠിക്കുന്നു. കുടുംബാഗങ്ങള്‍ കൂടുതല്‍ പിന്തുണ നല്‍കുന്നു, കുട്ടിയുടെ താല്‍പര്യം മുന്‍നിര്‍ത്തി വീട്ടിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നു. ഓട്ടിസമുള്ള കുട്ടിയെ വളര്‍ത്തുക എന്നത് ഒരു വെല്ലുവിളിയാണ്. എങ്കിലും ശരിയായ അറിവുണ്ടെങ്കില്‍ കുട്ടിക്കുവേണ്ടി മികച്ച തീരുമാനങ്ങളെടുക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയും. 
ഈ അവസ്ഥയില്‍ രക്ഷിതാക്കളും പരിചരണം നല്‍കുന്നവരും എന്ന നിലയ്ക്ക് നിങ്ങള്‍ക്ക് ഇനിപ്പറയുന്ന കാര്യങ്ങള്‍ ചെയ്യാം : 
  •  ഓട്ടിസത്തെക്കുറിച്ച് കഴിയുന്നത്ര മനസിലാക്കാന്‍ ശ്രമിക്കുക.
  •  എല്ലാ ദൈനംദിന കാര്യങ്ങള്‍ക്കും ഒരു സമയക്രമം തയ്യാറാക്കുക.
  • ഈ അവസ്ഥയുമായി പൊരുത്തപ്പെടാന്‍ നിങ്ങള്‍ക്കും കൗണ്‍സിലിംഗ് വേണ്ടി വന്നെന്നിരിക്കും. 
  •  പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കുമാത്രമേ ഇത്തരത്തിലുള്ള മറ്റ് മാതാപിതാക്കള്‍ അനുഭവിക്കുന്നത് മനസിലാകുകയുള്ളു. ഓട്ടിസം ബാധിച്ചവര്‍ക്കുള്ള സഹായ സംഘങ്ങളില്‍ അംഗങ്ങളാകുകയും ഓട്ടിസം ബാധിച്ച മറ്റു കുട്ടികളുടെ മാതാപിതാക്കളുമായി ബന്ധപ്പെടുകയും ചെയ്യുക. 
  •  വിദഗ്ധ സഹായം തേടുക.
  •  കുട്ടിക്ക് സഹായകരമായ വിധം പെരുമാറ്റം മെച്ചപ്പെടുത്താനുള്ള രീതികള്‍ പരിശീലിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുക. 
  •  സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം ശ്രദ്ധിക്കാന്‍ സമയം കണ്ടെത്തുക.
 
ഓട്ടിസം ബാധിച്ച ഒരു കുട്ടിയുടെ അമ്മയുടെ വാക്കുകള്‍ :  ഓട്ടിസമുള്ളവനാണെങ്കിലും എന്‍റെ മകന്‍ വളരെ നല്ലൊരു കുട്ടിയാണെന്നിരിക്കെ മറ്റുകുട്ടികളെ സാധാരണ കുട്ടി, സാധാരണ കുട്ടി എന്ന് പറയുന്നത് എന്തുകൊണ്ടെന്ന് എനിക്ക് മനസിലാകുന്നില്ല.  അവന്‍ സന്തുഷ്ടനായിരിക്കണമെന്നും തന്‍റെ നേട്ടങ്ങളില്‍ അഭിമാനിക്കണമെന്നും ഓരോ നിമിഷവും ചിരിച്ച് ആസ്വദിക്കണം എന്നുമാണ് എന്‍റെ ആഗ്രഹം.
 
വേര്‍തിരിവില്ലാത്ത വിദ്യാഭ്യാസം
സ്കൂളുകളും കോളേജുകളും യൂണിവേഴ്സിറ്റികളും പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികള്‍ക്ക് മറ്റുളളവര്‍ക്ക് തുല്യമായ അവസരങ്ങളും സൗകര്യങ്ങളും ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം തകരാറുകള്‍ ഉള്ള കുട്ടികളെ സഹായിക്കുന്ന നിയമങ്ങളും സര്‍ക്കാര്‍ പദ്ധതികളും ഉണ്ടെങ്കിലും ഇത്തരം കുട്ടികള്‍ക്ക് പ്രവേശനം നല്‍കി അവര്‍ക്കായി വ്യക്ത്യാധിഷ്ഠിത വിദ്യാഭ്യാസ പരിപാടി, ബദല്‍ അദ്ധ്യായന മാര്‍ഗങ്ങള്‍ തുടങ്ങിയ ലഭ്യമാക്കാന്‍  പല വിദ്യാഭ്യാസ സ്ഥാപനങ്ങളും താല്‍പര്യം കാണിക്കാറില്ല.
 
വിശദ പരിശോധനയ്ക്ക്
 
ഓട്ടിസ്റ്റിക് സൊസൈറ്റി ഓഫ് ഇന്ത്യ http://autismsocietyofindia.org/
സെന്‍റര്‍ ഓഫോര്‍ ഡിസീസ് കട്രോണ്‍ ആന്‍റ് പ്രിവന്‍ഷന്‍. http://www.cdc.gov/,
We4Autism: http://www.we4autism.org/

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org