അമിതമായി ഭക്ഷണം കഴിക്കല്‍ (ബിന്‍ഗ് ഈറ്റിംഗ് )

Q

എന്താണ് ബിന്‍ഗ് ഈറ്റിംഗ് (അമിതമായി ഭക്ഷണം കഴിക്കല്‍) തകരാര്‍ ?

A

 
നമ്മളെല്ലാം പലപ്പോഴും  അമിതമായി ഭക്ഷണം കഴിക്കാറുണ്ട്. ചിലപ്പോള്‍ നമ്മള്‍ ഒരു ബന്ധുവിന്‍റെ വീട് സന്ദര്‍ശിക്കുമ്പോള്‍ മേശപ്പുറത്ത് നമുക്ക് പ്രിയപ്പെട്ട ഭക്ഷണം കാണുമ്പോള്‍, ചിലപ്പോള്‍ സ്വാദിഷ്ഠമായ ഭക്ഷണങ്ങളോടുകൂടിയ ഒരു സല്‍ക്കാരത്തിന് ചെല്ലുമ്പോള്‍, ചിലപ്പോള്‍  വല്ലാതെ വിശക്കുന്നുണ്ട് എന്ന് നമുക്ക് തോന്നുമ്പോള്‍ നമ്മള്‍ വളരെയധികം ഭക്ഷണം കഴിക്കാറുണ്ട്. ഭക്ഷണം നമ്മുടെ ജീവിതത്തിലെ സുപ്രധാനമായ ഒരു ഘടകമാണ്, നല്ല ഭക്ഷണം നമ്മളെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ചില അവസരങ്ങളില്‍ നമ്മള്‍ അമിതമായി ഭക്ഷണം കഴിച്ചു പോകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ചില ആളുകള്‍ക്ക് അമിതമായി ഭക്ഷണം കഴിക്കാനുള്ള നിയന്ത്രിക്കാനാകാത്ത ഒരു ത്വര പതിവായി ഉണ്ടാകാറുണ്ട്. ഇവര്‍ക്ക് ഈ ഘട്ടത്തില്‍ നിയന്ത്രണമില്ലായ്മ അനുഭവപ്പെടുകയും ഇത് നിര്‍ത്താന്‍ കഴിയാതെ വരികയും ചെയ്യും. വയറ് നിറഞ്ഞു കഴിഞ്ഞാലും പിന്നേയും കാര്യമായ ഒരു അസ്വസ്ഥത തോന്നുന്നതുവരേയും  അവര്‍ ഭക്ഷണം കഴിക്കുന്നത് തുടരും. ഇത്തരക്കാര്‍ക്ക് ബിന്‍ഗ് ഈറ്റിംഗ് (അമിതമായി ഭക്ഷണം കഴിക്കല്‍) തകരാറായിരിക്കും.
ബിന്‍ഗ് ഈറ്റിംഗ് (അമിതമായി ഭക്ഷണം കഴിക്കല്‍) തകരാറുള്ള വ്യക്തികള്‍ ഭക്ഷണത്തെ അവരുടെ ഉത്കണ്ഠയും മാനസികസമ്മര്‍ദ്ദവും മറ്റ് വൈകാരിക പ്രശ്നങ്ങളും മറികടക്കുന്നതിനുള്ള ഉപാധിയായി ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്.  എന്നിരുന്നാലും ഇങ്ങനെ അമിതമായി ഭക്ഷണം കഴിക്കുന്നതിലും ഒടുവില്‍ വഷളായ അവസ്ഥയില്‍ എത്തുന്നതിലും ഇവര്‍ നാണക്കേട് അനുഭവിക്കുകയും ചെയ്യുന്നുണ്ട്. തക്കസമയത്തുള്ള ചികിത്സകൊണ്ട് നിങ്ങള്‍ക്ക് ബിന്‍ഗ് ഈറ്റിംഗ് (അമിതമായി ഭക്ഷണം കഴിക്കല്‍) തകരാറില്‍ നിന്ന് മുക്തിനേടുകയും ആരോഗ്യകരമായ ഭക്ഷണ ശീലം വീണ്ടെടുക്കുകയും ചെയ്യാം.
ശ്രദ്ധിക്കുക : ബുലിമിയ (വാരിവലിച്ച് തിന്നുകയും പിന്നീടത് ഛര്‍ദ്ദിച്ച് കളയുകയും ചെയ്യുന്ന തകരാര്‍) ഉള്ള ആളുകളും അമിതമായി ഭക്ഷണം കഴിക്കാറുണ്ട്. അങ്ങനെയാണെങ്കിലും  അവര്‍ അതിനെ തുടര്‍ന്ന് ആ കഴിച്ച ഭക്ഷണം അധിമായി വ്യായാമം ചെയ്തോ സമ്മര്‍ദ്ദം ചെലുത്തി ഛര്‍ദ്ദിച്ചോ പുറന്തള്ളാറുമുണ്ട്. ഇതിന് കാരണം ബുലിമിയ ഉള്ള ആളുകള്‍ക്ക് മെലിയാനുള്ള അഗ്രഹം ഉണ്ടായിരിക്കുമെന്നതും അവര്‍ക്ക് ശരീരാകൃതിയെക്കുറിച്ച് അബദ്ധധാരണകള്‍ ഉണ്ടായിരിക്കും എന്നതുമാണ്. എന്നാല്‍ ബിന്‍ഗ് ഈറ്റിംഗ് (അമിതമായി ഭക്ഷണം കഴിക്കല്‍) തകരാറുള്ളവര്‍ക്ക് ശരീരാകൃതിയെ സംബന്ധിച്ച പ്രശ്നങ്ങളൊന്നും ഉണ്ടായിരിക്കില്ല, അവര്‍ അവരുടെ വൈകാരികമായ സമ്മര്‍ദ്ദങ്ങളെ മറികടക്കാന്‍ വാരിവലിച്ച് തിന്നുകമാത്രം ചെയ്യുന്നു.

Q

ബിന്‍ഗ് ഈറ്റിംഗ് (അമിതമായി ഭക്ഷണം കഴിക്കല്‍) തകരാറിന്‍റെ ലക്ഷണങ്ങള്‍ എന്തെല്ലാം?

A

 
 
ബിന്‍ഗ് ഈറ്റിംഗ് (അമിതമായി ഭക്ഷണം കഴിക്കല്‍) തകരാറിന്‍റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങള്‍ താഴെ പറയുന്നു :
  •  വളരെയേറെ ഭക്ഷണം വേഗത്തില്‍ തിന്നുകയും തീറ്റ നിര്‍ത്താന്‍ പറ്റാതിരിക്കുകയും ചെയ്യുന്നു.
  •  തന്‍റെ ഭക്ഷണ ശീലം നിയന്ത്രിക്കാനാകാത്ത തരത്തിലുളളതാണ് എന്ന് തോന്നുകയും അതില്‍ നാണക്കേടനുഭവിക്കുകയും  ചെയ്യുന്നതിനാല്‍ മറ്റുള്ളവരോടൊപ്പം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നു. ഒറ്റയ്ക്കാകുമ്പോള്‍ കഴിക്കുന്നതിനായി ഇവര്‍ ഭക്ഷണം ഒളിച്ചുവെയ്ക്കുക പോലും ചെയ്യു്ന്നു. 
  •   മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും ഉണ്ടാകുന്ന സമയത്ത്  ഭക്ഷണം കഴിക്കലിലൂടെ മാത്രമാണ് തങ്ങള്‍ക്ക് സ്വസ്ഥത കിട്ടുന്നതെന്ന്  ഇവര്‍ കരുതുന്നു. എന്നാല്‍ ഇത്തരത്തില്‍ അനിയന്ത്രിതമായ തീറ്റയുടെ ഒരു ഘട്ടം കഴിഞ്ഞാല്‍ ഉടനെ അമിതമായി ഭക്ഷണം കഴിച്ചതിന്‍റെ പേരില്‍ അവര്‍ക്ക് നാണക്കേടു തോന്നുകയും ചെയ്യുന്നു.
  •  വയറ് നിറഞ്ഞു കഴിഞ്ഞാലും ഇവര്‍ പിന്നേയും കാര്യമായ ഒരു അസ്വസ്ഥത തോന്നുന്നതുവരേയും തിന്നുകൊണ്ടിരിക്കുന്നു. 
  •   പ്രത്യേകിച്ച് ഭക്ഷണ സമയക്രമം ഒന്നും പാലിക്കാതെ ദിവസം മുഴുവന്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കാന്‍ ഇവര്‍ക്ക് കഴിയും.

Q

ബിന്‍ഗ് ഈറ്റിംഗ് (അമിതമായി ഭക്ഷണം കഴിക്കല്‍) തകരാറിന് എന്താണ് കാരണം?

A

 
ബിന്‍ഗ് ഈറ്റിംഗ് (അമിതമായി ഭക്ഷണം കഴിക്കല്‍) തകരാറിനുള്ള കൃത്യമായ കാരണം അജ്ഞാതമാണ്, എന്നിരുന്നാലും ഇത് സാധാരണയായി വൈകാരികവും മാനസികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങള്‍ കൂടിച്ചേര്‍ന്നാണ് ഉണ്ടാകുന്നതെന്ന് കരുതപ്പെടുന്നു. ഉത്കണ്ഠാ രോഗം, വിഷാദരോഗം തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന ആളുകള്‍ക്ക് ബിന്‍ഗ് ഈറ്റിംഗ് (അമിതമായി ഭക്ഷണം കഴിക്കല്‍) തകരാര്‍ ഉണ്ടായേക്കാം. പ്രതികൂല മാനസികാവസ്ഥകളെ അല്ലെങ്കില്‍ മാനസിക സമ്മര്‍ദ്ദം നിറഞ്ഞ സാഹചര്യങ്ങളെ നേരിടുന്നതിനായി ഭക്ഷണം കഴിക്കലിനെ ഉപയോഗപ്പെടുന്നവര്‍ക്കും ഈ തകരാര്‍ ഉണ്ടാകുന്നതിനുള്ള സാധ്യതയേറെയാണ്. കുട്ടിക്കാലത്ത് ഉണ്ടായിട്ടുള്ള അനുഭവങ്ങള്‍ക്ക് ഒരു വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്നതിനാല്‍ അത്തരം അനുഭവങ്ങളും ഈ തകരാറിന് കാരണമാകാറുണ്ട്. നിങ്ങളുടെ എന്തെങ്കിലും തരത്തിലുള്ള നേട്ടങ്ങള്‍ക്ക് പാരിതോഷികമായി മാതാപിതാക്കള്‍ ഭക്ഷണം വാങ്ങിത്തന്നിട്ടുള്ളത്, അല്ലെങ്കില്‍ നിങ്ങള്‍ ഉഷാറല്ലാതിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ട ഭക്ഷണമോ ചോക്ലേറ്റോ വാങ്ങി തന്നിട്ടുള്ളത് പിന്നീട് ജീവിതത്തില്‍ പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ ഭക്ഷണം ഉപയോഗപ്പെടുത്തുന്ന ഒരു മാനസികാവസ്ഥയിലേക്ക് നിങ്ങളെ നയിച്ചേക്കാം. അതുപോലെ തന്നെ കുട്ടിക്കാലത്ത്  അനുഭവിച്ചിട്ടുള്ള ശാരീരിക പീഡനം, അല്ലെങ്കില്‍ ഉപദ്രവം പോലുള്ള കാര്യങ്ങളും ഈ തകരാറുണ്ടാകുന്നതിന് ഒരു കാരണമായേക്കാം. അതുപോലെ തന്നെ ആത്മാഭിമാനക്കുറവ് പോലുള്ള മനഃശാസ്ത്രപരമായ ഘടകങ്ങളും ചിലരില്‍ ബിന്‍ഗ് ഈറ്റിംഗ് (അമിതമായി ഭക്ഷണം കഴിക്കല്‍) തകരാര്‍ ഉണ്ടായി വരുന്നതില്‍ വലിയ പങ്ക് വഹിക്കാറുണ്ട്. 

Q

ബിന്‍ഗ് ഈറ്റിംഗ് (അമിതമായി ഭക്ഷണം കഴിക്കല്‍) തകരാറിന് ചികിത്സ നേടല്‍

A

 
ഈ തകരാറിനുള്ള ചികിത്സ പ്രധാനമായും മാനസികവും വൈകാരികവുമായ സമ്മര്‍ദ്ദത്തെ നേരിടുന്നതിനുള്ള തന്ത്രമായി ഭക്ഷണം കഴിക്കലിനെ ഉപയോഗപ്പെടുന്ന നിങ്ങളുടെ മനോഭാവത്തെ നേരിടുന്ന മനഃശാസ്ത്രപരമായ തെറാപ്പിയാണ്. വിദഗ്ധന്മാര്‍ ധാരണാപരമായ പെരുമാറ്റ ചികിത്സ (കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി), മറ്റുള്ളവരുമായുള്ള  ബന്ധത്തെ ലക്ഷ്യം വെച്ചുള്ള ഇന്‍ര്‍പേര്‍സണല്‍ സൈക്കോതെറാപ്പി, സംവാദാത്മക പെരുമാറ്റ ചികിത്സ (ഡയലക്റ്റിക് ബിഹേവിയറല്‍ തെറാപ്പി) തുടങ്ങിയവ ബിന്‍ഗ് ഈറ്റിംഗ് (അമിതമായി ഭക്ഷണം കഴിക്കല്‍) തകരാര്‍ ചികിത്സിക്കാനായി ഉപയോഗിക്കുന്നു. ഈ തെറാപ്പികളുടെ ലക്ഷ്യം, വൈകാരിക പ്രശ്നങ്ങള്‍ മറികടക്കാന്‍ ഭക്ഷണത്തെ ആശ്രയിക്കുന്ന അവസ്ഥയെ നേരിടുക, ആഹാരത്തേയും ശരീരഭാരത്തേയും കുറിച്ച് ആരോഗ്യകരമായ ചിന്ത ഉണ്ടാക്കിയെടുക്കുക, മനക്ലേശത്തിന് കാരണമാകുന്ന സാഹചര്യങ്ങളെ നേരിടുന്നതിന് മികച്ച വഴി കണ്ടെത്താന്‍ സഹായിക്കുക തുടങ്ങിയവയാണ്.
ഈ ബിന്‍ഗ് ഈറ്റിംഗ് (അമിതമായി ഭക്ഷണം കഴിക്കല്‍) മൂലം നിങ്ങളുടെ ശരീരഭാരം വേണ്ടതിലധികം വര്‍ദ്ധിച്ചിട്ടുണ്ടെങ്കില്‍ ഭാരം കുറയ്ക്കുന്നതിനുള്ള വഴികള്‍ സ്വീകരിക്കാനും  ആരോഗ്യകരമായ ശരീര ഭാരം നിലനിര്‍ത്തുന്നതിനായി ആരോഗ്യകരമായ ഒരു നിത്യാഹാരക്രമം പാലിക്കാനും നിങ്ങളെ സഹായിക്കും. ബിന്‍ഗ് ഈറ്റിംഗ് (അമിതമായി ഭക്ഷണം കഴിക്കല്‍) പ്രവണതയ്ക്ക് പ്രേരകശക്തിയാകുന്ന ഏതെങ്കിലും മറ്റു മാനസികാരോഗ്യ പ്രശ്നങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ അവ മൂലമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി നിങ്ങള്‍ക്ക് മരുന്നുകള്‍ നല്‍കിയേക്കും. 

Q

ബിന്‍ഗ് ഈറ്റിംഗ് (അമിതമായി ഭക്ഷണം കഴി ക്കല്‍) തകരാറുള്ള ഒരു വ്യക്തിയെ പരിചരിക്കല്‍

A

 
നിങ്ങളുടെ ഒരു സുഹൃത്തോ നിങ്ങള്‍ക്ക് പ്രിയപ്പെട്ട മറ്റാരെങ്കിലുമോ ബിന്‍ഗ് ഈറ്റിംഗ് (അമിതമായി ഭക്ഷണം കഴിക്കല്‍) തകരാറിന്‍റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ അവരോട് അതിനെക്കുറിച്ച് സംസാരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഒരു പക്ഷെ നിങ്ങള്‍ അവരുടെ കാര്യത്തില്‍ ആവശ്യമില്ലാതെ ചുഴിഞ്ഞു കേറുകയാണെന്ന് അവര്‍ക്ക് തോന്നുകയോ അവര്‍ ദേഷ്യപ്പെടുകയോ ഇത് നിഷേധിക്കുകയോ ചെയ്തേക്കാം, പക്ഷെ അതുകൊണ്ട് നിങ്ങള്‍ പിന്തിരിയരുത്. അവരില്‍ സമ്മര്‍ദ്ദം ചെലുത്തുകയോ അവരോട് ഉച്ചത്തില്‍ സംസാരിച്ച് വായടപ്പിക്കുകയോ ചെയ്യരുത്. അവര്‍ക്ക് സഹായകമായി നില്‍ക്കുകയും അവര്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് കേള്‍ക്കാന്‍ നിങ്ങളുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുക. അവരുടെ പ്രശ്നം പരിഹരിക്കുന്നതിന് സഹായം തേടാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും കൂടെച്ചെല്ലാമെന്ന് അവര്‍ക്ക് ഉറപ്പു കൊടുക്കുകയും ചെയ്യുക. അവര്‍ നിങ്ങളോട് മനസ് തുറക്കുകയാണെങ്കില്‍ അവരെ ഉപദേശിക്കാന്‍ ശ്രമിക്കുകയോ അവരുടെ അവസ്ഥയെ ചൊല്ലി അവര്‍ക്ക് കുറ്റബോധം ഉണ്ടാക്കാന്‍ ശ്രമിക്കുകയോ ചെയ്യാതെ ശ്രദ്ധയോടെ അവര്‍ പറയുന്നത് കേട്ടിരിക്കുക മാത്രം ചെയ്യണം എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. 
നല്ല ഭക്ഷണ ശീലം, ദിനചര്യ, വ്യയാമം തുടങ്ങിയ കാര്യങ്ങളില്‍ നിങ്ങള്‍ അവര്‍ക്ക് ഒരു മാതൃകയാകുക എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. അവര്‍ക്ക് ചുറ്റുമുള്ള ആളുകളും ഇത് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനും  ഭക്ഷണം, നിത്യാഹാരക്രമം, ശരീരഭാരം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള സംസാരം ഒഴിവാക്കാനും ശ്രമിക്കുക. 

Q

ബിന്‍ഗ് ഈറ്റിംഗ് (അമിതമായി ഭക്ഷണം കഴിക്കല്‍) തകരാറിനെ വിജയകരമായി നേരിടല്‍

A

 
ബിന്‍ഗ് ഈറ്റിംഗ് (അമിതമായി ഭക്ഷണം കഴിക്കല്‍) തകരാറുമൂലം നിങ്ങള്‍ക്ക് അനുഭവപ്പെടുന്ന നിസ്സഹായതയും കുറ്റബോധവും അത്യധികം മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കിയേക്കും, എന്നിരുന്നാലും ഇത് ചികിത്സിക്കാവുന്നതാണെന്നതും ശരിയായ പിന്തുണ ലഭിച്ചാല്‍ ഈ ത്വരയെ മറികടക്കാമെന്നതും ഓര്‍ക്കുക. ഒരിക്കല്‍ നിങ്ങളുടെ പ്രശ്നത്തിന് സഹായം തേടിക്കഴിഞ്ഞാല്‍ പിന്നെ ആ ചികിത്സാ പദ്ധതിയില്‍ ഉറച്ചു നില്‍ക്കുകയും നിങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള  പുതിയ വിവരങ്ങള്‍ ഡോക്ടറെ അല്ലെങ്കില്‍ തെറാപ്പിസ്റ്റിനെ സമയാസമയം അറിയിക്കുകയും ചെയ്യുക. ഒരു സുഹൃത്തിനേയോ കുടുംബാംഗത്തേയോ വിശ്വാസത്തിലെടുക്കുകയും മനക്ലേശം ഉണ്ടാകുന്ന സമയത്ത് അവരെ ആശ്രയിക്കാന്‍ ശ്രമിക്കുകയും ചെയ്യുക, അടുത്ത തവണ നിങ്ങള്‍ക്ക് ബിന്‍ഗ് ഈറ്റിംഗിന് (അമിതമായി ഭക്ഷണം കഴിക്കാന്‍) തോന്നുമ്പോള്‍ അവര്‍ നിങ്ങള്‍ക്ക് വലിയ സഹായമായേക്കാം. നിങ്ങള്‍ക്ക് മനസുഖമില്ലായ്മ തോന്നുമ്പോള്‍  പുറത്ത് നടക്കാന്‍ പോകുക, ആരോടെങ്കിലും സംസാരിക്കുക തുടങ്ങിയ എന്തെങ്കിലും പ്രവര്‍ത്തികളിലൂടെ ആ അവസ്ഥയില്‍ നിന്ന് വഴിമാറി നടക്കാന്‍ സ്വയം ശ്രമിക്കുക. മാനസികസൗഖ്യത്തിനുള്ള കാര്യങ്ങളും ധ്യാനവും പരിശീലിക്കുന്നതും മാനസികാവസ്ഥ നിയന്ത്രിക്കാന്‍ നിങ്ങളെ സഹായിക്കും. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org