അനിയന്ത്രിത ഉറക്കം (നാര്‍കോലെപ്സി)

Q

എന്താണ് നാര്‍കോലെപ്സി ?

A

 
 
 
 തലച്ചോറില്‍ ഉറങ്ങലും ഉണരലും നിയന്ത്രിക്കുന്ന ഭാഗത്തെ ബാധിക്കുന്ന ഒരു നാഡീസംബന്ധമായ തകരാറാണ് നാര്‍കോലെപ്സി. ഈ തകരാറുള്ളവര്‍ക്ക് പകല്‍ സമയത്ത് അതിയായ ഉറക്കം അനുഭവപ്പെടും, ചില സമയത്ത് ഉറക്കത്തിന്‍റെ അനിയന്ത്രിതമായ ആക്രമണം തന്നെ ഉണ്ടായെന്നിരിക്കും.  ദിവസത്തിന്‍റെ ഏതു സമയത്തും, സംസാരിച്ചുകൊണ്ടിരിക്കുക, ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുക, വാഹനം ഓടിച്ചുകൊണ്ടിരിക്കുക തുടങ്ങി വ്യക്തി എന്ത് ചെയ്തുകൊണ്ടിരിക്കുമ്പോഴും ഇത് സംഭവിച്ചേക്കാം. നാര്‍കോലെപ്സി അനുഭവിക്കുന്ന ഭൂരിപക്ഷം പേര്‍ക്കും തങ്ങള്‍ക്ക് ഈ തകരാറുണ്ടെന്നതിനെക്കുറിച്ച് അറിവുണ്ടായേക്കില്ല. ഇത് അതീവ ഗുരുതരമായ അവസ്ഥയാണ്, പക്ഷെ മരുന്നും ചില ജീവിതശൈലീ മാറ്റങ്ങളും കൊണ്ട് നാര്‍കോലെപ്സിയുടെ ലക്ഷണങ്ങളെ നിയന്ത്രിക്കാനാകും. 
പകല്‍ മുഴുവന്‍ ക്ഷീണം തോന്നുകയും ഉറക്കം തൂങ്ങുകയും ചെയ്യുന്നതുകൊണ്ടുമാത്രം നിങ്ങള്‍ക്ക് നാര്‍കോലെപ്സിയുണ്ടെന്ന് അര്‍ത്ഥമാക്കേണ്ടതില്ല. ഈ അനുഭവം മറ്റേതെങ്കിലും ഉറക്കസംബന്ധമായ തകരാറുകള്‍, അല്ലെങ്കില്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍, അല്ലെങ്കില്‍ ഒരു മോശം ഉറക്ക ക്രമം കൊണ്ടും ഉണ്ടാകുന്നതായേക്കാം. വളരെ നീണ്ടൊരു കാലത്തോളം നിങ്ങള്‍ പകല്‍ ഉറക്കം തൂങ്ങല്‍ അനുഭവിക്കുകയാണെങ്കില്‍ ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണുന്നതാണ് നല്ലത്.
 
 

Q

നാര്‍കോലെപ്സിയുടെ ലക്ഷണങ്ങള്‍ എന്തെല്ലാം?

A

 
നാര്‍കോലെപ്സിയുടെ പ്രധാന ലക്ഷണങ്ങള്‍ താഴെ പറയുന്നു: 
  •  പകല്‍ സമയത്തെ അതിയായ ഉറക്കം തൂങ്ങല്‍ : തലേന്ന് രാത്രിയില്‍ നിങ്ങള്‍ നന്നായി ഉറങ്ങിയതാണെങ്കിലും പിറ്റേന്ന് പകല്‍ മുഴുവന്‍ നിങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടും. ഇതിന്‍റെ ഫലമായി നിങ്ങള്‍ ഒന്ന് ചെറുതായി ഉറങ്ങിയേക്കും (ലഘു നിദ്ര). അതിനുശേഷം നിങ്ങള്‍ക്ക് ഒരു ഉന്മേഷമൊക്കെ തോന്നുമെങ്കിലും ഏതാനും മണിക്കൂറുകള്‍ കഴിയുമ്പോള്‍ നിങ്ങള്‍ക്ക് വീണ്ടും ക്ഷീണം അനുഭവപ്പെടും. 
  •  മോഹാലസ്യം (കാറ്റാപ്ലെക്സി) : നിങ്ങള്‍ക്ക് നിങ്ങളുടെ പേശികളുടെ നിയന്ത്രണം നഷ്ടപ്പെടുന്ന ഒരവസ്ഥയാണിത്. ഏതു തരം പേശിയെയാണ് ഇത് ബാധിക്കുന്നത് എന്നതിന്‍റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് കൊഞ്ഞപ്പ് അല്ലെങ്കില്‍  കുഴഞ്ഞു വീഴുന്നതിന് കാരണമാകുന്ന തരത്തില്‍ മുട്ടുകാല്‍ കൊളുത്തിപ്പിടിക്കല്‍ തുടങ്ങിയവ അനുഭവപ്പെടാം.നാര്‍കോലെപ്സിയുള്ള എല്ലാവര്‍ക്കും  മോഹാലസ്യം അനുഭവപ്പെടില്ല.
  •  മിഥ്യാഭ്രമങ്ങള്‍ : ചിലപ്പോള്‍ നിങ്ങള്‍ ഉറക്കമായിത്തുടങ്ങുന്ന സമയത്ത് തീഷ്ണമായ മിഥ്യാഭ്രമങ്ങള്‍ ഉണ്ടാകും. അല്പം ഉണര്‍വുള്ള സമയത്തു തന്നെ ഇവ കാണുന്നതിനാല്‍ ഇവ യാഥാര്‍ത്ഥമാണെന്ന തോന്നല്‍ കൂടുതല്‍ ശക്തമായിരിക്കും. മിക്ക കേസുകളിലും ഈ മിഥ്യാഭ്രമങ്ങള്‍ മൂലം കടുത്ത ഭീതി അനുഭവപ്പെടുന്നു.
  •  ഓര്‍മ്മക്കുറവ് : ചില കാര്യങ്ങള്‍ ആദ്യം തിരിച്ചറിഞ്ഞപ്പോള്‍ നിങ്ങള്‍ പാതിയുറക്കത്തിലായിരുന്നതിനാല്‍ അവ ഓര്‍ത്തെടുക്കുന്നതില്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായേക്കും. 
  •  സ്ലീപ് പാരലൈസിസ് : ചിലപ്പോള്‍, നിങ്ങള്‍ ഉറത്തിലാകുമ്പോഴോ അല്ലെങ്കില്‍ ഉണരുമ്പോഴോ  നിങ്ങള്‍ക്ക് ചലിക്കാനോ സംസാരിക്കാനോ ശേഷിയില്ലായ്മ അനുഭവപ്പെട്ടേക്കാം. ഇത് സാധാരണ ഒന്നോ രണ്ടോ മിനിറ്റ്  നീണ്ടുനില്‍ക്കും, എന്നാല്‍ നിങ്ങളുടെ ശ്വസിക്കാനുള്ള ശേഷിയെ ഇത്  ബാധിക്കില്ല, പക്ഷെ അങ്ങനെയാണെങ്കിലും ഇത് നിങ്ങളെ വളരെയധികം ഭയപ്പെടുത്തിയേക്കാം.
നിങ്ങള്‍ക്ക് അറിയാവുന്ന ആര്‍ക്കെങ്കിലും മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങളവരോട് അവര്‍ക്ക് ഉണ്ടായേക്കാവുന്ന അവസ്ഥകളെക്കുറിച്ച് സംസാരിക്കുകയും ഒരു മാനസികാരോഗ്യ വിദഗ്ധന്‍റെ സഹായം തേടാന്‍  നിര്‍ദ്ദേശിക്കുകയും ചെയ്യുക. 
 
 

Q

നാര്‍കോലെപ്സിക്ക് എന്താണ് കാരണം ?

A

 
നാര്‍കോലെപ്സിക്കുള്ള കൃത്യമായ കാരണം എന്താണെന്നത് അജ്ഞാതമാണ്. എന്നിരുന്നാലും ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് തലച്ചോറില്‍  നമ്മുടെ  ഉറങ്ങലിന്‍റേയും ഉണരലിന്‍റേയും ക്രമം നിയന്ത്രിക്കുക എന്ന ചുമതല നിര്‍വഹിക്കുന്ന ഹൈപോക്രേറ്റിന്‍ എന്ന രാസവസ്തുവിന്‍റെ ഉത്പാദനത്തില്‍ കുറവുവരുന്നതിന് കാരണമായ ജനിതകമായ ഘടകങ്ങളാകാം നാര്‍കോലെപ്സിക്ക് കാരണമാകുന്നതെന്നാണ്.  ഉണര്‍ന്നിരിക്കുന്ന അവസ്ഥയില്‍ നിന്ന് പെട്ടന്ന് ഉറക്കത്തിലേക്കും തിരിച്ചും നിങ്ങളെ മാറ്റിക്കളയും എന്നതാണ് തലച്ചോറില്‍ നിന്ന് സന്ദേശങ്ങള്‍ കൈമാറുന്ന ഈ ന്യൂറോട്രാന്‍സ്മിറ്റര്‍ കുറഞ്ഞാലുണ്ടാകുന്ന ഫലം. ഇത് നാര്‍കോലെപ്സിക്ക് കാരണമായേക്കാവുന്ന സാധ്യതകളില്‍ ഒന്നുമാത്രമാണ്.
 
 

Q

നാര്‍കോലെപ്സിക്ക് ചികിത്സ നേടല്‍

A

 
നാര്‍കോലെപ്സിക്ക് പ്രതിവിധിയുള്ളതായി അറിയില്ല, എന്നാല്‍ മരുന്നിലൂടേയും ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടേയും നിങ്ങള്‍ക്ക് ഈ തകരാറിന്‍റെ ലക്ഷണങ്ങള്‍ നിയന്ത്രിക്കാവുന്നതാണ്. പകല്‍ ഉണര്‍ന്നിരിക്കാന്‍ നിങ്ങളെ സഹായിക്കുന്ന ചില ഉദ്ദീപനൗഷധങ്ങള്‍ (ശൊേൗഹമിേെ) നിങ്ങള്‍ക്ക് നല്‍കിയേക്കാം. അതുപോലെ തന്നെ  മിഥ്യാഭ്രമം, മോഹാലസ്യം, ഉറങ്ങി തളര്‍ന്നു വീഴല്‍ തുടങ്ങിയവ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ആന്‍റിഡിപ്രസ്സന്‍റുകളും ഡോക്ടര്‍ നിങ്ങള്‍ക്ക് ശുപാര്‍ശ ചെയ്തേക്കാം. 
ജീവിതശൈലീ മാറ്റങ്ങളും നാര്‍കോലെപ്സി നിയന്ത്രിക്കാന്‍ സഹായകരമാണ്. വളരെ കണിശമായ ഒരു ഉറക്ക ശീലം (എന്നും ഒരേസമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക) പാലിക്കുയയും ഒരു സമയപട്ടികയുണ്ടാക്കി അതുപ്രകാരം പകല്‍ ലഘുനിദ്രകള്‍ (അല്‍പ്പനേരത്തെ മയക്കം) നടത്തുകയും ചെയ്യുന്നതും നാര്‍കോലെപ്സി ഒഴിവാക്കാന്‍ സഹായിക്കും. നിങ്ങളുടെ ആരോഗ്യനില വര്‍ദ്ധിപ്പിക്കുന്നതിനായി ചിട്ടയായ ഒരു വ്യായാമ ശീലം പിന്തുടരുകയും മദ്യപാനവും പുകവലിയും കഫീനും  ഒഴിവാക്കുകയും ചെയ്യുക. 
 
 

Q

നാര്‍കോലെപ്സിയുള്ള ആളെ പരിചരിക്കല്‍

A

 
പൊതുജനത്തിന് നാര്‍കോലെപ്സിയെക്കുറിച്ച് അറിവില്ലാത്തതിനാല്‍  ഇതിന്‍റെ ലക്ഷണങ്ങള്‍ കാണിക്കുന്ന ആളുകളെ അവര്‍ അവജ്ഞയോടെ യായിരിക്കും നോക്കുക. ഉദാഹരണത്തിന്, ഒരു ഓഫീസ് സാഹചര്യത്തില്‍ അമിതമായ ഉറക്കം തൂങ്ങല്‍, അല്ലെങ്കില്‍ പെട്ടന്ന് ഉറങ്ങിപ്പോകല്‍ ഒരാളേക്കുറിച്ച് വളരെയധികം ദോഷകരമായ അഭിപ്രായങ്ങള്‍ ഉണ്ടാകുന്നതിന് കാരണമായേക്കാം. പരിചരണം കൊടുക്കുന്ന ആള്‍ എന്ന നിലയ്ക്ക് നിങ്ങള്‍ ഈ ലക്ഷണമുള്ളയാള്‍ക്ക് വളരെയധികം പിന്തുണ കൊടുക്കണം എന്നത് വളരെ  പ്രധാനപ്പെട്ട കാര്യമാണ്. ഈ അവസ്ഥയെക്കുറിച്ച് അവരോട് സംസാരിക്കുകയും ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുക.  അതുപോലെ തന്നെ അവരെ മദ്യവും പുകയിലയും കഫീനും ഉപയോഗിക്കുന്നത് നിര്‍ത്താന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. നിങ്ങള്‍ അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും മനസിലാക്കാനും എപ്പോഴും സന്നദ്ധമാണ് എന്ന കാര്യം അവരെ ബോധ്യപ്പെടുത്തുക. നാര്‍കോലെപ്സിയുടെ ലക്ഷണങ്ങള്‍ നിയന്ത്രിക്കുന്നതില്‍ മരുന്നും അതോടൊപ്പം കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമുള്ള പിന്തുണയും വേണം. ഇക്കാര്യത്തില്‍ മരുന്നിനും പിന്തുണയ്ക്കും തുല്യപ്രധാന്യമാണ് പരിഗണിക്കപ്പെടുന്നത്. 
 
 

Q

നാര്‍കോലെപ്സിയെ വിജയകരമായി നേരിടല്‍

A

 
നാര്‍കോലെപസിയുമായി ജീവിക്കേണ്ടി വരിക എന്നത് വലിയ വെല്ലുവിളിയാണ്, എന്നാല്‍ ചെറിയ ചില മാറ്റങ്ങളിലൂടെ അല്ലെങ്കില്‍ നീക്കുപോക്കുകളിലൂടെ നീങ്ങള്‍ക്കൊരു സാധാരണ ജീവിതം നയിക്കാനാകും. ഇതില്‍ പ്രഥമ പ്രധാനമായ കാര്യം ജോലിസ്ഥലത്ത് അല്ലെങ്കില്‍ സ്കൂളില്‍ (അദ്ധ്യാപകരോട്, മേലുദ്യോസ്ഥരോട്) ആളുകളോട് നിങ്ങളുടെ പ്രശ്നത്തെക്കുറിച്ച് സംസാരിക്കുക എന്നതാണ്, അങ്ങനെയാകുമ്പോള്‍ നിങ്ങള്‍ക്ക് ആവശ്യമായ വിശ്രമത്തിന് സമയം ഉണ്ടാക്കാന്‍ ഒരു വഴികണ്ടെത്താനാകും. ഉറക്കം തൂങ്ങലിന്‍റെ ഒരു ചെറിയ സൂചനയെങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കില്‍ വാഹനമോടിക്കലോ അല്ലെങ്കില്‍ അപകട സാധ്യതയുള്ള മറ്റ് പ്രവര്‍ത്തികളോ ഒഴിവാക്കുക. വാഹനം ഓടിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഉറക്കം തൂങ്ങല്‍ ഉണ്ടാകുന്നു എങ്കില്‍ വാഹനം അരികുചേര്‍ത്ത് ഒതുക്കി നിര്‍ത്തുകയും ഒന്നു വിശ്രമിക്കുകയും ചെയ്യുക. ഒരു ചിട്ടയായ വ്യായാമ ശീലം വളര്‍ത്തിയെടുക്കുന്നതും ഗുണകരമായിരിക്കും, ഇത് നിങ്ങളുടെ ആരോഗ്യനില വര്‍ദ്ധിപ്പിക്കും. മദ്യവും പുകയിലയും നിക്കോട്ടിനും ഒഴിവാക്കുക. ഡോക്ടര്‍ ഒരു ചികിത്സാ പദ്ധതി നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അത് കൃത്യമായി പിന്തുടരണമെന്നത്  വളരെ പ്രധാനപ്പെട്ടകാര്യമാണ്. അതുപോലെ തന്നെ ചികിത്സാകാലത്ത് ഏതെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലമോ നിങ്ങളുടെ ലക്ഷണങ്ങളില്‍ എന്തെങ്കിലും മാറ്റമോ കാണുന്നു എങ്കില്‍ ഉടനടിതന്നെ അത് ഡോക്ടറെ അറിയിക്കുകയും വേണം.
 
  
 
  

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org