റെസ്റ്റ്ലസ് ലെഗ്സ് സിന്‍ഡ്രം (കാല് ഇളക്കല്‍ പ്രവണത)

Q

എന്താണ് റെസ്റ്റ്ലസ് ലെഗ്സ് സിന്‍ഡ്രം (ആര്‍ എല്‍ എസ്) ?

A

 
 
 
ഒരു വ്യക്തിക്ക് തന്‍റെ കാല് ഇടയ്ക്കിടയ്ക്ക് ഇളക്കിക്കൊണ്ടിരിക്കാനുള്ള ത്വര അനുഭവപ്പെടുന്ന ഒരു തരം നാഡീസംബന്ധമായ തകരാറാണ ആര്‍ എല്‍ എസ് അഥവാ  റെസ്റ്റ്ലസ് ലെഗ്സ് സിന്‍ഡ്രം. ഇതുള്ള വ്യക്തികള്‍ക്ക് അവര്‍ അനങ്ങാതിരിക്കുമ്പോള്‍ കാലില്‍ വളരെ അസ്വസ്ഥത  (സെന്‍സേഷന്‍) തോന്നുകയും കാല് ഇളക്കുകയോ നടക്കുകയോ ചെയ്യുമ്പോള്‍ സാധാരണയായി ഇത് ശമിക്കുകയും ചെയ്യുന്നു. ആര്‍ എല്‍ എസ് ഉള്ളവര്‍ക്ക് രാത്രികാലത്ത് നിരവധി തവണ അനുഭവപ്പെട്ടേക്കാവുന്ന ഈ അസ്വസ്ഥത (സെന്‍സേഷന്‍) മൂലം ഉറക്കത്തിന് പ്രയാസം ഉണ്ടാകുന്നു. ഇതവര്‍ക്ക് നല്ല ഉറക്കം കൊടുക്കാത്തതുകൊണ്ട് പകല്‍ സമയത്ത് അവര്‍ ഉറക്കംതൂങ്ങികളാകുന്നു. ആര്‍ എല്‍ എസ് ഒരാള്‍ക്ക് കാറില്‍ ദീര്‍ഘദൂര യാത്ര അല്ലെങ്കില്‍ വിമാനയാത്ര ദുഷ്കരമാക്കുന്നു.  ആര്‍ എല്‍ എസ് വളരെ മാനസിക പിരിമുറുക്കം ഉണ്ടാക്കിയേക്കാം എങ്കിലും ചില മരുന്നുകള്‍ കൊണ്ടും ജീവിത ശൈലീ മാറ്റങ്ങള്‍ കൊണ്ടും ഇത് മിക്കവാറും എല്ലായ്പ്പോഴും ചികിത്സ സാധ്യമായ അവസ്ഥയാണ്. 
 
 

Q

ആര്‍ എല്‍ എസിന്‍റെലക്ഷണങ്ങള്‍ എന്തെല്ലാം ?

A

 
ആര്‍ എല്‍ എസിന്‍റ പ്രധാന ലക്ഷണങ്ങള്‍ താഴെ പറയുന്നു : 
  • കാലില്‍ സുഖകരമല്ലാത്ത ഒരുതരം അസ്വസ്ഥത (സെന്‍സേഷന്‍)  : നിങ്ങള്‍ക്ക് കാലില്‍ ഒരുതരം ചൊറിച്ചിലോ പുകച്ചിലോ, അല്ലെങ്കില്‍ ഇഴച്ചില്‍ പോലെയോ ഉള്ള ഒരു തരം സംവേദനം (സെന്‍സേഷന്‍)  അനുഭവപ്പെടും. ഇത് നിങ്ങളെ കാലുകള്‍ ഇളക്കാന്‍ നിര്‍ബന്ധിതരാക്കും, അതിലുടെ ഈ അസ്വസ്ഥത (സെന്‍സേഷന്‍)  ഇല്ലാതാകുകയും ചെയ്യും. അപൂര്‍വ്വം ചില കേസുകളില്‍ ഈ അസ്വസ്ഥത (സെന്‍സേഷന്‍) കൈകളില്‍ അല്ലെങ്കില്‍ ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ അനുഭവപ്പെട്ടേക്കാം, പക്ഷെ ഏറ്റവും സാധാരണായി ഉണ്ടാകുന്നത് കാലിലാണ്.
  •  വിശ്രമത്തിലായിരിക്കുമ്പോഴാണ് അസ്വസ്ഥത (സെന്‍സേഷന്‍) തുടങ്ങുന്നത് : നിങ്ങള്‍ അനങ്ങാതെ ഇരിക്കുമ്പോഴോ കിടക്കുമ്പോഴോ മാത്രം ഈ അസ്വസ്ഥത (സെന്‍സേഷന്‍) ഉണ്ടാകുന്നു.
  •   പകല്‍ സമയത്തെ ഉറക്കംതൂങ്ങല്‍ : രാത്രിയില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് കാലിളക്കുന്നതിനുള്ള  ത്വര നിങ്ങളുടെ ഉറക്കം മോശമാക്കുകയും അത് പകല്‍ സമയം നിങ്ങളെ ക്ഷീണിതനും ഉറക്കംതൂങ്ങിയുമാക്കുകയും ചെയ്യും. ഉറക്കക്കുറവ് മൂലം നിങ്ങള്‍ അസ്വസ്ഥനും മുന്‍കോപിയും ആയിത്തീര്‍ന്നേക്കാം.
വളരെയധികം ആളുകള്‍ ആര്‍ എല്‍ എസിന്‍റെ ലക്ഷണങ്ങള്‍ അത്ര ഗൗരവത്തിലെടുക്കേണ്ടവയല്ലെന്ന് കരുതുകയും അവ എങ്ങനെയാണ് തങ്ങളുടെ ജീവിതനിലവാരം കുറയ്ക്കുന്നതെന്ന് തിരിച്ചറിയാതിരിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ടവരാരെങ്കിലും ഇടയ്ക്കിടയ്ക്ക് കാല്‍ പിടപ്പിക്കുകയോ അങ്ങോട്ടുമിങ്ങോട്ടും മാറ്റിവെയ്ക്കുകയോ ചെയ്യുന്നതായി അല്ലെങ്കില്‍ ആര്‍ എല്‍ എസിന്‍റെ മറ്റ് ലക്ഷണങ്ങള്‍ കാണിക്കുന്നതായി നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഈ തകരാറിനെക്കുറിച്ച് അവരോട് സംസാരിക്കുകയും ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യുക.
 
 

Q

എന്താണ് ആര്‍ എല്‍ എസിന് കാരണമാകുന്നത് ?

A

 
ആര്‍ എല്‍ എസിന് കാരണം ഓരോ വ്യക്തിയിലും വ്യത്യസ്തമായേക്കാം. ചില കേസുകളില്‍ കാരണം അജ്ഞാതവുമാണ്. ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് ഇത് പേശീ ചലനങ്ങളെ നിയന്ത്രിക്കുന്ന ഡോപാമൈന്‍റെ അസന്തുലിതാവസ്ഥ മൂലം സംഭവിക്കുന്നു എന്നാണ്. അറിയപ്പെടുന്ന മറ്റ് കാരണങ്ങള്‍ താഴെ പറയുന്നു : 
  • ഇരുമ്പുസത്തിന്‍റെ കുറവ് : ശരീരത്തില്‍ ഇരുമ്പിന്‍റെ അളവില്‍ കുറവുണ്ടാകുന്നത് തലച്ചോറിലെ കോശങ്ങളുടെ ആശയവിനിമയത്തില്‍ കുഴപ്പങ്ങളുണ്ടാക്കുകയും അതിന്‍റെ ഫലമായി ആര്‍ എല്‍ എസ് ഉണ്ടാകുകയും ചെയ്യാം. 
  •  കുടുംബ പാരമ്പര്യം:  ചിലപ്പോള്‍ ആര്‍ എല്‍ എസ് കുടുംബത്തില്‍ ഒരു തുടര്‍ച്ചയായി ഉണ്ടാകാം. മുന്‍തലമുറയില്‍ ആര്‍ക്കെങ്കിലും ഇത് ഉണ്ടായിരുന്നു എങ്കില്‍ നിങ്ങള്‍ക്കും അത് ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയേറെയാണ്. 
  • മറ്റ് രോഗാവസ്ഥകള്‍ : വൃക്കകളുടെ തകരാറ്, പ്രമേഹം, നാഡികളുടെ തകരാറ്, സന്ധിവാതം, വിളര്‍ച്ച തുടങ്ങിയ അവസ്ഥകളും ആര്‍ എല്‍ എസിന് കാരണമായേക്കാം.  ഈ അവസ്ഥകള്‍ക്ക് ചികിത്സ ആരംഭിക്കുന്നതോടെ ആര്‍ എല്‍ എസിന്‍റെ ലക്ഷണങ്ങളും കുറയും.
  •  ഗര്‍ഭകാലം : സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്ത് ആര്‍ എല്‍ എസ് അനുഭവപ്പെടാറുണ്ട്. എന്നാല്‍ പ്രസവം കഴിഞ്ഞ് ഒരുമാസത്തിനുള്ളില്‍ ഇത് കുറയും.
 

Q

ആര്‍ എല്‍ എസിന് ചികിത്സ നേടല്‍

A

 
ജീവിതശൈലിയിലെ ലളിതമായ മാറ്റങ്ങള്‍,  ഈ അവസ്ഥയ്ക്ക് കാരണമായിരിക്കുന്ന അടിസ്ഥാന രോഗാവസ്ഥയ്ക്കുള്ള ചികിത്സ, ആര്‍ എല്‍ എസിന്‍റെ ലക്ഷണങ്ങളെ ചികിത്സിക്കുന്നതിനുള്ള പ്രത്യേക മരുന്നുകള്‍ എന്നിങ്ങനെ വ്യത്യസ്തമായ ചികിത്സകളാണ് ആര്‍ എല്‍ എസിനുള്ളത്.
പ്രാരംഭത്തില്‍ നിങ്ങളോട് ഒരു വ്യായാമമുറ പിന്തുടരുക, അമിതശരീരഭാരമുള്ള വ്യക്തിയാണെങ്കില്‍ ശരീരഭാരം കുറയ്ക്കുക, പുകവലിയും കഫീന്‍ പോലുള്ള ഉത്തേജക പാനീയങ്ങളും ഒഴിവാക്കുക തുടങ്ങിയ ലളിതമായ ജീവിതശൈലീ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചേക്കാം. ഇനി ഇരുമ്പിന്‍റെ കുറവ് പോലുള്ള അടിസ്ഥാന കാരണങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിനുള്ള മരുന്നുകള്‍ നല്‍കും. ഇവ ഡോക്ടര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ മാത്രമേ കഴിക്കാവു. ഈ ചികിത്സകള്‍ നിങ്ങളുടെ പിരിമുറുക്കം കുറച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് താഴെപറയുന്ന ഏതെങ്കിലും മരുന്ന് നിര്‍ദ്ദേശിച്ചേക്കാം : 
  •  പാര്‍ക്കിന്‍സണ്‍ രോഗത്തിനുള്ള മരുന്ന് : ഈ മരുന്നുകള്‍ തലച്ചോറിലെ ഡോപമൈന്‍റെ അളവ് വര്‍ദ്ധിപ്പിക്കുകയും ആര്‍ എല്‍ എസിന്‍റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു വസ്തുത ആര്‍ എല്‍ എസ് ഉണ്ട് എന്നതിന് നിങ്ങള്‍ക്ക് പാര്‍ക്കിന്‍സണ്‍ രോഗമുണ്ട് എന്ന് അര്‍ത്ഥമാക്കേണ്ടതില്ല എന്നതാണ്.
  • മയക്കമുണ്ടാക്കുന്ന വേദനാ മരുന്നുകള്‍ : ഓപിയോയ്ഡ്സ് എന്നറിയപ്പെടുന്ന ഈ മരുന്നുകള്‍ ആര്‍ എല്‍ എസിന്‍റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായകരമാണ് എന്നാല്‍ ഇത് ഉപയോഗിക്കുന്ന വ്യക്തിയില്‍ വീണ്ടും വീണ്ടും കിട്ടുന്നതിനുള്ള ആസക്തിയുണ്ടാകുകയും അതിന് അയാള്‍ അടിമയാകുകയും ചെയ്തേക്കാം എന്ന അപകടസാധ്യതയുണ്ട്.
  •  ഉറക്ക ഗുളികകളും പേശികളുടെ പിരിമുറുക്കം കുറയ്ക്കുന്നതിനുള്ള മരുന്നുകളും : ഈ മരുന്നുകള്‍ നിങ്ങളെ കൂടുതല്‍ എളുപ്പത്തില്‍ ഉറങ്ങാന്‍ സഹായിക്കും എന്നാല്‍ ആര്‍ എല്‍ എസിന്‍റെ ലക്ഷണങ്ങളെ പൂര്‍ണമായും എടുത്തുമാറ്റില്ല. നിങ്ങള്‍ക്ക് വീണ്ടും പകല്‍ ഉറക്കം തൂങ്ങല്‍ അനുഭവപ്പെടും. 
നിങ്ങള്‍ ഒരു ഡോക്ടറെ കാണുകയും  ആ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ചികിത്സാമുറയും മരുന്നുകളും തെറ്റാതെ തുടരുകയും ചെയ്യണം എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ചില മരുന്നുകള്‍ പല വ്യക്തികളിലും പല തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ചിലര്‍ക്ക് രോഗലക്ഷണങ്ങള്‍ കൂടുകയും ചിലര്‍ക്ക് കുറയുകയും ചെയ്യും.അതിനാല്‍ മരിന്ന് എങ്ങനെയാണ് നിങ്ങളെ ബാധിക്കുന്നത് എന്ന കാര്യം സമയാസമയം നിങ്ങളുടെ ഡോക്ടറെ അറിയിച്ചുകൊണ്ടിരിക്കുക.
 
 

Q

ആര്‍ എല്‍ എസ് ഉള്ള വ്യക്തിയെ പരിചരിക്കല്‍

A

 
നിങ്ങള്‍ക്ക് അറിയാവുന്ന ആരെങ്കിലും ആര്‍ എല്‍ എസ് അനുഭവിക്കുണ്ടെങ്കില്‍ അവര്‍ പരിഗണന അര്‍ഹിക്കുന്ന അസ്വസ്ഥതയിലൂടെ കടന്നുപോകുകയാണ് എന്നറിയണം. ഇത് ചികിത്സ സാധ്യമായ ഒരു രോഗാവസ്ഥയാണ് എന്ന കാര്യം മിക്കവര്‍ക്കും റിയില്ല. നിങ്ങള്‍ ഈ തകരാറിനെക്കുറിച്ച് കൂടുതലായി പഠിക്കണം എന്നത് വളരെ പ്രധാനപ്പെട്ട സംഗതിയാണ്. നിങ്ങളുടെ ജീവിതപങ്കാളി ആര്‍ എല്‍ എസ് അനുഭവിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ക്കും നന്നായി ഉറങ്ങുന്നതിന് ബുദ്ധിമുട്ട് ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. നിങ്ങള്‍  ക്ഷമയുള്ളവരായിരിക്കുകയും ഇത് അവരുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല എന്ന വസ്തുത ഓര്‍ക്കുകയുവേണം എന്നത്  വളരെ പ്രധാനപ്പെട്ട സംഗതിയാണ്. ആര്‍ എല്‍ എസ് ഉള്ള വ്യക്തിയോട് അദ്ദേഹത്തിന്‍റെ അവസ്ഥയെക്കുറിച്ച് സംസാരിക്കുകയും ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണാന്‍ ആയാളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. അയാള്‍ക്കുള്ള നിങ്ങളുടെ പിന്തുണ പ്രകടിപ്പിക്കുന്നതിന്‍റെ ഭാഗമായി ഡോക്ടറുടെ അടുത്തേക്ക് കൂടെ ചെല്ലാമെന്നും പറയുക. അതുപോലെ തന്നെ ഈ വ്യക്തി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന ചികിത്സമുറകള്‍ പാലിക്കുന്നുണ്ടെന്നും  നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ലാത്ത മരുന്നുകളൊന്നും കഴിക്കുന്നില്ലായെന്നും ഉറപ്പാക്കുകയും ചെയ്യുക.
 
 

Q

ആര്‍ എല്‍ എസിനെ വിജയകരമായി അഭിമുഖീകരിക്കല്‍

A

 
ആര്‍ എല്‍ എസുമായി ജീവിക്കുക എന്നത് അത്യധികം മാനസിക പിരിമുറുക്കം സൃഷ്ടിക്കുന്ന കാര്യമാണ്. എന്നാല്‍ ഈ അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ നിങ്ങള്‍ക്ക് ചെയ്യാനാകുന്ന ചില കാര്യങ്ങളുണ്ട്. അതിലൊന്ന് ഒരു നല്ല വ്യായാമ ശീലം ഉണ്ടാക്കിയെടുക്കുകയും ഉറക്കത്തിന് ഒരു ചിട്ട കൊണ്ടുവരികയും ചെയ്യുക എന്നതാണ്. ചൂടുവെള്ളത്തിലുള്ള കുളി, തിരുമ്മല്‍, കാലില്‍ ചൂടോ തണുപ്പോ വെയ്ക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ നിങ്ങളുടെ കാലുകളിലെ പേശികള്‍ക്ക് ആയാസം കുറയ്ക്കാന്‍ സഹായകരമായിരിക്കും. പുകവലിയും കോഫീനും ഒഴിവാക്കുന്നതും നിങ്ങളെ നന്നായി ഉറങ്ങാന്‍ സഹായിക്കും.  നിങ്ങളുടെ ഡോക്ടര്‍ നിങ്ങള്‍ക്ക് നിര്‍ദ്ദേശിച്ചിരിക്കുന്ന ചികിത്സാമുറയില്‍ തെറ്റാതെ ഉറച്ചു നില്‍ക്കുകയും നിങ്ങളുടെ ലക്ഷണങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ഡോക്ടറെ യഥാസമയം അറിയിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org