സ്കിസോഫ്രീനിയയുള്ള ഒരു വ്യക്തിയോട് സംസാരിക്കേണ്ട വിധം

Q

സ്കിസോഫ്രീനിയയുള്ള ഒരാളോട് സംസാരിക്കുക എന്നത് വളരെ ബുദ്ധിമുട്ടായി തോന്നിയേക്കാം

A

 
 
മാനസികാരോഗ്യ തകരാറുള്ള ഒരു വ്യക്തിയോട് സംസാരിക്കുക എന്നത് വളരെവലിയ വെല്ലുവിളിയായി നമുക്ക് തോന്നിയേക്കാം, , പക്ഷെ അത് അങ്ങനെയല്ല.. വൈഷമ്യത്തിനും മടിയ്ക്കും സംസാരിക്കണോ വേണ്ടയോ എന്ന സംശയത്തിനും കാരണമായേക്കാവുന്ന നിരവധി കാര്യങ്ങളുണ്ട്. " എന്താണ് പറയേണ്ടതെന്ന് എനിക്ക് ഉറപ്പില്ല", ഞാന്‍ നല്ലതാണ് ഉദ്ദേശിക്കുന്നത് എന്നാല്‍ അനാവശ്യമായി തലയിടുന്നതായി തോന്നുമോ?"  മാനസികാരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വലിയ അപമാനം സമൂഹത്തിലുണ്ട്, എനിക്ക് അയാളുടെ പ്രശ്നത്തെക്കുറിച്ച് അറിയാമെതില്‍ അയാള്‍ക്ക് വിഷമമുണ്ടാകുമോ? അവര്‍ക്ക് എന്‍റെ സംസാരം മോശമായി തോന്നിയാലോ? അവര്‍ക്ക് ഇഷ്ടക്കേടാകാത്ത വിധത്തില്‍ ഞാനെന്താണ് പറയേണ്ടത് ? എനിക്കവരെ വിഷമിപ്പിക്കാന്‍ താല്‍പര്യമില്ല, അവരുടെ പ്രതികരണം കൈകാര്യം ചെയ്യാന്‍ എനിക്ക് പറ്റിയില്ലെങ്കില്‍ എന്താകും? ഇത്തരത്തിലുള്ള നമ്മുടെ ഭയവും ആശങ്കയും മൂലം മാനസികാരോഗ്യ പ്രശ്നങ്ങളുള്ള വ്യക്തികളുമായി ഇടപെടുമ്പോള്‍  അമിതശ്രദ്ധ പുലര്‍ത്താനും അമിതമായി ആശങ്കപ്പെടാനും ഒരു പ്രവണത നമുക്കുണ്ടാകുന്നു. 
പരിചരിക്കുന്നവര്‍ അല്ലെങ്കില്‍ സംരക്ഷിക്കുന്നവര്‍ എന്ന നിലയ്ക്ക്, സ്കിസോഫ്രീനിയയുള്ള വ്യക്തിയുടെ കുടുംബാംഗങ്ങള്‍ക്ക്, സുഹൃത്തുക്കള്‍ക്ക് അല്ലെങ്കില്‍ സഹപ്രവര്‍ക്ക് അവരോടൊപ്പം ഉണ്ടായിരിക്കുകയും അവരോട് സാധാരണ സംഭാഷണത്തിലേര്‍പ്പെടുകയും ചെയ്തുകൊണ്ട് ആ വ്യക്തികളെ സഹായിക്കാനാകും.

Q

സ്കിസോഫ്രീനിയയുള്ള ഒരു വ്യക്തിയോട് സംസാരിക്കുക എന്നതിന് എന്താണ് അത്ര പ്രാധാന്യം?

A

 
സ്കിസോഫ്രീനിയയുള്ള ഒരു വ്യക്തിക്ക് അതില്‍ നിന്ന് മുക്തി നേടാന്‍ സഹായകരമായ ഒരു സാഹചര്യം ആവശ്യമുണ്ട്. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ തകരാറിനെക്കുറിച്ച് അവബോധം പുലര്‍ത്തിക്കൊണ്ടും അവര്‍ക്ക് ആവശ്യമുള്ളപ്പോള്‍ വേണ്ട സഹായം കൊടുത്തുകൊണ്ടും ഒരു സഹായകരമായ അല്ലെങ്കില്‍ പിന്തുണ അനുഭവപ്പെടുന്ന സാഹചര്യം സൃഷ്ടിക്കാനാകും. സ്കിസോഫ്രീനിയ ഉള്ള വ്യക്തി ഈ രോഗംമൂലം ഉള്‍വലിയുകയും ഒറ്റപ്പെട്ടുനില്‍ക്കുകയും ചെയ്യുന്നവരായേക്കും. ഇത് ഒരു പ്രശ്നം തിരിച്ചറിയാനും സഹായം ചോദിക്കാനും അവര്‍ക്ക് അത്യധികമായ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇവിടെ, ഈ വ്യക്തിക്ക് കൂടുതല്‍ പ്രവര്‍ത്തന നിരതമായ അല്ലെങ്കില്‍ സജീവമായ ജീവിതത്തിലേക്ക് മുന്നേറാന്‍ പുറത്തുനിന്നുള്ള ഉത്തേജനം ആവശ്യമാണ്. അതുകൊണ്ടാണ് ഇവരുമായുള്ള ആശയവിനിമയം- അത് പ്രായോഗിക കാര്യങ്ങളെക്കുറിച്ചുള്ളതോ അല്ലെങ്കില്‍ പരസ്പരമുള്ള ഒരു ബന്ധപ്പെടലോ എന്തുമാകട്ടെ- രോഗമുക്തി നേടുന്ന കാര്യത്തില്‍ വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് പറയുന്നത്.
ആളുകളുമായി ബന്ധപ്പെട്ടിരിക്കുന്നതും ആരോഗ്യകരമായ പൊതുസംസാരങ്ങളും സാമൂഹികമായ കാര്യങ്ങള്‍ പങ്കാളിയാകുന്നതുമൊക്കെ സ്കിസോഫ്രീനിയുള്ള വ്യക്തിക്ക് തന്‍റെ ഒറ്റപ്പെടല്‍ മറികടക്കുന്നതിന് സഹായകരമാകും. ഈ വ്യക്തികള്‍ നിരവധി കാരണങ്ങള്‍ കൊണ്ട് സുഹൃത്തുക്കളും വീട്ടുകാരുമായുള്ള ഇടപെല്‍ ഒഴുവാക്കിയേക്കാം. അതിനാല്‍ ആ വ്യക്തിയുമായി ഇടപെടാന്‍ ഒരാള്‍ ചെല്ലുന്നത് അവര്‍ക്ക് ഗുണകരമായേക്കാം.
ഈ വ്യക്തി നിരാശയോടും ആത്മസംഘര്‍ഷത്തോടും നിസ്സഹായതയോടുമെല്ലാം മല്ലിട്ടുകൊണ്ടിരിക്കുകയാകാം, ആരെയാണ് സഹായത്തിനായി സമീപിക്കേണ്ടതെന്ന് അറിയില്ലായിരിക്കാം. ഇത്തരമൊരു സാഹചര്യത്തില്‍, താന്‍ സമീപിക്കുകയാണെങ്കില്‍ തന്നെ സഹായിക്കാന്‍ ഒരാള്‍ തയ്യാറാണെന്ന അറിവ്  ഈ വ്യക്തിക്ക് ലഭിക്കുന്ന വളരെ വലിയ സഹായമായിരിക്കും. എങ്ങനെ ഞാന്‍ ഈ വ്യക്തിയെ സമീപിക്കണം?
നിങ്ങള്‍ക്ക് ആ വ്യക്തിയെക്കുറിച്ച് ഉത്കണ്ഠയുണ്ടെന്നും അവര്‍ക്ക് ആവശ്യമുള്ള എന്ത് സഹായവും ചെയ്തുകൊടുക്കാന്‍ നിങ്ങള്‍ സന്നദ്ധനാണെന്നും പറഞ്ഞുകൊണ്ട് നിങ്ങള്‍ക്ക് അവരെ സമീപിക്കാവുന്നതാണ്.  " നിങ്ങള്‍ ഒരുപാട് വിഷമത അനുഭവിച്ചിട്ടുണെന്ന് എനിക്കറിയാം.എനിക്ക് നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധയുണ്ടെന്നും നിങ്ങളെ സഹായിക്കാന്‍ ഞാന്‍ തയ്യാറാണെന്നും നിങ്ങളെ അറിയിക്കണം എന്നുമാത്രമേ എനിക്കുള്ളു," എന്ന് പറയലാണ് ഇതിനുള്ള ഒരു എളുപ്പ വഴി. 

Q

ഏതുതരത്തിലുള്ള പ്രതികരണം എനിക്ക് പ്രതീക്ഷിക്കാം?

A

 
ഒരു വ്യക്തിയുമായുള്ള  സാധാരണ സംഭാഷണത്തില്‍ നമ്മള്‍ പ്രതീക്ഷിക്കുന്നതുപോലുള്ള ഒരു പ്രതികരണം ആകണമെന്നില്ല,സ്കിസോഫ്രീനിയയുള്ള ഒരു വ്യക്തിയുടെ പ്രതികരണം. ചിലപ്പോള്‍ നിങ്ങളുടെ വാക്കുകള്‍ ചെന്നു മുട്ടുന്നത് മൗനത്തിലോ അല്ലെങ്കില്‍  ഒറ്റവാക്കിലുള്ള ഉത്തരങ്ങളിലോ ആയേക്കാം. ചില കേസുകളില്‍ നിങ്ങള്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ തനിക്ക് അതിയായ താല്‍പര്യമുണ്ട് എന്ന് ഈ വ്യക്തി പറഞ്ഞേക്കാം, പക്ഷെ അവരുടെ മുഖഭാവത്തിലും സ്വരത്തിലും ആ താല്‍പര്യം പ്രതിഫലിച്ചേക്കില്ല. 
നിങ്ങള്‍ ആശയക്കുഴപ്പത്തിലാകുകയും ഈ ഉത്സാഹം വാസ്തവമാണോ എന്ന് മനസിലാക്കാന്‍ ശ്രമിക്കുകയും ചെയ്തേക്കാം, അല്ലെങ്കില്‍ എന്താണ് ഇയാള്‍ ഒരു തരം പലവികാരങ്ങള്‍ ഇടകലര്‍ന്ന സൂചനകള്‍ പ്രകടിപ്പിക്കുന്നത് എന്ന് അത്ഭുതപ്പെട്ടേക്കാം. ഇവിടെ, ആ വ്യക്തിയുടെ പെരുമാറ്റത്തിലെ ഇത്തരത്തിലുള്ള മാറ്റങ്ങളെല്ലാം രോഗം മൂലം ഉണ്ടാകുന്നതാണെന്ന വസ്തുത മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യണം എന്നത് വളരെ പ്രധാനമായ കാര്യമാണ്. നിങ്ങള്‍ ക്ഷമകാണിക്കുകയും ആ വ്യക്തിയോടൊപ്പം നിലനില്‍ക്കുകയും തൃപ്തികരമായ ഒരു പ്രതികരണത്തിനായി കാത്തിരിക്കുകയും വേണം.
നിങ്ങളുടെ അസൗകര്യം, അസ്വസ്ഥത, മടി അല്ലെങ്കില്‍  എന്ത് പറയും, എന്ത് ചെയ്യും എന്ന കാര്യത്തിലുള്ള ഉത്കണ്ഠ തുടങ്ങിയവയൊന്നും ഈ വ്യക്തിയുമായുള്ള സംസാരത്തിന് ഇടയിലേക്ക് കടന്നു വരാന്‍ അനുവദിക്കരുത്, കാരണം അത് മൂലം, നിങ്ങളുമായി സംസാരത്തിലേര്‍പ്പെടുക എന്നത് അയാള്‍ക്ക് ദുഷ്കരമാകും.
ഓര്‍ക്കുക, സ്കിസോഫ്രീനിയയുള്ള ഒരു വ്യക്തി അധികം വികാരപ്രകടനം നടത്തിയേക്കില്ല. പക്ഷെ അതുകൊണ്ട് അവര്‍ക്ക് തീവ്രമായ വികാനുഭവങ്ങള്‍ ഉണ്ടാകുന്നില്ല എന്ന് അര്‍ത്ഥമാക്കരുത്. അതുപോലെ തന്നെ അവര്‍ ഉറക്കെ സംസാരിച്ചില്ലെന്നിരിക്കാം, പക്ഷെ അതിര്‍ത്ഥം അവര്‍ക്ക് ഒരു അഭിപ്രായം ഇല്ലെന്നും അല്ല.

Q

ഔപചാരികത ഇല്ലാതാക്കല്‍

A

 
 
ഒരു സാധാരണ മനുഷ്യനെപ്പോലെ ആ വ്യക്തിയെ സമീപിക്കുക. രോഗം മൂലം അവര്‍ക്ക് ചില പെരുമാറ്റ വൈഷമ്യങ്ങള്‍ ഉണ്ടായേക്കാം. അവരുമായി സാധാരണ രീതിയില്‍ ഇടപെടുക. 
ഒരു പൊതുവായ കാര്യത്തില്‍ സംസാരം തുടങ്ങുക. ഒരു സുഹൃത്ത് അല്ലെങ്കില്‍ സഹപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് നിങ്ങള്‍ ആ വ്യക്തിയുടെ ആരോഗ്യപരമോ വൈകാരികമോ ആയ പ്രശ്നങ്ങളെക്കുറിച്ച് ചോദിക്കേണ്ട ആവശ്യം ഉണ്ടായിരിക്കില്ല. നിങ്ങളുടെ സംസാരം പ്രവര്‍ത്തനപരമായിരിക്കാന്‍ ശ്രദ്ധിക്കുക (ജോലിയെക്കുറിച്ച് അല്ലെങ്കില്‍ പ്രായോഗികമായ പ്രശ്നങ്ങളെക്കുറിച്ച്). അല്ലെങ്കില്‍ ആ വ്യക്തിയുടെ രോഗം മൂലമുള്ള പ്രയാസങ്ങളെക്കുറിച്ചല്ലാത്ത ലളിതമായ എന്തെങ്കിലും കാര്യങ്ങളെക്കുറിച്ച് സംസാരിക്കുക. 
തുറന്ന് ഇടപെടാനും  അവര്‍ക്കുവേണ്ടിയാണ് നിങ്ങളവിടെയുള്ളത് എന്ന് ആ വ്യക്തിയെ ബോധ്യപ്പെടുത്താനും ശ്രമിക്കുക. അതേ സമയം തന്നെ  നിങ്ങളുടെ സഹായ വാഗ്ദാനത്തിലൂടെ നിങ്ങള്‍ അമിതോത്സാഹം പ്രകടിപ്പിക്കുകയോ ആ വ്യക്തിക്ക് ഒരു വിഷമമായി മാറുകയോ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ഉദ്ദേശ്യം ആ വ്യക്തിയെ അറിയിക്കുകയും അവര്‍ നിങ്ങളെ സമീപിക്കുന്നതിനായി കാത്തിരിക്കുകയും ചെയ്യുക. ആ വ്യക്തിയുടെ ഏറ്റവും വലിയ സംഘര്‍ഷം പരിഹരിക്കാന്‍ വേണ്ടത്ര യോഗ്യത നിങ്ങള്‍ക്ക് ഉണ്ടായിരിക്കണമെന്നില്ല എന്ന കാര്യം ഓര്‍ക്കുക. ആ വ്യക്തിയുടെ രോഗത്തിന്‍റെ, രോഗനിര്‍ണയത്തിന്‍റെ അല്ലെങ്കില്‍ ആരോഗ്യസ്ഥിതിയുടെ  വിശദാംശങ്ങള്‍ അന്വേഷിക്കുകയോ അതിലേക്ക് ചുഴിഞ്ഞ് ചെല്ലുകയോ ചെയ്യരുത്. "ആ ശബ്ദം കേള്‍ക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത്?", അല്ലെങ്കില്‍, " ആ സ്വരം നിങ്ങളോട് എന്താണ് പറയുന്നത്?" എന്നതുപോലെ ചുഴിഞ്ഞ് അന്വേഷിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഒഴിവാക്കുക.

Q

നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കല്‍

A

 
 
പലപ്പോഴും, ആ വ്യക്തിക്ക് അയാളുടെ രോഗത്തെ മറികടക്കാന്‍ സഹായകരമായേക്കും എന്ന ചിന്തയില്‍ നമ്മള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ട്. പക്ഷെ  ആ വ്യക്തി അവരുടെ തീരുമാനങ്ങളുടെ ആനന്തരഫലങ്ങള്‍ എന്തായിരിക്കും എന്ന് നിശ്ചയിക്കാന്‍ കഴിയുന്ന ഒരു സ്ഥിതിയില്‍ ആയിരിക്കുകയോ അല്ലായിരിക്കുകയോ ചെയ്യാം, അതിനാല്‍ നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അവര്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയോ അല്ലെങ്കില്‍ തെറ്റായ അര്‍ത്ഥത്തില്‍ എടുക്കുകയോ ചെയ്തേക്കാം എന്ന കാര്യം ഓര്‍ക്കുക. അതുപോലെ തന്നെ അവരെ സുഖപ്പെടാന്‍ സഹായിക്കാനായുള്ള ഡോക്ടറുടേയോ കുടുംബാംഗങ്ങളുടേയോ പരിശ്രമങ്ങളെ വിലകുറച്ച്കാണിക്കുന്ന ഒരു ആശയവും അല്ലെങ്കില്‍ സൂചനയും നിങ്ങളില്‍ നിന്ന് ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കുക.
ഈ വ്യക്തി നിര്‍ദ്ദേശങ്ങള്‍ക്ക് അല്ലെങ്കില്‍ ഉപദേശങ്ങള്‍ക്കായി നിങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു എങ്കില്‍ നിങ്ങളുടെ വാക്കുകള്‍ ശ്രദ്ധിച്ച് അളന്നുതൂക്കി ഉപയോഗിക്കുക. നിങ്ങളുടെ ഉപദേശത്തെ അവര്‍ എങ്ങനെയെടുത്തേക്കാം എന്നതിനെക്കുറിച്ച് ഒരു കരുതലുണ്ടായിരിക്കുക, പ്രത്യേകിച്ച് ചികിത്സയെ സംബന്ധിച്ചുള്ള കാര്യത്തില്‍. ഉദാഹരണത്തിന്, ഈ വ്യക്തി മരുന്നുകഴിക്കാന്‍ താല്‍പര്യമില്ലാത്തയാളാണെങ്കില്‍, മരുന്നുകള്‍ മൂലം ഉറക്കം തൂങ്ങലോ മറ്റു ചില പാര്‍ശ്വഫലങ്ങളോ ഉണ്ടായ ചില കേസുകളുണ്ടെന്നും നിങ്ങള്‍ പറയുന്നത് കേട്ടാല്‍ അതോടെ അവന്‍/അവള്‍ മരുന്നുകഴിക്കുന്നത് പൂര്‍ണമായും അവസാനിപ്പിച്ചേക്കാം. 
രോഗമുക്തിക്ക് സഹായിക്കുന്ന ഒരു നല്ല ചികിത്സയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാമെങ്കില്‍  അതിനെക്കുറിച്ച് രോഗിയുടെ ഡോക്ടറോട്, കൗണ്‍സിലറോട് അല്ലെങ്കില്‍ പരിചരിക്കുന്നവരോട് ചര്‍ച്ചചെയ്യാന്‍ നിര്‍ദ്ദേശിക്കുക. നിലവിലുള്ള ചികിത്സയ്ക്ക് പകരമായിട്ടല്ലാതെ അതിലെ ന്യൂനതകള്‍ പരിഹരിക്കുക എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കാവുന്ന ഏതൊരു ചികിത്സയേക്കുറിച്ചും ഒരു ഡോക്ടറോട് ചോദിക്കുന്നതാണ് ഏറ്റവും നല്ലത്.
ഈ വ്യക്തി ചിപ്പോള്‍ അവരെ ശല്യപ്പെടുത്തുന്നതും രണ്ട് വ്യക്തികള്‍ തമ്മിലുള്ളതുമായ ചില പ്രശ്നങ്ങളുമായി (ഉദാ. പരിചരിക്കുന്നയായുമായുള്ള അല്ലെങ്കില്‍ കുടുംബാംഗങ്ങളുമായുള്ള അഭിപ്രായവ്യത്യാസം മുതലായവ) നിങ്ങളെ സമീപിച്ചേക്കാം. ഇതിനെക്കുറിച്ച് വലുതായൊന്നും നിങ്ങള്‍ക്ക് മനസിലാക്കാനായിട്ടില്ലെങ്കില്‍ ആ വ്യക്തി ചിലപ്പോള്‍ ചില വ്യക്തി ബന്ധങ്ങളിലെ പ്രശ്നങ്ങളുമായി സഹായത്തിനായി അയാളുടെ ഡോക്ടറെയോ കൗണ്‍സിലറേയോ സമീപിക്കാന്‍ നിര്‍ദ്ദേശിക്കുക.

Q

വിശ്വാസം തകര്‍ക്കല്‍

A

 
 
സ്കിസോഫ്രീനിയയുള്ള ഒരു വ്യക്തി നിങ്ങളില്‍ വിശ്വാസം അര്‍പ്പിച്ച് രഹസ്യമായി പറയുകയും എന്നാല്‍ അതില്‍ ഡോക്ടറോ പരിചരിക്കുന്നവരോ അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ ഉണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുകയും ചെയ്താല്‍, നിങ്ങള്‍ എന്തു ചെയ്യണം?
ഈ വ്യക്തി നിങ്ങളോട് പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ അയാള്‍ക്കോ മറ്റുള്ളവര്‍ക്കോ ഭീഷണിയോ അപായകരമോ ആയിട്ടുള്ള എന്തിനെയെങ്കിലും കുറിച്ചുള്ള സൂചനയു (ആത്മഹത്യയെക്കുറിച്ചുള്ള ചിന്ത, ആരെയങ്കിലും കൊല്ലാന്‍ അല്ലെങ്കില്‍ മുറിപ്പെടുത്താനുള്ള ആലോചന മുതലായവ) ഉണ്ടെങ്കില്‍ അത് ആ വ്യക്തിയുടെ കുടുംബത്തേയോ പരിചരിക്കുന്നവരേയോ അറിയിക്കേണ്ട ആവശ്യമുണ്ടോ ഇല്ലയോ എന്നാലോചിക്കുക.
രോഗമുള്ള വ്യക്തി നിങ്ങളോട് പറഞ്ഞ എല്ലാ കാര്യങ്ങളും പരിചരിക്കുന്നവരോട് പറയേണ്ട കാര്യമില്ല, കാരണം അതിലൂടെ അവര്‍ ചിലപ്പോള്‍ പരിഭ്രാന്തരോ നിസ്സഹായരോ ആയേക്കാം.  പകരം, നിങ്ങളുടെ ഉത്കണഠകളും രോഗമുള്ള വ്യക്തി പറഞ്ഞ എന്ത് കാര്യമാണ് നിങ്ങളെ ആ ഉത്കണ്ഠകളിലേക്ക് നയിച്ചതെന്നതും  അവരോട് പറയാവുന്നതാണ്.
അവനവനേയോ മറ്റുള്ളവരേയോ അപായപ്പെടുത്തണം എന്ന ചിന്ത  നിസാരമായെടുക്കാവുന്ന കാര്യമല്ലെന്ന് ഈ വ്യക്തിയോട് പറയണം. അതുപോലെതന്നെ, ഇത്തരത്തിലുള്ള വ്യഗ്രതകളെക്കുറിച്ച് അവരുടെ കുടുംബത്തിന് അറിയാനാകുന്നത് സഹായകരമായിക്കുമെന്നും സൗമ്യതയോടെ അവരോട് പറയുക. എന്തുകൊണ്ടാണ് നിങ്ങള്‍ ഇത് പറയുന്നതെന്നും വ്യക്തമാക്കുക. ഉദാഹരണത്തിന് : " എനിക്ക് നിങ്ങളെക്കുറിച്ച് ഉത്കണ്ഠയുണ്ട് അതിനാല്‍ ഈ വിവരം നിങ്ങളുടെ കുടുംബവുമായി പങ്കുവെയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാരണം, അവര്‍ക്കിത് മനസിലാക്കാനും ഇത് കൈകാര്യം ചെയ്യാന്‍ നിങ്ങളെ സഹായിക്കാനും കഴിയും." എന്ന് പറയാം. ഇത് ആ വ്യക്തിക്ക് നിങ്ങള്‍ അയാളെ ചതിക്കുകയല്ലെന്നും  അവരുടെ പിന്നില്‍ നിന്ന് കളിക്കുകയല്ലെന്നും മനസിലാക്കാന്‍ സഹായിക്കും. സ്കിസോഫ്രീനിയയെക്കുറിച്ച് സ്വയം അറിവ് നേടുക, പക്ഷെ ഈ തകരാറുള്ള എല്ലാവരും എല്ലാ ലക്ഷണങ്ങളും കാണിക്കാറില്ല എന്ന കാര്യം മനസില്‍ സൂക്ഷിക്കുകയും ചെയ്യുക. സ്കിസോഫ്രീനിയയുള്ള നിങ്ങളുടെ സുഹൃത്ത് അല്ലെങ്കില്‍ സഹപ്രവര്‍ത്തകന്‍ നിങ്ങള്‍ക്ക് ചുറ്റുമുള്ള മറ്റുള്ളവരില്‍ നിന്ന് ഏറെയൊന്നും വ്യത്യസ്തരല്ല. തുറന്ന മനസ്സോടെ പെരുമാറുകയും ക്ഷമകാണിക്കുകയും കരുതലോടിരിക്കുകയും ചെയ്യുന്നത് ഈ വ്യക്തിയുമായി ഒരു സാധാരണ ബന്ധം നിലനിര്‍ത്താന്‍ നിങ്ങളെയും നന്നായിരിക്കാന്‍ അവരേയും  സഹായിക്കും. 

Q

സ്കിസോഫ്രീനിയയുള്ള ആളുകളുമായി ഇടപെടുന്നതിനുള്ള ചില നിര്‍ദ്ദേശങ്ങള്‍

A

 
നിങ്ങള്‍ മറ്റുള്ളവരുമായി സംസാരിക്കുന്നതുപോലെ തന്നെ അവരുമായും സംസാരിക്കുക. മിക്കവാറും സമയത്ത് സാധാരണ പ്രതികരണമായിരിക്കും. ചിലസമയത്ത് നിങ്ങക്ക് കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള തരത്തില്‍ പ്രതികരിച്ചേക്കാം. സ്കിസോഫ്രീനിയയുടെ ലക്ഷണങ്ങള്‍ ഒരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും അതില്‍ ഓരോരോ സമയത്ത് മാറ്റം വരുകയും ചെയ്തേക്കാം. നിങ്ങള്‍ക്ക് ലഭിച്ചേക്കാവുന്ന ചില തരം പ്രതികരണങ്ങള്‍ താഴെ പറയുന്നു :
  •   ഈ വ്യക്തി അത്രയ്ക്ക് ആശയവിനിമയം നടത്താത്തയാളായേക്കാം, അല്ലെങ്കില്‍ നിങ്ങളോട് താല്‍പര്യമില്ലാത്ത മട്ടില്‍ പെരുമാറിയേക്കാം. അത്തരം സാഹചര്യങ്ങളില്‍ നിങ്ങള്‍ തണുപ്പന്‍ മട്ട് കാര്യമാക്കാതിരിക്കുകയും ആ വ്യക്തി ഇഷ്ടക്കേട് കാണിക്കുംവരെ സംസാരം തുടരുകയും ചെയ്യുക. (സ്കിസോഫ്രീനിയയുള്ള വ്യക്തികള്‍ക്ക് അവരനുഭവിക്കുന്ന വികാരങ്ങള്‍ പ്രകടിപ്പിക്കാനായേക്കില്ല. അവര്‍ ചുറ്റുമുള്ളവര്‍ക്ക്  മുഷിഞ്ഞിരിക്കുന്നതായോ അല്ലെങ്കില്‍ താല്‍പര്യമില്ലാതിരിക്കുന്നവര്‍  ആയോ കാണപ്പെട്ടേക്കാം.)
  •  ഈ വ്യക്തിക്ക് ചില വിചിത്രമായ സംസാര രീതികള്‍ അല്ലെങ്കില്‍ പെരുമാറ്റം ഉണ്ടായേക്കാം. ഇതിലേക്ക് അവരുടെ ശ്രദ്ധക്ഷണിക്കുകയോ ഈ വ്യക്തി എന്താണ് ഇങ്ങനെ പെരുമാറുന്നതെന്ന്  ചോദിക്കുകയോ ചെയ്യരുത്. സംസാരം സാധാരണമട്ടില്‍ തുടരുക.
  •  ഈ വ്യക്തി ഉചിതമല്ലാത്ത ഭാവങ്ങളോടെ പ്രതികരിച്ചേക്കാം. ഇത് അസ്വസ്ഥതയ്ക്കോ സംഭ്രമത്തിനോ മറ്റോ കാരണമാകുന്നു എങ്കില്‍ ആ വ്യക്തി ശാന്തനാകുകയും നിങ്ങള്‍ക്ക് വീണ്ടും സംസാരിക്കാന്‍ ബുദ്ധിമുട്ടില്ല എന്ന് തോന്നുകയും ചെയ്യുന്നതുവരെ കുറച്ചു നേരത്തേക്ക് സംസാരം നിര്‍ത്തിവെയ്ക്കുക. 
  •  ഈ വ്യക്തിക്ക് നിങ്ങളുടെ ഉദ്ദേശ്യത്തില്‍ സംശയം ഉണ്ടാകുകയും  നിങ്ങളോട് ദേഷ്യപ്പെടുകയും ചെയ്തേക്കാം. ഈ വ്യക്തിയെ അസ്വസ്ഥതപ്പെടുത്തുന്ന എന്തിനെക്കുറിച്ചും ഉള്ള സംസാരം ഒഴിവാക്കുക. നിങ്ങള്‍ക്ക് അവരില്‍ ശ്രദ്ധയുണ്ടെന്നും അവര്‍ തയ്യാറാണെങ്കില്‍ സംസാരം തുടരാന്‍ നിങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്നും ഉറപ്പുകൊടുക്കുക.
 
 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org