ചോദ്യോത്തരങ്ങള്‍ : സ്കിസോഫ്രീനിയയുള്ള ആളെ പരിചരിക്കല്‍

Q

സ്കിസോഫ്രീനിയ ചികിത്സിക്കാനാകുമോ ?

A

 
മറ്റ് പല മാനസിക തകരാറുകളേയും പോലെ സ്കിസോഫ്രീനിയയും ഫലപ്രദമായി ചികിത്സിക്കാവുന്ന ഒരു രോഗമാണ്. മിക്കവാറും കേസുകളില്‍ ചികിത്സ കൊടുത്താന്‍ ഏതാണ്ട് സ്വതന്ത്രമായി ജീവിക്കാവുന്ന അവസ്ഥയിലേക്ക് രോഗിക്ക് മടങ്ങിവരാനും കഴിയും. പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം തുടങ്ങിയ ദീര്‍ഘകാലം നിലനില്‍ക്കുന്ന ശാരീരിക രോഗങ്ങളെപ്പോലെ തന്നെ മരുന്നും പിന്തുണയും കൊണ്ട് ഈ തകരാറും നന്നായി നിയന്ത്രിക്കാനാകും. ഇതിന് ആകെ വേണ്ടത് ശരിയായി മരുന്നുകഴിക്കലും കുടുംബത്തിന്‍റേയും സുഹൃത്തുക്കളുടേയും പിന്തുണയും കൃത്യതയുള്ള ഒരു ദിനചര്യയും അനുയോജ്യമായ മാനസിക-സാമൂഹിക സാഹചര്യവുമാണ്.
"സ്കിസോഫ്രീനിയയുള്ളവരില്‍ മൂന്നിലൊന്ന് പേര്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുകയും, മൂന്നിലൊന്നുപേര്‍ പ്രാവര്‍ത്തികമായ ജീവിതത്തിന്‍റെ തലത്തിലേക്ക് അതായത് സാധാരണ നിലയ്ക്ക് തൊട്ടുതാഴേക്ക് മടങ്ങി വന്ന് ഈ അവസ്ഥയെ വിജയകരമായി നേരിടാനുള്ള ശേഷി കൈവരിക്കുകയും ബാക്കിയുള്ള മൂന്നിലൊന്നുപേര്‍ക്ക് ഒരു പ്രാവര്‍ത്തികമായ ജീവിതം നയിക്കുന്നതിന് കൂടുതല്‍ സഹായം വേണ്ടി വരികയും ചെയ്യും. പ്രാരംഭത്തിലേ രോഗം കണ്ടെത്തുക എന്നതാണ് പ്രധാന കാര്യം. എത്ര നേരത്തേ നിങ്ങള്‍ പ്രശ്നം തിരിച്ചറിയുകയും രോഗനിര്‍ണയം നടത്തുകയും എത്ര കണിശമായി ചികിത്സ പിന്തുടരുകയും ചെയ്യുന്നുവോ അത്രയും നല്ല ഫലം കിട്ടും",  എന്ന് പറയുന്നു മനോരോഗചികിത്സകനും റിച്ച്മോണ്ട് ഫെല്ലോഷിപ് സൊസൈറ്റി (ബാഗ്ലൂര്‍ ശാഖ)യുടെ എം ഡിയും സി ഇ ഒ ആയ ഡോ. എസ് കല്യാണസുന്ദരം- എം ഡി.

Q

രോഗിയെ പരിചരിക്കുന്നവര്‍ക്ക് രോഗം കണ്ടെത്തുന്നതിലും ചികിത്സയിലുമുള്ള പങ്കെന്ത് ?

A

 
സ്കിസോഫ്രീനിയ മെല്ലെമെല്ലെയാണ് വര്‍ദ്ധിക്കുന്നത്. ചികിത്സിക്കപ്പെട്ടില്ലെങ്കില്‍ കുറച്ചുനാള്‍ കഴിയുമ്പോള്‍ ലക്ഷണങ്ങള്‍ വളരെ വഷളാകും. സ്കിസോഫ്രീനിയയുള്ള വ്യക്തി തന്‍റെ പെരുമാറ്റം വിചിത്രവും അസാധാരണവുമാണെന്നത് അറിയുന്നുണ്ടാകില്ല. ആ വ്യക്തിയുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് അയാള്‍ക്ക് ഒരു തകരാറുണ്ടെന്ന കാര്യം തിരിച്ചറിയാനും ശരിയായ ചികിത്സ നേടാന്‍ അയാളെ സഹായിക്കാനും കഴിയുക.
സ്കിസോഫ്രീനിയയുടെ അക്രമണത്തിന്‍റെ ആദ്യ കാലമാണ് ഈ തകരാറ് തിരിച്ചറിയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള ഏറ്റവും മികച്ച സമയം. എത്ര നേരത്തേ ചികിത്സ തുടങ്ങുന്നുവോ മരുന്നുകള്‍ ഫലപ്രദമാകാന്‍ അത്രയും സാധ്യത കൂടുതലായിരിക്കും. സ്കിസോഫ്രീനിയ ബാധിച്ചിരിക്കുന്നതിന്‍റെ ആദ്യകാല ലക്ഷണങ്ങളില്‍ പ്രത്യേകിച്ച് പ്രകോപനപരമായ കാരണമൊന്നുമില്ലാതെതന്നെ മുന്‍കോപം കൂടുക, ഒറ്റപ്പെട്ടുനില്‍ക്കുക, ഉറക്കവും വിശപ്പും നഷ്ടപ്പെടുക, പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ പുഞ്ചിരിക്കുകയോ പൊട്ടിച്ചിരിക്കുകയോ ചെയ്യുന്നതുപോലുള്ള വിചിത്രമായ പെരുമാറ്റങ്ങള്‍, ഏകാഗ്രത നഷ്ടപ്പെടുക, ശുചിത്വത്തിലും അണിഞ്ഞൊരുങ്ങി നടക്കുന്നതിലും താല്‍പര്യമില്ലാതാകുക തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുന്നു. ഇതിലേതെങ്കിലുമൊരു ലക്ഷണം ഉണ്ടായി എന്നതുകൊണ്ട് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സ്കിസോഫ്രീനിയയാണ് എന്ന് കരുതരുത് എന്നതാണ് ഇവിടെ പ്രത്യേകം ഓര്‍ക്കേണ്ട കാര്യം. സ്കിസോഫ്രീനിയ ഉള്ള വ്യക്തി കുറേനാള്‍ ഈ ലക്ഷണങ്ങള്‍ കൂടിക്കലര്‍ന്ന ഒരവസ്ഥ പ്രകടിപ്പിക്കുകയും ഈ ലക്ഷണങ്ങള്‍ ഏതാനും ആഴ്ചയിലേക്ക് അല്ലെങ്കില്‍ മാസത്തേക്ക് ക്രമേണ വികസിക്കുകയും ചെയ്യും. ഇവര്‍ക്ക് മറ്റൊരു തരത്തിലുള്ള മാനസിക തകരാര്‍ ഉണ്ടായിരിക്കാനും സാധ്യതയുണ്ട്. എങ്ങനെയായാലും ഇത് കണ്ടെത്താനും ചികിത്സയ്ക്ക് മുന്‍കൈയെടുക്കാനും ശ്രദ്ധവെയ്ക്കേണ്ടതാണ്.

Q

രോഗം കണ്ടെത്താന്‍ ഒരു ഡോക്ടറെ എനിക്കെങ്ങനെ സഹായിക്കാനാകും? എത്രമാത്രം വിവരങ്ങള്‍ ഞാന്‍ പങ്കുവെയ്ക്കേണ്ടി വരും ?

A

 
മാനസിക തകരാറുകള്‍ കണ്ടെത്തുക എന്നത് ശാരീരികമായ രോഗങ്ങള്‍ കണ്ടെത്തുന്നതിനേക്കാള്‍ വെല്ലുവിളിയുയര്‍ത്തുന്ന കാര്യമാണ്. ഡോക്ടര്‍ക്ക് എക്സ-റേ, സ്കാന്‍, ലാബോറട്ടറി പരിശോധനാഫലങ്ങള്‍ തുടങ്ങിയ നോക്കികാണാവുന്ന തെളിവുകളൊന്നും ലഭ്യമാകില്ല, അതിനാല്‍  രോഗിയുമായുള്ള ഇടപെടലിലൂടേയും ഉണ്ടാകുന്ന ലക്ഷണങ്ങളെക്കുറിച്ച് പരിചരിക്കുന്നവര്‍ കൊടുക്കുന്ന വിവരങ്ങളുടേയും അടിസ്ഥാനത്തില്‍  അദ്ദേഹത്തിന് രോഗനിര്‍ണയം നടത്തേണ്ടി വരും. 
സ്കിസോഫ്രീനിയയുള്ള വ്യക്തിക്ക് അവനവനെക്കുറിച്ചുള്ള അറിവ് കുറവായിരിക്കും. അവരുടെ പെരുമാറ്റവും വിചിത്രമാണ് അല്ലെങ്കില്‍ സാധാരണ പെരുമാറ്റത്തിന് പുറത്താണ് എന്ന കാര്യത്തെ കുറിച്ച് അവര്‍ക്ക് അവബോധമുണ്ടായിരിക്കില്ല. രോഗിയുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് അയാളുടെ  കുടുംബം കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കി രോഗനിര്‍ണയം നടത്താന്‍ ഡോക്ടറെ സഹായിക്കണം. 
ഡോക്ടറോട് മനസ് തുറക്കുക. അദ്ദേഹം ഒരു പ്രൊഫഷണലും തൊഴില്‍ പരമായി ഒരു രഹസ്യാത്മകത പാലിക്കുന്നയാളുമായിരിക്കും.  കുടുംബരഹസ്യങ്ങള്‍ അല്ലെങ്കില്‍ നിങ്ങള്‍ക്ക് അപ്രസക്തമായോ നിസാരമായോ തോന്നുന്ന കാര്യങ്ങള്‍ രോഗിയുടെ പ്രശ്നങ്ങള്‍ക്കുള്ള കാരണമായേക്കാം.  അസാധാരണ പെരുമാറ്റങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഡോക്ടര്‍ക്ക് നല്‍കുകയും അതില്‍ എന്താണ് പ്രസക്തമായിട്ടുള്ളതെന്ന് തീരുമാനിക്കാന്‍ അദ്ദേഹത്തെ അനുവദിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും നല്ല കാര്യം. ഒരു വിവരവും അപ്രസക്തമല്ലെന്നതും ഡോക്ടര്‍ ആഗ്രഹിക്കുന്നത് രോഗി സുഖപ്പെടാനാണ് അല്ലാതെ നിങ്ങളുടേയോ സുഖമില്ലാത്ത വ്യക്തിയുടേയോ മേല്‍ കുറ്റം വിധിക്കാനല്ല എന്നതും ഓര്‍ക്കേണ്ടതാണ്.
 
 

Q

രോഗനിര്‍ണയം നടത്തുന്ന ഡോക്ടറോട് എന്തെല്ലാം വിവരങ്ങളാണ് ഞാന്‍ ചോദിച്ചറിയേണ്ടത് ?

A

 
രോഗനിര്‍ണയത്തെക്കുറിച്ച് മനസിലാക്കാന്‍ ചികിത്സിക്കുന്ന ഡോക്ടറോട് നിങ്ങള്‍ക്ക് ചോദിക്കാവുന്ന ചില ചോദ്യങ്ങള്‍ താഴെ പറയുന്നു :
  • എന്തൊക്കെയാണ് രോഗലക്ഷണങ്ങള്‍ ? 
  •  രോഗ നിര്‍ണയം നിങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ച് എന്താണ് അറിയിക്കുന്നത്? 
  •   രോഗിയെ സുഖപ്പെടാന്‍ സഹായിക്കുന്നതിനായി ഏതു തരത്തിലുള്ള പിന്തുണയും ക്രമീകരണങ്ങളുമാണ് വേണ്ടത് ?
  •  രോഗിക്ക് മരുന്നുകള്‍ ആവശ്യമുണ്ടോ ? കൗണ്‍സിലിംഗ് ആവശ്യമാണോ ?
  •  രോഗിയുടെ കൂടെ എപ്പോഴും ഒരു പരിചാരകന്‍ ഉണ്ടായിരിക്കേണ്ട ആവശ്യമുണ്ടോ ?
  •  ചികിത്സ എത്ര നാള്‍ നീണ്ടുനില്‍ക്കും ?
  •  നിങ്ങള്‍ ശ്രദ്ധിക്കേണ്ടതായ ഏതെങ്കിലും അപകട സൂചനകള്‍  ഉണ്ടോ ? 
  •  എന്തു മരുന്നാണ് രോഗിക്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്? അവ  എപ്പോള്‍ പ്രവര്‍ത്തിക്കാന്‍  തുടങ്ങും ? 
  •  ഈ വ്യക്തിക്ക് മരുന്ന് വേണ്ടെങ്കില്‍ എന്ത് ചെയ്യും ? 
  •  പ്രതീക്ഷിക്കപ്പെടുന്ന പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെയാണ്? അവ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് എങ്ങനെ രോഗിയെ സഹായിക്കാനാകും ? ഡോക്ടറെ പെട്ടന്ന് അറിയിക്കേണ്ടതായ പ്രത്യേക പാര്‍ശ്വഫലങ്ങള്‍ ഏതെങ്കിലുമുണ്ടോ?
  • രോഗി എങ്ങനെയാണ് അവരുടെ മരുന്നുകഴിക്കുന്നത് എന്ന് നിരീക്ഷിക്കേണ്ടതുണ്ടോ? ഈ വ്യക്തിക്ക് അസൗകര്യം ഉണ്ടാക്കാതെ എങ്ങനെ ഇത് ചെയ്യാനാകും?
  •  കുടുംബംچ/ സുഹൃത്ത് എന്ന നിലയ്ക്ക് രോഗിയുടെ രോഗമുക്തിക്കായി നിങ്ങള്‍ക്ക് എന്ത് സഹായം ചെയ്യാനാകും?

Q

ഞാന്‍ എങ്ങനെ എന്‍റെ പ്രിയപ്പെട്ടവനോട്/അവളോട് അവരുടെ പെരുമാറ്റത്തിലെ പ്രശ്നത്തെക്കുറിച്ച് പറയും, എങ്ങനെ അവരെ ചികിത്സ തേടണം എന്നകാര്യം ബോധ്യപ്പെടുത്തും? അവരുടെ താല്‍പര്യത്തിന് വിരുദ്ധമായി എനിക്കവരെ ചികിത്സിപ്പിക്കാനാകുമോ?

A

 
 
സ്കിസോഫ്രീനിയയുള്ള വ്യക്തി ചിലപ്പോള്‍ (പലപ്പോഴും) യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത അവസ്ഥയിലായേക്കാം. ചികിത്സ ആവശ്യമാണ്, രോഗി അതിന് സന്നദ്ധനാണെങ്കില്‍, തനിക്ക് സഹായം ആവശ്യമുണ്ടെന്ന് അവര്‍ക്ക് ബോധ്യംവന്നാല്‍ ചികിത്സ കൂടുതല്‍ നന്നായി ഫലിക്കുകയും ചെയ്യും. അവരുമായി അവരുടെ പെരുമാറ്റത്തില്‍ വന്നിരിക്കുന്ന മാറ്റത്തെക്കുറിച്ചുള്ള ഒരു സംഭാഷണത്തില്‍ ഏര്‍പ്പെടുകയും അവര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുക. പെരുമാറ്റത്തില്‍ വന്നിരിക്കുന്ന ഈ മാറ്റങ്ങളുടെ പേരില്‍ ആ വ്യക്തിയെ കുറ്റപ്പെടുത്താതെതന്നെ, കുടുംബത്തിന് ഈ മാറ്റങ്ങളില്‍ ഉത്കണ്ഠയുണ്ടെന്ന് അറിയിക്കുക. രോഗിയുമായി ഈ സംഭാഷണം നടത്തേണ്ടത് എങ്ങനെയെന്ന കാര്യത്തില്‍ നിങ്ങള്‍ ഉറപ്പില്ലെങ്കില്‍ ഒരു ഡോക്ടറുടെ സഹായം തേടുക.
കടുത്ത സ്കിസോഫ്രീനിയയുള്ളവര്‍ മിഥ്യാഭ്രമത്തിലോ മനോവിഭ്രാന്തിയിലോ ചിലപ്പോഴൊക്കെ അക്രമാസക്തിയിലോ ആയേക്കാം. ഏതെങ്കിലും കുടുംബാംഗത്തിന്‍റെ ഉപദേശപ്രകാരം സഹായം തേടുന്നത് ഈ വ്യക്തിക്ക് അസുഖകരമാകുകയോ അതിന് അയാള്‍ വിസമ്മതിക്കുകയോ ചെയ്തേക്കാം. രോഗി ഇത്  തനിക്കെതിരായി നടക്കുന്ന ഗൂഢാലോചനയുടെ  ഭാഗമായി കണ്ടേക്കാം. ഇത്തരം കേസുകളില്‍ ഈ വ്യക്തി ചികിത്സയെ എതിര്‍ക്കും. അതിനാല്‍ രോഗിയുമായി ശക്തമായ സ്നേഹബന്ധം പുലര്‍ത്തുന്ന അല്ലെങ്കില്‍ രോഗി വിശ്വസിക്കുന്ന ഒരു കുടുംബാംഗം അല്ലെങ്കില്‍ സുഹൃത്ത് അവരോട് അവരുടെ പെരുമാറ്റത്തിലെ മാറ്റങ്ങളെക്കുറിച്ചും ചികിത്സയുടെ ആവശ്യതകതയെക്കുറിച്ചും സംസാരിക്കണം എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
സ്കിസോഫ്രീനിയയുള്ള വ്യക്തിക്ക് ചിലപ്പോള്‍ യുക്തിസഹമായി ചിന്തിക്കാന്‍ അല്ലെങ്കില്‍ ചികിത്സക്ക് അനുമതി നല്‍കാന്‍ കഴിവുണ്ടായേക്കില്ല. രോഗി അയാളുടേയോ മറ്റുള്ളവരുടേയോ സുരക്ഷയ്ക്ക് ഭീഷണിയാകുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ ഓടിപ്പോകാന്‍ സാധ്യതയുണ്ടെങ്കില്‍ ആ വ്യക്തിയുടെ സമ്മതമില്ലാതെ തന്നെ അയാളെ ആശുപത്രിയിലാക്കാവുന്നതാണ്. രോഗി വ്യക്തമായും അയാള്‍ക്കോ മറ്റുള്ളവര്‍ക്കോ ഭീഷണിയാണെന്ന് കണ്ടാല്‍ മാത്രമേ സമ്മതമില്ലാതെ ( വ്യക്തിയുടെ താല്‍പര്യത്തിന് വിരുദ്ധമായി, മനോരോഗ ചികിത്സയ്ക്കുള്ള ആശുപത്രിയില്‍) പ്രവേശിപ്പിക്കാവു.

Q

മനോവിഭ്രാന്തിയുടെ സാഹചര്യം കൈകര്യം ചെയ്യല്‍ : ഞാന്‍ എനിക്ക് പ്രിയപ്പെട്ട വ്യക്തിയോട് അവരുടെ മിഥ്യാബോധത്തെക്കുറിച്ചും മതിഭ്രമങ്ങളെക്കുറിച്ചും എങ്ങനെ പറയും?

A

 
 
ഒരു സ്കിസോഫ്രീനിയാ രോഗി തന്‍റെ മിഥ്യാബോധത്തെക്കുറിച്ചും മതിഭ്രമങ്ങളെക്കുറിച്ചും പറയുമ്പോള്‍ അവരെ പരിചരിക്കുന്ന പലരും ആ അനുഭവമൊന്നും ശരിയല്ല, അതൊക്കെ നിങ്ങളുടെ സങ്കല്‍പ്പത്തില്‍ ഉണ്ടാകുന്നതാണ് എന്നൊക്കെ പറഞ്ഞ് അവരെ തിരുത്താനുള്ള ശ്രമം നടത്താറുണ്ട്. എന്നാല്‍ രോഗിയെ സംബന്ധിച്ചിടത്തോളം ഈ അനുഭവങ്ങളൊക്കെ ശരിയാണ് എന്ന കാര്യം പ്രത്യേകം ഓര്‍ക്കണം. അവര്‍ക്ക് ഈ മിഥ്യാബോധങ്ങളും മതിഭ്രമങ്ങളുമെല്ലാം യാഥാര്‍ത്ഥ്യങ്ങളാണ്.
രോഗി താന്‍ കേള്‍ക്കുന്ന ശബ്ദങ്ങളെക്കുറിച്ച് എന്താണ് പറയുന്നതെന്ന് മനസിലാക്കാന്‍ ശ്രമിക്കുക- അവ സുഖകരമാണോ  അസുഖകരമാണോ? അവ എന്താണ് പറയുന്നത്? വ്യക്തി സംശയാലുവാണെങ്കില്‍ എന്തുകൊണ്ടെന്ന് കണ്ടെത്തുക. കുറെക്കൂടി സുഖമായിരിക്കാന്‍ നിങ്ങള്‍ എങ്ങനെയാണ് അയാളെ സഹായിക്കേണ്ടത് എന്ന് ചോദിക്കുക.
രോഗി തന്‍റെ മിഥ്യാബോധങ്ങളില്‍ അല്ലെങ്കില്‍ മതിഭ്രമങ്ങളില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അതിനെ നിഷേധിച്ച് സംസാരിക്കുന്നത് പ്രശ്നം കൂടുതല്‍ വഷളാക്കുകയേയുള്ളു. അതിന് പകരം ആ മിഥ്യാബോധം അവരുടെ അനുഭവമാണ് എന്ന തരത്തില്‍ അവരോട് സംസാരിക്കുക,അതുപോലെ തന്നെ ആ അനുഭവം അവര്‍ക്ക് വലിയ ശല്യമായേക്കാമെന്ന കാര്യം വകവെച്ചുകൊടുക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് അവരോട് അതുസംബന്ധിച്ച ചോദ്യങ്ങള്‍ ചോദിക്കാം. ഉദാഹരണത്തിന്, " ആ ശബ്ദം നിങ്ങളോട് സംസാരിക്കുമ്പോള്‍ പേടി തോന്നുന്നുണ്ടോ?" എന്ന തരത്തിലുള്ള ചോദ്യങ്ങള്‍.
മറ്റൊരു സ്ഥലത്ത്  കൂടുതല്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ടോ എന്ന് അവരോട് ചോദിക്കുക. നിങ്ങള്‍ അവരോടൊപ്പം നടക്കാന്‍ പോകുമ്പോഴോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രവര്‍ത്തികള്‍ ചെയ്യുമ്പോഴോ അവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥ അനുഭവപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുക. അവര്‍ക്ക് അങ്ങനെ സജീവമാകാന്‍ ആഗ്രഹമില്ലെങ്കില്‍  അവരെ ശാന്തമായ ഒരിടത്തേക്ക് കൊണ്ടുപോകുക. അമിത പ്രേരണ ഒഴിവാക്കുക, മിഥ്യാഭ്രമം വഷളായേക്കാം.
ഏതെങ്കിലും തരത്തിലുള്ള പ്രേരകശക്തി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് ചോദിച്ചറിയുക-  ഇവര്‍ ഒറ്റക്കായിരിക്കുമ്പോള്‍, അലസമായിരിക്കുമ്പോള്‍, പിരിമുറുക്കമുള്ളപ്പോള്‍, ഉത്കണ്ഠയുള്ളപ്പോള്‍ അല്ലെങ്കില്‍ അപരിചിതരുടെ കൂട്ടത്തില്‍ വച്ച് എന്നിങ്ങനെയുള്ള ഏതു സാഹചര്യത്തിലാണ് ആ ശബ്ദം സംസാരിക്കുന്നത് എന്ന് ചോദിച്ചറിയുക. ഏതു സാഹചര്യത്തിലാണ് ശബ്ദം കുറയുന്നത് ? വ്യക്തി ഏന്തെങ്കിലും പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുമ്പോള്‍ അത് ഇല്ലാതാകുന്നുണ്ടോ?
ശബ്ദം ഈ വ്യക്തിയോട് എന്തെങ്കിലും പ്രത്യേക കാര്യങ്ങള്‍ ചെയ്യാന്‍ ആജ്ഞാപിക്കുന്നുണ്ടോയെന്ന് ചോദിക്കുക. അതുപോലെതന്നെ ഈ വ്യക്തി ആ ശബ്ദത്തെ അനുസരിക്കാന്‍ നിര്‍ബന്ധിതമാകുന്നുണ്ടോയെന്നും പരിശോധിക്കുക. അങ്ങനെയുണ്ടെങ്കില്‍  കഴിയുന്നിടത്തോളം ഈ വ്യക്തിയെ ഒറ്റയ്ക്കു വിടാതിരിക്കുക.
ഈ വ്യക്തിക്ക് ആത്മഹത്യചെയ്യുന്നതിനെക്കുറിച്ചുള്ള ചിന്തകള്‍ അല്ലെങ്കില്‍ മരിക്കാനുള്ള ആഗ്രഹം ഉണ്ടോയെന്ന് ചോദിക്കുക.-ചിലപ്പോള്‍ ആ ശബ്ദം കൊണ്ടുള്ള ശല്യം സഹിക്കാവുന്നതിനേക്കാളേറെയാകുമ്പോള്‍ ഇതിലും ഭേദം മരിക്കുന്നതാണെന്ന് ഇവര്‍ ചിന്തിച്ചേക്കാം. ആത്മഹത്യാ പ്രവണതയെക്കുറിച്ച് ചോദിക്കുന്നത് ആ വ്യക്തിയെ അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചേക്കാം എന്നത് ഒരു തെറ്റിദ്ധാരണയാണ്. അതിനാല്‍ അത്തരത്തിലുള്ള എന്തെങ്കിലും പെരുമാറ്റം ഉണ്ടാകുന്നുണ്ടോയെന്ന് (ഉദാഹരണത്തിന് വീട്ടിലുള്ള വിഷം എടുത്തുനോക്കുക തുടങ്ങിയ കാര്യങ്ങള്‍)അല്ലെങ്കില്‍ മറ്റുള്ളവരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ടോയെന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കുക.
സഹായിക്കാനായി നിങ്ങള്‍ക്ക് എന്ത് ചെയ്യാനാകും എന്ന് ചോദിക്കുക.
വളരെ തീവ്രമായ അവസ്ഥയിലുള്ളവര്‍ക്ക് അടിയന്തിര സാഹചര്യത്തില്‍ ഉപയോഗിക്കാനായി ഡോക്ടര്‍ എസ്  ഒ എസ് മയക്കുമരുന്ന് നല്‍കിയേക്കാം. ഇത് ആവശ്യമാണെങ്കില്‍ മാത്രം ഉപയോഗിക്കുക, വേണോ വേണ്ടയോ എന്ന് സംശയത്തിലാകുമ്പോള്‍ രോഗിയെ നിരീക്ഷിക്കുകയും ആരെയെങ്കിലും സഹായത്തിന് വിളിക്കുകയും ചെയ്യുക.

Q

രോഗലക്ഷണങ്ങള്‍ മാറുകയോ അല്ലെങ്കില്‍ വഷളാകുകയോ ചെയ്തതായി എന്‍റെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഞാന്‍ എന്ത് ചെയ്യണം? അത് മരുന്നില്‍ മാറ്റം വരുത്തേണ്ട സമയമാണോ?

A

 
 
ലക്ഷണങ്ങളില്‍ എന്തെങ്കിലും മാറ്റം  ഉണ്ടാകുന്നു എങ്കില്‍ രോഗിയെ പരിചരിക്കുന്നയാള്‍  എന്ന നിലയ്ക്ക് അത് അറിയിക്കുന്നതിനായി ചികിത്സിക്കുന്ന ഡോക്ടറുമായി എപ്പോഴും ഒരു ബന്ധം പുലര്‍ത്തുക. സ്കിസോഫ്രീനിയയുടെ ലക്ഷണങ്ങള്‍ ക്രമേണ വളര്‍ന്നു വരാനുള്ള പ്രവണത കാണിക്കും. ലക്ഷണങ്ങളില്‍ ഒരു മാറ്റം അല്ലെങ്കില്‍ അവ വഷളാകല്‍ ഒരുപക്ഷെ രോഗി മരുന്ന് കഴിക്കുന്നത് ഒഴിവാക്കിയതിന്‍റെ സൂചനയായേക്കാം. ഇങ്ങനെ സംഭവിക്കുന്നു എങ്കില്‍ രോഗിയെ നിരീക്ഷിക്കുകയും നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന എല്ലാ മരുന്നുകളും  അവര്‍ കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക.
ചിലപ്പോള്‍ ഒരു രോഗി മരുന്നുകഴിക്കുന്നതിന്‍റേയും ചികിത്സയുടേയും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറായേക്കില്ല. അതിനാല്‍ പരിചരിക്കുന്നയാള്‍ രോഗലക്ഷണങ്ങള്‍ ശമിക്കുന്നതുവരെ ഈ ഉത്തരവാദിത്തം ഏറ്റെടുക്കണം. 
 
ഓര്‍ക്കുക ഒരു മരുന്നിനും ഒറ്റരാത്രികൊണ്ട് രോഗിയെ സുഖപ്പെടുത്താനാകില്ല. രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ ചില മരുന്നുകള്‍ ദിവസങ്ങളെടുക്കുമ്പോള്‍ ചിലത് ആഴ്ചകളെടുത്തേക്കാം. മരുന്നുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങാന്‍ എത്രകാലമെടുക്കുമെന്ന് ഡോക്ടറോട് ചോദിക്കുക.

Q

രോഗ ലക്ഷണങ്ങള്‍ ഇപ്പോള്‍ നിയന്ത്രണാധീനമാണ്. രോഗിക്ക് മരുന്നുകഴിക്കുന്നത് നിര്‍ത്താമോ?

A

ലക്ഷണങ്ങള്‍ ഒരുതവണ നിന്നാല്‍ പിന്നെ മരുന്നുകള്‍ തുടരേണ്ടതില്ല എന്നത് ഒരു തെറ്റായ വിവരമാണ്. തുടരേണ്ടതില്ല എന്ന് ഡോക്ടര്‍ പറയുന്നതുവരെ മരുന്ന് കഴിക്കുന്നത് തുടരണം. മരുന്നുകള്‍ രോഗലക്ഷണങ്ങളെ നിയന്ത്രിച്ച് നിര്‍ത്തും, അവ കഴിക്കുന്നത് നിര്‍ത്തിയാല്‍ രോഗിക്ക് രോഗം തിരിച്ചു വരാന്‍ സാധ്യതയുണ്ട്.
രോഗലക്ഷണങ്ങളുടെ ഓരോ തിരിച്ചുവരിലൂടേയും രോഗി കൂടുതല്‍ നിര്‍ജീവനാകുകയും രോഗം കൈകാര്യം ചെയ്യാന്‍ കൂടുതല്‍ പ്രയാസമുള്ളതായിത്തീരുകയും ചെയ്യും.
രോഗിയെ പരിചരിക്കുന്ന മിക്കവാറും പേര്‍ മരുന്നുകള്‍ ആസക്തി (അഡിക്ഷന്‍) ഉണ്ടാക്കുമെന്നും അവയ്ക്കെല്ലാംതന്നെ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്നും വിശ്വസിക്കുന്നവരാണ്. സ്കിസോഫ്രീനിയ ചികിത്സിക്കുന്നതിന് ഉപയോഗിക്കുന്ന മരുന്നുകളുടെ കാര്യത്തില്‍ ഇത് ശരിയല്ല.  മരുന്ന് കഴിക്കുന്നതുകൊണ്ടുള്ള നേട്ടങ്ങളും കോട്ടങ്ങളും - മരുന്ന് കഴിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന നേട്ടം അതിന്‍റെ പാര്‍ശ്വഫലങ്ങള്‍ മൂലം ഉണ്ടാകുന്ന അസ്വസ്ഥതകളേക്കാള്‍ മുന്നിട്ടു നില്‍ക്കുമോ എന്ന്- ശരിയായി വിശകലനം ചെയ്തതിന് ശേഷമാണ് ഡോക്ടര്‍ മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്നത്. രോഗിക്ക് നിര്‍ദ്ദേശിക്കപ്പെടുന്ന മരുന്നുകളെക്കുറിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും ഉത്കണ്ഠയുണ്ടെങ്കില്‍ അതിനെക്കുറിച്ച് നിങ്ങളുടെ ഡോക്ടറോട് സംസാരിക്കുക.

Q

രോഗം തിരിച്ചു വരുന്നുണ്ടോ എന്ന് ഞാന്‍ എങ്ങനെ അറിയും?

A

രോഗം തിരിച്ചു വരുന്നുണ്ടെങ്കില്‍ അതിന്‍റെ തുടക്കത്തില്‍ കണ്ട ലക്ഷണങ്ങള്‍ ആവര്‍ത്തിക്കപ്പെടും.- മുന്‍കോപം, അസ്വസ്ഥത, ഉറക്കമില്ലായ്മ, ഇടയ്ക്കിടെയുള്ള ഭാവമാറ്റം, സംശയം അല്ലെങ്കില്‍ മനോവിഭ്രാന്തി, സാമൂഹ്യമായ പിന്‍വലിയല്‍, പെട്ടന്ന് ദേഷ്യം പൊട്ടിപ്പുറപ്പെടല്‍, പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ചിരിക്കുകയോ പൊട്ടിച്ചിരിക്കുകയോ ചെയ്യല്‍, ശുചിത്വത്തിലും വ്യക്തിപരമായ സൗന്ദര്യ സംരക്ഷണത്തിലും താല്‍പര്യം നഷ്ടപ്പെടല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ വീണ്ടും പ്രകടിപ്പിക്കാന്‍ തുടങ്ങും. രോഗം തിരിച്ചു വരുന്നത് തിരിച്ചറിയുക എന്നതും ആകുന്നത്ര നേരത്തേ ചികിത്സ നല്‍കുക എന്നതും വളരെ നിര്‍ണായകമായ കാര്യങ്ങളാണ്.

Q

എന്താണ് പുനരധിവാസം? അത് ആവശ്യമാണോ?

A

 
 
സ്കിസോഫ്രീനിയയുളള വ്യക്തിക്ക് പലപ്പോഴും പുനരധിവാസം ആവശ്യമായി വരും. ഈ തകരാര്‍ കാണാന്‍ പറ്റുന്നതായിരിക്കില്ല, എന്നാല്‍ ഇത് രോഗിയുടെ ചിന്തകളേയും പെരുമാറ്റത്തേയും ബാധിക്കും. ഈ തകരാറിന്‍റെ ആഘാതം വകവെയ്ക്കുന്നില്ലെങ്കില്‍ കുടുംബവും സുഹൃത്തുക്കളും രോഗിയെ മ്ലാനനായും മടിയനായും അല്ലെങ്കില്‍ അനുസരണാശീലമില്ലാത്തവനായും കണ്ടേക്കാം.
  സജീവമായിരിക്കുന്നതും ശല്യമുണ്ടാക്കുന്നതുമായ ചില രോഗ ലക്ഷണങ്ങളില്‍ കുറവുവരുത്താന്‍ മരുന്നു കഴിക്കുന്നത് രോഗിയെ സഹായിക്കും. പക്ഷെ അപ്പോഴും  ഭയം  അല്ലെങ്കില്‍ സങ്കോചം മൂലം സമൂഹവുമായി ഇടപഴകാന്‍ കഴിയാതെ വരിക, അല്ലെങ്കില്‍ പിന്‍വലിഞ്ഞു നില്‍ക്കുക തുടങ്ങിയ പ്രതികൂല ലക്ഷണങ്ങളുമായി രോഗി പടവെട്ടിക്കൊണ്ടിരിക്കും. സ്കിസോഫ്രീനിയ ബാധിച്ചവരെ സ്വതന്ത്രമായി ജീവിക്കാനും മറ്റുള്ളവരുമായി ഇടപഴകാനും സഹായിക്കുന്ന കാര്യങ്ങള്‍ വീണ്ടും പഠിപ്പിക്കുന്നതിനായി പുനരധിവാസം ആവശ്യമാണ്.
പുനരധിവാസ കാലത്ത് ഈ രോഗികള്‍ സ്വന്തം കുടുംബത്തിന് പുറത്തുള്ളവരുമായി (ജീവനക്കാരും മറ്റു രോഗികളുമായി) സമ്പര്‍ക്കം പുലര്‍ത്തുന്നു, തങ്ങളുടെ വിനോദങ്ങളില്‍ അല്ലെങ്കില്‍ താല്‍പര്യങ്ങളില്‍ ശ്രദ്ധവെയ്ക്കുന്നു. അതുപോലെ തന്നെ വിവിധ പ്രവര്‍ത്തികള്‍ ഉള്‍പ്പെടുത്തപ്പെട്ട, നിരീക്ഷിക്കപ്പെടുന്ന ഒരു സമയക്രമം പരിപാലിക്കുകയും ചെയ്യുന്നു.
പുനരധിവാസം രോഗിയിലും കുടുംബത്തിലും ശ്രദ്ധകേന്ദ്രീകരിക്കുന്നു. പരിചരിക്കുന്നവര്‍ക്ക് രോഗത്തിന്‍റെ പ്രകൃതത്തെക്കുറിച്ചും  അവര്‍ക്ക് എങ്ങനെ രോഗിയെ സഹായിക്കാനാകും, എങ്ങനെ രോഗിയുമായി ആശയവിനിമയം നടത്താനാകും, എങ്ങനെ മറ്റ് പെരുമാറ്റ സംബന്ധമായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനാകും എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചും മുഴുവന്‍ വിവരങ്ങളും നല്‍കുകയും ചെയ്യുന്നു.

Q

സ്കിസോഫ്രീനിയ ഉള്ള വ്യക്തിക്ക് വിവാഹം കഴിക്കാമോ? വിവാഹം (വിവാഹം സംബന്ധിച്ച നിയമപരമായ കാര്യങ്ങള്‍ വിശദമാക്കുന്ന വിഭാത്തിലേക്ക് ലിങ്ക് ചെയ്യുക) സ്കിസോഫ്രീനിയ ഭേദമാകാന്‍ സഹായിക്കുമോ?

A

വിവാഹത്തിന് മാനസിക തകരാറുകള്‍ ഭേദമാക്കാന്‍ സാധിക്കും എന്ന അബദ്ധധാരണ നിര്‍ഭാഗ്യവശാല്‍ ശക്തമായൊരു വിശ്വാസമായി നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നുണ്ട്.
രോഗ ലക്ഷണങ്ങള്‍ നിയന്ത്രണാധീനമാണെങ്കില്‍, ജീവിത പങ്കാളിയാകാന്‍ തീരുമാനിച്ചിരിക്കുന്നയാക്ക് ഈ രോഗത്തെക്കുറിച്ച് പൂര്‍ണമായ ഉള്‍ക്കാഴ്ചയും ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള സന്നദ്ധതയും ഉണ്ടെങ്കില്‍ പിന്നെ സ്കിസോഫ്രീനിയയുള്ള ഒരു വ്യക്തി വിവാഹം കഴിക്കാതിരിക്കേണ്ട കാര്യമൊന്നുമില്ല. അതേസമയം  ഈ തകരാറിനെ അംഗീകരിക്കാനും ആ വ്യക്തിയെ പരിചരിക്കാനും തയ്യാറല്ലാത്ത ഒരാളെയാണ് ഇവര്‍ വിവാഹം കഴിക്കുന്നതെങ്കില്‍ പ്രശ്നങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെടുകയും സാഹചര്യം വഷളാകുകയും ചെയ്യും. അതുപോലെതന്നെ ഭാവി ജീവിത പങ്കാളിയോടും കുടുംബാംഗങ്ങളോടും ഈ രോഗത്തെക്കുറിച്ചും വ്യക്തി നിലവില്‍ കടന്നുപോയിക്കൊണ്ടിരിക്കുന്ന ചികിത്സയേക്കുറിച്ചും വിവരം നല്‍കുന്നതും നന്നായിരിക്കും.
ഒരു സ്കിസോഫ്രീനിയ രോഗിക്ക് ജീവിത പങ്കാളി  ഈ തകരാറോടുകൂടിതന്നെ ആയാളെ സ്വീകരിക്കുന്ന കാലം വരെയും ദാമ്പത്യജീവിതം സാധ്യമാകും.  വിവാഹത്തിലേര്‍പ്പെടാനും വിവാഹത്തിലൂടെ ഉണ്ടായിവരുന്ന പുതിയ ഉത്തരവാദിത്തങ്ങളുമായി പൊരുത്തപ്പെടാനും രോഗി തയ്യാറെടുക്കുകയും വേണം.
രോഗി താഴെ പറയുന്ന കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം അല്ലെങ്കില്‍ അതിന് തയ്യാറെടുപ്പുകള്‍ നടത്തണം :
  • ശാരീരികവും വൈകാരികവുമായ ദൃഢബന്ധം.
  • സാമ്പത്തികമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യല്‍, വീട്ടുകാര്യങ്ങള്‍ നോക്കല്‍, മറ്റ് ഉത്തരവാദിത്തങ്ങള്‍ (ഇക്കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ പങ്കാളി തയ്യാറല്ലെങ്കില്‍).
ഭാവി ജീവിത പങ്കാളി / സംരക്ഷകര്‍ ചിന്തിക്കേണ്ട കാര്യങ്ങള്‍ : 
  •  പങ്കാളിയുമായി ജീവിതം പങ്കുവെയ്ക്കാന്‍ രോഗി എത്രത്തോളം തയ്യാറാകും ? 
  •  രോഗിയുടെ സാമ്പത്തികവുമായോ വസ്തുക്കളുമായോ ബന്ധപ്പെട്ട് നിയമപരമായ പ്രശ്നങ്ങളെന്തെങ്കിലും ഏറ്റെടുക്കേണ്ടതായുണ്ടോ ?
  •  മരുന്നുകള്‍ രോഗിയുടെ പ്രത്യുല്‍പ്പാദന ശേഷിയില്‍ ഇടപെടുമോ അല്ലെങ്കില്‍ ലൈംഗിക വിരക്തിക്ക് / ശേഷിയില്ലായ്മയ്ക്ക് കാരണമാകുമോ ? വൈവാഹിക ബന്ധത്തില്‍ ഇവ ഒരു പ്രശ്നമായിത്തീരുമോ ? 
  •  കുട്ടികള്‍ക്ക് ഇതേ തകരാറ് ഉണ്ടാകാനുള്ള സാധ്യത എത്രത്തോളമാണ് ?
  •  പ്രധാന സംരക്ഷക സ്ഥാനം ഏറ്റെടുക്കുന്നതില്‍ പങ്കാളിക്ക് സന്തുഷ്ടിയുണ്ടായിരിക്കുമോ? ഇല്ലെങ്കില്‍  പകരം എന്ത് ഏര്‍പ്പാടാണ് ചെയ്തിട്ടുള്ളത്?
രോഗിയെ അല്ലെങ്കില്‍ രോഗത്തെ സംബന്ധിച്ച് വ്യക്തമായൊരു ചിത്രം കൈവരിക്കുന്ന കാര്യത്തില്‍ എന്തെങ്കിലും ഉത്കണ്ഠ/ ആശങ്കയുണ്ടെങ്കില്‍ പരിചരിക്കുന്നവരും ഭാവി ജീവിത പങ്കാളിയും മനോരോഗചികിത്സകനെ കണ്ട് പ്രശ്നം ചര്‍ച്ച ചെയ്യുന്നത് നല്ലതായിരിക്കും.
 

Q

സ്കിസോഫ്രീനിയയുള്ള വ്യക്തിക്ക് കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അന്യവത്ക്കരണം അനുഭവപ്പെടുന്നില്ലെന്ന് എനിക്ക് എങ്ങനെ ഉറപ്പാക്കാനാകും? അവനെ സാധാരണ മട്ടില്‍ പരിഗണിക്കാന്‍ കഴിയുമോ?

A

 
സ്കിസോഫ്രീനിയയെ അതിജീവിക്കാനുളള പോരാട്ടം രോഗിക്ക് എന്നതുപോലെ തന്നെ പരിചരിക്കുന്നവര്‍ക്കും വളരെ ബുദ്ധിമുട്ടുള്ളതായിരിക്കും.രോഗി വിചിത്രമായ രീതിയില്‍ പെരുമാറുന്നതും മരുന്ന് കഴിക്കാന്‍ വിസമ്മതിക്കുന്നതും അല്ലെങ്കില്‍ അവരുടെ സ്വന്തം സുഹൃത്തുക്കളും കുടുംബാംഗങ്ങളും അവര്‍ക്കെതിരെ ഗൂഢാലോചന നടത്തുന്നതായി സംശയിക്കുന്നതും വലിയ നിരാശയുണ്ടാക്കുന്ന കാര്യങ്ങളായേക്കാം.
ഈ വ്യക്തിയില്‍ തകരാറിനേക്കാള്‍ ഏറെയായി പലതുമുണ്ട് എന്ന കാര്യം എപ്പോഴും മനസില്‍ സൂക്ഷിക്കാന്‍ ശ്രമിക്കുക. സ്കിസോഫ്രീനിയ ഉള്ള വ്യക്തിക്ക് ആ പേര് " ഞാന്‍ ആരാണ്?" എന്ന വ്യക്തിത്വത്തെക്കുറിച്ചുള്ള ചോദ്യം ഉയര്‍ത്തിക്കൊണ്ടുവരുന്ന വളരെയധികം മനക്ലേശത്തിന് കാരണമായേക്കാം. പരിചരണം നല്‍കുന്നയാള്‍ ഈ വ്യക്തിയുടെ ആത്മാഭിമാനവും മാന്യതയും പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തണം. അവര്‍ വിലമതിക്കപ്പെടുന്നവരാണ് എന്ന കാര്യം അവര്‍ക്ക് തിരിച്ചറിയാന്‍ അവസരം ഉണ്ടാക്കണം. താഴെ പറയുന്ന കാര്യങ്ങളിലൂടെ നിങ്ങള്‍ക്കത് ചെയ്യാനാകും :
  •  കുടുംബത്തില്‍ തീരുമാനങ്ങളെടെക്കുന്നതില്‍ അവരേയും ഉള്‍പ്പെടുത്തുക: രോഗി കാര്യമായ സംഭാവനയൊന്നും നല്‍കിയേക്കില്ല എങ്കിലും തീരുമാനങ്ങളെടുക്കുന്നതിന്‍റെ ഭാഗമായിരിക്കുക എന്നത് അവരില്‍ ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നു എന്ന തോന്നലുണ്ടാക്കുകയും സ്വന്തം എന്ന ഒരു വിചാരം സൃഷ്ടിക്കുകയും ചെയ്യും.
  •  സാമൂഹിക സഹവര്‍ത്തിത്വത്തിന് സഹായിക്കുക : സമൂഹത്തില്‍ അപമാനിക്കപ്പെടുമെന്നും  ശാരീരികമായി അപായപ്പെടുത്തുമെന്നുമുള്ള ഭീതി മൂലം ഇന്ത്യയില്‍ രോഗികളെ സുഹൃത്തുക്കളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തുന്ന ഒരു പതിവ് ഉണ്ടായിട്ടുണ്ട്. രോഗി ഒറ്റപ്പെടുത്തപ്പെടുമ്പോള്‍ അവര്‍ക്ക് അവരുടെ വികാരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. അവര്‍ അവരുടെ വികാരം ദേഷ്യത്തോടെയോ മനോവേദനയോടെയോ വിളിച്ച് പറയുമ്പോള്‍ സംരക്ഷണം നല്‍കുന്നവര്‍  അതിനെ " രോഗം സംസാരിക്കുന്നതായി" കാണുകയും ചെയ്തേക്കാം. ഇത് രോഗിയില്‍ പ്രതികൂലമായ ഫലം സൃഷ്ടിച്ചേക്കാം. പരിചരണം നല്‍കുന്നവര്‍ക്ക് രോഗിയെ സാമൂഹ്യമായ ഇടപഴകലിന്‍റെ ആവശ്യം ബോധ്യപ്പെടുത്താന്‍ ശ്രമിക്കാവുന്നതാണ്, എന്നാല്‍ തീരുമാനമെടുക്കാനുള്ള അവകാശം രോഗിക്കായിരിക്കണം.
  •  കാര്യങ്ങള്‍ സുതാര്യമാക്കി വെയ്ക്കുക : മനക്ലേശമുണ്ടാക്കിയേക്കാം എന്ന ഭീതി മൂലം പ്രധാനപ്പെട്ട വിവരങ്ങളൊന്നും രോഗിയില്‍ നിന്നും മറച്ചുവെയ്ക്കരുത്, പ്രത്യേകിച്ച് മറ്റ്  കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍. അവര്‍ ആ വാര്‍ത്തകള്‍ യാദൃശ്ചികമായി അറിയാനോ പുറത്താരില്‍ നിന്നെങ്കിലും കേള്‍ക്കാനോ ഇടയായാല്‍ അതവരില്‍ വലിയ മനോവേദനയുണ്ടാക്കുന്നതിന്  കാരണമാകും. രോഗിയോട് കുടുംബ പ്രശ്നങ്ങള്‍ എങ്ങനെ സംസാരിക്കും എന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് തീര്‍ച്ചയില്ലെങ്കില്‍ നിങ്ങളുടെ ഡോക്ടറുടേയോ അല്ലെങ്കില്‍ സഹായക സംഘത്തിന്‍റേയോ ഉപദേശം തേടുക.

Q

എനിക്കൊരു സഹായക സംഘ (സപ്പോര്‍ട്ട് ഗ്രൂപ്പ്) ത്തിന്‍റെ ആവശ്യമെന്താണ് ?

A

 
ചില മാനസിക തകരാറുകള്‍, പ്രത്യേകിച്ച് സ്കിസോഫ്രീനിയ ആജീവനാന്തം കൈകാര്യം ചെയ്യേണ്ടി വരും. മനോരോഗ ചികിത്സകന് മരുന്നുകള്‍ നിര്‍ദ്ദേശിച്ചും  ഉപദേശങ്ങള്‍ തന്നും നിങ്ങളെ സഹായിക്കാനാകും. പക്ഷെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമാണ് രോഗിയെ ഒരു സ്വതന്ത്രവും സജീവവുമായ ജീവിതം നയിക്കാന്‍ സഹായിക്കുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിക്കാനാകുന്നത്. സംരക്ഷണം കൊടുക്കുന്നയാള്‍ക്ക് പതിറ്റാണ്ടുകളോളം സംരക്ഷണം ഏറ്റെടുക്കുക എന്നതില്‍ ഒരു സംഭ്രമം അനുഭവപ്പെട്ടേക്കാം. അത്തരം കേസുകളില്‍ ഒരു സഹായക സംഘത്തിന് രോഗിയെ എന്നപോലെ സംരക്ഷകനേയും താഴെ പറയുന്ന തരത്തില്‍ സഹായിക്കാന്‍ കഴിയും : 
  • ഇവരെ തങ്ങള്‍ അനുഭവിക്കുന്ന അതേ പ്രശ്നത്തെ നേരിട്ടുകൊണ്ടിരിക്കുന്നവരെ കാണാന്‍ സഹായിക്കുന്നു. അവരുടെ കഥകള്‍ കേള്‍ക്കുന്നത് രോഗിയെയും സംരക്ഷകരേയും തങ്ങള്‍ ഒറ്റയ്ക്കല്ല എന്ന് സമാശ്വസിക്കുന്നതിന് സഹായിക്കുന്നു.
  •  മറ്റുള്ളവരുടെ അനുഭവങ്ങളില്‍ നിന്നും എന്തെല്ലാം ചെയ്യാം എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്ന് പഠിക്കാന്‍ അവസരം കിട്ടുന്നു.
  •  ഈ മാനസിക തകരാറിനെക്കുറിച്ചും അതിന്‍റെ ലക്ഷണങ്ങളോട് മല്ലിടാന്‍ ഒരാള്‍ എങ്ങനെയെല്ലാം സജ്ജമാകണം എന്നതിനെക്കുറിച്ചും മനസ്സിലാക്കാന്‍ ഇവരെ സഹായിക്കുന്നു.
  •  രോഗിയുടെ സ്വയാശ്രയത്വം വര്‍ദ്ധിപ്പിക്കുന്നതിനായി എങ്ങനെയെല്ലാം പ്രവര്‍ത്തിക്കാം എന്നതു സംബന്ധിച്ച് വ്യക്തമായ ഒരു ധാരണ സംരക്ഷകര്‍ക്ക് നല്‍കുന്നു.
  •  കുടുംബം നിസാരമെന്ന് കരുതിയേക്കാവുന്നതും  ഡോക്ടറോട് ചോദിക്കാന്‍ ലജ്ജിക്കുന്നതുമായ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ അവസരം നല്‍കുന്നു. 

Q

സുഹൃത്തുക്കളോടും ബന്ധുക്കളോടും എനിക്ക് എങ്ങനെ സ്കിസോഫ്രീനിയയെക്കുറിച്ച് പറയാന്‍ കഴിയും? മാനസിക രോഗങ്ങളോട് വളരെയധികം അപമാനം വെച്ചുപുലര്‍ത്തുകയാണല്ലോ നമ്മുടെ സമൂഹം..?

A

 
ഈ രോഗത്തേക്കുറിച്ച് മറ്റുള്ളവരോട് സംസാരിക്കുന്നതിന് ശേഷി നേടുന്നതിന്‍റെ ആദ്യഘട്ടമെന്നത് ഈ രോഗത്തിന് മേല്‍ രോഗിക്ക് ഒരു നിയന്ത്രണവും ഇല്ലെന്നതും അതുകൊണ്ടുതന്നെ ആ വ്യക്തി ഇതില്‍ ഉത്തരവാദിയല്ലെന്നതും അംഗീകരിക്കുക എന്നതാണ്. ഇക്കാര്യം സ്വയം അംഗീകരിക്കുന്നത് നിങ്ങള്‍ക്ക് ഈ രോഗത്തേക്കുറിച്ച് ബന്ധുക്കളോടും സുഹൃത്തുക്കളോടും സംസാരിക്കുന്നതിനുള്ള ധൈര്യം നല്‍കും.
ആരെങ്കിലും എന്തെങ്കിലും പറയുകയോ ചോദിക്കുകയോ ചെയ്താല്‍ അമിത പ്രതികരണം അരുത്. അതിനെ ഒരു പനിയേക്കുറിച്ചോ മറ്റേതെങ്കിലും ശാരീരിക രോഗത്തെക്കുറിച്ചോ ചോദിക്കുന്നതുപോലെ എടുക്കുക. ഇത് ഒരു ജീവശാസ്ത്രപരമായ പ്രശ്നമാണെന്നും  പെരുമാറ്റത്തില്‍ ഉണ്ടാകുന്ന മാറ്റം തലച്ചോറിലെ രാസപദാര്‍ത്ഥങ്ങളുടെ സംതുലനമില്ലായ്മ കൊണ്ട് ഉണ്ടാകുന്നതാണെന്നും നിങ്ങള്‍ക്കോ രോഗിക്കോ അത് നിയന്ത്രിക്കാനാവില്ലെന്നും ഇത് ആര്‍ക്കും സംഭവിക്കാമെന്നും ചോദ്യം ചോദിക്കുന്നവരെ ബോധ്യപ്പെടുത്തുക. ഈ വിവരം കൈമാറുന്നതിലൂടെ നിങ്ങള്‍ നിങ്ങളെത്തന്നെയും രോഗിയേയും നിങ്ങള്‍ക്ക് ചുറ്റുമുള്ളവരേയും സഹായിക്കുകയാകും ചെയ്യുക.
 
 
 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org