എനിക്ക് എന്‍റെ വിദ്യാര്‍ത്ഥികളുമായി എങ്ങനെ സംരക്ഷണ മനോഭാവത്തോടെയുള്ള ഒരു ആരോഗ്യകരമായ ബന്ധം വളര്‍ത്തിയെടുക്കാനാകും?

എല്ലാ നല്ല ബന്ധങ്ങളും സംസാരത്തിലൂടെയാണ് തുടങ്ങുന്നത്. തങ്ങളുടെ ഒരോ വിദ്യാര്‍ത്ഥിയേയും നന്നായി അറിയുന്നതിലൂടെ ഒരു ടീച്ചര്‍ക്ക് അവരുമായി ഗുണകരമായ ഒരു ബന്ധം വളര്‍ത്തിയെടുക്കുന്നതിനുള്ള അടിത്തറ പണിയാനാകും. ഉദാഹരണത്തിന്, ടീച്ചര്‍ക്ക് വിദ്യാര്‍ത്ഥികളോട് അവരുടെ കലാ, സാഹിത്യ, കായിക കഴിവുകളെക്കുറിച്ചും കരിയറിനെക്കുറിച്ചുള്ള മോഹങ്ങളേയും പ്രതീക്ഷകളേയും ലക്ഷ്യങ്ങളേയും കുറിച്ചും ചോദിച്ചുകൊണ്ട് ഒരു ബന്ധത്തിന് തുടക്കമിടാനാകും. ചില ടീച്ചര്‍മാര്‍ വിദ്യാര്‍ത്ഥികളുടെ ഈ താല്‍പര്യങ്ങള്‍ മനസില്‍ കുറിച്ചിടുകയും അടുത്ത തവണ പത്രത്തിലോ ഇന്‍റര്‍നെറ്റിലോ ഇതുമായി ബന്ധപ്പെട്ട പ്രസക്തമായ വിവരങ്ങള്‍ കാണുമ്പോള്‍ അത് വിദ്യാര്‍ത്ഥിയുമായി പങ്കുവെയ്ക്കുകയും ചെയ്യും. ഇത് അവരുമായുള്ള ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തും.
 സൗമ്യമായിരിക്കുക, എന്നാല്‍ ദൃഢമായിരിക്കുക- എന്നതായിരിക്കണം കുട്ടികളുമായുള്ള ബന്ധത്തിന്‍റെ കാര്യത്തില്‍ ഒരു ടീച്ചറുടെ അടിസ്ഥാന പ്രമാണം.  വര്‍ഷാരംഭത്തില്‍ തങ്ങളുടെ പ്രതീക്ഷകള്‍(ഉദാ. അസൈന്‍മെന്‍റുകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി, ഹാജര്‍, സെല്‍ഫോണ്‍ ഉപയോഗം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്) വ്യക്തമായി പറയുന്ന ടീച്ചര്‍മാര്‍ ക്ലാസ്മുറിയെ കൂടുതല്‍ അനുകൂലമായ(ഗുണകരമായ) അനുഭവങ്ങളിലേക്ക് നയിക്കുന്നു. വര്‍ഷം പുരോഗമിക്കുമ്പോള്‍ തുറന്ന ആശയവിനിമയം പരിപാലിക്കുക. പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യാതിരിക്കുക. 
 ഓരോരുത്തര്‍ക്കും തങ്ങള്‍ ബഹുമാനിക്കപ്പെടുന്നതായി അനുഭവപ്പെടുന്ന ക്ലാസ്റൂം സാഹചര്യത്തെ പ്രോത്സാഹിപ്പിക്കുക. ഏറ്റവും പ്രധാനമായി, എല്ലാ വിദ്യാര്‍ത്ഥികളോടും നീതിപൂര്‍വം പെരുമാറുക. തങ്ങളുടെ ടീച്ചര്‍ പക്ഷപാതപരമായി പെറുമാറുന്നില്ല എന്നത് ശ്രദ്ധിക്കുമ്പോള്‍ കുട്ടികള്‍ സ്വാഭാവികമായിതന്നെ വിശ്വാസത്തോടെയും ബഹുമാനത്തോടെയും പരസ്പര വിനിമയത്തിന് തയ്യാറാകും. 
കുട്ടികള്‍ പലപ്പോഴും തങ്ങളുടെ പ്രകടനത്തെക്കുറിച്ചുള്ള ടീച്ചറുടെ അഭിപ്രായത്തെ വിശ്വാസത്തിലെടുക്കുകയും ആശ്രയിക്കുകയും ചെയ്യുന്നു- ഒരു പരുഷമായ പ്രസ്താവന വിദ്യാര്‍ത്ഥിയുടെ ആത്മവിശ്വാസത്തിലും ആത്മാഭിമാനത്തിലും വലിയൊരു  പ്രഹരമേല്‍പ്പിക്കുമ്പോള്‍, പ്രോത്സാഹനത്തിന്‍റെ ഏതാനും വാക്കുകള്‍ക്ക് ഉന്നതമായ ലക്ഷ്യങ്ങളിലേക്ക് മുന്നേറാന്‍ അവരെ പ്രചോദിപ്പിക്കാന്‍ കഴിയും. സാധ്യമായിടത്തെല്ലാം അനുകൂലമായ, ഗുണകരമായ ഭാഷ ഉപയോഗിക്കുക.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org