കൗമാരപ്രായമുള്ള കുട്ടിയുടെ പെരുമാറ്റപരമായ മാറ്റങ്ങള്‍ മൂഡ് സംബന്ധമായ ഒരു തകരാറിനെ മൂടി വെയ്ക്കുന്നത

ഡല്‍ഹിയില്‍ നിന്നുള്ള 23 വയസുകാരിയായ അനിഷ കഴിഞ്ഞ എട്ടുമാസമായി ബാംഗ്ലൂരിലാണ് താമസിക്കുന്നത്. അവള്‍ കൗണ്‍സിലിംഗിനോട് പ്രതികരിക്കാന്‍ കഴിയാത്തവിധം വിഷാദത്തിലായിരുന്നതിനാല്‍ രണ്ടു കൂടിക്കാഴ്ചകള്‍ക്ക് ശേഷം അവളുടെ കൗണ്‍സിലര്‍ എന്‍റെയടുത്തേക്ക് അയച്ചതാണ്. അവള്‍ക്ക് മരുന്ന് ആവശ്യമുണ്ടായിരിക്കാം എന്ന് കൗണ്‍സിലര്‍ അനുമാനിച്ചു. 
ആദ്യത്തെ കൂടിക്കാഴ്ചയുടെ സമയത്ത് അനിഷ വളരെയധികം വിഷാദവതിയായിരുന്നു, കരച്ചിലടക്കാന്‍ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ ഒരു മാസത്തിലധികമായി അവള്‍ കടുത്ത വിഷാദം അനുഭവിക്കുകയാണ്.
എഴുത്തുകാരിയും വെബ്സൈറ്റിന് വേണ്ടി എഴുതി ഉപജീവനം നേടുന്നവളുമായിരുന്നിട്ടും തന്‍റെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാത്തവിധം അഗാധമായിരുന്നു അവളുടെ വിഷാദം. അല്ലാത്തപ്പോള്‍ വളരെ സ്പഷ്ടമായി ചിന്തിക്കാനും സംസാരിക്കാനും കഴിയുന്ന അവള്‍ക്ക് ഇപ്പോള്‍ തന്‍റെ വിഷാദം മനസിലാക്കാനോ വിശദീകരിക്കാനോ കഴിയാത്തത് വിഷമമുണ്ടാക്കി. ഹൈസ്ക്കൂളിലും കോളേജിലും ആയിരുന്നപ്പോള്‍ ഇതുപോലുള്ള ഒന്നുരണ്ട് ഘട്ടങ്ങളിലൂടെ കടന്നുപോയതായി അവള്‍ ഓര്‍ത്തു. ഈ ഘട്ടങ്ങള്‍ അവളുടെ ജീവിതത്തിലെ അന്നത്തെ ചില സംഭവങ്ങളുമായി കൂടിച്ചേര്‍ന്നതായതുകൊണ്ട് അവയ്ക്കുള്ള പ്രതികരണങ്ങളായി കരുതി തള്ളിക്കളഞ്ഞിരുന്നു. 

ഞങ്ങള്‍ അവളുടെ ജീവിത കഥ വീണ്ടും അടുക്കിപ്പെറുക്കിയെടുത്തപ്പോള്‍ താന്‍ അതീവ ആഹ്ലാദവതിയായിരുന്ന  രണ്ടു ഘട്ടങ്ങളെക്കുറിച്ച് അവള്‍ പറഞ്ഞു. അവയ്ക്കും വ്യക്തമായ കാരണമൊന്നും ഇല്ലായിരുന്നു.  അവള്‍ ബിരുദ വിദ്യാര്‍ത്ഥിനായി ഹോസ്റ്റലില്‍ താമസിക്കുമ്പോള്‍ ഉണ്ടായ ഈ രണ്ട് ഘട്ടങ്ങളുടെ ഓര്‍മ്മ അവള്‍ക്ക് വിലയേറിയതായിരുന്നു. അന്നവളുടെ കൂടെ താമസിച്ചിരുന്നവളും അവളുടെ ആഹ്ലാദമുള്ള മാനസികാവസ്ഥ ശ്രദ്ധിച്ചിരുന്നു. ഇവയേക്കാള്‍ ഹ്രസ്വവും തീഷ്ണത കുറഞ്ഞതുമായ ആഹ്ലാദഘട്ടങ്ങളും അനിഷ ഓര്‍ത്തു. ഇവ ഒന്നുമില്ലായ്മയില്‍ നിന്നും ഉണ്ടാകുകയും ഏതാനും മണിക്കൂറുകളോ ഒന്നു രണ്ട് ദിവസങ്ങളോ നീണ്ടു നില്‍ക്കുകയും ചെയ്തിരുന്നു. 

ക്രമേണ, അവളുടെ മൂഡ് തകരാറിന്‍റെ ഒരു ചിത്രം വ്യക്തമായിത്തുടങ്ങി. അവള്‍  ദേഷ്യപ്പെടുകയും അസ്വസ്ഥയാകുകയും ചെയ്യുന്ന ഘട്ടങ്ങളും ഉണ്ടായിരുന്നു. ഇവയ്ക്കും പ്രത്യേക കാരണമൊന്നും ഉണ്ടാകില്ല. ഒരിക്കല്‍ ഒരു ഉയര്‍ന്ന കെട്ടിടത്തിന്‍റെ ടെറസില്‍ നില്‍ക്കുമ്പോള്‍ അവള്‍ക്ക് വലിയ ആഹ്ലാദം അനുഭവപ്പെട്ട ഒരു സംഭവം ഉണ്ടായി. കൈകള്‍ വിടര്‍ത്തി ചാടിയാല്‍ തനിക്ക് പറക്കാന്‍ കഴിയുമെന്ന് ആവേശകരമായ ചിന്ത അവള്‍ക്ക് ഉണ്ടായി. എന്നെക്കാണുന്നതിന് രണ്ടാഴ്ച മുമ്പ് ഉണ്ടായ ഈ സംഭവമാണ്  പേടിച്ചു പോയ അവളുടെ കൂട്ടുകാരനെ അവളെ കൗണ്‍സിലറുടെ അടുത്തേക്ക് നിര്‍ബന്ധിച്ച് കൊണ്ടുവരാന്‍ പ്രേരിപ്പിച്ചത്.
 
ഈ സംഭവങ്ങളും അവളുടെ ഇപ്പോഴത്തെ വിഷാദകരമായ മാനസികാവസ്ഥയും അവളുടെ മുന്‍കാലത്തെക്കുറിച്ചുള്ള വിവരങ്ങളും കണക്കിലെടുത്ത് അവള്‍ക്ക് മൂഡ് തകരാര്‍ എന്ന രോഗമാണെന്ന് നിര്‍ണയിക്കാന്‍ കഴിഞ്ഞു. ചികിത്സ ആരംഭിക്കുകയും അടുത്ത ഏതാനും ആഴ്ചകള്‍ കൊണ്ട് മരുന്നുകള്‍ ഫലിച്ചു തുടങ്ങുകയും അവളുടെ മൂഡ് സ്ഥിരതയുള്ളതായിത്തീരുകയും ചെയ്തു. അവള്‍ ഇപ്പോള്‍ പതിവായി എന്നെ കണ്ട് അവസ്ഥ വിലയിരുത്താന്‍ വരുന്നുണ്ട്. അവള്‍ക്ക് ചിലപ്പോള്‍ ഉണ്ടാകുന്ന വിഷാദം മറ്റാര്‍ക്കും ഉണ്ടാകുന്നതുപോലെയേ ഉള്ളു. അതിലവള്‍ക്ക് പ്രശ്നമില്ല.
മാനസികാവസ്ഥയിലെ (മൂഡ്) ഇത്തരം ചാഞ്ചാട്ടങ്ങള്‍ക്ക് ചികിത്സവേണ്ടത് എന്തുകൊണ്ടെന്ന് മനസിലാക്കാന്‍ പ്രയാസമില്ല. അനീഷ അവളുടെ അത്യധികമായ ആഹ്ലാദത്തിന്‍റെ വേളയില്‍ ആ ഉയര്‍ന്ന കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും ചാടിയേക്കാമായിരുന്നു. അല്ലെങ്കില്‍, കഠിനമായ വിഷാദത്തിന്‍റെ തിരതള്ളലില്‍ അവള്‍ അവളുടെ ജീവിതം അവസാനപ്പിച്ചേക്കുമായിരുന്നു. ഇത്തരം വന്‍ ദുരന്തങ്ങള്‍ കൂടാതെ അമിതാഹ്ലാദാവസ്ഥയില്‍ വീണ്ടുവിചാരമില്ലാതെ പണം ചെലവാക്കല്‍, തല്ലുകൂടി ബന്ധങ്ങള്‍ തകര്‍ക്കല്‍, ലൈംഗിക കാര്യങ്ങളില്‍ വീണ്ടുവിചാരമില്ലായ്മ മുതലായ അതിരുകടന്ന പ്രവര്‍ത്തികള്‍ ഉണ്ടായേക്കാം.   ആഹ്ലാദത്തിന്‍റെ അവസ്ഥ കഴിഞ്ഞാല്‍ ഇവയൊക്കെ നാണക്കേടുണ്ടാക്കുന്നതായി തോന്നിയേക്കാം. ഒരാള്‍ ഇതുപോലെ വലിയ ആഹ്ലാദം അനുഭവപ്പെട്ടപ്പോള്‍ പറക്കാന്‍ തോന്നിയതുകൊണ്ട് താന്‍ സമ്പാദിച്ച പണത്തിന്‍റെ വലിയൊരു പങ്ക് എയര്‍പോര്‍ട്ടുകളില്‍ നിന്ന് എയര്‍പോര്‍ട്ടുകളിലേക്ക് പറക്കാന്‍ വേണ്ടി ചെലവാക്കി. കടുത്ത വിഷാദവും ഇതുപോലെ വിനാശകരമായേക്കാം. ഒരു വ്യക്തിയെ ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്യുന്നതില്‍  നിന്ന് ഇത് തടസ്സപ്പെടുത്തുകയും അതുമൂലം ജീവിതം ചിതറിപ്പോകുകയും ചെയ്തേക്കാം. 

കൗമാരക്കാരുടെ പല പെരുമാറ്റങ്ങളും അത്യാവേശം, മ്ലാനത, ഹോര്‍മോണ്‍ പ്രശ്നങ്ങള്‍, പിഎംഎസ്, വ്യക്തിബന്ധങ്ങളിലെ പ്രശ്നങ്ങള്‍, സ്വയം മതിപ്പില്ലായ്മ എന്നിങ്ങനെ ഇന്‍റര്‍നെറ്റില്‍ നിന്നും കിട്ടുന്ന അനേക കാരണങ്ങളില്‍ ഏതെങ്കിലും ഒന്നാണെന്ന് തെറ്റായി മനസിലാക്കപ്പെടാറുണ്ട്. അല്ലെങ്കില്‍ ഞാന്‍ എപ്പോഴും കേള്‍ക്കാറുള്ളപോലെ " ഓ...അവള്‍ മദ്യപിച്ചിരുന്നു എന്നാണ് ഞങ്ങള്‍ കരുതുന്നത്." എന്ന് പറയും. 

സാധാരണയുള്ള മൂഡ് മാറ്റത്തില്‍ നിന്നും വ്യത്യസ്തമായി മൂഡ് തകരാര്‍ എന്നാല്‍ ഒരു വ്യക്തിയുടെ സാധാരണ മൂഡില്‍ നിന്നും ആഹ്ലാദത്തിലേക്കോ വിഷാദത്തിലേക്കോ ഉള്ള ഗുരുതരമായ ഒരു മാറ്റമാണ്. ഇത്തരം കടുത്ത മൂഡ് മാറ്റങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എന്തെങ്കിലും കാര്യമായ കുഴപ്പം ഉണ്ടായിരിക്കാമെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഓര്‍ക്കണം. കഴിയുന്നത്ര വേഗം മാനസികാരോഗ്യ വിദഗ്ധന്‍റെ വിലയിരുത്തലിന് കൊണ്ടുപോകണം. ഇങ്ങനെ ചെയ്താല്‍ പ്രശ്നം തീരെ വഷളാകും മുമ്പ് ചികിത്സ തുടങ്ങാനാകും.

ഡോ. ശ്യാമളാ വാത്സ ഈ പരമ്പരയില്‍ കൗമാരത്തിലെ മാറ്റങ്ങള്‍ പ്രാരംഭഘട്ടത്തിലുള്ള മാനസികാരോഗ്യ  പ്രശ്നങ്ങളെ മറച്ചു വെച്ചേക്കും എന്ന കാര്യം എടുത്തു കാണിക്കുന്നു. ഈ ലേഖനങ്ങളില്‍, മാനസിക തകരാറുകളുടെ പ്രാരംഭ ലക്ഷണങ്ങള്‍ സാധാരണ കൗമാര പ്രശ്നങ്ങളായി തെറ്റിദ്ധരിക്കപ്പെട്ടേക്കാമെന്ന് ചൂണ്ടികാണിക്കുന്നു. ഈ ലേഖനത്തിന്‍റെ തുടക്കത്തില്‍ അവതരിപ്പിച്ചിരിക്കുന്ന, അനാവശ്യമായി ദുരിതപ്പെടുന്ന ചെറുപ്പകാരുടേതുപോലെ സാധാരണമായ പരിധിക്ക് അപ്പുറത്ത് നില്‍ക്കുന്ന പെരുമാറ്റങ്ങള്‍ ആരിലെങ്കിലും കണ്ടാല്‍ കൂട്ടുകാരും കുടുംബക്കാരും കാര്യങ്ങള്‍ കൈവിട്ട് പോകുന്നതിന് മുമ്പ് വിദഗ്ധ സഹായം തേടേണ്ടതാണ്.

ഡോ. ശ്യാമള വാത്സ കഴിഞ്ഞ ഇരുപത് വര്‍ഷത്തിലധികമായി ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രാക്ടീസ് ചെയ്യുന്ന മനോരോഗ ചികിത്സകയാണ് (സൈക്യാട്രിസ്റ്റ്). യുവാക്കളെക്കുറിച്ചുള്ള ഡോ. ശ്യാമള വാത്സയുടെ ഈ കോളം രണ്ടാഴ്ചയില്‍  ഒരിക്കലാണ് പ്രസിദ്ധീകരിക്കപ്പെടുക. ഇതിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും എഴുതിയറിയിക്കേണ്ട വിലാസം- columns@whiteswanfoundation.org

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org