മാനസിക സമ്മര്‍ദ്ദവും ഫൈബ്രോമയാൾജിയയും

മാനസിക പിരിമുറുക്കം വേണ്ടവിധം കൈകാര്യം ചെയ്താൽ ഫൈബ്രോമയാൾജിയയുടെ ലക്ഷണങ്ങൾ തൃപ്തികരമായി നേരിടാനാകും. എങ്ങനെ എന്ന് ഇവിടെ വായിക്കാം.

എന്താണ് ഫൈബ്രോമയാൾജിയ?

പൊതുവായ ക്ഷീണാവസ്ഥയിലേയ്ക്കും സ്ഥിരമായി ആവർത്തിച്ചുകൊണ്ടേയിരിക്കുന്ന ശാരീരിക ക്ലേശങ്ങളിലേയ്ക്കും വേദനകളിലേയക്കും നയിക്കുന്ന ഒരു വിട്ടുമാറാത്ത അസുഖമാണ് ഫൈബ്രോമയാൾജിയ. ഫൈബ്രോമയാൾജിയ ബാധിച്ച ഒരു വ്യക്തി അനുഭവിക്കുന്ന വേദനയ്ക്ക് സ്പഷ്ടമായ ശാരീരിക കാരണങ്ങൾ ഒന്നും തന്നെയില്ല, ഇത് രോഗനിർണ്ണയം കൂടുതൽ പ്രയാസകരമാക്കി തീർക്കുന്നതിന് സാദ്ധ്യതയുണ്ട്. 

ഫൈബ്രോമയാൾജിയ എങ്ങനെ ആയിരിക്കും?

ഏതാനും ആഴ്ച്ചകളായിട്ടോ മാസങ്ങളായിട്ടോ നിങ്ങൾ താഴെ പറയുന്ന ലക്ഷണങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് ഫൈബ്രോമയാൾജിയ ഉണ്ടോ എന്ന് തിരിച്ചറിയുന്നതിനായി നിങ്ങൾ ഒരു ഡോക്ടറെ സമീപിക്കേണ്ടതായി വരാം:

  • പൊതുവായ ക്ഷീണം
  • ഒരു രാത്രിയിലെ നല്ല ഉറക്കം കഴിഞ്ഞതിനു ശേഷവും നിങ്ങൾക്ക് ക്ഷീണം അനുഭവപ്പെടുന്നു
  • തലവേദനകളും ശാരീരികവേദനകളും
  • ശോകത്തിന്‍റേയും ക്ലേശത്തിന്‍റേയും ആവർത്തിച്ചുള്ള തോന്നലുകൾ
  • ശരീരത്തിൽ മൃദുലത
  • പ്രവർത്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോ മനസ്സ് ഏകാഗ്രമാക്കുന്നതിനോ ബുദ്ധിമുട്ട്
  • ദഹന പ്രശ്‌നങ്ങൾ

ഫൈബ്രോമയാൾജിയയുടെ കൃത്യമായ കാരണം അറിവായിട്ടില്ല. കടുത്ത മാനസിക പിരിമുറുക്കമോ തീവ്ര മാനസികാഘാതമോ അനുഭവിച്ചിട്ടുള്ള ആളുകളിൽ ഫൈബ്രോമയാൾജിയ ഉടലെടുത്തു എന്നു വരാം, ജനിതകപരമായ കാരണങ്ങളും ഇതിൽ ഒരു പങ്ക വഹിക്കുന്നുണ്ടാകാം എന്നാണ് ഗവേഷണങ്ങള്‍ അഭിപ്രായപ്പെടുന്നത്.

കാഴ്ച്ചയിൽ ആരോഗ്യമുള്ളയാൾ എന്നു തോന്നിപ്പിക്കുന്ന ഒരു വ്യക്തി എങ്ങനെയാണ് അസുഖം ബാധിച്ചതു പോലെയും സാധാരണഗതിയിൽ പെരുമാറുവാൻ സാധിക്കാത്തതു പോലെയും ആകുന്നത് എന്നത് സുഹൃത്തുക്കൾക്കും കുടുംബത്തിനും മനസ്സിലാക്കുവാൻ പ്രയാസമുണ്ടാകുന്നു. സ്‌കാൻ ഫലങ്ങൾ പലപ്പോഴും ശാരീരിക പ്രശ്‌നങ്ങൾ ഒന്നും തന്നെ രേഖപ്പെടുത്തുന്നില്ല, ആ വ്യക്തി മ്ലാനമായിരിക്കുകയും ഒരു കാര്യവും ഇല്ലാത്തവയെ പറ്റി ലഹള വയ്ക്കുകയും ചെയ്യുന്നത് രോഗിക്കു ചുറ്റുമുള്ളവരെ അവരുടെ യഥാർത്ഥ അവസ്ഥ തെറ്റിദ്ധരിക്കുന്നതിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു.

ഒരു വ്യക്തിയുടെ വൈകാരിക സ്വാസ്ഥ്യത്തെ ഫൈബ്രോമയാൾജിയ എങ്ങനെയാണ് ബാധിക്കുന്നത്?

ശാരീരീകവേദനകളും ക്ഷീണവും മൂലം ദിനചര്യ എളുപ്പത്തിൽ നടത്തുന്നതിന്  പോലും ബുദ്ധിമുട്ട് നേരിടുന്നതിനാൽ, ഫൈബ്രോമയാൾജിയ ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ വശങ്ങളെ ബാധിക്കാറുണ്ട്. ഇത് മാനസികപിരിമുറുക്കത്തിലേയ്ക്കും ഇടിഞ്ഞു പോകുന്ന സ്വാഭിമാനത്തിലേയ്ക്കും നയിച്ചേക്കുവാൻ സാദ്ധ്യതയുണ്ട് - തങ്ങളുടെ ചുമതലകൾ നിറവേറ്റുന്നതിനോ അല്ലെങ്കിൽ അവ ഓർമ്മിച്ചു വയ്ക്കുന്നതിനോ അവർക്കു സാധിക്കുന്നില്ല.

"ഫൈബ്രോമയാൾജിയയ്ക്ക് നിശ്ചമായും ഒരു മാനസിക അടിസ്ഥാനമുണ്ട്. ഒരു പരിക്ക് ആയി സ്‌കാനിൽ കാണപ്പെടാത്ത വേദന ഒരു വ്യക്തി  യഥാര്‍ത്ഥത്തില്‍  അനുഭവിക്കുന്നു, പക്ഷേ ആ വേദന യഥാർത്ഥവും കഠിനവും, ചിലപ്പോൾ ദുർബ്ബലപ്പെടുത്തുന്നതും ആകുവാൻ സാദ്ധ്യതയുണ്ട്. കിടക്ക വിട്ട് എഴുന്നേൽക്കുന്നതു പോലും ഒരു കഠിന ഭാരമുള്ള ജോലി ആയിരിക്കും. പത്തിൽ ഒമ്പതു കേസുകളിലും, ഫൈബ്രോമയാൾജിയ തിരിച്ചറിയുന്നത് വളരെ ബുദ്ധിമുട്ടായിരിക്കും. മിയ്ക്ക ആളുകളും തങ്ങൾക്ക് ആ അസുഖം ഉണ്ട് എന്നു രോഗനിർണ്ണയം നടത്തുന്നതിന് മുമ്പ് ഏതാണ്ട് ഒരു വർഷത്തോളം ഡോക്ടർമാരോട് ഉപദേശം തേടുകയും പരിശോധനകൾ നടത്തുകയും ചെയ്തു കഴിഞ്ഞിട്ടുണ്ടാകും," ഗുർഗാവണിലെ മെഡാന്ത ആശുപത്രിയിലെ ന്യൂറോസൈക്കോളജിസ്റ്റ് ആയ ഡോ. നടാഷ ഖുള്ളർ കുമാര്‍ വിശദീകരിക്കുന്നു.  

ഫൈബ്രോമയാൾജിയയുടെ ലക്ഷണങ്ങൾ പലപ്പോഴും മാനസികമായ പിരിമുറുക്കങ്ങൾ ഉണ്ടാക്കുന്ന കാരണങ്ങളുമായി ചേർന്നതോ (ചിലപ്പോൾ ബന്ധപ്പെട്ടതോ) ആയിരിക്കും. ഇതിനർത്ഥം മനഃക്ലേശം ലക്ഷണങ്ങളെ കൂടുതൽ വഷളാക്കും എന്നതാണ്; മനഃക്ലേശങ്ങൾ കൈകാര്യം ചെയ്യുന്നത് രോഗലക്ഷണങ്ങൾ കൈകാര്യം ചെയ്യുന്നതിനു കൂടി സഹായകമാകുകയും ചെയ്യുന്നു. ഫൈബ്രോമയാൾജിയ ഉള്ള പത്തിൽ ഒമ്പതു പേരും വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങൾ അനുഭവിക്കുന്നു, പത്തിൽ ആറു പേർ എങ്കിലും അവരുടെ ജീവിതകാലത്ത് ഒരു വലുതായ വിഷാദരോഗ തകരാർ അനുഭവിക്കുകയും ചെയ്യുന്നു.

ഫൈബ്രോമയാൾജിയയും സ്വയം കരുതലും

ഫൈബ്രോമയാൾജിയയ്ക്ക് കൃത്യമായ പ്രതിവിധി ഒന്നും തന്നെയില്ല, പക്ഷേ ലക്ഷണങ്ങൾ വേണ്ടവിധം കൈകാര്യം ചെയ്യുന്നതിനും വേദന ലഘൂകരിക്കുന്നതിനും ചികിത്സ അവരെ സഹായിക്കുന്നു. നിങ്ങൾക്ക് ഫൈബ്രോമയാൾജിയ ഉണ്ടെന്നു സ്ഥിരീകരിച്ചു കഴിഞ്ഞാൽ, നിങ്ങളെ രോഗലക്ഷണങ്ങൾ വേണ്ടവിധം കൈകാര്യം ചെയ്യുന്നതിനു സഹായിക്കുന്നതിനായി, നിങ്ങളുടെ ഡോക്ടർ, ചികിത്സയും ജീവിതശൈലീ മാറ്റങ്ങളും ചേർന്ന ഒരു സംയുക്ത പദ്ധതി നിങ്ങൾക്കായി നിർദ്ദേശിച്ചേക്കാം. 

വൈദ്യശാസ്ത്ര ഇടപെടലുകൾ, വേദനസംഹാരികൾക്ക് ഒപ്പം ചെറിയ തോതിലുള്ള വിഷാദലഘൂകരണ മരുന്നുകളും ഉൾക്കൊണ്ടിട്ടുള്ളത് ആയിരിക്കും. നിങ്ങൾ നിങ്ങളുടെ മാനസിക പിരിമുറുക്കത്തെ മെച്ചപ്പെട്ട രീതിയിൽ നേരിടുന്നതിനും അതുവഴി  ലക്ഷണങ്ങൾ വേണ്ടവിധം കൈകാര്യം ചെയ്യുന്നതിനും തെറപ്പി (രോഗചികിത്സ) നിങ്ങളെ സഹായിച്ചേക്കാം.

  • ഒരു മാനസികാരോഗ്യ വിദഗ്ദ്ധന്‍റെ ഉപദേശം തേടുക, കൃത്യമായ അടിസ്ഥാനത്തിൽ തെറപ്പിക്കു പോകന്നത് പരിഗണിക്കുക.
  • ഒരു വ്യായാമ ദിനചര്യയെപ്പറ്റി ഡോക്ടറുടെ ഉപദേശം തേടുക, അത് കൃത്യമായി പാലിക്കുകയും ചെയ്യുക. ശാരീരിക വേദനകൾ ലഘൂകരിക്കുന്നതിന് വ്യായാമം സഹായിക്കും. ഒരു പ്രത്യേക ദിവസം നിങ്ങൾക്ക് നിങ്ങളുടെ വ്യായാമചര്യ പാലിക്കുവാന്‍  കഴിയുന്നില്ലെങ്കിൽ, നിങ്ങളുടെ കാലുകൾ ചലിപ്പിക്കുക, അതല്ലെങ്കിൽ വീടിനു ചുറ്റും ഒരു ചെറുനടത്തം നടക്കുക. 
  • നിങ്ങൾ ആരോഗ്യപരമായ സമീകൃത ആഹാരം കഴിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക.
  • ഒരു നല്ല പരസ്പരസഹായസംവിധാനം ഉണ്ടാക്കുക - നിങ്ങൾക്ക് ആവശ്യമുള്ള സമയത്ത് നിങ്ങളെ പ്രായോഗികമായും വൈകാരികമായും പിന്തുണയ്ക്കുന്നതിന് കഴിവുള്ള കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും തിരിച്ചറിയുക.
  • നിങ്ങളുടെ മനഃക്ലേശ കാരണങ്ങൾ വേണ്ടവിധം കൈകാര്യം ചെയ്യുക. എന്തെല്ലാം തരം അവസ്ഥകളാണ് നിങ്ങൾക്ക് മനഃക്ലേശത്തിനു കാരണമാകുന്നത് എന്നു മനസ്സിലാക്കുന്നതിനും മെച്ചപ്പെട്ട പൊരുത്തപ്പെടൽ സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നതിനും അതു നിങ്ങളെ  സഹായിക്കും.
  • ഉറക്ക ശുചിത്വം (സ്ലീപ് ഹൈജീന്‍) പരിശീലിക്കുക. നിങ്ങളുടെ ഉപകരണങ്ങൾ നിങ്ങൾ ബെഡ്‌റൂമിൽ നിന്നു പുറത്തു മാറ്റുന്നതും, കിടക്കുന്ന സമയത്തിനു മുമ്പ് പിരിമുറുക്കം അയച്ചുവിടുന്ന തരം ശീലങ്ങൾ അനുഷ്ഠിക്കുന്നതും  കൂടുതൽ നന്നായി ഉറങ്ങുവാൻ നിങ്ങളെ സഹായിക്കും.

ഈ ലേഖനം എഴുതിയിരിക്കുന്നത്, ഡൽഹിയിൽ മെഡാന്ത (Medanta) ആശുപത്രിയിലെ സീനിയർ കൺസൽറ്റന്‍റ് ന്യൂറോസൈക്കോളജിസ്റ്റ് ഡോ. നടാഷ ഖുള്ളർ കുമാർ നല്‍കിയ വിവരങ്ങള്‍ ഉൾക്കൊള്ളിച്ചു കൊണ്ടാണ്.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org