മാനസിക രോഗത്തെ കുറിച്ച് തൊഴിൽ ദാതാക്കൾക്ക് കൂടുതൽ സംവേദനക്ഷമതയും അവബോധവും ഉണ്ടാകേണ്ടതുണ്ട്

നയങ്ങളുടെ മനഃപൂർവ്വമായ അഭാവം എന്നതിന്‍റെ അർത്ഥം നമ്മുടെ തൊഴിലിടങ്ങളിൽ മാനസിക രോഗമുള്ള ആളുകളുടെ നിസ്സാരമായ ഉള്‍ക്കൊള്ളല്‍ എന്നത്രേ. സ്ഥാപനങ്ങൾക്ക് എന്താണ് ചെയ്യുവാൻ കഴിയുക?

യാഥാർത്ഥ്യങ്ങളെ കുറിച്ചുള്ള ഒരു അന്വേഷണത്തിന്‍റെ ഭാഗമായി വൈറ്റ് സ്വാൻ ഫൗണ്ടേഷനിലെ രഞ്ചിത ജ്യൂർക്കർ രണ്ട് *മനുഷ്യവിഭവശേഷി ഉദ്യോഗസ്ഥരുമായി സംസാരിച്ചു: മാനസിക രോഗവുമായി സമരസപ്പെടുന്ന ആളുകൾ തൊഴിലെടുക്കുന്നത് തുടരുകയോ അല്ലെങ്കിൽ തൊഴിലിലേക്ക് മടങ്ങി എത്തുകയോ ചെയ്യുന്നതിനെ കുറിച്ച് നിലവിൽ സ്ഥാപനങ്ങളിൽ എന്തു തരം സംവിധാനങ്ങളാണ് ഉള്ളത്? അവർ പറഞ്ഞത് ഇതാ ഇവിടെ:

* അവരുടെ അഭ്യർത്ഥനപ്രകാരം പേരുകൾ വെളിപ്പെടുത്തിയിട്ടില്ല.


മാനസിക രോഗം അനുഭവിക്കുന്ന ആളുകളെ തൊഴിലിടങ്ങൾ എത്രത്തോളം ഉൾക്കൊള്ളുന്നുണ്ട്?

എ: എന്‍റെ അഭിപ്രായത്തിൽ മാനസിക രോഗം, അതെത്ര കഠിനതരം ആണെങ്കിലും, അതു ബാധിച്ചിട്ടുള്ള ആളുകളെ കൈകാര്യം ചെയ്യുന്നതിനായി തൊഴിലിടങ്ങൾ യാതൊരുവിധത്തിലും സജ്ജമാക്കിയിട്ടില്ല. ഇത് മനഃപൂർവ്വം സംഭവിക്കുന്നതല്ല. മനുഷ്യവിഭവശേഷി ഉദ്യോഗസ്ഥരെ മാത്രം അവബോധമുള്ളവരാക്കുകയും പരിശീലനം നൽകുകയും ചെയ്യുന്നതുകൊണ്ടു മാത്രം കാര്യമില്ല, മറ്റു ജീവനക്കാർക്കും സഹായിക്കുവാൻ കഴിയും. ചില സ്ഥാപനങ്ങൾ അധികം നഷ്ടപരിഹാരം നൽകി ഒരു ഉപദേഷ്ടാവിന്‍റേയോ തെറപ്പിസ്റ്റിന്‍റേയോ ഭാഗം എടുക്കാൻ നോക്കും, മറ്റു ചിലർ ആ വ്യക്തിയുടെ ആവശ്യങ്ങളെ പറ്റി ഒട്ടും തന്നെ സംവേദനക്ഷമതയുള്ളവർ ആകണമെന്നുമില്ല. 

ബി: ഒഴിവാക്കൽ മനഃപൂർവ്വം സംഭവിക്കുന്ന ഒന്നല്ല. മാനസിക രോഗമുള്ള ഒരു വ്യക്തി അകന്നു നിൽക്കുന്ന സ്വഭാവം ഉള്ള ആളായിരിക്കാം, അല്ലെങ്കിൽ  തൊഴിലിടങ്ങളിലെ കൂട്ടായ്മകളിൽ ഉൾപ്പെടുത്തുവാൻ സ്വയം ചുറുചുറുക്കോടെ മുന്നോട്ടു വരുന്നതിന് ശ്രമിക്കുന്ന ആൾ ആകണമെന്നുമില്ല. മറ്റൊരു വെല്ലുവിളി ഉയരുന്നുണ്ട്: ഒരു വ്യക്തിക്ക് സ്‌കിസോഫ്രീനിയ പോലെ ഒരു രോഗം ഉണ്ട്, അത് യഥാർത്ഥത്തിൽ എന്താണ് എന്ന് ആർക്കും ഒട്ട് അറിയുകയുമില്ല, അതിനാൽ തന്നെ പിന്തുണ നൽകുവാൻ സഹപ്രവർത്തകർക്ക് സാധിക്കുകയുമില്ല. ശാരീരിക അവശതകൾ ഉള്ള ആളുകളെ സംബന്ധിച്ചിടത്തോളം, വെല്ലുവിളികൾ കുറേക്കൂടി പ്രത്യക്ഷത്തിൽ കാണാവുന്നതാണ്. അതിനാൽ സ്ഥാപനത്തിന് പരിഷ്‌കരണങ്ങൾ വരുത്തുന്നതിനും പിന്തുണയ്ക്കുന്നതിനും സാധിക്കും. മാനസിക രോഗമുള്ള ഒരു വ്യക്തിക്ക് പിന്തുണ നൽകുവാൻ നിങ്ങൾക്ക് എങ്ങനെയാണ് കഴിയുക? അത് അത്ര വ്യക്തമല്ല, കാരണം നമുക്ക് അവബോധം, പരിശീലനം, സംവേദനക്ഷമത എന്നിവ വളരെയധികം കുറവാണ്. മാത്രവുമല്ല, മിയക്കപ്പോഴും മാനസിക രോഗം ബാധിച്ച ആളുകൾക്ക് തങ്ങളുടെ അവസ്ഥകൾ പുറത്തു പറയുന്നതു സംബന്ധിച്ച് ആകുലതയും ഉണ്ടാകും. അത് കാര്യങ്ങൾ കൂടുതൽ കഠിനതരമാക്കുന്നു.

മാനസിക രോഗമുള്ള ആളുകൾ തൊഴിലിടത്ത് സാമാന്യേന നേരിടുന്ന വെല്ലുവിളികൾ എന്തെല്ലാമാണ്?

എ: വ്യത്യസ്തമായ ചിത്തവൃത്തികളുള്ള ഒരു സംഘത്തിനൊപ്പം ജോലി ചെയ്യുക എന്ന ബുദ്ധിമുട്ട് ഉൾപ്പടെ മാനസിക രോഗം ബാധിച്ച വ്യക്തികൾക്ക് അനേകം വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ടതായി വരാം. തങ്ങളുടെ വികാരങ്ങൾ കൈകാര്യം ചെയ്യുന്നതിനും മറ്റുള്ളവരോട് ആശയവിനിമയം നടത്തുന്നതിനും അവർക്ക് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടെന്നു വരാം. മാനേജരെ കൈകാര്യം ചെയ്യുന്നതിനും അവർക്ക് ബുദ്ധിമുട്ട് ഉണ്ടാകാം, മാനേജരുടെ നേതൃത്വ പ്രകൃതം അവരുടേതിനോട് യോജിക്കുന്നില്ലെങ്കിൽ പ്രത്യേകിച്ചും. അയവില്ലാത്തതും മാനസിക രോഗമുള്ള ഒരു വ്യക്തിയുടെ ആവശ്യങ്ങൾ പിന്തണയ്ക്കാത്തതുമായ സ്ഥാപന നയങ്ങൾ അവർക്ക് കൈകാര്യം ചെയ്യേണ്ടതായി വരാം. ഇതു കൂടാതെ, സ്ഥാപനത്തിനുള്ളിൽ തന്നെയുള്ള അനൗദ്യോഗിക പങ്കാളിത്ത കൂട്ടായ്മകളിൽ ചേരുന്നതിന് അവർക്ക് കഴിഞ്ഞെന്നു വരില്ല, അതുമൂലം അവരെ അന്യരായി കണക്കാക്കപ്പെട്ടുവെന്നും വരാം.

ബി: തനിക്ക് ശാരീരിക അസുഖമുണ്ട് എന്ന് ഒരു വ്യക്തി പറയുമ്പോൾ, ഞങ്ങൾ കൂടുതൽ അന്വേഷിക്കാറില്ല. അവർ ഒരു അവധിക്കു ശേഷം തിരികെ ജോലിയിൽ പ്രവേശിക്കുമ്പോൾ നേരത്തെയുണ്ടായിരുന്ന അതേ പോലെയുള്ള ഊര്‍ജ്ജത്തോടെ തന്നെ പ്രവർത്തനം തുടരണം എന്നും അവധി എടുത്ത കാലത്തെ പണി അങ്ങനെ തിരിച്ചു പിടിക്കണമെന്നും പ്രതീക്ഷിക്കുന്നു. ഇത് ഒരു വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

മാനസിക രോഗമുള്ള ആളുകളെ ജോലിക്ക് എടുക്കുന്ന ഉദ്യോഗദാതാക്കൾ അനുഭവിക്കുന്ന വെല്ലുവിളികൾ എന്തെല്ലാമാണ്?

എ: മിയ്ക്കവാറും ഉദ്യോഗ ദാതാക്കൾക്കും ഇതേ കുറിച്ച് അവബോധമോ, രോഗമുള്ള ആളുകളെ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ ആത്മവിശ്വാസമോ ഉണ്ടായെന്നു വരില്ല. സ്ഥാപനത്തിന്‍റെ നയങ്ങളുടെ കാര്യത്തിൽ കൂടുതൽ അയവുള്ള തരം വ്യാഖ്യാനങ്ങൾ ആവശ്യമുള്ള ഒരു വ്യക്തിയോട് തന്മയീഭാവത്തിന്‍റെ ഒരു അഭാവമുണ്ട്. പലപ്പോഴും, മാനസിക രോഗം ബാധിച്ച ആളുകളുടെ ആവശ്യങ്ങൾ അഭിസംബോധന ചെയ്യുന്നത് മാനവ വിഭവശേഷി വകുപ്പിലെ ജീവനക്കാരുടെ മാത്രം ചുമതലയാണ് എന്ന് ഒരു വിശ്വാസവും നിലവിലുണ്ട്; അതിനാൽ അവരെ പിന്തുണയ്ക്കുന്നതിന്‍റെ ഉടമസ്ഥാവകാശം മറ്റു ജീവനക്കാർ ഏറ്റെടുക്കാറില്ല. 

ബി: ഒരു വ്യക്തിക്ക് മാനസിക രോഗമുള്ളപ്പോൾ, അവരുടെ പ്രവർത്തനങ്ങൾ മന്ദീഭവിക്കുന്നതിന് സാദ്ധ്യതയുണ്ട്. എല്ലാ കാര്യങ്ങളും പരിഗണനയിലെടുത്ത് വിശാലമായി ചിന്തിക്കുമ്പോൾ,  ഇത് കമ്പനിയുടെ ജോലിയിൽ പ്രഭാവം ചെലുത്തുന്നു എന്നു കാണാം. രോഗം ബാധിച്ച വ്യക്തിയേയും നിങ്ങളുടെ ടീമിന്‍റെ കാര്യപ്രാപ്തിയേയും പ്രവർത്തനത്തേയും നിങ്ങൾ എങ്ങനെയാണ് സന്തുലിതാവസ്ഥയിൽ എത്തിക്കുക? നിങ്ങളുടെ ടീമിന്‍റെ ഉള്ളിലെ സമവാക്യം മാറുമ്പോൾ നിങ്ങൾ ആ അവസ്ഥ എങ്ങനെയാണ് കൈകാര്യം ചെയ്യുക? വ്യക്തി നിർവ്വഹിക്കേണ്ടതായ ഭാഗത്തിന് നിങ്ങൾ എന്താണ് ചെയ്യുക? തുടക്കത്തിൽ കമ്പനികൾ അവർക്ക് പിന്തുണ നൽകുവാൻ പരിശ്രമിക്കും. ഏതാനും മാസങ്ങൾ പിന്നിടുമ്പോൾ, എങ്ങനെയാണ് അതു ചെയ്യേണ്ടത് എന്ന് അവർക്ക് നിശ്ചയമില്ലാതാകും - പ്രത്യേകിച്ചും ആ വ്യക്തിയുടെ പ്രവർത്തനമികവ് കുറവാണ് എന്നുണ്ടെങ്കില്‍, കൂടെക്കൂടെ സമയക്കൂടുതൽ ആവശ്യമായി വരുമെങ്കിൽ. അവർക്ക് മാറിമറിയുന്ന കഴിവുകൾ ഉണ്ടായിരിക്കും - നിങ്ങൾ എങ്ങനെയാണ് അതു കൈകാര്യം ചെയ്യുക? നിങ്ങൾക്ക് ഏതളവു വരെ അയഞ്ഞ സമീപനം കൈക്കൊള്ളുന്നതു സാദ്ധ്യമാകും? അവരുടെ മാറി വരുന്ന ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിന് വേണ്ടുന്ന വിഭവശേഷികൾ നിങ്ങൾക്ക് ഉണ്ടോ? ഇത് എങ്ങനെയാണ് കമ്പനിയുടെ  ലാഭനഷ്ട കണക്കിൽ പ്രഭാവം ചെലുത്തുക എന്ന് എല്ലായ്‌പ്പോഴും അവബോധം ഉണ്ടായിരിക്കുകയും ചെയ്യുക........

ഉദ്യോഗദാതാക്കൾക്കും ജീവനക്കാർക്കും ലഭ്യമായിട്ടുള്ള താൽക്കാലിക പരിഹാരങ്ങൾ എന്തെല്ലാമാണ്?

എ: താൽക്കാലികാടിസ്ഥാനത്തിൽ സ്വതന്ത്രമായി ജോലി ചെയ്യുന്നതോ ഉപദേഷ്ടാവിന്‍റെ ഭാഗം ചെയ്യുകയോ ചെയ്യുന്നത് ആയിരിക്കും ഒരു ഹിതകരമായ കാര്യം. പക്ഷേ ഇപ്പോഴിപ്പോൾ ഉദ്യോഗദാതാക്കൾക്ക് എപ്പോഴാണ് എവിടെയാണ് ജോലി നിർവ്വഹിക്കേണ്ടത് എന്ന കാര്യങ്ങളിലും കൂടുതൽ അയവ് സൃഷ്ടിക്കുവാൻ കഴിയും. ജീവനക്കാരന്/ക്കാരിക്ക് നല്ല പ്രവർത്തന മികവ് കാണിച്ച് വിശ്വാസം നേടിയെടുക്കേണ്ടതുണ്ട്, പക്ഷേ ഒരു മുഴുവൻ സമയ ജോലി എടുക്കുമ്പോൾ പോലും, വ്യത്യസ്ത ക്രമീകരണങ്ങൾ ആരായുന്നതിന് ഇരുകൂട്ടർക്കും, ഉദ്യോഗദാതാവിനും ജീവനക്കാരനും, എപ്പോഴും അവസരം ഉണ്ട്.

മറ്റൊരു വഴി, ഒരു ക്ഷമതാ പരീക്ഷണം നടത്തുക എന്നതാണ്. ഒരു പരിശീലന കാലം അല്ലെങ്കിൽ ഒരു സന്നദ്ധ സേവനം, ഒരു ഹ്രസ്വകാല കരാർ നടപ്പിലാക്കുക എന്നതാണ്. അപ്പോൾ ഇരുകൂട്ടർക്കും അത് ഉപകാരപ്രദമാകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് ഒരു അവസരം കൈവരുമല്ലോ.

ബി : ജീവനക്കാരന് കൂടുതൽ 'എളുപ്പമായ' ഒരു ഭാഗം - താൽക്കാലികാടിസ്ഥാനത്തിൽ സ്വതന്ത്രമായി ജോലി ചെയ്യുക, അല്ലെങ്കിൽ അൽപ്പം കൂടി കുറഞ്ഞ മാനസിക പിരിമുറുക്കവും സമ്മർദ്ദവുമുള്ള തരം ജോലിക്കായി മറ്റു പ്രവർത്തന മേഖലയിലേക്കു മാറുക - എടുക്കാം. അല്ലെങ്കിൽ ഉൾക്കൊള്ളുന്നവർ എന്ന് അറിയപ്പെടുന്ന സ്ഥാപനങ്ങളിൽ - സാപ് (SAP), ലെമൺ ട്രീ (Lemon tree) എന്നീ രണ്ടു സ്ഥാപനങ്ങളുടെ പേരുകളാണ് പെട്ടെന്ന് മനസ്സിലേക്ക് വരുന്നത് - ജോലിക്ക് കയറാം. മുൻപേ തന്നെ വൈവിദ്ധ്യം നിലവിലുള്ള ഒരു സ്ഥലത്ത് ജോലി ചെയ്യുന്നതായിരിക്കും കൂടുതൽ എളുപ്പം. ഇനിയും മറ്റൊരു വഴി, മാനേജറിനോടോ മാനവവിഭവശേഷി വകുപ്പിനോടോ നിങ്ങളുടെ വെല്ലുവിളികളെ പറ്റി സംസാരിക്കുക എന്നതാണ്. നിങ്ങൾ നിങ്ങളുടെ ജീവിതത്തിലെ ഒരു ദുർഘടം പിടിച്ച കാലഘട്ടത്തിലൂടെ കടന്നു പോകുകയാണ് എന്നും പിന്തുണ ആവശ്യമായി വന്നേക്കാം എന്നും അവരോടു പറയുക. ഇവിടെ നിങ്ങൾക്ക് കൃത്യമായി എന്തു തരം പിന്തുണയാണ് ആവശ്യം എന്നത് വളരെ പ്രധാനമാണ്. നിങ്ങളുടെ വെളിപ്പെടുത്തൽ എങ്ങനെയായിരിക്കും സ്വീകരിക്കപ്പെടുക എന്ന് നിങ്ങൾ സ്വയം നിർണ്ണയിച്ചിട്ട് കരുതലോടെ വേണം ആശയവിനിമയം നടത്തുന്നത്. അങ്ങനെയാകുമ്പോള്‍ നിങ്ങൾക്ക് ലേശം കൂടി സ്വസ്ഥത വേണ്ടി വന്നേക്കാം, അല്ലെങ്കിൽ കുറച്ചു കാലത്തേക്ക് ജോലിയില്‍ നിന്ന് ഒരു വിടുതല്‍ വേണ്ടി വന്നേക്കാം എന്ന് അവരെ മനസ്സിലാക്കിക്കുന്നതിന് നിങ്ങൾക്കു സഹായിക്കുവാൻ കഴിഞ്ഞേക്കാം. 

മാനസിക രോഗങ്ങളിൽ നിന്ന് ഉയർന്നു വരുന്ന സവിശേഷ ആവശ്യങ്ങൾ ഉളളവരോട് സൗഹൃദപരമാണ് എന്ന് അറിയപ്പെടുന്ന പ്രത്യേകം സ്ഥാപനങ്ങളോ മേഖലകളോ ഉണ്ടോ?

എ: ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മേഖല പൊതുവേ മാനസിക രോഗമുള്ള ആളുകളെ അംഗീകരിക്കുന്ന കാര്യത്തിൽ കൂടുതൽ തുറന്ന സമീപനം സ്വീകരിക്കുന്നവരായിരിക്കും എന്നു ഞാൻ കരുതുന്നു.  അവബോധം സൃഷ്ടിക്കുന്നതിനും മാനസിക രോഗമുള്ള ആളുകളുടെ ആവശ്യങ്ങളോട് പ്രതികരിക്കുകയും ചെയ്യുന്ന തരം തൊഴിൽ പരിതസ്ഥിതി സ്ഥാപിക്കുന്നതിനും വേണ്ടി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മേഖലകളിൽ ഉള്ളവർ ഇനിയും കൂടുതൽ മുതൽ മുടക്കേണ്ടതായിട്ടുണ്ട്. ചില ഗവണ്മെണ്ട്, പൊതുമേഖലാ സ്ഥാപനങ്ങൾ താരതമ്യേന മറ്റു മേഖലകളെ അപേക്ഷിച്ച്, കൂടുതൽ സൗഹൃദപരമാണ് എന്നാണ് അറിയപ്പെടുന്നത്. പുരോഗമനതത്പരരായ ചില വലിയ സോഫ്റ്റ്‌വേർ സ്ഥാപനങ്ങൾ കൂടുതൽ ഉൾക്കൊളളുന്നവരാകുന്നതിന് ശ്രമിക്കുന്നുണ്ട്. 

തങ്ങൾ ഇരുവർക്കും സ്വീകാര്യമായ തരത്തിൽ സ്ഥാപനത്തിനും ജീവനക്കാരനും/ജീവനക്കാരിക്കും ഇടയ്ക്ക് ധാരണയുണ്ടാക്കാൻ കഴിയുന്നത് എങ്ങനെയാണ്?

എ : ഇരു കൂട്ടരുടേയും ഇടയിൽ ഒരു വിശ്വാസം സ്ഥാപിച്ചെടുക്കേണ്ടത് പ്രധാനമാണ് എന്ന് ഞാൻ കരുതുന്നു. നിങ്ങളുടെ ഇതിനു മുമ്പുള്ള ചോദ്യത്തിന് പ്രതികരണം ആയി ഞാൻ പറഞ്ഞതു പോലെ, ഒരു ക്ഷമതാ പരീക്ഷണ കാലം, ഒരു പ്രായോഗികമായ പരിഹാരം ഉണ്ടാക്കി എടുക്കുന്നതിന് സഹായകമായേക്കാം. 

നിങ്ങൾ ഒരു മാനസിക രോഗത്തിൽ നിന്ന് ഇപ്പോൾ മുക്തി നേടി വരുന്നതേയുള്ളു, നിങ്ങള്‍ ഒരു ജോലിക്കായുള്ള മുഖാമുഖത്തിന് പോകുകയുമാണ് എങ്കിൽ, നിങ്ങൾ എത്രത്തോളം ജാഗ്രത്തായിരിക്കും? നിങ്ങൾ എത്രത്തോളം വിവരങ്ങൾ പങ്കു വയ്ക്കും?

എ: മറ്റു പലരുമായി താരതമ്യപ്പെടുത്തുമ്പോൾ ചില ജോലി സംസ്‌കാരങ്ങൾ കൂടുതൽ വിനയാന്വിതമായിരിക്കും. അതിനാൽ സ്ഥാപനത്തിന്‍റെ സംസ്‌കാരം, എന്‍റെ മേലുദ്യോഗസ്ഥൻ ആയി വരുന്ന മാനേജരുടെ പ്രകൃതം, ഞാൻ ഭാഗമായിരിക്കാൻ പോകുന്ന ടീം എന്നിവയെ കുറിച്ച് ധാരാളം വിവരം കണ്ടുപിടിക്കുന്നതിന് ഞാൻ ശ്രമിക്കും.

നിങ്ങളുടെ ജോലിയിൽ പ്രഭാവം ചെലുത്തുന്നതിനോ തൊഴിലിടത്തിലെ നിങ്ങളുടെ പാരസ്പര്യത്തെ ബാധിക്കുന്ന തരത്തിലുള്ളതോ ആയ പ്രധാനപ്പെട്ട പ്രശ്‌നങ്ങൾ പങ്കുവയ്ക്കുന്നത് നല്ലതാണ്. നിങ്ങൾക്കു വേണ്ടി ഏതെങ്കിലും തരത്തിൽ അയവുള്ള ജോലി ക്രമീകരണങ്ങൾ നിങ്ങളുടെ ഉദ്യോഗദാതാവ് ചെയ്യണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നു എന്നുണ്ടെങ്കിൽ ഇത് പ്രത്യേകിച്ചും പ്രധാനമത്രേ. ഇത് വിശ്വാസം സൃഷ്ടിക്കുന്നതിന്‍റെ ഭാഗമാണ്.

അടുത്ത ചോദ്യം ഈ വിവരം എന്നാണ് പങ്കു വയ്‌ക്കേണ്ടത് എന്നുള്ളതാണ്. അത് ആദ്യത്തെ മുഖാമുഖ വേളയിൽ തന്നെ വേണോ അതോ നിങ്ങൾ തെരഞ്ഞെടുക്കപ്പെടും എന്നു തീർച്ചയാകുന്ന അവസാന വട്ട മുഖാമുഖങ്ങളുടെ വേളയിലാണോ, അതോ ഒരു ജോലി വാഗ്ദാനം നിങ്ങൾക്ക് നൽകിയതിനു ശേഷമാണോ ചെയ്യേണ്ടത്? ആദ്യത്തേയോ രണ്ടാമത്തേയോ മുഖാമുഖ വേളയിൽ തന്നെ, നിങ്ങളെ തെരഞ്ഞെടുക്കുന്ന മാനേജറും മനുഷ്യവിഭവശേഷി വക്താവും ഒന്നിച്ചുള്ളപ്പോൾ, ഈ വിഷയം അവതരിപ്പിക്കുക എന്നത് ഒരു നല്ല ആശയം ആയിരിക്കും എന്നാണ് എനിക്ക് ഉറപ്പായും തോന്നുന്നത്.

മാനസിക രോഗം ബാധിച്ചിട്ടുള്ള ആളുകൾക്കു കൂടി ഉൾക്കൊള്ളൽ സൃഷ്ടിക്കത്തക്ക വിധം നമ്മുടെ സംവിധാനങ്ങളിൽ വരുത്തേണ്ട ദീർഘകാലാടിസ്ഥാനത്തിലുള്ള ക്രമീകരണങ്ങൾ എന്തെല്ലാമാണ്?

എ: മാനസിക രോഗമുള്ള ആളുകൾക്ക് ഉൾക്കൊള്ളൽ നമ്മൾ സൃഷ്ടിക്കേണ്ടതുണ്ട് എങ്കിൽ, വിജയകരമായ തൊഴിൽ ക്രമീകരണങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് നമ്മൾ തുടങ്ങേണ്ടിയിരിക്കുന്നു. പരിമിതികളെ കുറിച്ച് പൊതുവായും, മാനസിക രോഗത്തെ കുറിച്ച് സവിശേഷമായും ചർച്ചകൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പരിശീലനങ്ങൾ നമുക്ക് നാനാത്വം ഉൾക്കൊള്ളൽ എന്നി വിഷയങ്ങളിൽ ആവശ്യമുണ്ട്. മാനസിക രോഗമുള്ള ഒരു വ്യക്തിയുടെ അവസ്ഥ മനസ്സിലാക്കുന്നതിനും ആ വ്യക്തിയെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെ എന്നുള്ളതിന് അവബോധം വളർത്തിയെടുക്കുന്നതിനും വേണ്ടി സ്ഥാപനങ്ങൾ ഉപദേഷ്ടാക്കളേയോ അതല്ലെങ്കിൽ തെറപ്പിസ്റ്റുകളേയോ ഏർപ്പെടുത്തേണ്ടതുണ്ട്.

ബി: ഇന്ന് മിയ്ക്ക കോർപ്പറേറ്റുകളും ലാഭത്തെ കുറിച്ചും പണത്തെ കുറിച്ചും മാത്രമേ ചിന്തിക്കുന്നുള്ളു. മറ്റു ഘടകങ്ങൾക്ക് വളരെ ചെറിയ പരിഗണനയേ ഉള്ളു എന്നാണ് ഇതിന്‍റെ അർത്ഥം. സംഗതികൾ മാറി മറിയണമെങ്കിൽ നമുക്ക് ഒരു മാനസികാവസ്ഥയുടെ പരിവർത്തനം ആവശ്യമുണ്ട്. നമ്മൾ പരിമിതികളെ കുറിച്ച് സംസാരിക്കുമ്പോൾ മാനസികാരോഗ്യം കൂടി ഉൾപ്പെടുത്തേണ്ടതും പ്രധാനം തന്നെയാണ്.    

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org