പരീക്ഷാസമ്മർദ്ദത്തെ മാതാപിതാക്കൾക്ക് എങ്ങനെ കൈകാര്യം ചെയ്യാം? 

പരീക്ഷക്കാലത്ത് കുട്ടികൾ ഉത്കണ്ഠാകുലർ ആകാതിരിക്കാൻ മാതാപിതാക്കൾക്ക് പ്രത്യേകം തയ്യാറെടുക്കാം.
രക്ഷിതാക്കളും കുട്ടികളും ഒരേപോലെ പരീക്ഷാസംബന്ധമായ മാനസിക സമ്മർദ്ദത്തിന്റെ ചൂടറിയുന്ന കാലമാണിത്. മത്സരബുദ്ധി ആരോഗ്യപരമാണെങ്കിൽ കൂടിയും ചിലപ്പോഴത് മാതാപിതാക്കളെയും കുട്ടികളെയും  അമിത സമർദ്ദത്തിനും ഉത്കണ്ഠയ്ക്കും അടിമപ്പെടുത്തുന്നു. പഠനമികവിനെ സംബന്ധിച്ച്  ഉണ്ടാകുന്ന ഉത്കണ്ഠകളും അത് കുട്ടികളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും ഉടലെടുക്കുന്നത് ബോധപൂർവ്വമോ അബോധപൂർവ്വമോ അത് തങ്ങളുടെ കുട്ടികളിലേക്ക് ഭാരമിറക്കിവെയ്ക്കുന്ന രക്ഷിതാക്കളിൽ നിന്നാണെന്നാണ് മാനസികരോഗ വിദഗ്ദ്ധർ കണ്ടെത്തിയിരിക്കുന്നത്. 
കുട്ടികളെ ഉത്കണ്ഠാകുലരാക്കാതെയും ആത്മവിശ്വാസത്തെ തളർത്താതെയും പരീക്ഷാ സമയങ്ങളിൽ രക്ഷിതാക്കൾക്ക് എങ്ങനെ സഹായിക്കാം എന്നതിനെക്കുറിച്ച് ക്ലിനിക്കൽ സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. എം. മഞ്ജുളയുമായി വൈറ്റ്‌സ്വാൻ ഫൗണ്ടേഷന്റെ പ്രതിനിധി പ്രിയങ്ക മന്ത്രിപ്രഗാഡ സംസാരിക്കുന്നു.
പരീക്ഷാസമയത്ത് എനിക്കെന്റെ കുട്ടിയെ എങ്ങനെ സഹായിക്കാം? 

പരീക്ഷകൾ സുഗമമാക്കാൻ പ്രോത്സാഹിപ്പിക്കുന്ന ആള് മാത്രമാകണം രക്ഷിതാവ്. പരീക്ഷകളിലെ പ്രകടനമോർത്ത് കുട്ടി ഉത്കണ്ഠാകുലനും മാനസിക സമ്മർദ്ദത്തിലുമാണ് എന്ന കാര്യം ഓർക്കുക. ഈ പ്രത്യേക അവസരത്തിൽ, ഒരു രക്ഷിതാവായ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത്: 
  • വിഷയങ്ങൾ വീണ്ടും വായിക്കാൻ ഉതകുന്ന രീതിയിൽ ഒരു ടൈം ടേബിൾ സൃഷ്ടിക്കുവാൻ കുട്ടിയെ സഹായിക്കുക.
  • പഠിക്കാനുള്ള കാര്യങ്ങൾ വീണ്ടും വായിച്ച് നോക്കാൻ കുട്ടിയെ സഹായിക്കുക.
  • അവരുടെ ആരോഗ്യം സംരക്ഷിക്കാൻ ആവശ്യമായ പോഷകസമൃദ്ധമായ ഭക്ഷണം നൽകുക. 
  • കുട്ടിയുടെ ഉറക്കത്തിന്റെ രീതി നിരീക്ഷിക്കുകയും മതിയായ വിശ്രമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക. 
  • അവരുടെ ആശങ്കകളെ തരണം ചെയ്യാൻ ആവശ്യമായ വൈകാരികമായ പിന്തുണയും ഉറപ്പും നൽകുക.
എന്റെ കുട്ടി പരീക്ഷാ സമ്മർദ്ദം അനുഭവിക്കുന്നുണ്ടെന്ന് ഞാൻ എങ്ങനെയാണ് മനസിലാക്കുന്നത്? 

ഒരു രക്ഷിതാവെന്ന നിലയ്ക്ക് നിങ്ങളുടെ കുട്ടി ഭയപ്പെടുമ്പോഴോ മാനസിക പിരിമുറുക്കം അനുഭവിക്കുമ്പോഴോ ഉത്കണ്ഠാകുലരാകുമ്പോഴോ എങ്ങനെയാവും പ്രതികരിക്കുക എന്ന് നിങ്ങൾക്കറിയാം. കുട്ടികൾ സാധാരണയായി തങ്ങളുടെ ഉത്കണ്ഠകളെയും സംഘർഷങ്ങളേയും ഇച്ചാഭംഗങ്ങളേയും അല്ലെങ്കിൽ പഠനത്തിലുള്ള തടസ്സങ്ങളേയും, പ്രയാസങ്ങളേയും കുറിച്ച് മാതാപിതാക്കളോട് സംസാരിക്കാറുണ്ട്. പരീക്ഷയ്ക്കായി കൃത്യമായി തയ്യാറെടുക്കാതിരിക്കുക, തങ്ങൾക്ക് ആവശ്യമുള്ള സീറ്റോ കോഴ്‌സോ കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യുമെന്ന പേടി ഉണ്ടാകുക, ശ്രദ്ധ ചെലുത്തി പഠിക്കാൻ സാധിക്കാതെ വരിക, പഠിച്ചതെല്ലാം മറന്ന് പോകുക, വിഷയങ്ങൾ പഠിച്ചെടുക്കാൻ പറ്റാതെ വരിക തുടങ്ങിയവ കുട്ടികൾ പ്രകടിപ്പിച്ച് വരുന്ന ചില ഉത്കണ്ഠകളാണ്. ഇത് കൂടാതെ കുട്ടികൾ കൂടുതൽ ഉറങ്ങുകയോ തീരെ ഉറങ്ങാതെ ഇരിക്കുകയോ ചെയ്യുന്നു. അതേസമയം മറ്റ് ചിലർക്ക് പരീക്ഷയ്ക്ക് തൊട്ട് മുമ്പ് വയറിന് പ്രശ്‌നമുണ്ടാകുകയോ പരീക്ഷാഫലത്തെക്കുറിച്ചോർത്ത് നിരാശയും ഉത്കണ്ഠയും ഉണ്ടാകുകയും ചെയ്യുന്നു. ഉത്കണ്ഠ കൂടുന്നതിന് അനുസരിച്ച് ചില വിദ്യാർത്ഥികൾ സ്വയം അപകടപ്പെടുത്തുന്ന തരത്തിലുള്ള പെരുമാറ്റത്തിലേക്ക് എത്താൻ സാധ്യതയുണ്ട്. ഇവയെല്ലാം തന്നെ പരീക്ഷയുണ്ടാക്കുന്ന മാനസിക സമ്മർദ്ദങ്ങളുടെയും ഉത്കണ്ഠകളുടെയും അടയാളങ്ങളാണ്. കുട്ടിയുടെ സമീപം തന്നെ ഉണ്ടാകുന്നതും നിരീക്ഷിക്കുന്നതും അവരുടെ സ്വഭാവത്തിന് എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ എന്ന് മനസിലാക്കുന്നതിന് സഹായിക്കും. മാർക്കിലല്ല, കാര്യങ്ങൾ പഠിക്കുന്നതിലാണ് ശ്രദ്ധ ചെലുത്തേണ്ടതെന്ന് ഉറപ്പാക്കുന്നതും അവരെ ഒരു വലിയ അളവുവരെ സമാധാനമായി ഇരിക്കാൻ സഹായിക്കുന്നു. നിങ്ങൾ സമാധാനമായി ഇരുന്ന്അവരുടെ പേടി വർദ്ധിപ്പിക്കാതെ അവരെ സമാധാനമായി നിർത്തുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്. 
എന്റെ കുട്ടിക്ക് രാത്രി പഠിക്കണം. അതിന് അനുവദിക്കണമോ? 

എല്ലാ കുട്ടികളും വ്യത്യസ്ഥരാണ്, അതുപോലെ തന്നെയാണ് അവരുടെ പഠനശീലങ്ങളും. ചിലർ നേരത്തെ കിടന്ന് അതിരാവിലെ എഴുന്നേൽക്കുമ്പോൾ മറ്റ് ചിലർ രാത്രിയിലാകും കൃത്യമായി ശ്രദ്ധിക്കുക. നിങ്ങളുടെ കുട്ടിക്ക് രാത്രി പഠിക്കുവാൻ കഴിയുകയും രാവിലെ വിശ്രമിക്കുവാനും കഴിയുമെങ്കിൽ അങ്ങനെ ചെയ്യാൻ അവരെ അനുവദിക്കുക. കൂടാതെ കൗമാര പ്രായത്തിൽ കുട്ടികൾ കൂടുതൽ ഉറങ്ങുവാൻ സാധ്യത ഉണ്ടെന്നും ഓർക്കുക. അവരുടെ ഉറക്കം മുറിയുകയാണെങ്കിൽ പകൽ സമയങ്ങളിൽ കൃത്യമായി പ്രവർത്തിക്കാൻ അവർക്ക് കഴിയാതെ വരുന്നു. 
എന്റെ കുട്ടിക്ക് ഒരു പഠനക്രമം രൂപീകരിക്കാൻ എങ്ങനെ കഴിയും? 

കുട്ടിയുടെ ആവശ്യത്തിന് ആശ്രയിച്ചാണ് സഹായത്തിന്റെ അളവ്. രക്ഷിതാക്കൾക്ക് സഹായിക്കാൻ പറ്റുന്ന ചില വഴികളാണ്: 
  •  കോഴ്സിന്റെ എത്രത്തോളം ഭാഗമാണ് പൂർണ്ണമായിട്ടുള്ളതെന്ന് പരിശോധിക്കുക
  •  ടൈം ടേബിൾ ഉണ്ടാക്കാനുള്ള നിർദ്ദേശങ്ങൾ നൽകുകയും അത് പിന്തുടരാൻ സഹായിക്കുകയും ചെയ്യുക
  • അവർക്ക് വ്യക്തമല്ലാത്ത ആശയങ്ങളെക്കുറിച്ച് വിശദീകരിക്കുക
  • കുറച്ച് സമയം വിശ്രമിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക. 
  • അവർക്ക് എഴുതുന്നതിലും ഉത്തരങ്ങൾ ക്രമപ്പെടുത്തുന്നതിലും വേഗത കുറവാണെങ്കിൽ വീട്ടിൽ പരീക്ഷ നടത്തുക. 
ഞാൻ പേടിക്കേണ്ടാത്ത കാര്യങ്ങൾ ഏതൊക്കെയാണ്? 

ഉയർന്ന ക്ലാസിലെ പല കുട്ടികളും പരീക്ഷാസമയത്ത് പഠനത്തോട് ഉത്തരവാദിത്വം പുലർത്തുന്നു. അതിനാൽ അവരെ നിയന്ത്രിക്കുന്നത് ഒഴിവാക്കി, അവരുടേതായ നിലയിൽ പഠിക്കാനുള്ള സാഹചര്യം ഒരുക്കുക. പഠനത്തോട് ഉത്തരവാദിത്വം പുലർത്താൻ അവരെ പ്രേരിപ്പിക്കുക എന്നതാണ് പ്രധാനം. അതുകൊണ്ട് അമിതമായ നിരീക്ഷണവും ഉപദേശവും നന്നായി പഠിക്കുവാൻ അവരെ സഹായിക്കില്ല. ഹൈസ്‌കൂളിൽ ആയിട്ടും തങ്ങളുടെ കുട്ടികളുടെ കൂടെയിരുന്ന് പഠിപ്പിക്കുന്ന രക്ഷിതാക്കളെ ഞാൻ കണ്ടിട്ടുണ്ട്. ഇത് പിന്തുണ നൽകുന്നതിന് പകരം അവരുടെ സ്വാതന്ത്ര്യത്തിലേക്ക് നുഴഞ്ഞ് കയറുന്നതിന് തുല്യമാണ്. ഏതെങ്കിലും വിഷയങ്ങളോ ആശയങ്ങളോ മനസിലാക്കാൻ സഹായം വേണമെങ്കിൽ അവർക്ക് നിങ്ങളെ സമീപിക്കാമെന്ന് പറയുക. പരീക്ഷയെക്കുറിച്ച് ഓർത്ത് വിഷമിക്കുകയോ ഉത്കണ്ഠപ്പെടുകയോ ചെയ്യേണ്ടതില്ലെന്ന് അവരെ മനസിലാക്കിക്കുക. 
ഇന്റർനെറ്റ് ഉപയോഗിക്കുവാനും ടിവി കാണാനും പുറത്ത് പോയി കളിക്കാനും കുട്ടിയെ അനുവദിക്കാമോ? 

ഫോണിൽ ഒരു സന്ദേശം വന്നോയെന്ന് പരിശോധിക്കുവാനോ കുറച്ച് സമയത്തേക്ക് ഇന്റർനെറ്റ്  ഉപയോഗിക്കുവാനോ പഠനത്തിൽനിന്ന് നിങ്ങളുടെ കുട്ടി ഒരിടവേള എടുക്കുകയാണെങ്കിൽ കുഴപ്പമില്ല. ഫോണിലും ഇന്റർനെറ്റിലും ചെലവഴിക്കുന്ന സമയത്തെക്കുറിച്ച് കൃത്യമായ ആത്മനിയന്ത്രണം ഉണ്ടാകേണ്ടതുണ്ട്. ഇതിന് പകരമായി ഒന്ന് നടക്കാൻ പോകുവാനോ കുറച്ചുസമയം പാട്ട് കേൾക്കുവാനോ അവരോട് ആവശ്യപ്പെടുക. ഇത് നിങ്ങളുടെ കുട്ടിയെ ഉന്മേഷം വീണ്ടെടുക്കാൻ സഹായിക്കുന്നു. തങ്ങളുടെ പ്രവൃത്തികൾക്ക് ഉത്തരവാദികളാവാൻ പ്രേരിപ്പിക്കുക എന്നതാണ് ഒരു രക്ഷിതാവ് എന്ന നിലയിൽ ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം. 
ഒരു രക്ഷിതാവെന്ന നിലയ്ക്ക് ഞാൻ എങ്ങനെയാണ് പരീക്ഷാസമയത്തെ എന്റെമാനസിക സമ്മർദ്ദം കുറയ്ക്കുക?
 
ഓരോ കുട്ടിയും വ്യത്യസ്തരാണെന്നും ഓരോരുത്തർക്കും ശക്തിയും കഴിവുകളുമുണ്ടെന്ന വസ്തുത നിങ്ങൾ മനസിലാക്കേണ്ടതുണ്ട്. ഉയർന്ന മാർക്ക് ഉണ്ടെങ്കിലും ഇല്ലെങ്കിലും ആളുകൾക്ക് നന്നായി ജീവിക്കാൻ പറ്റുമെന്ന കാര്യം നിങ്ങൾ മനസിലാക്കേണ്ടതുണ്ട്. പക്ഷേ പഠനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം നിങ്ങളുടെ കുട്ടിയെ അളക്കുന്നത് ശരിയായ കാര്യമല്ല. ഈ തെറ്റിദ്ധാരണയും മാനസികതടസവും മാറ്റേണ്ടതുണ്ട്. വിദ്യാഭ്യാസം എന്നത് ജീവിതത്തിലെ ഒരു ഭാഗം മാത്രമാണ്, ജീവിതമല്ല. കാഴ്ചപ്പാടിൽനിന്ന് കൊണ്ട് കുട്ടിയുടെ കഴിവുകളെ അംഗീകരിക്കുകയും അതിന്റെ സാധ്യതകൾ മനസിലാക്കുകയും ചെയ്യുന്നത് കുട്ടിയെ പിന്തുണയ്ക്കുന്നതിനുള്ള മാർഗ്ഗമാണ്. 
എന്റെ കുട്ടിയോട് ഞാൻ എങ്ങനെയാണ് വിജയ പരാജയങ്ങളെക്കുറിച്ച് സംസാരിക്കുക? 

ഒരു രക്ഷിതാവെന്ന നിലയിൽ പഠനത്തിലെ ജയപരാജയങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ ചിന്തകളെ വ്യക്തമാക്കാൻ ശ്രമിക്കാവുന്നതാണ്. ഉദാഹരണത്തിന്, 90 ശതമാനത്തിൽ കുറവ് മാർക്ക് ലഭിക്കുന്നത് പരാജയമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ കുട്ടിയും അബോധത്തിൽ ഇത് സ്വീകരിക്കുന്നു. അതിനാൽ കുഴപ്പമില്ലാത്ത വിജയമെന്ന് അംഗീകരിക്കപ്പെടുന്ന 85 ശതമാനം മാർക്ക് വാങ്ങിയാൽപോലും അവർ നിരാശരായി കാണപ്പെടുന്നു. എന്തെന്നാൽ അവരുടെ രക്ഷിതാക്കൾ അത് മതിയായ മാർക്കായി പരിഗണിക്കുന്നില്ല. ഒരു രക്ഷിതാവെന്ന നിലയിൽ നിങ്ങളുടെ കുട്ടി വിവേകമുള്ളവനും ദയാലുവുമായ ഒരു വ്യക്തിയായി സമൂഹത്തിൽ ജീവിക്കുന്നതിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. 
നിങ്ങളുടെ കുട്ടിയെ പരിപാലിക്കുവാനുള്ള ഏറ്റവും നല്ല വഴി അവരുടെ ശക്തിയെ തിരിച്ചറിയുക, അഭിരുചികൾ മനസ്സിലാക്കുക, ആത്മാഭിമാനം വർദ്ധിപ്പിക്കുക, ആത്മവിശ്വാസം വളർത്തുക തുടങ്ങിയ കാര്യങ്ങളിൽ സഹായിക്കുകയാണ്. നിങ്ങളും കുട്ടിയുമായുള്ള ദൈംനംദിന സംഭാഷങ്ങളിൽ ഇത് പ്രതിഫലിക്കേണ്ടത് ആവശ്യമാണ്. വിജയത്തെ മാത്രമല്ല നിങ്ങൾ ബഹുമാനിക്കുന്നതെന്ന് വിശദമാക്കുക. വിജയപരാജയങ്ങളെ തുല്യമായി പരിഗണിക്കുകയും രണ്ടും പ്രധാനമാണെന്നുമുള്ള രീതിയിൽ പെരുമാറുക. നിങ്ങളുടെ കുട്ടിയുമായി സാധാരണ ഉണ്ടാകാറുള്ള സംസാരത്തിന്റെ സാരം എന്താണെന്ന് സ്വയം ചോദിക്കുക. അത് നിങ്ങളുടെ കുട്ടിയെ സന്തോഷവാനും ആത്മവിശ്വാസം ഉള്ളവനും ആക്കുന്നുണ്ടോ? ഇല്ലെങ്കിൽ നിങ്ങളുടെ കുട്ടിയെ ആരോഗ്യവാനും സന്തോഷമുള്ളവനുമായി വളർത്തിയെടുക്കാൻ നിങ്ങളുടെ സംസാരത്തിന്റെ രീതി മാറ്റുക. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org