പരിചരിക്കുന്നവർക്കു ലഭ്യമായിട്ടുള്ള ധനസഹായം

മാനസിക രോഗമുള്ള വ്യക്തികളെ പരിചരിക്കുന്നവരെ പിന്തുണയ്ക്കുന്ന അനേകം സ്രോതസ്സുകൾ ലഭ്യമായിട്ടുണ്ട്

മാനസിക രോഗമുള്ള ഒരു വ്യക്തിയെ പരിചരിക്കുന്നത് പരിചരിക്കുന്ന വ്യക്തിയെ വെറും ശാരീരികവും വൈകാരികവുമായി ബുദ്ധിമുട്ടിക്കുക മാത്രമല്ല ചെയ്യുന്നത്, അവരുടെ സാമ്പത്തികാവസ്ഥയിൽ ഒരു പ്രഹരം ഏൽപ്പിക്കുക കൂടി  അതു ചെയ്യുന്നുണ്ട്. രോഗീ പരിചരണത്തിനായി നിയോഗിക്കപ്പെട്ട കുടുംബാംഗം ഉദ്യോഗം വഹിക്കുന്ന ആള്‍ കൂടി ആണെങ്കിൽ‍ ആ വ്യക്തിക്ക് പരിചരണത്തിൽ ഉള്ള വ്യക്തിയുടെ ചുമതലകള്‍ക്ക് ഒപ്പം തന്നെ അവരുടെ തൊഴിൽപര ലക്ഷ്യങ്ങളും കൂടി കൂട്ടിമുട്ടിക്കേണ്ടതായ് വരും. രോഗിയായ വ്യക്തി ശയ്യാവലംബിയോ അല്ലെങ്കിൽ നിരന്തര പരിചരണവും ശ്രദ്ധയും ആവശ്യമുള്ള ആളോ ആണെങ്കിൽ ജോലി സമയത്തിനു മുമ്പും അതിനു ശേഷവും പരിചരിക്കുന്ന വ്യക്തിക്ക് ജോലി ചെയ്യേണ്ടതായി വരും. ഇത് ജോലിസ്ഥലത്തു നിന്ന് പരിചരണാർത്ഥം കൂടുതൽ അവധി എടുക്കുന്നതിന് അവരെ നിർബന്ധിതരാക്കും, ചില അവസ്ഥകളിൽ തങ്ങളുടെ തൊഴിൽ ഉപേക്ഷിക്കുന്നതിനും പരിചരണത്തിനു വേണ്ടി മാത്രമായി തങ്ങളുടെ മുഴുവൻ സമയവും അവർക്കു നീക്കി വയ്ക്കേണ്ടതായും വന്നെന്നും ഇരിക്കും..

വൈദ്യപരിചരണത്തിനു വേണ്ടി വരുന്ന ചെലവിനെ കുറിച്ചും തങ്ങളുടെ ഭാവി ജീവിതത്തിൽ അതുണ്ടാക്കുന്ന പ്രഭാവത്തെ കുറിച്ചും പരിചരിക്കുന്നവർ മിയ്ക്കപ്പോഴും ആകുലപ്പെടാറുണ്ട്. പണസംബന്ധമായി പരിചരിക്കുന്നവർ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിഷമതകൾ താഴെ പറയുന്നവയാണ്:

  • ചികിത്സയുടേയും മരുന്നുകളുടേയും വിലയിലുണ്ടായ വർദ്ധനവ്
  • ജോലിയിൽ നിന്നു വിരമിച്ച, പ്രായമായിട്ടുള്ള ആളാണ് പരിചരിക്കുന്നത് എങ്കില്‍, ധനസമ്പാദനശേഷിയിൽ ഉണ്ടാകുന്ന കുറവ്. 
  • രോഗം ബാധിച്ച ആൾ ആയിരുന്നു കുടുംബത്തിലെ ധനം സമ്പാദിച്ചിരുന്ന അംഗം എന്നും രോഗം മൂലം തൊഴിൽ നഷ്ടപ്പെട്ടു എന്നും ഉള്ളപ്പോൾ ഉണ്ടാകുന്ന അധികരിച്ച സാമ്പത്തിക ബാദ്ധ്യത.
  • പരിചരിക്കുന്ന വ്യക്തി നേരിടേണ്ടി വരുന്ന തൊഴിലില്ലായ്മ, അല്ലെങ്കിൽ ജോലിയിൽ നിന്ന് എടുക്കേണ്ടി വരുന്ന നീണ്ട അവധി. 

സാമ്പത്തിക സഹായം ലഭ്യമാണ്

പരിചരിക്കുന്നവർ, ഏറ്റവും സാധാരണമായി തങ്ങളുടെ സാമ്പത്തിക ചെലവുകൾ, താഴെ പറയുന്ന വിധത്തിലാണ് കൈകാര്യം ചെയ്യാറുള്ളത്:

  • പെൻഷനുകൾക്ക് അപേക്ഷിക്കുക
  • എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടു (ഇപിഎഫ്) പോലുള്ള, വിരമിക്കുമ്പോൾ ലഭ്യമാകുന്ന ധനത്തിൽ നിന്ന് ചെലവു ചെയ്യുക
  • മ്യൂച്ചൽ ഫണ്ടുകൾ, ഫിക്സഡ് ഡെപ്പോസിറ്റുകൾ, മറ്റു സമ്പാദ്യങ്ങൾ എന്നിവ ഇതിനായി ചെലവഴിക്കുക
  • കുടുംബത്തിൽ നിന്നും സുഹൃത്തക്കളിൽ നിന്നും കടം വാങ്ങുക
  • വ്യക്തിഗത വായ്പ്പകൾ എടുക്കുക

ഇതു കൂടാതെ, പരിചരിക്കുന്ന വ്യക്തിക്കു തന്നെ എന്തെങ്കിലും ശാരീരിക അവശത ഉണ്ടെങ്കിലും,  അത് പരിചരണം  ആയാസകരവും തീർത്തും ഹാനികരവും ആക്കി തീർത്തേക്കാം. കാരണം ആ വ്യക്തി എപ്പോഴും താൻ സ്‌നേഹിക്കുന്ന രോഗബാധിതനായ വ്യക്തിയെ പരിചരിക്കുന്നതിനിടയിൽ സ്വന്തം ആരോഗ്യം അവഗണിക്കുന്നതിന് സാദ്ധ്യതയുണ്ട്. രോഗം ബാധിച്ച വ്യക്തിയെ പരിചരിക്കുന്നതിനൊപ്പം സാമ്പത്തിക കാര്യങ്ങളും കൈകാര്യം ചെയ്യേണ്ടി വരുന്നു എന്നുള്ളത് അങ്ങേയറ്റം മാനസിക പിരിമിറുക്കം സൃഷ്ടിക്കുന്ന ഒന്നായി തീർന്നേക്കാം. ഇതുകൊണ്ടാണ് സഹായം ലഭ്യമാണ് എന്ന് അറിയുന്നത് പ്രധാനമായി തീരുന്നത്.

മാനസിക രോഗം ബാധിച്ച വ്യക്തികൾക്കു വേണ്ടി അനേകം പദ്ധതികൾ നിലവിലുണ്ട്. അവ താഴെ പറയുന്ന കാര്യങ്ങളിൽ സഹായം നൽകുന്നുണ്ട്:

  • ചികിത്സയുടെ ചെലവു വഹിക്കുക
  • സുഖം പ്രാപിച്ചവർക്ക് സ്വയം തൊഴിലിന്‍റെ രൂപത്തിൽ ഉപജീവനമാർഗ്ഗം നല്‍കുന്നതിനുള്ള ഏര്‍പ്പാട്
  • മാനസികരോഗം ബാധിച്ച വ്യക്തികൾക്ക് പുനരധിവാസ സൗകര്യങ്ങൾ

കുറിപ്പ്: ഈ ലേഖനം, രോഗം ബാധിച്ച വ്യക്തികൾക്കു ലഭ്യമായിട്ടുള്ള വിവിധ പദ്ധതികളുടെ പട്ടിക നൽകുന്നുണ്ട്. കൂടുതൽ കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിനു അതാത് അധികാരികളുമായി നിങ്ങൾക്ക് ബന്ധപ്പെടാം.

ചികിത്സയ്ക്കും മരുന്നുകൾക്കും ഉള്ള ഏർപ്പാട്

ജീല്ലാ മാനസികാരോഗ്യ പരിപാടി (ഡിസ്ട്രിക്ട് മെന്‍റൽ ഹെൽത്ത് പ്രോഗ്രാം, ഡിഎംഎച്ച്പി, DMHP)ക്കു കീഴിൽ, ജില്ലാ ആശുപത്രികൾ  ചികിത്സയും മാനസിക രോഗം ബാധിച്ചിട്ടുള്ള വ്യക്തികൾക്കുള്ള മനോരോഗൗഷധങ്ങളും സൗജന്യമായി നൽകണം എന്നത് നിയമപരമായി നിർബന്ധമാണ്.

ആരാണ് ഇതിന് അർഹരായിട്ടുള്ളവർ: ബിപിഎൽ കാർഡുള്ള വ്യക്തികളോ കുടുംബങ്ങളോ, മറ്റു ആളുകൾക്കും സൗജന്യങ്ങൾ ലഭ്യേമായേക്കാം.

എന്താണ് ആരോഗ്യ പരിരക്ഷ അഥവാ ഇൻഷുറൻസ്?

ഇൻഷ്വർ ചെയ്തിട്ടുള്ള വ്യക്തിയുടെ ചികിത്സാപരവും ശസ്ത്രക്രിയാപരവുമായ ചെലവുകൾ ഉൾപ്പെട്ടിട്ടുള്ള ഒരു ഇൻഷുറൻസ് ഉൽപന്നമാണ് ആരോഗ്യ ഇൻഷുറൻസ്. അത് ഏതെങ്കിലും രോഗം മൂലമോ പരിക്കു മൂലമോ സംഭവിച്ച ചികിത്സാ ചെലവുകൾ ഒന്നുകിൽ രോഗിക്കു തിരികെ നൽകുന്നു, അതല്ലെങ്കിൽ രോഗി ചികിത്സ നടത്തിയിരുന്ന ആശുപത്രിക്കോ ക്ലിനിക്കിനോ നേരിട്ട് നൽകുന്നു. ഇത് ലഭിക്കുന്നതിന് ആ വ്യക്തി  പ്രീമിയം എന്ന് അറിയപ്പെടുന്ന ഒരു വാർഷിക സംഖ്യയോ തുകയോ നൽകേണ്ടതുണ്ട്. ഭാവിയിൽ വരാനോ വരാതിരിക്കാനോ സാദ്ധ്യതയുള്ള ആരോഗ്യസംബന്ധമായ അടിയന്തിരാവശ്യങ്ങൾ ഉദ്ദേശിച്ചാണ് സാധാരണയായി ആരോഗ്യ ഇൻഷുറൻസ് എടുക്കാറുള്ളത്. 

എനിക്ക് ആരോഗ്യ ഇൻഷുറൻസിന്‍റെ ആവശ്യം തന്നെയുണ്ടോ?

രോഗ ചികിത്സകൾക്കുള്ള ചെലവുകൾ ഓരോ വർഷവും വർദ്ധിച്ചു വരികയാണ്. ഒരു വ്യക്തി അടിയന്തിര ഘട്ടങ്ങളിലേക്ക് ആവശ്യമുള്ള പണം സ്വരൂപിച്ചു വച്ചിട്ടില്ലെങ്കിൽ, പതിനൊന്നാം മണിക്കൂറിൽ പണം ഏർപ്പെടുത്തേണ്ടി വരിക എന്നത് ഭീതിദമായിരിക്കും. ഭാവിയിൽ, ഉദാഹരണത്തിനു വയസ്സാകുന്ന കാലത്ത്, പെട്ടന്നു സംഭവിച്ചേക്കാനിടയുളള രോഗസംബന്ധമായ അടിയന്തിരാവസ്ഥകളിലേക്ക് തയ്യാറെടുക്കുന്നതിന് ആരോഗ്യ ഇൻഷുറൻസ് സഹായിക്കുന്നു. 

ആരോഗ്യ പരിരക്ഷയിൽ (ഇൻഷുറൻസിൽ) എന്തെല്ലാം ഉൾപ്പെടുന്നു?

ഓരോ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷാ പോളിസിക്കും വ്യത്യസ്തമായ കാലപരിധിയും വ്യവസ്ഥകളും ആണ് ഉണ്ടായിരിക്കുക. ഭാവിയിൽ സംഭവിക്കുന്നതിന് ഇടയുള്ള ആശുപത്രി ചെലവുകൾ, ശസ്ത്രക്രിയ അല്ലെങ്കിൽ ഏതെങ്കിലും പ്രധാനമായ വൈദ്യശാസ്ത്ര ഇടപെടൽ എന്നിവയാണ് സാധാരണയായി പ്രീമിയത്തിൽ ഉൾപ്പെടുന്നത്.

കമ്പനി തന്നെ നേരിട്ട് ആശുപത്രിക്കോ ക്ലിനിക്കിനോ പണം നൽകുകയാണെങ്കിൽ, അതിനെ പണരഹിത ഇടപാട് എന്നു വിളിക്കുന്നു. അതല്ലെങ്കിൽ, പരിചരിക്കുന്ന വ്യക്തിക്കും ആശുപത്രിയിൽ പണം നൽകാം, പിന്നീട് ചെലവാക്കിയ പണം തിരികെ ലഭിക്കുന്നതിനായി, ബില്ലുകളും ഔഷധനിർദ്ദേശങ്ങളും ഇൻഷുറൻസ് കമ്പനിയിൽ സമർപ്പിക്കുകയും ചെയ്യാം.

ആരോഗ്യ പരിരക്ഷയിൽ ഉൾപ്പെടുത്താത്തവ എന്തെല്ലാം ആണ്?

ഓരോ ആരോഗ്യ പരിരക്ഷാ പദ്ധതിയും അതിൽ ഉൾപ്പെട്ടിട്ടുള്ള രോഗങ്ങളുടേയും ശസ്ത്രക്രിയാ നടപടിക്രമങ്ങളുടേയും പട്ടിക അതാതിന്‍റെ നിബന്ധനകളുടേയും വ്യവസ്ഥകളുടേയും അടിയിൽ നൽകിയിട്ടുണ്ടാകും. അവയിൽ ഉൾപ്പെടുത്താത്ത ചില ചെലവുകൾ കാണും, അവ താഴെ പറയുന്നവ ആകാം, അവ മാത്രമാകണം എന്നില്ലെങ്കിൽ കൂടിയും:

  • ഒരു വ്യക്തിയുടെ ബാഹ്യരൂപം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള പ്ലാസ്റ്റിക് സർജറി നടപടിക്രമങ്ങളും ത്വക് സംബന്ധ നടപടിക്രമങ്ങളും
  • രോഗിക്കോ കുടുംബാംഗങ്ങൾക്കോ വേണ്ടി വരുന്ന ചെലവേറിയ ഭക്ഷണ - താമസ ചെലവുകൾ
  • സൂചികൾ, സിറിഞ്ചുകൾ മുതലായവയക്കു വേണ്ടി വരുന്ന പലവക ചെലവുകൾ.

പ്രീമിയം തുക എത്രത്തോളം ഉണ്ടാകും?

പോളിസിയുടെ പ്രീമിയം, അതിന്‍റെ തരം, ഉൾപ്പെടുത്തുന്ന ജീവിത വർഷങ്ങൾ, വ്യക്തിയുടെ പ്രായം, ആരോഗ്യപരമായ അവസ്ഥ എന്നിവയെ ആശ്രയിച്ച് ആണ് ഇരിക്കുന്നത്.

ഇൻഷുറൻസ് പരിരക്ഷയുള്ള വ്യക്തി പ്രീമിയം അടയ്ക്കാൻ മറക്കുകയോ അതല്ലെങ്കിൽ ഇൻഷുറൻസ് പോളിസി അസാധുവായി പോകുകയോ ചെയ്യുകയാണെങ്കിൽ, അവർക്ക് തങ്ങൾ നേരത്തേ അടച്ചിട്ടുള്ള പ്രമീയം തുകകൾ തിരികെ ലഭിക്കുകയില്ല. മാത്രവുമല്ല, പ്രീമിയം അടയ്ക്കുന്നു എന്നുള്ളതു കൊണ്ട്, വ്യക്തി തന്‍റെ ഇൻഷുറൻസ് എല്ലാ വർഷവും ഉപയോഗിച്ചിരിക്കണം എന്നോ അതിൽ നിന്നുള്ള ഓരോ രൂപയും ചെലവാക്കിയിരിക്കണം എന്നോ അർത്ഥമാക്കുന്നില്ല. ഭാവിയിൽ സംജാതമാകുന്നതിനു സാദ്ധ്യതയുള്ള രോഗചികിത്സാ അവസ്ഥകൾക്കു വേണ്ടി രൂപകൽപ്പന ചെയ്തിരിക്കുന്നവയാണ് ഇൻഷുറൻസ് പോളിസികൾ.

നിർമയാ പദ്ധതി

ഇൻഷുറൻസ് തുക: ഒരു വർഷം 1 ലക്ഷം രൂപ.

ആര്‍ക്കു വേണ്ടിയാണ് അത്?: ഓട്ടിസം, സെറീബ്രൽ പോൽസി, മാനസിക വളര്‍ച്ചക്കുറവ്, ചട്ടപ്രകാരമുള്ള ഒരു പരിമിതി രേഖയോടു കൂടിയ വിവിധ പരിമിതകൾ

ആരാണ് അധികാരി?: ദേശീയ ട്രസ്റ്റ് ആക്ട്, 1999 നു കീഴിലുള്ള സോഷ്യൽ ജസ്റ്റിസ് ആൻഡ് എംപൗവർമെന്റ് മിനിസ്ട്രി

ഓരോ വർഷവും ഉൾപ്പെടുന്ന ആരോഗ്യ ഇൻഷുറൻസ് പരിരക്ഷാ തുക എത്രയാണ്?

ഈ പദ്ധതിയിൽ താഴെ പറയുന്നതു പോലെയുള്ള ഒരു നിര രോഗചികിത്സകൾ ഉൾപ്പെടുന്നു:

  • നിലവിലുള്ള പരിമിതികൾ ശരിയാക്കി എടുക്കുന്നതിനു വേണ്ടിയുള്ള ശസ്ത്രക്രിയകൾ - 40,000 രൂപ വരെ
  • ശസ്ത്രക്രിയാ രഹിത ആശുപത്രി വാസം - 15,000 രൂപ വരെ
  • രോഗം കൂടുതൽ മൂർച്ഛിക്കുന്നത് തടയുന്നതിന് ആവശ്യമായ ശസ്ത്രക്രിയ - 10,000 രൂപ വരെ
  • മരുന്നുകൾ, ലാബ് ടെസ്റ്റുകള്‍, രോഗ നിർണ്ണയ ടെസ്റ്റുകള്‍ എന്നിവ അടക്കമുളള ആശുപത്രി വാസം വേണ്ടാത്ത ചികിത്സകൾ - 8,000 രൂപ വരെ
  • രോഗമില്ലാതെ തന്നെ സ്ഥിരമായിട്ടുള്ള വൈദ്യപരിശോധന - 4,000 രൂപ വരെ
  • ദന്തരോഗ നിവാരണം - 2,500 രൂപ വരെ
  • പരിമിതിയുടെ പ്രഭാവം കുറയ്ക്കുന്നതിനു വേണ്ടി നടന്നുകൊണ്ടിരിക്കുന്ന പ്രത്യേക ചികിത്സകൾ (തെറപ്പികൾ) - 10,000 രൂപ വരെ
  • മറ്റു മരുന്നുകൾ - 4,000 രൂപ വരെ
  • യാത്രാ ചെലവുകൾ -1000 രൂപ വരെ

ഈ പദ്ധതിയിൽ പേരു ചേർക്കേണ്ടത് എങ്ങനെയാണ്?

പേരു ചേർക്കൽ വർഷം മുഴുവനും നടക്കുന്നുണ്ട്. അപേക്ഷാ നടപടിക്രമങ്ങളിൽ നിങ്ങളെ സഹായിക്കുന്ന, നിങ്ങളുടെ അടുത്തുള്ള ഒരു അംഗീകൃത സ്ഥാപനം സന്ദർശിക്കുക. നിർമയ പദ്ധതിക്ക് ആവശ്യമുള്ള അംഗത്വ അധികാരം ഉള്ള, നാഷണൽ ട്രസ്റ്റ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾ തെരഞ്ഞെടുക്കുക. നിങ്ങളുടെ ഏറ്റവും അടുത്തുള്ള അംഗീകൃത സ്ഥാപനം നിങ്ങൾക്ക് ഇവിടെ  കണ്ടുപിടിക്കാം.

ഓൺലൈനായി അംഗത്വം എടുക്കുന്നതിനൊപ്പം നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി ഒരു ചെറിയ തുക ഈടാക്കും. അംഗത്വ അപേക്ഷകളിൽ നിങ്ങളുടെ മൊബൈൽ നമ്പർ നൽകിയിട്ടുണ്ട് എന്നത് ഉറപ്പാക്കുക, നിങ്ങൾക്ക് പണം ലഭിക്കുന്നതിനു വേണ്ടുന്ന തിരിച്ചറിയിൽ വിവരങ്ങളും അതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും അതിലാണ് ലഭിക്കുക. നിങ്ങള്‍ താഴെ പറയുന്ന രേഖകളുടെ പകർപ്പുകളും സമർപ്പിക്കേണ്ടതുണ്ട്:

  • ജില്ലാ ആശുപത്രിയോ അധികാരപ്പെട്ട ഗവണ്മെണ്ട് തല ചികിത്സാ അധികാരിയോ നൽകിയിട്ടുള്ള നിശ്ചിത പരിമിതി രേഖ
  • ഒരു മേൽവിലാസ തെളിവ് - റേഷൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ്, ബാങ്ക് പാസ്സ്ബുക്ക്, വോട്ടു ചെയ്യുന്നതിനു വേണ്ടിയുള്ള തിരിച്ചറിയൽ കാർഡ്
  • ബിപിഎൽ രേഖ (അതു ബാധകമാണ് എങ്കിൽ)
  • വരുമാന രേഖ, കുടുംബ വരുമാനം മാസം 15000 രൂപയിൽ  കുറവാണെങ്കിൽ
  • പരിമിതി അനുഭവിക്കുന്ന വ്യക്തിയുടെ  പാസ്‌പോർട്ട് വലിപ്പത്തിലുള്ള ഒരു ഫോട്ടോ

ഒരു വർഷത്തേക്കാണ് പദ്ധതിയിൽ അംഗത്വം എടുക്കുന്നതിനും പുതുക്കുന്നതിനും ഉള്ള കാലാവധി, അംഗത്വം എടുക്കുന്ന തീയിതി മുതൽ സാമ്പത്തിക വർഷത്തിന്‍റെ  അവസാനം (മാർച്ച് 31) വരെ ആണ്. പുതുക്കുന്നതിനുള്ള ഫീസ് ആ ഗുണഭോക്താവിന്‍റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നാഷണൽ ട്രസ്റ്റിന്‍റെ അക്കൗണ്ടിലേക്ക് നെഫ്റ്റ് (എൻഇഎഫ്റ്റി, NEFT) ഉപയോഗിച്ച് മാറ്റേണ്ടതുണ്ട്.

ബാങ്ക് (ഏതു ശാഖയും) 

കൊടുക്കേണ്ടത്

അംഗത്വ ഫീസ്

പുതുക്കൽ ഫീസ്

 

ആക്‌സിസ് ബാങ്ക്

'The National Trust', A/c no- 915010051091556 IFSC: UTIB0000049 

15000 രൂപയിൽ കുറവ് മാസവരുമാനമുള്ള ബിപിഎൽ വിഭാഗത്തിൽ പെട്ടവർക്ക്-250 രൂപ

15000 രൂപയിൽ കൂടുതല്‍  മാസവരുമാനമുള്ളവർക്ക്-500 രൂപ

ബിപിഎൽ വിഭാഗക്കാർക്ക് -50 രൂപ, 
അല്ലാത്തവർക്ക്- 250 രൂപ

പരിമിതി അനുഭവിക്കുന്ന വ്യക്തിക്ക് അംഗത്വം എടുക്കുന്നതിനും പുതുക്കുന്നതിനും മറ്റു ഇടപാടുകൾക്കും ആ വ്യക്തിയുടെ പേരിൽ തന്നെ ബാങ്ക് അക്കൗണ്ട് വേണം എന്നത് പ്രധാനമാണ്. 

ആ വ്യക്തി പ്രായപൂർത്തി ആകാത്ത ആൾ ആണെങ്കിൽ, പ്രായപൂർത്തി ആയി വിവാഹം കഴിക്കുന്നതു വരെ ആ ആളിനും മാതാവ്/പിതാവ്, അല്ലെങ്കിൽ നിയമപരമായ രക്ഷാകർത്താവ് എന്നിവരിൽ ഒരാൾക്കും കൂടി ചേർന്നുള്ള ജോയിന്‍റ് അക്കൗണ്ട് ഉണ്ടായിരിക്കണം. 

വ്യക്തി 18 വയസ്സിനു മേൽ പ്രായമുള്ള വിവാഹം കഴിച്ച ആൾ ആണെങ്കിൽ പങ്കാളിക്ക് ഒപ്പമുള്ള ജോയിന്‍റ് അക്കൌണ്ട് എടുക്കാം.

എങ്ങനെയാണ് ഒരാൾ പണം തിരികെ ലഭിക്കുന്നതിനുള്ള അവകാശം നൽകേണ്ടത്?

പണം തിരികെ ലഭിക്കുന്നതിനുള്ള അപേക്ഷാ ഫോമുകൾ ലഭിക്കുന്നതിനായി അംഗീകൃത ഓഫീസുകൾ സന്ദർശിക്കുക. അപേക്ഷകൾ 30 ദിവസങ്ങൾക്കകം, ഡോക്ടറുടെ കുറിപ്പടി, ടെസ്റ്റ് റിപ്പോർട്ടുകൾ, ചികിത്സാ ബില്ലുകൾ, ആശുപത്രിയുടെ റിപ്പോർട്ട്, ഡിസ്ചാർജ്ജ് കാർഡ് എന്നിവയുടെ അസ്സൽ, നിർമയ കാർഡിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും അടുത്തുള്ള തേഡ് പാർട്ടി അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസിൽ സമർപ്പിക്കുക. 

അപേക്ഷാ ഫോമിന്‍റെ ഒപ്പം, താഴെ പറയുന്ന രേഖകൾ കൂടി സമർപ്പിക്കേണ്ടതുണ്ട്:

  • നിർമയ കാർഡിന്‍റെ പകർപ്പ്
  • ഡോക്ടർ നൽകിയിട്ടുള്ള പരിമിതി രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്
  • ഡോക്ടർ നൽകിയിട്ടുള്ള എല്ലാ കുറിപ്പടികളുടേയും അസ്സൽ രേഖകൾ
  • ആശുപത്രി/ ചികിത്സ/ഡോക്ടറുടെ ഫീസ്/ തെറപ്പിയുടെ ഫീസ്/ യാത്രാ ചെലവ് എന്നിവയുടെ സ്വന്തമായി സാക്ഷ്യപ്പെടുത്തിയ അസ്സൽ രേഖകൾ
  • റിപ്പോർട്ടുകളുടെ അസ്സൽ രേഖകൾ
  • ഗുണഭോക്താവിന്‍റെ ബാങ്കിന്‍റെ വിശദവിവരങ്ങൾ - അക്കൗണ്ട് നമ്പർ, ബാങ്കിന്‍റെ പേര്, ഐഎഫ്എസ്സി (IFSC) കോഡ്, അക്കൗണ്ട് ഉള്ള വ്യക്തിയുടെ പേര്

പുതുക്കുന്നതിനു ഞാൻ മറന്നു പോയാലോ?

അങ്ങനെ സംഭവിച്ചാലും നിങ്ങൾക്ക് പദ്ധതി പുതുക്കാം, പക്ഷേ പുതുക്കൽ നടപടികൾ പൂർത്തീകരിക്കുന്നതു വരെ നിങ്ങൾക്ക് ഇൻഷുറൻസ് തുക അവകാശപ്പെടാനാവില്ല. പോളിസിയുടെ പുതുക്കലിന് 30 ദിവസം വരെ സമയം എടുത്തേക്കാം. പുതുക്കുന്നതിനു നിശ്ചിയിച്ചിട്ടുള്ള അവസാന തീയതിക്കു - മാർച്ച് 31 ആണ് അത് - മുമ്പായി ഇൻഷുറൻസ് തുക തീർപ്പാക്കിയിരിക്കണം.

സ്വാവലംബൻ പദ്ധതി

ഇൻഷുറൻസ് പരിധി : പരിമിതി ഉള്ള വ്യക്തിക്കും കുടുംബത്തിനും (പങ്കാളിയും രണ്ടുമക്കളും) ഒരു വർഷത്തേക്ക് 2 ലക്ഷം രൂപാ

അത് ആർക്കുള്ളതാണ്: മാനസിക വളർച്ച കുറവും മാനസിക പരിമിതിയും ഉള്ള, അത് സംബന്ധമായി സാധുവായ പരിമിതി രേഖ ഉള്ള, വ്യക്തിക്ക്.  ഒന്നിൽ കൂടുതൽ പരിമിതികൾ, സെറീബ്രൽ പോൽസി, ഓട്ടിസം എന്നിവയിൽ ഏതെങ്കിലും ഉള്ളവരെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല.

ആരാണ് ഇതിന്‍റെ അധികൃതർ : ന്യൂ ഇന്ത്യാ അഷ്വുറൻസ് കമ്പനിയും, സാമൂഹ്യ നീതി ശാക്തീകരണ മന്ത്രിസഭാ വകുപ്പും (മിനിസ്ട്രി ഓഫ് സോഷ്യൽ ജസ്റ്റിസ് ആൻഡ് എംപവർമെന്റ്)

അംഗത്വം ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ എന്തെല്ലാം ആണ്?

സ്വാവലംബൻ പദ്ധതികളിൽ അംഗത്വം എടുക്കുന്നതിനു വേണ്ടി ന്യൂ ഇന്ത്യാ അഷ്വുറൻസ് കമ്പനി സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ ക്യാംപുകൾ നടത്തുന്നുണ്ട്. ബംഗളുരുവിലെ നിംഹാൻസിൽ (NIMHANS) എല്ലാ മൂന്നാമത്തെ ശനിയാഴ്ച്ചയും ഇതു നടത്തുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി നിങ്ങൾക്ക് ആശുപത്രി അധികൃതരെ സന്ദർശിക്കാവുന്നതാണ്.

അപേക്ഷിക്കുന്ന വ്യക്തി താഴെ പറയുന്ന രേഖകൾ സമർപ്പിക്കുന്നതിനൊപ്പം പദ്ധതി സംബന്ധിച്ച നിര്‍ദ്ദേശ അപേക്ഷ കൂടി പൂരിപ്പിച്ചു നൽകേണ്ടതുണ്ട്:

  • പോളിസി പ്രകാരം ഉൾപ്പെടുത്തപ്പെട്ടിട്ടുള്ള എല്ലാ കുടുംബാംഗങ്ങളുടേയും പാസ്‌പോർട്ട് വലിപ്പത്തിലുള്ള ഈരണ്ട് ഫോട്ടോകൾ
  • ഓരോ അംഗത്തിനും അല്ലെങ്കിൽ കുടുംബത്തിനും ഒരു വർഷത്തേക്ക് അടക്കേണ്ട പ്രീമിയം തുക ആയ 355 രൂപ അടക്കം ഉള്ള നിർദ്ദേശ അപേക്ഷ
  • അംഗീകൃത പരിമിതി രേഖ
  • ഏതെങ്കിലും ഒരു അംഗീകൃത തിരിച്ചറിയൽ കാർഡ് - വോട്ടർ ഐഡി, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്
  • നിർദ്ദേശം സമർപ്പിക്കുന്ന വ്യക്തിയുടെ ബാങ്ക് വിവരങ്ങൾ, അതായത് അക്കൗണ്ട് നമ്പർ, ബാങ്കിന്‍റെ പേര്, IFSC കോഡ് തുടങ്ങിയവ, സാധിക്കുമെങ്കിൽ നിരാകരിച്ച ഒരു ചെക്ക് ലീഫിനൊപ്പം നൽകുക

ആരോഗ്യ ഇൻഷുറൻസിൽ എന്തെല്ലാം ഉൾപ്പെടും?

  • രോഗമുള്ള വ്യക്തി ഒരു പ്രായപൂർത്തി ആകാത്ത ആൾ ആണെങ്കിൽ ആ വ്യക്തിയുടെ നിയമപരമായ രക്ഷാകർത്താവിനെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തും
  • മാനസിക വളർച്ച കുറവുള്ളതും മാനസിക രോഗമുള്ളതും ആയ വ്യക്തികൾക്ക് ഒരു വർഷത്തേക്ക് ആശുപത്രികളിലെ പുറം പരിശോധനകൾക്കായി 3000 രൂപ ലഭിക്കും.
  • ഇപ്പോഴുള്ള എന്തെങ്കിലും തകരാർ ശരിയാക്കുന്നതിനു വേണ്ടിയുള്ള ശസ്ത്രക്രിയ, ഇൻഷുവർ ചെയ്യുന്നവരുടേയോ തേഡ് പാർട്ടി അഡമിനിസ്‌ട്രേറ്ററുടേയോ (TPA) അനുവാദത്തോടെ ചെയ്യാവുന്നതാണ്.
  • ആശുപത്രി പ്രവേശനത്തിനു മുമ്പും അതിനു ശേഷവും ഉള്ള ചെലവുകൾ പരിധികൾക്കു വിധേയമായി അനുവദിച്ചിട്ടുണ്ട്.

എങ്ങനെയാണ് ചെലവായ തുക തിരികെ അവകാശപ്പെടേണ്ടത്?

പരിമിതി അനുഭവിക്കുന്ന വ്യക്തിക്ക് ചികിത്സ ലഭിക്കാവുന്ന ആശുപത്രി ശൃംഖലയുടെ പണരഹിത സൗകര്യം സ്വാവലംബൻ നൽകുന്നുണ്ട്. ശൃംഖലയിലെ ആശുപത്രികളുടെ പട്ടിക, പദ്ധതിയിൽ അംഗത്വം എടുക്കുന്ന സമയത്ത് നൽകുന്നതാണ്. ഈ ശൃംഖലയിൽ പെടാത്ത മറ്റേതെങ്കിലും ആശുപത്രിയിൽ അടിയന്തിരമായി പ്രവേശിക്കപ്പെടേണ്ടി വരികയാണെങ്കിൽ, ഇൻഷുറൻസിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തി സമർപ്പിക്കുന്ന കുറിപ്പടികളും റിപ്പോർട്ടുകളും ബില്ലുകളും വിശദമായി പരിശോധന നടത്തിയ ശേഷം ടിപിഎ അതിനു ചെലവാക്കിയ പണം തിരികെ നൽകുന്നതാണ്. 

ഓട്ടിസത്തിനു വേണ്ടിയുള്ള സ്റ്റാർ ആരോഗ്യ ഇൻഷുറൻസ്

സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനി, ഓട്ടിസം സ്‌പെക്ട്രം ഡിസോഡർ അനുഭവിക്കുന്ന കുട്ടികൾക്കു വേണ്ടിയുള്ള ഒരു ഗ്രൂപ്പ് ഇൻഷുറൻസ് തുടങ്ങിയിട്ടുണ്ട്. ഓട്ടിസം ബാധിച്ച കുട്ടികൾക്കായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും സ്‌കൂളുകൾക്കും ഈ ഗ്രൂപ്പ് ഇൻഷുറൻസ് പ്രയോജനപ്പെടുത്താവുന്നതാണ്. ഓട്ടിസവുമായി അനുബന്ധിച്ചു വരുന്ന പെട്ടന്നുണ്ടാകുന്ന രോഗാക്രമണം, മൃദുല കോശങ്ങളുടേയും എല്ലിന്‍റേയും പരിക്കുകൾ, പേശികളുടെ സങ്കോചങ്ങൾ തുടങ്ങിയവയ്ക്കു വേണ്ടുന്ന ആശുപത്രിവാസം, ചികിത്സാ ശസ്ത്രക്രിയാ നടപടികൾ തുടങ്ങിയ, ചികിത്സയുടേയും ശസ്ത്രക്രിയാ സങ്കീർണ്ണതകളുടേയും കൂടാതെ എല്ലാത്തരം പകർവ്വ വ്യാധികളുടേയും ചികിത്സാ ചെലവുകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.

ആർക്കെല്ലാം അപേക്ഷിക്കാം: ഓട്ടിസം ബാധിച്ച കുട്ടികൾ;  ഇപ്പോൾ നിലവിലുള്ള രോഗത്തിന്‍റെ നിർണ്ണയം. വരുമാന പരിധി ഇല്ല

പിന്തുണയ്ക്കായി നൽകുന്ന തുക: ഒരു ഗ്രൂപ്പിലെ ഓരോ കുട്ടിക്കും 1 ലക്ഷം രൂപ വീതം

ആരെയാണ് സമീപിക്കുക: നിങ്ങളുടെ ചെറുനഗരത്തിലോ നഗരത്തിലോ ഉള്ള സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനിയുടെ ഓഫീസ്

താമസിക്കുന്നതിനുള്ള അല്ലെങ്കിൽ അഭയത്തിനുള്ള സഹായം

മാനസ കേന്ദ്രങ്ങൾ

മാനസിക രോഗമുള്ള വ്യക്തികളുടെ പരിചരണത്തിനായി കർണാടക ഗവണ്മെണ്ട് സജ്ജീകരിച്ചിട്ടുളള പ്രത്യേക വീടുകളാണ് ഇവ. പ്രാംരംഭ പദ്ധതി എന്ന നിലയ്ക്ക് ഗവണ്മെണ്ട് ബംഗളുരു, ബെല്ലാരി, റായ്ച്ചൂർ, ഷിമോഗ എന്നീ അഞ്ചു ജില്ലകളിൽ മാനസ കേന്ദ്രങ്ങൾക്കു പദ്ധതി ഇട്ടിട്ടുണ്ട്. മാർച്ച് 30, 2016 ലെ സ്ഥിതി പ്രകാരം ബംഗളുരു കേന്ദ്രം സജ്ജീകരിച്ചു കഴിഞ്ഞു, അത് പ്രവർത്തിക്കുന്നുമുണ്ട്.

ആർക്കെല്ലാം അപേക്ഷിക്കാം: മാനസിക രോഗമുള്ള ഏതെങ്കിലും വ്യക്തികളുടെ, ബിപിഎൽ പരിധിക്ക് ഉള്ളിൽ പെടുന്ന കുടുംബങ്ങൾ

സാമ്പത്തിക സഹായത്തിന്‍റെ തോത്: രോഗമുള്ള വ്യക്തികൾക്ക് ഈ കേന്ദ്രങ്ങൾ സൗജന്യ ഭക്ഷണവും പാർപ്പിടവും നൽകുന്നു. ഈ കേന്ദ്രങ്ങളിൽ ദീർഘകാലാടിസ്ഥാനത്തിലും ഹസ്വകാലാടിസ്ഥാനത്തിലും ഉള്ള പുനരധിവാസ കേന്ദ്രങ്ങൾ ലഭ്യമാണ്.

ആരെയാണ് സമീപിക്കേണ്ടത്ഏറ്റവും അടുത്തുള്ള കേന്ദ്രത്തെ പറ്റി അറിയുന്നതിന്, നിങ്ങളുടെ ജില്ലയിലെ ഡിസ്ട്രിക്ട് ഡിസെബിലിറ്റി വെൽഫയർ ഓഫീസറുമായി ബന്ധപ്പെടുക

നിയമപ്രകാരം, എല്ലാ മാസവും അര ദിവസം ജില്ലാ കളക്ടർ പരിമിതികൾ അനുഭവിക്കുന്ന വ്യക്തികളുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും നിർബന്ധമായും ശ്രദ്ധിക്കേണ്ടതാണ്. ഒരു പരിചരിക്കുന്ന വ്യക്തി എന്ന നിലയ്ക്ക്, നിങ്ങൾക്ക് അറിയാവുന്ന മറ്റു പരിചരിക്കുന്ന വ്യക്തികളുമായി ബന്ധം പുലർത്തുകയും നിങ്ങളുടെ പ്രശ്‌നങ്ങളുമായി കളക്ടറെ സമീപിക്കുകയും ചെയ്തുകൊണ്ട് നിങ്ങൾക്ക് ആ അവസരം ഉപയോഗപ്പെടുത്താം. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org