ബ്ലോഗെഴുത്തിന് രോഗം സുഖമാക്കാനാവുമോ?

വ്യക്തിഗത ബ്ലോഗെഴുത്തിനെ രോഗസൗഖ്യത്തിനും പരസ്പര ബന്ധങ്ങൾക്കും അങ്ങനെ വളർച്ചയ്ക്കും ഉപയോഗപ്പെടുത്തുന്നതിനെപ്പറ്റി.
മധ്യ അമേരിക്കയിലെ ഗ്വാട്ടിമാലയുടെ ഗ്രാമപ്രദേശങ്ങളിലെ ഒരു പതിവുണ്ട്.  'സങ്കടപ്പാവ'കളെന്നു പേരുള്ള കൈകൊണ്ടുണ്ടാക്കിയ ചെറിയ പാവകൾ മറ്റുള്ളവർക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക് സമ്മാനിക്കും. ഉറക്കം കിട്ടാതെ വിഷമിക്കുന്നവർക്കും ദീർഘകാലമായി ദു:ഖിതരായിക്കഴിയുന്നവർക്കുമാണ് ഈ സമ്മാനം നൽകാറ്. ഓരോ രാവിലും ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് അവർ തങ്ങളെ അലട്ടുന്ന സങ്കടങ്ങൾ ഈ പാവകളുടെ ചെവിയിൽ മന്ത്രിക്കും. 'സങ്കടപ്പാവ'കൾ ഇവരുടെ സങ്കടങ്ങൾ കവർന്നെടുക്കുമെന്നും അങ്ങനെ അവർക്ക് ആ രാത്രിയിൽ സുഖനിദ്ര ലഭിക്കുമെന്നുമാണ് വിശ്വാസം.

ഡിജിറ്റൽ യുഗത്തിൽ ജീവിക്കുന്ന നമ്മളെ സംബന്ധിച്ചിടത്തോളം സങ്കടപ്പാവകളുടെ അഭിനവ രൂപമായി ഇന്റർനെറ്റുള്ള കമ്പ്യൂട്ടറുകൾ മാറിക്കഴിഞ്ഞെന്ന് തോന്നുന്നു. ആധുനിക സാങ്കേതികവിദ്യയുടെ സമ്മാനമായ ബ്ലോഗ് (വെബ്‌ലോഗ് എന്നതിന്റെ ചുരുക്കം) എന്ന എഴുത്തിടത്തിൽ സ്വന്തം അനുഭവക്കുറിപ്പുകളെഴുതുന്ന അനേകം ആളുകൾ പറയുന്നത് ബ്ലോഗെഴുത്ത് തങ്ങൾക്ക് സ്വയം ചികിത്സയായി മാറുന്നു എന്നാണ്.

നമ്മുടെ വികാരവിചാരങ്ങൾ വാക്കുകളാക്കി മാറ്റുന്നതിന്- അത് ഒരു മനശ്ശാസ്ത്രചികിത്സകനോടോ സുഹൃത്തിനോടോ സംസാരിക്കുന്നതോ, സ്വകാര്യ കുറിമാനമോ, ബ്ലോഗെഴുത്തോ ആകട്ടെ- വളരെ വലിയ സാന്ത്വനശേഷിയുണ്ട്. നമ്മുടെ പ്രശ്‌നങ്ങളെ വാക്കുകളാക്കി പരിവർത്തനം ചെയ്യുമ്പോൾ തലച്ചോറിലെ യുക്തിയുടെയും പ്രശ്‌നപരിഹാരത്തിന്റെയും ഭാഗമായ പ്രീഫ്രണ്ടൽ കോർട്ടക്‌സിന് കൂടുതൽ ജോലി നൽകുകയാണ് ചെയ്യുന്നത്. തൽഫലമായി വികാരങ്ങളുടെ കേന്ദ്രമായ 'എമിഗ്‌ഡെലെ'ക്ക് സാന്ത്വനം ലഭിക്കുന്നു. അങ്ങനെ പ്രശ്‌നത്തെ വികാരപരമല്ലാതെ, യുക്തിപൂർവ്വം വിശകലനം ചെയ്യാൻ നമുക്ക് കഴിയുകയും ചെയ്യും. 

ഒരു ചികിത്സാഉപാധിയെന്ന നിലയിൽ ഇത്തരം തുറന്നെഴുത്തിന്റെ സാധ്യതകളെപ്പറ്റി ധാരാളം ഗവേഷണങ്ങൾ ഇന്നു നടക്കുന്നുണ്ട്. നമ്മുടെ ചിന്തകളെയും വികാരങ്ങളെയും ഇങ്ങനെ തുറന്നെഴുതുമ്പോൾ അത്, നാമനുഭവിക്കുന്ന സമ്മർദ്ദത്തെ അതിജീവിക്കാനും ഓർമ്മശക്തി മെച്ചപ്പെടുത്താനും ഫലത്തിൽ ആരോഗ്യവിദഗ്ദ്ധനെ സന്ദർശിക്കുന്നതിന്റെ ഇടവേളകളെ ഇരട്ടിയാക്കാനും സഹായിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇക്കാര്യം അമേരിക്കൻ സാമൂഹികമനശ്ശാസ്ത്രവിദഗ്ദ്ധനായ ഡോ. ജെയിംസ് പെൻബേക്കർ സാക്ഷ്യപ്പെടുത്തുന്നു. രണ്ട് പതിറ്റാണ്ടു മുമ്പ് ഡോ. പെൻബേക്കർ ചില പരീക്ഷണങ്ങൾ നടത്തിയിരുന്നു. കുറെയാളുകളോട് നിർത്താതെ 20 മിനിട്ടു നേരം എഴുതാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഇത് തുടർച്ചയായി മൂന്നുനാലുദിവസം ആവർത്തിച്ചു. ഈ 'എഴുത്തുപരീക്ഷ' വിജയകരമായി പൂർത്തിയാക്കിയവരിൽ, നല്ല പഠന നിലവാരവും കൂടുതൽ ശക്തിമത്തായ രോഗപ്രതിരോധ വ്യവസ്ഥയുമുൾപ്പെടെയുള്ള ഗുണപരമായ ഒട്ടേറെ മാറ്റങ്ങൾ കാണാനായി. ഇനി ഇവിടേക്കു വന്നാൽ, ചെന്നൈയിലെ ഈസ്റ്റ് വെസ്റ്റ് സെന്റർ ഫോർ കൗൺസലിംഗിന്റെ ഡയറക്ടറും എക്‌സ്പ്രസിവ് ആർട്‌സ് തെറാപ്പിസ്റ്റുമായ മഗ്ദലിൻ ജയരത്‌നം, തന്റെ മിക്കവാറും എല്ലാ കക്ഷികളോടും ദിനസരിക്കുറിപ്പെഴുതാൻ ആവശ്യപ്പെടാറുണ്ട്.
 
സ്വാനുഭവത്തിന്റെ വെളിച്ചത്തിൽ, സർഗ്ഗാത്മകമായ എല്ലാ രചനകളും ഏറെ ഗുണകരമാണെന്ന് അവർ പറയുന്നു. ആദ്യ സന്ദർശനത്തിൽ സ്വയമെഴുതിയ കഥ വായിക്കാൻ നൽകിയ ഒരു 16കാരനെപ്പറ്റി അവർ പറയുന്നു. 'കൂലിപ്പണി തേടി നഗരങ്ങളിലേക്ക് കുടിയേറുന്ന ആദിവാസികളെപ്പറ്റിയായിരുന്നു ആ കഥ. ഒരു പ്രാദേശിക രാഷ്ട്രീയക്കാരൻ ആ പാവങ്ങളെ ചൂഷണം ചെയ്യുന്നു. ഒടുവിൽ സാധാരണയിൽ നിന്ന് തികച്ചും വ്യത്യസ്തമായി ആ രാഷ്ട്രീയക്കാരന്റെ മകൻ, ജീവിതം കരുപ്പിടിപ്പിക്കാൻ ആ ആദിവാസികളെ സഹായിക്കുകയാണ്. കഥ വായിച്ചുകഴിഞ്ഞതോടെ, അടുത്തയിടെ മാത്രം തീരെച്ചെറിയ ഒരു പട്ടണത്തിൽ നിന്ന് ചെന്നൈ നഗരത്തിലേക്ക് കുടിയേറിയ ആ ചെറുപ്പക്കാരനെക്കുറിച്ച് അവശ്യം വേണ്ടതൊക്കെ എനിക്ക് മനസ്സിലായിരുന്നു'. എഴുതപ്പെട്ട വാക്കിന് തീർച്ചയായും സൗഖ്യമാക്കാനുള്ള കെൽപ്പുണ്ട്.

സാങ്കേതികവിദ്യയുടെ ഈ യുഗത്തിലും, ആത്മപ്രകാശനത്തിന്റെ മുഖ്യമാധ്യമം എഴുത്തു തന്നെയാണ്, പഴയ കയ്യെഴുത്ത് പ്രതികൾ ഓൺലൈനിൽ ബ്ലോഗെഴുത്തായി മാറുന്നു എന്നുമാത്രം. എഴുത്ത്, അത് സ്വകാര്യ കുറിപ്പുകളായാലും ബ്ലോഗെഴുത്തായാലും വികാരങ്ങൾക്ക് തുറവ് നൽകുന്ന, സ്വന്തം ശബ്ദം കണ്ടെത്തുന്ന ധർമ്മമാണ് പ്രധാനമായും നിർവ്വഹിക്കുന്നത്. എന്നാൽ ബ്ലോഗെഴുത്തിന് ചില അധികമാനങ്ങൾ കൂടിയുണ്ട്. സാങ്കേതികനിയന്ത്രണത്തിലുള്ള ഒരിടമെന്നതിലപ്പുറം ബ്ലോഗുകൾ നമുക്ക് കുറേ വായനക്കാരെ സമ്മാനിക്കുന്നുണ്ട്. അതിനാൽത്തന്നെ കൂടുതൽ സമ്പർക്കാധിഷ്ഠിതമായ ഒരു മാധ്യമമാണിത്.
 
പരസ്പര സംവാദത്തെ നിയന്ത്രിക്കുന്ന ഒരു ചികിത്സകന്റെ അഭാവം ഒഴിച്ചാൽ ഈ മാധ്യമം നവീനമായ ഒരു ദൗത്യാധിഷ്ഠിത സംഘചികിത്സ (take on group therapy)യ്ക്ക് സമാനമാണ്. ബ്ലോഗെഴുതുമ്പോൾ നമ്മൾ സ്വയം നമ്മുടെ മാനുഷികബന്ധചോദനകളെ തൃപ്തിപ്പെടുത്തുകയാണ്. ഭയമേതുമില്ലാതെ അവിടെ നാം നമ്മുടെ ചിന്തകൾ പങ്കുവയ്ക്കുന്നു, അഭിപ്രായങ്ങൾ സ്വീകരിക്കുന്നു, മറുപടി നൽകുന്നു, ചിലപ്പോൾ ചിലകാര്യങ്ങൾ ഭൂഗോളത്തിന്റെ അങ്ങേവശത്തുള്ള ഒരാളിന്റെ അനുഭവത്തിൽ നിന്ന് നേരിട്ട് പഠിക്കുകയും ചെയ്യുന്നു.

ഇന്റർനെറ്റിലെ സൗഹൃദങ്ങൾ യഥാർഥമല്ലെന്ന വാദം മാറ്റിവച്ചാൽ, ഒരു പക്ഷേ ഒരിക്കലും കാണാനിടയില്ലാത്ത വ്യക്തികളോട് സംവദിക്കുവാൻ ബ്ലോഗെഴുത്ത് അവസരം നൽകുന്നുണ്ട്. ഒരെഴുത്തുകാരനും ബ്ലോഗറുമെന്ന നിലയിൽ ഭരത് purisubzi.in ൽ എഴുതുന്നു. ' അകലെയുള്ളവർ തമ്മിൽ സൗഹൃദം സാധ്യമല്ലെന്നൊരു തെറ്റിദ്ധാരണയുണ്ട്. നമ്മുടെ മുതിർന്നവർ കരുതുന്നത് ഏതൊരു സൗഹൃദവും 'യഥാർഥ'മായിരിക്കണമെങ്കിൽ അത് ചില
നിബന്ധനകൾക്കനുസൃതമായിരിക്കണം എന്നാണ്. ഈ അടുത്തകാലത്ത് എനിക്കുണ്ടായ നല്ല സുഹൃത്തുക്കളെയൊക്കെയും ഞാൻ കണ്ടുമുട്ടിയത് ഈ അയഥാർഥ ലോകത്താണ്. സൗഹൃദത്തിന്റെ അടിത്തറ താല്പര്യങ്ങളുടെയും വികാരങ്ങളുടെയും പങ്കുവയ്ക്കൽ ആയിരിക്കുന്നിടത്തോളം, നിങ്ങളുടെ സുഹൃത്ത് എവിടെയാണ് ജീവിക്കുന്നതെന്നത് ഒരു വിഷയമേ അല്ല.'

മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നവരെ സംബന്ധിച്ചിടത്തോളം, ഒറ്റപ്പെടൽ ചിന്തയുള്ളതിനാൽതന്നെ ബ്ലോഗെഴുത്ത് പ്രത്യേകിച്ചും ഗുണകരമാണ്, വലിയ ശാസ്ത്രീയ തെളിവുകൾ നിരത്താനില്ലെങ്കിൽക്കൂടി. 2012ൽ ഒരുസംഘം ഇസ്രായേലി ഗവേഷകർ സാമൂഹികമായ വ്യാകുലതയും ഉൽക്കണ്ഠയും പ്രകടിപ്പിച്ച 161 കൗമാരക്കാരിൽ ഒരു പഠനം നടത്തുകയുണ്ടായി. അവരെ ആറ് ഗ്രൂപ്പുകളാക്കി തിരിച്ചു. ആദ്യത്തെ നാലു ഗ്രൂപ്പുകൾക്ക് ബ്ലോഗെഴുത്ത് എന്ന ജോലി നൽകി. മറ്റു രണ്ടു ഗ്രൂപ്പുകളെ സ്വകാര്യ ഡയറിയെഴുതാനോ ഒന്നുമെഴുതാതിരിക്കാനോ അനുവദിച്ചു. പത്താഴ്ചകൾക്കു ശേഷം ബ്ലോഗെഴുത്തുകാരിൽ ആത്മാഭിമാനത്തിന്റെ തോത് മറ്റുള്ളവരെ അപേക്ഷിച്ച് വളരെ വർധിച്ചതായി അവർക്ക് കാണാൻ കഴിഞ്ഞു.

മാനസികപ്രശ്‌നമുള്ളവരുടെ കൂടെ ജീവിക്കുകയോ അവരെ ശുശ്രൂഷിക്കുകയോ ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ബ്ലോഗുകളിലൂടെയുള്ള സ്വാനുഭവങ്ങളുടെ പങ്കുവയ്ക്കൽ മറ്റുള്ളവരുടെ സഹായം തേടുവാൻ മാത്രമല്ല, ഇതേ അവസ്ഥയിലുള്ള അനേകർക്ക് പ്രചോദനമേകാനും സഹായിക്കും. സ്വകാര്യ ബ്രാൻഡിംഗ് ഉപദേശകനും ബ്ലോഗറുമായ വിജയ് നല്ലവാല, ദ്വന്ത്വവ്യക്തിത്വവുമായി ബന്ധപ്പെട്ട് താൻ 2012ലെഴുതിയ ബ്ലോഗനുഭവം പങ്കുവയ്ക്കുന്നു. ആ കുറിപ്പ് (ഇടം) അതിവേഗത്തിൽ അഭിപ്രായങ്ങളും ഉപദേശങ്ങളും കൊണ്ട് നിറഞ്ഞു. 'ഈ രോഗത്താൽ ക്ലേശിക്കുന്ന ഏകവ്യക്തിയല്ല ഞാനെന്ന് എനിക്കു മനസ്സിലായി, എന്റെയവസ്ഥ പുതിയതൊന്നുമല്ലെന്നും. പക്ഷെ ആ എഴുത്തുകാരണം മറ്റൊരു ഗുണമുണ്ടായി. സമാനമായ ധാരാളം കേസുകൾ എന്റെ വളരെയടുത്ത സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും ഞാനറിയുകയുണ്ടായി. മിക്കവാറും കേസുകളിൽ, ഈ ബുദ്ധിമുട്ടനുഭവിക്കുന്ന വ്യക്തികൾ മെച്ചപ്പെട്ട അവസ്ഥയിലായിരുന്നില്ല. അധികം പേരും വൈദ്യസഹായം തേടുന്നതിൽ വിമുഖരോ അത് പകുതിവഴിക്ക് ഉപേക്ഷിച്ചവരോ ആയിരുന്നു.' ഇതു പോലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന അനേകർക്ക് തുറന്നു സംവദിക്കാനുള്ള ഒരു വേദിയെന്ന നിലയിൽ വിജയ് രൂപം നൽകിയ http://www.bipolarindia.com വിഷാദരോഗവും ദ്വന്ത്വവ്യക്തിത്വവുമൊക്കെ അനുഭവിക്കുന്നവരുടെ ആദ്യ ഓൺലൈൻ കൂട്ടായ്മയായി മാറി. അത് വിജയിന്റെ സ്വന്തം രോഗസൗഖ്യത്തിനും ചാലകശക്തിയായി.

ബ്ലോഗെഴുത്ത് നിസ്സംശയമായും ആത്മപ്രകാശനത്തിന്റെ അതിശയകരമായ ഒരുപകരണമാണ്. അർഥപൂർണ്ണമായ ബന്ധങ്ങളുണ്ടാക്കാനും അതുപകരിക്കും. എങ്കിലും മറ്റേതൊരു സാമൂഹിക മാധ്യമ വേദിയിലുമെന്നപോലെ ബ്ലോഗെഴുത്തിലും കുഴപ്പങ്ങൾ ഒഴിവാക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. 

നിങ്ങൾ ബ്ലോഗെഴുത്തിൽ ഒരു തുടക്കക്കാരനാണെങ്കിൽ  ഇനിപ്പറയുന്ന ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും
  • ഓർക്കുക, ഇന്റർനെറ്റിന് നല്ല ഓർമ്മശക്തിയുണ്ട്. ഓരോ കാര്യവും പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് രണ്ടുവട്ടം ചിന്തിക്കുക. നിങ്ങൾ എഴുതിയത് സ്വയം നീക്കം ചെയ്താൽപ്പോലും അതിന്റെ അവശിഷ്ടങ്ങൾ വളരെക്കാലം അവിടെത്തന്നെയുണ്ടാവും.
  • വളരെ വ്യക്തിപരമായ വിവരങ്ങൾ പങ്കുവയ്ക്കാനുണ്ടെങ്കിൽ അത് തൂലികാനാമത്തിൽ എഴുതുന്നതാവും നന്ന്, അല്ലെങ്കിൽ ചില ബ്ലോഗെഴുത്തുകാർ ചെയ്യുമ്പോലെ സ്വകാര്യ കുറിപ്പായും എഴുതാം. ഭരത് ഇക്കാര്യത്തെപ്പറ്റി ഇങ്ങനെയെഴുതുന്നു: ' വളരെയേറെ വ്യക്തിപരമായ കാര്യങ്ങളെപ്പറ്റി എഴുതേണ്ടിവരുമ്പോൾ മനസ്സിൽ തോന്നുന്ന അതേ തീവ്രതയോടെ സ്വകാര്യ കുറിപ്പെഴുതാനാണ് ഞാൻ മുതിരുക. എന്നെ സംബന്ധിച്ച് ഏതു തരത്തിലുള്ള തുറന്നെഴുത്തും എന്റെ മുറിവേറ്റ വികാരങ്ങളുടെ ആവിഷ്‌ക്കാരമാണ്. അതുകൊണ്ടു തന്നെ എന്തൊക്കെ ആരൊക്കെ കാണണമെന്നതിന് ഞാൻ നിയന്ത്രണം വയ്ക്കുന്നു.
  • ഏറ്റവും പ്രധാനമായി, നിങ്ങൾക്ക് ഒരു മാനസിക പ്രശ്‌നമുണ്ടെങ്കിൽ, നിങ്ങളുടെ ചിന്തകളെ ശുദ്ധീകരിക്കാനും സമാനമനസ്‌കരുടെ ഒരു സമൂഹത്തെ സൃഷ്ടിക്കാനുമെല്ലാം ബ്ലോഗെഴുത്ത് സഹായിക്കും. എന്നാൽ അത് ഒരിക്കലും വൈദ്യസഹായത്തിനു പകരമാകുന്നില്ല. നിങ്ങൾ സ്വീകരിക്കുന്ന വിദഗ്ധചികിത്സയ്ക്ക് സഹായകമാകാൻ മാത്രമേ അതിനാകൂ.
ബ്ലോഗെഴുതാൻ:

നിങ്ങൾ ഒരു ബ്ലോഗ് തുടങ്ങാനാഗ്രഹിക്കുന്നു എങ്കിൽ ഈ വേദികൾ സഹായകമാകും
1.    www.blogger.com
2.    www.wordpress.com
3.    www.tumblr.com

മാനസികാരോഗ്യത്തെക്കുറിച്ചുള്ള ബ്ലോഗുകൾ

നിങ്ങൾ പ്രചോദനം തേടുകയാണോ? മാനസികാരോഗ്യത്തെപ്പറ്റി തുറന്നുപറയുന്ന മൂന്ന് ഇന്ത്യൻ ബ്ലോഗുകൾ ഇതാ.

1.    https://autismindianblog.blogspot.com: ഓട്ടിസം ബാധിച്ച മകനെ വളർത്തുന്നതിലെ 'പ്രതിസന്ധികൾ നിറഞ്ഞ, എന്നാൽ മനോഹരമായ' അനുഭവങ്ങൾ ഒരു ഇന്ത്യൻ പിതാവ് പങ്കുവയ്ക്കുന്നു. അദ്ദേഹം വ്യക്തമാക്കുന്നു, 'മാതാപിതാക്കൾക്ക് മറ്റെന്തും പോലെ ഓട്ടിസത്തെ മനസ്സിലാക്കാനും പരീക്ഷണങ്ങളിലൂടെ ലഭിക്കുന്ന അനുഭവമല്ലാതെ മറ്റു വഴികളില്ല. എങ്കിലും എന്റെ അനുഭവങ്ങളുടെ പങ്കിടൽ മറ്റുള്ളവർക്ക് പ്രത്യാശ പകരും. അവരും അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കും. അതെല്ലാവർക്കും ഗുണം ചെയ്യും'

2.    https://indianhomemaker.wordpress.com: നാഗരിക ഇന്ത്യയിലെ ഒരു ഗൃഹസ്ഥയുടെ ദൈനംദിന ജീവിതത്തിന്റെ ചിന്തുകൾ. സങ്കടത്തെ അതിജീവിക്കൽ, ഗാർഹിക പീഡനം, ലിംഗവിവേചനം തുടങ്ങിയ വളരെ ശ്രദ്ധേയമായ വിഷയങ്ങളെപ്പറ്റി അവർ എഴുതുന്നു.

3.    https://swapnawrites.wordpress.com: സ്വപ്നയുടെ അമ്മയ്ക്ക് മറവിരോഗമായിരുന്നു. അമ്മയ്ക്കു നൽകുന്ന സംരക്ഷണത്തിന്റെ അനുഭവങ്ങളും, പിണഞ്ഞ അബദ്ധങ്ങളും, നേടിയ പാഠങ്ങളും ഒക്കെ അവൾ തന്റെ ബ്ലോഗിലെഴുതിത്തുടങ്ങി. ഇതുപോലെ സംരക്ഷണം നൽകുന്നവർക്ക് സഹായകമെന്ന നിലയിൽ അവൾ തന്റെ നിരീക്ഷണങ്ങൾ അവതരിപ്പിച്ചു. മറവിരോഗം ബാധിച്ച രോഗികളെ സംരക്ഷിക്കുന്നതിന്റെ വിവിധവശങ്ങളെപ്പറ്റി അമ്മയുടെ മരണത്തിനു ശേഷവും അവർ തുടർന്നെഴുതുന്നു.
 
പരിശോധിച്ച രേഖകൾ

https://www.utexas.edu/features/archive/2005/writing.html
http://healthland.time.com/2012/01/06/blogging-helps-socially-awkward-teens/

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org