അസുഖമുള്ള ഒരു ബന്ധുവിനെ പരിചരിക്കല്‍ നിങ്ങളെ തളര്‍ത്തിയേക്കും/ പരിചരിക്കുന്നവരില്‍ ശ്രദ്ധവെയ്ക്കുക

രോഗികളെ പരിചരിക്കുന്നവര്‍ക്ക് പതിവായി നടുവേദന, ശരീര വേദന, തലവേദന, വിട്ടുമാറാത്ത ചുമയും ജലദേഷവും പൊതുവിലൊരു തളര്‍ച്ചയും അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ പൂര്‍ണമായി സുഖപ്പെടും വരെ ശരീരത്തിന് ആവശ്യമായ വിശ്രമം കൊടുക്കാന്‍ പലപ്പോഴും ഇവര്‍ക്ക് കഴിയുന്നില്ല.
നമ്മുടെ സമൂഹത്തില്‍  കുടുംബങ്ങളില്‍ പ്രതിഫലം വാങ്ങാതെ രോഗികളെ പരിചരിക്കുന്ന നിരവധി പേര്‍ക്ക് പരിചരിക്കലിന്‍റെ ഫലമായി ഉണ്ടാകുന്ന വിവിധ ആഘാതങ്ങളെക്കുറിച്ച് എന്‍റെ മുന്‍ ലേഖനത്തില്‍ ഞാന്‍ പരാര്‍ശിച്ചിരുന്നു. ഈ ലേഖനത്തില്‍ ഇവര്‍ക്ക് വലിയതോതില്‍ ഉണ്ടാകുന്ന ആ കുഴപ്പങ്ങളുടെ വിശാദാംശങ്ങളില്‍ ശ്രദ്ധയൂന്നുകയാണ് ചെയ്യുന്നത്. അതായത്  രോഗികളെ പരിചരിക്കുന്നവരുടെ ശാരീരികാരോഗ്യത്തില്‍ ഉണ്ടാകുന്ന  പ്രശ്നങ്ങള്‍ ഇവിടെ വിശദമായി പ്രതിപാദിക്കുന്നു. ഇത് വളരെ ശ്രദ്ധേയമായ കാര്യമാണ്, കാരണം പരിചരിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന വളരെയധികം പേര്‍ക്ക് വിവിധ രോഗങ്ങള്‍-അനാരോഗ്യം- പിടിപെടുന്നുണ്ട്. കുറച്ച് ആലങ്കാരികമായി പറഞ്ഞാല്‍- ശാരീരികമോ മാനസികമോ ആയ അസുഖമുള്ളവരെ പരിചരിക്കുന്നവര്‍ സ്വയം അസുഖമുള്ളവരായി മാറുന്നു എന്ന വൈരുദ്ധ്യമാണ് ഇക്കാര്യത്തില്‍ കാണാനാകുന്നത്. 

കെയറേഴ്സ് വേള്‍ഡ്വൈഡ് സമീപ കാലത്ത് നടത്തിയ ഒരു സര്‍വ്വേയില്‍  പരിചരിക്കുന്നവരില്‍ (മാനസികരോഗമോ  അപസ്മാരമോ ഉള്ള കുടുംബാഗത്തെ പരിചരിക്കുന്ന) 69 ശതമാനം പേര്‍ ഞങ്ങളോട് പറഞ്ഞത് അവര്‍ക്ക് പതിവായി നടുവേദന, ശരീര വേദന, തലവേദന, വിട്ടുമാറാത്ത ചുമയും ജലദേഷവും പൊതുവിലൊരു തളര്‍ച്ചയും  അനുഭവപ്പെടുന്നുണ്ടെന്നാണ്. എന്നാല്‍ ഇവര്‍ക്ക് ഇവരുടെ അയല്‍ക്കാര്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ കഴിയുന്നതുപോലെ തങ്ങള്‍ക്ക് പൂര്‍ണമായി സുഖപ്പെടും വരെ ശരീരത്തിന് ആവശ്യമായ വിശ്രമം കൊടുക്കാന്‍ കഴിയുന്നില്ല. ഇവര്‍ക്ക് ആഴ്ചയില്‍ ഏഴുദിവസവും 24 മണിക്കൂറും പരിചരിക്കല്‍ എന്ന ഉത്തരവാദിത്തവും അവരുടെ മറ്റ് ദൈനംദിന കര്‍ത്തവ്യങ്ങളും നിര്‍വഹക്കേണ്ടി വരുന്നു, ഇതിനിടയില്‍ ശരിയായ ഒരു വിശ്രമം എടുക്കുന്നതിന് ചെറിയൊരു അവസരം പോലും കിട്ടുന്നില്ല.

പരിചരിക്കുന്നവരില്‍ ഭൂരിപക്ഷം പേരും തങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഒരിക്കല്‍ പോലും ഒരു ഡോക്ടറെ കാണുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചപ്പോള്‍ പലരും പലതരത്തിലാണ് പ്രതികരിച്ചത്. " ഡോക്ടറുടെ അടുത്ത് പോകാന്‍ എനിക്ക് സമയം കിട്ടുന്നില്ല", " ഞാന്‍ ആശുപത്രിയിലേക്ക് പോയാല്‍ ഈയാളെ പിന്നെ ആര് നോക്കും?", ഇനി എനിക്കും കൂടി മരുന്ന് വാങ്ങുക എന്നത് താങ്ങാനാകില്ല", 'മൂന്നുനാലു ദിവസം രാത്രി നല്ല ഉറക്കം കിട്ടിയാല്‍ എനിക്ക് സുഖമാകും. എന്നൊക്കെയാണ് പലരും  പറഞ്ഞത്. ഒരു സംഘടന എന്ന നിലയ്ക്ക്, പരിചരിക്കുന്നവര്‍ എന്നൊരു വലിയ വിഭാഗം ഇവിടെ യുണ്ടെന്നതിനെക്കുറിച്ചും ഓരോദിവസവും അവര്‍ക്ക് നേരിടേണ്ടി വരുന്ന പരുക്കന്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചും പ്രാദേശിക ഡോക്ടര്‍മാര്‍ക്കുള്ള അറിവും അവബോധവും വര്‍ദ്ധിപ്പിക്കുന്നതിനായി ഞങ്ങള്‍ അവര്‍ക്കിടയിലും പ്രവര്‍ത്തിക്കുന്നു. പരിചരിക്കുന്നയാള്‍ സുഖമില്ലാത്ത കുട്ടിയെ ക്ലിനിക്കില്‍ കൊണ്ടുവരുമ്പോള്‍ ആ വ്യക്തിയുടെ ആരോഗ്യത്തെക്കുറിച്ചു കൂടി അന്വേഷിച്ചാല്‍ ഡോക്ടറുടെ അധിക സമയമൊന്നും നഷ്ടപ്പെടില്ലല്ലോ. പലപ്പോഴും അവബോധവും അനുകൂല മനോഭാവവുമാണ് ആവശ്യം.

  ഈ വഴിയിലൂടെ പരിചരിക്കുന്ന എല്ലാവരിലും  എത്തിചേരാനാകില്ല. പരിചരിക്കുന്നവരുടെ പ്രശ്നങ്ങളെക്കുറിച്ചും അവക്ക് ആവശ്യമായ സംരക്ഷണത്തെക്കുറിച്ചുമുള്ള അവബോധവും ശ്രദ്ധയും പ്രാദേശിക സമൂഹത്തില്‍ (അവരുടെ ചുറ്റുപാടില്‍) നിന്നു തന്നെ ആരംഭിക്കണം. എന്‍റെ മുന്‍ ലേഖനത്തില്‍, നിങ്ങളുടെ ബന്ധു, അയല്‍ക്കാര്‍, കൂട്ടുകാര്‍, സഹപ്രവര്‍ത്തകര്‍ എന്നിങ്ങനെ നിങ്ങള്‍ക്ക് അറിയാവുന്ന ആരെങ്കിലും ഒരു രോഗിയെ പരിചരിക്കുന്നയാളാണോ എന്ന് ഓര്‍ത്തു നോക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഒരു പക്ഷെ നിങ്ങള്‍ക്ക് അങ്ങനെ ഓര്‍ത്തുനോക്കാന്‍ അവസരം കിട്ടുകയും നിങ്ങളുടെ പരിചയക്കാര്‍ക്കിടയില്‍ കുറഞ്ഞത് പരിചരിക്കുന്ന ഒരാളെയെങ്കിലും തിരിച്ചറിയാന്‍ നിങ്ങള്‍ക്കാകുകയും ചെയ്തിട്ടുണ്ടാകും. എന്നാല്‍ ഒരു പക്ഷെ അവരെ സമീപിക്കാനോ അവരെ സഹായിക്കാന്‍ ഒരു വഴികണ്ടെത്താനോ നിങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടാകില്ല. ഈ വിഷയത്തില്‍ സംസാരം ആരംഭിക്കുക എന്നത്  പ്രയാസമുള്ള കാര്യമാണ്- എന്ത് പറയണമെന്നോ അവര്‍ എങ്ങനെ പ്രതികരിക്കുമെന്നോ നിങ്ങള്‍ക്ക് അറിവുണ്ടായേക്കില്ല. അതിനാല്‍ ആദ്യ ചുവടായി, നിങ്ങളുടെ അല്‍പം സമയം അവര്‍ക്കായി ചെലവഴിക്കാന്‍ തയ്യാറാകുക.      അവര്‍ പരിചരിക്കുന്നയാള്‍ക്കൊപ്പം അല്‍പനേരം ഇരിക്കാമെന്ന് പറയുക, അതിലൂടെ അവര്‍ക്ക് മറ്റെന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാന്‍ അല്‍പം സമയം കിട്ടിയേക്കും. ആര്‍ക്കറിയാം? ഒരു പക്ഷെ  ആ സമയം കൊണ്ട് അവര്‍ക്ക് അവരുടെ ചുമയ്ക്ക് മരുന്നു വാങ്ങാന്‍ ഡോക്ടറുടെ അടുത്ത് പോകാനോ, അല്ലെങ്കില്‍ നടുവേദനയ്ക്ക് ചികിത്സ നേടാനായി ഫിസിയോതെറാപ്പിസ്റ്റിനെ കാണാന്‍ പോകാനോ സാധിച്ചേക്കാം. അവര്‍ക്ക് വേണ്ടി വലിയ ഷോപ്പിംഗുകള്‍ ചെയ്യാനോ അല്ലെങ്കില്‍ ശരീരവേദനയ്ക്കോ പനിയ്ക്കോ വിശ്വാസമുള്ള ഒറ്റമൂലി നിര്‍ദ്ദേശിക്കാനോ ഒക്കെ നിങ്ങള്‍ക്കാകും. അത് എന്തുതന്നെയായാലും നിങ്ങള്‍ അവരെ ശ്രദ്ധിക്കുന്നു, അവരുടെ കാര്യത്തില്‍ താല്‍പര്യം കാണിക്കുന്നു, അവര്‍ക്കു വേണ്ടി നിങ്ങള്‍ അവിടെയുണ്ട് എന്നൊക്കെയുള്ള കാര്യം അവര്‍ക്ക് അറിയാന്‍ കഴിയും. ഒരു ചെറിയ ചിരിക്ക്, അല്ലെങ്കില്‍ 'ഞാന്‍ എന്ത് ചെയ്യണം?' എന്ന ഒരു ചോദ്യത്തിന് അവരുടെ തളര്‍ച്ച വളരെയധികം മാറ്റാന്‍ കഴിയും. പരിചരിക്കുന്നവര്‍ക്ക് അനുഭവപ്പെടുന്ന ആരോഗ്യ പ്രശ്നങ്ങള്‍ സഹായമോ ചികിത്സയോ കിട്ടാതെ വരുമ്പോള്‍ ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന അവസ്ഥയിലേക്ക് തിരിഞ്ഞേക്കാം. ക്രമേണ, പരിചരിക്കലിന്‍റെ ശാരീരിക സമ്മര്‍ദ്ദത്തില്‍ നിന്നും  ശരീരത്തിന് ഉണ്ടാകുന്ന ക്ലേശം, തുടര്‍ച്ചയായി 'കര്‍ത്തവ്യ നിര്‍വഹണത്തില്‍' തുടരുന്നതിലൂടെ ഉണ്ടാകുന്ന ക്ഷീണം, പലപ്പോഴും അനുഭവപ്പെടുന്ന ഉറക്കമില്ലായ്മ തുടങ്ങിയ അവസ്ഥകള്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ആവശ്യമായ അളവിലും ഗുണത്തിലുമുള്ള പരിചരണം അവര്‍ക്ക് തുടര്‍ന്ന് കൊടുക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് നയിച്ചേക്കും.  അതിനാല്‍ ആരെങ്കിലും ഇടപെട്ടില്ലെങ്കില്‍ ഈ സാഹചര്യത്തില്‍ പരിചരിക്കുന്നയാള്‍ക്കും  രോഗിക്കും ദുരന്തമുണ്ടാക്കുന്ന ഒരു  വിഷമ വൃത്തം ഇതിലൂടെ രൂപപ്പെട്ട് വരും, ഇരുവരും ഇതില്‍ പെട്ട് നട്ടം തിരിയും.
നിങ്ങളുടെ പരിചയത്തിലുള്ള പരിചരിക്കുന്നയാള്‍ ഈ ഘട്ടത്തിലേക്ക് എത്തുന്നതിന് മുമ്പ് ദയവായി ആദ്യത്തെ ചുവട് വെയ്ക്കുകയും ഈ ചുറ്റിക്കറങ്ങലിന് ആശ്വാസം ഉണ്ടാക്കുന്ന ബന്ധം സൃഷ്ടിക്കുകയും ചെയ്യുക. 
എന്‍റെ അടുത്ത ലേഖനത്തില്‍, നമുക്കിടയിലുള്ള പ്രതിഫലം കൈപ്പറ്റാതെ വീടുകളില്‍ രോഗികളെ പരിചരിക്കുന്നവര്‍ക്ക് ഉണ്ടാകുന്ന മാനസികാഘാതം എന്താണെന്ന് അന്വേഷിക്കുകയും സംഘടനകള്‍ക്കും  അധികൃതര്‍ക്കും സമൂഹത്തിനും അവര്‍ക്ക് സഹായം ലഭ്യമാക്കാനാകുന്ന വിവിധ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org