ഞാന്‍ എങ്ങനെ ഒരു സംസാരം ആരംഭിക്കണം?

ക്ലാസിന്‍റെ സ്വഭാവം എന്താണെന്ന് മനസിലാക്കുന്നതിനായി അല്‍പ സമയം ചെലവഴിക്കുക. ക്ലാസ് മുറിയില്‍ ഏതെങ്കിലും വിദ്യാര്‍ത്ഥിയുടെ അസാധാരണമായ പെരുമാറ്റം നിങ്ങളുടെ ശ്രദ്ധയില്‍ പെടുന്നു എങ്കില്‍  ആ പെരുമാറ്റം നീണ്ടുനില്‍ക്കുന്നതാണോ അതോ അതൊരു നീങ്ങിപ്പോകുന്ന മേഘമാണോ എന്ന് മനസിലാക്കുന്നതിനായി ആ വിദ്യാര്‍ത്ഥിയെ നിരീക്ഷിക്കുക. മറ്റുള്ളവരുടെ ക്ലാസുകളിലും ഈ വിദ്യാര്‍ത്ഥിയില്‍ നിന്ന് ഇത്തരത്തിലുള്ള പെരുമാറ്റം ഉണ്ടാകുന്നുണ്ടോ എന്നറിയുന്നതിനായി വിശ്വസ്തന്‍/വിശ്വസ്തയായ സഹപ്രവര്‍ത്തന്‍/സഹപ്രവര്‍ത്തകയോട് സംസാരിക്കുക. സഹപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ നിങ്ങളുടെ വിവേകം/ ഔചിത്യം ഉപയോഗപ്പെടുത്തണം എന്ന കാര്യം പ്രത്യേകം ഓര്‍ക്കുക. ഇവിടെ നിങ്ങളുടെ   ഉദ്ദേശ്യം വിദ്യാര്‍ത്ഥിയെ സഹായിക്കുക എന്നതായിരിക്കണം, അല്ലാതെ ഒരു പരദൂഷണ ശൃംഖല ആരംഭിക്കുക എന്നതായിരിക്കരുത്. 
ഈ പെരുമാറ്റം സാധാരണയില്‍ കൂടുതല്‍ നേരത്തേക്ക് നീണ്ടുപോകുന്നു എങ്കില്‍ ഈ വിദ്യാര്‍ത്ഥിയെ ഒരു സ്വകാര്യ സംഭാഷണത്തിന് ക്ഷണിക്കുകയും താഴെ പറയും പ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്യുക: 
പൊതുവായ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് സംസാരം ആരംഭിക്കുക- " ഇന്നത്തെ ദിവസം എങ്ങനെയുണ്ട്?", " ഈ ദിവസങ്ങളില്‍ നീ ഒരല്‍പം അസ്വസ്ഥനായിരുന്നു, വേറെന്തോ ചിന്തയിലായിരുന്നു എന്നെനിക്ക് തോന്നി," തുടങ്ങിയ തരത്തിലുള്ള ചോദ്യങ്ങളാകുന്നതാണ് നല്ലത്.  
ആ വിദ്യാര്‍ത്ഥിയെ എന്തെങ്കിലുമായി മുദ്രകുത്തുന്നതില്‍ നിന്ന് അകന്നു നില്‍ക്കുക, പ്രത്യേകിച്ച് രോഗനിര്‍ണയം നടത്തിയ മട്ടിലുള്ള വാക്കുകള്‍ ഉപയോഗിക്കാതിരിക്കുക (ഉദാ. നീ കുറച്ച് ഡിപ്രെസ്സ്ഡായി കാണുന്നു- എന്നിങ്ങനെയുള്ള വാക്കുകള്‍). 
കേള്‍ക്കുക. ഈ വിദ്യാര്‍ത്ഥി നിങ്ങളുമായി എന്തെങ്കിലും വിവരങ്ങള്‍ പങ്കുവെയ്ക്കുന്നു എങ്കില്‍ അത് വളരേ രഹസ്യസ്വഭാവത്തോടെ കൈകാര്യം ചെയ്യുക. നിങ്ങളുടെ കോളേജിന്‍റെ നയം  ഈ വിവരങ്ങള്‍ കൗണ്‍സിലറോടോ ഉന്നതാധികാരികളോടോ പങ്കുവെയ്ക്കണം എന്നാണെങ്കില്‍, എന്തുകൊണ്ട്, ആരോട്,  എങ്ങനെ ഈ വിവരങ്ങള്‍ പങ്കുവെയ്ക്കും എന്ന കാര്യം വിദ്യാര്‍ത്ഥിയോട് വിശദമാക്കുക. വിദ്യാര്‍ത്ഥിയെ കുറ്റപ്പെടുത്തുകയോ വിധിക്കുകയോ ചെയ്യുന്നത് ഒഴിവാക്കുക. 
ചില കേസുകളില്‍ വിദ്യാര്‍ത്ഥി നിഷേധാത്മക നിലപാട് സ്വീകരിക്കുകയോ നിങ്ങളോട് കാര്യങ്ങളെല്ലാം തുറന്നു പറയാതിരിക്കുകയോ ചെയ്തേക്കാം. അത്തരം സാഹചര്യങ്ങളില്‍ അവരെ ഒറ്റയ്ക്ക് വിടുകയും വീണ്ടും സമീപിക്കുന്നതിന് മുമ്പ് ഏതാനും ആഴ്ചകള്‍ അവരെ നിശബ്ദമായി നിരീക്ഷിക്കുകയും ചെയ്യുക. ഓര്‍ക്കുക, ഒരു വിദ്യാര്‍ത്ഥിയെ നിര്‍ബന്ധിച്ചോ ഭീഷണിപ്പെടുത്തിയോ അയാളുടെ പ്രശ്നങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. ഇവിടെ സ്വീകരിക്കാവുന്ന ഏറ്റവും നല്ല നീക്കമെന്നത് രണ്ടു തവണ  ശ്രമിക്കുക, രണ്ടാം തവണയും പരാജയപ്പെടുന്നു എങ്കില്‍ കാര്യം കാമ്പസ് കൗണ്‍സിലറുടെ ശ്രദ്ധയില്‍ പെടുത്തുക, ഏറ്റവും ഉചിതമായ സമീപനം സ്വീകരിക്കുന്നതിന് അവരെ അനുവദിക്കുക എന്നതാണ്. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org