എനിക്ക് വല്ലാത്ത അസ്ഥിരതയും ശുണ്ഠിയും തോന്നുന്നു - അത് എന്‍റെ ഹോർമോണുകൾ മൂലം ആയിരിക്കുമോ?

ഒരു സ്ത്രീയുടെ മ്ലാനത നമ്മൾ മിയ്ക്കപ്പോഴും ബന്ധപ്പെടുത്താറുള്ളത് അവളുടെ ആർത്തവപൂര്‍വ്വ ശാരീരിക-വൈകാരിക ലക്ഷണങ്ങളോടോ (PMS, Premenstrual Syndrome) അല്ലെങ്കില്‍ ഹോർമോണുകളോടോ (അന്തർഗ്രന്ഥി സ്രാവങ്ങളോടോ) ആണ്. എങ്ങനെയാണ് ഹോർമോണുകൾ നമ്മുടെ വികാരങ്ങളെ ബാധിക്കുക എന്നതു സംബന്ധിച്ചു മനസ്സിലാക്കുന്നതിനുള്ള ഒരു ശീഘ്ര വഴികാട്ടി ഇതാ ഇവിടെ.

മനോഭാവ ചാഞ്ചാട്ടങ്ങൾ (Mood swings), വേഗം കോപം വരിക, അസ്ഥിരത - സ്ത്രീകളിലുള്ള ഈ പെരുമാറ്റങ്ങൾ സാംസ്‌കാരികമായി തന്നെ ഹോർമോണിലോ (അന്തർഗ്രന്ഥി സ്രാവം) അഥവാ ആർത്തവാരംഭത്തിനു ഒന്നോ രണ്ടോ ആഴ്ച്ചകൾക്കു മുമ്പു സംഭവിക്കാറുള്ള ശാരീരികവും വൈകാരികവും ആയ ലക്ഷണങ്ങളിലോ (PMS) ആണ് സാധാരണയായി ചുമത്തപ്പെട്ടിട്ടുള്ളത്. അന്തർഗ്രന്ഥി സ്രാവങ്ങൾ (ഹോർമോണുകൾ) നമ്മുടെ പെരുമാറ്റങ്ങളിൽ പ്രഭാവം ചെലുത്തുന്നുണ്ട് എന്നും അവ നമ്മെ കൂടുതൽ വികാരാധീനരാക്കുന്നുണ്ട് എന്നും നമ്മൾ മനസ്സിലാക്കിയിട്ടുണ്ട് - പക്ഷേ എന്താണ് അവ തമ്മിലുള്ള ബന്ധം? നമ്മുടെ വൈകാരിക സൗഖ്യം നമ്മുടെ ശരീരത്തിലുള്ള ഹോർമോണുകളുമായി ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെയാണ്?

എന്താണ് ഹോർമോണുകൾ?

അവയവങ്ങളുടെ ധർമ്മവും ആരോഗ്യവും നിയന്ത്രിക്കുന്നതിനായി മസ്തിഷ്‌കത്തിൽ നിന്നും അവയ്ക്കുള്ള സന്ദേശങ്ങൾ വഹിച്ചുകൊണ്ടു പോകുന്ന രാസപദാർത്ഥങ്ങളാണ് ഹോർമോണുകൾ (Hormones). വ്യത്യസ്ത അവയവങ്ങളുടെ കോശങ്ങൾ പ്രവർത്തിക്കേണ്ടതായ വിധത്തിൽ പ്രവർത്തിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുന്നതിനു വേണ്ടിയുള്ള ശരീരത്തിന്‍റെ സംവിധാനങ്ങളാണ് അവ. അടിസ്ഥാനപരമായ മനുഷ്യശരീര പ്രവർത്തനങ്ങളും (ഭക്ഷണം കഴിക്കൽ, ഉറക്കം തുടങ്ങിയവ), സങ്കീർണ്ണങ്ങളായ പ്രവർത്തനങ്ങളും (ലൈംഗിക ആഗ്രഹവും പുനരുത്പാദനവും), കൂടാതെ നമ്മുടെ വികാരങ്ങളും മനോഭാവങ്ങളും നിയന്ത്രിക്കുന്നത് ഹോര്‍മോണുകള്‍ (Hormones) ആണ്.  

ഹോർമോണുകൾ എവിടെ നിന്നാണ് വരുന്നത്?

ഹോർമോണുകൾ (Hormones) നിർമ്മിക്കുന്നത് അന്തർസ്രാവി ഗ്രന്ഥി സംവിധാനത്തിൽ (Endocrine system) ഉള്ള ഗ്രന്ഥികൾ (Glands) ആണ്. എൻഡോക്രൈൻ സംവിധാനത്തിൽ അനേകം തരത്തിലുള്ള ഗ്രന്ഥികൾ ഉൾക്കൊണ്ടിട്ടുണ്ട്, അതിൽ ഓരോന്നിനും പ്രത്യേക ശ്രദ്ധാകേന്ദ്രവും ഉണ്ട്. ഉദാഹരണത്തിന്, വളർച്ചയ്ക്കുള്ള ഹോർമോണുകൾ പുറത്തു വിടുന്നത് ശ്ലേഷ്മ ഗ്രന്ഥി (Pituitary gland) ആണ്; ആഗ്നേയ ഗ്രന്ഥി (Pancreas gland) രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുന്ന ഇൻസുലിൻ ഉത്പാദിപ്പിക്കുന്നു; അണ്ഡാശയങ്ങളും (Ovaries) പുംബീജഗ്രന്ഥികളും (Testes)  യഥാക്രമം സ്ത്രീ - പുരുഷ ലൈംഗിക ഹോർമോണുകൾ പുറത്തു വിടുന്നു. ഓരോ ഗ്രന്ഥിയും ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു, പിന്നീട് അവ രക്തത്തിലൂടെ ശരീരത്തിലേക്ക് എത്തിക്കുന്നു. 

പക്ഷേ എന്‍റെ വികാരങ്ങളില്‍ ഹോർമോണുകൾക്ക് എന്താണ്കാര്യം?

സ്ത്രീകൾക്ക് തങ്ങളുടെ പുഷ്‌ക്കലത്വവും ആർത്തവ ചക്രവും നിയന്ത്രിക്കുന്ന രണ്ടു പ്രധാന പുനരുത്പാദന ഹോർമോണുകൾ ഉണ്ട്: ഈസ്ട്രജൻ, പ്രജസ്റ്ററോൺ എന്നിവ. ഇതു കൂടാതെ നമ്മുടെ ശരീരങ്ങളുടെ വ്യത്യസ്ത രാസപ്രവർത്തനങ്ങൾ ക്രമീകരിക്കുന്ന മറ്റ് അനേകം ഹോർമോണുകളും ഉണ്ട്. ഒന്നോ അതിലധികമോ ഹോർമോണുകൾ അധികം സമയം പണിയെടുക്കുമ്പോൾ (ചില പുനരുത്പാദന ജീവിതഘട്ടങ്ങളിൽ അവ ചെയ്യാറുള്ളതു പോലെ) മറ്റു ഹോർമോണുകളില്‍ ചിലവയുടെ - നമ്മുടെ വികാരങ്ങൾ ക്രമീകരിക്കുന്ന സെറടോണിൻ, എൻഡോര്‍ഫിൻ തുടങ്ങിയ ഹോർമോണുകൾ - ഉത്പാദനം കുറച്ചു കൊണ്ട് മസ്തിഷ്‌കം ഈ അവസ്ഥയ്ക്ക് പരിഹാരം ചെയ്‌തെന്നു വരാം.

ഈ പുനരുത്പാദന ജീവിതഘട്ടങ്ങൾ നമ്മുടെ ജീവിതത്തിൽ പുതിയ ക്ലേശകാരകങ്ങൾ പ്രവേശിക്കുന്ന ഘട്ടങ്ങൾ കൂടിയാണ്. ഋതുവാകുന്ന സമയത്ത്, സമാനരായ ആളുകളിൽ നിന്നും ഉണ്ടാകുന്ന അമിത സമ്മർദ്ദം, സ്വന്തം ലൈംഗികതയെ കുറിച്ച് ആശയക്കുഴപ്പം എന്നിവ വെല്ലുവിളികളായി മാറുന്നു; മാതൃത്വ കാലത്ത്, അത് കുഞ്ഞിനെ കുറിച്ചുള്ള ഉത്കണ്ഠ, തൊഴിലും സ്വന്തം ചുമതലകളും ഒന്നിച്ചു കൊണ്ടു പോകുന്നതിനെ കുറിച്ചുള്ള ആധി എന്നിവ ആവാം. ഒരാളുടെ ജീവിത ചുറ്റുപാടില്‍, ഹോർമോൺ വ്യതിയാനങ്ങളുടേയും ക്ലേശകാരകങ്ങളുടേയും സംയുക്തം, മാനസിക രോഗത്തിന് അവൾ അടിപ്പെടുന്നത്ര വരെ അവളുടെ വികാരങ്ങളുടെ മേൽ ഉള്ള നിയന്ത്രണം നഷ്ടപ്പെടുത്തുന്നതു മൂലം അവൾ വൈകാരികമായി അസ്വസ്ഥയായെന്നും വരാം. 

കൗമാരപ്രായക്കാർ എന്തുകൊണ്ടാണ് വിഷണ്ണരും ചിന്താമൂകരും പെട്ടെന്നുള്ള ഉള്‍പ്രേരണകള്‍ പ്രകാരം പ്രവർത്തിക്കുന്നവരും ആകുന്നത്?

ഋതുവാകുമ്പോൾ, ശ്ലേഷ്മ ഗ്രന്ഥി (Pituitary gland) ഈസ്ട്രജൻ ഹോർമോണുകൾ ഉത്പാദിപ്പിച്ചു തുടങ്ങും. ഋതുവാകുമ്പോള്‍ ഹോർമോൺ അളവിലുള്ള വ്യതിയാനങ്ങൾ പെൺകുട്ടിയിൽ ചിന്താകുലതയോ അല്ലെങ്കിൽ ഒരു ഉത്സാഹക്കുറവുള്ള മനോഭാവമോ സൃഷ്ടിച്ചു എന്നു വരാം. ഋതുവാകുന്ന സമയത്തും മസ്തിഷ്‌കം വികാസം പ്രാപിച്ചു കൊണ്ടേ ഇരിക്കുകയാണ്; ഇതിന്‍റെ അർത്ഥം തങ്ങളുടെ പെട്ടെന്നുണ്ടാകുന്ന ഉൾപ്രേരണകളുടെ മേൽ കൗമാരക്കാർക്ക് യാതൊരു നിയന്ത്രണവും ഉണ്ടാകുന്നില്ല എന്നതാണ്. ഇതും, ഇതിനൊപ്പം തന്നെ ഋതുവാകുന്ന സമയത്ത് സംഭവിക്കുന്ന ഹോർമോൺ വ്യതിയാനങ്ങളും മൂലം, ഒരു കൗമാരക്കാരിക്ക് മാനസിക പിരിമുറുക്കം അനുഭവപ്പെടാം. 

ഈ അവസ്ഥയിൽ, മറ്റു ഘടകങ്ങൾക്ക് ഒപ്പം ഹോർമോണുകളും കൂടി ചേർന്ന്, ചെറുപ്പക്കാരായ സ്ത്രീകൾക്ക് തങ്ങളുടെ നിലവിലുള്ള മാനസിക പിരിമുറുക്കങ്ങൾ വർദ്ധിപ്പിക്കുന്നതിന് ഇടയാക്കുന്നു. ഇതിൽ താഴെ പറയുന്നവ ഉൾപ്പെട്ടിരിക്കുന്നു:

  • ആർത്തവം എന്ന ആശയത്തോട് സമരസപ്പെടുന്നതിന് ഉള്ള ബുദ്ധിമുട്ട്
  • ആർത്തവ ചക്രത്തിലുള്ള ചാഞ്ചാട്ടങ്ങൾ: വയറ്റിൽ കൊളുത്തി വലിക്കുന്ന വേദനയുള്ള ആർത്തവം (dysmenorrhea) ഉള്ള ചെറുപ്പക്കാരികളായ സ്ത്രീകൾക്ക് തങ്ങളുടെ ആർത്തവകാലം കൂടുതൽ മാനസിക പിരിമുറുക്കം ഉള്ളതായി അനുഭവപ്പെടുന്നു. 
  • മാറിടങ്ങളുടെ വളർച്ച, മുഖക്കുരു, ശരീരത്തിലെ രോമവളർച്ച, ഭാരക്കൂടുതൽ അല്ലെങ്കിൽ കുറവ് തുടങ്ങിയവ മൂലമുള്ള ശരീര പ്രതിച്ഛായാ (Body image) പ്രശ്‌നങ്ങൾ
  • തങ്ങളുടെ ലൈംഗികതയെ കുറിച്ചും, എതിർലിംഗത്തിൽ പെട്ടവരോടോ (സ്വന്തം ലിംഗത്തിൽ പെട്ടവരോടോ) അനുഭവപ്പെടുന്ന ആകർഷണം; ബന്ധങ്ങൾ വളരെ അധികം വിലക്കപ്പെട്ടതാണ് എന്നു കേട്ടു വളരുന്ന സന്ദേശങ്ങൾ, അല്ലെങ്കിൽ തങ്ങളുടെ മാതാപിതാക്കൾ കാൽപ്പനിക ബന്ധങ്ങൾ അനുവദിക്കായ്ക എന്നിവയോട് ഏറ്റുമുട്ടുന്ന തരത്തിലുള്ളത് ആവാം ഇത്. 

എന്‍റെ ആർത്തവത്തിനു തൊട്ടു മുമ്പായി എനിക്കു സ്ഥിരതയില്ലായ്മ അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ്? അത് ആർത്തവ പൂർവ്വ ശാരീരിക-വൈകാരിക ലക്ഷണങ്ങൾ (PMS, Premenstrual Syndrome) ആണോ?  

ഋതുവാകുമ്പോൾ മുതൽ ആർത്തവ വിരാമം വരെ ഒരു സ്ത്രീയുടെ ഹോർമോണുകൾ ആണ് അവളുടെ ആർത്തവ ചക്രത്തെ നിയന്ത്രിക്കുന്നത്. ഒരു ചക്രത്തിന്‍റെ ഇടയക്ക്, മൂന്നു ഹോർമോണുകൾ - ഈസ്ട്രജൻ, പ്രജസ്റ്ററോൺ, ടെസ്‌റ്റോസ്‌റ്റെറോൺ - ഒരു സവിശേഷ ക്രമത്തിൽ ഉയരുകയും താഴുകയും ചെയ്യുന്നു. ആദ്യത്തെ രണ്ട് ആഴ്ച്ചകളിൽ, നിങ്ങളുടെ മനോഭാവവും ഊർജ്ജവും ഉയർത്തിക്കൊണ്ട്, ഈസ്ട്രജൻ അളവ് ഉയരുന്നു. രണ്ടാമത്തെ ആഴ്ച്ചയിൽ,  ടെസ്‌റ്റോസ്‌റ്റെറോൺ അളവ് ഉയരാൻ തുടങ്ങുന്നു. ഉയർന്ന ഈസ്ട്രജൻ അളവിന്‍റേയും ടെസ്‌റ്റോസ്‌റ്റെറോൺ അളവിന്‍റേയും സംയുക്തത്തിന് ഒരു നല്ല മനോഭാവത്തിലേക്കും സജീവമായ ലൈംഗിക തൃഷ്ണയിലേക്കും നയിക്കാൻ കഴിയും; മൂന്നാമത്തെ ആഴ്ച്ചയിൽ, പ്രജസ്റ്ററോൺ അളവ് ഉയരുന്നു (ഈസ്ട്രജൻ അളവ് താഴുമ്പോൾ), ഇത് ഒരു അലസ മനോഭാവത്തിലേക്കു നയിച്ചേക്കാം; ചില സ്ത്രീകൾക്ക് ഈ കാലത്ത് വൈകാരികമായ ഉണർവ്വില്ലായ്മയും അനുഭവപ്പെട്ടേക്കാം. നാലാമത്തെ ആഴ്ച്ച ഈസ്ട്രജൻ അളവ് താഴുന്നു; ഇത്  ശരീര വേദന, ക്ഷോഭം, മ്ലാനത എന്നിവയിലേക്ക് നയിച്ചേക്കാം. ഇതിനിടെ പ്രജസ്റ്ററോൺ അളവും താഴുകയാണ്, അതിനാൽ ചില സ്ത്രീകൾക്ക് കൂടുതൽ ഊർജ്ജ്വസ്വലത അനുഭവപ്പെട്ടെന്നും വരാം.  

ആർത്തവ പൂർവ്വ ശാരീരിക-വൈകാരിക ലക്ഷണങ്ങൾ (PMS, Premenstrual Syndrome) എന്നത് സ്ത്രികൾ തങ്ങളുടെ ആർത്തവ സമയത്തോട് അടുക്കുമ്പോൾ അനുഭവപ്പെടുന്ന ലക്ഷണങ്ങളുടെ ഒരു സംയുക്തമാണ്. 

പലേ സ്ത്രീകൾക്കും ഈ കാലത്ത് തളർച്ച അനുഭവപ്പെടുകയോ, ശുണ്ഠി തോന്നുകയോ, അസ്വസ്ഥത  തോന്നുകയോ ചെയ്‌തെന്നു വരാം. അവർക്ക് മാനസിക പിരിമുറുക്കങ്ങളോടുള്ള സഹിഷ്ണുത കുറയും, അതല്ലെങ്കിൽ സാധാരണഗതിയിലുള്ള തങ്ങളുടെ പ്രതികരണങ്ങളേക്കാൾ കൂടതൽ ശക്തമായി ഈ കാലത്ത് പ്രതികരിച്ചുവെന്നും വരാം. അവരുടെ ആർത്തവം തുടങ്ങുന്നതോടെ ഈ അസ്വസ്ഥത കുറഞ്ഞു തുടങ്ങുന്നു. മിയക്ക സ്ത്രീകളും തങ്ങളുടെ പിഎംഎസ് കൈകാര്യം ചെയ്യുന്നതിനായി, സ്വയം തങ്ങളുടേതായ നേരിടൽ രീതി - വിശ്രമത്തിലൂടെയോ, ആഹാരക്രമത്തിലൂടെയോ ആഹാരത്തിലൂടെയോ - വികസിപ്പിക്കുന്നു.

ഒരു ചെറിയ ശതമാനം സ്ത്രീകൾക്ക് പ്രീമെൻസ്ട്രുൽ ഡിസ്‌ഫോറിക് തകരാർ (Premenstrual Dysphoric Disorder, PMDD, ആർത്തവ പൂർവ്വ അസന്തുഷ്ടി/അതൃപ്തി തകരാർ) അനുഭവപ്പെടാറുണ്ട്. പിഎംഡിഡി ഉള്ള ഒരു സ്ത്രീയ്ക്ക് ആർത്തവത്തിനു മുമ്പുള്ള ദിവസങ്ങളിൽ വിഷാദ ലക്ഷണങ്ങൾ അനുഭവപ്പെട്ടു എന്നു വരാം:

  • അസ്വസ്ഥതകളിൽ  നിന്ന് ഉത്ഭവിക്കുന്ന ഉൽക്കട വ്യഥ (Distress)
  • കഠിനമായ വിഷാദമോ ഉത്കണ്ഠയോ കരച്ചിൽ വേളകളോ അനുഭവിക്കുക
  • വികാരങ്ങളെ അഭിമുഖീകരിക്കുന്നതിനു കഴിവില്ലാതാകുക
  • തീവ്രമായ ശരീര വേദനകൾ 
  • ചില സ്ത്രീകൾക്ക് ആത്മഹത്യാ ചിന്തകൾ ഉളവായെന്നും വരാം.

പിഎംഡിഡി ഒരു ചെറിയ ശതമാനം സ്ത്രീകളെ മാത്രമേ ബാധിക്കാറുള്ളു. നിങ്ങൾ സാധാരണഗതിയിൽ ചെയ്യുന്ന കാര്യങ്ങൾ (ജോലിക്കു പോകുക, യോഗങ്ങളിൽ പങ്കെടുക്കുക, പ്രത്യേക ചുമതലകൾ ഏറ്റെടുക്കുക മുതലായവ) ചെയ്യാതിരിക്കുന്നതിനു തീരുമാനിച്ചുകൊണ്ട്, നിങ്ങളുടെ ആർത്തവ പൂർവ്വ ഉൽക്കട വ്യഥ അഭിമുഖീകരിക്കുന്നതിനു നിങ്ങൾ ശ്രമിക്കുകയാണ് എന്നു നിങ്ങൾക്കു തോന്നുന്നു എങ്കിൽ നിങ്ങളുടെ അവസ്ഥയെ പറ്റി നിങ്ങളുടെ ഗൈനക്കോളജിസ്റ്റിനോട് സംസാരിക്കണം. ഏതാനും മാസങ്ങളിലേക്ക് നിങ്ങൾ ഒരു മനോഭാവ പട്ടിക (mood chart) സൂക്ഷിക്കുവാനും അതിൽ നിങ്ങളുടെ ദിവസേനയുള്ള മനോഭാവവും ഒപ്പം നിങ്ങളുടെ ആർത്തവ ചക്ര ദിവസങ്ങളിലെ മനോഭാവവും രേഖപ്പെടുത്തുവാനും അവര്‍  ആവശ്യപ്പെട്ടേക്കും. ആർത്തവവുമായി ബന്ധപ്പെട്ടതാണോ നിങ്ങളുടെ മനോഭാവ ചാഞ്ചാട്ടങ്ങൾ എന്ന് അന്വേഷിക്കുന്നതിനും സഹായം തേടുന്നതിനും ഇതു നിങ്ങളെ സഹായിക്കും. 

എന്തുകൊണ്ടാണ് ഗർഭാവസ്ഥയിൽ ചില സ്ത്രീകൾ് ദീപ്തമായും മറ്റു ചില സ്ത്രീകൾ മ്ലാനരും ചിന്താവിഷ്ടരും ആയി കാണപ്പെടുന്നത്?

ഗർഭകാലത്ത് ഈസ്ട്രജൻ, പ്രജസ്റ്ററോൺ എന്നീ ഹോർമോണുകളുടെ ഉത്പാദനം വർദ്ധിക്കുന്നു. ഒരു സത്രീയുടെ ജീവിതത്തിൽ അന്നോളം ഏതു കാലത്തും സംഭവിച്ചിട്ടുള്ളതിനേക്കാൾ കൂടുതൽ ഹോർമോൺ വ്യതിയാനങ്ങൾ സംഭവിക്കുന്ന ആദ്യത്തെ അവസരമായിരിക്കും ഇത്. ജനിക്കാത്ത ശിശുവിന്‍റെ ആരോഗ്യം ഉറപ്പാക്കുന്നതിനായി പോഷകഗുണമുള്ള ആഹാരം ഭ്രൂണത്തിന് എത്തിക്കുന്നതിന് ഈസ്ട്രജൻ ഗർഭപാത്രത്തേയും (uterus) മറുപിള്ളയേയും (placenta) സഹായിക്കുന്നു. അവസാനത്തെ മൂന്നു മാസക്കാലം പാൽ കുഴലുകൾ വികസിക്കുന്നതിനും ഈസ്ട്രജൻ സഹായിക്കുന്നു. എങ്കിലും ഗർഭകാലത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഈസ്ട്രജന്‍റെ അളവ് ഒരു സ്ത്രീ ഗർഭവതിയല്ലാത്തപ്പോൾ ശരീരം ഉത്പാദിപ്പിക്കുന്ന ഈസ്ട്രജന്‍റെ അളവിനേക്കാൾ വളരെ കൂടതൽ ആയിരിക്കും. ഇത് മനംപിരട്ടല്‍ അനുഭവപ്പെടുന്നതിലേക്ക് നയിച്ചെന്നു വരാം 

വർദ്ധിച്ച അളവിൽ പ്രജസ്റ്ററോണും ഉണ്ടാകും - ഈ ഹോർമോൺ, കാലുകളേയും സന്ധിബന്ധങ്ങളേയും അയച്ചു വിടുന്നു, മൂന്നു ത്രൈമാസ കാലയളവിലൂടെ ശിശു വളർന്നു വരുന്നതിന് അനുസരിച്ച് ഗർഭപാത്രം വികസിച്ചു വരുന്നതിനും സഹായിക്കുന്നു.

മറ്റു ഹോർമോണുകളും ഇതിൽ ഭാഗഭാക്കാകുന്നുണ്ട്. ശരീരത്തിനെ മുലയൂട്ടുന്നതിന് പ്രൊലാക്ടിൻ (Prolactin) പ്രാപ്തമാക്കുന്നു, ഓക്‌സിറ്റോസിൻ (Oxytocin) പ്രസവസമയത്തെ സങ്കോചങ്ങൾ ഉത്തേജിപ്പിക്കുന്നു. 

ഈ കാലത്ത് മിയ്ക്കവാറും ഹോർമോണുകളും സംരക്ഷണം നൽകുന്നു; അമ്മയുടേയും ശിശുവിന്‍റേയും സൗഖ്യം ഉറപ്പിക്കുന്നതിനായി അവ പ്രവർത്തിക്കുന്നു. പക്ഷേ അകമേയ്ക്കും പുറമേയ്ക്കും ഉള്ള ക്ലേശകാരകങ്ങൾ ഉൽക്കട വ്യഥയ്ക്ക് കാരണമായേക്കാം:

  • ശിശുവിന്‍റെ ആരോഗ്യം സംബന്ധിച്ച് അമ്മയുടെ ആകാംക്ഷ
  • ശരീരപ്രതിച്ഛായാ (Body image) പ്രശ്‌നങ്ങൾ
  • പ്രസവസമയത്തെ കഠിനാദ്ധ്വാനം സംബന്ധിച്ചുള്ള ഭീതി (Fear)
  • ബന്ധത്തിലോ അഥവാ കുടുംബത്തിലോ നിലവിൽ ഉള്ള പ്രശ്‌നങ്ങൾ
  • ഔദ്യോഗികജീവിതവും മാതൃത്വവും സമീകരിപ്പിക്കുന്നതിനെ കുറിച്ചുള്ള ആകുലത
  • സാമ്പത്തിക സംബന്ധമായ ആകുലതകൾ
  • ഒരു ആൺ ശിശുവിനു വേണ്ടി കുടുംബത്തിൽ നിന്നുള്ള സമ്മർദ്ദം

ഹോർമോണുകളുടെ വ്യതിയാനങ്ങൾ മൂലം ഒരു സ്ത്രീ കൂടുതൽ മുൻകോപവും മ്ലാനതയും പ്രദർശിപ്പിച്ചു എന്നു വരാം. ഇത് അപൂർവ്വമോ അസാധാരണമോ അല്ല. ഉറക്കം അലട്ടൽ മൂലം അവൾ പതിവിലും കൂടുതൽ മറവിക്കാരിയും വികാരാധീനയും ആയിരിക്കുകയും ചെയ്തേക്കാം. 

എന്തുകൊണ്ടാണ് പുതിയ അമ്മമാർ എപ്പോഴും ക്ഷീണിതരും ഉറക്കമില്ലാത്തവരും ആയിരിക്കുന്നത്?

ഗർഭത്തിന്‍റെ അവസാന കാലങ്ങളിൽ, ശരീരത്തിൽ ഒരു വലിയ അളവ് ഈസ്ട്രജൻ, പ്രജസ്റ്ററോൺ ഹോർമോണുകൾ ഉണ്ടാകും. ഒരു ശിശു ജനിച്ചു കഴിഞ്ഞാൽ, ഈ ഹോർമോണുകളുടെ അളവ് ഗുരുതരമായി താഴുന്നു. ഈ സമയത്ത് ഉയർന്നു വരുന്ന ഹോർമോണുകൾ (അമ്മയുടേയും കുഞ്ഞിന്‍റേയും ഇടയിലുള്ള അടുപ്പം പ്രോത്സാഹിപ്പിക്കുന്ന ഓക്‌സിറ്റോസിൻ) ശിശുവിന്‍റെ പരിചരണം സജ്ജമാക്കുന്നു. ഈ അവസരത്തില്‍ സ്ത്രീയും തന്‍റെ മാതൃത്വവുമായി വ്യവസ്ഥപ്പെടുന്നതിനു വേണ്ടി അദ്ധ്വാനിക്കുന്ന അവസ്ഥയിൽ ആയിരിക്കുന്നതിന് സാദ്ധ്യതയുണ്ട്; ആവശ്യത്തിനുള്ള ഉറക്കവും ആഹാരവും ലഭിക്കുന്നത് ബുദ്ധിമുട്ടാണ് എന്നും മനസ്സിലാക്കുന്നു. ഇത് മാതാവിന് അങ്ങേയറ്റം കരുതൽ ഇല്ലാത്ത അവസ്ഥ ഉണ്ടാക്കുന്നു; ഇതുകൊണ്ടാണ് ജനനശേഷമുള്ള മാനസിക തളർച്ച (baby blues) വളരെ സാധാരണായി ഭവിക്കുന്നത്. ചില സ്ത്രീകൾക്ക് ശിശുവിന്‍റെ ജനനശേഷം ആറ് ആഴ്ച്ചക്കാലം വരെ വിഷാദം ബാധിക്കാറുണ്ട്.  

ഈ കാലത്ത് ചില അനുപമമായ ക്ലേശകാരകങ്ങളുടെ സാന്നിദ്ധ്യവും ഉണ്ടാകാം:

  • ശിശുവിനെ വേണ്ട വിധത്തിൽ പരിചരിക്കാൻ കഴിയുമോ എന്ന്തിനെ പറ്റിയുള്ള അമ്മയുടെ ആകാംക്ഷ
  • കുടുംബത്തിൽ ഉള്ള സംഘർഷങ്ങളും ശിശുവിന്‍റെ ലിംഗം, വലിപ്പം, നിറം എന്നിവ സംബന്ധിച്ചും അമ്മയുടെ നേർക്കുള്ള വിമർശനം
  • ശിശുവിനെ പരിചരിക്കുന്നതിൽ കുടുംബത്തിൽ നിന്നുള്ള പിന്തുണയുടെ അഭാവം
  • വൈകാരിക പിന്തുണയുടെ അഭാവം
  • അമ്മ തളർന്നിരിക്കുകയോ വൈകാരികമായി താണ അവസ്ഥയിലോ ആയിരിക്കുമ്പോൾ പോലും മാതൃത്വത്തിന്‍റെ ആഹ്ലാദം കൊണ്ട് ഉജ്ജ്വലമായി കാണപ്പെടുന്നതിനുള്ള സമ്മർദ്ദം

അവൾ ചിന്താമൂകയാണ്, അത് തീർച്ചയായും ആർത്തവ വിരാമം ആയിരിക്കണം....

മിയ്ക്കവാറും സ്ത്രീകൾക്ക് ആർത്തവ വിരാമം സംഭവിക്കുന്നത് അവരുടെ നാൽപ്പതുകളുടെ മദ്ധ്യത്തിലും അവസാനത്തിലും ആയിരിക്കും. ആർത്തവ വിരാമ കാലത്ത്, ശരീരത്തിലുള്ള ഈസ്ട്രജൻ അളവുകൾ താഴാൻ തുടങ്ങും, അണ്ഡാശയങ്ങൾ പ്രവർത്തനം നിറുത്തും. ചില ഗവേഷണങ്ങൾ അഭിപ്രായപ്പെടുന്നത് ഈസ്ട്രജൻ ഓർമ്മശക്തിയുടെ തോതിനെ ബാധിച്ചേക്കാം എന്നാണ്. ആർത്തവ വിരാമ കാലത്തു സംഭവിക്കുന്ന വ്യതിയാനങ്ങൾ സ്ത്രീകളിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതിനു കാരണമായേക്കാം: ഉറക്കം തടസ്സപ്പെടൽ, ക്ഷോഭിക്കൽ, മനോഭാവ ചാഞ്ചാട്ടങ്ങൾ, ഓർമ്മ നഷ്ടം, ശ്രദ്ധിക്കുന്നതിൽ ഉള്ള പ്രയാസം.

സ്ത്രീകൾ വിവിധതരത്തിലുള്ള ക്ലേശകാരകങ്ങൾ അഭിമുഖീകരിക്കുന്ന കാലമാണ് ആർത്തവ വിരാമ കാലം. ആർത്തവ വിരാമം അനുഭവിക്കുന്ന ഒരു സ്ത്രീ മാതാപിതാക്കളുടെ അല്ലെങ്കിൽ പങ്കാളിയുടെ നഷ്ടം തുടങ്ങിയ പ്രബലമായ  മറ്റു ജീവിത മാറ്റങ്ങൾ കൂടി ചിലപ്പോള്‍ അനുഭവിക്കുന്നുണ്ടാകാം; അവരുടെ മക്കൾ വീട്ടിൽ നിന്നു പോകുവാൻ തയ്യാറെടുക്കുകയും ആയിരിക്കും. പുഷ്‌ക്കലത്വം നഷ്ടപ്പെടുന്നത് ഒരു സ്ത്രീയ്ക്ക് ഉൽക്കട വ്യഥ ഉണ്ടാക്കുന്നു എന്നു വരാം, അവൾക്ക് മുമ്പേ തന്ന മക്കൾ ഉണ്ടെങ്കിൽ കൂടി. തീവ്രമായ ഹോർമോൺ അളവ് കുറയൽ അനുഭവിക്കുന്ന സ്ത്രീകൾ വിഷാദത്തിനോ ഉത്കണ്ഠയക്കോ എളുപ്പത്തിൽ വശംവദരായെന്നും വരാം. 

ഞാൻ അറിയേണ്ടതായ മറ്റ് ഏതെങ്കിലും ഹോർമോണുകള്‍ ഉണ്ടോ?

തൈറോയ്ഡ്

എല്ലാ അവയവങ്ങളും വേണ്ട വിധത്തിൽ പ്രവർത്തിക്കുന്നുണ്ട് എന്ന് ഈ ഹോർമോൺ ഉറപ്പാക്കുന്നു, ശരീരത്തിന്‍റെ ആഹാരം, ഊർജ്ജം ആക്കി പരിണമിപ്പിക്കുന്നു. പ്രവർത്തനം കുറഞ്ഞ തൈറോയ്ഡ് ഗ്രന്ഥി എന്നതിന്‍റെ അർത്ഥം ശരീരത്തിന്‍റെ പ്രക്രിയകൾ പ്രവർത്തിക്കേണ്ട വേഗത്തിൽ അല്ലാതെ അവ മെല്ലെ പ്രവർത്തിക്കുന്നു എന്നാണ്; ഇത് ആ വ്യക്തി അലസതയും കാര്യവിമുഖത്വവും ചുറുചുറുക്കില്ലായ്മയും വൈകാരികമായി താഴ്ന്ന നിലയും അനുഭവിക്കുന്നതിനു കാരണമായി ഭവിച്ചേക്കാം. തൈറോയ്ഡ് ന്‍റെ കുറവ് അളവുകൾ (ഹൈപ്പോതൈറോയിഡിസം) ഉള്ള വ്യക്തികൾ ഉത്സാഹക്കുറവുള്ള മനോഭാവത്തിനും വിഷാദത്തിനും അടിപ്പെട്ടെന്നും വരാം. 

തൈറോയിഡ് കണക്കിലേറെ സജീവമാകുമ്പോൾ ആ വ്യക്തി വികാരവിവശതയും മുൻകോപവും അസ്വസ്ഥതയും പ്രകടിപ്പിച്ചേക്കാം, ഉയർന്ന ഹൃദയമിടിപ്പു തോത് ഉണ്ടാകാം, ശരീരഭാരം വളരെ എളുപ്പത്തിൽ കുറയുകയും ചെയ്‌തെന്നും വരാം. അങ്ങനെയുള്ള വ്യക്തികൾ ഉത്കണ്ഠാ തകരാറിന് എളുപ്പത്തിൽ വശംവദരാകുന്നതിനും സാദ്ധ്യതയുണ്ട്.

കോർട്ടിസോൾ

ഈ ഹോർമോൺ മനക്ലേശ ഹോർമോൺ എന്നും അറിയപ്പെടുന്നുണ്ട്. കോർട്ടിസോളിന് അനേകം ചുമതലകൾ ഉണ്ട്: ജീവവസ്തുവിന്‍റെ  ശരീരപോഷണം ക്രമീകരിച്ച് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ഗർഭകാലത്ത്, ഭ്രൂണത്തിന്‍റെ വളർച്ചയെ സഹായിക്കുന്നു. ഉയർന്ന കോർട്ടിസോൾ അളവുകൾ ഭീമമായ ശരീര ഭാരവർദ്ധനവ്, അധികരിച്ച രക്തസമ്മർദ്ദം, എന്നിവയ്ക്കു കാരണമായി ഭവിക്കാം. താഴ്ന്ന കോർട്ടിസോൾ അളവുകൾ ഉള്ള വ്യക്തി മനോഭാവ ചാഞ്ചാട്ടങ്ങൾ അനുഭവിക്കുന്നു എന്നും വരാം. 

ഓക്‌സിറ്റോസിൻ 

ഇത് സ്‌നേഹ ഹോർമോൺ അഥവാ ആലിംഗന ഹോർമോൺ എന്നും അറിയപ്പെടുന്നു. പ്രസവാദ്ധ്വാനത്തിനും പാൽ ചുരത്തലിനും പ്രോത്സാഹനം നൽകുന്നതു കൂടാതെ, ഇത് അമ്മയക്കും ശിശുവിനും ഇടയിലുള്ള അടുപ്പം ഉണ്ടാകുന്നതിനും സഹായകമാകുന്നു. അത് സാമൂഹിക പാരസ്പര്യവും ലൈംഗിക ഉത്തേജനവും സൃഷ്ടിക്കുന്നു. ഓക്‌സിറ്റോസിന്‍റെ കുറഞ്ഞ അളവ്, വിഷാദ ലക്ഷണങ്ങളുമായി ബന്ധപ്പെട്ടതാണ് എന്നു വിശ്വസിക്കപ്പെടുന്നു. 

ബംഗളുരുവിലെ ഫോർട്ടിസ് ല ഫെം (Fortis La Femme) ആശുപത്രിയിലെ സീനിയർ കൺസൽറ്റന്‍റ് ആബ്സ്റ്റട്രിഷനും ഗൈനക്കോളജിസ്റ്റും ആയ ഡോ അരുണ മുരളീധർ, ബംഗളുരുവിലെ പെരിനേറ്റൽ സൈക്യാട്രിസ്റ്റ് ആയ ഡോ ആശ്ലേഷ ബഗാഡിയ എന്നിവർ പകര്‍ന്നു തന്ന വിവരങ്ങൾ കൂടി ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഈ ലേഖനം എഴുതിയിരിക്കുന്നത്. 

വിഷയാനുബന്ധം

http://www.hotzehwc.com/2015/05/6-ways-hormones-affect-your-mental-health/

http://www.news-medical.net/health/What-are-Hormones.aspx

http://www.webmd.com/menopause/features/your-brain-on-menopause#2

http://hormonehoroscope.com/the-female-hormone-cycle/

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org