എനിക്ക് ഒരു മാനസികപ്രശ്നമുണ്ട്

എനിക്ക് ഒരു മാനസികപ്രശ്നമുണ്ട്

സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ ഒന്നാണ് അമ്മയാകാനുള്ളത്. സ്ത്രീ എന്തെങ്കിലും മാനസിക രോഗം ഉള്ളവളാണെങ്കില്‍ അല്ലെങ്കില്‍ നേരത്തെ അസുഖം ഉണ്ടായിട്ടുണ്ടെങ്കില്‍ അത്തരത്തിലുള്ള ഒരു ചരിത്രമുണ്ടെങ്കില്‍ തീരുമാനത്തിന് കൂടുതല്‍ പ്രാധാന്യമുണ്ട്. ഈ അവസ്ഥയില്‍ ഒട്ടനവധി കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. അതിനാല്‍ ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട പദ്ധതി തയ്യാറാക്കുന്നതിനു മുമ്പ് മനോരോഗവിദഗ്ദ്ധനുമായി സംസാരിക്കേണ്ടത് ആവശ്യമാണ്. ജീവിതപങ്കാളിയോ അല്ലെങ്കില്‍ നിങ്ങളുമായി നല്ല അടുപ്പമുള്ള കുടുംബാംഗമോ കൂടി ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് നന്നായിരിക്കും. കാരണം ചര്‍ച്ചയില്‍ ഒരുപാട് വിവരങ്ങള്‍ അന്യോന്യം കൈമാറുന്നുണ്ടാകും. വേണ്ടപ്പെട്ട ഒരാള്‍ കൂടി ഇക്കാര്യങ്ങള്‍ മനോരോഗവിദഗ്ദ്ധനോട് സംസാരിക്കുന്നത് ഏതര്‍ത്ഥത്തിലും ഗുണകരമാണ്. താഴെ സൂചിപ്പിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ മനോരോഗവിദഗ്ദ്ധനുമായി സംസാരിക്കേണ്ടതുണ്ട്. 
  • നിങ്ങള്‍ നേരത്തെ മാനസികരോഗം വന്നിട്ടുള്ള വ്യക്തിയാണെങ്കില്‍, ഗര്‍ഭധാരണം ഈ അസുഖം വീണ്ടും ബാധിക്കാന്‍ കാരണമാകുമോ? ഗര്‍ഭധാരണം മാനസികാരോഗ്യത്തെ എങ്ങനെയാണു ബാധിക്കുക? നിങ്ങള്‍ നേരത്തെ മരുന്നുകള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് ഭ്രൂണത്തിനെ ബാധിക്കുമോ? 
  • ഇപ്പോഴും നിങ്ങള്‍ മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് ഗര്‍ഭസ്ഥശിശുവിനെ  എങ്ങനെ ബാധിക്കും? ഈ മരുന്നുകള്‍ കുഞ്ഞിനെ ഗൗരവമായി ബാധിക്കുമെങ്കില്‍, പകരം മറ്റെന്തെങ്കിലും മരുന്നുകള്‍ നിര്‍ദ്ദേശിക്കാനുണ്ടോ? മരുന്ന് നിര്‍ത്തുന്ന കാര്യത്തെക്കുറിച്ച് എന്തുപറയുന്നു? 
  • അമ്മ മരുന്നുകഴിക്കുന്നത് മുലയൂട്ടലിലെ എങ്ങനെ ബാധിക്കും?  കുട്ടിയുടെ സുസ്ഥിതിയെ ഇത് ബാധിക്കുമോ?
  • കുട്ടിയ്ക്കും ഇതേ രോഗം അല്ലെങ്കില്‍ സമാനസ്വഭാവമുള്ള മാനസികരോഗം ബാധിക്കുമോ?
  • പ്രസവാനന്തരം എന്തെങ്കിലും സങ്കീര്‍ണ്ണതകള്‍ ഉടലെടുക്കാന്‍ സാദ്ധ്യതയുണ്ടോ? എന്തുമുന്‍കരുതലുകളാണ് എടുക്കേണ്ടത്?
  • എന്തെല്ലാം കാര്യങ്ങളാണ് ഗൈനക്കോളജിസ്റ്റുമായി സംസാരിക്കാനുള്ളത്? 
ശരിയായി കൈകാര്യം ചെയ്യുകയാണെങ്കില്‍ മനോരോഗമുള്ള സ്ത്രീകള്‍ക്കും ഗര്‍ഭധാരണവും പ്രസവവും ശിശുപരിചരണവുമൊക്കെ സുഗമമായി നടത്തിക്കൊണ്ടുപോകാന്‍ കഴിയും. ഈ അവസ്ഥയിലുള്ള ഒരു സ്ത്രീ ഗര്‍ഭം ധരിക്കുന്നതിന്‍റെ അപകടസാദ്ധ്യതകളും അതേ സമയം ഗുണഫലങ്ങളും മനോരോഗവിദഗ്ദ്ധന്‍ വിലയിരുത്തേണ്ടതുണ്ട്. കാരണം കുറച്ചുകാലം നിങ്ങള്‍ അസുഖമില്ലാതെ ഇരുന്നാല്‍ പോലും മാനസികരോഗം എന്നത് 'ഹൈ റിസ്ക്ക്' ഉള്ള അഥവാ വലിയ അപകടസാദ്ധ്യതയുള്ള അസുഖം തന്നെയാണ്. ചിലപ്പോള്‍ മനോരോഗവിദഗ്ദ്ധന്‍ നിങ്ങളോട് കുറച്ചുകാലം കൂടി കാത്തിരുന്നതിനു ശേഷം മാത്രം ഗര്‍ഭധാരണത്തെക്കുറിച്ച് തീരുമാനം എടുക്കാം എന്നു പറഞ്ഞേക്കും. അടുത്ത കാലത്ത് നിങ്ങള്‍ക്ക് ഒരു മാനസികരോഗബാധ ഉണ്ടായതാകാം അതിനു കാരണം. അല്ലെങ്കില്‍ ഇത്തരം രോഗബാധകള്‍ തുടരെ ഉണ്ടാകാനുള്ള വാസന നിങ്ങളില്‍ കാണുന്നതു കൊണ്ടാകാം. ബൈ പോളാര്‍ ഡിസീസ്, സ്കിസോഫ്രീനിയ തുടങ്ങിയ ഓരോ മാനസിക രോഗത്തിനും അതിന്‍റെതായ കുറെ അപകടസാദ്ധ്യതകള്‍ ഉണ്ട്. അതിനാല്‍ ഒരു കുഞ്ഞിനെ പ്രസവിക്കണം എന്നു തീരുമാനിക്കുന്നതിനു മുമ്പ് കാര്യങ്ങള്‍ മനോരോഗവിദഗ്ദ്ധനുമായി വിശദമായി സംസാരിക്കേണ്ടത് വളരെ പ്രധാനമാണ്.
കെയര്‍ പ്ളാന്‍ അഥവാ പരിചരണപദ്ധതി
 നിങ്ങള്‍ എന്നെങ്കിലും മാനസികരോഗം ബാധിച്ചിട്ടുള്ള ആള്‍ ആണെങ്കില്‍, നിങ്ങള്‍ ഒരു കുട്ടിയെ ഗര്‍ഭം ധരിക്കാന്‍ ഉദ്ദേശിക്കുന്നു എങ്കില്‍ ഒരു പരിചരണപദ്ധതി തയ്യാറാക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളുടെ മനോരോഗവിദഗ്ദ്ധന്‍റെയും ഗൈനക്കോളജിസ്റ്റിന്‍റെയും ഒപ്പമിരുന്ന് ഈ പദ്ധതി തയ്യാറാക്കുകയാണ് ഉത്തമം. തുടരെയുള്ള കൂടിക്കാഴ്ചകള്‍ മുന്‍കൂട്ടി നിശ്ചയിച്ചുകൊണ്ട്, ഗര്‍ഭകാലത്തെ നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കാന്‍ ഈ പദ്ധതി ഡോക്റ്റര്‍മാരെ സഹായിക്കും. എന്തെല്ലാം ലക്ഷണങ്ങളാണ് ശ്രദ്ധിക്കേണ്ടത്, എന്തെങ്കിലും ലക്ഷണപ്പിശകു കണ്ടാല്‍ എന്തു ചെയ്യണം തുടങ്ങിയ കാര്യങ്ങള്‍ നിങ്ങളെയും നിങ്ങളുടെ പങ്കാളിയേയും അല്ലെങ്കില്‍ കുടുംബത്തേയും ഡോക്റ്റര്‍മാര്‍ ബോദ്ധ്യപ്പെടുത്തുകയും അടിയന്തരഘട്ടങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായ ഒരു പദ്ധതി തയ്യാറാക്കി തരുകയും ചെയ്യും. അടിയന്തരഘട്ടങ്ങളില്‍ ബന്ധപ്പെടുവാന്‍ നിങ്ങളുടെ കുടുംബത്തിലെ തന്നെ മറ്റൊരാളെ കൂടി തയ്യാറാക്കി വയ്ക്കലും ഈ പദ്ധതിയുടെ ഭാഗമാണ്. ചില ബുദ്ധിമുട്ടുകള്‍ മാറ്റി നിര്‍ത്തിയാല്‍, മാനസിക രോഗമുള്ള പല സ്ത്രീകള്‍ക്കും സുഖകരമായ ഗര്‍ഭകാലം ഉണ്ടാവുകയും അവര്‍ അമ്മയെന്ന നിലയില്‍ നല്ല പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും പ്രധാനം പെട്ടെന്ന് വിഷമിക്കുകയും പരിഭ്രമിക്കുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക എന്നതാണ്. അതിനു വേണ്ടതാകട്ടെ, കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കുകയും വേണ്ടത്ര തയ്യാറെടുപ്പു നടത്തുകയും ചെയ്യുക എന്നതു തന്നെ. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org