പരിചരിക്കലിന്‍റെ പ്രാധാന്യം

ഒരു സാധാരണ ജീവിതം നയിക്കാന്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ സഹായിക്കുന്നതില്‍ പരിചരിക്കുന്നവര്‍ വളരെ നിര്‍ണായകമായ ഒരു പങ്ക് വഹിക്കുന്നു.
സ്ഥിരമായതോ താല്‍ക്കാലികമോ ആയ ശാരീരികഅവശതകള്‍ മൂലം സാധാരണ  ദിനചര്യകള്‍ പോലും ചെയ്യാന്‍ നമുക്ക് കഴിയാതെ വരുമ്പോള്‍ നമ്മള്‍ നമ്മുടെ പ്രിയപ്പെട്ടവരുടെ സഹായത്തെ ആശ്രയിക്കുന്നു. നമുക്ക് സാധ്യമായ ഏറ്റവും മികച്ച രീതിയില്‍ നമ്മുടെ ജീവിതം നയിക്കുന്നതിന് അവരുടെ ശ്രദ്ധയും സഹായവും വളരെ പ്രധാനപ്പെട്ട കാര്യമായിത്തീരുന്നു. ആശുപത്രിയിലോ നേഴ്സിംഗ് ഹോമിലോ   ചികിത്സ സ്വീകരിച്ചതിന് ശേഷം പോലും  നമ്മുടെ പ്രിയപ്പെട്ടവരാല്‍ നമ്മള്‍ നമ്മുടെ വീട്ടില്‍ ശുശ്രൂഷിക്കപ്പെടുന്നു.
അതുപോലെതന്നെ, മാനസികാരോഗ്യ പ്രശ്നങ്ങളുള്ള പലരും സ്വതന്ത്രമായി ജീവിതം നയിക്കാവുന്ന ഒരു സ്ഥിതിയിലായിരിക്കില്ല. രോഗത്തിന്‍റേയും അതിന്‍റെ തീവ്രതയുടേയും അടിസ്ഥാനത്തില്‍ അവന്/അവള്‍ക്ക് ദൈനംദിന കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കണമെങ്കില്‍ പരസഹായം ആവശ്യമായി വരും.മിക്കവാറും പേരുടെ കാര്യത്തില്‍ ഈ ശ്രദ്ധയും പരിചരണവും രോഗിയുടെ കുടുംബത്തില്‍ നിന്നാണ് ഉണ്ടാകുന്നത്. അവരാണ് 'പരിചരിക്കുന്നവര്‍' (കെയര്‍ഗീവേഴ്സ്)- കൂലി വാങ്ങാതെ, വീട്ടിലെ മാനസിക രോഗമുള്ള വ്യക്തിക്ക് സൗജന്യ സേവനം നല്‍കുകയും അതിലൂടെ അവരെ ഒരു സാധാരണ ജിവിതം നയിക്കാന്‍ സഹായിക്കുകയും ചെയ്യുന്നവര്‍.
മിക്കവാറും തന്നെ ഈ ശുശ്രൂഷകര്‍- മാതാപിതാക്കള്‍, സഹോദരങ്ങള്‍, ജീവിതപങ്കാളി അല്ലെങ്കില്‍ ചിലപ്പോള്‍ സുഹൃത്തുക്കള്‍ തുടങ്ങിയ അടുത്ത കുടുംബാംഗങ്ങളായിരിക്കും. ഇന്ത്യയില്‍ പരിചരിക്കല്‍ ഒരു തൊഴിലായി സ്വീകരിച്ചിരിക്കുന്നവരുടെ സേവനം  ലഭ്യമാകാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും മാനസിക രോഗമുള്ളവരെ പരിചരിക്കുന്ന കാര്യത്തില്‍ കുടുംബാംഗം തന്നെയാണിപ്പോഴും നിര്‍ണായകമായ പങ്ക് വഹിക്കുന്നത്. 
പരിചരിക്കല്‍ എത്രമാത്രം വേണ്ടിവരുമെന്നതും അതിന്‍റെ  സ്വഭാവമെന്തായിരിക്കുമെന്നതും മാനസികാരോഗ്യ പ്രശ്നമുള്ള വ്യക്തിയുടെ അവസ്ഥയെ ആശ്രയിച്ചാണിരിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ടയാളുടെ ആധിയും സങ്കടവും ക്ഷമയോടെ കേള്‍ക്കുന്നതു മുതല്‍ അവരുടെ ശാരീരികവും വൈകാരികവുമായ ആവശ്യങ്ങള്‍ പരിഗണിക്കുന്നതു വരെ പരിചരിക്കുന്നവര്‍ തങ്ങളെ സ്വയം പല നിലയില്‍ ഉള്‍പ്പെട്ടിരിക്കുന്നവരായി കണ്ടേക്കും. കുടുംബാംഗങ്ങള്‍ രോഗിയെ പരിചരിക്കുന്ന കാര്യത്തില്‍ വ്യത്യസ്തമായ പങ്ക് വഹിക്കുന്നു. ചിലര്‍ ആ വ്യക്തിയുടെ ശാരീരികമായ ആവശ്യങ്ങള്‍ പരിഹരിക്കുമ്പോള്‍ ചിലര്‍ സാമ്പത്തികമായ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. അതുപോലെ തന്നെ ശക്തമായ വൈകാരിക പിന്തുണ കൊടുക്കുന്നതില്‍ ശ്രദ്ധവെയ്ക്കാന്‍ കഴിയുന്ന കുടുംബാംഗങ്ങളും ഉണ്ടാകും.ചിലപ്പോഴൊക്കെ തങ്ങളുടെ പ്രിയപ്പെട്ടവരെ നന്നായി പരിചരിക്കുന്നതിനായി പരിചരിക്കുന്നവര്‍ ചില കാര്യങ്ങള്‍ പഠിക്കേണ്ട ആവശ്യവും ഉണ്ട്.
പരിചരിക്കുന്നവരുടെ സേവനങ്ങള്‍ മാനസികാരോഗ്യ പ്രശ്നങ്ങളുള്ള വ്യക്തിയുടെ ദുരിതം പരിഹരിക്കുകയോ ലഘൂകരിക്കുകയോ മാത്രമല്ല, അവര്‍ സാധ്യമായത്ര ഒരു സാധാരണ ജീവിതം നയിക്കുന്നു എന്ന് ഉറപ്പാക്കുക കൂടിയാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ പരിചരിക്കുന്നവര്‍ നമ്മുടെ   സാമൂഹിക ഘടനയ്ക്ക് സാമ്പത്തികവും സാമൂഹികവുമായ ഒരു സംതുലനം കൊടുക്കുന്നതില്‍ അത്യധികം നിര്‍ണാകമായ ഒരു പങ്കാണ് വഹിക്കുന്നത്. നമ്മുടെ സമ്പദ്ഘടയിലേക്കുള്ള അവരുടെ സംഘടിതമായ സംഭാവന വളരെ മഹത്വപൂര്‍ണമായതാണ്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, ഈ പരിചരിക്കുന്നവരുടെ ജീവിതമെന്നത് സംഘര്‍ഷവും, അധ്വാനവും  കടുത്ത വെല്ലുവിളികളും അവയെ നേരിടുന്നതിനുള്ള പോരാട്ടവുമെല്ലാം നിറഞ്ഞതാണ്. അതുകൊണ്ടുതന്നെ ഒരു ശുശ്രൂഷകന്‍റെ അല്ലെങ്കില്‍ പരിചാരകന്‍റെ കര്‍ത്തവ്യം നന്നായി നിര്‍വഹിക്കുകയും അത്രയ്ക്കൊന്നും പിന്തുണയ്ക്കാത്ത ഒരു സാമൂഹിക സാഹചര്യത്തില്‍ ജീവിക്കുകയും ചെയ്യുന്നതിന് അവര്‍ക്ക് ശാരീരികവും വൈകാരികവുമായ ശേഷികള്‍ ഉണ്ടായിരിക്കണം.
മിക്കവാറും പേരുടെ കാര്യത്തില്‍, പരിചരിക്കുന്നവര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് മതിയായ ശുശ്രൂഷ ലഭ്യമാക്കുന്നതിന് മാത്രമല്ല, സ്വയം ഒരു നല്ല ജീവിത നിലവാരം പുലര്‍ത്തുന്നതിനുമുള്ള ശേഷി കൈവരിക്കുന്നതിന് ധാരാളം വൈദ്യ, വൈകാരിക, ചികിത്സാ സഹായവും പിന്തുണയും മറ്റും  വേണ്ടി വരും.
നമ്മുടെ ജീവിതത്തില്‍, മിക്കവാറും പേര്‍ക്ക് ഒരു ശുശ്രൂഷകന്‍ അഥവാ പരിചാരകന്‍ ആകേണ്ട അവസരം ഉണ്ടാകാറുണ്ട്. ഈ വിഭാഗത്തില്‍ ഞങ്ങള്‍ പരിചരിക്കുന്നവരുടെ ജീവിതാനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കുന്നതിനായി അവരുടെ ലോകത്തിലേക്ക് ആഴത്തില്‍ കടന്ന് തിരയുകയാണ്. ഇതിലൂടെ ഒരു പരിചാരകന്‍/പരിചാരകയായി തങ്ങളുടെ ജീവിതം ജീവിക്കുന്നവര്‍ക്കായി വിവരങ്ങളുടേയും വിഭവങ്ങളുടേയും പ്രശ്ന പരിഹാര മാര്‍ഗങ്ങളുടേയും സമ്പന്നമായ ഒരു കലവറ തുറന്നുവെയ്ക്കുക മാത്രമല്ല, അതോടൊപ്പം തന്നെ പരിചരണം നല്‍കുന്നവര്‍  നമ്മുടെ സമൂഹത്തിന് നല്‍കിക്കൊണ്ടിരിക്കുന്ന അതിപ്രധാനവും നിര്‍ണായകവുമായ സംഭാവനകളോട് താദാത്മ്യം പ്രാപിക്കുകയും അവയെ ബഹുമാനിക്കുകയും വിലമതിക്കുകയും ചെയ്യുന്നതിന് മറ്റുള്ളവരെ സഹായിക്കുക കൂടിയാണ് ഞങ്ങള്‍ ചെയ്യുന്നത്.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org