പരിചരിക്കുന്നവരുടെ മാനസിക പിരിമുറുക്കങ്ങള്‍ : പരിചരിക്കുന്നവര്‍ സ്വയം സംരക്ഷിക്കുക

കടുത്ത മനോരോഗമുള്ള പ്രിയപ്പെട്ടവരെ പരിചരിക്കുക എന്നത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായേക്കാം, പക്ഷെ അതിനിടയില്‍ സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം കൂടി സംരക്ഷിക്കണം എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്.
എന്താണ് പരിചരിക്കുന്നവരുടെ മാനസിക  പിരിമുറുക്കം? 
കടുത്ത മാനസിക തകരാറുളള അല്ലെങ്കില്‍  മാനസിക രോഗമുള്ള ഒരാളെ പരിചരിക്കുക എന്നത് വിവിധ കാരണങ്ങള്‍ കൊണ്ട് പരിചരിക്കുന്നയാള്‍ക്ക് വലിയ വെല്ലുവിളിയായേക്കും. തങ്ങളുടെ പ്രിയപ്പെട്ടയാള്‍ക്ക് മാനസിക രോഗമുണ്ടെന്ന് നിര്‍ണയിക്കപ്പെടുകയും അവര്‍ക്ക് കുറേ നാളത്തേക്ക്  പഴയതുപോലെ പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ടാകില്ലെന്ന് അറിയുകയും  അംഗീകരിക്കേണ്ടി വരികയും ചെയ്യുന്നത് ്, ഈ വ്യക്തിയെ പരിചരിക്കുമ്പോള്‍ ഉയര്‍ന്നു വരുന്ന തീവ്രമായ മനോവികാരങ്ങള്‍, പരിചരിക്കലും വീട്ടുകാര്യങ്ങളും ജോലിയും മറ്റും ഒരുമിച്ച് കൊണ്ടുപോകുന്ന കാര്യത്തില്‍ ഉണ്ടാകുന്ന പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ വെല്ലുവിളയുയര്‍ത്തുന്നവയുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. അതിനോടൊപ്പം മാനസിക രോഗത്തെ ചുറ്റി  നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന അപമാനം ചിലപ്പോഴൊക്കെ പരിചരിക്കുന്നവര്‍ക്ക് തങ്ങളുടെ കര്‍ത്തവ്യം കൂടുതല്‍ ബുദ്ധിമുട്ടുള്ളതാക്കുന്നു.
'പരിചരിക്കുന്നവരുടെ മാനസിക പിരിമുറുക്കം' എന്നതുകൊണ്ട് പരിചരിക്കുന്നയാള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരുടെ രോഗം മൂലം ഉണ്ടാകുന്ന മാനസിക സംഘര്‍ഷം അല്ലെങ്കില്‍ പരിചരിക്കുക എന്ന കര്‍ത്തവ്യം ഉണ്ടാക്കുന്ന ആയാസം എന്നൊക്കെയാണ് അര്‍ത്ഥമാക്കുന്നത്. 
പരിചരിക്കുന്നയാളുടെ ക്ലേശം 
മാനസിക രോഗമുള്ള ഒരാളെ പരിചരിക്കാന്‍ തുടങ്ങുമ്പോള്‍ പരിചരിക്കുന്നയാള്‍ക്ക് ഉണ്ടാകുന്ന ദുരിതത്തേയും ജീവിത ശൈലിയില്‍ വേണ്ടി വരുന്ന മാറ്റം വരുത്തലുകളെ അല്ലെങ്കില്‍ വിട്ടുവീഴ്ചകളേയും ആണ് പരിചരിക്കുന്നയാളുടെ ക്ലേശം എന്നതുകൊണ്ട് മാനസികാരോഗ്യ വിദഗ്ധര്‍ അര്‍ത്ഥമാക്കുന്നത്. ഈ വിട്ടുവീഴ്ചകള്‍ അല്ലെങ്കില്‍ മാറ്റം വരുത്തലുകള്‍ പ്രായോഗികമായതായിരിക്കാം: പരിചരിക്കുക എന്ന കര്‍ത്തവ്യം നന്നായി ചെയ്യുന്നതിനായി അവര്‍ക്ക് ഏറെ കാര്യങ്ങള്‍ ചെയ്യേണ്ടി വരുന്നു, തൊഴില്‍ പരമായ കാര്യങ്ങള്‍ (ജോലിയില്‍ കാര്യമായ മാറ്റം വരുത്തേണ്ടി വരുക, മുഴുവന്‍ സമയവും രോഗിയെ പരിചരിക്കേണ്ട അവസ്ഥയാണെങ്കില്‍ ജോലി ഉപേക്ഷിക്കേണ്ടി വരിക),  സാമ്പത്തികമായ കാര്യങ്ങള്‍ ( വരുമാനം കുറയുകയും ചെലവ് കൂടുകയും ചെയ്യുന്നത് കൈകാര്യം ചെയ്യുക), സാമൂഹ്യമായ കാര്യങ്ങള്‍ ( മാനസിക രോഗവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അപമാനം മൂലം കുടുംബക്കാരും കൂട്ടുകാരുമായി സ്വതന്ത്രമായി ഇടപഴകാനാകാതെ വരിക) എന്നിവ ഇതില്‍ വരുന്നു. 
വിഷമം തോന്നിപ്പിക്കുന്ന ലക്ഷണങ്ങളോട്  കൂടിയ അവസ്ഥ
ചിത്തഭ്രമം അല്ലെങ്കില്‍ സ്കിസോഫ്രീനിയ പോലെയുള്ള കടുത്ത മനോരോഗമുള്ള മിക്കവാറും പേര്‍ രണ്ടു തരത്തിലുള്ള ലക്ഷണങ്ങളാണ് പ്രകടിപ്പിക്കാറ്: 
  • പ്രത്യക്ഷ ലക്ഷണങ്ങള്‍- വിഭ്രാന്തി, മിഥ്യാബോധം, ക്രമരഹിതമായ സംസാരം, വിചിത്രമായ പെരുമാറ്റം.
  • പരോക്ഷ ലക്ഷണങ്ങള്‍-  മിക്കവാറും എല്ലാവരിലും കാണപ്പെടുന്ന ഗുണങ്ങളും പ്രവണതകളും, എന്നാല്‍ ചില പ്രത്യേക തരം മാനസിക തകരാറുള്ളവരില്‍ കാണപ്പെടാത്തതുമായ കാര്യങ്ങള്‍- സ്വയം സരക്ഷിക്കാനുള്ള കഴിവ്, ചുറ്റുമുള്ള മറ്റുള്ള ആളുകളുമായി ഇടപെടുന്നതിനുള്ള ശേഷി, ഓരോരോ സമയത്ത് തങ്ങള്‍ക്ക് അനുഭവപ്പെടുന്ന മനോവികാരം മുഖഭാവത്തിലൂടേയോ ശബ്ദത്തിന്‍റെ ഏറ്റക്കുറച്ചിലിലൂടേയോ  പ്രകടിപ്പിക്കുന്നതിനുള്ള കഴിവ് തുടങ്ങിയവ. ചില ആളുകള്‍ക്ക് അവര്‍ക്കുള്ള തകരാറുമൂലം ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് പരിമിതിയുണ്ടാകുന്നു. ഉദാഹരണത്തിന്- സ്കിസോഫ്രീനിയ ഉള്ള ഒരാള്‍ വ്യക്തി ശുചിത്വം പാലിച്ചേക്കില്ല (ശുചിത്വക്കുറവും സ്വയം പരിചരിക്കലും), മറ്റുള്ളവരുമായി ഇടപെടാതിരിക്കാന്‍ ഇഷ്ടപ്പെടല്‍ ( സാമൂഹ്യമായ പിന്‍വലിയല്‍) വളരെ താല്‍പര്യമുള്ള കാര്യങ്ങള്‍ സംസാരിക്കുമ്പോഴും മുഖഭാവം താല്‍പര്യമില്ലാത്തതുപോലെയോ അല്ലെങ്കില്‍ നിര്‍വികാരമായോ ഇരിക്കുക. 
പരിചരിക്കുന്നവരുടെ അറിവിലേക്കായി മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നത്, പരോക്ഷ ലക്ഷണങ്ങള്‍  പ്രത്യക്ഷലക്ഷണങ്ങളേക്കാള്‍ കൂടുതല്‍ ദുരിതം ഉണ്ടാക്കും എന്നാണ്. ഇത് പൊതുവില്‍ രണ്ട് കാരണങ്ങള്‍ മൂലമാണ്: ഒന്നാമത്തേത്,  കൊടുക്കുന്ന മരുന്നുകള്‍ രോഗിയുടെ പ്രത്യക്ഷ ലക്ഷണങ്ങള്‍ നിയന്ത്രിക്കുക എന്ന ലക്ഷ്യം വെച്ചുള്ളതായിരിക്കും. രണ്ടാമത്തേത്- ഏറ്റവും പ്രധാനപ്പെട്ടത്- പരോക്ഷലക്ഷണങ്ങള്‍ ഈ വ്യക്തിയെ മാനസിക സ്ഥിരതയില്ലാത്തയാളായി വേര്‍തിരിച്ച് നിര്‍ത്തിയേക്കാമെന്ന് പരിചിക്കുവര്‍ ഉത്കണ്ഠപ്പെടുന്നു.  
പരോക്ഷ ലക്ഷണങ്ങള്‍ കൂടുതല്‍ ഗുരുതരമായ പ്രശ്നമായി അനുഭവപ്പെട്ടേക്കാം, കാരണം അവ ആ വ്യക്തിയുടെ സാധാരണ ജീവിത  പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പല ശേഷികളേയും  തടസപ്പെടുത്തിയേക്കും, മാനസിക രോഗമുള്ള വ്യക്തിക്ക് ചുറ്റുമുള്ള ആളുകള്‍ക്ക് ഈ ലക്ഷണങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുകയും അവര്‍ അവയെ വിചിത്രമോ അസാധാരണമോ ആയ പെരുമാറ്റമായി കരുതുകയും ചെയ്യും.
മാനസികാരോഗ്യ പ്രശ്നങ്ങളുള്ള ചില വ്യക്തികള്‍ തന്‍റെ കുടുംബത്തിനും പരിചരിക്കുന്നവര്‍ക്കും മേല്‍ സംശയം വെച്ചു പുലര്‍ത്തുന്നവരായിരിക്കും. ഇതും പരിചരിക്കുന്നവര്‍ക്ക് മാനസിക പിരിമുറുക്കും ഉണ്ടാക്കുന്ന ഒരു വലിയ കാരണമാണ്, അവര്‍ അവരുടെ പ്രിയപ്പെട്ടവരുടെ മാനസിക രോഗത്തെക്കുറിച്ച് തുറന്നു പറയാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ പ്രത്യേകിച്ചും. ഇത് തിരിച്ചറിയപ്പെടുമോ അല്ലെങ്കില്‍ കണ്ടെത്തപ്പെടുമോ എന്ന ഭയം  കൂട്ടുകാരും, അയല്‍ക്കാരും, കുടുംബവും സമൂഹവുമൊക്കെയായി നല്ല ബന്ധങ്ങള്‍  ഇല്ലാതാകുന്നതിലേക്ക് നയിച്ചേക്കും. തന്‍റെ വികാരങ്ങളും താന്‍ നേരിടുന്ന വെല്ലുവിളികളും തനിക്കു ചുറ്റുമുള്ള ആളുകളോട് പങ്കുവെയ്ക്കാന്‍ കഴിയാതെ വരുന്നതുകൊണ്ട് പരിചരിക്കുന്നവര്‍ക്ക് സ്വയം അടിച്ചേല്‍പ്പിക്കുന്ന ഒരു ഒറ്റപ്പെടല്‍ അനുഭവപ്പെട്ടേക്കാം.
സ്കിസോഫ്രീനിയ പോലുള്ള ചില മാനസിക തകരാറുകള്‍ ഉള്ള വ്യക്തികള്‍ക്ക് വിഭ്രാന്തി, അല്ലെങ്കില്‍ മിഥ്യാബോധം അനുഭവപ്പെട്ടേക്കാം. പരിചരിക്കുന്നയാള്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതായി അവര്‍ക്ക് തോന്നിയേക്കാം. അവര്‍ ഈ മിഥ്യകളോട് അല്ലെങ്കില്‍ മായക്കാഴ്ചകളോട് ദേഷ്യപ്പെടുകയോ പൊട്ടിച്ചിരിക്കുകയോ  ചെയ്തേക്കാം. ഇത് രോഗിയും പരിചരിക്കുന്നയാളും തമ്മില്‍ ഒരു തെറ്റിദ്ധാരണയിലേക്ക് അല്ലെങ്കില്‍ അവിശ്വാസത്തിലേക്ക് നയിച്ചേക്കാം.
ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കുന്നവര്‍ക്ക് സ്ഥകാല ബോധം നഷ്ടപ്പെടുകയും അവര്‍ സ്വന്തം ലോകത്തേക്ക് പിന്‍വലിയുകയും എന്തെങ്കിലും ചേഷ്ടകള്‍ കാണിക്കുകയും സ്വയം സംസാരിക്കുകയും  ചെയ്തേക്കാം. പരിചരിക്കുന്നവര്‍ക്ക് ഇത് മനസിലാക്കാനോ കൈകാര്യം ചെയ്യാനോ ബുദ്ധിമുട്ടായി തോന്നിയേക്കാം, പ്രത്യേകിച്ച് സാമൂഹ്യമായ ചുറ്റുപാടുകളില്‍. വിഭ്രാന്തി, അല്ലെങ്കില്‍ മിഥ്യാബോധം ഉളളവര്‍ക്ക് ചിലപ്പോള്‍ ദേഷ്യം വരുകയും ചുറ്റുമുള്ളവരെ പീഡിപ്പിക്കുകയും പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ അക്രമാസക്തരാകുകയും ചെയ്തേക്കാം. ഈ പെരുമാറ്റങ്ങള്‍ പലപ്പോഴും ഉചിതമായതോ സാമൂഹ്യമായി സ്വീകാര്യമായതോ ആയ പെരുമാറ്റത്തില്‍ നിന്നും ചെറിയ വ്യത്യാസമുള്ളതായി കാണപ്പെട്ടേക്കാം. നിര്‍ഭാഗ്യവശാല്‍, പരിചരിക്കുന്നവരില്‍ ഭൂരിപക്ഷവും ഒരു മാസികാരോഗ്യ വിദഗ്ധനെ സമീപിക്കുന്നതിനായി മാനസിക ആരോഗ്യത്തെക്കുറിച്ചുള്ള അറിവു കുറവ് മൂലം  ഈ പെരുമാറ്റങ്ങള്‍ വളരെ ശക്തിപ്പെടുന്നത് വരെ അല്ലെങ്കില്‍ വളരെ വിചിത്രമാകുന്നതുവരെ കാത്തിരിക്കുന്നു. മനോരോഗ ചികിത്സകര്‍ പറയുന്നത്  മാനസിക രോഗമുള്ള ഒരു വ്യക്തിയെ എത്ര നേരത്തേ മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുവരുന്നുവോ അത്രയും കൂടുതല്‍ അയാള്‍ ചികിത്സയ്ക്ക് ശേഷം സ്വതന്ത്രവും സജീവുമായ ഒരു ജീവിതം നയിക്കാനുള്ള സാധ്യത വര്‍ദ്ധിക്കും എന്നാണ്. വൈകിയുള്ള രോഗനിര്‍ണയം പരിചരിക്കുന്നവര്‍ക്ക് മാനസിക പിരിമുറുക്കം ഉണ്ടാക്കുന്ന ചില പെരുമാറ്റങ്ങള്‍ വളരുന്നതിന് ഇടയാക്കുകയും അത് പരിചരിക്കുന്നയാളെ നിരാശയിലേക്കും ദുരിതക്കയത്തിലേക്കും നയിക്കുകയും ചെയ്തേക്കും. 
അപമാനം മൂലം ഉണ്ടാകുന്ന മാനസിക  പിരിമുറുക്കം
പലപ്പോഴും, മാനസിക രോഗത്തെ ചുറ്റി നില്‍ക്കുന്ന അപമാനം മൂലം രോഗിയുടെ പെരുമാറ്റം അല്ലെങ്കില്‍ രോഗലക്ഷണങ്ങള്‍ മൂലം ഉണ്ടാകുന്ന മാനസിക പിരിമുറുക്കം സഹിക്കാന്‍ പ്രയാസമുള്ള തരത്തിലാകും. രാജേഷിന്‍റെ കാര്യം ഉദാഹരണമായെടുക്കുക, അയാള്‍ക്ക്  മനോവിഭ്രാന്തിയോട് കൂടിയ സ്കിസോഫ്രീനിയയാണ്.
രാജേഷ് തങ്ങളെ എപ്പോഴും സംശയിക്കുന്നതിനാല്‍ അയാളുടെ കാര്യങ്ങള്‍ നോക്കുക എന്നത് മാതാപിതാക്കള്‍ക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.അപമാന ഭീതി മൂലം ഈ രോഗവിവരം ബന്ധുക്കളില്‍ നിന്നും കൂട്ടുകാരില്‍ നിന്നും ഒളിച്ചു വെയ്ക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. അയല്‍ക്കാര്‍  ഈ രോഗത്തേക്കുറിച്ച് അറിയാതിരിക്കുന്നതിനായി അവര്‍ അയല്‍ക്കാരെയും ബന്ധുക്കളേയും ഒഴിവാക്കാന്‍ തുടങ്ങി,  രാജേഷിന് ഈ രോഗത്തിന്‍റെ ലക്ഷണങ്ങള്‍ ശക്തമായി പ്രകടമാകുന്ന ഘട്ടങ്ങളില്‍ പ്രത്യേകിച്ചും. രാജേഷിന്‍റെ പെരുമാറ്റത്തിലെ മാറ്റത്തെക്കുറിച്ചും ആരോഗ്യത്തേക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വരുന്നതിനെ അവര്‍ ഭയപ്പെട്ടു. ഈ  വക പേടികളും വേലലാതികളുമെല്ലാം രാജേഷിന്‍റെ മാതാപിതാക്കളെ വലിയ മാനസിക പിരിമുറുക്കത്തിലേക്ക് നയിച്ചു. അവര്‍ക്ക് രാജേഷിന്‍റെ രോഗംമൂലം  ഉണ്ടായിട്ടുള്ള മാറ്റങ്ങളെ സാമൂഹികമായ പിന്തുണയില്ലാതെ തന്നെ കൈകാര്യം ചെയ്യുകയും വേണമായിരുന്നു. 
ഈ സംഭവ കഥ രോഗികളുമായുള്ള സമ്പര്‍ക്കത്തിലൂടേയും രോഗലക്ഷണങ്ങള്‍ നിരീക്ഷിക്കുന്നതിലൂടേയും മാനസികാരോഗ്യ വിദഗ്ധര്‍ കണ്ടെത്തിയ വിവരങ്ങളുടെ സഹായത്തോടെ തയ്യാറാക്കിയിട്ടുള്ളതാണ്.
പരിചാരകര്‍ക്ക് മാനസിക പിരിമുറുക്കം  ഉണ്ടാക്കുന്ന മറ്റ് കാര്യങ്ങള്‍
മാനസിക രോഗമുള്ള ഒരാളെ പരിചരിക്കുന്നയാള്‍ക്ക് ചിലപ്പോള്‍ തന്‍റെ ജീവിതത്തില്‍ കടുത്ത ചില മാറ്റങ്ങള്‍ വരുത്തേണ്ടതായി വരും- ജോലി ഉപേക്ഷിക്കുകയും ജീവിത ശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്യേണ്ടി വരും."മുമ്പ്, കൂട്ടുടുംബങ്ങളായിരുന്നപ്പോള്‍ പരിചരിക്കുന്നവര്‍ക്ക് കൂടുതല്‍ സഹായം കിട്ടിയിരുന്നു. ഇപ്പോള്‍, കുടുംബങ്ങള്‍ ചെറുതായിരിക്കുന്നു, എല്ലാവരും ജോലി ചെയ്യുന്നു, അതിനാല്‍ മറ്റുള്ളവരുടെ സഹായം കിട്ടാതായിരിക്കുന്നു." നിംഹാന്‍സിലെ സൈക്യാട്രി പ്രൊഫസര്‍ ഡോ. സന്തോഷ്  കെ. ചതുര്‍വേദി പറയുന്നു.
ഈ മാനസിക പിരിമുറുക്കം പരിചരിക്കുന്നവരെ ജീവിത ശൈലിയിലെ തകരാറുകള്‍ മൂലം ഉണ്ടാകുന്ന  പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ഇത്തത്തിലുള്ള മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായി വരുന്ന അവസ്ഥയിലേക്ക് നയിക്കുന്നു. 
മനോവികാരങ്ങളിലൂടെ ദുരിതം പ്രകടിപ്പിക്കല്‍
പ്രകടിപ്പിക്കപ്പെടുന്ന മനോവികാരങ്ങള്‍ മാനസിക രോഗമുള്ള ഒരു വ്യക്തിയുടെ രോഗമുക്തിയില്‍ ഗണ്യമായ ഒരു പങ്ക് വഹിക്കുന്നുണ്ട്. പലപ്പോഴും പരിചരിക്കുന്നവര്‍ അവരുടെ ദുരിതങ്ങള്‍ ഭാവ പ്രകടനങ്ങളുടെ രൂപത്തില്‍ അവതരിപ്പിക്കാറുണ്ട്. പരിചരിക്കുന്നവര്‍ - ബോധപൂര്‍വ്വമോ അല്ലാതെയോ - പ്രതികൂലമായ വികാരങ്ങള്‍, വിമര്‍ശനം, അല്ലെങ്കില്‍ വിദ്വേഷം പ്രകടിപ്പിച്ചേക്കാം. പരിചരിക്കുന്നയാളുടെ സമീപനം രോഗത്തേയും രോഗചികിത്സയുടെ അനന്തര ഫലത്തേയുമെല്ലാം സ്വാധീനിക്കുന്നു. വളരെ വൈകാരികമായി  ഉത്തേജിതമാകുന്ന ചില സാഹചര്യങ്ങളും പരിചാരകരുടെ മാനസിക പിരിമുറുക്കം വര്‍ദ്ധിപ്പിക്കാറുണ്ട്.  മനോവികാര പ്രകടനം രോഗമുക്തിയില്‍ വളരെ നിര്‍ണായകമായ പങ്കാണ് വഹിക്കുന്നത്. വിദഗ്ധര്‍ പറയുന്നത് സ്കിസോഫ്രീനിയ പോലുള്ള ചില തകരാറുകളില്‍ പരിചരിക്കുന്നവരുടെ പ്രതികൂല മനോഭാവവും രോഗം തിരിച്ചു വരുന്നതിന്‍റെ എണ്ണവും തമ്മില്‍ ഒരു നേരിട്ടുള്ള പരസ്പര ബന്ധമുണ്ടെന്നാണ്.സ്കിസോഫ്രീനിയയുള്ള ഒരു വ്യക്തി വിദ്വേഷം നിറഞ്ഞ ഒരു സാഹചര്യത്തില്‍ ജീവിക്കുമ്പോള്‍ ആയാളുടെ രോഗം കൂടുതല്‍ കാലം നീണ്ടു നില്‍ക്കുന്നതാകുകയും അവര്‍ക്ക് ഇത് നിയന്ത്രിക്കുന്നതിനായി കൂടുതല്‍ മരുന്നുകഴിക്കേണ്ടതായി വരികയും ചെയ്യും.
പരിചരിക്കുന്നവരുടെ മാനസിക പിരിമുറക്കം അകറ്റാന്‍ സഹായം തേടല്‍ 
നിങ്ങള്‍ മാനസിക രോഗമുള്ള ഒരു വ്യക്തിയെ ദീര്‍ഘനാളായി പരിചരിക്കുന്നയാളാണെങ്കില്‍ പരിചാരകര്‍ക്കുണ്ടാകുന്ന ദുരിതാവസ്ഥയുടെ ഒരു ഘട്ടമെങ്കിലും ഏതെങ്കിലും ഒരു സമയത്ത് നിങ്ങള്‍ക്ക് അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. പരിചരിക്കുന്നവരുടെ മാനസിക പിരിമുറുക്കം എന്നത് ഒരു യഥാര്‍ത്ഥ മാനസികാരോഗ്യ പ്രശ്നമാണ്,  ശാരീരികമോ വൈകാരിമോ ആയ തളര്‍ച്ചയെ ഒരു ദീര്‍ഘ കാല ക്രമീകരണ തകരാറായാണ് പരിഗണിക്കപ്പെടുന്നത്.
പരിചരിക്കുന്നവരുടെ മാനസിക പിരിമുറുക്കത്തിന്‍റെ ചില സൂചകള്‍ താഴെ പറയുന്നു:
  •  ഏറ്റവും ഒടുവിലായി ഒരു സിനിമകാണാന്‍ പോയത്, അല്ലെങ്കില്‍ കൂട്ടാരോടോപ്പം ഭക്ഷണം കഴിക്കാന്‍ പോയത്, അതുമല്ലെങ്കില്‍ ഒരു തമാശ പരിപാടി ആസ്വദിച്ചതോ വിനോദകരമായ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടതോ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകില്ല. 
  • ചെയ്യുന്ന കാര്യങ്ങളില്‍ ശ്രദ്ധയൂന്നാനുള്ള നിങ്ങളുടെ ശേഷി കുറയും.
  • മിക്കവാറും സമയം നിങ്ങള്‍ വളരെ മുന്‍കോപിയാകുകയും മറ്റുള്ളവരെ അഭിമുഖീകരിക്കാന്‍ ബുദ്ധിമുട്ട് നേരിടുകയും ചെയ്യും.
  • വല്ലാത്ത തളര്‍ച്ച അനുഭവപ്പെടും- ഒരു മയക്കത്തിനോ അല്ലെങ്കില്‍ രാത്രിമുഴുവനുമുള്ള ഉറക്കത്തിനോ ശേഷം പോലും. 
  • പതിവുള്ളതിനേക്കാള്‍ കൂടുതലായി നിങ്ങള്‍ പലപ്പോഴും അസുഖത്തിലാകും. 
  • മുമ്പ് ആസ്വദിച്ചിരുന്ന - വായന, സിനിമ കാണല്‍, കൂട്ടുകാരോടൊത്ത് ഭക്ഷണം കഴിക്കല്‍ തുടങ്ങിയ -പല കാര്യങ്ങളിലും നിങ്ങള്‍ക്ക്  താല്‍പര്യം നഷ്ടപ്പെടും.
  • നിങ്ങള്‍ക്ക് നന്നായി ഉറങ്ങാന്‍ പറ്റുന്നില്ല എന്ന് അനുഭവപ്പെടും.  
  • കൂടിയ അളവില്‍ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്തേക്കും.
  • നിങ്ങള്‍ പരിചരിച്ചുകൊണ്ടിരിക്കുന്ന ആളോട് നിസാരമായ കാരണങ്ങള്‍ക്കുപോലും പരുഷമായി സംസാരിക്കും. 
  • ഈ വ്യക്തിയെ പരിചരിച്ചിട്ട് ഒരു കാര്യവുമില്ല എന്ന് നിങ്ങള്‍ക്ക് തോന്നും. 
  • ചിലരുടെ കാര്യത്തില്‍, മാനസിക പിരിമുറുക്കം അത്യധികമാകുമ്പോള്‍, പരിചരിച്ചുകൊണ്ടിരിക്കുന്ന പ്രിയപ്പെട്ടയാളെ ഇല്ലാതാക്കിയാലോ എന്നു പോലും ചിന്തിച്ചു പോയേക്കാം. അതിനെ തുടര്‍ന്ന് അങ്ങനെ ചിന്തിച്ചതില്‍ കടുത്ത കുറ്റബോധം തോന്നുകയും  ചെയ്യും.
പരിചരിക്കുന്നവര്‍ക്ക് ഉണ്ടാകുന്ന മാനസിക പിരിമുറുക്കത്തിന്‍റെ സൂചനകള്‍ തിരിച്ചറിയാന്‍ പഠിക്കുന്നത്  അതുമൂലം മാനസികവും ശാരീരികവുമായ തകര്‍ച്ചയിലേക്ക് എത്തുന്ന ഘട്ടം ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് സഹായകരമാകും. നിങ്ങള്‍ പരിചരിക്കുന്നതുമൂലമുള്ള മാനസിക പിരിമുറുക്കം അനുഭവിക്കുന്നതായി നിങ്ങള്‍ക്ക് തോന്നിയാല്‍ സ്വയം ഒരു മനോരോഗ ചികിത്സകനേയോ കൗണ്‍സിലറേയോ സമീപിക്കുകയും സഹായം തേടുകയും ചെയ്യുക. നിങ്ങളുടെ ഡോക്ടര്‍ അല്ലെങ്കില്‍ കൗണ്‍സിലര്‍ നിങ്ങള്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുകയോ അല്ലെങ്കില്‍ നിങ്ങളുടെ അവസ്ഥയെ നല്ല രീതിയില്‍ നേരിടാന്‍ നിങ്ങളെ സഹായിക്കുന്ന  ചില പ്രവര്‍ത്തികള്‍ നിര്‍ദ്ദേശിക്കുകയോ ചെയ്തേക്കാം. 
പരിചരിക്കുന്നവരുടെ മാനസിക  പിരിമുറുക്കത്തിന്‍റെ വിവിധ ഘട്ടങ്ങള്‍ 
പരിചരിക്കുന്നവരില്‍ ഭൂരിപക്ഷം പേരും താഴെ പറയുന്ന മാനസിക പിരിമുറുക്കത്തിന്‍റെ ഘട്ടത്തിലൂടെ കടന്നു പോകുന്നു: 
പ്രാരംഭ ഘട്ടം അല്ലെങ്കില്‍ മധുവിധു കാലം: പരിചരിക്കുന്നവര്‍ തങ്ങളുടെ  പ്രിയപ്പെട്ടവരെ പരിചരിക്കുന്നത്   കര്‍ത്തവ്യത്തിന്‍റെ ഭാഗമായി കാണുകയും ആത്മവിശ്വാസം പുലര്‍ത്തുകയും ചെയ്യുന്ന ഘട്ടം. " എന്‍റെ പ്രിയപ്പെട്ടവനെ/അവളെ ഞാന്‍ പരിചരിക്കാം.  ഈ അവസ്ഥ മാറും" എന്നൊരു വിശ്വാസത്തോടെ അവര്‍ അവരുടെ കര്‍ത്തവ്യം നന്നായി ചെയ്യുന്നു.
വിരസതയുടെ കാലം: പരിചരിക്കലിന്‍റെ ഈ യാത്രയില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകുമെന്ന് പരിചരിക്കുന്നയാള്‍ ചിന്തിക്കുന്ന ഘട്ടം. 
തകര്‍ച്ചയ്ക്ക് മുമ്പുള്ള ഘട്ടം : പരിചരിക്കുന്നയാള്‍ക്ക് മാനസികവും ശാരീരികവുമായ തളര്‍ച്ചയും ക്ഷീണവും ക്രമമില്ലായ്മയുമൊക്കെ അനുഭവപ്പെടുന്ന ഘട്ടം. 
വൈകാരികമായി തളരുന്ന ഘട്ടം: പരിചരിക്കല്‍ എന്നത്  വൈകാരികമായി തന്നെ തളര്‍ത്തുന്നു എന്നതിനാല്‍ ഈ ഘട്ടത്തില്‍, പരിചരിക്കുന്നയാള്‍ രോഗിയില്‍ നിന്നും സ്വയം അകന്നു നില്‍ക്കുന്നു. അവര്‍ ആ വ്യക്തിയെ പരിചരിക്കുന്നത് തുടരും, പക്ഷെ പരിചരിക്കല്‍ മിക്കവാറും യാന്ത്രികമായിരിക്കും. പരിചരിക്കുന്നയാള്‍ ഈ ഘട്ടത്തില്‍ വിഷാദം അനുഭവിക്കുന്നയാളും ദോഷൈകദൃക്കും നിര്‍വികാരന്‍/നിര്‍വികാര യും ആയേക്കാം.
പരിചരിക്കലിന്‍റെ വൈകാരികമായ തളര്‍ച്ചയെ പ്രതിരോധിക്കല്‍
നിങ്ങള്‍ മാനസിക പിരിമുറുക്കത്തിന്‍റെ ലക്ഷണങ്ങള്‍ അനുഭവിക്കുന്ന ഒരു പരിചരിക്കുന്നയാളാണെങ്കില്‍ വൈകാരികമായ ഒരു തളര്‍ച്ച ഒഴിവാക്കുന്നതിനായി ശരിയായ സമയത്തു തന്നെ സഹായം തേടുക. ഇതിനായി നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാവുന്ന നിരവധി സൗകര്യങ്ങള്‍ ഉണ്ട്.അവയില്‍ ചിലത് താഴെ പറയുന്നു.
1. ഡെ കെയര്‍ സേവനം : നിങ്ങളുടെ ആശ്രിതനായ വ്യക്തിയെ പകല്‍ മുഴുവന്‍ പരിചരിക്കുന്നതിനായി ഏല്‍പ്പിക്കാവുന്നതും ആ വ്യക്തിക്ക് അയാളുടെ നൈപുണ്യങ്ങള്‍ കണ്ടെത്താനും പുതിയ കാര്യങ്ങള്‍ പഠിക്കാനും അവസരം ലഭിക്കുന്നതുമായ ഇടം. ഇത് പരിചരിക്കുന്നവര്‍ക്ക് അവരുടെ ദൈനംദിന കാര്യങ്ങള്‍ ചെയ്യാനും, ജോലിക്ക് പോകാനും വീട്ടുജോലികള്‍ തീര്‍ക്കാനും വിശ്രമിക്കാനും അവസരം നല്‍കുന്നു. 
2. ഇടക്കാല വിശ്രമം വേണ്ടവര്‍ക്കുള്ള സേവനം : നിങ്ങളുടെ പ്രത്യേകമായ ശ്രദ്ധയും സാന്നിദ്ധ്യവും  ആവശ്യമായ ഒരു കാര്യത്തിന് വേണ്ടി എതാനും ആഴ്ചകള്‍ നിങ്ങള്‍ക്ക് മാറി നില്‍ക്കേണ്ടി വരുമ്പോള്‍ ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ഇടക്കാല വിശ്രമ സേവനങ്ങള്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് താമസ സൗകര്യവും പ്രത്യേകമായ ശ്രദ്ധയും  നല്‍കുന്നു. പരിചരിക്കുന്ന നിരവധിപേര്‍  യാത്രചെയ്യേണ്ടി വരികയോ, അസുഖത്തിലാകുകയോ അവര്‍ അവരുടെ സമയം ചെലവഴിക്കേണ്ടതായ മറ്റെന്തെങ്കിലും കര്‍ത്തവ്യങ്ങള്‍ ഉണ്ടാകുകയോ ചെയ്യുമ്പോള്‍ ഈ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. ആവശ്യമുള്ളപ്പോള്‍ മാത്രം, കുറച്ചു മാത്രം ഈ സേവനം ഉപയോഗപ്പെടുത്തുന്നതാണ് നല്ലത്.
3. പരിചരണം പങ്കുവെയ്ക്കല്‍ : കുടുംബത്തിന്‍റേയും സുഹൃത്തുക്കളുടേയും സഹായം തേടിക്കൊണ്ട് പരിചരിക്കല്‍ നിങ്ങള്‍ക്ക് പങ്കുവെയ്ക്കാവുന്നതാണ്. ഇത് പരിചരിക്കുക എന്ന കര്‍ത്തവ്യനിര്‍വഹണത്തില്‍ നിന്ന് നിങ്ങള്‍ക്ക് ചെറിയൊരു ഇടവേള നല്‍കുകയും സ്വന്തം കാര്യങ്ങളില്‍ ശ്രദ്ധവെയ്ക്കാന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യും. 
4. സ്വന്തം അതിജീവന ശേഷി വര്‍ദ്ധിപ്പിക്കല്‍: ഒരു മാനസികാരോഗ്യ വിദഗ്ധനെ സമീപിച്ചു കൊണ്ട് ഇത് സാധ്യമാക്കാവുന്നതാണ്. പുതിയൊരു വിനോദോപാധി വളര്‍ത്തിയെടുക്കുക, അവധിക്കാലം ആസ്വദിക്കാന്‍ പോകുക, ഒരു പക്ഷിയേയോ  മൃഗത്തേയോ ഏറ്റെടുത്ത് വളര്‍ത്തുക, അല്ലെങ്കില്‍ എല്ലാ ദിവസവും അല്ലെങ്കില്‍ എല്ലാ ആഴ്ചയും ഒരു വിശ്രമം  എടുക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍  ചെയ്യുന്നത്  അവനവന്‍റെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് നിങ്ങളെ സഹായിക്കും.
മാനസിക രോഗമുള്ള ഒരാളെ പരിചരിക്കുക എന്നതിന് നിങ്ങള്‍ നിങ്ങളുടെ വളരെയധികം സമയവും ഊര്‍ജ്ജവും ചെലവഴിക്കേണ്ടി വരും. അതോടൊപ്പം തന്നെ, നിങ്ങളും നന്നായി പരിചരിക്കപ്പെട്ടെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് നിങ്ങളുടെ പ്രിയപ്പെട്ടവരെ നന്നായി പരിചരിക്കാന്‍ കഴിയൂ. അതിനാല്‍ പരിചരിക്കുന്നവര്‍ക്ക് ഉണ്ടാകുന്ന മാനസിക പിരിമുറുക്കത്തിന്‍റെ എന്തെങ്കിലും മുന്നറിയിപ്പ് സൂചനകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍,  പരിചരിക്കുക എന്ന നിങ്ങളുടെ കര്‍ത്തവ്യം നിങ്ങളെ മാനസികമായും ശാരീരികമായും വല്ലാതെ തളര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനായി ഒരു സഹായത്തിന് ആരെയെങ്കിലും സമീപിക്കുക.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org