മാതൃത്വത്തിനു തയ്യാറെടുപ്പ്

ഒരു കുഞ്ഞിനു വേണ്ടി നിങ്ങള്‍ ശരിക്കും തയ്യാറാണോ?
 ലളിത അയ്യര്‍
ഞാന്‍ വളര്‍ന്നുവന്നപ്പോള്‍ വിചാരിച്ചു 27 വയസ്സ് ആകുമ്പോഴേക്കും എന്‍റെ സ്വപന്ജോലിയില്‍ പ്രവേശിച്ച്, അനുയോജ്യനായ ആളെ കണ്ടെത്തി വിവാഹം ചെയ്യാമെന്ന്. 30 വയസ്സില്‍ ഒരു കുഞ്ഞിനെ പ്രസവിച്ച്, പിന്നീട് 35  വയസ്സില്‍ ജോലിയില്‍ തിരികെ പ്രവേശിക്കാമെന്നും ഞാന്‍ കണക്കുകൂട്ടി. എന്നാല്‍ 30 പിറന്നാള്‍ കടന്നുപോയി, സ്വപ്നജോലിയും അനുയോജ്യവരനും, തുടര്‍ന്നുള്ള കുഞ്ഞും എല്ലാമൊരു സ്വപ്നമായി അവശേഷിച്ചു. ഓരോ ജന്മദിനങ്ങളും കഴിഞ്ഞുപോകുമ്പോള്‍ അമ്മ എന്നെയൊരു ടൈം ബോംബ് ആയിട്ടായിരുന്നു കണ്ടിരുന്നത്.  വിവാഹജീവിതത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ അധികം താമസിയാതെ ബന്ധുക്കളും നിര്‍ത്തി. എന്‍റെ സുഹൃത്തുക്കളെല്ലാം ഇതിനോടകം വിവാഹിതരായി. പലര്‍ക്കും കുട്ടികളുമായി. ഞാന്‍ ആ കുട്ടികളുമായി കൂട്ടുകൂടുന്ന 'കൂള്‍ ആന്‍റി' ആയി. മറ്റാരും അവര്‍ക്ക് വാങ്ങിച്ചു കൊടുക്കാത്ത പുസ്തകങ്ങളും മറ്റും വാങ്ങിച്ചുകൊടുത്ത്  അവരുടെ കൂട്ടുകാരിയായി. 
എന്‍റെ 35-ാം വയസ്സില്‍ ഒരു ദിവസം എനിക്ക് മനസ്സിലായി ഞാന്‍ ഒരു ജീവിതപങ്കാളിയെയും കുഞ്ഞിനെയും വല്ലാതെ ആഗ്രഹിക്കുന്നുവെന്ന്.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ എന്‍റെ എല്ലാ ആഗ്രഹങ്ങളും നടന്നു: സ്വപ്നജോലി, ജീവിതപങ്കാളി, കുഞ്ഞ്. ഞാന്‍ ഇതുപോലെ ഒരിക്കലും കണക്കുകൂട്ടിയിട്ടില്ലായിരുന്നു. ഇതിനെ പറ്റി അധികം ആലോചിക്കാതിരുന്നതാകും ഒരുപക്ഷെ ഇതെല്ലാം നല്ലരീതിയില്‍ നടന്നിരിക്കാനുള്ള കാരണം എന്ന് എനിക്കിപ്പോള്‍ തോന്നുന്നു. ഞാന്‍ തയ്യാറായിരുന്നോ? ഒരിക്കലും ആയിരുന്നില്ല. ഒറ്റയ്ക്കുള്ള ജീവിതവും, കുട്ടികള്‍ക്കിടയിലുള്ള 'കൂള്‍ ആന്‍റി' ജീവിതവും, അവര്‍ക്ക് പുസ്തകങ്ങളും ഉടുപ്പുകളും കളിപ്പാട്ടങ്ങളും വാങ്ങിക്കൊടുക്കുന്നതും അവരുടെ കൂടെ കണ്ണുപൊത്തിക്കളിക്കുന്നതും ഒന്നും ഇതിനൊരു യോഗ്യതയല്ല. ഒരു ദിവസം നിങ്ങളുടെ വയറ്റില്‍ നിന്നു പുറത്തുവരുന്ന കൊച്ചുമനുഷ്യജീവി നിങ്ങളുടെ ജീവിതത്തെ ഒരു മടങ്ങിപ്പോക്കില്ലാത്ത വിധം എങ്ങനെ മാറ്റിമറിക്കുമെന്ന് നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും ആകില്ലെന്നതാണ് സത്യം. ഇപ്പോഴും രാത്രി കിടക്കാന്‍ പോകുമ്പോള്‍ ഞാന്‍ ചിന്തിക്കാറുണ്ട്, പഴയ പോലുള്ള അവിവാഹിതയായ ഒരു സ്ത്രീയായി ഒരുദിവസമെങ്കിലും രാവിലെ എനിക്ക് ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ കഴിയുമോ എന്ന്. ഇതേസമയം മറ്റൊരു കാര്യവുമുണ്ട്. വളരെ നല്ലൊരു കുഞ്ഞാണ് എന്‍റേത്. മിക്കവാറും സമയം അവനെക്കൊണ്ട് ഒരു ശല്യവുമില്ല. മാത്രമല്ല അവനോടൊപ്പം സമയം ചെലവഴിക്കുന്നത് നല്ല രസമാണു താനും. ആ കുഞ്ഞ് അടുത്തില്ലാത്ത അവസ്ഥയില്‍ എന്‍റെ സ്ഥിതി എന്തായിരിക്കുമെന്ന് എനിക്കറിയില്ല. എന്നാല്‍ ഇതിന്‍റെയൊക്കെ അര്‍ത്ഥം അവന്‍റെ വരവിന് ഞാന്‍ തയ്യാറായിരുന്നു എന്നാണോ? തീര്‍ച്ചയായും അല്ല.
എന്‍റെ ഒരു കൂട്ടുകാരിയുടെ മകനും എന്‍റെ മകനും ഒരേ പേരാണ്.  അവന് വയസ്സ് 18, എന്‍റെ കുട്ടിയ്ക്ക് വയസ്സ് 6. ഞാനും കൂട്ടുകാരിയും ഒരേ പ്രായക്കാരാണ്. ചിലപ്പോള്‍ നേരത്തെ കുട്ടികള്‍ ഉണ്ടാകുന്നതായിരിക്കും നല്ലത്, ഞാന്‍ വിചാരിച്ചു. നേരത്തെ കാര്യങ്ങളെല്ലാം കഴിഞ്ഞാല്‍ ബാക്കി കാലം സമാധാനമായി ജീവിക്കാമല്ലോ. എന്‍റെ കൂട്ടുകാരി തൊഴില്‍ജീവിതത്തിന്‍റെ രണ്ടാം ഘട്ടത്തിലേക്കു കടന്നു കഴിഞ്ഞു. ഊര്‍ജ്ജവും ഉത്സാഹവും വീണ്ടെടുത്ത് അവള്‍ പുതിയൊരു തൊഴില്‍ മേഖലയിലേക്കു പ്രവേശിക്കുകയാണ്. ഞങ്ങള്‍ കഴിഞ്ഞ വര്‍ഷം കണ്ടുമുട്ടി. കഴിഞ്ഞ ഇരുപതുവര്‍ഷത്തിന്‍റെ വലിയൊരു ഭാഗം ഒരു തമോഗര്‍ത്തമായിരുന്നു എന്ന് അവള്‍ എന്നോടു പറഞ്ഞു. അപ്പോള്‍ ഞാന്‍ ആലോചിച്ചു, പാവം അവള്‍ കഷ്ടപ്പെട്ട് രണ്ടു കുഞ്ഞുങ്ങളെ വളര്‍ത്തുകയും വീട്ടുഭരണം നടത്തുകയും ഇതിന്‍റെയൊക്കെ ഇടയിലൂടെ സ്വന്തം വ്യക്തിത്വം നിലനിര്‍ത്താനായി പുതിയ ഒരു ബിരുദം നേടാനായി ശ്രമിക്കുകയും ചെയ്തു കൊണ്ടിരുന്നപ്പോള്‍ ഞാന്‍ എന്താണ് ചെയ്തുകൊണ്ടിരുന്നത്? ഞാന്‍ സ്വതന്ത്രയായി നാടുചുറ്റുകയും ബോയ്ഫ്രണ്ട്സിനെ മാറിക്കൊണ്ടിരിക്കുകയും ചെയ്യുകയായിരുന്നു!
നിങ്ങള്‍ ഒരു അമ്മയാകാന്‍ സമയമായി എന്നൊരാള്‍ പറയുമ്പോള്‍ അയാള്‍ ഉദ്ദേശിക്കുന്നത് ശരീരത്തിന്‍റെ സമയത്തെക്കുറിച്ചു മാത്രമാണ്. അത് ഓരോരുത്തരെയും സംബന്ധിച്ച് വ്യത്യസ്തമാണ്. ശരീരം ചെറുപ്പമാണ് എന്നതുകൊണ്ട് അത് അമ്മയാകാന്‍ തയ്യാറാണ് എന്ന് അര്‍ത്ഥമില്ല.  ശരീരത്തിന് പ്രായം കൂടി എന്നതുകൊണ്ട് അതിന് അമ്മയാകാനുള്ള കഴിവുകുറഞ്ഞു എന്നും അര്‍ത്ഥമില്ല. ഈ വിഷയം ഇത്ര കൂലങ്കഷമായി പരിശോധിക്കാന്‍ എനിക്കു കഴിയും എന്നു ഞാന്‍ കരുതിയിരുന്നില്ല. കൃത്യമായി പറഞ്ഞാല്‍ അമ്മയാകാന്‍ തയ്യാറാവുക എന്ന വിഷയത്തെ സംബന്ധിച്ചിടത്തോളം മൂന്നുകാര്യങ്ങള്‍ ഏതാണ്ട് ഒരേ പ്രാധാന്യത്തോടെ നിലനില്‍ക്കുന്നുണ്ട്. ശാരീരികമായ സമയം, തൊഴില്‍പരമായ സമയം, വൈകാരിക സമയം എന്നിവയാണ് അവ. പൊതുവെ സ്ത്രീകള്‍ അമ്മയാകുന്ന സമയം ഏതാണ്ട് മൂന്നു ഘട്ടമായി തിരിക്കാം. 20 വയസ്സിനും മുപ്പതുവയസ്സിനും ഇടയില്‍, 30-നും 40-നും ഇടയില്‍, 40-വയസ്സിനു ശേഷം. ഇതില്‍ ഏറ്റവും കുഴപ്പം പിടിച്ച സമയം 30നും 40-നും ഇടയിലാണ്. എന്നാല്‍ മിക്കവാറും സ്ത്രീകള്‍ ഗര്‍ഭിണികളാകാന്‍ തിരഞ്ഞെടുക്കുന്ന സമയവും അതു തന്നെ- മുപ്പതുകളുടെ ആരംഭത്തില്‍. ഇതിന്‍റെ കുഴപ്പം മറ്റൊന്നുമല്ല. ഇരുപതുകളില്‍ അമ്മമാരാകുന്നവര്‍ക്ക് നാല്പതുകഴിയുമ്പോഴേക്കും സ്വന്തം ജീവിതം കുറെയൊക്കെ തിരിച്ചുകിട്ടും. നാല്പതുകളില്‍ അമ്മാരാകുന്നവര്‍ അപ്പോഴേക്കും സ്വന്തം ജീവിതം കുറെയൊക്കെ ജീവിച്ചു കഴിഞ്ഞിരിക്കും. എന്നാല്‍ മുപ്പതുകളില്‍ അമ്മമാരാകുന്നവര്‍ക്ക് ഈ രണ്ടും നഷ്ടപ്പെടുന്നു.
നിങ്ങള്‍ കുട്ടിയെ സ്വീകരിക്കാന്‍ തയ്യാറാണോ അല്ലയോ എന്നതൊക്കെ വേറെ കാര്യം. കുഞ്ഞു ജനിച്ചു കഴിഞ്ഞാല്‍ പിന്നെ ഇതിനൊന്നും പ്രസക്തിയില്ലാതാകുന്നു. ഈ കുഞ്ഞിനെക്കുറിച്ചാണോ ഞാന്‍ വേണോ വേണ്ടയോ എന്നൊക്കെ സംശയിച്ചിരുന്നത് എന്നായിരിക്കും പിന്നീട് നിങ്ങളുടെ ചിന്ത. ചിലപ്പോള്‍ വേറൊരു തരത്തിലും ചിന്തിക്കാം. മറ്റുള്ളവര്‍ മൂലമാണ് നിങ്ങള്‍ ഈ സ്ഥിതിയില്‍ എത്തിച്ചേര്‍ന്നത് എന്ന് നിങ്ങള്‍ക്ക് തോന്നാനിടയുണ്ട്. അപ്പോള്‍ നിങ്ങള്‍ക്ക് അവരോട് ഒരിക്കലും ക്ഷമിക്കാനാകില്ല.
അമ്മ എന്ന പദവി സ്ഥിരമാണ്. ഒരിക്കല്‍ അമ്മയായവര്‍ പിന്നെ എന്നും അങ്ങനെ തന്നെ. പിന്നീടൊരിക്കലും ആ പദവിയില്‍ നിന്ന് ഒഴിയാന്‍ പറ്റില്ല. എന്നാല്‍ ഈ പദവി ഏറ്റെടുക്കും മുമ്പ് ആരും കാര്യമായി ഒന്നും ചിന്തിക്കാറില്ല എന്നത് മറ്റൊരു കാര്യം. മിക്കവാറും പേര്‍ വളരെ ചെറിയ പ്രായത്തില്‍, ഈ ജോലിയുടെ ഗുണദോഷങ്ങള്‍ എന്തെന്നു ശരിയായി മനസ്സിലാക്കും മുമ്പുതന്നെ, ഈ പദവി ഏറ്റെടുത്തിരിക്കും. മറ്റു ചിലരാകട്ടെ ഒരുപാടു വൈകും. അവര്‍ക്ക് ഈ വക കാര്യങ്ങളൊന്നും ആലോചിക്കാന്‍ സൗകര്യമോ സാവകാശമോ ലഭിക്കാറില്ല.
എന്‍റെ അഭിപ്രായത്തില്‍ അമ്മയാകാന്‍ ശരിയ്ക്ക് തയ്യാറാകും വരെ കാത്തിരിക്കുക എന്നത് ഒരു മണ്ടന്‍ ആശയമാണ്. മാതൃത്വത്തിനായി ഒരാള്‍ക്ക് തയ്യാറെടുക്കാം എന്ന ധാരണയെ അടിസ്ഥാനമാക്കിയതാണ് ഈ ആശയം. ഇത് ഒരു കുഞ്ഞിന്‍റെ കാര്യമാണ്. നിങ്ങളുടെ നാളെയെക്കുറിച്ച് എന്തെല്ലാം കാര്യങ്ങളില്‍ ഉറപ്പുണ്ട? അതുപോലെ തന്നെ പ്രവചനാതീതമാണ് കുഞ്ഞിന്‍റെ കാര്യങ്ങളും. ഇതിനെക്കുറിച്ച് എനിക്കു പറയുവാനുള്ളത് രണ്ടു കാര്യങ്ങളാണ്. നിങ്ങള്‍ സ്വന്തം കാര്യങ്ങള്‍ക്കു പ്രാപ്തയാണെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ അമ്മയാകാനും പ്രാപ്തയാണ് എന്നാണ്. നിങ്ങള്‍ എന്താണ്, ആരാണ്, നിങ്ങള്‍ക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയും, എന്തെല്ലാം ചെയ്യാന്‍ കഴിയില്ല തുടങ്ങിയ കാര്യങ്ങളൊക്കെ അമ്മയായിക്കഴിഞ്ഞാല്‍ അപ്രസക്തമാകും എന്നതാണ് വസ്തുത. രണ്ടാമത്തെ കാര്യം, ആലോചിക്കാന്‍ പലപ്പോഴും അത്ര സുഖമുള്ള കാര്യങ്ങളല്ല ഇവയൊന്നും. കാരണം അധികം ആലോചിക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ ആശങ്കയും നിരാശയുമൊക്കെ ഉണ്ടാക്കുന്ന പല ചിന്തകളും വന്നേക്കാം. എങ്കിലും ഒരു കുഞ്ഞുവേണമെന്ന് നിങ്ങള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ അതിന് തയ്യാറാണ് എന്നു തന്നെ കണക്കാക്കാം.
അമ്മയാകാന്‍ നിങ്ങള്‍ എപ്പോഴാണ് തയ്യാറാകുക എന്ന് കൃത്യമായി പറയാനാകില്ലെങ്കിലും എപ്പോഴാണ് നിങ്ങള്‍ തയ്യാറല്ലാത്തത് എന്നതിനെക്കുറിച്ച് ഏറെക്കുറെ ശരിയായ ഒരു ഊഹം എനിക്കു നല്‍കാനാകും.
1. സ്ഥിരതയുളള, നിങ്ങള്‍ ഇഷ്ടപ്പെടുന്ന ജോലി ഉണ്ട് എന്നതുകൊണ്ട് നിങ്ങള്‍ അമ്മയാകാന്‍ തയ്യാറല്ല:
കാരണം, കുട്ടി ഉണ്ടായതിനു ശേഷം  ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ് ജോലി കൊണ്ടു നടക്കുക എന്നത്. ജോലി നല്ല രീതിയില്‍ ചെയ്യുന്നതിന് യുക്തിപരവും പ്രായോഗികവുമായ സമീപനം ആവശ്യമാണ്. ഒരു ശിശുവിന്‍റെ മാതാവിന് ഇതിനു പലപ്പോഴും കഴിയില്ല. കുഞ്ഞിന് രാത്രി എത്രവട്ടം ഉണര്‍ന്ന് പാല്‍ കൊടുക്കണം എന്ന് നിങ്ങള്‍ ചിന്തിച്ചു കൊണ്ടിരിക്കെ, ഈ വക പ്രശ്നങ്ങളൊന്നുമില്ലാത്ത, കൂടുതല്‍ കഴിവുള്ള ധാരാളം പേര്‍ നിങ്ങളുടെ കസേരയില്‍ കയറിക്കൂടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ടാകും.
2. ഒരു കുഞ്ഞിനു ജന്മം കൊടുക്കാന്‍ സമ്മതമുള്ള ജീവിതപങ്കാളി ഉണ്ട് എന്നതുകൊണ്ട് മാത്രം നിങ്ങള്‍ അമ്മയാകാന്‍ തയ്യാറല്ല:
ബീജദാനം കഴിഞ്ഞാല്‍, മീറ്റിങുകളോ വളരെ കഠിനമായ എന്തെങ്കിലും ജോലിയോ ഉണ്ടെന്ന ന്യായം പറഞ്ഞ് വീട്ടില്‍ നിന്ന് കഴിയുന്നത്ര ദൂരത്തേയ്ക്ക് രക്ഷപ്പെടുക എന്നതാണ്  പുരുഷന്മാരുടെ പൊതുവെയുള്ള രീതി. അണ്ഡോല്പാദനം നടക്കുന്ന ദിവസങ്ങളില്‍ പങ്കാളിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടും മുമ്പ് ഈ വിഷയം സംസാരിച്ച് സമവായത്തിലെത്തണം.
3. മാതാവ് ആകുന്നത് ശ്രേഷ്ഠമായ കാര്യമാണ് അല്ലെങ്കില്‍ പൂര്‍ണ്ണസംതൃപ്തി നല്‍കുന്ന കാര്യമാണ് എന്നു നിങ്ങള്‍ കരുതുന്നതുകൊണ്ട് നിങ്ങള്‍ അമ്മയാകാന്‍ തയ്യാറല്ല:
കായിക മത്സരങ്ങളില്‍ മെഡല്‍ നേടുന്നതിലോ ബിസിനസ്സ് ലക്ഷ്യങ്ങള്‍ നേടുന്നതിലോ നിങ്ങള്‍ ചിലപ്പോള്‍ അതീവസമര്‍ത്ഥയായിരിക്കും. ഇതിലൊക്കെ നിന്ന് വ്യത്യസ്തമായ പൂര്‍ണ്ണസംതൃപ്തിയൊന്നും കുട്ടിയെ പ്രസവിക്കുന്നതിലുമില്ല.
4. കുഞ്ഞുണ്ടാകുന്നത് വിവാഹജീവിതത്തെ കൂടുതല്‍ മെച്ചപ്പെട്ട തലത്തിലേക്ക് എത്തിയ്ക്കും എന്നു തോന്നുന്നതു കൊണ്ട് നിങ്ങള്‍ അമ്മയാകാന്‍ തയ്യാറല്ല:
യഥാര്‍ത്ഥത്തില്‍ വിവാഹജീവതത്തിലെ ഏറ്റവും വലിയ പരീക്ഷണഘട്ടത്തിലേക്കാണ് കുഞ്ഞിന്‍റെ ജനനത്തോടെ നിങ്ങള്‍ കടക്കുന്നത്. എന്നാല്‍ ഇക്കാര്യം ആരും നിങ്ങളോടു പറയില്ല. കാരണം പ്രത്യുല്പാദനം എന്നാല്‍ കൂടുതല്‍ കമ്പനികള്‍ക്ക് അനേകം സാധനങ്ങള്‍ വിറ്റഴിക്കാനും ധാരാളം ധനം സമ്പാദിക്കാനും സാദ്ധ്യത നല്‍കുന്ന പ്രക്രിയയാണ്.
5. നിങ്ങളുടെയും പങ്കാളിയുടെയും മാതാപിതാക്കള്‍ ആരോഗ്യമുള്ളവരാണ് എന്നതുകൊണ്ട് നിങ്ങള്‍ അമ്മയാകാന്‍ തയ്യാറല്ല:
ആദ്യത്തെ ഫോട്ടോ എടുപ്പിനൊക്കെ ഇതു കൊള്ളാം. എന്നാല്‍ അതുകഴിഞ്ഞാല്‍ മിക്കവാറും അപ്പൂപ്പന്മാരുടെയും അമ്മൂമ്മമാരുടെയും സാന്നിദ്ധ്യം കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടാക്കും. മാത്രമല്ല ഇതില്‍ വൈകാരികമായ മുതലെടുപ്പും ധാരാളം വരാം.
6. നിങ്ങളുടെ എല്ലാ കൂട്ടുകാര്‍ക്കും മക്കളുണ്ട് എന്നതുകൊണ്ട് നിങ്ങള്‍ തയ്യാറല്ല:
കാരണം ആ കുട്ടികള്‍ എപ്പോഴും നിങ്ങളുടെ കുട്ടിയ്ക്ക് കളിക്കൂട്ടുകാരായി ഉണ്ടാകും എന്നതിന് ഒരു ഉറപ്പുമില്ല.
7. നിങ്ങള്‍ ഒരു പൂച്ചയെയോ അനവധി പൂച്ചകളെയോ വളര്‍ത്തിയിട്ടുണ്ട് എന്നതു കൊണ്ട് നിങ്ങള്‍ തയ്യാറല്ല: പൂച്ചകള്‍ സംസാരിക്കുകയോ ശാഠ്യം പിടിച്ചുകരയുകയോ ചെയ്യില്ല. അവര്‍ നിങ്ങളോട് ഒരേ പുസ്തകം 29 പ്രാവശ്യം ഉറക്കെ വായിച്ചുകൊടുക്കാന്‍ ആവശ്യപ്പെടില്ല.
8. നിങ്ങളുടെ കൂട്ടുകാരുടെ മക്കളെ നിങ്ങള്‍ ധാരാളം നോക്കിയിട്ടുണ്ട് എന്നതുകൊണ്ട് നിങ്ങള്‍ തയ്യാറല്ല: കാരണം, സുഹൃത്തുക്കളുടെ കുട്ടികളെ നോക്കുമ്പോള്‍ നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാം. എന്നാല്‍ സ്വന്തം കുഞ്ഞുങ്ങളുടെ കാര്യത്തില്‍ അതിനുസാദ്ധ്യതയില്ല.
9. നിങ്ങള്‍ക്ക് കുട്ടികളെ ഇഷ്ടമാണ് എന്നതുകൊണ്ട് നിങ്ങള്‍ തയ്യാറല്ല: കുട്ടികളുടെ സാന്നിദ്ധ്യം പലപ്പോഴും രസകരവും സന്തോഷകരവുമാണ്. അവരോടൊപ്പം കളിക്കാനും രസമാണ്. എന്നാല്‍ വര്‍ഷത്തില്‍ 365 ദിവസവും രാപകല്‍ അവരെ പരിചരിക്കുക എന്നത് അതുപോലെയല്ല.
10. നിങ്ങളുടെ കയ്യില്‍ ആവശ്യത്തിന് പണം ഉണ്ട് എന്നതിനാല്‍ നിങ്ങള്‍ തയ്യാറല്ല: തീര്‍ച്ചയായും അല്ല. നേരത്തെ സൂചിപ്പിച്ച തമോഗര്‍ത്തം ഓര്‍മ്മിക്കുക.
11. എന്തു ചെയ്യണം എന്നറിയാനും ഒരു മാതൃകയാകാനും അനന്തമായി ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്ന ഒരു നിഷ്കളങ്കശിശുവിന് പ്രതീക്ഷയും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കാനും മാത്രം നിങ്ങള്‍ വളര്‍ന്നുവെന്ന് നിങ്ങള്‍ക്ക് ഒരിക്കലും തോന്നില്ല.
12. നിങ്ങള്‍ക്ക് ഉറപ്പുള്ള ഒരു വിവാഹജീവിതം ഒരിക്കലും ഉണ്ടാകില്ല: അങ്ങനെ ഒരു കാര്യം ഈ ലോകത്തില്ല.
കുട്ടിയെ പ്രസവിക്കുന്നത് നിങ്ങളുടെ ജീവിതത്തെ വളരെയധികം മാറ്റിമറിക്കുന്നു. ശരീരം കുറെക്കൂടി എളുപ്പത്തില്‍ ജോലികളോട് പൊരുത്തപ്പെടും. മുലപ്പാല്‍ കൊടുക്കുക, കുഞ്ഞിന്‍റെ പുറത്തു തട്ടി വായു കളയുക, തൊട്ടിലാട്ടുക, മൂത്രം തുടയ്ക്കുക, മൂത്രത്തുണി കഴുകുക, കുളിക്കുക, കുഞ്ഞിനെ കുളിപ്പിക്കുക, വീണ്ടും മുലപ്പാല്‍ കൊടുക്കുക, വീണ്ടും മൂത്രം തുടയ്ക്കുക, കുഞ്ഞിന്‍റെ തുണി മാറ്റുക, മുലപ്പാല്‍ കൊടുക്കുക, നിങ്ങളുടെ ഉച്ചഭക്ഷണം കഴിക്കുക, വീണ്ടും കുട്ടിയെ മുലയൂട്ടുക, പുറത്തു തട്ടുക, തുണി മാറ്റുക, നിങ്ങള്‍ കക്കൂസില്‍ പോവുക, വീണ്ടും മുലയൂട്ടുക, പുറത്തു തട്ടുക, താരാട്ടുപാടുക, കുഞ്ഞിനെ രസിപ്പിക്കാന്‍ ഗോഷ്ടികാണിക്കുക, വീണ്ടും മൂത്രം തുടക്കുക... ഇതിങ്ങനെ തുടര്‍ന്നുപോകാന്‍ നിങ്ങള്‍ക്കു കഴിയും.
എന്നാല്‍ മനസ്സിനെ മെരുക്കുക എളുപ്പമല്ല. പ്രസവം കഴിഞ്ഞ ഉടനെ നിങ്ങളുടെ മനസ്സ് അമ്മയുടെ മനസ്സായി മാറുന്നില്ല. അതില്‍ ദുഃഖം, ആശങ്കകള്‍, ഭീതികള്‍ എന്നിങ്ങനെ പല പ്രതികൂലവികാരങ്ങളും ഉണ്ടാകും. പലപ്പോഴും ഈ വികാരങ്ങള്‍ വിഷാദാവസ്ഥയിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യും. പ്രസവാനന്തരവിഷാദം എന്ന് സാധാരണപറഞ്ഞു കേള്‍ക്കാറുള്ള അവസ്ഥയാണിത്. ഗര്‍ഭധാരണം, പ്രസവം, കുഞ്ഞിനെ വളര്‍ത്തല്‍ എന്നിവയെക്കുറിച്ച് ഇഷ്ടം പോലെ പുസ്തങ്ങള്‍ വിപണിയിലുണ്ട്. ആശുപത്രിയിലേക്കു പുറപ്പെടുമ്പോള്‍ പെട്ടിയില്‍ എന്തെല്ലാം സാധനങ്ങള്‍ കരുതണം, നാപ്പി മടക്കുന്നതെങ്ങനെ എന്നുവരെ ഈ പുസ്തകങ്ങളില്‍ എഴുതിയിട്ടുണ്ടാകും. എന്നാല്‍ നിങ്ങള്‍ ഞെട്ടിപ്പോകുന്ന ഒരു കാര്യം ഞാന്‍ പറയാം. പ്രസവശേഷം അമ്മ കടന്നുപോകുന്ന ഈ വിഷാദാവസ്ഥയെക്കുറിച്ച് ഈ പുസ്തകങ്ങളില്‍ സാധാരണ കാണാറില്ല. ചിലര്‍ ആരോടെങ്കിലുമൊക്കെ, പ്രത്യേകിച്ച് ഈ അവസ്ഥ അനുഭവിച്ചവരോട് സംസാരിച്ച് സമാധാനം കണ്ടെത്തും. മറ്റു ചിലര്‍ ആരോടും ഒന്നും പറയാതെ സ്വയം ഉള്‍വലിയും. എല്ലാ ബുദ്ധിമുട്ടുകളും ആരെയും അറിയിക്കാതെ ഉള്ളിലടക്കും. ഈ അവസ്ഥ ആരെങ്കിലും അറിയുന്നത് മോശമാണെന്നായിരിക്കും അവരുടെ ചിന്ത. മാസങ്ങള്‍ക്കു ശേഷമായിരിക്കും അവര്‍ പുറത്തു വരിക. അവര്‍ കടുത്ത വിഷാദാവസ്ഥയിലായിരുന്നു എന്ന് നാം അറിയുക പോലുമില്ല. എനിക്ക് പറയാനുള്ളത് ഇതാണ്. നിങ്ങള്‍ക്ക് അടുപ്പമുള്ളവരോട് തുറന്നു സംസാരിക്കണം. ജീവിതപങ്കാളിയോട്, അമ്മയോട്, സുഹൃത്തുക്കളോട്, ഡോക്റ്ററോട്, കൗണ്‍സലറോട് .... അങ്ങനെ ആരോടെങ്കിലും. നവമാതാവിന് കൗണ്‍സിലിങ് നല്‍കുക എന്നതിന്‍റെ പ്രാധാന്യം ആരും തന്നെ തിരിച്ചറിയുന്നില്ല. എന്നാല്‍ ലോകത്തെ അനേകം സ്ത്രീകള്‍ക്ക് ഓരോ സെക്കന്‍റിലും ഇത് ആവശ്യമുണ്ട് എന്നതാണ് സത്യം. ഇത് ലഭിക്കാത്തത് പലപ്പോഴും അമ്മയുടെയും കുഞ്ഞിന്‍റെയും മനസ്സില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ആഴമേറിയ ചില പോറലുകള്‍ സംഭവിക്കാന്‍ കാരണമാകും. പ്രസവശേഷമുള്ള വിഷാദാവസ്ഥയിലൂടെ കടന്നുപോകുന്ന സ്ത്രീകള്‍ പലപ്പോഴും തങ്ങളുടെ അവസ്ഥ എന്തെന്നുപോലും അറിയാറില്ല. എന്നെ സംബന്ധിച്ചിടത്തോളം കുട്ടിയെ പ്രസവിക്കാന്‍ സ്ത്രീ തയ്യാറാണോ അല്ലയോ എന്ന കാര്യത്തെക്കാള്‍ കൂടുതല്‍ ഭയപ്പെടുത്തുന്നത് ഈ പ്രശ്നമാണ്.
ലളിത അയ്യര്‍ കോളമിസ്റ്റും  "I'm Pregnant, not Terminally Ill, you Idiot"  ('വിഡ്ഢീ, ഞാന്‍ ഗര്‍ഭിണിയാണ്, രോഗബാധിതയല്ല') എന്ന പുസ്തകത്തിന്‍റെ കര്‍ത്താവും ആണ്. ആറു വയസ്സുള്ള ഒരു ആണ്‍കുട്ടിയും ഏതാനും പൂച്ചകളും കൂടിയാണ് ഈ ഗ്രന്ഥകാരിയെ വളര്‍ത്തുന്നത്. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org