എന്താണ് മാനസികരോഗികള്‍ക്കുള്ള പുനരധിവാസം?

ഒരു മാനസിക രോഗത്തിനുള്ള ചികിത്സയ്ക്ക് ശേഷം നിങ്ങളുടെ ജീവിതം പഴയ പാതയിലേക്ക് കൊണ്ടുവരാന്‍ പുനരധിവാസം സഹായിക്കും.
മാനസിക തകരാറുകള്‍ക്കുള്ള ചികിത്സയില്‍ സാധാരണയായി രണ്ട് കാര്യങ്ങള്‍  ഉള്‍പ്പെട്ടിരിക്കും- ചികിത്സയും പുനരധിവാസവും.  ചികിത്സ രോഗിയില്‍ അപ്പോളുള്ള രോഗലക്ഷണങ്ങള്‍ കുറയ്ക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. പനിയുള്ള ഒരാളുടെ കാര്യത്തില്‍ ചികിത്സയുടെ ലക്ഷ്യം ശരീരത്തിന്‍റെ ചൂട് കുറച്ചു കൊണ്ടുവരിക എന്നതായിരിക്കുന്നതുപോലെ തന്നെയാണിത്. 
മരുന്നുകളോ ശസ്ത്രക്രിയയോ വഴി രോഗം പൂര്‍ണമായി ഭേദമാക്കാവുന്ന ശാരീരിക രോഗങ്ങളുടേതില്‍ നിന്ന് വ്യത്യസ്തമായി മാനസിക രോഗങ്ങള്‍ക്ക് മരുന്നിനോടൊപ്പം മറ്റു തരത്തിലുള്ള ചില ചികിത്സകളും ആവശ്യമായി വരുന്നു. ഏത് തരത്തിലുള്ള ചികിത്സയാണ് ഒരു മാനസിക രോഗിക്ക് നിര്‍ദ്ദശിക്കപ്പെടുക എന്നത് രോഗ നിര്‍ണയം, രോഗത്തിന്‍റെ തീവ്രത, രോഗിയുടെ ശാരീരികവും വൈകാരികവുമായ സ്ഥിതി എന്നിവയെ ആശ്രയിച്ചാണിരിക്കുന്നത്. ഒരു വ്യക്തിക്ക് ചിലപ്പോള്‍ -മരുന്ന് കഴിക്കല്‍, തെറാപ്പി, കൗണ്‍സിലിംഗ്, ആശുപത്രിയില്‍ കിടത്തിയുള്ള ചികിത്സ, മസ്തിഷ്ക ഉത്തേജനം, മാനസികരോഗികള്‍ക്കുള്ള പുനരധിവാസം -തുടങ്ങിയ ചികിത്സകളില്‍ ചിലത് കൂട്ടിച്ചേര്‍ത്ത ഒരു സംയുക്ത ചികിത്സാരീതി വേണ്ടി വരും. പലപ്പോഴും, ചികിത്സയേയും പുനരധിവാസത്തേയും വേര്‍തിരിക്കുന്ന അതിര്‍ത്തി രേഖ വളരെ അവ്യക്തമായിരിക്കും.
മാനസികരോഗികള്‍ക്കുള്ള പുനരധിവാസം എന്നത്  മാനസിക രോഗമുള്ള ഒരു വ്യക്തിയെ അയാള്‍ക്ക് അഭിലഷണിയമായ ഒരു പ്രവര്‍ത്തന തലത്തിലേക്ക് തിരികെ വരാനും അവരുടെ ജീവിത ലക്ഷ്യം കൈവരിക്കാനും   സഹായിക്കുന്നതില്‍ ശ്രദ്ധവെയ്ക്കുന്ന ചികിത്സയുടെ മറ്റൊരു തലമാണ്. ഇത് സാധ്യമാക്കുന്നത് മരുന്ന്, മനഃശാസ്ത്രപരവും സാമൂഹികവുമായ പിന്തുണ എന്നിവയിലൂടെയാണ്. ചികിത്സയ്ക്കും പുനരധിവാസത്തിനും ഇടയില്‍ കര്‍ശനമായ അതിര്‍ത്തിരേഖകളൊന്നും ഇല്ല. 
മാനസിക രോഗമുള്ള എല്ലാവര്‍ക്കും പുനരധിവാസം ആവശ്യമില്ല. പല രോഗികള്‍ക്കും മരുന്ന് അല്ലെങ്കില്‍ മരുന്നും തെറാപ്പിയും ചേര്‍ത്ത സംയുക്ത ചികിത്സ അവരെ സജീവ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിന് മതിയായതായിരിക്കും. എന്നാല്‍ മറ്റു ചിലരുടെ കാര്യത്തില്‍ പുനരധിവാസം ചികിത്സാ ചക്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവസാന ഭാഗമായിരിക്കും.
എന്തുകൊണ്ടാണ് പുനരധിവാസം ആവശ്യമാകുന്നത്? 
ബൈപോളാര്‍ തകരാര്‍, സ്കിസോഫ്രീനിയ എന്നിവ പോലെ തീവ്രവും ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്നതുമായ മാനസിക രോഗമുള്ള വ്യക്തികള്‍ അവരുടെ രോഗാവസ്ഥ മൂലം മാനസിക വൈകല്യമുള്ളവരായേക്കാം.അടിസ്ഥാന ജീവിത നൈപുണ്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന് അവര്‍ക്ക് പുനരധിവാസം ആവശ്യമായി വന്നേക്കും. ബുദ്ധിമാന്ദ്യം പോലുള്ള തകരാറുകളുള്ളവരുടെ കാര്യത്തില്‍ രോഗിയെ അവര്‍ക്ക് ദൈനംദിന ജീവിതത്തിന് ആവശ്യമായ നൈപുണ്യങ്ങള്‍ പഠിപ്പിക്കുന്നതിന് അധിവാസം ആവശ്യമായി വരും. 
( ഒരു മാനസിക രോഗം വന്നതിന് ശേഷം ജീവിത നൈപുണ്യങ്ങള്‍ വീണ്ടും പഠിക്കേണ്ടി വരുന്ന ഒരു വ്യക്തി കടന്നുപോകേണ്ട പ്രക്രിയയെയാണ് പുനരധിവാസം എന്ന് പറയുന്നത്.  എന്നാല്‍ മാനസിക രോഗം മൂലം ചില നൈപുണ്യങ്ങള്‍ കൈവരിക്കാന്‍ കഴിയാതെ പോയ വ്യക്തികള്‍ക്ക് അവപുതിയതായി തന്നെ പഠിക്കേണ്ടി വരും. വിദഗ്ധന്മാര്‍ ഇതിന് അധിവസിപ്പിക്കല്‍ എന്നാണ് പറയുന്നത്). 
പുനരധിവാസം ലക്ഷ്യംവെയ്ക്കുന്നത്, രോഗിക്ക് പൊതുസമൂഹവുമായി ഇണങ്ങിച്ചേരുന്നതിന് ആവശ്യമായി വരുന്ന  സാമൂഹികവും ബുദ്ധിപരവുമായ നൈപുണ്യങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നതിലാണ്.ഇത് ആ വ്യക്തിയെ തൊഴിലിലും കുടുംബത്തിലും തനിക്ക് അര്‍ത്ഥപൂര്‍ണമായ ഒരു സ്ഥാനം ഉണ്ടെന്ന് സ്വയം കണ്ടെത്താന്‍ സഹായിക്കുന്നു. പുനരധിവാസം അവസരങ്ങള്‍ ലഭ്യമാക്കിക്കൊണ്ടും അപമാനവും വിവേചനവും തടഞ്ഞുകൊണ്ടും രോഗിയെ സഹായിക്കുന്നു. 
മാനസിക രോഗത്തിനുള്ള ചികിത്സ നേടിക്കഴിഞ്ഞ രോഗികളെ പല വിഭാഗമായി തിരിക്കാവുന്നതാണ്. അവ താഴെ പറയുന്നു: 
  • ചികിത്സയെ തുടര്‍ന്ന് മെച്ചപ്പെട്ട അവസ്ഥ അനുഭവിക്കുന്ന വ്യക്തികള്‍, എന്നാല്‍ അവരുടെ രോഗം അവരില്‍ ചില ന്യൂനതകള്‍ ഉണ്ടാക്കിയിട്ടുണ്ടാകും (ഉദാഹരണത്തിന്, ധാരണാപരമായ കഴിവുകളില്‍ കുറവ്). 
  • സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിവുള്ള വ്യക്തികള്‍, പക്ഷെ മനോവീര്യം നശിച്ചിരിക്കുകയോ സാഹചര്യങ്ങള്‍ മൂലമോ അപമാനം മൂലമോ പ്രതീക്ഷ കൈവിട്ടുകളഞ്ഞിരിക്കുകയോ ചെയ്തിക്കുന്നവര്‍.
  •  പ്രവര്‍ത്തന സജ്ജരായ വ്യക്തികള്‍, പക്ഷെ അവരുടെ ചുറ്റുപാടില്‍ നിന്നും അവര്‍ക്ക് മതിയായ അവസരങ്ങള്‍ ലഭിക്കുന്നില്ല. തീവ്രമായ രോഗം മൂലം വൈകല്യം ബാധിച്ചിട്ടുള്ളവര്‍ ( മാനസിക രോഗം നിര്‍ണയിക്കപ്പെട്ടിട്ടുള്ളവരില്‍ വളരെ ചെറിയൊരു വിഭാഗം ആളുകള്‍ മാത്രമാണ് ഇത്തരത്തിലുള്ളത്). 
ഓരോ രോഗിയും മേല്‍പറഞ്ഞതില്‍ ഏത് വിഭാഗത്തിലാണ് വരുന്നതെന്ന് സൈക്യാട്രിസ്റ്റ് അല്ലെങ്കില്‍ പുനരധിവാസ വിദഗ്ധന്‍ വിലയിരുത്തും.
മിക്കവാറും ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന മാനസിക രോഗങ്ങളെല്ലാം തന്നെ ഒരു വ്യക്തിയെ 18-25 വയസിലാണ് പിടികൂടുന്നത്. ഇത് മിക്കവാറും ആളുകള്‍ ജീവിത ലക്ഷ്യങ്ങള്‍ ഉറപ്പിക്കുകയും അത് കൈവരിക്കുന്നതിനായി പരിശ്രമിക്കുകയും ചെയ്യുന്ന കാലമാണ്. തീവ്രമായ മാനസിക രോഗം നിര്‍ണിയക്കപ്പെടുന്ന ഒരു വ്യക്തിക്ക് പഠിക്കാനോ ജോലി ചെയ്യാനോ പറ്റാതാകുന്ന കുറേ മാസങ്ങളുടേയോ വര്‍ഷങ്ങളുടേയോ ഇടവേളയുണ്ടാകും. ചികിത്സയ്ക്ക് ശേഷവും അവര്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെടുന്നത് സ്ഥിതി കൂടുതള്‍ വഷളാക്കും. ചിലപ്പോള്‍ അവരുടെ കൂട്ടുകാരും കുടുംബവും അമിതമായി വിമര്‍ശിക്കുന്നവരോ അതിതമായി സംരക്ഷിക്കുന്നവരോ ആയേക്കും. രോഗം മൂലമുള്ള അവരുടെ വൈകല്യത്തിന് ഇത് ആക്കം കൂട്ടുന്നു.
  • പുനരധിവാസ പ്രക്രിയ താഴെ പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു :  ആ വ്യക്തിക്ക് എന്ത് ശേഷിയാണ് ഉള്ളതെന്ന് വിലയിരുത്തുന്നു (അവരുടെ നൈപുണ്യം, ശക്തികള്‍, കഴിവുകള്‍)
  •  രോഗം മൂലം അവര്‍ക്ക് ഉണ്ടായിരിക്കുന്ന പരമിതികള്‍ അംഗീകരിക്കുന്നു. 
  • ഈ വക കാര്യങ്ങള്‍ ശരിയായി മനസിലാക്കുന്നതിലുടെ സാധാരണ, സജീവ ജീവിതത്തിലേക്ക് തിരികെ വരാന്‍ ആ വ്യക്തിക്ക് എന്ത് സഹായമാണ് ആവശ്യമുള്ളതെന്ന് തിരിച്ചറിയാന്‍ പരിശീലനം നേടിയിട്ടുള്ള ഒരു പുനരധിവാസ വിദ്ഗധന് കഴിയും.  
കഴിഞ്ഞ അഞ്ചുവര്‍ഷമായി സ്കിസോഫ്രീനിയ അനുഭവിക്കുന്ന 30 വയസുള്ള ഒരാളുടെ കാര്യമെടുക്കുക. അയാളുടെ രോഗം നിര്‍ണിയിക്കപ്പെടുന്നതും ചികിത്സ ലഭിക്കുന്നതും രോഗമുണ്ടായി വര്‍ഷങ്ങള്‍ കഴിഞ്ഞതിന് ശേഷമാണ്. ചികിത്സയ്ക്ക് ശേഷം അയാള്‍ തന്‍റെ വീട്ടിലേക്കും ചുറ്റുപാടുകളിലേക്കും തിരിച്ചു പോകുന്നു തന്‍റെ സഹപാഠികളും കൂട്ടുകാരും അവരുടെ ജോലിയിലും കുടുംബജീവിതത്തിലും നന്നായി പോകുന്നതായി കാണുന്നു. അയാളുടെ കുടുംബത്തിന് ആ വ്യക്തി എന്തെങ്കിലും പ്രവര്‍ത്തിയില്‍ ഏര്‍പ്പെടണമെന്നാണ് ആഗ്രഹം.  അതിനാല്‍ ഒരു നീലക്കോളര്‍ ജോലി സമ്പാദിക്കാന്‍ അവര്‍ അയാളോട് നിര്‍ദ്ദേശിച്ചു. അത് അയാളുടെ മനോവീര്യം കെടുത്തി, അയാള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാകുകയും ആകെ അസ്വസ്ഥനാകുകയും ചെയ്തു. അതേസമയം തന്നെ അയാള്‍ തന്‍റെ നൈപുണ്യങ്ങള്‍ ഓര്‍ത്തെടുക്കാനും ഉപയോഗപ്പെടുത്താനും കഴിവുള്ളവനുമായിരുന്നു. ഇവിടെ , ഈ വ്യക്തിയുടെ കാര്യത്തില്‍ അയാള്‍ക്ക് തന്‍റെ മാറിയ സാഹചര്യം വിലയിരുത്താനും എന്ത് നൈപുണ്യമാണ്    തനിക്ക് ഉപയോഗപ്പെടുത്താനാകുന്നതെന്ന് തീരുമാനിക്കുന്നതിനും അല്ലെങ്കില്‍ ഏത് തൊഴില്‍ വീഥിയാണ് താന്‍ തെരഞ്ഞെടുക്കേണ്ടതെന്ന് നിശ്ചയിക്കാനും ഒരു മാനസികാരോഗ്യ വിദഗ്ധന്‍റെ പിന്തുണ ആവശ്യമാണ്. അയാളുടെ കുടുംബത്തിനും അയാളെ ഒരു രോഗിയായല്ല ഒരു വ്യക്തിയായി കാണണം- ഇത് അയാളുടെ ശക്തികളേയും അഭിലാഷങ്ങളേയും അംഗീകരിക്കാന്‍ അവരെ സഹായിക്കും. 
മറ്റൊരു ഉദാഹരണം നോക്കാം, 20 വയസുള്ള ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് സ്കിസോഫ്രീനിയ കണ്ടെത്തുന്നു. അയാള്‍ മൂന്നു വര്‍ഷം ചികിത്സ നേടി. ചികിത്സയ്ക്ക് ശേഷം കോളേജിലേക്കും പഠനത്തിലേക്കും തിരിച്ചു പോകുക എന്നത് കടുത്ത വെല്ലുവിളിയായി അയാള്‍ക്ക് അനുഭവപ്പെടുകയും മറ്റെന്തെങ്കിലും ചെയ്യാന്‍ അയാള്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. അയാളുടെ കുടുംബാംഗങ്ങള്‍ അത്രയ്ക്ക് പിന്തുണ നല്‍കുന്നവരായിരുന്നില്ല. അയാള്‍  ഒരു എഞ്ചിനീറിംഗ് വിദ്യാര്‍ത്ഥിയായിരുന്നതുകൊണ്ട് ഡിഗ്രി പൂര്‍ത്തിയാക്കി ഒരു ഐടി കമ്പനിയില്‍ ജോലി സമ്പാദിക്കണമെന്നും അതില്‍ കുറഞ്ഞതെന്തെങ്കിലുമാണെങ്കില്‍ അതവരുടെ പദവിക്ക് ചേര്‍ന്നതായിരിക്കില്ലെന്നും പറഞ്ഞ് അവര്‍ അയാളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. ഇവിടെ, സാഹചര്യവുമായി പൊരുത്തപ്പെടുന്നതിന് അയാളുടെ കുടുംബം ആ വ്യക്തിയുടെ താല്‍പര്യങ്ങളിലും കഴിവുകളിലും മാറ്റം വന്നിരിക്കുന്നു എന്ന വസ്തുതയുമായി പൊരുത്തപ്പെടേണ്ടതുണ്ട്. 
(ഈ സംഭവ കഥകള്‍ രോഗികളുമായുള്ള നിരന്തര സമ്പര്‍ക്കത്തിലൂടെ അവരുടെ ലക്ഷണങ്ങളും വിവരണങ്ങളും മനസിലാക്കിയിട്ടുള്ള മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തോടെ തയ്യാറാക്കിയിട്ടുള്ളതാണ്).  
പുനരധിവാസ പ്രക്രിയ
പുനരധിവാസ പ്രക്രിയ സാധാരണായി സൈക്യാട്രിസ്റ്റ് അല്ലെങ്കില്‍ മാനസികാരോഗ്യ വിദഗ്ധന്‍ രോഗിയുടെ താല്‍പര്യങ്ങളും ശേഷികളും കണ്ടെത്തുന്നതിനായി രോഗിയുമായും കുടുംബവുമായും സംസാരിക്കുന്നതിലൂടെയാണ് ആരംഭിക്കുന്നത്. ഈ സമയത്ത് കുടുംബം പ്രധാനമായും ആ വ്യക്തിയുടെ ശേഷികളെക്കുറിച്ച് യാഥാര്‍ത്ഥ്യബോധത്തോടെ മനസിലാക്കുകയും അയാളില്‍ നിന്നും തികഞ്ഞ യാഥാര്‍ത്ഥ്യബോധത്തോടെ മാത്രം എന്തെങ്കിലും പ്രതീക്ഷിക്കുകയും ചെയ്യുക എന്നതാണ്. ഉദാഹരണത്തിന്, തീവ്രമായ മാനസിക രോഗമുള്ള ഒരു വ്യക്തിക്ക് സമൂഹവുമായി ഇണങ്ങിച്ചേരുന്നതിനോ ചില തരം പ്രവര്‍ത്തികള്‍ ചെയ്യുന്നതിനോ കഴിവുണ്ടായിരിക്കുകയില്ല. കുടുംബാംഗങ്ങള്‍ ഇത് മനസിലാക്കണം, അല്ലാതെ തങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് പോകണം എന്ന് ആ വ്യക്തിയില്‍ സമ്മര്‍ദ്ദം ചെലുത്തുകയല്ല വേണ്ടത്. 
കുടുംബം ആ വ്യക്തിയുടെ ശേഷികളും പരമിതികളും മനസിലാക്കിയാല്‍, ആ വ്യക്തിയുടെ  ഇഷ്ടത്തിന് അനുസരിച്ചും അയാളുടെ സാഹചര്യത്തിന് കൂടുതല്‍ ഇണങ്ങിയ പ്രതീക്ഷകളോടെയും സംതൃപ്തവും സന്തോഷകരവുമായ ഒരു  ജീവിതം നയിക്കാന്‍ അയാള്‍ക്ക് കഴിയും എന്ന് കുടുംബത്തിന് മനസിലാകും. 
ചിലരുടെ കാര്യത്തില്‍, സൈക്യാട്രിസ്റ്റ് അല്ലെങ്കില്‍ മാനസികാരോഗ്യ വിദഗ്ധന്‍ ഈ വ്യക്തിയുമായി ഒരു നല്ല ബന്ധം സ്ഥാപിക്കുന്നതിനും രോഗി എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിടുന്നുണ്ടോ എന്ന് മനസിലാക്കാനും ആ വ്യക്തിയുടെ രോഗത്തെക്കുറിച്ച് കുടുംബത്തിന്‍റെ കാഴ്ചപ്പാട് എന്താണ് എന്ന് അിറയുന്നതിനും വേണ്ടി പലതവണ അവരുമായി ബന്ധപ്പെടേണ്ടി വന്നേക്കും. അത് കഴിഞ്ഞാല്‍ മാനസിക രോഗം മൂലമുള്ള പരിമിതികള്‍ ഉണ്ടെങ്കിലും കുറേക്കൂടി നല്ലൊരു ജീവിതം വിഭാവനം ചെയ്യാന്‍ സൈക്യാട്രിസ്റ്റിന് അവരെ സഹായിക്കാനാകും. 
നൈപുണ്യ വികസനവും പരിശീലനവും
ചില രോഗികള്‍, ചികിത്സയ്ക്ക് ശേഷം അവരുടെ മുമ്പുണ്ടായിരുന്ന ശേഷികള്‍ വിനിയോഗിക്കാനും തങ്ങളുടെ സാധാരണ ജീവിതത്തിലേക്ക് തിരികെ വരാനും ശേഷിയുള്ളവരായിരിക്കും. ഒരു രോഗിയില്‍ ഗുരുതരമായ വെല്ലുവിളികള്‍ ശേഷിക്കുന്നതായി കണ്ടാല്‍, അവരുടെ പുതിയ ലക്ഷ്യങ്ങളിലേക്കും മുന്‍ഗണനകളിലേക്കും മൂല്യങ്ങളിലേക്കും ഒത്തുചേരുന്നതിന് ആവശ്യമായ നൈപുണ്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനായി അവര്‍ക്ക് പരിശീലനം കൊടുക്കേണ്ടതായി വരും. ആ വ്യക്തി ഒരു പുതിയ നൈപുണ്യം ആര്‍ജിക്കുന്നതിലൂടേയോ താല്‍പര്യമുള്ള പുതിയൊരു സംഗതി കണ്ടെത്തുന്നതിലൂടേയോ അയാള്‍ക്ക് ഒരു കുതിപ്പ് ഉണ്ടായിക്കഴിഞ്ഞാല്‍ ഈ പ്രക്രിയയ്ക്ക് ലക്ഷ്യം കൈവരിക്കാനുള്ള ഒരു മൂല്യം ഉണ്ടായി എന്ന് പറയാം. ഇതിലൂടെ വ്യക്തിയുടെ ജീവിതത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്ന - അനുകൂലമായ ഒരു ചാക്രിക പ്രക്രിയ എന്ന് വിദഗ്ധര്‍ വിശേഷിപ്പിക്കുന്ന- സ്ഥിതി ഉണ്ടാകും.
പുനരധിവാസത്തില്‍ കുടുംബത്തിന്‍റെ പങ്ക് എന്ത്? 
കുടുംബത്തിലെ ഒരു വ്യക്തിക്ക് മാനസിക രോഗം നിര്‍ണയിക്കപ്പെട്ടാല്‍ കുടുംബം അല്ലെങ്കില്‍ പരിചരിക്കുന്നയാളും ഇക്കാര്യത്തെ നേരിടേണ്ടതായി വരുന്നു. കൂടാതെ പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടാകുന്ന മറ്റ് ഘടകങ്ങളും ഉണ്ട്: രോഗി ആരാണെന്നും അവര്‍ക്ക് എന്ത് കഴിവുണ്ടെന്നും കുടുംബത്തില്‍ അവരുടെ സ്ഥാനം എന്തായിരിക്കുമെന്നും എന്നതിനെക്കുറിച്ചെല്ലാമുള്ള മാറിയ കാഴ്ചപ്പാട്. രോഗം കണ്ടെത്തി എന്ന യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെട്ട് ജീവിക്കാന്‍ കുടുംബത്തിനും പരിചരിക്കുന്നവര്‍ക്കും പ്രത്യേക പിന്തുണ ആവശ്യമാണ്. രോഗം നിര്‍ണയിക്കപ്പെട്ടു എന്ന യാഥാര്‍ത്ഥ്യത്തോടും മാറിയ സാഹചര്യത്തോടും രോഗമുള്ള വ്യക്തിയെക്കുറിച്ചുള്ള അവരുടെ പ്രതീക്ഷകളോടും പൊരുത്തപ്പെടാന്‍ പുനരധിവാസം കുടുംബത്തെ സഹായിക്കും. അതുപോലെ തന്നെ പുനരധിവാസം ആ വ്യക്തിയുടെ ശേഷികളേക്കുറിച്ച് മനസിലാക്കാനും കുടുംബത്തിലും സമൂഹത്തിലും അര്‍ത്ഥപൂര്‍ണമായ സംഭാവനകള്‍ നല്‍കാന്‍ വേണ്ടി അവര്‍ക്കായി അവസരങ്ങള്‍ സൃഷ്ടിക്കാനും കുടുംബത്തെ സഹായിക്കും. 
 പുനരധിവാസ പ്രക്രിയയില്‍ കുടുംബത്തിന്‍റെ പങ്ക് വളരെയധികം പ്രധാനപ്പെട്ടതാണ്. കുടുംബത്തിന്‍റെ അനുകൂലവും സജീവവുമായ പിന്തുണ പുനരധിവാസ പ്രക്രിയയയുടെ ഏറ്റവും ഫലപ്രദമായ ഭാഗമാണെന്ന് സൈക്യാട്രിസ്റ്റുകള്‍ പറയുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ സഹായിക്കുന്നതിനായി കുടുംബം ഗണ്യമായ തോതില്‍ സമയം ചെലവഴിക്കുകയും  പരിശ്രമിക്കുകയും ചെയ്താല്‍, ആ വ്യക്തി പുതിയ നൈപുണ്യങ്ങള്‍ നേടാനും പുതിയ ലക്ഷ്യങ്ങള്‍ നിശ്ചയിക്കാനുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത് കുടുംബത്തിനും സഹായകരമാകും.  

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org