പരീക്ഷാക്കാലത്ത് പ്രതീക്ഷകള്‍ നിങ്ങള്‍ക്ക് ഭാരമാകുന്നുണ്ടോ?

മൗലിക ശര്‍മ്മ
പരീക്ഷാക്കാലമായി. അതില്‍ പേടിക്കാനൊന്നുമില്ല, കാരണം ഈ സമയത്ത് എല്ലാവര്‍ഷവും അതിങ്ങെത്താറുണ്ട്. എങ്കിലും ഈ വര്‍ഷവും എല്ലാ വര്‍ഷവും പേടിക്കേണ്ട കാര്യവുമുണ്ട്. കാരണം പരീക്ഷാര്‍ത്ഥികളില്‍ മാത്രമല്ല അവരുടെ മാതാപിതാക്കളിലും അദ്ധ്യാപകരിലും അങ്കിള്‍, ആന്‍റിമാരിലും  മുത്തച്ഛന്‍, മുത്തശ്ശിമാരിലും കുട്ടികളുമായി എന്തെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിരിക്കുന്നവരിലും ഈ കാലത്ത് അത്രയ്ക്ക് മാനസിക മാനസിക പിരിമുറുക്കമാണ് ഉണ്ടാകാറുള്ളത്.
പരീക്ഷകള്‍ക്ക് അത്രമാത്രം സ്വാധീനം ഉണ്ടാകാന്‍ മാത്രം അവയില്‍ എന്താണ് ഉള്ളത്? 
കാരണം എന്തെന്നാല്‍, പരീക്ഷകളെ എല്ലാവരും- സമൂഹം പൊതുവേയും കുടുംബങ്ങള്‍ പ്രത്യേകിച്ചും, ഏറ്റവും പ്രധാനമായി വിദ്യാര്‍ത്ഥികളും -ഒരു വ്യക്തിയുടെ മൂല്യം നിര്‍ണയിക്കുന്നതിനുള്ള ബാഹ്യവും വസ്തുതാപരവുമായ പൊതു അടയാളമായി കണക്കാക്കുന്നു. 
വിദ്യാര്‍ത്ഥികള്‍ പരീക്ഷയെ, തങ്ങള്‍ എത്രമാത്രം നല്ലതോ ചീത്തയോ ആണെന്നും  ഭാവിയില്‍ ലോകത്ത് എവിടെ എത്തിച്ചേരുമെന്നും സ്വയം വിലയിരുത്താന്‍ ഉപയോഗിക്കുന്നു. തങ്ങള്‍ ജീവിതത്തില്‍ ഒരു വിജയമാകുമോ അതോ പരാജയമാകുമോ  എന്ന് വിലയിരുത്തുന്നതിനും കുട്ടികള്‍ പരീക്ഷയെ ഉപയോഗപ്പെടുത്തുന്നു.  പരീക്ഷയില്‍ നല്ല മാര്‍ക്ക് നേടാനായാല്‍ തങ്ങള്‍ ജീവിത്തില്‍ വിജയിക്കും എന്നോ, കുറഞ്ഞ പക്ഷം അതിന് സാധ്യത കൂടുതലാണെന്നോ അവര്‍ക്ക് സ്വയം പറയാന്‍ കഴിയും. അഥവാ അവര്‍ക്ക് നല്ല മാര്‍ക്ക് കിട്ടിയില്ലായെങ്കില്‍  തങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ ജീവിതത്തില്‍ ഒരു പരാജയമായിരിക്കും എന്ന് അവര്‍ അനുമാനിക്കും. 
എന്നാല്‍ യാഥാര്‍ത്ഥ്യം ഇതാണ്- പരീക്ഷയ്ക്ക് കിട്ടുന്ന മാര്‍ക്ക് ജീവിത വിജയത്തിന്‍റേയോ പരാജയത്തിന്‍റേയോ പ്രവചനമോ ഉറപ്പോ അല്ല.
ഒന്നാമതായി, വിജയത്തിന് ഒരൊറ്റ നിര്‍വചനം ഇല്ല എന്നറിയുക. വിജയവും പരാജയവും എന്നത് എല്ലാവര്‍ക്കും ഒരുപോലെ ബാധകമായ സാര്‍വ്വത്രികവും വസ്തുതാപരവുമായ ബാഹ്യ നിര്‍വചനങ്ങളല്ല. ഓരോ വ്യക്തിയും അവരവരെ സംബന്ധിച്ചിടത്തോളം  വിജയമെന്നാല്‍ എന്താണെന്നും പരാജയമെന്നാല്‍ എന്താണെന്നും സ്വയം നിര്‍വചിക്കണം. ഒരു വ്യക്തിയുടെ വിജയത്തെക്കുറിച്ചുള്ള ധാരണ താന്‍ എത്രമാത്രം പണം സമ്പാദിച്ചു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കുമ്പോള്‍ മറ്റൊരാളുടേത് തനിക്ക് എത്ര ജീവിതങ്ങളെ സ്പര്‍ശിക്കാനായി എന്നതിനെ അടിസ്ഥാനമാക്കിയുള്ളതായേക്കാം. അതുപോലെ തന്നെ മൂന്നാമതൊരാളുടേത് തനിക്ക് എത്രമാത്രം കുടുംബത്തെ സംരക്ഷിക്കാന്‍ സാധിച്ചു എന്നതിന്‍റെ അടിസ്ഥാനത്തിലായേക്കാം രൂപപ്പെടുന്നത്. ഓരോരുത്തര്‍ക്കും അവനവന്‍റേത്. വിജയമെന്നതിന് ഒരൊറ്റ നിര്‍വചനം ഇല്ല, നമ്മള്‍ ആരേയും അവരുടെ നിര്‍വചനം നമ്മുടെ മേല്‍ വെച്ചുകെട്ടാന്‍ അനുവദിക്കയുമരുത്. 
രണ്ടാമതായി, വിജയം, പരാജയം എന്നിവ ജീവിതത്തിലെ ചില സംഭവങ്ങളെ നിര്‍വചിക്കുന്നതിനുള്ള പേരുകളാണ്, അല്ലാതെ വ്യക്തികള്‍ക്കുള്ള വിശേഷണങ്ങളല്ല. ഒരു വ്യക്തിയും വിജയമോ പരാജയമോ അല്ല,  ജീവിതത്തിലെ ചില പ്രത്യേക കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ അവര്‍ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യുന്നു എന്നുമാത്രം. വിജയമോ പരാജയമോ ഒരു വ്യക്തിയുടെ ജീവിതത്തെ മൊത്തത്തില്‍ നിര്‍വിചിക്കുന്ന ഒന്നല്ല, മറിച്ച്  ഒരു പ്രത്യേക സമയത്തുള്ള ജീവിതത്തിലെ ഒരു പ്രത്യേക വശം മാത്രമാണ്. അതിനാല്‍ നിങ്ങള്‍ ഒരു പരീക്ഷയില്‍ വിജയിച്ചാലും അതിന് ജീവിതത്തില്‍ വിജയിച്ചു എന്ന് അര്‍ത്ഥമില്ല. അതുപോലെ തന്നെ, ഒരു പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ ജീവിതത്തില്‍ പരാജയപ്പെട്ടു എന്നും അര്‍ത്ഥമാക്കേണ്ടതില്ല. നിങ്ങള്‍ നിങ്ങളെ അടയാളപ്പെടുത്തുകയും നിര്‍വചിക്കുകയും ചെയ്യുമ്പോള്‍ ഓര്‍ക്കേണ്ടതായ മറ്റ് വശങ്ങളും ഉണ്ട്. അതുപോലെ തന്നെ വിജയപരാജയങ്ങള്‍ എക്കാലവും നിങ്ങളുടെ ജീവിതത്തോട് പറ്റിച്ചേര്‍ന്നിരിക്കേണ്ട നിങ്ങളെക്കുറിച്ചുള്ള നിര്‍വചനങ്ങളുമല്ല. 
മൂന്നാമതായി,  ഓരോ വിജയവും പരാജയവും നിങ്ങളുടെ മുഴുവന്‍ ജീവിതത്തിന്‍റെയും പശ്ചാത്തലത്തില്‍ കാണണം. ഒരു പരീക്ഷയ്ക്ക് പഠിക്കുകയോ പരീക്ഷ എഴുതുകയോ ചെയ്യുമ്പോള്‍, അത് നിങ്ങളുടെ ജീവിതത്തെ മുഴുവന്‍ നിര്‍വചിക്കുന്നതായി നിങ്ങള്‍ക്ക് തോന്നും. ആ സമയത്ത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാന സംഭവവും അതായിരിക്കാം. എന്നിരുന്നാലും, ആറുമാസമോ ഒരു വര്‍ഷമോ കഴിയുമ്പോള്‍ ഇതിന് ഇപ്പോഴുള്ള അതേ പ്രധാന്യം ഉണ്ടായിരിക്കില്ല എന്ന കാര്യം പ്രത്യേകം ഓര്‍ക്കേണ്ടതാണ്. വാസ്തവത്തില്‍ അതിന് ഒരു പ്രധാന്യവും ഉണ്ടായേക്കില്ല. അടുത്തവര്‍ഷം  ഇതേസമയത്ത് നിങ്ങള്‍ ബോര്‍ഡ് പരീക്ഷയ്ക്കിരിക്കുകയാണെങ്കില്‍ ഈ പരീക്ഷയ്ക്ക് കിട്ടുന്ന മാര്‍ക്കിന് യാതൊരു പ്രസക്തിയും ഉണ്ടാകില്ല. മാര്‍ക്ക് നിങ്ങള്‍ക്ക് മുന്നില്‍ ചില വാതിലുകള്‍ തുറന്നേക്കാം, എന്നാല്‍  ഈ മാര്‍ക്കുകള്‍ മുറിയ്ക്കുള്ളിലെ വിജയത്തിന് ഒരു ഉറപ്പും നല്‍കുന്നില്ല. അത് നിങ്ങള്‍ക്ക് ചില കോളേജുകളില്‍ പ്രവേശനം സാധ്യമാക്കിയേക്കും, അല്ലെങ്കില്‍ കൂടുതല്‍ മികച്ച കമ്പനികളില്‍ ജോലിക്കുള്ള അഭിമുഖത്തിന് ക്ഷണിക്കപ്പെടാന്‍ കാരണമായേക്കും, പക്ഷെ ആ നല്ല കോളേജില്‍ അല്ലെങ്കില്‍ നല്ല ജോലിയില്‍ നിങ്ങള്‍ വിജയിക്കും എന്നതിന് ഒരു ഉറപ്പും ആ മാര്‍ക്കുകള്‍ നല്‍കുന്നില്ല. 
അവസാനമായി, ജീവിത വിജയം എന്നത് മാര്‍ക്കിനേക്കാള്‍ ഉപരിയായി മറ്റു പല ഘടകങ്ങളേയും ആശ്രയിച്ചാണിരിക്കുന്നത്. നിങ്ങള്‍ക്ക് 100 ശതമാനം മാര്‍ക്ക് കിട്ടിയേക്കും എന്നാല്‍ നിങ്ങള്‍ ജീവിതത്തിലോ ജോലിയിലോ വിജയിച്ചതായി അനുഭവപ്പെടണമെന്നില്ല. ജോലിസ്ഥലത്ത് വിജയം നിങ്ങളുടെ ആത്മവിശ്വാസത്തേയും ആത്മാഭിമാനത്തേയും ആശയ വിനിമയത്തിനുള്ള ശേഷിയേയും പഠിക്കാനും, പഠിച്ചതില്‍ നിന്നു വിട്ട്  വീണ്ടും പഠിക്കാനുമുള്ള കഴിവിനേയും ഒരു സംഘത്തില്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാനുള്ള കഴിവിനേയും, നേതൃത്വപാടവത്തേയും സര്‍ഗാത്മകമായി പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള കഴിവിനേയും, ചിന്താശക്തിയേയും, പ്രവര്‍ത്തന ശേഷിയേയും  കൂടാതെ മറ്റു പലതിനേയും ആശ്രയിച്ചാണിരിക്കുന്നത്. വ്യക്തിബന്ധങ്ങളില്‍ ഇത്, ആളുകളുമായി  ബന്ധപ്പെടാനുള്ള കഴിവിനേയും അവരുമായി ബന്ധപ്പെടുന്ന രീതിയേയും ചിലപ്പോഴൊക്കെ മറ്റുള്ളവരുടെ ആവശ്യങ്ങള്‍ സ്വന്തം ആവശ്യമായി കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കാനുള്ള കഴിവിനേയും മറ്റുള്ളവരുടെ  ആവശ്യങ്ങള്‍ക്ക് സ്വന്തം ആവശ്യങ്ങളേക്കാള്‍ മുന്‍ഗണന കൊടുക്കുന്നതിനേയും  മറ്റും ആശ്രയിച്ചാണിരിക്കുന്നത്. ഇതെല്ലാം വലിയ അളവില്‍  നിങ്ങള്‍ക്ക് നിങ്ങളുടെ മൂല്യത്തിലും നിങ്ങളില്‍ തന്നെയുമുള്ള വിശ്വാസത്തെ ആശ്രയിച്ചാണിരിക്കുന്നത്.
നിങ്ങള്‍ പരീക്ഷയെക്കുറിച്ചോര്‍ത്ത്  വേവലാതിപ്പെടേണ്ടതില്ലെന്നും കഠിനാധ്വാനം നടത്തേണ്ടതില്ലെന്നും  മേല്‍ പറഞ്ഞതിന് അര്‍ത്ഥമില്ല. നിങ്ങള്‍ അങ്ങനെ ചെയ്യണം, കാരണം നിങ്ങള്‍ നിങ്ങളുടെ സാധ്യതയ്ക്ക് അനുസരിച്ച് പ്രകടനം കാഴ്ചവെച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് അതില്‍ അസംതൃപ്തി അനുഭവപ്പെടും. അതിനാല്‍ കഴിയുന്നത്ര നന്നായി പരിശ്രമിക്കുക. എന്നാല്‍ നിങ്ങളുടെ ജീവിതം ഇതിനെ ആശ്രയിച്ചിരിക്കുന്നു എന്ന് വിശ്വസിക്കരുത്, കാരണം അതങ്ങനെയല്ല. 
കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ, പ്രതീക്ഷകളെ നിങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യും- നിങ്ങള്‍ക്ക് നിങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകള്‍, മാതാപിതാക്കള്‍ക്ക് നിങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകള്‍, അദ്ധ്യാപകര്‍ക്ക് നിങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകള്‍, ലോകത്തിന് പൊതുവില്‍ നിങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകള്‍? ഇതിന് ഒരു വഴിയേയുള്ളു, നിങ്ങളിലും നിങ്ങളുടെ മൂല്യത്തിലും വിശ്വസിക്കുക- നിങ്ങള്‍ വിലമതിക്കപ്പെടേണ്ടയാളാണെന്നത് മനസിലാക്കുക, പരീക്ഷയില്‍ നിങ്ങളുടെ മാര്‍ക്ക് എന്തായാലും. മാര്‍ക്ക് ജീവിതത്തോട് കൂട്ടിച്ചേര്‍ക്കപ്പെടുന്ന ഒരു  അധിക ലാഭമായി കണക്കാക്കാം. 
 നമ്മുടെ ആത്മഭാഷണങ്ങള്‍ പലപ്പോഴും പ്രതികൂലമായവയാണ്. അവ നമ്മള്‍ എത്രമാത്രം വകയ്ക്ക് കൊള്ളാത്തവരും വിലയില്ലാത്തവരുമാണെന്നതിനെക്കുറിച്ചായിരിക്കും. അത് സമൂഹം നമ്മളെ അങ്ങനെ തന്നെ വിലയിരുത്തും എന്നതിനെക്കുറിച്ചായിരിക്കും. അത് മാതാപിതാക്കളും അദ്ധ്യാപകരും നമ്മളെക്കുറിച്ച് എത്രമാത്രം നിരാശപ്പെടും എന്നതിനെക്കുറിച്ചായിരിക്കും. ലോകം  നമ്മളെക്കുറിച്ച് നിരാശപ്പെട്ടേക്കാം, പക്ഷെ അത്  അവര്‍ തന്നെ നിശ്ചയിക്കുന്നതാണ്, അവര്‍ ആ വഴിക്കാണ് ചിന്തിക്കുന്നതെങ്കില്‍ ആ പ്രശ്നം അവര്‍ തന്നെ കൈകാര്യം ചെയ്യണം എന്നതാണ് യാഥാര്‍ത്ഥ്യം. കൂടാതെ നിങ്ങളുടെ വിജയത്തെക്കുറിച്ചുള്ള അവരുടെ നിര്‍വചനങ്ങളില്‍ കാലാകാലം മാറ്റം വന്നേക്കാം. നിങ്ങള്‍ ഒരിക്കലും അതിനൊപ്പം എത്തിയില്ലെന്നിരിക്കും. നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ പറ്റാത്ത കാര്യമാണത്. നിങ്ങള്‍ നിങ്ങളെക്കുറിച്ചോര്‍ത്ത് നിരാശപ്പെടരുത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട സംഗതി. നിങ്ങളുടെ മാതാപിതാക്കളും അദ്ധ്യാപകരും ആത്യന്തികമായി ആഗ്രഹിക്കുന്നത്  നിങ്ങള്‍ സന്തോഷമായിരിക്കണം എന്നാണ്. അതിനാല്‍ നിങ്ങള്‍ തെരഞ്ഞെടുത്ത വഴിയില്‍ നിങ്ങള്‍ സന്തോഷമുള്ളവരാണ് എന്ന കാര്യം അവരെ ബോധ്യപ്പെടുത്താന്‍ നിങ്ങള്‍ക്കായാല്‍ ഒടുവില്‍ അവര്‍ നിങ്ങളുടെ വഴിയേ വരും. അതിനാല്‍ നിങ്ങളുടെ പരമാവധി പരിശ്രമിക്കുക, നിങ്ങള്‍ക്ക് കഴിയുന്നത്ര നന്നായി ചെയ്യുക, പക്ഷെ അതൊക്കെയും നിങ്ങള്‍ക്കു വേണ്ടി ആയിരിക്കണം. 
ഓര്‍ക്കുക, ഒരു വാതില്‍ അടഞ്ഞാല്‍ മറ്റൊരു വാതില്‍ തുറക്കും, നിങ്ങള്‍ അത് കണ്ടെത്താന്‍ നിങ്ങളെ അനുവദിക്കുകയാണെങ്കില്‍. എന്നാല്‍, നിങ്ങളുടെ കഠിന പരിശ്രമം ഇല്ലാതെ ഒരു വാതിലും തുറക്കുകയില്ല, അതിനാല്‍ ജീവിതമെന്ന ഈ അത്ഭുതത്തില്‍ നിങ്ങളുടെ ഈ ഉത്തരവാദിത്തം മറക്കാതിരിക്കുക.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org