പരിചരിക്കുന്നവര്‍, അദൃശ്യരായ നായകന്മാര്‍
പരിചരണം നൽകൽ

പരിചരിക്കുന്നവര്‍, അദൃശ്യരായ നായകന്മാര്‍

ഡോ. അനില്‍ പാട്ടീല്‍

നമുക്കിടയില്‍-നിങ്ങളുടെ തെരുവില്‍, ജോലി സ്ഥലത്ത്, കോളേജില്‍ എന്തിന് നിങ്ങളുടെ വീട്ടില്‍ പോലും -അദൃശ്യരായ കുറേ മനുഷ്യര്‍ ജീവിക്കുന്നുണ്ട്. ഇവര്‍ വളരെയധികം നേരം ജോലി ചെയ്യുന്നു, ഒരു തരത്തിലുള്ള സാമ്പത്തിക നേട്ടത്തിനുമല്ലാതെ, പലപ്പോഴും അവരുടെ സ്വന്തം ആരോഗ്യവും മാനസിക സൗഖ്യവും നോക്കാതെയും ഉപജീവനമാര്ഗത്തിന്‍റെ കാര്യം പോലും പരിഗണിക്കാതെയും.ആരാണ് ഈ തിരിച്ചറിയപ്പെടാതിരിക്കുന്ന നായകന്മാരും നായികമാരും? അവരാണ് പരിചരിക്കുന്നവര്‍. 

പരിചരിക്കുന്നയാള്‍ എന്നാല്‍, ശാരീരികമോ മാനസികമോ ആയ രോഗം, വൈകല്യം, പ്രായാധിക്യം, മയക്കുമരുന്ന് ദുരുപയോഗം അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണം മൂലം പരസഹായം ആവശ്യമായിട്ടുള്ള ഒരു ബന്ധുവിനെ, സുഹൃത്തിനെ അല്ലെങ്കില്‍ പങ്കാളിയെ പരിചരിക്കുകയോ ശുശ്രൂഷിക്കുകയോ ചെയ്യുന്ന വ്യക്തിയാണ്. പൊതുവില്‍ പരിചരിക്കുന്നവര്‍ ആവശ്യപ്പെട്ടിട്ടല്ല അവര്‍  പരിചരിക്കുന്നവരാകുന്നത്. അവര്‍ ക്രമേണ പരിചരിക്കുന്നയാളുടെ റോള്‍ ഏറ്റെടുക്കുകയാണ് ചെയ്യുന്നത്, അല്ലെങ്കില്‍ ചില്പ്പോള്‍ അത് പെട്ടെന്ന് ഒരാളില്‍ വന്നു വീഴുകയും ചെയ്യാറുണ്ട്. ഈ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനായി അവര്‍ക്ക് പ്രത്യേക പരിശീലനമൊന്നും ലഭിക്കാറില്ല, അതിനായി പ്രതിഫലം ലഭിക്കാറുമില്ല, പക്ഷെ അത് അവരുടെ ജീവിതത്തില്‍ അവര്‍  ചെയ്യുന്ന ഏറ്റവും പ്രധാനമായ കാര്യങ്ങളിലൊന്നായിരിക്കും: അവര്‍ മറ്റൊരു മനുഷ്യനെ പരിചരിക്കുന്നു- മിക്കവാറും കേസുകളില്‍,  ശാരീരികവും ചികിത്സാസംബന്ധവും വൈകാരികവും സാമൂഹികവും സാമ്പത്തികവുമായ ആവശ്യങ്ങള്‍ക്ക് തന്നെ ആശ്രയിക്കുന്ന വ്യക്തിയെ. ഈ തലത്തിലുള്ള സമഗ്രമായ പിന്തുണ സാധാരണയായി സ്വകാര്യ സന്നദ്ധ സംഘടനകളില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ ലഭ്യമാകില്ല, എന്നുമാത്രമല്ല ഈ പരിചരിക്കുന്നവര്‍ക്കായി പ്രത്യേക പിന്തുണയൊന്നും ലഭ്യമാകാറുമില്ല. വൈദ്യശാസ്ത്ര രംഗത്ത് അല്ലെങ്കില്‍ സാമൂഹിക രംഗത്ത് ഉള്ള വിദഗ്ധരില്‍ മിക്കവാറും പേരും പരിചരിക്കുന്നവര്‍ നല്‍കുന്ന വലിയ സംഭാവന എന്തെന്നും അതിന്‍റെ ഫലമായി അവരില്‍ വന്നു വീഴുന്ന അത്യധികമായ ഭാരം എന്തെന്നും  പൂര്‍ണമായി മനസിലാക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നു എന്നതാണ് സങ്കടകരമായ മറ്റൊരു കാര്യം.

പരിചരിക്കുക എന്നത് വളരെ സംതൃപ്തി നല്‍കുന്ന ഒരു അനുഭവമാകുകയും മിക്കവാറും പരിചരിക്കുന്നവര്‍ തങ്ങളുടെ പരിചരിക്കുന്നവര്‍ എന്ന റോളില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നുണ്ട്. എന്നിരുന്നാലും പരിചരിക്കല്‍ എന്നത് പരിചരിക്കുന്നവരില്‍ വളരെ വലിയ ആഘാതം സൃഷ്ടിക്കുന്നുണ്ട് എന്നത് സംശയമില്ലാത്ത കാര്യമാണ്: അവര്‍ക്ക് പലപ്പോഴും അവരുടെ ജീവിതം ആകെ തന്നെ താന്‍ പരിചരിക്കുന്നയാളുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി മാറ്റിവെയ്ക്കേണ്ടി വരുന്നു, തങ്ങളുടെ സ്വന്തം കാര്യത്തിനായി അല്‍പം സമയം പോലും പലപ്പോഴും നീക്കിവെയ്ക്കാനാകാതെ പോകുന്നു. ഇതിന്‍റെ ഫലമായി പരിചരിക്കുന്ന പലര്‍ക്കും അനാരോഗ്യം, സാമൂഹ്യമായ ഒറ്റപ്പെടല്‍, മാനസിക സമ്മര്‍ദ്ദം, ഉത്കണ്ഠ തുടങ്ങിയവ അനുഭവപ്പെടുന്നു. പലര്‍ക്കും ജീവിതത്തില്‍ വലിയ മാറ്റം വരുത്തേണ്ടി വരുന്നു, പലര്‍ക്കും ഇതിനായി പഠിത്തം നിര്‍ത്തുകയോ ജോലി ഉപേക്ഷിക്കുകയോ ചെയ്യേണ്ടി വരുന്നതിലൂടെ  അവരുടെ ഉപജീവന മാര്‍ഗം തന്നെ അവരില്‍ നിന്നും എടുത്തുമാറ്റപ്പെടുന്നു. ഇനി പഠിത്തവും ജോലിയും  തുടരുന്നവര്‍ക്ക് പലപ്പോഴും ജോലി/പഠിത്തവും പരിചരിക്കലിന്‍റെ ഉത്തരവാദിത്തവും കൂടി അവരെ അമ്മാനമാടുന്നതിന്‍റെ ഫലമായി ഒരു വിവേചനം അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു. പരമ്പരാഗതമായ കൂട്ടുകുടുംബങ്ങള്‍ വന്‍തോതില്‍ അണുകുടുംബങ്ങളായി മാറിക്കൊണ്ടിരിക്കുന്നതിനാല്‍ ഈ വക കാര്യങ്ങള്‍ ഇന്ത്യയില്‍ കൂടുതല്‍ കൂടുതലായി കാണപ്പെടുന്നു. 

ഇന്ത്യയില്‍, നമ്മുടെ അയല്‍ രാജ്യങ്ങളില്‍ അല്ലങ്കില്‍ ഏഷ്യയിലും ആഫ്രിക്കയിലും മറ്റും പ്രതിഫലമില്ലാതെ കുടുംബത്തില്‍ രോഗികളെ പരിചരിക്കുക എന്ന സേവനം ചെയ്യുന്ന കുടുംബ പരിചാരകരുടെ കാര്യമായ വിവരങ്ങളൊന്നും ഇപ്പോഴും ലഭ്യമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. യുകെയില്‍ ഇത് കണക്കാക്കപ്പെട്ടിരിക്കുന്നത് എട്ടിലൊരാള്‍ എന്നാണ് (ഏകദേശം 6 ദശലക്ഷം ആളുകള്‍). ഇതൊരു മാര്‍ഗരേഖയായി കണക്കാക്കുമ്പോള്‍ ഇന്ത്യയില്‍ ഏകദേശം 150 ദശലക്ഷം പേരില്‍ അധികം ഉണ്ടായേക്കും പരിചരിക്കുന്നവര്‍. ഇത് മറ്റൊരാളെ പരിചരിക്കുന്നതുമൂലം സ്വന്തം മാനസിക സൗഖ്യത്തിനും ശാരീരിക ആരോഗ്യത്തിനും ഭാവിക്കും  സാരമായ പരിക്കു പറ്റിക്കൊണ്ടിരിക്കുന്ന 150 ദശലക്ഷം വരുന്ന മുതിര്‍ന്നവരും കുട്ടികളുമായവരുടെ ഒരു കൂട്ടമാണ്. 

," പരിചരിക്കുന്നവര്‍ എന്നത് ഒരു അദൃശ്യ സമൂഹമാണ്, ചിലപ്പോഴൊക്കെ അവര്‍ക്കുപോലും അവര്‍ അദൃശ്യരായിരിക്കുന്നു. ഈ അദൃശ്യതയെ അഭിമുഖീകരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്, മാറ്റം വരേണ്ട ആദ്യത്തെ കാര്യവും ഇതുതന്നെയാണ്. " എന്നാണ് കര്‍ണാടകയിലെ ഹോസ്പെറ്റില്‍ ജോലി ചെയ്യുന്ന സൈക്യാട്രിസ്റ്റായ ഡോ. അജയ്കുമാര്‍ പറയുന്നത്. 

അതിനാല്‍ നിങ്ങള്‍ നിങ്ങള്‍ക്ക് അറിയാവുന്ന ആളുകളെക്കുറിച്ച് ഓര്‍ക്കുക: നിങ്ങളുടെ ഒരു ബന്ധു, അയല്‍ക്കാര്‍, കൂട്ടുകാര്‍, സഹപ്രവര്‍ത്തകര്‍... ഇവരില്‍ ആരെങ്കിലും ഒരു പരിചരിക്കുന്നയാള്‍ ആണോ? നിങ്ങള്‍ രോഗിയെ പരിചരിക്കുന്ന ഒരാളെയെങ്കിലും അറിയാന്‍ സാധ്യതയുണ്ട്- പക്ഷെ അവര്‍ ഒരിക്കലും ഒരു പരിചരിക്കുന്നയാള്‍ എന്ന് തന്നെക്കുറിച്ച് പറഞ്ഞിട്ടുണ്ടാകില്ല,  അതുകൊണ്ടുതന്നെ  ആ വ്യക്തി ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്തം നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകില്ല, പക്ഷെ ഇങ്ങനെയുള്ളവര്‍ നമുക്ക് ചുറ്റിലും, സമൂഹത്തിന്‍റെ എല്ലാ തലത്തിലും ഉണ്ട്. ഇവര്‍ അദൃശ്യരായും തിരിച്ചറിയപ്പെടാത്തവരായും പോകരുത്.

ഒരു സ്കിസോഫ്രീനിയാ രോഗിയായ ഭര്‍ത്താവ് ഗുണേശ്വരനെ പരിചരിക്കുന്ന ആശാദേവി പറയുന്നത് നോക്കുക; " വെറുതെ, നിസാരമായ ഒരു ഹലോ പറയുക, ഇന്ന് എങ്ങനെയുണ്ട് കാര്യങ്ങള്‍ എന്ന് ചോദിക്കുക. ഇതെനിക്ക് വളരെ ആശ്വാസം തരും". നമുക്ക് ചുറ്റുമുള്ള, വാക്കുകൊണ്ടെങ്കിലും ഒരു പിന്തുണ ആവശ്യപ്പെടുന്ന നൂറായിരം പേര്‍ക്ക് ഇതുപോലെ ചിലത് പറയാനുണ്ടാകും. അവരുടെ വാക്കുകള്‍ തന്നെയാണ് ആശാദേവിയിലൂടെ പുറത്തു വരുന്നത്. ഈ വാക്കുകള്‍ വിരല്‍ ചൂണ്ടുന്നത് പരിചരിക്കപ്പെടുന്ന ആളുകളെ എന്നതുപോലെ തന്നെ  അവരെ പരിചരിക്കുന്നവരേയും തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ്, അംഗീകരിക്കുകയും പിന്തുണകൊടുക്കുകയും ചെയ്യുന്നതിന്‍റെ ആദ്യ ചുവടായിരിക്കും അത്. ഈ നിസാര പ്രവര്‍ത്തികൊണ്ട്  പരിചരിക്കുന്നയാളുടെ ആ ദിവസത്തിന് വലിയൊരു മാറ്റം വരുത്തിയേക്കാം. നമ്മളെല്ലാവരും ആ ആദ്യ ചുവട് വെയ്ക്കാന്‍ സമയം കണ്ടെത്തിയാല്‍, ആര്‍ക്കറിയാം ആ യാത്ര അവസാനിക്കുന്നത് എവിടെയായിരിക്കുമെന്ന്? 
ഈ പരമ്പരയില്‍ തുടര്‍ന്നുള്ള ലേഖനങ്ങള്‍ പരിചരിക്കലിന്‍റെ വിവിധ വശങ്ങള്‍, അതുണ്ടാക്കുന്ന ആഘാതം, പരിചരിക്കുന്നവരുടെ ഓരോരോ വിഭാഗങ്ങള്‍, നയപരമായ മാറ്റത്തിലേക്കുള്ള നീക്കങ്ങള്‍, ജനസംഖ്യാപരമായ വലിയ മാറ്റത്തെ അഭിമുഖീകരിക്കുന്ന നമ്മുടേതുപോലുള്ള സമൂഹത്തിനെ സമീപിച്ചിരിക്കുന്ന പരിചരണം സംബന്ധിച്ച പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 
ഡോ. അനില്‍ പാട്ടില്‍ കെയറേഴ്സ് വേള്‍ഡ്വൈഡിന്‍റെ സ്ഥാപകനും എക്സിക്യുട്ടീവ് ഡയറക്ടറുമാണ്. കെയറേഴ്സ് വേള്‍ഡ്വൈഡ്, വീടുകളില്‍ പ്രതിഫലം പറ്റാതെ സേവനം നല്‍കുന്ന പരിചരിക്കുന്നവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നു. 2012 ല്‍ യുകെയില്‍ സ്ഥാപിതമായ ഈ സ്ഥാപനം വികസ്വര രാജ്യങ്ങളിലെ പരിചരിക്കുന്നവര്‍ക്കു മാത്രമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഡോ. പാട്ടില്‍ കെയേഴ്സ് വേള്‍ഡ്വൈഡില്‍ സന്നദ്ധസേവനം നടത്തുന്ന രൂത് പാട്ടീലുമായി ചേര്‍ന്നാണ് ഈ കോളം എഴുതുന്നത്.കുടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക-  Carers Worldwide. ഈ കോളം സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മറ്റും എഴുതി അറിയിക്കാന്‍ columns@whiteswanfoundation.org 
ഈ ലേഖനത്തില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന അഭിപ്രായങ്ങള്‍ ലേഖകന്‍റേതാണ്, അവ വൈറ്റ് സ്വാന്‍ ഫൗണ്ടേഷന്‍റെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ആയിരിക്കണം എന്നില്ല. 
White Swan Foundation
malayalam.whiteswanfoundation.org