പരിചരണം നൽകൽ

നിങ്ങള്‍ക്ക് പ്രിയപ്പെട്ട ഒരാള്‍ക്ക് മാനസികരോഗമുണ്ടെന്ന് കണ്ടെത്തുമ്പോള്‍...

പരിചരിക്കുന്നവര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുടെ മാനസിക രോഗവുമായി ഇടപെടേണ്ടി വരുമ്പോള്‍ വിവിധ തരത്തിലുള്ള മനോവികാരങ്ങള്‍ അനുഭവപ്പെടാറുണ്ട്

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്നതോ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതോ ആയ ഒരു മാനസിക രോഗമുള്ള വ്യക്തിയെ പരിചരിക്കല്‍ എന്നത് ഒരു ഭയപ്പെടുത്തുന്ന ഉത്തരവാദിത്തമാണ്. മാനസിക രോഗമുള്ള ഒരാളെ പരിചിരിക്കുന്നയാള്‍ക്ക് രോഗിയുടെ ദൈനംദിനകാര്യങ്ങള്‍ ശ്രദ്ധിക്കല്‍, മരുന്നു കൊടുക്കല്‍, രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകല്‍, അവരുടെ ഭക്ഷണകാര്യങ്ങള്‍ ശ്രദ്ധിക്കല്‍, സാമ്പത്തികാവശ്യങ്ങള്‍ നോക്കല്‍ എന്നിവയടക്കമുള്ള വിവിധ ജോലികള്‍ ഏറ്റെടുത്ത് ചെയ്യേണ്ടതായി വരും. മാത്രമല്ല പരിചരിക്കുന്നയാള്‍ രോഗിയുടെ പെരുമാറ്റത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളേയും നേരിടേണ്ടി വരും. ഇതെല്ലാം കൂടി ഈ പരിചരിക്കുന്നയാള്‍ക്ക് വലിയ മാനസിക പിരിമുറുക്കവും ചുമതലാഭാരവും ഉണ്ടാക്കുന്നു. തനിക്ക് പ്രിയപ്പെട്ടയാളുടെ രോഗത്തെക്കുറിച്ച് അറിയുന്ന നിമിഷം മുതല്‍ ആ വ്യക്തിയെ പരിചരിക്കുന്ന കാലം മുഴുവന്‍ പരിചരിക്കുന്നയാള്‍ക്ക് വളരേയധികം വൈകാരിക സംഘര്‍ഷങ്ങളിലൂടെ കടന്നു പോകേണ്ടി വരുന്നു. ഇത് വളരെ സ്വാഭാവികവും പരിചരിക്കുന്ന എല്ലാവര്‍ക്കും അല്ലെങ്കിലും ഭൂരിപക്ഷം പേര്‍ക്കും ഉണ്ടാകുന്നതുമാണ്. 
ഓരോ വ്യക്തിയും ഈ സാഹചര്യത്തോട് പ്രതികരിക്കുന്നത് വ്യത്യസ്തമായ തരത്തിലായിരിക്കും. ചിലര്‍ ഇത് വളരെ നിസാരമായെടുക്കുകയും മറ്റേതൊരു പ്രശ്നവും എന്നതുപോലെ തന്നെ  കൈകാര്യം ചെയ്യുകയും ചെയ്യുന്നു. അതേസമയം മറ്റു ചിലരാകട്ടെ ഇത് വളരെ ഗൗരവത്തിലെടുക്കുകയും അത്യധികമായ വികാരവിക്ഷോഭത്തോടെ പ്രതികരിക്കുകയും ചെയ്യുന്നു.
 പരിചരിക്കുന്നവര്‍ക്ക് പൊതുവില്‍ ഓരോരോ  ഘട്ടങ്ങളില്‍ അനുഭവപ്പെടുന്ന മനോവികാരങ്ങളെ മാനസികാരോഗ്യ വിദഗ്ധര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവയില്‍ ചിലത് താഴെ പറയുന്നു: 
അംഗീകരിക്കാതിരിക്കല്‍
പ്രിയപ്പെട്ടയാളുടെ (സ്കിസോഫ്രീനിയ, ബൈപോളാര്‍ തകരാര്‍ മുതലായ) മാനസികരോഗത്തെക്കുറിച്ച് ആദ്യമായി അറിയുമ്പോള്‍ പരിചരണം നല്‍കുന്നയാള്‍ ചിന്തിക്കുക അത് കടന്നുപോയിക്കൊണ്ടിരിക്കുന്ന ഒരു ഘട്ടമാണ്, കുറച്ചുനാള്‍ കഴിയുമ്പോള്‍ എല്ലാം ശരിയാകും ആള്‍ സുഖപ്പെടും എന്നായിരിക്കും. കുറേനാളത്തേക്ക് ഇതൊരു നിസാര പ്രശ്നമാണ് എന്ന് വിചാരിക്കും. ഈ വക തെറ്റിദ്ധാരണകള്‍ ഉണ്ടാകുന്നത് മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധത്തിന്‍റേയും അറിവിന്‍റേയും കുറവ് കൊണ്ടാണ്. രോഗി മെച്ചപ്പെടുന്നതിന്‍റെ ലക്ഷണങ്ങളൊന്നും കാണിക്കാതിരിക്കുമ്പോള്‍ അവര്‍ വേവലാതിപ്പെടാന്‍ തുടങ്ങും. എന്നാലും അവര്‍ ഇത് അംഗീകരിച്ച് കൊടുക്കാത്ത മാസികാവസ്ഥയില്‍ തന്നെ തുടരുകയും ഈ രോഗം മതപരമായ ചില ഘടകങ്ങള്‍, മന്ത്രവാദം, കുടോത്രം, വിധി, ദൈവശാപം തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് ഉണ്ടായിട്ടുള്ളതെന്ന് വിശ്വസിക്കുകയും ചെയ്യും. അതിനാല്‍ അവര്‍ ഈ രോഗം മാറ്റിയെടുക്കുന്നതിനായി മതപരമായ ചടങ്ങുകള്‍, മന്ത്രവാദംപോലുള്ള ചില അനുഷ്ഠാനങ്ങള്‍ എന്നിവയില്‍ അഭയം തേടും.
ഈ ഘട്ടത്തില്‍ നിന്ന് പുറത്തു വരാനും തങ്ങളുടെ പ്രിയപ്പെട്ടവരുടെ രോഗത്തേക്കുറിച്ച് മനസിലാക്കാനും ആ വ്യക്തിയെ ചികിത്സിപ്പിക്കാനുമായി ഒരു ഡോക്ടറെ സമീപിക്കാനും പരിചരിക്കുന്നവര്‍ കുറച്ച് സമയമെടുത്തേക്കും.
ദേഷ്യം
 " എന്‍റെ ജീവിത പങ്കാളിക്ക്/കുട്ടിക്ക്/കുടുംബാംഗത്തിന് എന്തുകൊണ്ട് ഇത് സംഭവിച്ചു?," " ഈ അവസ്ഥയ്ക്ക് ഞാന്‍ ഉത്തരവാദിയാണോ?", എന്നിങ്ങനെ  പരിചരിക്കുന്നവര്‍ സ്വയം ചോദ്യം ചെയ്യാന്‍ തുടങ്ങും. തുടക്കത്തില്‍, ഈ പ്രശ്നത്തിന് കാരണം തങ്ങളാണ് എന്ന് വിചാരിച്ച് അവരവരോട് തന്നെ  ദേഷ്യപ്പെടും. പിന്നീട് അവര്‍ സ്വന്തം കുറ്റബോധത്തെ മറികടക്കാനായി ഓരോ കാരണങ്ങള്‍ കണ്ടെത്താനും മറ്റുള്ളവരെ കുറ്റപ്പെടുത്താനും തുടങ്ങും. ഉദാഹരണത്തിന്,  മകനോ മകള്‍ക്കോ വിഷാദരോഗം, ഉത്കണ്ഠ, ഭക്ഷണം കഴിക്കലിലെ തകരാര്‍, അല്ലെങ്കില്‍ മറ്റെന്തെങ്കിലും മാനസിക രോഗം ഉണ്ടെന്ന് കണ്ടെത്തിയാല്‍ മാതാപിതാക്കള്‍ തങ്ങളുടെ കുട്ടിയെ ചീത്തശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിലേക്ക് നയിച്ചതിന് കുട്ടിയുടെ കൂട്ടുകാരെ കുറ്റപ്പെടുത്താന്‍ തുടങ്ങുകയോ, അല്ലെങ്കില്‍ ആ പ്രശ്നം ഉണ്ടായത് കോളേജിലെ റാഗിംഗ് മൂലമാണെന്ന് പറയുകയോ ചെയ്യും. അതുപോലെ തന്നെ കടുത്ത അച്ചടക്കം പുലര്‍ത്തുന്നതിനും  പരീക്ഷകളില്‍ ഉയര്‍ന്ന് മാര്‍ക്ക് വാങ്ങുക പോലുള്ള കാര്യങ്ങളില്‍ കുട്ടികളെക്കുറിച്ച് അത്യധികമായ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നതിനും മറ്റും മാതാപിതാക്കള്‍ കോളേജ് അധികാരികളെ കുറ്റപ്പെടുത്തുകയും ചെയ്തേക്കാം. ജോലിചെയ്യുന്നവരുടെ കാര്യത്തിലാണെങ്കില്‍, കുടുംബാംഗങ്ങള്‍ ജോലിസ്ഥലത്തെ നയങ്ങളെ,  അല്ലെങ്കില്‍  ഈ വ്യക്തിയുടെ ആരോഗ്യത്തെ ബാധിച്ചു എന്ന് അവര്‍ വിശ്വസിക്കുന്ന ജോലിസ്ഥലത്തെ പ്രശ്നങ്ങള്‍ക്ക് മാനേജ്മെന്‍റിനെ അല്ലെങ്കില്‍ മേലധികാരികളെ കുറ്റപ്പെടുത്തും. മിക്കവാറും പേരുടെ കാര്യത്തില്‍ ഈ വക മനോവികാരങ്ങള്‍ അനുഭവപ്പെടുക തികച്ചും സ്വാഭാവികമാണ്. ഒരു തരത്തില്‍ ഇതൊരു ചികിത്സയുടെ ഫലം ചെയ്യുന്ന കാര്യമാണ്, കാരണം നിങ്ങളുടെ വേവലാതിയും  നിരാശയുമെല്ലാം പുറത്തുവിടാന്‍ ഇത് നിങ്ങളെ സഹായിക്കുന്നു. ഈ ഘട്ടത്തില്‍ നിന്ന് പുറത്തു വന്നുകഴിഞ്ഞാല്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി സ്വീകരിക്കാനും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ചികിത്സതേടാനും നിങ്ങള്‍ കുറെക്കൂടി ശേഷിയുള്ളവരായിത്തീരും.
ശ്രദ്ധിക്കുക: ദേഷ്യം പ്രകടിപ്പിക്കാതിരിക്കുകയോ അമര്‍ത്തിവെയ്ക്കുകയോ ചെയ്യുന്നത് നിങ്ങളെ ഉത്കണ്ഠ, മാനസിക പിരിമുറുക്കം, അല്ലെങ്കില്‍ ചിലരുടെ കാര്യത്തില്‍ വിഷാദരോഗം  തുടങ്ങിയ അവസ്ഥകളിലേക്ക് നയിച്ചേക്കാം. അതേസമയം തന്നെ ദേഷ്യത്തിന്‍റെ ഫലമായി ഉണ്ടാകുന്ന പൊട്ടിത്തെറി ചിലപ്പോള്‍ ബന്ധങ്ങളെ അപകടത്തിലാക്കുകയോ മറ്റുള്ളവര്‍ക്ക് ഉപദ്രവമായിത്തീരുകയോ ചെയ്തേക്കാം. അതിനാല്‍  നിങ്ങള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തോടേയോ അല്ലെങ്കില്‍ ദേഷ്യം നിയന്ത്രിക്കാനും സാഹചര്യത്തോട് യുക്തിസഹമായി പ്രതികരിക്കാനുമുള്ള ടെക്നിക്കുകള്‍ പരിശീലിച്ചുകൊണ്ടോ ദേഷ്യത്തെ വരുതിയില്‍ നിര്‍ത്താന്‍ പഠിക്കണം. 
വിലപേശല്‍/ചെറുത്തുനില്‍ക്കല്‍
പരിചരിക്കുന്നവരില്‍ ചിലര്‍ വിധിയുമായി വിലപേശാന്‍ തുടങ്ങും, രോഗിക്ക് ഗുരുതരമായ മാനസിക രോഗമാണ് ബാധിച്ചിരിക്കുന്നത് എങ്കില്‍ പോലും  അവസ്ഥ അത്ര ഗുരുതരമായതൊന്നുമല്ല, അത്ര വലിയ കാര്യമൊന്നും സംഭവിച്ചിട്ടില്ല എന്നൊക്കെ പറയും. ഡോക്ടര്‍ക്ക് രോഗം പൂര്‍ണമായി ഭേദമാക്കാനാകുമെന്ന് അവര്‍ അനുമാനിക്കുകയും ചെയ്യും.
മറ്റുള്ളവരില്‍ നിന്ന് തങ്ങളെ വിമര്‍ശിക്കുന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ കേള്‍ക്കുകയോ തങ്ങളുടെ കാഴ്ചപ്പാടിന് വിരുദ്ധമായ വിവരങ്ങള്‍ വായിക്കുകയോ ചെയ്യുമ്പോള്‍ പരിചരിക്കുന്നവര്‍ ഒരു തരം ആത്മ പ്രതിരോധത്തിന്‍റെ അല്ലങ്കില്‍ ചെറുത്തു നില്‍പ്പിന്‍റെ അവസ്ഥയിലെത്തും. നിങ്ങളുടെ പ്രിയപ്പെട്ടയാളെ നിങ്ങളുടെ അത്രയും നന്നായി മറ്റാര്‍ക്കും അറിയുമായിരിക്കില്ല എങ്കിലും  ഇത്തരത്തില്‍ ഒരു ചെറുത്തുനില്‍പ്പ് സ്വീകരിക്കുന്നത് നിങ്ങളെ ഒരു അടഞ്ഞ മനസിന്‍റെ ഉടമായാക്കുന്നതിനേ ഉപകരിക്കു, അങ്ങനെയാകുന്നത് നിങ്ങള്‍ക്ക് പുറത്തുനിന്നുള്ള സഹായവും പിന്തുണയും നഷ്ടപ്പെടുക എന്ന വലിയ അപകടം വരുത്തിവെച്ചേക്കാം. ഉദാഹരണത്തിന്, ഒരു സാമൂഹ്യ പ്രവര്‍ത്തകന്, അല്ലെങ്കില്‍ ഒരു സുഹൃത്തിന് ഈ സാഹചര്യം കൈകാര്യ ചെയ്യുന്നതിന് കൂടുതല്‍ നല്ലൊരു നിര്‍ദ്ദേശം പറയാനുണ്ടായേക്കാം.  അത് നിങ്ങളുടെ താല്‍പര്യത്തിന,് അല്ലെങ്കില്‍ കാഴ്ചപ്പാടിന്  എതിരാണ് എന്നതുകൊണ്ട് അത് നിഷേധിക്കുകയോ അതിനോട് പുറം തിരിഞ്ഞു നില്‍ക്കുകയോ ചെയ്യുന്നത് നിങ്ങളുടെ പ്രിയപ്പെട്ടവരുടെ അവസ്ഥ കൂടുതല്‍ വഷളാക്കാനേ ഉപകരിക്കു.
അമര്‍ഷം/ വെറുപ്പ്
ഈ മനോവികാരം ഇപ്പോഴും വിലക്കപ്പെട്ടതായതുകൊണ്ട് മാനസിക രോഗമുള്ളവരെ പരിചിരിക്കുന്നവരില്‍ മിക്കാവാറും പേരും ഇതുണ്ടെന്ന് സമ്മതിക്കാന്‍ മടിക്കുന്നു. ഇത് നമ്മുടെ സമൂഹത്തിന്‍റെ സമീപനം കൊണ്ട് ഉണ്ടാകുന്നതാണ്. സ്വന്തം സുഖസൗകര്യങ്ങള്‍ മാറ്റിവെച്ചുകൊണ്ട് ത്യാഗവും, വിട്ടുവീഴ്ചയും  നീക്കുപോക്കുകളും മറ്റും ഉണ്ടാകുന്നതിനെ പരിചരിക്കുന്നവരുടെ ജീവിതം, മോഹങ്ങള്‍, വികാരങ്ങള്‍, താല്‍പര്യങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും ആകുലപ്പെടാതെ   നമ്മള്‍ വാഴ്ത്തിപ്പാടും, മഹത്വവത്ക്കരിക്കും. എന്നാല്‍ പരിചരിക്കുന്നയാള്‍ എപ്പോഴെങ്കിലും അമര്‍ഷമോ വെറുപ്പോ പ്രകടിപ്പിച്ചുപോയാല്‍ അയാളെ കുറ്റപ്പെടുത്തി പിച്ചി ചീന്തുകയും ചെയ്യും. മാനസിക രോഗങ്ങളെക്കുറിച്ചും,  പരിചരിക്കുന്നവരുടെ മനോവികാരങ്ങളെക്കുറിച്ചും അവര്‍ നേരിടുന്ന വെല്ലുവിളികളേക്കുറിച്ചും വേണ്ടത്ര അറിവില്ലാത്തതുകൊണ്ടാണ് നമ്മള്‍ അത്തരമൊരു സമീപനം പുലര്‍ത്തുന്നത്. 
പരിചരിക്കുന്നയാള്‍ക്ക് ( സാധാരണയായി, മിക്കവാറും സമയം രോഗിയെ പരിചരിക്കുന്നതിനായി ചെലവഴിക്കുന്ന, കുടുംബത്തിലെ ഒരു അംഗം) പലപ്പോഴും ഒരു നിരാശ അനുഭവപ്പെട്ടേക്കും, കാരണം മറ്റു കുടുംബാംഗങ്ങളൊന്നും മാനസിക രോഗമുള്ള വ്യക്തിയെ പരിചരിക്കുന്ന കാര്യത്തില്‍ പരിചരിക്കുന്നയാള്‍ക്ക് ഒരു സഹായവും ചെയ്യുന്നുണ്ടാകില്ല. കുടുംബത്തിലുള്ള മറ്റുള്ളവര്‍ എല്ലാം പരിചരിക്കുന്നയാള്‍ എന്ന വേഷം ഈ  ഒരാള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നതായെടുക്കുകയും  രോഗിക്ക് ആവശ്യമായ കാര്യങ്ങളെല്ലാം ചെയ്യുക എന്നത്  ആ ഒരൊറ്റ  വ്യക്തിയുടെ മാത്രം ഉത്തരവാദിത്തമാണെന്ന് വിചാരിക്കുകയും ചെയ്തേക്കാം,  പരിചരിക്കുന്നയാള്‍ക്ക് ഇത് കുറച്ച് കഠിനകരമായേക്കാം.
ഇന്ത്യയില്‍ പരിചരിക്കുന്നവരില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്, രോഗിക്ക് മുഴുവന്‍ സമയം പരിചരണം ആവശ്യമായി വരുകയാണെങ്കില്‍ ഈ സ്ത്രീകള്‍ക്ക് അവരുടെ ജോലി ഉപേക്ഷിക്കേണ്ടതായും വരാറുണ്ട്. വീട്ടുജോലിയെല്ലാം വീട്ടിലെ സ്ത്രീ തന്നെ ചെയ്യണം എന്നൊരു അലിഖിത സാമൂഹ്യ നിയമം ഇന്ത്യയില്‍ നിലനില്‍ക്കുന്നതിനാല്‍ പരിചരിക്കുന്ന സ്ത്രീകള്‍ക്ക് സമൂഹത്തില്‍ നിന്ന് വലിയ പിന്തുണയൊന്നും കിട്ടിയെന്നും വരില്ല. മിക്കവാറും സമയം, ജീവിതാവശ്യങ്ങള്‍ക്കുള്ള പണത്തിന്‍റെ കുറവും അതിനോടൊപ്പം തന്‍റെ പരിശ്രമങ്ങളോട് കുടുംബം കാണിക്കുന്ന അനാദരവും അവഹേളനവും ഒക്കെ കൂടിയാകുമ്പോള്‍  പരിചരിക്കുന്നവര്‍ക്ക് ജീവിതം തന്നെ വളരെ വേദനാപൂര്‍ണവും നിരാശാകരവുമായിത്തീരുന്നു.
ആകെക്കൂടി, പരിചരിക്കുന്നയാളുടെ തൊഴില്‍ ജീവിതം, വിവാഹം, ആരോഗ്യം, വീടിന്  പുറത്തുള്ള പ്രവര്‍ത്തികള്‍ തുടങ്ങിയവയിലെല്ലാം തന്നെ അയാള്‍ക്ക്  ഒത്തുതീര്‍പ്പുകള്‍ വേണ്ടി വരികയോ ഒഴിവാക്കേണ്ടി വരികയോ ചെയ്യുമ്പോള്‍ അതവരെ ദേഷ്യത്തിലേക്കോ അമര്‍ഷത്തിലേക്കോ നയിച്ചേക്കാം. 
ശ്രദ്ധിക്കുക: പരിചരിക്കുന്നയാള്‍ക്ക്- അയാള്‍ മാനസിക രോഗം ബാധിച്ചിരിക്കുന്ന വ്യക്തിക്കോ തനിക്കുതന്നെയോ   അരോചകമായ എന്തെങ്കിലും കാര്യങ്ങള്‍ അല്ലെങ്കില്‍ എന്തെങ്കിലും കുടുംകൈ ചെയ്യാതിരിക്കുന്നതുവരെ- മാനസിക രോഗമുള്ള വ്യക്തിയോടോ കുടുംബാംഗങ്ങളോടോ അമര്‍ഷം തോന്നുന്നത് സ്വാഭാവികമാണ്.
സങ്കടം
പരിചരിക്കുന്നവര്‍ മിക്കവാറും സമയങ്ങളില്‍ ഒരു ചിരിയോടെ പെരുമാറുന്നതുകൊണ്ട് അവര്‍ക്ക് സങ്കടങ്ങളൊന്നുമില്ല എന്നാണ് നമ്മള്‍ കരുതുന്നത്. പക്ഷെ വാസ്തവത്തില്‍, ഇത് ശരിയല്ല. പലപ്പോഴും നമ്മള്‍ മരണവുമായി സങ്കടത്തെ അല്ലെങ്കില്‍ വ്യസനത്തെ ബന്ധപ്പെടുത്തുന്നു,  പക്ഷെ, പ്രിയപ്പെട്ട ഒരാള്‍ മാനസിക രോഗം അനുഭവിക്കുമ്പോള്‍, പ്രത്യേകിച്ച് ആ രോഗം ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്നതും മാരകമായതുമാകുമ്പോള്‍ ആളുകള്‍ക്ക് മരണ ദുഃഖത്തിന് തു തുല്യമായ - പ്രതീക്ഷിത ദുഃഖം എന്ന് വിളിക്കപ്പെടുന്ന- ഒരു മനോവികാരം അനുഭവപ്പെടാറുണ്ട്. പരിചാരകര്‍ക്കിടയില്‍ ഈ പ്രതീക്ഷിത ദുഃഖം വളരെ സധാരണമാണ്, ഇത് ഏത് സമയത്തും അനുഭവപ്പെടാവുന്നതുമാണ്. എന്നാല്‍ അല്‍ഷിമേഴ്സ്, ഡിമെന്‍ഷ്യ, കാന്‍സര്‍ പോലുള്ള രോഗങ്ങളുടെ മധ്യഘട്ടത്തിലും അവസാന ഘട്ടത്തിലും കൂടുതല്‍ സാധാരണമായി അനുഭവപ്പെടുന്നതായി കാണുന്നു.
നിങ്ങള്‍ക്ക് സങ്കടവും വേദനയും അനുഭവപ്പെടുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് അവബോധം ഉണ്ടെങ്കില്‍ അത് നല്ലതാണ്. നിങ്ങള്‍ക്ക് പ്രിയപ്പെട്ട ഒരാളോട്, അല്ലെങ്കില്‍ സഹായമനസുള്ള ഒരാളോടോ നിങ്ങള്‍ കടന്നു പോകുന്ന അവസ്ഥ മനസിലാക്കാന്‍ കഴിവുള്ള ആളോടോ ഇത് തുറന്ന് പ്രകടിപ്പിക്കാന്‍ ശ്രമിക്കുക.അതിന് പകരം സന്തോഷം പ്രകടിപ്പിക്കുന്നത് കുറേക്കഴിയുമ്പോള്‍ നിങ്ങള്‍ക്ക് വളരെയധികം അസ്വസ്ഥതയുണ്ടാക്കുകയും നിരാശ അനുഭവപ്പെടുത്തുകയുമൊക്കെ ചെയ്തേക്കും.
നിങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി  ജീവിതത്തിലെ കുറച്ച് സമയം നീക്കിവെയ്ക്കുകയും നിങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന എന്തെങ്കിലുമൊക്കെ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുക. ഇത് ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യും.
വേവലാതി
വേവലാതിപ്പെടാതിരിക്കാന്‍ എത്രശ്രമിച്ചാലും നമുക്ക് അതില്‍ നിന്ന് രക്ഷപെടാനാകില്ല. മാനസിക രോഗമുള്ള വ്യക്തിയോട് നമുക്കുള്ള സ്നേഹവും അവരുടെ കാര്യത്തില്‍ നമുക്കുള്ള  ഉത്കണ്ഠയും മൂലം അവരുടെ വിദ്യാഭ്യാസം, സാമ്പത്തികം, വിവാഹം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചോര്‍ത്ത് നമുക്ക് എപ്പോഴും ഒരു വേവലാതി ഉണ്ടായിരിക്കും. "എന്‍റെ മരണ ശേഷം അവര്‍ക്ക് എന്ത്  സംഭവിക്കും?" എന്നതുപോലുള്ള ചില വേദനിപ്പിക്കുന്ന ചിന്തകള്‍ നിങ്ങളുടെ മനസിലേക്ക് നുഴഞ്ഞുകേറിക്കൊണ്ടിരിക്കും. എന്ത് കാര്യത്തെക്കുറിച്ചും ഒരു ചിന്തയുണ്ടായിരിക്കുന്നത് നല്ലതാണ്, എന്നാല്‍ അമിതമായി ആകുലപ്പെടുന്നത് അല്ലെങ്കില്‍ ഭാവിയില്‍  സംഭവിക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ചിന്ത ഒഴിയാബാധയായി പിടികൂടുന്നത് നിങ്ങളുടെ ജോലിയെ, പ്രവര്‍ത്തനങ്ങളെ ബാധിക്കും, ഉറക്കം തടസപ്പെടുത്തും, തലവേദനയ്ക്കും ശരീര വേദനയ്ക്കും മറ്റും കാരണമാകും, മറ്റ് ആരോഗ്യ  പ്രശ്നങ്ങളിലേക്ക് നിങ്ങളെ വലിച്ചിഴയ്ക്കും എന്നൊക്കെയല്ലാതെ അതുകൊണ്ട് യാതൊരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ല.
ഈ വേവലാതികള്‍ നിങ്ങളുടെ ആരോഗ്യത്തെ, ദൈനംദിന പ്രവര്‍ത്തനങ്ങളെ (ജോലി, ഭക്ഷണക്രമം, ഉറക്കം) ബാധിക്കുന്നതായി എപ്പോഴെങ്കിലും നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനേ തന്നെ ഈ ചിന്തകളെ മറികടക്കുന്നതിനുള്ള എന്തെങ്കിലും കാര്യം നിങ്ങള്‍ ചെയ്യേണ്ടതുണ്ട്. നിങ്ങള്‍ക്ക് നിങ്ങളുടെ പ്രതികൂല(മോശം) ചിന്തകള്‍ തുറന്ന് പ്രകടിപ്പിക്കാന്‍ കഴിയുന്നതും നിങ്ങളെ കൂടുതല്‍ ക്രിയാത്മകമായ ചിന്തകളിലേക്ക് വഴിതിരിച്ചുവിടാന്‍ കഴിവുള്ളവരുമായ, നിങ്ങള്‍ക്ക് വിശ്വാസമുള്ള ഒരു കൗണ്‍സിലറുടെ അല്ലെങ്കില്‍ തെറാപ്പിസ്റ്റിന്‍റെ സഹായം തേടാവുന്നതുമാണ്. 
നിരാശ, അപമാനം 
 മാനസിക രോഗമുള്ള വ്യക്തിക്കും കുടുംബത്തിനും ഈ തോന്നലുകള്‍ ഉണ്ടായേക്കാം. സമൂഹത്തില്‍ മാനസിക രോഗത്തെ ചുറ്റി നില്‍ക്കുന്ന അപമാനവും തെറ്റിദ്ധാരണകളും മൂലം കുടുംബത്തിന് തങ്ങളുടെ പ്രിയപ്പെട്ടയാളുടെ രോഗത്തെക്കുറിച്ചോര്‍ത്ത് നാണക്കേട് അനുഭവപ്പെട്ടേക്കാം. സാമൂഹ്യമായി ഒറ്റപ്പെടുത്തപ്പെടുമോ എന്ന് ഭയന്ന് അവര്‍ ബന്ധുക്കളോടൊ സുഹൃത്തുക്കളോടോ ഇതിനെക്കുറിച്ച് സംസാരിക്കാനോ ഈ പ്രശ്നം വെളിപ്പെടുത്താനോ മടിക്കും. 
പരിചരിക്കുന്നവരെ ബാധിക്കുന്ന അത്രയും തന്നെ ഈ പ്രശ്നം  രോഗം അനുഭവിക്കുന്ന വ്യക്തിയെയും  ബാധിക്കുന്നു. കുടുംബത്തിന് തോന്നുന്ന അതേ ഭയം കൊണ്ടു തന്നെ ഇവര്‍ക്കും സുഹൃത്തുക്കളോടോ പ്രിയപ്പെട്ടവരോടോ തങ്ങളുടെ വികാരങ്ങള്‍ തുറന്നു പറയാന്‍ കഴിയാത്തതുകൊണ്ട് അവര്‍ക്ക് ഒരു നിസ്സഹായത അനുഭവപ്പെടും. മാനസിക രോഗമുള്ള ഒരു യുവാവിന്‍റെ അച്ഛന്‍ പറയുന്നു,  "ആളുകള്‍ ഞങ്ങളുടെ വീട്ടിലേക്ക് വരുന്നത് നിര്‍ത്തി. ഞങ്ങളെ ആരും  കല്യാണങ്ങള്‍ക്കോ സാമൂഹ്യമായ ഒത്തുചേരലുകള്‍ക്കോ ഒന്നും വിളിക്കാതെയുമായി."
കുറ്റബോധം
പരിചരിക്കുന്നവര്‍ക്ക് പലപ്പോഴും താന്‍ വേണ്ടത്രയൊന്നും ചെയ്തില്ല, ശരിയായ രീതിയില്‍ പെരുമാറുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തില്ല, ശരിയായ സമയത്ത് ഉചിതമായ തീരുമാനം എടുത്തില്ല, മാനസികാരോഗ്യത്തെക്കുറിച്ച് ശരിയായ അറിവില്ല എന്നിങ്ങനെയൊക്കെയുള്ള, സ്വയം അടിച്ചേല്‍പ്പിക്കുന്ന ഒരു കുറ്റബോധം അനുഭവപ്പെടാറുണ്ട്. " എനിക്ക് അങ്ങനെ ചെയ്യാന്‍ കഴിയുമായിരുന്നെങ്കില്‍", "ഞാന്‍ അങ്ങനെ ചെയ്യേണ്ടിയിരുന്നു", "എനിക്ക് അങ്ങനെ ചെയ്യാമായിരുന്നു" എന്നിങ്ങനെയുള്ള ചിന്തകള്‍ കൊണ്ട് സ്വയം മനസിന് ഭാരം ഉണ്ടാക്കി വെയ്ക്കുന്നു. ഉദാഹരണത്തിന്, " ഞാന്‍ എന്‍റെ മകനെ കുറെക്കൂടി നേരത്തേ ചികിത്സിപ്പിക്കാന്‍ കൊണ്ടുപോകണമായിരുന്നു", " എനിക്ക് അയാളോട് കുറെക്കൂടി ക്ഷമകാണിക്കാമായിരുന്നു", "മോളുടെ ആഹാരം കഴിക്കലിലെ തകരാറ് ഒഴിവാക്കുന്നതിനായി  ഞാന്‍ അവളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കുറെക്കൂടി സമയം ചെലവഴിക്കേണ്ടിയിരുന്നു", എന്നിങ്ങനെ. 
ഇത്തരത്തില്‍ കുറ്റബോധം അനുഭപ്പെടുന്നത് ഒഴിവാക്കാനാകാത്ത കാര്യമാണ്. തീര്‍ത്തും നിരാശാകരമായ സാഹചര്യം മൂലം പരിചരിക്കുന്നവര്‍ ഈ വക ചിന്തകള്‍ക്ക് അടിപ്പെട്ടു പോയേക്കും. തുടര്‍ച്ചയായി ഇത്തരം ചിന്തകള്‍ തികട്ടിതികട്ടി വരുന്നതുമൂലം ചിലപ്പോള്‍ പരിചരിക്കുന്നവര്‍ക്ക് വിഷാദരോഗം പിടിപെടുകയും ചികിത്സ ആവശ്യമായി വരികയും ചെയ്തേക്കാം.
ശ്രദ്ധിക്കുക: നിങ്ങള്‍ക്ക് വളരെയധികം ആദര്‍ശ ചിന്തകളും പ്രതീക്ഷകളും മറ്റും ഉണ്ടാകാതിരിക്കുന്നതാണ് നല്ലത്. വസ്തുതകളെ അതിന്‍റെ എല്ലാ പരിമിതികളോടും കൂടി സ്വീകരിക്കുന്നത് സാഹചര്യങ്ങളെ മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ നിങ്ങളെ സഹായിക്കും. ഒരു കാര്യത്തിന് വേണ്ടി സ്വയം ശിക്ഷിക്കുന്നതിന് പകരം അതിന്‍റേതായ ഒഴുക്കിനൊപ്പം പോകാന്‍ ശ്രമിക്കുക.
വിഷാദം
മാനസിക രോഗമുള്ള ഒരാളെ ദീര്‍ഘകാലം പരിചരിക്കേണ്ടി വരുന്നത് പരിചരിക്കുന്നയാള്‍ക്ക് തീര്‍ത്തും കഠിനകരമായിത്തീരുകയും അയാളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുകയും ചെയ്തേക്കാം. അവര്‍ക്ക് മാനസിക പിരിമുറുക്കവും ഉത്കണ്ഠയും അനുഭവപ്പെടുകയും അതവരെ വൈകാരികമായ ഒരു തരം തളര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്തേക്കാം.  ക്രമേണ അവര്‍ വിഷാദരോഗികളായേക്കാം. തുടക്കത്തില്‍ തന്നെ  ഇതിന് ഒരു മാനസികാരോഗ്യ വിദഗ്ധനെ സമീപിച്ച് ചികിത്സ നേടിയാല്‍  പരിചരിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ ഇതില്‍ നിന്ന് മുക്തി നേടാനും മാനസിക രോഗമുള്ള വ്യക്തിയുടെ പരിചരണത്തിലേക്ക് മടങ്ങിവരാനും കഴിയും.  
അംഗീകരിക്കല്‍
സാഹചര്യങ്ങളെ നേരിടാനുള്ള പരിചരിക്കുന്നയാളുടെ ശേഷിയ്ക്ക് അനുസരിച്ച് ഒടുവില്‍ അവര്‍ രോഗത്തോട് പൊരുത്തപ്പെടുകയും വിദഗ്ധ സഹായം തേടാന്‍ തീരുമാനിക്കുകയും ചെയ്യും. അതിന് ശേഷം അവര്‍ നിര്‍ദ്ദേശിക്കപ്പെടുന്ന ചികിത്സ പിന്തുടരുകയും കുടുംബാംഗത്തെ പിന്തുണയ്ക്കുകയും ചെയ്യും. ചികിത്സയ്ക്കൊപ്പം തന്നെ അവര്‍ ഒരു ആശ്വാസത്തിനായി ചില മതാനുഷ്ഠാനങ്ങളോ പ്രാര്‍ത്ഥനകളോ വഴിപാടുകളോ ചെയ്തേക്കും. ഇത്തരം കാര്യങ്ങള്‍ രോഗിയെ അപകടത്തിലാക്കുകയോ ചികിത്സയെ തടസപ്പെടുത്തുകയോ ചെയ്യാതിരിക്കുന്നിടത്തോളം ഡോക്ടര്‍മാര്‍ കുടുംബാംഗങ്ങളുടെ വിശ്വാസത്തിനോ ആചാരങ്ങള്‍ക്കോ എതിരുനില്‍ക്കുകയോ അതിന് വിരുദ്ധമായ ഉപദേശങ്ങള്‍ നല്‍കുകയോ ചെയ്യില്ല. 
പരിചരിക്കുന്നവര്‍ മതാനുഷ്ഠാനങ്ങളുടെ, അല്ലെങ്കില്‍ വിശ്വാസങ്ങളുടെ  ഭാഗമായി രോഗിയെ ഏതെങ്കിലും തരത്തിലുള്ള ശാരീരികമായ ഉപദ്രവം(അടിക്കുക, കൈയ്യില്‍ കര്‍പ്പൂരം കത്തിച്ചുവെയ്ക്കുക, കെട്ടിയിടുക) ഏല്‍പ്പിക്കുന്നതായി കണ്ടാല്‍  അത്തരം ഉപദ്രവങ്ങള്‍ നിര്‍ത്താന്‍ ഡോക്ടര്‍ പരിചരിക്കുന്നവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം കൊടുക്കും. 
ശ്രദ്ധിക്കുക: പരിചരിക്കുന്നവര്‍ ഇത്തരം അനുഷ്ഠാനങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമായി ധാരാളം പണം ചെലവഴിക്കുന്നുണ്ട്, അതിന് ശേഷം ഡോക്ടറെ സമീപിക്കുമ്പോഴേക്കും ചികിത്സയ്ക്കുള്ള പണം ഉണ്ടാകുകയുമില്ല. ഇതാണ് ഇത്തരം മതാചാരങ്ങളും അനുഷ്ഠാനങ്ങളും മറ്റും മൂലം ഉണ്ടാകുന്ന ഒരു നഷ്ടം. 
ഇത്തരത്തിലുള്ള എല്ലാ മനോവികാരങ്ങളേയും മറികടക്കാന്‍ പരിചരിക്കുന്നയാള്‍ കുറച്ച് സമയമെടുത്തേക്കും.പരിചരിക്കുന്നയാള്‍ക്ക്ഈ സാഹചര്യങ്ങളെ നേരിടുന്നതിന് കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും  ചുറ്റുമുള്ള മറ്റുള്ളവരില്‍ നിന്നും വലിയതോതില്‍ പിന്തുണയും സ്നേഹവും സംരക്ഷണവും ആവശ്യമുണ്ട്.
ഒരു സ്ത്രീയ്ക്ക് മാനസിക രോഗം ഉണ്ടായാല്‍ പരിചരിക്കുന്നവര്‍ക്കുണ്ടാകുന്ന മനോവികാരങ്ങള്‍
കുടുംബത്തിലെ ഒരു സ്ത്രീക്ക് മാനസിക രോഗം ഉണ്ടായാല്‍ പരിചരിക്കുന്നവര്‍/സംരക്ഷിക്കുന്നവര്‍ കൂടുതല്‍  വേവലാതിപ്പെടും. കാരണം നമ്മുടെ സമൂഹം, പ്രത്യേകിച്ച് ഗ്രാമങ്ങളിലെ ആളുകള്‍ ഇപ്പോഴും ചിന്തിക്കുന്നത് വിവാഹം കഴിക്കുകയും ഭര്‍ത്താവും കുട്ടികളും കുടുംബകാര്യങ്ങളുമൊക്കെയായി 'ഒതുങ്ങിക്കൂടുകയും' ചെയ്താല്‍ മാത്രമേ ഒരു സ്ത്രീക്ക് നല്ലൊരു ജീവിതം നയിക്കാനാകു എന്നാണ്. ഒരു സ്ത്രീക്ക് മാനസിക രോഗം ഉണ്ടെന്ന് കണ്ടെത്തിയാല്‍ കുടുംബത്തിന് ആദ്യം ഉണ്ടാകുന്ന ചിന്ത, അവളെങ്ങനെ ഒറ്റയ്ക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകും, ആര് അവളെ വിവാഹം കഴിക്കും എന്നതായിരിക്കും. അവിവാഹിതയായ ഒരു പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു, " അവള്‍ കല്യാണം കഴിച്ചിട്ടില്ലാത്തതിനാല്‍ രോഗവിവരം ഞങ്ങള്‍ക്ക് ഒളിച്ചുവെയ്ക്കേണ്ടി വരുന്നു. ഞങ്ങള്‍ ആരോടെങ്കിലും ഇക്കാര്യം പറഞ്ഞാല്‍ അവള്‍ക്ക് ഇണങ്ങിയ ഒരു വരനെ കണ്ടെത്താന്‍ വല്ലാത്ത ബുദ്ധിമുട്ട് നേരിടേണ്ടി വരും." 
നമ്മുടെ സമൂഹത്തില്‍ ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു സാഹചര്യം വളരെ വ്യത്യസ്തമായ തരത്തിലായിരിക്കും പരിഗണിക്കപ്പെടുന്നത്, കാരണം  അയാള്‍ വിവാഹത്തിന് ശേഷം പോലും   അയാളെ പിന്തുണയ്ക്കുന്ന മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്. എന്നാല്‍ ഒരു സ്ത്രീ, വിവാഹത്തിന് ശേഷം അവളുടെ ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് പോകുന്നു, അവിടെ അവള്‍ക്ക് പുതിയ പരിസരവും സാഹചര്യവുമൊക്കെയായി പൊരുത്തപ്പെടേണ്ടി വരുന്നു, അവിടത്തെ സാഹചര്യത്തിന് അനുസരിച്ച് അവള്‍ക്ക് തന്‍റെ കാര്യങ്ങളില്‍ വലിയ വിട്ടുവീഴ്ചകള്‍ നടത്തേണ്ടി വരുന്നു. മാത്രമല്ല അതോടെ അവള്‍ക്ക് മുമ്പ് കിട്ടിയുന്ന തന്‍റെ കുടുംബത്തിന്‍റെ പിന്തുണ നഷ്മാകുകയും ചെയ്യുന്നു. ഭര്‍ത്താവിന്‍റെ വീട്ടില്‍ ഭര്‍ത്താവും അയാളുടെ മാതാപിതാക്കളും തങ്ങളുടെ മകളുടെ പ്രശ്നങ്ങള്‍ മനസിലാക്കുകയും അവള്‍ക്ക് പിന്തുണ കൊടുക്കുകയും ചെയ്യുമോ എന്നോര്‍ത്ത് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വ്യാകുലപ്പെടുകയും ചെയ്യുന്നു. സമൂഹം ഇപ്പോഴും യാഥാത്ഥിതിക സ്വഭാവം വച്ചുപുലര്‍ത്തുന്നതിനാലും മാനസിക രോഗം ഉണ്ടായാല്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കൂടുതലായി അപമാനിക്കപ്പെടുകയും ചെയ്യുന്നതിനാലും സ്ത്രീകള്‍ക്ക് വളരെയധികം പ്രശ്നങ്ങളേയും വെല്ലുവിളികളേയും നേരിടേണ്ടി വരുന്നു. ഇക്കാരണത്താല്‍ ഒരു പ്രവര്‍ത്തന നിരതമായ, സജീവമായ ജീവിതം ജീവിക്കാന്‍ സ്ത്രീകള്‍ പെടാപ്പാടുപെടുകയും ചെയ്യുന്നു. 
ഈ ലേഖനം നിംഹാന്‍സിലെ സൈക്യാട്രി പ്രൊഫസര്‍ ഡോ. ജഗദീശ തീര്‍ത്ഥനഹള്ളി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയിട്ടുള്ളതാണ്. 
White Swan Foundation
malayalam.whiteswanfoundation.org