അല്‍ഷിമേഴ്സ് രോഗം

Q

എന്താണ് അല്‍ഷിമേഴ്സ് രോഗം?

A

പ്രേമയുടെ ഓര്‍മ്മയ്ക്ക് ചില പ്രശ്നങ്ങള്‍ കണ്ടു തുടങ്ങിയപ്പോള്‍ അവര്‍ക്ക് പ്രായം 59 വയസായിരുന്നു. അപ്പോള്‍ അവര്‍ക്ക് പേരുകളോ ഫോണ്‍ നമ്പറുകളോ ഓര്‍ക്കാന്‍ കഴിയാതെയായി. അവര്‍ അവരുടെ ദിനചര്യകള്‍ പലതും ആവര്‍ത്തിച്ച് ചെയ്യാന്‍ തുടങ്ങി, അവയൊന്നും അന്ന് ചെയ്തിട്ടില്ല എന്ന വിചാരത്തിലാണ് പ്രേമ അവ വീണ്ടും ചെയ്തിരുന്നത്. ചിലപ്പോഴൊക്കെ അവര്‍ അവരുടെ ഭര്‍ത്താവിനോട് ഒരേ ചോദ്യം തന്നെ വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരുന്നു. പ്രേമ വളരെ സ്നേഹപൂര്‍വവും സൗഹൃദപരമായും പെരുമാറുന്ന പ്രകൃതമായിരുന്നു, എന്നാല്‍ പിന്നീട് അവര്‍ മറ്റുള്ളവരോട് ക്ഷോഭിക്കുകയും തട്ടിക്കേറുകയും മറ്റു ചെയ്യുന്ന പ്രകൃതമായി. പ്രേമയുടെ അസാധാരണമായ ഈ പെരുമാറ്റം മൂലം  അവരുടെ ഭര്‍ത്താവ്  സങ്കടത്തിലാകുകയും അദ്ദേഹം ഒരു ഡോക്ടറെ കാണാന്‍ തീരുമാനിക്കുകയും ചെയ്തു. പ്രേമയുടെ കഥ കേള്‍ക്കുകയും പ്രത്യേകമായ ചില പരിശോധനകള്‍ നടത്തുകയും ചെയ്തതിന് ശേഷം പ്രേമയുടെ അവസ്ഥ അല്‍ഷിമേഴ്സ് ആണെന്ന് ഡോക്ടര്‍ കണ്ടെത്തി.
(ഈ സാങ്കല്‍പ്പിക കഥ ഇവിടെ വിവരിച്ചത് യഥാര്‍ത്ഥ ജീവിത സാഹചര്യത്തിലൂടെ ഈ തകരാറിനെക്കുറിച്ച് മനസിലാക്കുന്നതിനുവേണ്ടിയാണ്). 
അല്‍ഷിമേഴ്സ് രോഗം മാറ്റാനാകാത്ത നാഡീസംബന്ധമായ തകരാറാണ്, അത് ഓര്‍മ്മശക്തി, ചിന്താശേഷി, മറ്റ് പ്രധാനപ്പെട്ട മാനസിക പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ സ്ഥിരമായ നാശത്തിന് കാരണമാകുന്നു. അല്‍ഷിമേഴ്സ് ഒരു തരം മറവിരോഗമാണ്, ഇത് ക്രമേണ വര്‍ദ്ധിക്കുന്നതുമാണ്. അതായത് ഇതിന്‍റെ ലക്ഷണങ്ങള്‍ നാളുചെല്ലുമ്പോറും  കൂടുതല്‍ കൂടുതല്‍ ഗുരുതരമാകുകയും ഒരു വ്യക്തിയുടെ  ദൈനംദിന കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയെ സാരമായി അലങ്കോലപ്പെടുത്തുകയും ചെയ്യുന്നു.
 

Q

അല്‍ഷിമേഴ്സ് രോഗത്തിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെ ?

A

 
അല്‍ഷിമേഴ്സിന്‍റെ പ്രാരംഭ ഘട്ടത്തിലുള്ള ഒരാള്‍ക്ക് ഓര്‍മ്മകള്‍ നഷ്ടപ്പെടുന്നതായി അനുഭവപ്പെട്ടേക്കാം. രോഗം വളരുമ്പോള്‍ ലക്ഷണങ്ങള്‍ ഗുരുതരമാകും. ചില ലക്ഷണങ്ങള്‍ എല്ലാവരിലും പൊതുവായുള്ളതാണെങ്കിലും അവയുടെ തീവ്രതയും ഒരാളില്‍ അത് ആഘാതമുണ്ടാക്കുന്ന രീതിയും ഓരോരുത്തരിലും വ്യത്യസ്തമായേക്കാം.
 •  ഓര്‍മ്മശക്തി : ഓര്‍മ്മശക്തിയില്‍ സാവധാനത്തിലുള്ള നാശം ഉണ്ടാകുന്നു. ഇത് ഒരു വ്യക്തി സംഭവങ്ങള്‍, സംഭാഷണങ്ങള്‍, കുടുംബാംഗങ്ങളുടേയും മറ്റുള്ളവരുടേയും പേരുകള്‍ മുതലായവ മറന്നു പോകുന്നതിന് ഇടയാക്കുന്നു. വ്യക്തി വസ്തുക്കള്‍ സ്ഥാനം തെറ്റി വെയ്ക്കുകയും ദൈനംദിന കാര്യങ്ങള്‍ ഓര്‍മ്മിക്കാന്‍ ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്നു.
 • സ്ഥല-കാല ബന്ധം നഷ്ടപ്പെടുക : അല്‍ഷിമേഴ്സുള്ളയാള്‍ക്ക് ഋതുക്കള്‍ (സീസണ്‍) ഏതെന്ന് തിരിച്ചറിയാനുള്ള കഴിവില്ലാതായേക്കാം. അതുപോലെ തന്നെ ആഴ്ചയിലെ ദിവസം, സമയവും നിലവിലുള്ള ജീവിത സാഹചര്യവും മറ്റും അറിയാന്‍ കഴിയാതെ വന്നേയ്ക്കാം. അതുപോലെ തന്നെ  ഈ വ്യക്തി കാണുന്നത് എന്താണെന്നത് സുഗ്രാഹ്യമാക്കാന്‍ തലച്ചോറിന് കഴിയാതിരിക്കുകയും ചുറ്റുപാടുമുള്ള പരിതസ്ഥിതി എന്താണെന്ന് മനസിലാക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുകയും ചെയ്തേക്കാം. ഈ പ്രശ്നം ഒടുവില്‍ ഒരു വ്യക്തിയെ  അയാള്‍ക്ക് വളരെ പരിചിതമായ സ്ഥലങ്ങള്‍ പോലും തിരിച്ചറിയാനാകാത്ത സ്ഥിതിയിലേക്ക് നയിക്കും.
 • എഴുത്തും സംസാരവും : വസ്തുക്കളെ തിരിച്ചറിയുന്നതിനായി ശരിയായ വാക്കുകള്‍ കണ്ടെത്തുന്നതിലും ചിന്തകള്‍ പ്രകടിപ്പിക്കുന്നതിലും സംഭാഷണങ്ങളില്‍ പങ്കെടുക്കുന്നതിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. കുറച്ചുനാള്‍ കഴിയുമ്പോള്‍ വായിക്കാനും എഴുതാനുമുള്ള ശേഷിയും ക്ഷയിക്കും.
 • ചിന്തയും യുക്തിവിചാരവും : അക്കങ്ങള്‍ പോലെ അമൂര്‍ത്തമായ ആശയങ്ങള്‍ ചിന്തിക്കുന്നതിലും  മനസിലാക്കുന്നതിലും ബുദ്ധിമുട്ട് ഉണ്ടാകുന്നു. ഇത് വ്യക്തിയെ ബാങ്ക് അകൗണ്ട്, സ്വന്തം സാമ്പത്തിക ഇടപാടുകള്‍, പണം കൊടുക്കല്‍വാങ്ങല്‍ തുടങ്ങിയ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ പ്രശ്നങ്ങളിലേക്ക് നയിക്കും.
 • തീരുമാനങ്ങളെടുക്കല്‍ : വസ്തുക്കള്‍ അല്ലെങ്കില്‍ പ്രവര്‍ത്തികള്‍  നിരീക്ഷിക്കുന്നതിലും തീരുമാനങ്ങള്‍ എടുക്കുന്നതിലും  ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ഉദാഹരണത്തിന്, ലൈറ്റുകള്‍ സ്വിച്ച്ഓഫ് ചെയ്യുക, വെള്ളം നിറഞ്ഞുകവിഞ്ഞ് ഒഴുകുമ്പോള്‍ ടാപ്പ് അടയ്ക്കുക, ഗതാഗത തിരക്കില്‍ സാവധാനം വാഹനം ഓടിക്കുക മുതലായ കാര്യങ്ങളില്‍. 
 • ദൈനംദിന കാര്യങ്ങള്‍ കൈകാര്യം ചെയ്യല്‍ : ദിനചര്യകളായ കുളി, വസ്ത്രധാരണം, പാചകം അല്ലെങ്കില്‍ പ്രിയപ്പെട്ട ഒരു കളിയില്‍ ഏര്‍പ്പെടല്‍ തുടങ്ങിയ കാര്യങ്ങള്‍ കുടുതല്‍ കൂടുതലായി ബുദ്ധിമുട്ടായിത്തീരുന്നു. ഒടുവില്‍ വ്യക്തി ഈ അടിസ്ഥാന പ്രവര്‍ത്തികള്‍ മറന്നുപോയേക്കാം, ഇക്കാര്യങ്ങള്‍ക്ക് പരസഹായം ആവശ്യമായിവരികയും ചെയ്തേക്കാം.
 • വ്യക്തിത്വവും പെരുമാറ്റവും : തലച്ചോറിലെ മാറ്റങ്ങള്‍ പെരുമാറ്റത്തേയും ബാധിച്ചേക്കാം. ഈ വ്യക്തിക്ക് വിഷാദം, ഉത്കണ്ഠ, സാമൂഹ്യമായ പിന്‍വലിയല്‍, ഭാവമാറ്റം, മറ്റുള്ളവരില്‍ അവിശ്വാസം, അസ്വസ്ഥമായ ഉറക്കം, വെറിപിടിക്കല്‍ അല്ലെങ്കില്‍ അലഞ്ഞ്നടക്കല്‍ പോലുള്ള മറ്റ് പ്രശ്നങ്ങളും ഉണ്ടായേക്കാം.
 
 
 

Q

അല്‍ഷിമേഴ്സ് രോഗത്തിന് എന്താണ് കാരണം ?

A

 
അല്‍ഷിമേഴ്സ് രോഗത്തിന് എന്താണ് കാരണം എന്ന ചോദ്യത്തിന് ഡോക്ടര്‍മാരും ഗവേഷകരും ഇതുവരെയും ഒരു ഉത്തരം കണ്ടെത്തിയിട്ടില്ല, എന്തുകൊണ്ടെന്നാല്‍  പ്രായം, ജനിതക പ്രത്യേകതകള്‍, പരിസ്ഥിതി, ജീവിത ശൈലി, ആകെയുള്ള ആരോഗ്യസ്ഥിതി തുടങ്ങിയ നിരവധി ഘടകങ്ങളില്‍ ഏതെങ്കിലുമായേക്കാം ഇതിന് കാരണം. ചില ആളുകളില്‍ ഈ രോഗം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനും വളരെ വര്‍ഷങ്ങള്‍ക്കു മുമ്പേ നിശബ്ദമായി വളര്‍ന്നു വന്നേക്കാം. 
 •  പ്രായം : ഡിമെന്‍ഷ്യയ്ക്കുള്ള ഏറ്റവും വലിയ സാധ്യതയായി പരിഗണിക്കപ്പെടുന്ന ഘടകം പ്രായമാണ്. 60 വയസിന് മേല്‍ പ്രായമുള്ളവര്‍ക്കാണ് മിക്കവാറും ഈ രോഗം ബാധിക്കുന്നത്.
 •  ജനിതക പാരമ്പര്യം : ഗവേഷകര്‍ അല്‍ഷിമേഴ്സ്  ഒരു പാരമ്പര്യ രോഗമായി നിരീക്ഷിക്കുന്നുണ്ട്, എന്നാല്‍ ഈ സിദ്ധാന്തം ഇപ്പോഴും മുഴുവനായി തെളിയിക്കപ്പെട്ടിട്ടില്ല.
 •  മറ്റ് ഘടകങ്ങള്‍ : 50 അല്ലെങ്കില്‍ 60 വയസിന് മേല്‍ പ്രായമുള്ളവര്‍ക്കും ഡൗണ്‍ സിന്‍ഡ്രം ഉള്ളവര്‍ക്കും അല്‍ഷിമേഴ്സിന് വളരെ സാധ്യതകാണുന്നുണ്ട്. 
ലോക അല്‍ഷിമേഴ്സ് റിപ്പോര്‍ട്ട് പ്രകാരം, പ്രായം ചെന്നവര്‍ക്ക് വിവിധ തരത്തിലുള്ള ആരോഗ്യോവസ്ഥകള്‍ ഉണ്ടായേക്കാം. അവര്‍ക്ക് പലപ്പോഴും ഒരു അസുഖത്തോടൊപ്പം മറ്റൊരു രോഗം വരുന്ന ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ഈ പലവിധ അസുഖങ്ങള്‍ വ്യക്തിയുടെ ദൈനംദിന ജീവിത പ്രവര്‍ത്തികള്‍ അലങ്കോലപ്പെടുത്തുകയും ഈ ആള്‍ക്ക് അവരുടെ എല്ലാ ആവശ്യങ്ങള്‍ക്കും പരിചരിക്കുന്നവരെ ആശ്രയിക്കേണ്ട അവസ്ഥ ഉണ്ടാക്കുകയും ചെയ്യും.

Q

അല്‍ഷിമേഴ്സ് രോഗത്തിന് പിന്നിലെ ശാസ്ത്രം

A

 
അല്‍ഷിമേഴ്സ് രോഗത്തിന് എന്താണ് കാരണം എന്നതു സംബന്ധിച്ച് കൂടുതല്‍ പഠിക്കുന്നതിനായി ഇപ്പോഴും ഗവേഷണങ്ങള്‍ നടക്കുകയാണ്.
ഇത്തരത്തിലുള്ള അല്‍ഷിമേഴ്സ് രോഗത്തിനുള്ള ഒരു സാധ്യതാ ഘകടമായി പറയപ്പെടുന്നത് അപോലിപോപ്രോട്ടീന്‍- ഇ (അപോ- ഇ ) എന്ന് വിളിക്കപ്പെടുന്ന ഒരു ഇനം പ്രോട്ടീനാണ്.
എല്ലാവര്‍ക്കും അപോ ഇ പ്രോട്ടീന്‍ ഉണ്ട്, ഇത് രക്തത്തില്‍ കൊളസ്ട്രോളിനെ വഹിക്കുന്നതിന് സഹായിക്കുന്നു. അപോഇ ജീനിന് മൂന്നു രൂപങ്ങളുണ്ട്.ഒന്ന് ഒരു വ്യക്തിയെ അല്‍ഷിമേഴ്സ് രോഗത്തില്‍ നിന്നും സംരക്ഷിക്കുന്നു, മറ്റൊന്ന് ഒരു വ്യക്തിയെ ഈ രോഗം ഉണ്ടായിവരുന്ന തരത്തിലാക്കുന്നു. അല്‍ഷിമേഴ്സ് രോഗത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയോ അല്ലെങ്കില്‍ അല്‍ഷിമേഴ്സില്‍ നിന്നും വ്യക്തിക്ക് സംരക്ഷണം നല്‍കുകയോ ചെയ്യുന്ന മറ്റു ജീനുകളെ  ഗവേഷണകര്‍ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.
 

Q

അല്‍ഷിമേഴ്സ് രോഗം എങ്ങനെ കണ്ടെത്തും ?

A

 
ഒരു വ്യക്തിക്ക് അല്‍ഷിമേഴ്സാണോ അതോ ലക്ഷണങ്ങള്‍ മറ്റേതെങ്കിലും ശാരീരികമോ മാനസികമോ ആയ ആരോഗ്യ പ്രശ്നത്തിന്‍റേതാണോ എന്ന് കൃത്യമായി ഉറപ്പുവരുത്തുന്നതിനായി ഡോക്ടര്‍മാര്‍ നിരവധി പരിശോധനകളും മറ്റും ഉപയോഗപ്പെടുത്തും.
ഒരു വ്യക്തിയില്‍ രോഗനിര്‍ണയം നടത്തുമ്പോള്‍ ഡോക്ടര്‍മാര്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്തേക്കാം :
 •  വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യം, മുന്‍കാല ആരോഗ്യ പ്രശ്നങ്ങള്‍, ദിനചര്യകള്‍, പെരുമാറ്റത്തിലും മാനസികാവസ്ഥയിലും ഉണ്ടായിരിക്കുന്ന മാറ്റങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കും.  
 •  ഓര്‍മ്മശക്തി, നിര്‍ദ്ധാരണശേഷി, ശ്രദ്ധ, എണ്ണല്‍, ഭാഷ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കും.
 • അല്‍ഷിമേഴ്സിന്‍റെ ലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന മറ്റ് പ്രശ്നങ്ങള്‍ ഉണ്ടോയെന്ന് ഉറപ്പാക്കുന്നതിനായി രക്ത, മൂത്ര പരിശോധനകള്‍ പോലെ പൊതുവില്‍ സ്വീകരിക്കപ്പെടുന്ന സ്റ്റാന്‍ഡേര്‍ഡ് മെഡിക്കല്‍ പരിശോധനകള്‍ നടത്തും. ഉദാഹരണത്തിന്, തൈറോയ്ഡ് പ്രശ്നം, മരുന്നുകളുടെ പാര്‍ശ്വഫലം,വിഷാദം, ബ്രെയ്ന്‍ ട്യൂമര്‍, തലച്ചോറിലെ രക്തധമനികള്‍ പൊട്ടല്‍ മുതലായവ അല്‍ഷിമേഴ്സിന്‍റേതിന് തുല്യമായ ലക്ഷണങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇതില്‍ ചില പ്രശ്നങ്ങള്‍ ചികിത്സിക്കാവുന്നവയുമാണ്.
 • അല്‍ഷിമേഴ്സിനെ മറ്റ് അവസ്ഥകളില്‍ നിന്ന് വേര്‍തിരിച്ചറിയുന്നതിനായി തലച്ചേറിന്‍റെ കംപ്യൂട്ടഡ് റ്റോമോഗ്രാഫി (സി ടി), അല്ലെങ്കില്‍ മാഗ്നറ്റിക് റിസോണന്‍സ് ഇമേജിംഗ് (എം ആര്‍ ഐ) പോലുള്ള  സ്കാനിംഗുകള്‍ നടത്തും.
 
ശ്രദ്ധിക്കുക :  വ്യക്തിയുടെ ആരോഗ്യത്തിലും ഓര്‍മ്മശക്തിയിലും  ദിവസം ചെല്ലുമ്പോറും മാറ്റങ്ങള്‍ വരുന്നത് എങ്ങനെയാണ് എന്ന് നിരീക്ഷിക്കുന്നതിനായി ഈ പരിശോധനകള്‍ തുടര്‍ച്ചയായി ആവര്‍ത്തിക്കപ്പെട്ടേക്കാം.

Q

നേരത്തേയുള്ള രോഗനിര്‍ണയം കൊണ്ടുള്ള ഗുണങ്ങള്‍

A

 
നേരത്തേയുള്ള രോഗനിര്‍ണയം രോഗിയേയും അവരുടെ കുടുംബങ്ങളേയും ഭാവി ആസൂത്രണം ചെയ്യാന്‍ സഹായിക്കുന്നു. രോഗിക്ക് തീരുമാനങ്ങളെടുക്കാന്‍ ശേഷിയുള്ള  സമയത്ത് കുടുംബാംഗങ്ങള്‍ക്ക് അവരുമായി പരിചരണം സംബന്ധിച്ച കാര്യങ്ങള്‍ കൂടിയാലോചിക്കാന്‍ ഇതിലൂടെ കഴിയും.  രോഗലക്ഷണങ്ങളെ വലിയൊരളവുവരെ ചികിത്സിക്കാന്‍ നേരത്തേയുള്ള രോഗനിര്‍ണയം സഹായകരമാകും.

Q

അല്‍ഷിമേഴ്സിന് ചികിത്സ നേടല്‍

A

 
അല്‍ഷിമേഴ്സ് രോഗം ചികിത്സിച്ച് ഭേദമാക്കാനാകില്ല. അതുപോലെ തന്നെ തലച്ചോറിന്‍റെ കോശങ്ങള്‍ നശിക്കുന്നതിന്‍റെ വേഗത കുറയ്ക്കാനുള്ള ഒരു മാര്‍ഗവും നിലവില്‍ കണ്ടെത്തിയിട്ടില്ല. പ്രാരംഭഘട്ടത്തില്‍ ചികിത്സ നല്‍കുകയാണെങ്കില്‍ വ്യക്തി കുറെയേറെ നാളത്തേക്ക് കൂടി പരാശ്രയം കൂടാതെ കഴിയുകയും ദൈനംദിനകാര്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്തേക്കാം.
അല്‍ഷിമേഴ്സ് ക്രമേണ വര്‍ദ്ധിച്ചുവരുന്ന ഒരു രോഗമാണ്, പക്ഷെ അതിന്‍റെ മുന്നോട്ടുപോക്ക് 5 വര്‍ഷം മുതല്‍ 20 വര്‍ഷം വരെയായേക്കാം. മരണത്തിനുള്ള ഏറ്റവും സാധാരണമായ കാരണം അണുബാധയായിരിക്കും, പ്രത്യേകിച്ച് ന്യൂമോണിയ.

Q

അല്‍ഷിമേഴ്സുള്ള ഒരാളെ പരിചരിക്കല്‍

A

 
അല്‍ഷിമേഴ്സ് ബാധിച്ചിട്ടുള്ള ഒരാള്‍ക്ക് നിരാശ, നിസ്സഹായത, ആശയക്കുഴപ്പം, ദേഷ്യം, ഭയം, അനിശ്ചിതത്വം, ഉത്കണ്ഠ, പശ്ചാത്താപം തുടങ്ങിയ അനേകം വികാരങ്ങള്‍ അനുഭവപ്പെടും.
നിങ്ങള്‍ അല്‍ഷിമേഴ്സ് ഉള്ള ഒരാളെ പരിചരിക്കുന്നുണ്ടെങ്കില്‍ അവരെ കേള്‍ക്കാനും, ജീവിതം ആസ്വദിക്കാനാകുമെന്ന് ഉറപ്പുകൊടുക്കാനും, പിന്തുണ നല്‍കാനും മാന്യതയും ആത്മാഭിമാനവും നിലനിര്‍ത്താനും നിങ്ങളാലാകുന്നതിന്‍റെ പരമാവധി സഹായം നല്‍കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞാല്‍  ഈ രോഗത്തിനെ വിജയകരമായി അഭിമുഖീകരിക്കുന്നതിന് അവരെ സഹായിക്കാന്‍ കഴിയും.
ശാന്തവും സുദൃഢവുമായ കുടുംബാന്തരീക്ഷത്തിന് പെരുമാറ്റപരമായ പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ കഴിയും. പുതിയ സാഹചര്യങ്ങള്‍, ശബ്ദങ്ങള്‍, ആളുകളുടെ വലിയ കൂട്ടം, എന്തെങ്കിലും പ്രവര്‍ത്തികള്‍ ചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ ഉത്കണ്ഠയ്ക്കും മാനസിക പിരിമുറുക്കത്തിനും  കാരണമായേക്കാം. കാരണം വ്യക്തി അസ്വസ്ഥമാകുമ്പോള്‍ വ്യക്തമായി ചിന്തിക്കാനുള്ള ശേഷി കൂടുതല്‍ ക്ഷയിക്കും.
നിങ്ങളുടെ ഈ പ്രിയപ്പെട്ടയാള്‍ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കാന്‍ ശേഷിയുള്ളയാളായിരിക്കെത്തന്നെ നിങ്ങളുടെ വക്കീലിനെ സമീപിക്കുകയും രോഗിക്ക് അയാളുടെ / അവരുടെ സാമ്പത്തിക കാര്യങ്ങള്‍, വൈദ്യചികിത്സ, മറ്റ് നിയമപരമായ കാര്യങ്ങള്‍ എന്നിവയില്‍ തീരുമാനമെടുക്കാന്‍ അവസരം കൊടുക്കുകയും ചെയ്യുക. രോഗിക്ക് തന്‍റെ ആരോഗ്യ സംരക്ഷണം സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കാനും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും  തന്‍റെ താല്‍പര്യപ്രകാരം തന്നെ ആരെയെങ്കിലും ചുമതലപ്പെടുത്തനാകും. ഇത്  നിങ്ങളുടെ പ്രിയപ്പെട്ടയാള്‍ക്ക് അദ്ദേഹത്തിന്‍റെ/അവരുടെ ആഗ്രഹങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയാത്ത കാലത്തും ഉറച്ചതും സുവ്യക്തവുമായ പദ്ധതികള്‍ രൂപപ്പെടുത്താന്‍ നിങ്ങളെ സഹായിക്കും.

Q

പരിചരിക്കുന്നവര്‍ക്കു നല്‍കേണ്ട പിന്തുണ

A

 
അല്‍ഷിമേഴ്സ് ഉള്ള ഒരാളെ പരിചരിക്കുക എന്നത് ശാരീരികമായും വൈകാരികമായും വലിയ ക്ഷീണം ഉണ്ടാക്കുന്ന കാര്യമാണ്.ദേഷ്യവും കുറ്റബോധവും അനുഭവപ്പെടുക, മാനസിക പിരിമുറുക്കവും നിരുത്സാഹവും തോന്നുക, ആന്തരികമായ കലഹം, മനസ്താപം, സാമൂഹ്യമായ ഒറ്റപ്പെടല്‍ തുടങ്ങിയവ അല്‍ഷിമേഴ്സുള്ളയാളെ പരിചരിക്കുന്നവര്‍ക്ക് സാധാരണ കണ്ടുവരാറുള്ളതാണ്. ഈ സാഹചര്യങ്ങളെ വിജയകരമായി അഭിമുഖീകരിക്കാന്‍ പരിചരിക്കുന്നവര്‍ക്ക് പിന്തുണ ആവശ്യമാണ്. 
നിങ്ങള്‍ അല്‍ഷിമേഴ്സ് ഉള്ളയാളെ സംരക്ഷിക്കുന്ന വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളെ
സ്വയം സഹായിക്കാനുള്ള ചില വഴികള്‍ താഴെ പറയുന്നു
 •  ഈ രോഗത്തെക്കുറിച്ച് നിങ്ങള്‍ക്ക് കഴിയാവുന്നത്ര പഠിക്കുക.
 •  ഡോകര്‍മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവരോടും നിങ്ങളുടെ പ്രിയപ്പെട്ടയാളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടിരിക്കന്ന മറ്റുള്ളവരോടും ചോദ്യങ്ങള്‍ ചോദിക്കുക.
 •  സഹായം ആവശ്യമുള്ളപ്പോള്‍ അതിനായി സുഹൃത്തുക്കളേയും കുടുംബാംഗങ്ങളേയും വിളിക്കുക.
 •  അവനവന് വേണ്ടി അല്‍പം സമയം ചെലവഴിക്കുക
 •  നിങ്ങളുടെ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കുക.
 •  നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തില്‍ ശ്രദ്ധവെയ്ക്കുക. അതിനായി നിങ്ങളുടെ ഡോക്ടറെ സമയാസമയത്ത് കാണുക, ആരോഗ്യദായകമായ ആഹാരങ്ങള്‍ കഴിക്കുക, വ്യായാമം ചെയ്യുക.
 •  ഒരു സഹായക സംഘത്തില്‍ (സപ്പോര്‍ട്ട് ഗ്രൂപ്പില്‍) ചേരുക.
 •  സാധ്യമാണെങ്കില്‍ മുതിര്‍ന്നവര്‍ക്കുള്ള പകല്‍വീടിന്‍റെ (ഡേ കെയര്‍ സെന്‍ററിന്‍റെ) സഹായം സ്വീകരിക്കുക.
അല്‍ഷിമേഴ്സുള്ള നിരവധി ആളുകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സപ്പോര്‍ട്ട് ഗ്രൂപ്പുകളില്‍ നിന്നും കൗണ്‍സിലിംഗുകളില്‍ നിന്നും ഗുണം ഉണ്ടാകുന്നുണ്ട്. ഡോക്ടര്‍മാര്‍, മറ്റ് സഹായക കേന്ദ്രങ്ങള്‍ എന്നിവയുമായി ബന്ധപ്പെടുന്നതിനായി നിങ്ങളുടെ അടുത്തുള്ള അല്‍ഷിമേഴ്സ് അസോസിയേഷനുമായി ബന്ധപ്പെടുക.

Q

അല്‍ഷിമേഴ്സിനെ എങ്ങനെ തടയാനാകും ?

A

 
ജീവിത ശൈലിയിലെ മാറ്റങ്ങള്‍ അല്‍ഷിമേഴ്സിനെ തടയാന്‍ എങ്ങനെ സഹായകരമാകും എന്നതു സംബന്ധിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്.
വിദഗ്ധര്‍ പറയുന്നത്, ആഹാരക്രമം, വ്യായാമം അല്ലെങ്കില്‍ ആരോഗ്യകരമായ ജീവിതശൈലി എന്നിവ ഒരാളെ അല്‍ഷിമേഴ്സ് രോഗിയാകുന്നതില്‍ നിന്ന് തടഞ്ഞേക്കാം എന്നാണ്.  ആരോഗ്യകരമായ ജീവിത രീതി മൊത്തത്തില്‍ മികച്ച ആരോഗ്യത്തെ പ്രദാനം ചെയ്യുന്നതിനാലും ധാരണാശക്തി പരിപാലിക്കുന്നതില്‍ സുപ്രധാനമായ ഒരു പങ്ക് വഹിക്കുന്നതിനാലും താഴെ പറയുന്ന ആരോഗ്യപരിപാലന പദ്ധതി ശുപാര്‍ശ ചെയ്യുന്നു : 
 •  പതിവായുള്ള വ്യായാമം ഹൃദയാരോഗ്യത്തിന് ഗുണകരമാണെന്നും തിരിച്ചറിവ് ശേഷി നഷ്ടപ്പെടുന്നതിനെ തടയുന്നതിന് ഇത് സഹായകരമായേക്കാമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. വ്യായാമം മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായകരമാണ്.
 •  പഴങ്ങളും പച്ചക്കറികളും മാംസ്യവും മികച്ചതോതില്‍ അടങ്ങിയിട്ടുള്ള പോഷകാഹാരക്രമവും ധാരണാ (തിരിച്ചറിവ്) ശേഷി സംരക്ഷിക്കുന്നതിന് ഗുണകരമാണ്.
 • മത്സ്യങ്ങളില്‍ കാണപ്പെടുന്ന ഒമേഗ-3 എന്ന ഫാറ്റി ആസിഡും ധാരണാ (തിരിച്ചറിയല്‍) ശക്തിക്ക് നല്ലതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
അര്‍ത്ഥപൂര്‍ണമായ പ്രവര്‍ത്തികളിലൂടെയുള്ള ഒരു സജീവമായ ജീവിത ശൈലിയും ഇക്കാര്യത്തില്‍ പ്രധാനപ്പെട്ട കാര്യമാണ്.

Related Stories

No stories found.