ഡെലിറിയം (ഉന്മാദം)

Q

എന്താണ് ഡെലിറിയം (ഉന്മാദം)?

A

 
 ഒരു വ്യക്തിയെ ചിന്താക്കുഴപ്പത്തിലേക്കും ചുറ്റുപാടിനെക്കുറിച്ചുള്ള അവബോധം നഷ്ടപ്പെടുന്ന അവസ്ഥയിലേക്കും നയിക്കുന്ന തരത്തില്‍ മാനസികാവസ്ഥയിലും, ബോധാവസ്ഥയിലും കടുത്ത അസ്ഥിരത (ചാഞ്ചാട്ടം) ഉണ്ടാക്കുന്നതും താത്ക്കാലികമായിരിക്കുമെങ്കിലും ജീവിതത്തിന് വന്‍ ഭീഷണി ഉയര്‍ത്തുന്നതുമായ അവസ്ഥയാണ് ഡെലിറിയം. ഡെലിറിയത്തിന്‍റെ ആക്രമണം സാധാരണ പെട്ടന്ന് ഉണ്ടാകുന്നതായാണ് കണ്ടു വരുന്നത്. ഇതിലൂടെ ആ വ്യക്തിയുടെ ചിന്തയിലും പെരുമാറ്റത്തിലും ഏതാനും മണിക്കൂറുകള്‍ക്ക് അല്ലെങ്കില്‍ ദിവസങ്ങള്‍ക്ക് അകം ശ്രദ്ധേയമായ വ്യത്യാസം വരുകയും ചെയ്യും.

Q

ഡെലിറിയവും (ഉന്മാദവും) ഡിമെന്‍ഷ്യയും (ബുദ്ധിഭ്രംശവും) തമ്മിലുള്ള വ്യത്യാസം എന്ത് ?

A

 
ഡെലിറിയത്തിനും ഡിമെന്‍ഷ്യയ്ക്കും സമാനമായ ലക്ഷണങ്ങളായതിനാലും രണ്ട് അവസ്ഥകളും ഒരുമിച്ച് ഉണ്ടായേക്കാമെന്നതിനാലും ഇവ തമ്മിലുള്ള വ്യത്യാസം അറിയണം എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
ഡിലിറിയം പെട്ടന്ന് തുടങ്ങുകയും മതിഭ്രമം ഉണ്ടാക്കുകയും ചെയ്യുന്ന ഒരു താല്‍ക്കാലികാവസ്ഥയാണ്. ഇത് ഏതാനും മണിക്കൂറുകളോ ആഴ്ചകളോ നിലനില്‍ക്കാം.  ലക്ഷണങ്ങള്‍ മെച്ചപ്പെടുകയോ വഷളാകുകയോ ചെയ്തേക്കാം.
ഡിമെന്‍ഷ്യ  തലച്ചോറിലെ നാഡീകോശങ്ങള്‍ നാള്‍ക്കുനാള്‍ മോശമാക്കുന്നതും (ന്യൂറോഡിജനറേറ്റീവ്) ക്രമേണ വര്‍ദ്ധിക്കുകയും ഒടുവില്‍ മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്ന തകരാറാണ്. ഡിമെന്‍ഷ്യ മതിഭ്രമം ഉണ്ടാക്കുന്നില്ല.

Q

ഡെലിറിയത്തിന്‍റെ ലക്ഷണങ്ങള്‍ എന്തെല്ലാം ?

A

 
ഡെലിറിയത്തിന്‍റെ സൂചനകളും ലക്ഷണങ്ങളും ഏതാനും മണിക്കൂറുകള്‍ക്ക് അല്ലെങ്കില്‍ ദിവസങ്ങള്‍ക്കുള്ളില്‍ പ്രകടമായേക്കും. ഈ കാലയളവില്‍ വ്യക്തിയുടെ മാനസിക നിലയില്‍ ഒരു അസ്ഥിരത /ചാഞ്ചാട്ടം ഉണ്ടാകും. ഇയാള്‍ ചില സമയത്ത് ഈ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും അല്ലാത്തപ്പോള്‍ സാധാരണ അവസ്ഥയിലായിരിക്കുകയും ചെയ്യും. 
 
ഡെലിറിയത്തിന്‍റെ ചില പ്രധാന ലക്ഷണങ്ങളും സൂചനകളും  താഴെ പറയുന്നു:
 
  • പരിസര ബോധം നഷ്ടപ്പെടല്‍
  •  അപ്രധാനമായ കാര്യങ്ങള്‍ക്ക് എളുപ്പത്തില്‍ വെറിപിടിക്കും / സംഭ്രാന്തരാകും.
  •  ഏതെങ്കിലും ഒരു വിഷയത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയാതെ വരും
  •  സമൂഹത്തില്‍ നിന്നും പിന്‍വലിഞ്ഞ് നില്‍ക്കുകയോ ചുറ്റുപാടുകളോട് പ്രതികരിക്കുന്നതില്‍ വിമുഖത പ്രകടിപ്പിക്കുകയോ ചെയ്യും.
  •  സംസാരത്തോടോ ചോദ്യങ്ങളോടോ പ്രതികരിക്കാന്‍ കഴിയാതെ വരും.
ചിന്താ ശേഷി മോശമാകും (ധാരണാസംബന്ധമായ തകരാറ്)
  • ദുര്‍ബലമായ ഓര്‍മ്മ, പ്രത്യേകിച്ച് അടുത്തകാലത്തുണ്ടായ സംഭവങ്ങളെക്കുറിച്ച്.
  • ദിശാബോധം നഷ്ടപ്പെടല്‍, ആരാണെന്നോ എവിടെയാണെന്നോ അറിയാന്‍ കഴിതിരിക്കല്‍.
  •  സമത്തേയോ ദിവസത്തേയോ കുറിച്ചുള്ള അവബോധം കുറയും.
  •  സംസാരിക്കാന്‍ അല്ലെങ്കില്‍ വാക്കുകള്‍ ഓര്‍ക്കാന്‍ പ്രയാസം നേരിടും.
  •  പരസ്ബര ബന്ധമില്ലാത്തതോ അല്ലെങ്കില്‍ ഒരു കഥയില്ലാത്തതോ ആയ സംസാരം.
  •  വായിക്കാന്‍ അല്ലെങ്കില്‍ എഴുതാന്‍ ബുദ്ധിമുട്ട്.
 
പെരുമാറ്റത്തില്‍ വരുന്ന മാറ്റങ്ങള്‍
  • ഇല്ലാത്ത കാര്യങ്ങള്‍ കാണല്‍ (മതിഭ്രമം)
  •  വിശ്രമമില്ലായ്മ, കലഹം, മുന്‍കോപം അല്ലെങ്കില്‍  ആരോടും ഏറ്റുമുട്ടുന്ന തരത്തിലുള്ള പെരുമാറ്റം.
  • സ്ഥിരമായി ഉറക്കംതൂങ്ങലും ഉറക്കതടസവും അനുഭവപ്പെടല്‍.
  •  ഭയം, ഉത്കണ്ഠ, ദേഷ്യം പോലുള്ള കടുത്ത വികാരപ്രകടനങ്ങള്‍, അല്ലെങ്കില്‍ മനോഭാവത്തില്‍ മാറ്റങ്ങള്‍.
  •   ഹൃദയമിടിപ്പിന്‍റെ നിരക്കില്‍ വ്യത്യാസം, വിറയ്ക്കല്‍, അസ്വസ്ഥത അല്ലെങ്കില്‍ ഉറക്കക്രമം തെറ്റല്‍ മുതലായ ശാരീരികമായ ലക്ഷണങ്ങള്‍.
 

Q

ഡെലിറിയത്തിന് എന്താണ് കാരണം?

A

 
 
 ഗുരുതരമോ, ദീര്‍ഘകാലമായി തുടരുന്നതോ ആയ രോഗങ്ങള്‍, ഉയര്‍ന്ന അളവിലുള്ള മരുന്ന് കഴിക്കല്‍, അണുബാധ ( മൂത്രനാളി, ചര്‍മ്മം, ഉദരം തുടങ്ങിയവയില്‍), ന്യൂമോണിയ, മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും.
ഡെലിറിയം ഉണ്ടാകുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പികുന്ന മറ്റ് അവസ്ഥകള്‍ : 
  •  പനിയും കടുത്ത അണുബാധയും, പ്രത്യേകിച്ച് കുട്ടികളില്‍.
  •  ഏതെങ്കിലും ഒരു പ്രത്യക രോഗത്തിന് വിവിധ മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സ.
  • വിവിധ രോഗങ്ങള്‍ അല്ലെങ്കില്‍ ശസ്ത്രക്രിയ.
  •  മദ്യവും മയക്കുമരുന്നും ഉപയോഗിക്കുകയോ ഉപയോഗം നിര്‍ത്തുകയോ ചെയ്യുന്നത്.
ഉത്കണ്ഠ, വിഷാദരോഗം, പാര്‍ക്കിന്‍സണ്‍സ് രോഗം, ആസ്തമ എന്നിവയ്ക്കു കഴിക്കുന്ന ചില മരുന്നുകള്‍ അല്ലെങ്കില്‍ ഉറക്കത്തിനായി കഴിക്കുന്ന മരുന്നുകള്‍ ഡെലിറിയത്തിന് കാരണമായേക്കാം.

Q

ഡെലിറിയം മൂലം ഉണ്ടായി വരുന്ന സങ്കീര്‍ണതകള്‍

A

 
ഡെലിറിയം (ഉന്മാദം) ഏതാനും മണിക്കൂറുകള്‍ മാത്രം ഉണ്ടാകുകയോ അല്ലെങ്കില്‍ ഏതാനും ആഴ്ചകളോ മാസങ്ങളോ നിലനില്‍ക്കുകയോ ചെയ്തേക്കാം. 
ദീര്‍ഘകാലമായി തുടരുന്നതോ അത്യാസന്ന ഘട്ടത്തിലെത്തിയിരിക്കുന്നതോ ആയ രോഗങ്ങള്‍ ഉള്ളവര്‍ക്ക് ഡെലിറിയം ബാധിച്ചാല്‍ മുമ്പുണ്ടായിരുന്ന ചിന്താശേഷിയും യുക്തിസഹമായി ചിന്തിക്കാനുള്ള കഴിവും തിരിച്ച് കിട്ടിയെന്നു വരില്ല. ഡിലിറിയം ചികിത്സിക്കാതിരിക്കുകയോ അല്ലെങ്കില്‍ ഡെലിറിയത്തിന് കാരണമാകുന്ന ഘടകങ്ങളെ നേരിടാതിരിക്കുകയോ ചെയ്താല്‍ ആ വ്യക്തിക്ക് താഴെ പറയുന്ന കാര്യങ്ങള്‍ അനുഭവപ്പെട്ടേക്കാം: 
  •  ആരോഗ്യസ്ഥിതി വഷളാകല്‍
  •  ശസ്ത്രക്രിയയില്‍ നിന്ന് പൂര്‍വസ്ഥിതിയിലെത്താനുള്ള വൈഷമ്യം.
  •  വര്‍ദ്ധിച്ച മരണ സാധ്യത.

Q

ഡെലിറിയം എങ്ങനെ കണ്ടെത്താം?

A

 
 വ്യക്തിയുടെ രോഗ ചരിത്രം, ഇയാളുടെ മാനസികാവസ്ഥയെക്കുറിച്ചുള്ള വിലയിരുത്തല്‍, ശാരീരികവും നാഡീസംബന്ധവുമായ പരിശോധനകള്‍ മറ്റ് രോഗനിര്‍ണയ പരിശോധനകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഡെലിറിയം കണ്ടെത്തുന്നത്.

Q

ഡെലിറിയത്തിന് ചികിത്സ നേടല്‍

A

 
നിങ്ങളുടെ ഒരു സുഹൃത്തോ കുടുംബാംഗമോ ഡെലിറിയത്തിന്‍റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ എത്രയും പെട്ടന്ന് ഒരു ഡോക്ടറെ കാണുക. ഈ വ്യക്തിക്ക് ഡിമെന്‍ഷ്യയുണ്ടെങ്കില്‍, ഇയാളുടെ മൊത്തത്തിലുള്ള ബോധത്തിലും ചിന്താശേഷിയിലും പെട്ടന്നുള്ള മാറ്റം ഉണ്ടാകുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.  ഇത് ഡെലിറിയത്തിന് പ്രേരകശക്തിയായേക്കാം. ഈ വ്യക്തിയുടെ സാധാരണ ചിന്താഗതി, പതിവ് ശീലങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ പോലെ തന്നെ ഈ വ്യക്തിയുടെ രോഗ ലക്ഷണങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ നിരീക്ഷണങ്ങളും രോഗനിര്‍ണയത്തിന് വളരെ പ്രധാനപ്പട്ടതാണ്. 
ആശുപത്രിയില്‍ സുഖപ്പെട്ടുകൊണ്ടിരിക്കുന്നതോ അല്ലെങ്കില്‍ ഒരു ദീര്‍ഘകാല പരിചരണ സംവിധാനത്തില്‍ ജീവിക്കുന്നതോ ആയ പ്രായമായവര്‍ക്ക് ഡിലിറിയം വരുന്നതിനുള്ള സാധ്യത വളരെയേറെയാണ്. കാരണം, ലക്ഷണങ്ങള്‍ മാറിക്കൊണ്ടിരിക്കാനും അല്ലെങ്കില്‍ സാമൂഹ്യമായ പിന്‍വലിയല്‍ അല്ലെങ്കില്‍ കുറഞ്ഞ പ്രതികരണം പോലുള്ള ചില ലക്ഷണങ്ങള്‍ പതുങ്ങിയിരിക്കാനും സാധ്യതയുള്ളതിനാല്‍ ഡെലിറിയം കണ്ടെത്തപ്പെടാതെ പോയേക്കാം. നേഴ്സിംങ് ഹോമിലോ ആശുപത്രിയിലോ കിടക്കുന്ന ഒരു വ്യക്തിക്ക് ഡെലിറിയത്തിന്‍റെ സൂചനകളും ലക്ഷണങ്ങളും കണ്ടാല്‍  നിങ്ങളുടെ ആശങ്ക എത്രയും പെട്ടന്ന് ഡോക്ടറെ അറിയിക്കുക. ഡെലിറിയം ഉണ്ടെങ്കില്‍ അതിനുള്ള മൂലകാരണം ചികിത്സിക്കേണ്ടതാണ്. ഉദാഹരണത്തിന്, അണുബാധ പോലുള്ള ഒരു ശാരീരിക രോഗമാണ് മൂലകാരണമെങ്കില്‍ അത്  അന്‍റിബയോട്ടിക്കുകള്‍ കൊണ്ട് ചികിത്സിക്കാവുന്നതാണ്, അതിലൂടെ ആ വ്യക്തി ഡെലിറിയത്തില്‍ നിന്നും മുക്തി നേടിയേക്കും.

Q

ഡെലിറിയത്തെ നേരിടലും പിന്തുണയും

A

 
നിങ്ങളുടെ ഒരു സുഹൃത്തോ കുടുംബാംഗമോ ഡെലിറിയത്തില്‍ നിന്ന് മുക്തിനേടിക്കൊണ്ടിരിക്കുമ്പോള്‍ വൈകാരികമായ പിന്തുണ നല്‍കി ആ വ്യക്തിയെ സഹായിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. 
ഡെലിറിയത്തില്‍ നിന്നും മുക്തി നേടാന്‍ ഒരു വ്യക്തിയെ സഹായിക്കാനുള്ള ചില നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്നു : 
  •  ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി ചിട്ടയായ ഒരു ദിനചര്യ ക്രമീകരിക്കുക.
  •  ഈ വ്യക്തിയെ വ്യയാമം ചെയ്യാനും  പകല്‍ എന്തെങ്കിലും ശാരീരികാധ്വാനം ചെയ്യാനും പ്രോത്സാഹിപ്പിക്കുക.
  •  ഉറക്ക ക്രമം ചിട്ടപ്പെടുത്തുന്നതിനായി കിടക്കുന്നതിന് മുമ്പ് ഈ വ്യക്തിക്ക് കഫീനും ആല്‍ക്കഹോളും ഇല്ലാത്ത ഇളം ചൂടുള്ള പാനീയം നല്‍കുക.
  •  സമയത്തെക്കുറിച്ചും തിയതിയെക്കുറിച്ചും ധാരണ പുലര്‍ത്തുന്നതിനായി എല്ലാ കാര്യങ്ങളും ക്ലോക്കും കലണ്ടറും നോക്കി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുക.
  •  പരിചിതവും പ്രിയപ്പെട്ടതുമായ വസ്തുകള്‍ അടുത്ത് സൂക്ഷിക്കുക, എന്നാല്‍ ഒരു അലങ്കോലപ്പെട്ട അവസ്ഥ ഉണ്ടാക്കരുത്.
  •  ശബ്ദവും മറ്റ് കോലാഹലങ്ങളും ഏറ്റവും താഴ്ന്ന നിലയിലായിരിക്കാന്‍ ശ്രദ്ധിക്കുക.
  •  ഈ വ്യക്തി മരുന്ന് ചിട്ടയായും മുടങ്ങാതെയും കഴിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.

Q

പരിചരിക്കുന്നവര്‍ക്കു നല്‍കേണ്ട പരിരക്ഷ

A

 
ഡെലിറയം ഉള്ളതോ അതിന് സാധ്യതയുള്ളതോ ആയ ഒരു വ്യക്തിയെ പരിചരിക്കുക എന്നത് മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്നതും നിങ്ങളെ തളര്‍ത്തുന്നതുമായേക്കാം. അതുകൊണ്ടുതന്നെ നിങ്ങള്‍ നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തില്‍ ശ്രദ്ധവെയ്ക്കേണ്ടതാണ്. ആവശ്യമാത്ര ഉറങ്ങുക, പോഷകഗുണമുള്ള ആഹാരം കഴിക്കുക, നിങ്ങളുടെ മനസുഖത്തിനായി കുറച്ചു സമയം ചെലവഴിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഈ സാഹചര്യത്തെ വിജയകരമായി നേടുന്നിന് സഹായകരമാകും. അതുപോലെ തന്നെ ഈ രോഗത്തെക്കുറിച്ച് കഴിയാവുന്നത്ര മനസിലാക്കുന്നത് രോഗിക്ക് ഡെലിറിയത്തില്‍ നിന്ന് മുക്തിനേടുന്നതിന് കൂടുതല്‍ നല്ല പിന്തുണയും സഹായവും കൊടുക്കാന്‍ നിങ്ങളെ സഹായിക്കും.

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org