അമ്മയുടെ പ്രപഞ്ചവുമായുള്ള എന്റെ ഏറ്റുമുട്ടൽ

കാവ്യാ മൂർത്തി

രോഗം കൊണ്ടെത്തിച്ച ഇടത്തുനിന്ന് എന്റെ അമ്മ തിരിച്ചെത്തിയതിനു മുൻപുള്ള സമയത്തെപ്പറ്റി ചിന്തിക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിലേറെയും മറക്കുകതന്നെയാണ് പ്രധാനമെങ്കിലും അതിലൂടെ ഞാൻ ഏറെക്കാര്യങ്ങൾ പഠിച്ചുവെന്നതിനാൽ ചിലതൊക്കെ ഓർമിക്കുന്നതും നല്ലതാണ്. സൗഖ്യവും മാനസികാരോഗ്യവും വളരെ കുറച്ചുമാത്രം മനസ്സിലാക്കപ്പെട്ടതാണെന്നും ഞാനും അതിൽ വളരെ കുറച്ചുമാത്രമേ മനസ്സിലാക്കിയിട്ടുള്ളുവെന്നും ഓരോ ദിവസവും എനിക്ക് അംഗീകരിക്കേണ്ടിവന്നുവെന്നതാണ് വാസ്തവം. 


2014 ആദ്യം, അമ്മ ദൂരേയ്ക്കു നോക്കിയിരിക്കുകയും യാഥാർഥ്യത്തോട് പൊരുത്തപ്പെടാത്ത അവസ്ഥയിലാകുകയും ചെയ്യുന്നതിന് ഏതാനും മാസങ്ങൾക്കുശേഷമാണ് ഞാൻ വീട്ടിൽ തിരിച്ചെത്തിയത്. അപ്പോഴേക്കും ചില സമയത്തൊക്കെ അമ്മ കൈപ്പിടിയിൽ നിന്നു വഴുതിപ്പോയി തുടങ്ങിയിരുന്നെങ്കിലും അതിനെ അവഗണിക്കുകയാണ് ഞാൻ ചെയ്തത്. എന്തുചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നെന്നതും അമ്മയെ പ്രതികൂലമായി ബാധിക്കുന്ന ചിലതാണതെന്നു വിശ്വസിക്കാൻ ഞാൻ തയ്യാറായിരുന്നില്ലെന്നതുമായിരുന്നു കാരണം. എന്നാലിത്തവണ, ഞാനതിനെ ഗൗരവത്തിലെടുത്തു. വൈകാതെതന്നെ അത് സ്‌കീസോഫ്രീനിയ (പ്രവൃത്തികൾക്ക് ചിന്തകളും വികാരങ്ങളുമായി പൊരുത്തമില്ലാത്ത അവസ്ഥ ഉളവാക്കുന്ന മാനസികരോഗം) ആണെന്ന് നിർണയിക്കപ്പെടുകയും ചെയ്തു. 


ഇന്ന്, രോഗം കൊണ്ടെത്തിച്ചിടത്തുനിന്ന് അമ്മ തിരിച്ചെത്തിയിരിക്കുന്നു. അവർ ചികിൽസയോടു നന്നായി പ്രതികരിക്കുകയും പൂർസ്ഥിതിയിലാകുകയും ചെയ്തു. എനിക്കറിയാം, ഒരുവർഷം മുൻപുവരെ ഇത്, ഒരിക്കലും സംഭവിക്കില്ലെന്നു ഞാൻ ഭയന്നിരുന്ന കാര്യമായിരുന്നു. മറ്റൊരു യാഥാർഥ്യത്തിലും പ്രപഞ്ചത്തിലും അകപ്പെട്ട മനുഷ്യജീവിക്കൊപ്പം ജീവിക്കേണ്ടിവരുന്നതിന്റെ അമ്പരപ്പ് ഇപ്പോഴും ഞാൻ ഓർമിക്കുന്നു. 


എന്റെ ഇരുപതുകളിൽ മുഴുവനും, ഇപ്പോഴെനിക്ക് 29 വയസ്സായി, എന്റെ അമ്മയെ പരിഗണിക്കുമ്പോഴൊക്കെ കഠിനമായ നിസ്സഹായതാബോധമായിരുന്നു ഞാൻ ഉള്ളിൽ പേറിയിരുന്നത്. എനിക്ക് 24 വയസ്സുള്ളപ്പോൾ മുതൽ അമ്മ എന്നോടൊപ്പം താമസിക്കാൻ തുടങ്ങിയതാണ്. അതിനു മുൻപ്, അവർ ഒന്നല്ല, രണ്ട് മോശമായ വിവാഹജീവിതത്തിലൂടെയാണ് കടന്നുപോയത്. ആ സമയത്ത്, അമ്മയുടെ ആത്മബലത്തിന് വലിയ ഒരു പ്രഹരമാണ് ഏറ്റത്. കുടുംബബന്ധങ്ങളുടെ യാതൊരു പിന്തുണയുമില്ലാത്ത ഏക കുട്ടിയെന്ന നിലയിൽ, അമ്മയ്ക്ക് കൂടുതൽ സന്തോഷമാകട്ടെയെന്നു കരുതി എന്നോടൊപ്പം ഞാൻ കൂട്ടുകയായിരുന്നു. പക്ഷേ, എന്നോടൊപ്പമുള്ള ജീവിതം അവരുടെ സ്ഥിതി അത്ര മെച്ചപ്പെടുത്തിയില്ല.

 
അമ്മയ്ക്ക് സംഭവിക്കുന്നതിനെപ്പറ്റി യാതൊരു തുമ്പും എനിക്കു കിട്ടിയിരുന്നില്ല. ഞങ്ങളുടെ കുടുംബത്തിലെ അക്രമങ്ങൾ അവരുടെ പ്രശ്‌നങ്ങൾക്ക് വലിയ കാരണമായി ഭവിച്ചു എന്നത് തീർച്ചയാണ്. എന്നാലിതുവരെ, അവർ ചെയ്തതും പെരുമാറിയതുമൊക്കെ എന്തുകൊണ്ടാണങ്ങനെയെന്ന് വിശദീകരിക്കാൻ എനിക്കൊരിക്കലും കഴിയില്ല.

 
മാന്യതയും കരുതലുമുള്ള ഒരു വ്യക്തിയിൽനിന്ന്, എന്റെ അമ്മ, തനിക്കു ചുറ്റുമുള്ള ലോകത്തുനിന്ന് വ്യത്യസ്തയും കാർക്കശ്യക്കാരിയും പരുക്കനുമായി മാറുകയായിരുന്നു. എല്ലായ്‌പോഴും ചുറ്റുപാടുകളോട് പൊരുത്തപ്പെടാൻ അമ്മയ്ക്ക്  കഴിഞ്ഞില്ല. ഞങ്ങളെ രണ്ടുപേരേയും എന്റെ ജോലി പിന്തുണച്ചിരുന്നെങ്കിലും ആഴത്തിലുള്ള ആശയക്കുഴപ്പങ്ങളെപ്പറ്റി ആശങ്കപ്പെടാൻ മാത്രം പ്രശ്‌നങ്ങളുണ്ടായിരുന്നു. ഞങ്ങളുടെ വീട്ടിലെ കാര്യങ്ങൾ അമ്മ നോക്കിയിരുന്നില്ലെങ്കിലും അമ്മമാർ എപ്പോഴും അമ്മമാരായിരിക്കില്ലെന്നും അവർ അവർ മാത്രമായിരിക്കുമെന്നും ഞാനതിനു കാരണം കണ്ടെത്തി. ബില്ലുകൾ അടയ്ക്കാതെ കിടന്നാലും ഭക്ഷണം കുറേനേരത്തേക്ക് കഴിക്കാതിരുന്നാലുമെല്ലാം മാനസികസമ്മർദ്ദമെന്നുപറഞ്ഞ് ഞാൻതന്നെ ബില്ലുകളടയ്ക്കുകയും ഭക്ഷണം എടുത്തുകൊണ്ടുപോകുകയും ചെയ്തു. അമ്മ സഹകരിക്കാത്ത കാര്യങ്ങൾ ദിവസം ചെല്ലുന്തോറും കൂടിക്കൊണ്ടിരുന്നു. അരൂപിയായ ഏതോ വ്യക്തി ഇവിടെയുണ്ടെന്ന അവ്യക്തമായ ഒരസ്വസ്ഥതയിൽ ഞാൻ ജീവിക്കുകയും, അമ്മയെ തന്റെ ചുറ്റുപാടുകളോട് പ്രതികരണശേഷിയുള്ളവളായി ജീവിക്കാൻ പ്രേരിപ്പിക്കാനാകാതെ വരികയും ചെയ്തു. ഒരുതരം യാന്ത്രികമായ പാറിപ്പറക്കുന്ന അവസ്ഥയിലെത്തിയ അമ്മയെ അതേ അവസ്ഥയിൽ നിസ്സഹായയായി വിടുകയുമായിരുന്നു.

 
പക്ഷേ, വർഷങ്ങൾ ഇഴഞ്ഞുനീങ്ങുന്നതിനൊപ്പം ഞാനും തീവ്രമായ വിവേചനാതീതമായ ശോകത്തിനടിമയായി. ഞാൻ അമ്മയെ അറിഞ്ഞപോലെതന്നെ അമ്മയെ നഷ്ടപ്പെടുമെന്ന യാഥാർഥ്യത്തെ ഉൾക്കൊള്ളാനും ഞാൻ ശ്രമിച്ചു. ഞങ്ങളിപ്പോൾ പൂർണമായും ഏകതാനതയ്ക്കു പുറത്താണ്. ഞാനും എന്റെ അമ്മയും തമ്മിൽ ഉണ്ടായിരുന്ന അടുത്ത ബന്ധംതന്നെ അസാധാരണമായിരുന്നു. ഞങ്ങൾക്ക് ഒരു വീടുണ്ടായിരുന്നു എന്നു തോന്നിപ്പിക്കാൻ പറ്റുന്നതൊക്കെ ഞാൻ ചെയ്‌തെങ്കിലും ആ വർഷങ്ങളൊക്കെ എന്നെ തളർത്തുന്നതായിരുന്നു. ഞാൻ ചെയ്തതൊന്നും പോരായിരുന്നെന്ന് എനിക്കു തോന്നിത്തുടങ്ങുകയും തികഞ്ഞ അപര്യാപ്തതാബോധത്തിൽ ജീവിക്കുകയും ചെയ്തു. വിഷാദം ദേഷ്യത്തിലേക്കും മറ്റും പരിണമിച്ചപ്പോൾ ഞാൻ ഉള്ളിൽ വിഷാദതീവ്രതയിലായിരുന്നു. പതറിപ്പോകുന്ന സാഹചര്യത്തിൽ എന്റേതായ മോഹങ്ങളിലും താൽപര്യങ്ങളിലുമുള്ള പിടുത്തം നഷ്ടമാകാനും തുടങ്ങി. അമ്മയെ ഒപ്പം ചേർത്തുള്ള ഒരു ജീവിതം എനിക്ക് സങ്കൽപിക്കാനാകുമായിരുന്നില്ലെങ്കിലും, എന്റെയൊപ്പമാണെങ്കിലും മറ്റേതോലോകത്ത് ആയ അമ്മയുള്ളപ്പോൾ എനിക്കത്തരത്തിൽ ജീവിക്കാനാകുമായിരുന്നില്ല. 


അവസാനം, ഞാൻ സ്‌നേഹിച്ചതും എന്നെ ഞാനാക്കിയതുമായ പട്ടണം ഞാൻ വിട്ടു. അമ്മയെ അമ്മയ്ക്കറിയാവുന്ന ഞങ്ങളുടെ സ്വദേശത്തേക്ക് ഞാൻ കൊണ്ടുപോയി. അവിടെ അമ്മയ്ക്ക് കൂടുതൽ സുഖപ്രദമായിരിക്കുമെന്ന് ഞാൻ കരുതി. സ്വന്തം നാടിനോടുള്ള പരിചയം അമ്മയെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാൻ സഹായകമാകുമെന്നും ഞാൻ കരുതി. 
ആ സ്ഥലംമാറൽ മാറ്റമൊന്നുമുണ്ടാക്കിയില്ല. സാഹചര്യങ്ങളെ അത് കൂടുതൽ മോശമാക്കുകയാണ് ചെയ്തത്. ഞാൻ തളർന്നുപോയി. അതുകൊണ്ടുതന്നെ, ഇത്തരമൊരു സാഹചര്യത്തിൽ എന്റെ പ്രവർത്തനങ്ങൾ യാതൊരു ഗുണവും ചെയ്യാത്തതിനാൽ അതിൽ നിന്നൊരു ഇടവേളയെടുക്കാൻ ഞാൻ തീരുമാനിച്ചു. എനിക്ക് ജോലി ചെയ്യുകയും പണം സമ്പാദിക്കുകയും വേണ്ടിയിരുന്നതിനാൽ ഞാൻ അവിടം വിട്ടുപോയി, അമ്മ നന്നായി ശുശ്രൂഷിക്കപ്പെടുന്നുണ്ടെന്ന് ഞാൻ ഉറപ്പുവരുത്തിയിരുന്നു. അമ്മയാൽ നിയന്ത്രിക്കപ്പെടുന്ന ദിവസങ്ങളിൽ നിന്നകന്ന് കുറേ മാസങ്ങൾ ഞാൻ അവിടെനിന്നു മാറിനിന്നു.

 
കാര്യങ്ങളൊക്കെ ഭയപ്പെടുത്തുംവിധം താറുമാറായെന്നു കണ്ടെത്താനായിരുന്നു ഏതാനും മാസങ്ങൾക്കുശേഷമുള്ള എന്റെ തിരിച്ചുവരവ്. വീടാകെ പൊടിനിറഞ്ഞിരുന്നു. ഞാനും എന്റെ അമ്മയും അതിലേറെസമയത്തും സംസാരിച്ചിരുന്നില്ല. അക്കാലത്തൊന്നും അമ്മ എന്താണ് ചെയ്തിരുന്നതെന്ന് എനിക്കറിയുമായിരുന്നില്ല, അമ്മയൊട്ടു പറഞ്ഞതുമില്ല. ഞാൻ വീട്ടിലേക്കെത്തിയപ്പോൾ, അമ്മ എന്നെ നോക്കുകയും നോട്ടത്തിന്റെ തീഷ്ണത ഒരുനിമിഷനേരത്തേക്ക് കുറച്ചുകൊണ്ട് പറയുകയും ചെയ്തു, അവരുടെ മകൾ പോയി എന്ന്.

 
ഇത്തരമൊരു തീവ്രാവസ്ഥയെപ്പറ്റി അതായത്, മറ്റാരോ ആയി അമ്മ എന്നെ കാണുന്നതിനെപ്പറ്റി ഉപദേശം തേടുന്നതിനായി ഞാൻ എന്റെ സുഹൃത്തുക്കളോട് സംസാരിച്ചു. അമ്മേ, ഞാൻ നിങ്ങളുടെ മകളാണ്, എന്ന് ഞാനമ്മയോടു പറഞ്ഞെങ്കിലും അവജ്ഞയോടെയുള്ള ഒരു നോട്ടമായിരുന്നു മറുപടി. ആർക്കും ഇതിന് ഒരു വിശദീകരണമുണ്ടായിരുന്നില്ല. ഞാനാകട്ടെ ആഴത്തിലൊരു വിശകലനം സാധ്യമാകാത്തവിധത്തിൽ നിശ്ശബ്ദയാകുകയും ചെയ്തു. അമ്മയ്ക്ക് എന്നോടുള്ള സംശയത്തെപ്പറ്റി എങ്ങിനെ സംസാരിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. ഞാനവരുടെ മകളല്ലെന്ന് അവർക്കെങ്ങിനെ ചിന്തിക്കാൻ സാധിച്ചു? എനിക്കതിനൊരു കാരണം പോലും കണ്ടെത്താൻ സാധിച്ചില്ല.

 
അധികം വൈകാതെ ഒരു രാത്രി, അമ്മ ശാരീരികമായി അക്രമാസക്തയാകുന്നത് ഞാൻ കണ്ടു. അവർക്ക് നിയന്ത്രിക്കാനാകാത്ത ചിലത് സംഭവിക്കുന്നുണ്ടായിരുന്നു. ഇതെന്തുകൊണ്ടു സംഭവിച്ചു, അല്ലെങ്കിൽ അമ്മയ്ക്ക് എന്താണ് സംഭവിച്ചിരുന്നത് എന്ന് എനിക്കു മനസ്സിലാകാതെ പോയത് എന്നെ അത്ഭുതപ്പെടുത്തി. എല്ലാത്തരത്തിലുള്ള വിശദീകരണങ്ങളും ഞാൻ തേടി. എനിക്കെന്തു ചെയ്യാനാകും, എന്താണെന്റെ അമ്മയ്ക്ക് സംഭവിച്ചിരുന്നത്?


ഒരുപക്ഷേ, ഈ അക്രമം അമ്മയ്ക്ക് ചില സഹായങ്ങൾ ആവശ്യമായിരുന്നതിനാലായിരിക്കാമെന്ന് ഞാൻ മനസ്സിലാക്കി. ക്ലേശങ്ങൾക്കുമപ്പുറത്ത് അമ്മയുടെ ചെയ്തികളേയും പുലമ്പലുകളേയും ഞാൻ അവഗണിക്കുകയോ പരിഗണിക്കാതിരിക്കുകയോ ചെയ്തപ്പോഴായിരുന്നു ഇതൊക്കെയെന്ന് പല സാഹചര്യങ്ങളിലും എനിക്കു ബോധ്യമായി. അങ്ങെനെ അവസാനം, ഒരുപക്ഷേ, വളരെ താമസിച്ച്, ചികിൽസയിലേക്കു തിരിയാൻ ഞാൻ തീരുമാനിച്ചു. 

അമ്മയ്ക്ക് സ്‌കീസോഫ്രീനിയ രോഗം കണ്ടെത്തിയപ്പോൾ, ആദ്യമായി മാനസികരോഗവുമായി ഉരസേണ്ടിവന്നതിനെപ്പറ്റി ഒരു മകളുടെ രണ്ട് ഭാഗങ്ങളുള്ള പരമ്പരയുടെ ആദ്യഭാഗം. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org