പാര്‍ക്കിന്‍സണ്‍സ് രോഗം

Q

എന്താണ് പാര്‍ക്കിന്‍സണ്‍സ് രോഗം (പി ഡി ) ?

A

 
പാര്‍ക്കിന്‍സണ്‍സ് രോഗം ശരീരത്തിന്‍റെ ചനത്തെ ബാധിക്കുന്ന തരത്തില്‍ നാഡീവ്യൂഹത്തെ ക്രമേണ മോശമാക്കിക്കൊണ്ടിരിക്കുന്ന (ന്യൂറോ ഡിജനറേറ്റീവ്) ഒരു  തകരാറാണ്. ഈ അവസ്ഥ തലച്ചോറില്‍ ശരീര ചലനങ്ങളെ നിയന്ത്രിക്കുന്ന രാസഘടകമായ ഡോപാമിന്‍റെ കുറവ് മൂലം ഉണ്ടാകുന്നതാണ്. പാര്‍ക്കിന്‍സണ്‍സ് ദീര്‍ഘകാലം നിലനില്‍ക്കുന്നതും ക്രമേണ വര്‍ദ്ധിക്കുന്നതുമായ(അതായത് തലച്ചോറിലെ കോശങ്ങള്‍ ക്രമേണ ക്ഷയിക്കുകയും കാലംചെല്ലുന്തോറും രോഗലക്ഷണങ്ങള്‍ വഷളാകുകയും ചെയ്യുന്ന) ഒരു  തകരാറാണ്. പാര്‍ക്കിന്‍സണ്‍സ് ഒരു സാക്രമിക രോഗമല്ല, ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗവുമല്ല.

Q

പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് എന്താണ് കാരണം?

A

 
പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്‍റെ കാരണം അജ്ഞാതമാണ്, എന്നാല്‍ വൈദ്യശാസ്ത്ര വിഗദ്ധര്‍ പറയുന്നത് ഈ അവസ്ഥ ചില പ്രത്യേക ജനിതക ഘടകങ്ങള്‍ അല്ലെങ്കില്‍ പാരിസ്ഥിതിക ഘടകങ്ങള്‍ മൂലം ഉണ്ടാകുന്നതായേക്കാം എന്നാണ്. എന്തായാലും രോഗ ലക്ഷണങ്ങളും രോഗത്തിന്‍റെ ഗുരുതരാവസ്ഥയും ഒരോരുത്തരിലും വ്യത്യസ്തമായേക്കാം. 
  •  ജനിതകമായ ഘടകങ്ങള്‍ : ചില ജനിതക വ്യതിയാനങ്ങള്‍ പാര്‍ക്കിന്‍സണ്‍സ് രോഗം ഉണ്ടാകുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി നീരീക്ഷിക്കപ്പെടുന്നുണ്ട്, ഇതു സംബന്ധിച്ച ഗവേഷണങ്ങള്‍ ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
  •  പാരിസ്ഥിതികമായ ഘടകങ്ങള്‍ : ചില ശാസ്ത്രജ്ഞര്‍ പറയുന്നത് ഡോപാമിന്‍ ഉത്പാദിപ്പിക്കുന്ന നാഡീകോശങ്ങളെ ബാധിച്ചേക്കാവുന്ന വിഷപദാര്‍ത്ഥങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് കാരണമായേക്കാം എന്നാണ്.
മറ്റ് അപകട സാധ്യതകള്‍ : 
  •  പ്രായം: പാര്‍ക്കിന്‍സണ്‍സ് രോഗം ഉണ്ടാകുന്നതിനുള്ള പ്രധാന സാധ്യതകളിലൊന്ന് പ്രായമാണ്. മിക്കവാറും 60 വയസിന് മുകളില്‍ ഇതിനുള്ള സാധ്യത കൂടുതലാണ്. പക്ഷെ ഈ അവസ്ഥ അതിനും മുമ്പേയും ഉണ്ടായേക്കാം. 
  •  ലിംഗം : സ്ത്രീകളിമായി താരതമ്യം ചെയ്യുമ്പോള്‍ പുരുഷന്മാര്‍ക്ക് ഈ രോഗം വരാനുള്ള സാധ്യത അല്‍പം കൂടുതലാണ്.
  •  കുടുംബ ചരിത്രം: കുടുംബത്തിലെ പ്രാഥമിക തലത്തിലുള്ള ഏതെങ്കിലും ബന്ധുവിന് (അമ്മ, അച്ഛന്‍, സഹോദരീസഹോദരന്മാര്‍) പാര്‍ക്കിന്‍സണ്‍സ് രോഗം ഉണ്ടായിരുന്നു എങ്കില്‍ നിങ്ങള്‍ക്ക് ഈ രോഗം വരുന്നതിനുള്ള സാധ്യത വളരെയധികമാണ്.
  •  തലയ്ക്ക് ഉണ്ടാകുന്ന പരിക്ക് : തലച്ചോറിന് ഉണ്ടാകുന്ന ആഘാതകരമായ പരിക്ക് ഈ അവസ്ഥയ്ക്ക് കാരണമായേക്കാം.

Q

പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്‍റെ സൂചനകള്‍ എന്തെല്ലാം?

A

 
തുടക്കത്തില്‍ പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്‍റെ ലക്ഷണങ്ങള്‍ വളരെ നേര്‍ത്തതും രോഗിക്കോ കുടുംബാംഗങ്ങള്‍ക്കോ തിരിച്ചറിയാന്‍ പറ്റാത്തവയും ആയേക്കാം. ലക്ഷണങ്ങളുടെ എണ്ണവും തീവ്രതയും ഓരോ വ്യക്തിയിലും വ്യത്യസ്തവുമായേക്കാം.
ചില പ്രധാന ലക്ഷണങ്ങള്‍ താഴെ പറയുന്നു : 
  •  കമ്പനം (വിറയ്ക്കല്‍ അല്ലെങ്കില്‍ ഇളക്കം): രോഗം വര്‍ദ്ധിക്കുമ്പോള്‍ ശരീരം വിറയ്ക്കലും കമ്പനവും ഇളക്കവും മറ്റും ദൈനംദിന പ്രവര്‍ത്തികളെ  തടസപ്പെടുത്തുന്ന തരത്തില്‍  ശ്രദ്ധേയമായ അവസ്ഥയിലെത്തിയേക്കാം. 
  •  പേശികളുടെ ചലനത്തെ തടസപ്പെടുത്തുന്ന തരത്തില്‍ പേശികള്‍ക്ക് വഴക്കമില്ലായ്മ ഉണ്ടാകുകയും അത് വേദനയ്ക്ക് കാരണമാകുകയും ചെയ്യുന്നു. 
  •  ചലനം മന്ദഗതിയിലാകുകയും നില്‍പ്പിനും ഇരിപ്പിനും ശരീരത്തിന്‍റെ സംതുലനത്തിനും (ബാലന്‍സ്) ബുദ്ധിമുട്ടനുഭവപ്പെടുകയും ചെയ്യുന്നു.
  •  സംസാരിക്കുന്നതിനും വിഴുങ്ങുന്നതിനും ബുദ്ധിമുട്ട്.
  •  പേശികള്‍ക്ക് വേദനാജനകമായ  കോച്ചിവലിക്കല്‍ അല്ലെങ്കില്‍ ഒരു തരിപ്പ് അനുഭവപ്പെടുന്നു.
  •  എഴുതാന്‍ ബുദ്ധിമുട്ട്.
  •  ഉറക്കം, ഗന്ധം അറിയല്‍, കുടല്‍, മൂത്രാശയം തുടങ്ങിയവയെ നിയന്ത്രിക്കുന്ന നിരവധി നാഡീവ്യൂഹ സംവിധാനത്തെ ബാധിക്കുന്നതായും കണ്ടുവരുന്നു. 

Q

എന്താണ് പാര്‍ക്കിന്‍സണ്‍സ് രോഗം അല്ലാത്തത്?

A

 
ഒരു വ്യക്തിക്ക് പ്രായമാകുമ്പോള്‍ അയാളുടെ / അവരുടെ ആരോഗ്യസ്ഥിതിയിലും സുഖത്തിലും നിരവധി മാറ്റങ്ങള്‍ ഉണ്ടായേക്കും. പ്രായമായ ഒരാള്‍ക്ക് ചിലപ്പോള്‍ നടക്കുമ്പോള്‍ ബാലന്‍സ് പോയേക്കാം, ചിലപ്പോള്‍ പനിയോ ജലദോഷമോ  ഒക്കെ മൂലം ഗന്ധം അറിയാനാകാതെ വന്നേക്കാം.  ഏതെങ്കിലും തരത്തിലുള്ള ശാരീരികമായ പരിക്ക്, അല്ലെങ്കില്‍ സന്ധിവാതം പോലുള്ള രോഗം ഉള്ളവര്‍ക്ക് ശരീരം ചലിപ്പിക്കുന്നതില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. ഇതൊന്നും പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്‍റെ ലക്ഷണങ്ങളല്ല.

Q

പാര്‍ക്കിന്‍സണ്‍സ് രോഗം എങ്ങനെ കണ്ടെത്താം?

A

 
പാര്‍ക്കിന്‍സണ്‍സ് രോഗം കണ്ടെത്തുന്നതിന് മാത്രമായിട്ടുള്ള ഒരു പ്രത്യേക പരിശോധനയില്ല എന്നത് ഇതിനെ ഒരു  കണ്ടെത്താന്‍ പ്രയാസമുള്ള അസുഖമാക്കുന്നു. ഈ രോഗം കണ്ടെത്തുന്നതിനായി ഡോക്ടര്‍മാര്‍ വ്യക്തിയുടെ ചികിത്സാ ചരിത്രം നോക്കുകയും  നാഡീസംബന്ധമായ പരിശോധനകള്‍ നടത്തുകയും ചെയ്യുന്നു. രോഗം പാര്‍ക്കിന്‍സണ്‍സ് ആണെന്ന് സ്ഥിരീകരിക്കുന്നതിന് മുമ്പ് ഡോക്ടര്‍മാര്‍ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ക്ക് കാരണമായേക്കാവുന്ന മറ്റ് രോഗങ്ങള്‍ക്കുള്ള സാധ്യത കണ്ടെത്തുന്നതിനായി തലച്ചോറ് സ്കാന്‍ ചെയ്യിക്കുകയോ ലബോറട്ടറി പരിശോധനകള്‍ നടത്തുകയോ ചെയ്തേക്കാം.

Q

പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് ചികിത്സ നേടല്‍

A

 
പാര്‍ക്കിന്‍സണ്‍സ് രോഗം ചികിത്സിച്ച് ഭേദമാക്കാനാകില്ല, എന്നാല്‍ പ്രത്യേകമായ ചികിത്സാ പദ്ധതിക്കും മരുന്നുകള്‍ക്കും നിങ്ങളുടെ രോഗലക്ഷണങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കാനാകും. പതിവായി  വ്യായാമം ചെയ്യുക, പോഷകഗുണമുള്ള ഭക്ഷണം കഴിക്കുക, സംതുലിതമായ ഭക്ഷണക്രമം പരിപാലിക്കുക, ചിട്ടയുള്ള ഒരു ഉറക്ക ക്രമം ഉണ്ടാക്കിയെടുക്കുക, സ്വയം പ്രവര്‍ത്തന നിരതമായിരിക്കുക തുടങ്ങിയ ചില ജീവിത ശൈലീ മാറ്റങ്ങള്‍ ഈ അവസ്ഥയെ വിജയകരമായി അഭിമുഖീകരിക്കാന്‍ നിങ്ങളെ സഹായിച്ചേക്കും. ശരീരത്തിന്‍റെ സംതുലനത്തിലും (ബാലന്‍സ്) പേശികളുടെ വഴക്കത്തിലും ശ്രദ്ധവെച്ചുള്ള ശാരീരികമായ തെറാപ്പിയും ഗുണകരമായേക്കാം. സ്പീച്ച് തെറാപ്പി സംസാരം മെച്ചപ്പെടുത്തിന് സഹായിച്ചേക്കും.

Q

അവസ്ഥയെ നേരിടലും സഹായവും

A

 
ദീര്‍ഘകാലം നിലനില്‍ക്കുന്ന ഏത് രോഗത്തെയും നേരിടുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുപോലെ തന്നെ  ദേഷ്യം, അസ്വസ്ഥത, നിരാശ, വിഷാദം, നിരുത്സാഹം എന്നിവ അനുഭവപ്പെടുക എന്നത് വളരെ സാധാരണവുമാണ്. കുടുംബത്തില്‍ നിന്നുള്ള വൈകാരികമായ പിന്തുണയും പരിചരണവും ഈ രോഗത്തെ വിജയകരമായി അഭിമുഖീകരിക്കാന്‍ നിങ്ങളെ വളരെയധികം സഹായിക്കും. ഒരു സഹായക സംഘത്തില്‍ (സപ്പോര്‍ട്ട് ഗ്രൂപ്പില്‍) ചേരുകയും നിങ്ങളുടെ അതേ പ്രശ്നം നേരിടുന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്നത് ആവശ്യമായ പിന്തുണ നേടുന്നതിന് നിങ്ങളെ സഹായിച്ചേക്കും. 
 

Q

പാര്‍ക്കിന്‍സണ്‍സ് രോഗത്തോടൊപ്പമുള്ള വിഷാദരോഗം

A

 
പാര്‍ക്കിന്‍സണ്‍സ് രോഗം ഉണ്ടെന്ന വസ്തുത അംഗീകരിക്കുകയും അതിന്‍റെ ലക്ഷണങ്ങളെ നേരിടുകയും ചെയ്യുമ്പോള്‍ രോഗിയില്‍ ഉത്കണ്ഠാ രോഗവും വിഷാദ രോഗവും പ്രകടമായേക്കാം. കാലങ്ങളായി കണ്ടുവരുന്ന ഒരു കാര്യം, പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്കിടയില്‍ വിഷാദരോഗം വളരെ സാധാരണമായിരിക്കുന്നു എന്നതാണ്. ശരീര ചലനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന തലച്ചോറിലെ മാറ്റങ്ങള്‍ മനോഭാവത്തിലും മാറ്റം വരുന്നതിന് കാരണമാകുകയും അത് രോഗിയെ വിഷാദരോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഈ വ്യക്തിക്ക് വിഷാദ രോഗത്തിന്‍റെ മിക്കവാറും എല്ലാ ലക്ഷണങ്ങളും അനുഭവപ്പെടുകയും ഈ രോഗത്തെ നേരിടുവാന്‍ ബുദ്ധിമുട്ടുനേരിടുകയും കാലക്രമത്തില്‍ ഇത് ജീവിതനിലവാരത്തെ ബാധിക്കുകയും ചെയ്തേക്കാം. രോഗം മൂലമുള്ള ദുരിതം കുറയ്ക്കാനും മറ്റെല്ലാ ലക്ഷണങ്ങളും കൈകാര്യം ചെയ്യാവുന്നവയാക്കി മാറ്റാനും    സഹായകരമാകും എന്നതിനാല്‍  വിഷാദരോഗം ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്.

Q

പാര്‍ക്കിന്‍സണ്‍സ് രോഗമുള്ളവരെ പരിചരിക്കല്‍

A

 
നിങ്ങള്‍ക്ക് പ്രിയപ്പെട്ട ആര്‍ക്കെങ്കിലും പാര്‍ക്കിന്‍സണ്‍സ് രോഗം ഉണ്ടെന്ന് നിര്‍ണിയിക്കപ്പെട്ടാല്‍ അത് ആ വ്യക്തിക്കും നിങ്ങള്‍ക്കും കുടുംബത്തിനാകെത്തന്നെയും ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു അനുഭവമായേക്കാം. പരിചരണം നല്‍കുന്നയാള്‍ എന്ന നിലയ്ക്ക് നിങ്ങള്‍ക്ക്  വളരെ പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ് നിറവേറ്റാനുള്ളത്, കാരണം ഈ വ്യക്തിക്ക് തുടര്‍ച്ചയായ ശ്രദ്ധയും പരിചരണവും ആവശ്യമായേക്കാം. 
പാര്‍ക്കിന്‍സണ്‍സ് രോഗം സാവധാനത്തിലാണ് വര്‍ദ്ധിക്കുന്നത് എന്നതിനാല്‍ ദീര്‍ഘകാലം പരിചരണം നല്‍കേണ്ടി വരികയും അത് നിങ്ങളെ ക്ഷീണിപ്പിക്കുകയും ചെയ്തേക്കാം.
ഇത് പരിചരണം നല്‍കുന്നയാളുടെ ശാരീരികവും വൈകാരികവുമായ ആരോഗ്യത്തെ വലിയൊരളവില്‍ ബാധിച്ചേക്കും. പരിചരണം നല്‍കുന്നയാള്‍ക്ക് രോഗപ്രതിരോധശേഷി നഷ്ടപ്പെടല്‍, ഉറക്കമില്ലായ്മ തുടങ്ങിയവ അനുഭവപ്പെടുകയും ഇത് മുന്‍കോപത്തിനും നിരാശയ്ക്കും കാരണമാകുകയും ചെയ്യും. അതുപോലെ തന്നെ ഈ രോഗികളെ പരിചരിക്കുന്നവര്‍ക്ക് വിഷാദരോഗവും ഉത്കണ്ഠയും ബാധിക്കാന്‍ വളരെയധികം സാധ്യതയുള്ളതായും കണ്ടുവരുന്നു. അതിനാല്‍ പാര്‍ക്കിന്‍സണ്‍സ് രോഗികളെ പരിചരിക്കുന്നവര്‍ തങ്ങളുടെ ശാരീരികവും വൈകാരികവുമായ ആരോഗ്യവും ക്ഷേമവും ശ്രദ്ധിക്കേണ്ടതുണ്ട്. 
രോഗവുമായി ബന്ധപ്പെട്ട് ഒരു മാനസികാരോഗ്യ വിദഗ്ധനോട് സംസാരിക്കുന്നതും ഈ രോഗത്തെക്കുറിച്ച് മനസിലാക്കുന്നതും രോഗിയുടെ വീട്ടുകാര്‍ക്ക് ഗുണകരമായിരിക്കും.ഇത് കുടുംബാഗങ്ങള്‍ക്ക് രോഗിയുടെ അവസ്ഥയുമായി താദാത്മ്യം പ്രാപിക്കാനും അവര്‍ക്ക് ആവശ്യമായ പിന്തുണയും ശ്രദ്ധയും നല്‍കാനും ഗുണകരമാകും. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org