തകരാറുകൾ

വ്യക്തിത്വ തകരാറുകള്‍

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

Q

എന്താണ് വ്യക്തിത്വം?

A

മനഃശാസ്ത്രപരമായ അര്‍ത്ഥത്തില്‍ വ്യക്തിത്വം (പേഴ്സണാലിറ്റി) എന്ന വാക്ക് ഉപയോഗിക്കുന്നത് ഒരു വ്യക്തി മറ്റുള്ളവരുമായി ബന്ധപ്പെടുന്ന രീതിയെ വിശദീകരിക്കുന്നതിനായാണ്. വ്യക്തിത്വം (പേഴ്സണാലിറ്റി)  എന്നത് നമ്മള്‍ എങ്ങനെ മറ്റുള്ളവരുമായി ഇടപെടുന്നു, എങ്ങനെ പെരുമാറുന്നു തുടങ്ങിയ കാര്യങ്ങള്‍ നിശ്ചയിക്കുന്ന  എല്ലാ സ്വഭാവപ്രത്യേകതകളുടേയും  ആകെത്തുകയാണ്.
 
നമ്മുടെ മാതാപിതാക്കളില്‍ നിന്ന്  ജീനിലൂടെ  പാരമ്പര്യമായി കിട്ടിയ ജന്മസിദ്ധമായ സ്വഭാവസവിശേഷതകളും നമുക്കുണ്ടാകാം.  അനുഭവങ്ങളും സാഹചര്യവും  നിലവിലുള്ള സ്വഭാവപ്രത്യേകതകളെ മാറ്റിയെടുക്കാനും പുതിയവ സ്വന്തമാക്കാനും നമ്മളെ പഠിപ്പിക്കുന്നുണ്ട്. നമ്മുടെ സാഹചര്യത്തില്‍ നമുക്ക് സ്വീകാര്യമല്ലാത്തതോ ഗുണകരമല്ലാത്തതോ ആയ കാര്യങ്ങള്‍ ചെയ്യാതിരിക്കാനും നമ്മള്‍ പഠിച്ചേക്കും. അതായത് നമ്മുടെ അഭ്യസനങ്ങളുടേയും/പരിശീലനങ്ങളുടേയും (നമ്മുടെ അനുഭവങ്ങളും നമ്മുടെ സാഹചര്യങ്ങളും) നമ്മുടെ സ്വഭാവത്തിന്‍റെ /പ്രകൃതത്തിന്‍റേയും (ജനിതക ഘടകങ്ങള്‍) ഒരു സംയുക്തമാണ് നമ്മുടെ വ്യക്തിത്വ സവിശേഷതകളെ രൂപപ്പെടുത്തുന്നത്. 
 
മിക്കവാറും വ്യക്തിത്വ സവിശേഷതകള്‍ എല്ലാ വ്യക്തികളിലും ഉണ്ട്, എന്നാല്‍ വ്യത്യസ്തമായ അളവിലാണെന്നു മാത്രം. ഈ സാര്‍വ്വത്രികമായ സവിശേഷതയുടെ അനന്യമായ സംയുക്തമാണ് നിങ്ങളുടെ വ്യക്തിത്വം നിശ്ചയിക്കുന്നത്.

Q

എന്താണ് വ്യക്തിത്വ തകരാറുകള്‍?

A

നമ്മളില്‍ ഓരോരുത്തര്‍ക്കും വീട്, ജോലി, സാമൂഹ്യ ബന്ധങ്ങള്‍ എന്നിങ്ങനെയുള്ള വ്യത്യസ്തമായ സാഹചര്യങ്ങളില്‍ നമ്മളുടെ പ്രവര്‍ത്തികളെ സഹായിക്കുന്ന വ്യക്തിത്വ പ്രത്യേകതകള്‍ ഉണ്ട്. ഈ സ്വഭാവ സവിശേഷതകള്‍ ജീവിതത്തിലെ വിവിധ സാഹചര്യങ്ങളിലും മാറ്റങ്ങളിലും നമ്മളെ സഹായിക്കുന്നു. അതേസമയം ചില ആളുകളില്‍ അവരുടെ ചില പ്രത്യേക സ്വഭാവ സവിശേഷതകള്‍ അവരുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും അവര്‍ക്കോ ചുറ്റുമുള്ളവര്‍ക്കോ അസ്വസ്ഥതയും മനക്ലേശവുമുണ്ടാക്കുകയും ചെയ്യുന്ന തലത്തിലേക്ക്  പോകുന്നു. 
 
വ്യക്തിത്വ തകരാറുള്ള ഒരു വ്യക്തിക്ക് മറ്റുള്ളവരുമായി ബന്ധപ്പെടാനോ പുതിയൊരു സാഹചര്യത്തോട് ഇണങ്ങിച്ചേരാനോ ബുദ്ധിമുട്ടു നേരിടുന്നതായി കാണുന്നു. ചില സ്പഷ്ടമായ സ്വഭാവ പ്രത്യേകതകള്‍ മാറ്റങ്ങളെ നേരിടാനോ  സങ്കീര്‍ണമായ സാഹചര്യങ്ങളെ മറികടക്കാനോ ഉള്ള ഒരു വ്യക്തിയുടെ ശേഷിയെ തടസപ്പെടുത്താറുണ്ട്. ഈ വ്യക്തിക്ക് സാമൂഹ്യാന്തരീക്ഷത്തില്‍ അയാളുടെ വികാരങ്ങള്‍ നിയന്ത്രിക്കാനും മറ്റുള്ളവരുമായി സമ്പര്‍ക്കപ്പെടാനും ബുദ്ധിമുട്ടുനേരിട്ടേക്കാം. അവര്‍ സാമൂഹ്യപരമായി ഉചിതമല്ലാത്ത കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയോ പറയുകയോ ചെയ്തേക്കാം. ലോകം എങ്ങനെയായിരിക്കണം, കാര്യങ്ങള്‍ എങ്ങനെയാണ് ചെയ്യേണ്ടത്, എന്താണ് ശരി അല്ലെങ്കില്‍  എന്താണ് തെറ്റ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഇവര്‍ക്ക് വളരെ കര്‍ക്കശമായ ധാരണകളുണ്ടായേക്കാം. ഈ ബുദ്ധിമുട്ടുകള്‍ മൂലം  ഒരു പ്രവര്‍ത്തനോന്മുഖമായ ജീവിതം നയിക്കാന്‍ ഇവര്‍ പാടുപെട്ടേക്കും.
 
"എനിക്ക് ഓര്‍മ്മയുള്ളിടത്തോളം ഞാനൊരിക്കലും ഒരു സംഘവുമായി ഇണങ്ങിയിരുന്നില്ല. എന്‍റെ കുടുംബവുമായിട്ടോ അയല്‍ക്കാരുമായിട്ടോ കൂട്ടുകാരുമായിട്ടോ സഹപാഠികളുമായിട്ടോ എനിക്ക് കൂട്ടുചേരാനായിട്ടില്ല. ചുറ്റുമുള്ള എല്ലാവരുമായും ഞാന്‍ പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. എന്‍റെ ജീവിതം മുഴുവന്‍, എനിക്ക് ചുറ്റുമുള്ളവര്‍ ഞാന്‍ അര്‍ഹിക്കുന്ന സ്നേഹത്തോടേയും താല്‍പര്യത്തോടേയും എന്നോട് പെരുമാറിയിട്ടില്ല. ഞാന്‍ പറയുന്നതില്‍ കാര്യമുണ്ടെന്ന് അവര്‍ക്ക് കാണാന്‍ കഴിയുന്നില്ല, ഞാന്‍ ശരിയാണെന്നും അവര്‍ക്ക് തെറ്റുപറ്റുന്നു എന്നും മനസിലാക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല, അല്ലെങ്കില്‍ അങ്ങനെ കാണാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല.
 
ആരും എന്നെ സ്നേഹിക്കുന്നില്ല, എന്‍റെ കൂട്ടുകാര്‍, കുടുംബം, സഹപ്രവര്‍ത്തകര്‍ എല്ലാവരും ഞാന്‍ അടുക്കാന്‍ ശ്രമിക്കുമ്പോള്‍ എന്നെ ഒഴിവാക്കുന്നു. 
 
ചിലപ്പോള്‍  ഓരോ ദിവസവും ഒരോ പുതിയ അഗ്നിപരീക്ഷയാണെന്ന്  എനിക്ക് തോന്നും. ചിലപ്പോള്‍ ജീവിതം അര്‍ത്ഥശൂന്യമാണെന്ന് തോന്നും. 
 
ചിലപ്പോള്‍ ഞാനെന്‍റെ കുടുംബത്തോടും സുഹൃത്തുക്കളോടും  ഞാന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് പറയും, ഒരു പക്ഷെ അതുകൊണ്ടെങ്കിലും അവര്‍ എന്‍റെ വില മനസിലാക്കിയേക്കാം എന്ന് ഞാന്‍ കരുതും, പക്ഷെ അത് ഫലിക്കുന്നില്ല.
 
ഞാന്‍ ചെയ്യണമെന്ന് അവര്‍ ആഗ്രഹിച്ചതെല്ലാം ഞാന്‍ ചെയ്തു, അവര്‍ എന്നെ സ്നേഹിക്കുമെന്നോര്‍ത്ത് ഞാനെന്‍റെ പെരുമാറ്റത്തില്‍ മാറ്റം വരുത്തി, ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും നല്ലാതായിരിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ ശ്രമിക്കുകയും ചെയ്യുന്നു. പക്ഷെ അതൊന്നും ഗുണം ചെയ്യുന്നില്ല. എനിക്കാരുമില്ല, ഞാന്‍ ഒറ്റയ്ക്കാണ്.."
 
(ഈ സാങ്കല്‍പ്പിക സംഭവവിവരണം ഇവിടെ അവതരിപ്പിച്ചിരിക്കുന്നത് ഒരു യഥാര്‍ത്ഥ ജീവിത സാഹചര്യത്തിലൂടെ ഈ തകരാറിനെ മനസിലാക്കാന്‍ സഹായിക്കുന്നതിനാണ്).

Q

വ്യക്തിത്വ സവിശേഷതയും വ്യക്തിത്വ തകരാറും തമ്മിലുള്ള വ്യത്യാസം എന്ത് ?

A

വ്യക്തിത്വ തകരാര്‍ ഏതെങ്കിലും സ്വഭാവ സവിശേഷതകള്‍ ഉള്ളതുകൊണ്ട് ഉണ്ടാകുന്നതല്ല. സ്വഭാവ സവിശേഷതകള്‍ നമുക്കെല്ലാം ഉള്ളതാണ്,  എത്ര കൂടുതലോ എത്ര കുറച്ചോ ആണ് നമ്മളത് പെരുമാറ്റത്തില്‍ വ്യക്തമാക്കുന്നത് എന്നതിലാണ് വ്യത്യാസം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, വ്യക്തിത്വ തകരാറുള്ള വ്യക്തിക്ക് മറ്റുള്ളവര്‍ക്കെല്ലാമുള്ള അതേ സ്വഭാവ സവിശേഷതകളാണുള്ളത്, പക്ഷെ ഈ സവിശേഷതകള്‍ ബുദ്ധിമുട്ടുണ്ടാകുന്ന വിധം മുഴച്ചു നില്‍ക്കുകയോ അത്യധികമായിരിക്കുയോ ചെയ്യും.
 
സംസ്ക്കാരവും പശ്ചാത്തലവും ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്; ചില സംസ്ക്കാരങ്ങളില്‍ ചില സ്വഭാവ സവിശേഷതകള്‍ ആരോഗ്യകരമായതോ സാധാരണമായതോ ആയി കരുത്പ്പെടും.  അതേസമയം മറ്റൊരു സംസ്കാരത്തില്‍ അത് അനാരോഗ്യകരമോ അസാധാരണമോ ആയേക്കും. 
 
ഉദാഹരണത്തിന് , കാണുന്നവരെയെല്ലാം വിശ്വസിക്കുന്നത് സുരക്ഷിതമല്ലെന്ന് നമ്മളെല്ലാം നമ്മുടെ സ്വന്തം അനുഭവത്തില്‍ നിന്ന് അല്ലെങ്കില്‍ ചുറ്റുമുള്ള അളുകളെ നിരീക്ഷിക്കുന്നതില്‍ നിന്ന് പഠിക്കുന്നു. മറ്റുള്ളവരെ വിശ്വസിക്കുക എന്ന സ്വഭാവ സവിശേഷതയുടെ കാര്യമെടുത്താന്‍ ഇവിടെ കാണാനാകുന്നത് ഒരറ്റത്ത് എല്ലാവരേയും വിശ്വസിക്കുന്നവരേയും മറ്റേ അറ്റത്ത് ആരേയും വിശ്വസിക്കാത്തവരേയുമാണ്. ആളുകളില്‍ ഭൂരിപക്ഷവും ഈ രണ്ട് അറ്റങ്ങള്‍ക്ക് ഇടയില്‍ പെടുന്നവരാണ്, അതായത്, തങ്ങളുടെ കുടുംബത്തേയും സുഹൃത്തുക്കളേയും വിശ്വസിക്കുകയും അതേസമയം തന്നെ അവനവനെ സംരക്ഷിക്കുന്നതിനായി ആരോഗ്യകരമായ അളവില്‍ അന്യരെക്കുറിച്ച് അവിശ്വാസം പുലര്‍ത്തുകയും ചെയ്യുന്നവരാണ്. മേല്‍പ്പറഞ്ഞ നടുവില്‍പ്പെട്ട വിഭാഗം ആളുകളാണ് താരതമ്യേന ജീവിതത്തോട് കൂടുതല്‍ പെരുത്തപ്പെടാനും സ്വയം സംരക്ഷിക്കാനും കഴിവുള്ളവര്‍. എന്തും വിശ്വസിക്കുന്നവര്‍ വീണ്ടും വീണ്ടും ചതിക്കപ്പെടും, അതേസമയം എല്ലാവരേയും അവിശ്വസിക്കുവര്‍ക്ക് ഒരു അടുത്ത സൗഹൃദം നിലനിര്‍ത്താന്‍ കഴിയാതേയും വരും. തങ്ങളുടെ പെരുമാറ്റം തങ്ങള്‍ക്കു തന്നെ നല്ലതല്ല എന്ന് കണ്ടാല്‍ പോലും അതില്‍ മാറ്റം വരുത്തുക എന്നത് അസാധ്യമായതോ ബുദ്ധിമുട്ടുള്ളതോ ആയ കാര്യമായി ഇവര്‍ക്ക് തോന്നും. 
 
വ്യക്തിത്വ തകരാര്‍ കണ്ടെത്തുന്നതിന്, ഒരു വ്യക്തി  വിവിധ സാഹചര്യങ്ങളില്‍ ഒരു നിശ്ചിത കാലയളില്‍ മുഴുവന്‍ സമയവും ഒരേ സ്വഭാവ സവിശേഷത തന്നെ പ്രകടിപ്പിക്കണം എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
 
ഉദാഹരണം : സാമൂഹ്യ വിരുദ്ധ വ്യക്തിത്വ തകരാറുള്ളവര്‍ മറ്റുള്ളവരോട് ക്രൂരമായ അവഗണന പുലര്‍ത്തുന്നതായും അവരെ സ്വന്തം ആവശ്യങ്ങള്‍ക്കും ജീവിത വിജയത്തിനുമായി ചൂഷണം ചെയ്യുന്നതായും കാണപ്പെടുന്നു. ഓഫീസില്‍ വളരെ ഉപദ്രവകാരിയും കൗശലക്കാരനുമായ ഒരാളുടെ കാര്യമെടുക്കാം.അയാള്‍ ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നതുമൂലം തന്‍റെ വിജയത്തിനായി മറ്റുള്ളവരെ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കാറേയില്ല. അയാള്‍ സ്വന്തം കാര്യം നേടുന്നതിനായി  കുറുക്കുവഴികള്‍ സ്വീകരിക്കുകയും ചുറ്റുമുള്ളവരോട് ഒരു മനസാക്ഷിയും കാണിക്കാതിരിക്കുകയും ചെയ്യുന്നു- അയാളെ സംബന്ധിച്ചിടത്തോളം സത്യസന്ധതയേക്കാള്‍ വലുത് തന്‍റെ വിജയമാണ്. ഇങ്ങനെയാണെങ്കിലും വീട്ടില്‍ ഇയാളുടെ പെരുമാറ്റം വളരെ വ്യത്യസ്തമാണ്. കുടുംബത്തോടൊപ്പം അയാള്‍ സുഖമായി കഴിയുന്നു, അവരുമായി ബന്ധപ്പെട്ട് അയാള്‍ക്ക് വൈകാരികമായ ഒരു പ്രശ്നവും ഉണ്ടാകാറില്ല.
 
ഈ വ്യക്തിയുടെ ജോലി സ്ഥലത്തെ പെരുമാറ്റത്തില്‍ നിന്ന് ഇയാള്‍ക്ക് സാമൂഹ്യ വിരുദ്ധവ്യക്തിത്വ തകരാറുണ്ടെന്ന് കണക്കാക്കാം, എന്നാല്‍ ഈ വിലയിരുത്തല്‍ കൃത്യമായേക്കില്ല.  ഇയാള്‍ അതേ മനസാക്ഷിയില്ലായ്മയും കൗശലവും അവഗണനയും അനാദരവും മറ്റും ജോലിസ്ഥലത്തും വീട്ടിലും സുഹൃത്തുക്കള്‍ക്കിടിയിലും മറ്റ് സാഹചര്യങ്ങളിലും കാണിക്കുന്നുണ്ടെങ്കില്‍ മാത്രമേ ഇയാള്‍ക്ക് സാമൂഹ്യ വിരുദ്ധ വ്യക്തിത്വ തകരാറാണ് എന്ന് നിര്‍ണയിക്കാനാകു.

Q

വ്യക്തിത്വ തകരാറുകളുടെ ലക്ഷണങ്ങള്‍ എന്തെല്ലാം ?

A

വ്യക്തിത്വ തകരാറുകള്‍ വിവിധ തരം ഉണ്ട്, അവയ്ക്ക് ഓരോന്നിനും അതിന്‍റേതായ ലക്ഷണങ്ങളും ഉണ്ട്. വ്യക്തിത്വ തകരാറുകളെ മൂന്ന് വിഭാഗങ്ങളായി തിരിക്കാം.

വിഭാഗം - എ : 
വിചിത്രമായ / അസാധാരണമായ പെരുമാറ്റം

വിഭാഗം - ബി : 
നാടകീയമായ, ചപലമായ, 
വൈകാരികമായ പെരുമാറ്റം
വിഭാഗം- സി : 
ഉത്കണ്ഠയോ ഭയമോ ഉള്ള പെരുമാറ്റം
സ്കിസോഫ്രീനിയുടെ ചില ലക്ഷണ
ങ്ങളോട് കൂടിയ (സ്കിസോയ്ഡ്)
വ്യക്തിത്വ തകരാര്‍
സാമൂഹ്യ വിരുദ്ധ
വ്യക്തിത്വ തകരാര്‍
ഒഴിവാക്കല്‍ സ്വഭാവമുള്ള വ്യക്തിത്വ തകരാര്‍
ആക്രമിക്കപ്പെടുമെന്ന പേടിയുള്ള
വ്യക്തിത്വ തകരാര്‍
ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ
തകരാര്‍
ആശ്രിത സ്വഭാവമുള്ള വ്യക്തിത്വ തകരാര്‍
സ്കിസോടൈപ്പല്‍ വ്യക്തിത്വ തകരാര്‍ ആത്മാരാധനാ വ്യക്തിത്വ തകരാര്‍ ഒബ്സസീവ് കമ്പള്‍സീവ് ഡിസോര്‍ഡര്‍
  നാടകീയത പ്രകടിപ്പിക്കുന്ന
വ്യക്തിത്വ തകരാര്‍
 

 

മിക്ക വ്യക്തിത്വ തകരാറുകള്‍ക്കും പൊതുവായുള്ള ചില ലക്ഷണങ്ങള്‍ താഴെ പറയുന്നു :
 • മറ്റുള്ളവരുമായി അടുത്തുപെരുമാറാന്‍ ബുദ്ധിമുട്ട് (കൂട്ടുകാര്‍, കുടുംബക്കാര്‍, സഹപ്രവര്‍ത്തകര്‍ എന്നിവരോട്). 
 • ജീവിതത്തിലെ മാറ്റങ്ങളോട് പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ട്.
 • കാര്യങ്ങള്‍ എങ്ങനെയാണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് ഉറച്ച ധാരണയോടെ ലോകത്തെ നല്ലതും ചീത്തയുമായി മാത്രം കാണല്‍.
 • ആരോഗ്യകരമായ ബന്ധങ്ങളില്‍ ദീര്‍ഘകാലം തുടരാന്‍ കഴിവില്ലായ്മ.
 • സ്വന്തം പ്രവര്‍ത്തികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള കഴിവില്ലായ്മ.
 • കാര്യങ്ങളെ വളരെ ഗൗരവത്തിലെടുക്കാനുള്ള പ്രവണത,  അല്ലെങ്കില്‍ പൂര്‍ണമായും വിട്ടുനില്‍ക്കല്‍ (പ്രത്യേകിച്ച് വൈകാരികമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍).
 • സ്വന്തം പെരുമാറ്റ ശൈലി തനിക്കും മറ്റുള്ളവര്‍ക്കും മനക്ലേശം ഉണ്ടാകുന്നു എങ്കില്‍ പോലും പെരുമാറ്റ ശൈലിയില്‍ മാറ്റം വരുത്താനുള്ള കഴിവില്ലായ്മ. 

Q

വ്യക്തിത്വ തകരാറിന് എന്താണ് കാരണം ?

A

വ്യക്തിത്വ തകരാറുകള്‍ ജനിതകമായ ഘടകങ്ങള്‍ മൂലവും കുട്ടിക്കാലത്ത് അനുഭവിച്ചട്ടുള്ള പീഡനം, അക്രമം, ആഘാതം എന്നിവയെല്ലാം മൂലവും ഉണ്ടാകാം.
 
ജീവശാസ്ത്രപരവും മനഃശാസ്ത്രപരവും സാമൂഹികവുമായ ആധുനിക നിരീക്ഷണങ്ങള്‍  പറയുന്നത്, വ്യക്തിത്വ തകരാര്‍ നിര്‍ണിയിക്കുന്നതില്‍ ജീവശാസ്ത്രപരവും മനഃശാസ്ത്രപരവും സാമൂഹികവുമായ ഘടകങ്ങള്‍ ഒരുമിച്ച് പരിഗണിക്കണം എന്നാണ്. 
 
ജീവശാസ്ത്രപരമായ ഘടകങ്ങള്‍ : ഇത് തലച്ചോറിന്‍റെ ഘടന, തലച്ചോറില്‍ നിന്നും തലച്ചോറിലേക്കും നിര്‍ണായകമായ സന്ദേശങ്ങള്‍ കൊണ്ടുപോകുന്ന ന്യൂറോട്രാന്‍സ്മിറ്ററുകളുടെ സാന്നിദ്ധ്യം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗവേഷണങ്ങള്‍ ചൂണ്ടികാണിക്കുന്നത് വ്യക്തിത്വ തകരാറുള്ള ഒരു വ്യക്തിയില്‍ അയാളെ അപകടത്തിലാക്കുന്ന തരത്തില്‍ തെറ്റായി പ്രവത്തിക്കുന്ന ഒരു ജീന്‍ ഉണ്ടായേക്കാമെന്നാണ്. വ്യക്തിത്വ തകരാര്‍ ഉള്ള ഒരു വ്യക്തിയുമായി ജനിതക ബന്ധംമുള്ള ഒരാള്‍ക്ക് വ്യക്തിത്വ തകരാര്‍ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയേറെയാണ്. 
 
മനഃശാസ്ത്രപരമായ ഘടകങ്ങള്‍ : കുട്ടിക്കാലത്ത് ആഘാതകരമായ അനുഭവങ്ങളോ പീഡനമോ സഹിക്കേണ്ടി വന്നിട്ടുള്ളവര്‍ക്ക് വ്യക്തിത്വ തകരാര്‍ ഉണ്ടായേക്കാം.
 
സാമൂഹ്യമായ ഘടകങ്ങള്‍ : വാത്സല്യവും പിന്തുണ നല്‍കുന്ന ബന്ധങ്ങളും അനുഭവിക്കാതെ വളരുന്ന കുട്ടികള്‍ക്ക് വ്യക്തിത്വ തകരാര്‍ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതേസമയം ശക്തവും സ്നേഹ സമ്പന്നവുമായ ബന്ധങ്ങള്‍ വ്യക്തിത്വ തകരാര്‍ ഉണ്ടാകാനുള്ള സാധ്യതയെ തടഞ്ഞേക്കാം എന്ന് ഗവേഷണങ്ങള്‍ പറയുന്നു. 

Q

ഒരാള്‍ക്ക് വ്യക്തിത്വ തകരാര്‍ ഉണ്ടോയെന്ന് എങ്ങനെ മനസിലാക്കാം?

A

വ്യക്തിത്വ തകരാര്‍ മൂലമുള്ള പ്രശ്നങ്ങള്‍ കൗമാരപ്രായത്തിന്‍റെ തുടക്കംമുതല്‍ ഉണ്ടായേക്കും. വ്യക്തി അതിവൈകാരികത പ്രകടിപ്പിക്കുന്നവരും കൂട്ടത്തില്‍ ചേര്‍ക്കാന്‍ ബുദ്ധിമുട്ടുള്ളവരും കൗശലം കാണിച്ച് മറ്റുള്ളവരെ സ്വാധീനിക്കുന്നവരും ആയേക്കും. ഇതൊരു മനോഭാവത്തിലെ പ്രശ്നമായി കാണുന്നതിനാല്‍ കുടുംബവും കൂട്ടുകാരും ചെറുപ്രായത്തിലൊന്നും ഇതിനെ ഒരു വ്യക്തിത്വ തകരാറായി കണ്ടേക്കില്ല.  
 
നിങ്ങള്‍ക്ക് അറിയാവുന്ന ആര്‍ക്കെങ്കിലും ഒരു വ്യക്തിത്വ തകരാറുണ്ടെന്ന് നിങ്ങള്‍ കരുതുന്നു എങ്കില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ താഴെ പറയുന്നു :  
 • കൂടുതലോ കുറവോ ആയി കാണുന്ന ഈ സ്വഭാവ സവിശേഷത അയാളേയും അയാള്‍ക്ക് ചുറ്റുമുള്ളവരേയും വിവിധ സാഹചര്യങ്ങളില്‍ പ്രശ്നത്തിലാക്കുന്നു. വീട്, ജോലിസ്ഥലം, സ്കൂള്‍, സാമൂഹികമായി ഇടപെടുന്ന മറ്റ് സ്ഥലങ്ങള്‍ എന്നിങ്ങനെയുള്ള വിവിധ സാഹചര്യങ്ങളില്‍ ഈ പെരുമാറ്റം ആവര്‍ത്തിക്കപ്പെട്ടേക്കാം. 
 • വ്യക്തിത്വ തകരാറുള്ള വ്യക്തികള്‍ക്ക് വികാരങ്ങള്‍ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം, അവന് / അവള്‍ക്ക് വൈകാരികമായ ചാഞ്ചാട്ടം ഉണ്ടായേക്കും. 
 • ഈ വ്യക്തിക്ക് ബന്ധങ്ങളിലും സൗഹൃദങ്ങളിലും ഇടയ്ക്കിടയ്ക്ക് പ്രശ്നങ്ങളുണ്ടാകും. ഇവര്‍ക്ക് മറ്റുള്ളവരുമായി ബന്ധപ്പെടാനേ കഴിഞ്ഞേക്കില്ല അല്ലെങ്കില്‍ പല ആളുകളുമായി ബന്ധങ്ങളുണ്ടാക്കുമെങ്കിലും അവ തകര്‍ന്നുകൊണ്ടിരിക്കും.  
 • കാര്യങ്ങള്‍ അവരുടെ വഴിക്ക് പോയില്ലെങ്കില്‍ ഈ വ്യക്തികള്‍ സ്വയം അപകടപ്പെടുത്താന്‍ ശ്രമച്ചേക്കും. 
ഓര്‍ക്കുക, വ്യക്തിത്വ തകരാറുള്ള ഏത് വ്യക്തിക്കും നമുക്കുള്ള അതേ സ്വഭാവ സവിശേഷതകളുണ്ടാകും. ഏത് വ്യക്തിത്വ പ്രത്യേകതയും അനാരോഗ്യകരമാകാനുള്ള സാധ്യതയുണ്ട്, പക്ഷെ അതിനര്‍ത്ഥം നമുക്ക് ചുറ്റുമുള്ള എല്ലാവര്‍ക്കും വ്യക്തിത്വ തകരാറുണ്ട് എന്നല്ല. ഈ സൂചനകള്‍ തിരിച്ചറിയുന്നതിന് വേണ്ടിമാത്രമുള്ളവയാണ്, രോഗനിര്‍ണയം ഒരു മാനസികാരോഗ്യ വിദഗ്ധന് വിടുന്നതാണ് നല്ലത്.

Q

വ്യക്തിത്വ തകരാറുകള്‍ എങ്ങനെ കണ്ടെത്താം?

A

ഒരു വ്യക്തിത്വ തകരാര്‍ കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയാണ്, കാരണം വ്യക്തിത്വ തകരാര്‍ ഉള്ള വ്യക്തികള്‍ തങ്ങളുടെ ഒരു പ്രത്യേക  സ്വഭാവ സവിശേഷത തനിക്കും മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് മനസിലാക്കാന്‍ തയ്യാറായേക്കില്ല. 
 
ഒരു വ്യക്തിയില്‍ തകരാറുണ്ടാക്കുന്ന സ്വഭാവ പ്രത്യേകത ഏതെന്നും ആ തകരാറിന്‍റെ വ്യാപ്തി എത്രയെന്നും കണ്ടെത്തുകയും അത് വിലയിരുത്തുകയും ചെയ്തതിന് ശേഷം രോഗി, രോഗിയുടെ സുഹൃത്തുക്കള്‍ കുടുംബം എന്നിവരുമായുള്ള കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലായിരിക്കും ഒരു മാനസികാരോഗ്യ വിദഗ്ധന്‍ രോഗനിര്‍ണയം നടത്തുന്നത്. ഈ വ്യക്തിയില്‍ ശരിയായ തോതിലാണോ രോഗനിര്‍ണയം നടന്നിട്ടുള്ളത് എന്ന് ഉറപ്പാക്കുന്നതിനായി മനോരോഗവിദഗ്ധന്‍ പ്രത്യേക ചോദ്യങ്ങള്‍ ഉള്‍പ്പെടത്തിക്കൊണ്ടുള്ള ഒരു കൂടിക്കാഴ്ചയും നടത്തിയേക്കാം.

Q

വ്യക്തിത്വ തകരാറിന് ചികിത്സ നേടല്‍

A

വ്യക്തിത്വ തകരാറുള്ള ഒരു വ്യക്തിക്ക് നല്‍കുന്ന ഏറ്റവും പ്രധാന ചികിത്സാ സമ്പ്രദായം  സംസാര ചികിത്സ (ടോക്കിംഗ് തെറാപ്പി)യാണ്. രോഗിക്ക് എങ്ങനെയുണ്ട്, തന്‍റെ വ്യക്തിത്വ പ്രത്യേകതയെക്കുറിച്ച് അവര്‍ക്ക് എത്രമാത്രം അറിവുണ്ട്, മറ്റുളളവരുമായി അവര്‍ എങ്ങനെ ഇടപെടുന്നു തുടങ്ങിയ കാര്യങ്ങള്‍  സംസാരിക്കുന്നതിന് പതിവായി ഒരു പരിശീലനം നേടിയ തെറാപ്പിസ്റ്റിനെ കാണാന്‍ രോഗിയോട് നിര്‍ദ്ദേശിച്ചേക്കും. ഇത് ഏതു പെരുമാറ്റമാണ് മാറ്റേണ്ടതെന്ന് തിരിച്ചറിയാന്‍ രോഗിയെ സഹായിക്കും. കുട്ടിക്കാലത്ത് നേരിട്ട ആഘാതം, ശാരീരികമോ മാനസികമോ ആയ പീഡനം എന്നിവ മൂലം ഉണ്ടായിട്ടുള്ള ചില വ്യക്തിത്വ തകരാറുകളുടെ കാര്യത്തില്‍ എങ്ങനെയാണ് ചില പെരുമാറ്റ രീതികള്‍ പഠിച്ചതെന്നും അവ മാറ്റാന്‍ എന്ത് ചെയ്യാനാകുമെന്നും കണ്ടെത്താന്‍ സഹായിക്കും. 
 
വ്യക്തിത്വ തകരാറുള്ള വ്യക്തികള്‍ക്ക് സാധാരണായി ഈ സ്വഭാവ പ്രത്യേകതയ്ക്കായി മരുന്ന് വേണ്ടി വരാറില്ല. ഡോക്ടര്‍ ഇതുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന വിഷാദരോഗം, മനോവിഭ്രാന്തി, ഉത്കണ്ഠ പോലുള്ള അവസ്ഥകള്‍ക്ക് മരുന്ന് നിര്‍ദ്ദേശിച്ചേക്കാം. 

Q

വ്യക്തിത്വ തകരാറുള്ള ഒരാളെ പരിചരിക്കല്‍

A

വ്യക്തിത്വ തകരാറുള്ള ഒരു വ്യക്തിയെ പരിചരിക്കുക എന്നത് വിവിധ കാരണങ്ങള്‍ കൊണ്ട് കടുത്ത വെല്ലുവിളിയായേക്കാം. ഇതിന് ഒന്നാമത്തെ കാരണം, രോഗി തന്‍റെ പെരുമാറ്റം അസാധാരണമായതാണെന്നതും ഇത് തനിക്കും മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നു എന്നതും  അംഗീകരിക്കാനോ വകവെയ്ക്കാനോ തയ്യാറായേക്കില്ല എന്നതാണ്. 
 
രണ്ടാമത്തെ കാരണം, രോഗിക്ക് അവര്‍ ഒറ്റയ്ക്കാണ്, തന്‍റെ സാഹചര്യം നീതിരഹിതമായതാണ്, ആരും തന്നെ മനസിലാക്കുന്നില്ല, താന്‍ വിലയില്ലാത്തവനാണ് തുടങ്ങിയ ചില ശക്തമായ വിശ്വാസങ്ങള്‍ ഉണ്ടായിരിക്കും എന്നതാണ്. ഈ വിശ്വാസം മൂലം ഉണ്ടാകുന്ന ദേഷ്യവും സങ്കടവുമെല്ലാം അവര്‍ കുടുംബത്തിന്‍റേയും കൂട്ടുകാരുടേയും മേല്‍ പതിപ്പിക്കുന്നു. ഇത്തരം സാഹചര്യത്തില്‍ പരിചരിക്കുന്നയാള്‍ എന്ന നിലയ്ക്ക് നിങ്ങള്‍ക്ക് ചെയ്യാവുന്ന ചില കാര്യങ്ങള്‍ താഴെ പറയുന്നു : 
 
ഓര്‍ക്കുക, വ്യക്തിത്വ തകരാര്‍ മനപൂര്‍വം ഒരാള്‍ തെരഞ്ഞെടുക്കുന്നതല്ല. അത് ഒരു രോഗിയുടെ സജീവമായ ജീവിതത്തിന്‍റെ അവസാനവുമല്ല. എത്രവേഗത്തില്‍ ഇടപെടുകയും എത്ര നന്നായി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന ചികിത്സ മുടങ്ങാതെ പിന്തുടരുകയും ചെയ്യുന്നുവോ അത്രയും വേഗത്തില്‍ ഈ തകരാറില്‍ നിന്ന് മുക്തി നേടാനാകും. 
 
സാമൂഹ്യ വിരുദ്ധ വ്യക്തിത്വ തകരാര്‍, സ്കിസോയ്ഡ് വ്യക്തിത്വ തകരാര്‍, പാരനോയ്ഡ് വ്യക്തിത്വ തകരാര്‍, അനങ്കാസ്റ്റിക് വ്യക്തിത്വ തകരാര്‍, നാര്‍സിസിസ്റ്റിക് വ്യക്തിത്വ തകരാര്‍ തുടങ്ങിയ ചില തരം വ്യക്തിത്വ തകരാറുകള്‍ ഉള്ള രോഗികള്‍ക്ക് അവരുടെ പെരുമാറ്റം    ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന കാര്യം അംഗീകരിക്കുകയോ മനസിലാക്കുകയോ ചെയ്തേക്കില്ല. ഈ വ്യക്തിക്ക് ചികിത്സ വേണം എന്ന കാര്യം അവനെ / അവളെ പറഞ്ഞു ബോധപ്പെടുത്താന്‍ പരിചരിക്കുന്നയാള്‍ക്ക് ബുദ്ധിമുട്ടായേക്കാം. ഈ വ്യക്തിയുടെ പെരുമാറ്റത്തെ കുറ്റം പറയുന്നതിന് പകരം ഇവരുടെ അനാരോഗ്യകരമായ സ്വഭാവ സവിശേഷത ഏതു സാഹചര്യത്തിലാണ് ഇവര്‍ക്കുതന്നെ ബുദ്ധിമുട്ടായിത്തീരുന്നതെന്ന കാര്യം ശ്രദ്ധിക്കുക.  എങ്ങനെയാണ് ബുദ്ധിമുട്ട് ഉണ്ടായെന്ന് അവരോട് പറയാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുക (അത് അവരുടെ കുറ്റംകൊണ്ടാണ് എന്ന് പറയാതിരിക്കാന്‍ ശ്രദ്ധിക്കണം). അതോടൊപ്പം തന്നെ നിങ്ങള്‍ക്ക് അവരേക്കുറിച്ച് ഉത്കണ്ഠയുണ്ടെന്നും അവര്‍ക്ക് ആവശ്യമുണ്ടെങ്കില്‍ സഹായിക്കാന്‍ നിങ്ങള്‍  തയ്യാറാണെന്നും അവര്‍ക്ക് ഉറപ്പ് കൊടുക്കണം. 
 
ഈ വ്യക്തിക്കുള്ള തകരാറിന് അവര്‍തന്നെയാണ് കാരണം എന്ന് സൂചിപ്പിക്കുന്ന സംസാരങ്ങളും ആംഗ്യങ്ങളും മറ്റും ഒഴിവാക്കുക. 
 
ഈ വ്യക്തി ഒരു മനോരോഗ വിദഗ്ധനെ കാണാന്‍ വിസമ്മതിക്കുകയാണെങ്കില്‍, അവനെ/അവളെ സഹായിക്കുകയും അവസ്ഥ നന്നായി കൈകാര്യം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്ന ഒരു കൗണ്‍സിലറെ കാണാമെന്ന് നിര്‍ദ്ദേശിക്കുക. ഒരു കൗണ്‍സിലര്‍ക്ക് പ്രശ്നം എന്തെന്ന് കണ്ടെത്താനും ചികിത്സ വേണമെന്ന കാര്യം രോഗിയെ ബോധ്യപ്പെടുത്താനും നിങ്ങളേക്കാള്‍ കഴിവുണ്ടായിരിക്കും. രോഗി അയാള്‍ക്കോ മറ്റുള്ളവര്‍ക്കോ അപകടമുണ്ടാക്കിയേക്കാം എന്ന് നിങ്ങള്‍ക്ക് തോന്നുന്നു എങ്കില്‍ നേരിട്ട് ഒരു സൈക്യാട്രിസ്റ്റിനെ കാണുന്നതാണ് കൂടുതല്‍ ഫലപ്രദം.

White Swan Foundation
malayalam.whiteswanfoundation.org