മാനസികാരോഗ്യത്തെ കുറിച്ചു മനസ്സിലാക്കൽ

ഇലക്ട്രോകണ്‍വള്‍സീവ് തെറാപ്പി (ഇ സി റ്റി) : കെട്ടുകഥകളും വസ്തുതകളും

ഇ സി റ്റിയെക്കുറിച്ചുള്ള ശാസ്ത്രീയമായ വിവരങ്ങളുടെ കുറവ് ആളുകളെ ഈ ചികിത്സയെക്കുറിച്ച് തെറ്റിദ്ധാരണകള്‍ രൂപപ്പെടുത്തുന്നതിലേക്ക നയിക്കുന്നു.

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

കെട്ടുകഥ: രോഗി എല്ലാം മറക്കുന്നതിന് വേണ്ടി യാണ് ഇ സി റ്റി  കൊടുക്കുന്നത്.
വസ്തുത: താത്ക്കാലികമായ ഒരു മറവി ഇ സി റ്റി ചികിത്സയുടെ പാര്‍ശ്വഫലമായി ഉണ്ടാകാറുണ്ട്, എന്നാല്‍ ഇത് മിക്കവാറും വളരെ നേര്‍ത്തതും തിരിച്ചുകിട്ടുന്നതും സമീപകാലത്തെ ചില സംഭവങ്ങള്‍ മറക്കുക എന്നതില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതുമായിരിക്കും. ഇ സി റ്റി ചികിത്സ പൂര്‍ണമായിക്കഴിയുമ്പോള്‍ ഓര്‍മ്മശക്തി തകരാറൊന്നും സംഭവിക്കാതെ ശേഷിക്കും.
കെട്ടുകഥ: ഒരു വ്യക്തി മനോരോഗ ചികിത്സയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാല്‍ അവരുടെ അറിവുകൂടാതെ തന്നെ അവരെ ഇ  സി റ്റി ചികിത്സയ്ക്ക് വിധേയമാക്കും.
വസ്തുത: ഒരു രോഗിക്ക് ഇ സി റ്റി ചികിത്സ നല്‍കുന്നത് ഡോക്ടര്‍ രോഗിയുമായും രോഗിയുടെ കുടുംബവുമായും ഇക്കാര്യം സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്തതിന് ശേഷം അവര്‍ ഈ ചികിത്സയോട് യോജിക്കുന്നുണ്ടെങ്കില്‍ മാത്രമായിരിക്കും.
കെട്ടുകഥ: ഇ സി റ്റി ചികിത്സയെന്നത് കടുത്ത വേദയുണ്ടാക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണ്.
വസ്തുത: ഇ സി റ്റി ചെയ്യുന്നത് രോഗിയെ മരുന്നുകൊടുത്ത് മയക്കിയതിന് ശേഷമാണ്.അതിനാല്‍ രോഗിക്ക് വേദനയോ ഇലക്ട്രിക് ഷോക്കോ ഒന്നും അനുഭവപ്പെടുകയില്ല.
കെട്ടുകഥ: ഇ സി റ്റി തലച്ചോറിനെ തകരാറിലാക്കുകയും ബുദ്ധിശക്തി കുറയ്ക്കുകയും വ്യക്തിത്വത്തില്‍ മാറ്റം വരുത്തുകയും ചെയ്യും.
വസ്തുത: ഇ സി റ്റി തലച്ചോറിന് തകരാറുണ്ടാക്കുകയില്ല. ഇത് ചികിത്സ നടക്കുന്നതിന് അടുത്ത കാലത്തുള്ള ചില സംഭവങ്ങള്‍ താത്ക്കാലികമായി മറന്നുപോകുന്ന ഒരു സ്ഥിതി ഉണ്ടാക്കിയേക്കാമെന്നു മാത്രം. ഇ സി റ്റി വ്യക്തിത്വത്തേയോ ബുദ്ധിശക്തിയേയോ ബാധിക്കുകയില്ല. 
കെട്ടുകഥ: ഇ സി റ്റി ഒരു ശിക്ഷയായിട്ടാണ് നല്‍കുന്നത്.
വസ്തുത: ഇ സി റ്റി ഒരു ശിക്ഷയല്ല. ഇത് ഒരു വ്യക്തിയുടെ മനോരോഗാവസ്ഥയെ ചികിത്സിക്കുന്നതിനായുള്ള വൈദ്യശാസ്ത്രപരമായ നടപടിമാത്രമാണ്. അതിലുപരിയായി, ഇത് വേദനാജനകമായ ഒരു കാര്യവുമല്ല.
കെട്ടുകഥ: ഡോക്ടര്‍ ഒരു രോഗിക്ക് ഇ സി റ്റി  നിര്‍ദ്ദേശിച്ചാല്‍ അതിനര്‍ത്ഥം മറ്റ് ചികിത്സകളൊന്നും ഫലിക്കുന്നില്ല, രോഗി പ്രതീക്ഷയ്ക്ക് വകയില്ലാത്ത അവസ്ഥയിലാണെന്നാണ്.
വസ്തുത: പൊതുവില്‍ ഒരു രോഗിക്ക് ഡോക്ടര്‍ ഇ സി റ്റി നിര്‍ദ്ദേശിക്കുന്നത് ലഭ്യമായിട്ടുള്ള ചികിത്സകളില്‍ വെച്ച് ആ രോഗിക്ക് ആ സമയത്ത് ഏറ്റവും നല്ലത് അതായിരിക്കുമ്പോഴാണ്. ഒരാള്‍ ഇ സി റ്റി സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നില്ലായെങ്കില്‍ ഡോക്ടര്‍ സാധ്യമായ അടുത്ത ഏറ്റവും നല്ല ചികിത്സ നിര്‍ദ്ദേശിക്കും.
മേല്‍പ്പറഞ്ഞ വിവരങ്ങള്‍ സമാഹരിച്ചിരിക്കുന്നത് ബാംഗ്ലൂര്‍ നിംഹാന്‍സിലെ കണ്‍സള്‍ട്ടന്‍റ് സൈക്യാട്രിസ്റ്റ് പ്രീതി സിന്‍ഹയാണ്.
White Swan Foundation
malayalam.whiteswanfoundation.org