മാനസികാരോഗ്യത്തെ കുറിച്ചു മനസ്സിലാക്കൽ

ആന്‍റിഡിപ്രസന്‍റുകളെ കുറിച്ചുള്ള ചോദ്യോത്തരങ്ങൾ

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

Q

എന്താണ് ആന്‍റിഡിപ്രസന്‍റുകള്‍?

A

 • പ്രധാനമായും വിഷാദത്തിന്‍റെ ലക്ഷണങ്ങൾക്ക് ആശ്വസം പകരുന്നതിനായി സൈക്യാട്രിസ്റ്റുകൾ നിർദ്ദേശിക്കുന്ന മരുന്നുകളാണ് ആന്‍റിഡിപ്രസന്‍റുകള്‍. കൂടാതെ വിവിധ തരത്തിലുള്ള ഉത്കണ്ഠാ തകരാറുകൾക്ക് തകരാറിന്‍റെ കാഠിന്യമനുസരിച്ചും സൈക്യാട്രിസ്റ്റ്, ആന്‍റിഡിപ്രസന്‍റുകള്‍ നിർദ്ദേശിക്കാറുണ്ട്. ചിലപ്പോൾ ഒസിഡി (OCD ) മുതലായ അസുഖങ്ങൾ ചികിത്സിക്കുന്നതിനായും അവ ഉപയോഗിക്കാറുണ്ട്. 

മരുന്നുകളും ചികിത്സാരീതിയും നിർദ്ദേശിക്കുന്നതിനു മുമ്പ്, സൈക്യാട്രിസ്റ്റ് നിങ്ങളുടെ അസുഖത്തിന്‍റെ കാഠിന്യത്തെ കുറിച്ച് തിട്ടപ്പെടുത്തുന്നു, അതിനു ശേഷം അതിനു ഔഷധങ്ങള്‍ ആവശ്യമുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കുന്നു. താഴെ പറയുന്ന ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ ആന്‍റിഡിപ്രസന്‍റുകൾ നിർദ്ദേശിക്കുന്നതിനെ പറ്റി സൈക്യാട്രിസ്റ്റ് പരിഗണിച്ചെന്നു വരാം:

 • തന്‍റെ പ്രവർത്തനങ്ങളുമായോ ദൈനംദിന ജീവിതവുമായോ പൊരുത്തപ്പെട്ടു പോകുന്നതിനെ സാരമായി ബാധിക്കുന്നു, കൂടാതെ
 • നീണ്ട നാളുകളായി അനുഭവിച്ചു വരികയും ചെയ്യുന്നു

Q

എനിക്ക് ആന്‍റിഡി പ്രസന്‍റുകള്‍ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിൽ എന്താണ് ഞാന്‍ പ്രതീക്ഷിക്കേണ്ടത്?

A

 • ആന്‍റിഡിപ്രസന്‍റുകള്‍ പ്രവർത്തിച്ചു തുടങ്ങുന്നതിന് സമയം എടുക്കും. നിങ്ങൾക്ക് മെച്ചപ്പെട്ടു തുടങ്ങി എന്നു തോന്നുന്നതിന് മുമ്പായി 1-3 ആഴ്ച്ചകൾ വരെ എടുത്തെന്നു വരാം, ഔഷധോപയോഗത്തിന്‍റെ മുഴുവൻ ഗുണവും അനുഭവിച്ചു തുടങ്ങണമെങ്കിൽ 6-8 ആഴ്ച്ചകൾ വരെ എടുത്തു എന്നും വരാം. ആന്‍റിഡിപ്രസന്‍റുകള്‍ ഏറ്റവും നന്നായി പ്രവർത്തിക്കുന്നത്  സൈക്കോതെറപ്പിക്കും കൗൺസിലിംഗിനും ഒപ്പമാണ്. 

 

Q

ആന്‍റിഡിപ്രസന്‍റുകള്‍ക്ക് എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടോ?

A

 • ഉറക്കം തൂങ്ങൽ അല്ലെങ്കിൽ ക്ഷീണം, തലവേദന, വായിൽ ജലാംശം കുറയൽ, മനം പിരട്ടൽ, വയറിനു അസുഖം, ശരീരഭാര വർദ്ധന എന്നിവയാണ് ചില സാധാരണ പാർശ്വഫലങ്ങൾ. ഒരു രണ്ടാഴ്ച്ചയോളം സമയംകൊണ്ട് ഈ പാർശ്വഫലങ്ങളിൽ മിയക്കവാറും എല്ലാം ക്രമേണ അപ്രത്യക്ഷമാകും.  എന്നിരുന്നാലും നിങ്ങള്‍ക്ക് അനുഭവപ്പെടുന്ന പാർശ്വഫലങ്ങളെ പറ്റി നിങ്ങൾ നിങ്ങളുടെ ജനറൽ ഫിസീഷ്യനോടോ സൈക്യാട്രിസ്റ്റിനോടോ ചർച്ച ചെയ്യേണ്ടതുണ്ട്. 

Q

ഞാൻ ആന്‍റിഡിപ്രസന്‍റുകൾക്ക് സ്ഥിരമായി അടിപ്പെട്ടു പോകുന്നതിനു സാദ്ധ്യതയുണ്ടോ?

A

 • ആസക്തിയുണ്ടാക്കുന്ന പദാർത്ഥങ്ങൾക്ക് അവ കൂടുതൽ കൂടുതൽ ഉപോയഗിക്കണം എന്ന ആവശ്യം സൃഷ്ടിക്കുന്ന, ഒരു വ്യക്തിയുടെ ജീവിതത്തെ ബാധിക്കുന്ന അവസ്ഥയോളം എത്തിക്കുന്ന തരം ഒരു പ്രവണതയുണ്ട്. പക്ഷേ, ആന്‍റിഡിപ്രസന്‍റുകൾ ആസക്തി ഉണ്ടാക്കുന്നവയല്ല. പെട്ടെന്ന് നിൽക്കുന്ന നിൽപ്പിൽ ഔഷധോപയോഗം നിർത്തുന്നത് നിങ്ങളെ ഏതാനും ദിവസങ്ങളോളം അസ്വസ്ഥതപ്പെടുത്തുകയും നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്‌തേക്കാം, പക്ഷേ ഈ വിഷമതകൾ സാധാരണയായി തനിയെ ഇല്ലാതാകുന്ന പ്രവണതയാണ് കണ്ടു വരാറുള്ളത്. എന്നിരുന്നാലും ഈ ലക്ഷണങ്ങൾ വീണ്ടും പ്രത്യക്ഷപ്പെടുകയാണെങ്കിൽ, അസുഖം പൂർണ്ണമായും ഭേദപ്പെട്ടിട്ടില്ല എന്നതിന്‍റെ സൂചനകളാണ് അതു നൽകുന്നത്; അത് നിങ്ങൾ ഔഷധത്തോട് അടിപ്പെട്ടു പോയതുകൊണ്ടു സംഭവിക്കുന്നത് അല്ല.  

Q

ആന്‍റിഡിപ്രസന്‍റുകൾ ഉപയോഗിക്കുന്ന ചികിത്സയിൽ ആയിരിക്കുമ്പോൾ എനിക്ക് മദ്യം കഴിക്കാമോ ?

A

 • നിങ്ങൾ ആന്‍റിഡിപ്രസന്‍റ് ഉപയോഗിക്കുന്നുണ്ടെങ്കിൽ, മദ്യം കഴിക്കുന്നത് ശുപാർശ ചെയ്യില്ല. മദ്യം തന്നെ വിഷാദം സൃഷ്ടിക്കുന്ന ഒരു പദാർത്ഥം (ഡിപ്രസന്‍റ് ) ആണ്, അതിനു നിങ്ങളെ വളരെ വേഗം ഉന്മത്തനാക്കുന്നതിനു കഴിയും. മാത്രവുമല്ല, മദ്യത്തിന് ആന്‍റിഡിപ്രസന്‍റിന്‍റെ പ്രവർത്തനങ്ങൾക്ക് എതിരായി പ്രവർത്തിക്കുന്നതിനും കഴിയും, അത് നിങ്ങളുടെ ലക്ഷണങ്ങൾ കൂടുതൽ വഷളാക്കിയെന്നും വരാം. അതിനാൽ, ആന്‍റിഡിപ്രസന്‍റ് ഉപയോഗിക്കുന്ന ചികിത്സയിൽ ആയിരിക്കുമ്പോൾ മദ്യം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ഏറ്റവും ഉചിതം. 

Q

വ്യായാമത്തിനു ആന്‍റിഡിപ്രസന്‍റിനു പകരം ആകുവാൻ കഴിയുമോ?

A

 • പൊതുവിൽ  ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനുള്ള ഒരു നല്ല ശീലമാണ് വ്യായാമം. പതിവായി ചെയ്യുന്ന വ്യായാമത്തിന് നിങ്ങളുടെ മനോഭാവം ശുഭാത്മകമായി ഉയർത്തുന്നതിനും, മറ്റു ലക്ഷണങ്ങൾ (മാനസികാരോഗ്യ പ്രശ്‌നങ്ങൾ) ലഘൂകരിക്കുന്നതിനും കഴിയും. പതിവായി വ്യായാമം ചെയ്യുന്ന ആളുകൾ തങ്ങളുടെ ജീവിതത്തിലെ വിവിധ കർമ്മമണ്ഡലങ്ങളിൽ ശോഭിക്കാറുണ്ട് എന്നു പഠനങ്ങൾ വെളിപ്പെടുത്തുന്നുണ്ട്.

വിഷാദത്തിന്‍റേയും ഉത്കണ്ഠയുടേയും നേരിയ ലക്ഷണങ്ങൾക്ക് വ്യായാമം കൊണ്ട് ഗുണഫലം സിദ്ധിച്ചേക്കാം. പക്ഷേ നിങ്ങൾ മദ്ധ്യമമായതോ കഠിനമായതോ ആയ ലക്ഷണങ്ങൾ അനുഭവിക്കുന്ന ഒരു വ്യക്തി ആണെങ്കിൽ, ഔഷധോപയോഗം കൂടാതെ, പതിവായി വ്യായാമം ചെയ്യണമെന്നും നല്ല ഭക്ഷണക്രമവും ഒരു സമീകരിച്ച ജീവിതശൈലിയും പിന്തുടരണമെന്നും  നിങ്ങളെ ചികിത്സിക്കുന്ന സൈക്യാട്രിസ്റ്റ് ശുപാർശ ചെയ്യും.    

Q

ആന്‍റിഡിപ്രസന്‍റുകൾ ഉപയോഗിക്കുമ്പോൾ ഞാൻ സൈക്യാട്രിസ്റ്റിനോടു പകരം ചോദിക്കേണ്ട കൃത്യമായ ചോദ്യങ്ങൾ എന്തെല്ലാം ആണ്?

A

ആന്‍റിഡിപ്രസന്‍റുകൾ സോപാധിക ഫലങ്ങളാണ് സൃഷ്ടിക്കുക.; 'എല്ലാവർക്കും എല്ലാ സാഹചര്യങ്ങളിലും അനുയോജ്യമായത്' എന്നൊന്നില്ല. അതിനാൽ ഔഷധത്തിന്‍റെ ഫലങ്ങൾ ഓരോരുത്തർക്കും വ്യത്യസ്തമായ രീതിയിലായിരിക്കും അനുഭവപ്പെടുക. ആന്‍റിഡിപ്രസന്‍റുകളുടെ ചികിത്സയിൽ ആയിരിക്കുമ്പോൾ നിങ്ങളുടെ സൈക്യാട്രിസ്റ്റിനോട് നിങ്ങൾ ചോദിക്കേണ്ട ആവശ്യമുള്ള ചില കാര്യങ്ങൾ താഴെ നൽകിയിരിക്കുന്നു. 

 • ചില ആന്‍റിഡിപ്രസന്‍റുകൾക്കു പ്രത്യേക പാർശ്വഫലങ്ങൾ ഉണ്ട്, അതിനാൽ നിങ്ങൾക്കു നിർദ്ദേശിച്ചിരിക്കുന്ന  ആന്‍റിഡിപ്രസന്‍റിന്  എന്തെങ്കിലും പാർശ്വഫലം ഉണ്ടോ എന്ന് നിങ്ങൾക്ക് ചോദിക്കാം.
 • ആന്‍റിഡിപ്രസന്‍റുകളുടെ ഒരു സാധാരണ പാർശ്വഫലം മനം പിരട്ടലും വയറിന്‍റെ അസുഖവും ആണ്. അതിനാൽ, അതു വെറും വയറ്റിൽ കഴിക്കാമോ അതോ ഭക്ഷണത്തിനൊപ്പമോ ഭക്ഷണശേഷമോ ആണോ കഴിക്കേണ്ടത് എന്ന് അറിയുന്നത് ഗുണകരമായിരിക്കും. 
 • പ്രമേഹം, അമിതരക്തസമ്മർദ്ദം, കൊളസ്‌ട്രോൾ മുതലായവ പോലെ മറ്റേതെങ്കിലും ആരോഗ്യ വിഷയകമായ കാര്യങ്ങൾക്കായി നിങ്ങൾ മരുന്നുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ, നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ആന്‍റിഡിപ്രസന്‍റുമായി ഈ മരുന്നുകൾ പ്രതിപ്രവർത്തനം നടത്തുന്നതിനു സാദ്ധ്യതയുണ്ടോ എന്ന് അറിയുന്നതിന് നിങ്ങൾ ആഗ്രഹിച്ചേക്കാം.
 • ഗർഭധാരണത്തിനു തയ്യാറെടുക്കുന്ന, ആന്‍റിഡിപ്രസന്‍റുകൾ ഉപയോഗിക്കുന്ന സ്ത്രീകൾ, അത് കുഞ്ഞിന്‍റെ മേൽ എന്തു പ്രഭാവം ആയിരിക്കും ചെലുത്തുക എന്ന് ചർച്ച ചെയ്യേണ്ടതുണ്ട്.
 • കുഞ്ഞിനെ മുലയൂട്ടുന്ന, ആന്‍റിഡിപ്രസന്‍റുകള്‍ ഉപയോഗിക്കുന്ന അമ്മമാർ, ജനറൽ ഫിസീഷ്യനുമായോ സൈക്യാട്രിസ്റ്റുമായോ  മരുന്നുകളുടെ കുഞ്ഞിന്‍റെ മേലുള്ള സ്വാധീനത്തെ കുറിച്ച് ചർച്ച ചെയ്യേണ്ടതുണ്ട്.

Q

എന്നാണ് എനിക്ക് ആന്‍റിഡിപ്രസന്‍റുകൾ നിർത്താനാവുക?

A

 • നിങ്ങൾ മരുന്നുകൾ ഉപോയഗിച്ചുകൊണ്ടിരിക്കുന്ന കാലത്ത്, മരുന്നുകളുടെ പ്രയോജനം മനസ്സിലാക്കുന്നതിനായി, സൈക്യാട്രിസ്റ്റ് നിങ്ങളോടു പതിവായ ഇടവേളകൾക്കിടയിൽ തുടർ കാഴ്ച്ചകൾക്കു വരുവാൻ ആവശ്യപ്പെടും. നിങ്ങൾ കുറച്ചു നാളായി ഒരു പ്രത്യേക അളവ് ആന്‍റിഡിപ്രസന്‍റ്  കഴിച്ചുകൊണ്ടിരിക്കുകയാണ്, അതിന്‍റെ മുഴുവൻ ഗുണവും നിങ്ങൾക്ക് അനുഭവപ്പെടുന്നും ഉണ്ടെങ്കിൽ, നിങ്ങൾക്കുള്ള മരുന്നിന്‍റെ അളവ് കുറച്ചു കൊണ്ടുവരുന്നതിനെ പറ്റി സൈക്യാട്രിസ്റ്റ് പരിഗണിച്ചേക്കാം. അങ്ങനെ ചെയ്യുമ്പോൾ, ഏതെങ്കിലും ഒരു സമയത്ത് ലക്ഷണങ്ങൾ വീണ്ടും പ്രത്യക്ഷപ്പെടുന്നതായി നിങ്ങൾക്ക് തൊന്നുന്നുവെങ്കിൽ, ആ വിവരം ഉടനേ തന്നെ നിങ്ങളുടെ സൈക്യാട്രിസ്റ്റിനെ അറിയിക്കേണ്ടതുണ്ട്. അതുകൊണ്ട് ആന്‍റിഡിപ്രസന്‍റുകളുടെ ഉപയോഗം നിറുത്തുന്നതിന് തീരുമാനിക്കും മുമ്പ് നിങ്ങള്‍ നിങ്ങളുടെ സൈക്യാട്രിസ്റ്റിനോട് ചർച്ച ചെയ്യുന്നത് ഏറ്റവും ഉചിതമായിരിക്കും. പൊടുന്നനെ മരുന്നുകൾ നിർത്തുന്നത് ഒരിക്കലും ശുപാർശ ചെയ്യപ്പെടുന്നില്ല. 

Q

ആർക്കാണ് ആന്‍റിഡിപ്രസന്‍റുകള്‍ നിർദ്ദേശിക്കുവാൻ സാധിക്കുക?

A

 • സാധാരണഗതിയിൽ ആന്‍റിഡിപ്രസന്‍റുകൾ നിർദ്ദേശിക്കാറുള്ളത് സൈക്യാട്രിസ്റ്റുകളാണ്. ജനറൽ ഫിസീഷ്യന്മാർ, ന്യൂറോളജിസ്റ്റുകൾ തുടങ്ങിയ സ്‌പെഷ്യാലിറ്റി ഡോക്ടർമാർക്കും അവ നിർദ്ദേശിക്കാവുന്നതാണ്. സൈക്കോളജിസ്റ്റുകൾ, സൈക്കോതെറപ്പിസറ്റുകൾ, ഈ മേഖലയിൽ പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകർ തുടങ്ങിയ ആരോഗ്യവിദഗ്ദ്ധർക്ക് കൗൺസിലിംഗും തെറപ്പിയും നൽകാം, പക്ഷേ അവർക്ക് ഔഷധങ്ങൾ നിർദ്ദേശിക്കുവാൻ സാധിക്കുകയില്ല.  

സക്ര വേൾഡ് ഹോസ്പിറ്റലിലെ കൺസെൽറ്റന്‍റ് സൈക്യാട്രിസ്റ്റ് ആയ ഡോ സബീന റാവു നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയത്.

 

White Swan Foundation
malayalam.whiteswanfoundation.org