മാനസികാരോഗ്യത്തെ കുറിച്ചു മനസ്സിലാക്കൽ

നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി ശരിയായ പുനരധിവാസ കേന്ദ്രം കണ്ടെത്തല്‍

നിങ്ങളുടെ പ്രിയപ്പെട്ടവരെ പരിചരിക്കുകയും രോഗമുക്തിയിലേക്കുള്ള യാത്രയില്‍ അവരെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു പുനരധിവാസ കേന്ദ്രം നിങ്ങള്‍ എങ്ങനെ കണ്ടെത്തും?

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

മാനസികരോഗമുള്ള ഒരാളെ പരിചരിക്കുന്നയാള്‍ എന്ന നിലയ്ക്ക് -ചിലപ്പോള്‍ ചികിത്സയുടെ സമയത്ത് അല്ലെങ്കില്‍ ചികിത്സയ്ക്ക് ശേഷം- നിങ്ങളുടെ പ്രിയപ്പെട്ടവരെ  പ്രവര്‍ത്തന നിരതവും സജീവവുമായ ഒരു സാധാരണ ജീവിതത്തിലേക്ക് തിരിച്ചു പോകാന്‍ സഹായിക്കുന്ന ചില കാര്യങ്ങളും കഴിവുകളും പഠിക്കാനോ മുമ്പ് അറിയുമായിരുന്ന ചില കാര്യങ്ങള്‍ വീണ്ടും പരിശീലിക്കുന്നതിനോ സഹായിക്കുന്ന ഒരു പുനരധിവാസ കേന്ദ്രം  നിങ്ങള്‍ കണ്ടെത്തേണ്ടതായി വന്നേക്കും. രണ്ട് പ്രധാന കാര്യങ്ങള്‍ വിലയിരുത്തിക്കൊണ്ടു വേണം ഒരു  പുനരധിവാസ കേന്ദ്രം തെരഞ്ഞെടുക്കാന്‍. ഒന്നാമതായി- നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ആവശ്യങ്ങള്‍ എന്താണെന്നത് പരിഗണിക്കണം. അതിന് അനുസരിച്ച് അവര്‍ക്ക് ആ കേന്ദ്രം ഏറ്റവും ഗുണകരമാകുന്നതിന് അവിടെ എന്തെല്ലാം സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം എന്ന് തീരുമാനിക്കണം. രണ്ടാമതായി- ആ പുനരധിവാസ കേന്ദ്രത്തിന്‍റെ യോഗ്യത, നിലവാരം എന്ത് എന്നത് നോക്കണം. അവിടെ കാര്യങ്ങളെല്ലാം നന്നായിട്ടാണോ പോകുന്നത്, അത് ഒരു സത്യസന്ധതയുള്ള സ്ഥാപനമാണോ എന്ന് ഉറപ്പാക്കണം.
പലതരം പുനരധിവാസ സൗകര്യങ്ങള്‍
വ്യത്യസ്തതരത്തിലുള്ള പുനരധിവാസ സൗകര്യങ്ങളും സംവിധാനങ്ങളുമുണ്ട്.  രോഗത്തിന്‍റെ സ്വഭാവം, സൗകര്യങ്ങളുടെ ലഭ്യത, അത് സമയത്ത് ഉപയോഗപ്പെടുത്താനാകുമോ തുടങ്ങിയ കാര്യങ്ങളുടെയും രോഗിയുടെ ആവശ്യങ്ങള്‍ എന്തെല്ലാമാണ് എന്നതിന്‍റേയും അടിസ്ഥാനത്തിലായിരിക്കണം ഇതില്‍ ഏത് സൗകര്യമാണ് തെരഞ്ഞെടുക്കേണ്ടതെന്ന് തീരുമാനിക്കുന്നത്.
സ്വന്തം ചുറ്റുപാടില്‍ തന്നെയുള്ള പുനരധിവാസം- മാനസിക  രോഗമുള്ള വ്യക്തികള്‍ക്ക് ഏറ്റവും ഉചിതമായ പുനരധിവാസം ഇതായിരിക്കും. ഈ പുനരധിവാസത്തിന്‍റെ നടപടിക്രമങ്ങള്‍ അധികവും നടക്കുന്നത് രോഗി ജീവിക്കുന്ന അതേ ചുറ്റുപാടിലും ആളുകള്‍ക്കിടിയിലും തന്നെയായിരിക്കും.  ചികിത്സ നേടിയതിന് ശേഷം രോഗിയെ ,എവിടെയാണോ അവര്‍ക്ക് അവരുടെ സ്വന്തം പരിസ്ഥിതിയില്‍ തന്നെ സാധാരണ ജീവിതം നയിക്കുന്നതിന് ആവശ്യമായ കഴിവുകള്‍ പഠിക്കാനോ മുമ്പ് അറിയാമായിരുന്ന കാര്യങ്ങള്‍ വീണ്ടും ചെയ്ത് ശീലിക്കാനോ സാധിക്കുന്നത് അവിടേക്കുതന്നെ, അതായത് ആ വ്യക്തിക്ക് പരിചിതമായ  സമൂഹത്തിലേക്ക് തന്നെ തിരിച്ചു കൊണ്ടുവരുന്നു. ഇത്തരത്തില്‍  കമ്മ്യൂണിറ്റി-അടിസ്ഥാനമാക്കിയുള്ള പുനരധിവാസ സംവിധാനത്തില്‍ മനോരോഗ ചികിത്സകന് അല്ലെങ്കില്‍ മാനസികാരോഗ്യ വിദഗ്ധന് ഒരു ചെറിയ പങ്കേ വഹിക്കാനുണ്ടാകുകയുള്ളു. ആ വ്യക്തിയുടെ രോഗമുക്തിയിലേക്കുള്ള യാത്രക്കായി വലിയ സംഭാവന നല്‍കുകയും അവരെ പിന്തുണയ്ക്കുകയും അവര്‍ക്കായി അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യേണ്ടത് കുടുംബം, സുഹൃത്തുക്കള്‍, അയല്‍ക്കാര്‍ തുടങ്ങിയവര്‍ അടങ്ങിയ ആ വ്യക്തിയുടെ ചുറ്റുമുള്ള സമൂഹം തന്നെയാണ്.
കമ്മ്യൂണിറ്റിയെ അടിസ്ഥാനമാക്കിയുള്ള പുനരധിവാസം മാനസിക രോഗത്തെക്കുറിച്ച് സമൂഹത്തില്‍ ഒരു അവബോധം ഉണ്ടാക്കിയെടുക്കാനും മാനസിക രോഗത്തെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്ന അപമാനം നീക്കം ചെയ്യാനും വളരെ ഗുണകരമാകും. ഈ വ്യക്തിയുടെ ശക്തികളേയും പരിമിതികളേയും  യാഥാര്‍ത്ഥ്യബോധത്തോടെ മനസിലാക്കിക്കൊണ്ട് അയാള്‍ക്കായി തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനും സമൂഹത്തിന് കഴിയും. അതുപോലെ തന്നെ ഇത് ആ വ്യക്തിയേയും അയാളുടെ കുടുംബത്തേയും പൊതു സമൂഹവുമായി കൂട്ടിയോജിപ്പിക്കുന്നതിനും സഹായകരമാകും. ഇന്ത്യയില്‍ ഇത്തരത്തില്‍ കമ്മ്യൂണിറ്റി അടിസ്ഥാനമാക്കിയുള്ള പുനരധിവാസ സംരംഭങ്ങള്‍ നിര്‍ഭാഗ്യവശാല്‍ വളരെകുറച്ചേയുള്ളു.
ഡേ കെയര്‍ സൗകര്യം : ഇവിടെ ഈ വ്യക്തി  ഒരു ദിവസം ഏകദേശം എട്ടു മണിക്കൂര്‍ വീതം ഏതാനും ആഴ്ചകളോ മാസങ്ങളോ ചെലവഴിക്കുന്നു. ഇവിടെ  രോഗിക്ക് അയാള്‍ക്ക് താല്‍പര്യമുള്ളതോ ഭാവിയില്‍ ഒരു ജോലി സമ്പാദിക്കാനോ സാമൂഹ്യമായ ഇടപഴകല്‍, ഒരു വിനോദം വളര്‍ത്തിയെടുക്കല്‍ എന്നിവയ്ക്കോ സഹായിക്കുന്ന വൈദഗ്ധ്യങ്ങള്‍ നേടുന്നതിന് പരിശീലനം ലഭിക്കുന്നു. ഇത്, അവരുടെ പ്രശ്നങ്ങളോടൊപ്പം തന്നെ അവര്‍ സ്വീകരിക്കപ്പെടുന്ന ഒരു   അന്തരീക്ഷത്തിലാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള സാഹചര്യം രോഗിയെ പുറത്തു പോകാനും മനോരോഗമുള്ളവരോ ഇല്ലാത്തവരോ ആയ മറ്റാളുകളുമായി ഇടപഴകാനും, തനിക്ക് ചുറ്റും തന്‍റേതിന് സമാനമായ പ്രശ്നങ്ങളുള്ള ആളുകളുണ്ടെന്ന് മനസിലാക്കാനും അവരെ പ്രാപ്തരാക്കുന്നു. ഇതിലൂടെ അവര്‍ക്ക് സാധാരണ വ്യക്തികള്‍ക്ക് ലഭിക്കുന്ന ബഹുമാനം ലഭിക്കുന്നു.  ഇത് ആ വ്യക്തികളെ വലിയ തോതില്‍ അനുകൂലമായി സ്വാധീനിക്കും. ഒരിക്കല്‍ പരിശീലിപ്പിക്കപ്പെട്ടാല്‍ ഈ വ്യക്തികള്‍ ഒരു ജോലി നേടാന്‍ ശേഷിയുള്ളയാളായേക്കും. ഇത് അവര്‍ക്ക് ഒരു ജീവനോപാധി കണ്ടെത്താനുള്ള അവസരം സൃഷ്ടിക്കുന്നതുപോലെ തന്നെ ലക്ഷ്യപ്രാപ്തിയെക്കുറിച്ചും ജീവിതത്തിന്‍റെ അര്‍ത്ഥത്തെക്കുറിച്ചുമൊക്കെയുള്ള ബോധം വീണ്ടെടുക്കുന്നതിനും അവരെ സഹായിക്കും.
ഡേ കെയര്‍ ഈ വ്യക്തികളെ അവരുടെ ദിനചര്യകള്‍ക്ക് ഒരു ഘടനയുണ്ടാക്കാനും, ഒരു രോഗി എന്ന അവസ്ഥയില്‍ നിന്നും ഒരു ജോലിയില്‍  ഏര്‍പ്പെടുന്ന  വ്യക്തി എന്ന അവസ്ഥയിലേക്ക് ജീവിതത്തെ മാറ്റിയെടുക്കാനും സഹായിക്കുന്നു. 
ചിലപ്പോള്‍, പുനരധിവാസത്തോട് സഹകരിക്കാനാകാത്ത വിധത്തിലുളള വെല്ലുവിളിയുള്ള വ്യക്തികളെ ഇതുകൊണ്ടുള്ള ഗുണം എന്നതാണെന്നത് മനസിലാക്കിക്കാനും അവരുടെ പ്രചോദനം വര്‍ദ്ധിപ്പിക്കാനുമായി ആശുപത്രിയിലാക്കേണ്ടി വന്നേക്കും. ഒരു വ്യക്തിയുടെ സമ്മതത്തോടെയല്ലാതെ പുനരധിവാസം നടത്താനാകില്ല. അതിനാല്‍  ക്രമേണ പുനരധിവാസത്തിന്‍റെ ഗുണം തിരിച്ചറിയാനും പുനരധിവാസത്തിന് തയ്യാറാകാനും വേണ്ടി ചിലര്‍ക്ക് കൗണ്‍സിലിംഗ് വേണ്ടിവന്നേക്കും.
ഡേ കെയര്‍ സൗകര്യം പോലുള്ള ഇടപെടലുകള്‍ സാധ്യമായേക്കില്ലാത്തവിധം കഠിനമായ മാനസിക രോഗമുള്ള ചെറിയൊരു വിഭാഗം ആളുകള്‍ ഉണ്ട്. അത്തരം ആളുകളുടെ  പുനരധിവാസത്തില്‍- അത് ഡെ കെയര്‍ സൗകര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും, ദീര്‍ഘകാത്തേക്കോ ഹ്രസ്വകാലത്തേക്കോ വീട്ടില്‍ താമസിപ്പിച്ചു കൊണ്ടുള്ളതാണെങ്കിലും- എന്തെങ്കിലും കാര്യത്തില്‍ അവരെ പ്രാപ്തരാക്കുക എന്നതിനേക്കാള്‍ അവരെ പരിചരിക്കുകയും അവരുടെ കാര്യങ്ങളില്‍ ശ്രദ്ധവെയ്ക്കുകയും ചെയ്യുക എന്നതിലായിരിക്കണം ശ്രദ്ധയൂന്നേണ്ടത്.  അവരുടെ കാര്യത്തില്‍ അവസാന മാര്‍ഗം എന്ന നിലയ്ക്കായിരിക്കണം ഇത് സ്വീകരിക്കുന്നത്.  
പുനരധിവാസ കേന്ദ്രത്തിന്‍റെ യോഗ്യത പരിശോധിക്കുക
പുനരധിവാസത്തിന്‍റെ പ്രധാന ലക്ഷ്യം രോഗിയെ ഒരു സാധാരണ ജീവിതത്തിലേക്ക് തിരിച്ചു പോകാനാകുന്ന വിധം ശക്തിപ്പെടുത്തുക എന്നതാണ്. എന്നിരുന്നാലും രോഗിയെ സജീവമായ ഒരു ജീവിതത്തിന് പ്രാപ്തനാക്കുക എന്നതിന് ശ്രമിക്കാതെ അവരെ പരിചരിക്കുക മാത്രം ചെയ്യുന്ന നിരവധി പുനരധിവാസ കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. അതുപോലെ തന്നെ യോഗ്യതയില്ലാത്ത ജീവനക്കാരെ വച്ചും രോഗിക്ക് തീരെ ആവശ്യമില്ലാത്ത പല തെറാപ്പികളും ചെയ്ത് പണം പിടുങ്ങാന്‍ ശ്രമിക്കുകയും മറ്റും ചെയ്തും അനധികൃതമായും പ്രവര്‍ത്തിക്കുന്ന നിരവധി പുനരധിവാസ കേന്ദ്രങ്ങളും ഉണ്ട്. ചില പുനരധിവാസ കേന്ദ്രങ്ങളില്‍ രോഗികളെ പൂട്ടിയിടുകയോ  അവരുടെ മേല്‍ മറ്റ് പല തരത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുകയോ ചെയ്യുന്നുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സുഖമായി കാണണം എന്ന് ആഗ്രഹിക്കുന്ന പല കുടുംബക്കാരും ഇങ്ങനെയൊക്കെ ചെയ്യുന്നത് രോഗിയുടെ നല്ലതിന് വേണ്ടിയാണ് എന്ന്   വിശ്വസിക്കുകയും ചെയ്യുന്നു.
ചില മാനസിക രോഗങ്ങളുടെ കാര്യത്തില്‍  രോഗിക്ക് ഏതാനും മാസങ്ങളുടെ പുനരധിവാസം മതിയാകും, എന്നാല്‍ മറ്റ് ചിലതിന്‍റെ കാര്യത്തില്‍ ദീര്‍ഘകാലത്തെ പുനരധിവാസവും പിന്തുണയും മറ്റും വേണ്ടി വന്നേക്കും. വ്യത്യസ്ത തരത്തിലുള്ള പുനരധിവാസ സൗകര്യങ്ങള്‍ക്ക് പല നിരക്കിലാണ് ഫീസ് ഇടാക്കുന്നത്. സ്വകാര്യ കേന്ദ്രങ്ങള്‍ പ്രതിമാസാടിസ്ഥാനത്തില്‍ ഗണ്യമായ ഫീസ് ഇടാക്കുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളുടേയും സ്ഥാപനങ്ങളുടേയും ഭാഗമായി പ്രവര്‍ത്തിക്കുന്ന പുനരധിവാസ കേന്ദ്രങ്ങള്‍ നാമമാത്രമായ ഫീസാണ് ഈടാക്കുന്നത്. പരിചരിക്കുന്നയാള്‍ എന്ന നിലയ്ക്ക് നിങ്ങള്‍ തെരഞ്ഞെടുക്കേണ്ടത് നിങ്ങളുടെ പ്രിയപ്പെട്ടയാള്‍ക്ക് ആവശ്യമായ സൗകര്യങ്ങളുള്ളതും നിങ്ങളുടെ സാമ്പത്തികാവസ്ഥയ്ക്ക് ഇണങ്ങിയതുമായ പുനരധിവാസ കേന്ദ്രമാണ്.
നിങ്ങള്‍ക്ക് എങ്ങനെ സത്യസന്ധവും നിയമാനുസൃതവുമായി പ്രവര്‍ത്തിക്കുന്ന ഒരു പുനരധിവാസ കേന്ദ്രത്തെ തിരിച്ചറിയാനാകും?
  • നിങ്ങളുടെ മനോരോഗ ചികിത്സകന്‍ (സൈക്യാട്രിസ്റ്റ്) ശുപാര്‍ശ ചെയ്യുന്ന പുനരധിവാസ കേന്ദ്രംതന്നെ തെരഞ്ഞെടുക്കുക എന്നതാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗം.
  • നിയമാനുസൃതമോ അംഗീകൃതമോ ആയ ഒരു സംവിധാനത്തിന് ആശുപത്രിയെന്ന നിലയ്ക്കോ പുനരധിവാസ കേന്ദ്രം എന്ന നിലയ്ക്കോ ലൈസന്‍സ് ഉണ്ടായിരിക്കണം. ഈ ലൈസന്‍സ് ആശുപത്രികള്‍ക്കും ആരോഗ്യപരിപാലന സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും അംഗീകാരം നല്‍കുന്ന ദേശീയ സമിതി (നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ്-എന്‍ എ ബി എച്ച്) അല്ലെങ്കില്‍ റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പോലുള്ള ഉത്തരവാദിത്തപ്പെട്ട സമിതികള്‍ നല്‍കിയിട്ടുള്ളതായിരിക്കണം. 
  • നിയമപ്രകാരമുള്ള ഒരു സംവിധാനത്തിന് ഓരോ രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം തന്നെയാണ്  പ്രവര്‍ത്തിക്കുന്നത് എന്ന് ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍ നിയമിച്ചിരിക്കുന്ന ഒരു സന്ദര്‍ശക സമിതി ഉണ്ടായിരിക്കും. ഒരു പുനരധിവാസ കേന്ദ്രത്തില്‍ ഏതെങ്കിലും തരത്തിലുള്ള മനുഷ്യാവകാശ ലംഘനം നടക്കുന്നു എന്ന് ഈ സമിതി കണ്ടെത്തിയാല്‍ ആ കേന്ദ്രം അടച്ചു പൂട്ടാന്‍ ഉത്തരവിടാനുള്ള അധികാരം ഈ സമിതിക്കുണ്ടായിരിക്കും.
  • പുനരധിവാസ കേന്ദ്രത്തില്‍ വ്യക്തമായി കാണത്തക്കവണ്ണം പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കുന്നതിനുള്ള ഒരു പെട്ടി വെച്ചിരിക്കണം. ഈ പെട്ടി എല്ലാ രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും ഉപയോഗപ്പെടുത്താനാകുന്നതും മേല്‍പ്പറഞ്ഞ ഉത്തരവാദിത്തപ്പെട്ട സന്ദര്‍ശക സമിതിക്ക് മാത്രം തുറക്കാനാകുന്ന  തരത്തിലുള്ളതുമായിരിക്കണം.
  •  പുനരധിവാസ കേന്ദ്രത്തില്‍ സന്ദശകരെ എത്രമാത്രം അനുവദിക്കുന്നുണ്ട് എന്ന കാര്യം പരിഗണിക്കണം. അവരുടെ സുതാര്യത, അല്ലെങ്കില്‍ സുതാര്യതയില്ലായ്മ അവര്‍ രോഗികളെ എങ്ങനെയാണ് പരിചരിക്കുന്നത്, കൈകാര്യം ചെയ്യുന്നത് എന്നതിന്‍റെ സൂചനയായേക്കാം. ഒരു പുനരധിവാസ കേന്ദ്രം കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ രോഗിയോട് സംസാരിക്കുന്നത് ഇഷ്ടപ്പെടുന്നില്ലായെങ്കില്‍ അത് അവര്‍ക്ക് എന്തെങ്കിലും മറച്ചുവെയ്ക്കാനുള്ളതുകൊണ്ടായേക്കാം.
  • ഒരു മാതൃകാ പുനരധിവാസ കേന്ദ്രം രോഗികളും അവരുടെ കുടുംബവും തങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനായി തങ്ങളെ സന്ദര്‍ശിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുക. ഒരു കേന്ദ്രത്തിലെ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നവരോടും അവരുടെ കുടുംബാംഗങ്ങളോടും സംസാരിക്കുന്നത് ആ കേന്ദ്രത്തിലെ സൗകര്യങ്ങള്‍ നിങ്ങള്‍ക്ക് ഇണങ്ങുന്നതാണോ എന്ന് നിശ്ചയിക്കാന്‍ നിങ്ങളെ സഹായിച്ചേക്കും.
White Swan Foundation
malayalam.whiteswanfoundation.org