മാനസികാരോഗ്യത്തെ കുറിച്ചു മനസ്സിലാക്കൽ

എന്‍റെ കുടുംബ സംഘർഷങ്ങൾ പരിഹരിക്കുന്നതിനു തെറപ്പി സഹായിക്കുമോ?

കുടുംബത്തിലെ അംഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ പരിഹരിക്കുന്നതിന് കുടുംബ തെറപ്പി (രോഗചികിത്സ) പ്രയോജനകരമായി ഭവിച്ചേക്കാം.

വൈറ്റ് സ്വാൻ ഫൗണ്ടേഷൻ

നിങ്ങളുടെ കുടുംബത്തിൽ ഒരു സംഘർഷം അഭിമുഖീകരിക്കേണ്ടി വരുമ്പോൾ നിങ്ങൾ എന്താണ് ചെയ്യുക?

പരസ്പരം സംസാരിച്ച് പ്രശ്‌നം സംബന്ധിച്ച് മറ്റേ ആളുടെ കാഴ്ച്ചപ്പാട് മനസ്സിലാക്കുന്നതിനാണ് നമ്മളിൽ മിയ്ക്കവരും ശ്രമിക്കുക. പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ലെങ്കിൽ, സാദ്ധ്യമായ പരിഹാരങ്ങൾ കണ്ടുപിടിക്കുന്നതിനായി നമ്മൾ നമ്മുടെ ഉറ്റ സുഹൃത്തുക്കളുടേയോ കൂട്ടുകുടംബത്തിന്റേയോ അഭിപ്രായം ആരായുന്നു. പക്ഷേ എന്നിട്ടും പ്രശ്‌നം നിലനിൽക്കുകയാണെങ്കിലോ?

ഇവിടെയാണ് കുടുംബ തെറപ്പി (പ്രത്യേക രോഗചികിത്സാ രീതി)കടന്നുവരുന്നത്. ബന്ധങ്ങളിൽ ഉള്ള ആശയവിനിമയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധ പതിപ്പിക്കുന്ന ഒരു പ്രത്യേക തരം തെറപ്പിയാണ് കുടുംബ തെറപ്പി. സംഘർഷങ്ങൾക്ക് പിന്നിലുള്ള യഥാർത്ഥ കാരണങ്ങൾ മനസ്സിലാക്കി കുടംബാംഗങ്ങൾക്കിടയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് കുടുംബ തെറപ്പിസ്റ്റ് (പ്രത്യേക രോഗചികിത്സാ വിദഗ്ദ്ധന്‍) സഹായിക്കുന്നു. കുടംബത്തിലെ അംഗങ്ങൾക്ക് - ഭർത്താവിനും ഭാര്യയ്ക്കും ഇടയിൽ, മാതാപിതാക്കൾക്കും കുട്ടികൾക്കും ഇടയിൽ, വിവിധ കുടുംബ ശാഖകൾക്കിടയിൽ (കൂട്ടുകുടംബത്തിലെ അംഗങ്ങൾ) - ഇടയിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിൽ ആണ് തെറപ്പി ശ്രദ്ധ പതിപ്പിക്കുന്നത്.

കുടുംബ തെറപ്പി (പ്രത്യേക രോഗചികിത്സാ രീതി) ആർക്കെല്ലാം തിരഞ്ഞെടുക്കാം?

താഴെ പറയുന്നവ ഉൾപ്പെടെ ഒരു കുടുംബത്തിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള ഒരു നിര പ്രശ്‌നങ്ങൾ കുടുംബ തെറപ്പി കൈകാര്യം ചെയ്യുന്നുണ്ട്. 

 • കുട്ടികളെ വളർത്തുന്നതു സംബന്ധിച്ചുള്ള പ്രശ്‌നങ്ങൾ
 • കൗമാരക്കാരിലും കുട്ടികളിലും ഉള്ള പെരുമാറ്റ പ്രശ്‌നങ്ങൾ
 • കുടുംബത്തിലുള്ള മാനസിക രോഗം: തങ്ങൾ സ്‌നേഹിക്കുന്നവരുടെ രോഗത്തെ കുറിച്ചും എങ്ങനെയാണ് അവരോട് ആശയവിനിമയം നടത്തേണ്ടത് എന്നും മനസ്സിലാക്കുക*
 • ഒരു കുടംബാംഗത്തിന്‍റെ ലൈംഗിക ചായ്‌വുകളും സമലിംഗ ബന്ധങ്ങളും മനസ്സിലാക്കുക
 • വിവാഹശേഷം ദമ്പതികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ :  കടമകളിലുള്ള മാറ്റങ്ങൾ, ഉറ്റ ബന്ധം സംബന്ധിച്ചുള്ള പ്രശ്‌നങ്ങൾ, മെച്ചപ്പെട്ട ആശയവിനിമയം
 • ദമ്പതികളുടെ വിവാഹപൂർവ്വ ബന്ധം സംബന്ധിച്ചുള്ള ഇടപെടലുകൾ
 • മദ്ധ്യവയസ്‌കരുടെ 'ഒഴിഞ്ഞ കിളിക്കൂട് സിൻഡ്രോം ' - കുട്ടികൾ ആദ്യമായി വീടു വിട്ടു പോകുമ്പോൾ മാതാപിതാക്കൾ നേരിടുന്ന സങ്കടവും ഏകാന്തതയും - പ്രശ്‌നങ്ങൾ

* തങ്ങൾ സ്‌നേഹിക്കുന്നവരുടെ അസുഖത്തെ പറ്റി മനസ്സിലാക്കാൻ പ്രയാസപ്പെടുന്ന കുടുംബങ്ങൾക്ക്, തങ്ങൾ സ്‌നേഹിക്കുന്ന വ്യക്തി അനുഭവിക്കുന്നത് എന്താണ്, തങ്ങൾ സ്‌നേഹിക്കുന്ന ആ വ്യക്തിയുമായി തന്മയീഭാവത്തോടെയും ധാരണയോടെയും ആശയവിനിമയം നടത്തേണ്ടത് എങ്ങനെയാണ്   എന്നു മനസ്സിലാക്കുന്നതിന് സഹായിക്കുന്നു എന്നതിനാൽ കുടുംബ തെറപ്പി വളരെ സഹായകമാണ്. 

"പക്ഷേ എനിക്കു കുടംബ തെറപ്പി (പ്രത്യേക രോഗചികിത്സാ രീതി)ആവശ്യമില്ലല്ലോ!"

ഒരു കുടംബ തെറപ്പിസ്റ്റിനെ സമീപിക്കുന്നതിന് പലർക്കും മടിയാണ്, കാരണം തങ്ങളുടെ കുടുംബജീവിതങ്ങൾ സംബന്ധിച്ച അതീവ വിശദാംശങ്ങൾ ഒരു അപരിചിത വ്യക്തിയുമായി പങ്കു വയ്ക്കുന്നത് അവർക്ക് ഒട്ടും സുഖപ്രദമായി തോന്നില്ല.

മറ്റു ചിലരാകട്ടെ അവബോധക്കുറവുകൊണ്ടും സാമൂഹ്യപരമായ ദുഷ്‌കീർത്തി (stigma) ഭയന്നും ഒരു തെറപ്പിസ്റ്റിനെ സമീപിക്കുന്നതിലും സഹായം തേടുന്നതിലും വിശ്വാസം ഉള്ള ആളുകൾ ആയിരിക്കില്ല. അതേ സമയം കുടുംബത്തിനകത്തെ മനഃക്ലേശങ്ങൾ മനസ്സിലാക്കുന്നതിനും കുടുംബാംഗങ്ങൾക്കിടയിൽ ഉള്ള ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആയി കുടുംബ തെറപ്പിക്കു  പോകുന്നവരും തീർച്ചയായും ധാരാളം പേരുണ്ട്.

തുറന്ന മനസ്സോടെ വരികയും തെറപ്പിയെ കുറിച്ചും കുടുംബ തെറപ്പിയെ കുറിച്ചും സംസാരിക്കുകയും ചെയ്യുന്നത് അതു സംബന്ധിച്ചുള്ള മിഥ്യാധാരണകൾ ദുരീകരിക്കും എന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. 

എന്താണ് കുടുംബ തെറപ്പി (പ്രത്യേക രോഗചികിത്സാ രീതി) എന്ന പ്രക്രിയ?

തങ്ങളുടെ പ്രശ്‌നത്തിന്‍റെ മൂലകാരണം കണ്ടുപിടിക്കുന്നതിനായി ഓരോ അംഗത്തിന്റേയും മനസ്സിന്‍റെ ഉള്ളറകളിലേക്ക് ആഴ്ന്നിറങ്ങതിനും മനസ്സിലാക്കുന്നതിനും ഉതകുന്ന വിധമാണ് കുടുംബ തെറപ്പി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആ പ്രക്രിയയിൽ താഴെ പറയുന്ന കാര്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്:

I.വിലയിരുത്തൽ: വിലയിരുത്തൽ സമയത്ത് നിങ്ങൾക്ക് തെറപ്പിയെ കുറിച്ചുള്ള ഒരു ചിത്രം കിട്ടത്തക്ക വിധം താഴെ പറയുന്നതു പോലെ ഉള്ള ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്:

 • കൂടിക്കാഴ്ച്ച എത്രത്തോളം നീണ്ടതായിരിക്കും?
 • തെറപ്പിക്ക് എത്ര സമയം എടുക്കും?
 • തെറപ്പിക്കായി ഉള്ള കൂടിക്കാഴ്ച്ചാ അവസരത്തിൽ ആരെല്ലാം ഉണ്ടായിരിക്കണം?
 • പറയുന്ന വിവരങ്ങൾക്ക് എത്രത്തോളം സ്വകാര്യത ഉണ്ടായിരിക്കും?
 • തെറപ്പിസ്റ്റ് എത്രത്തോളം അനുഭവജ്ഞാനമുള്ള ആളാണ്? ഇതേ പോലെയുള്ള പ്രശ്‌നങ്ങൾ ഇതിനു മുൻപ് തെറപ്പിസ്റ്റ് കൈകാര്യംചെയ്തിട്ടുണ്ടോ? 

തെറപ്പിസ്റ്റ് ആകട്ടെ, വ്യക്തിയേയോ ഒരു കൂട്ടം വ്യക്തികളേയോ ആദ്യമായി കാണുകയും കുടുംബാംഗങ്ങൾ തമ്മിലുള്ള പരസ്പരബന്ധത്തെ കുറിച്ച് വിലയിരുത്തുകയും ചെയ്യുകയാണ്. കുടുംബത്തിലെ പരിധികൾ, അധികാരശ്രേണി, തീരുമാനം കൈക്കൊള്ളൽ തുടങ്ങിയ വിവിധ ഘടകങ്ങൾ തെറപ്പിസ്റ്റ് വിലയിരുത്തുന്നു. കുടുംബത്തിലെ അംഗങ്ങൾക്ക് ഇടയിൽ പരസ്പരം ഉള്ള വിലക്കുകൾ (അല്ലെങ്കിൽ അവയുടെ കുറവ്) ക്കാണ് കുടുംബ അതിരുകൾ എന്നു പറയുന്നത്. കുടുംബ വ്യവസ്ഥ (ഉപവ്യസ്ഥ എന്നും വിളിക്കുന്നു)യുടെ ഒരു ഭാഗമായ മാതാപിതാക്കൾക്ക് ഇടയിലോ സഹോദരങ്ങൾക്ക് ഇടയിലോ കൂട്ടുകുടുംബാംഗങ്ങൾക്ക് ഇടയിലോ ഉള്ള അതിരുകൾ ആകാം. അധികാരശ്രേണി എന്നത് കുടുംബത്തിന് ഉള്ളിലുള്ള ആശയവിനിമയം, പ്രവർത്തനങ്ങൾ എന്നിവയെ സ്വാധീനിക്കുന്ന അധികാര ഘടന ആണ്. സാധാരണഗതിയിൽ പുരുഷാധിപത്യ കുടുംബങ്ങളിൽ, അധികാര ഘടനയുടെ തലപ്പത്ത് ഉള്ളത് പിതാവ് ആയിരിക്കും.

ഇപ്പോൾ കുടുംബം അഭിമുഖീകരിക്കുന്ന സംഘർഷകരമായ അവസ്ഥയ്‌ക്കോ (അവസ്ഥകൾക്കോ) അടിയിലുള്ള കാരണങ്ങളെ കുറിച്ച് മനസ്സിലാക്കുന്നതിന് തെറപ്പിസ്റ്റ് നിങ്ങളോട് വ്യക്തിപരമായോ മറ്റു കുടംബാംഗങ്ങൾക്കു കൂടി ഒപ്പമോ സംസാരിക്കും. പ്രശ്‌നം അഭിസംബോധന ചെയ്യുന്നതിനായി കുടുംബത്തിലെ ആശയവിനിമയ രീതികൾ, മുകളിൽ നിന്നും താഴേയ്ക്ക് എന്ന നിലയിലാണോ അതോ മറ്റു തരത്തിലാണോ എന്ന്, മനസ്സിലാക്കുന്നതിനും അവർ ശ്രമിക്കും. 

കുടുംബത്തിലെ മറ്റ് അംഗങ്ങൾ കുടുംബ തെറപ്പി സഹായം തേടുന്നതിനായി മുന്നോട്ടു വരുന്നില്ല എന്നാണെങ്കിൽ, ഒരു വ്യക്തി എന്ന നിലയ്ക്ക് നിങ്ങൾക്കു സ്വയം വിദഗ്ദ്ധ സഹായം തേടാവുന്നതാണ്. 

II. ഇടപെടൽ ഘട്ടം

വിലയിരുത്തൽ ഘട്ടത്തിൽ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, തെറപ്പിസ്റ്റ് ഒരു അനുമാനം രൂപപ്പെടുത്തുകയും കുടുംബത്തിനോട് ശുപാർശ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചു ഒരു ധാരണയിൽ എത്തുകയും ചെയ്യുന്നു. ചിന്തിക്കുന്ന രീതി മാറ്റുന്നതിനും പ്രശ്‌നത്തെ അവർ നോക്കി കാണുന്ന വിധം മാറ്റിയെടുക്കുന്നതിനുമായി അവബോധ പെരുമാറ്റ ചികിത്സ (Cognitive behavioral therapy) യുടെ തത്വങ്ങൾ ഉപയോഗിക്കുന്നു. തെറപ്പി ചെയ്യുന്ന കുടുംബാംഗങ്ങൾക്ക് അവരവരുടെ കാഴ്ച്ചപ്പാടിൽ വരുന്ന വ്യത്യാസം പരിഹാരം ഉരുത്തിരിയുന്നതിന് സഹായകമാകും.

മാതൃകാ കുടുംബം എന്ന കെട്ടുകഥ

നമ്മൾ സമൂഹജീവികളാണ്, നമ്മൾക്ക് നമ്മുടെ ജീവിതം അയൽക്കാർ, സുഹൃത്തുക്കൾ, സഹോദരങ്ങളുടെ കുടുംബങ്ങൾ എന്നിങ്ങനെ എല്ലാവരുടേതും ആയി താരതമ്യം ചെയ്യുന്നതിനുള്ള ഒരു പ്രവണതയുണ്ട്. നമ്മൾ അറിയുന്ന മറ്റുള്ളവർ സന്തോഷമുള്ളവരാണ്, അവർക്ക് അവർ ആഗ്രഹിക്കുന്നതെല്ലാം അവരുടെ ജീവിതത്തിൽ ഉണ്ട് എന്നു ചിന്തിക്കുന്നത് സ്വാഭാവികം മാത്രമാണ്. ഇതിനെ മാതൃകാ കുടുംബം എന്ന കെട്ടുകഥ എന്നാണ് വിദഗ്ദ്ധർ വിളിക്കുന്നത്.  കുടംബാംഗങ്ങൾ പരസ്പരം ആശയവിനിമയം നടത്തുന്നതു സംബന്ധിച്ച് ബുദ്ധിമുട്ടുകൾ നേരിടാത്ത, ഒരിക്കലും പരസ്പരം വിയോജിക്കാത്ത, എപ്പോഴും സന്തുഷ്ടർ ആയിരിക്കുന്ന, ഒന്നിച്ചു ജീവിക്കുന്നതിൽ സന്തോഷിക്കുന്ന കുടുംബം ഏതാണോ അതാണ് മാതൃകാ കുടുംബം എന്നാണ് വിശ്വസിച്ചു പോരുന്നത്. 

കുടുംബ തെറപ്പിക്കു പോകുന്നവർ തെറപ്പി ചെയ്യുന്നതോടെ തങ്ങളുടേതും ഒരു മാതൃകാ കുടുംബം ആയിത്തീരും എന്നു വിശ്വസിക്കുന്നതിനുള്ള ഒരു പ്രവണത ഉണ്ട് എന്നും അത് ഒരിക്കലും യഥാർത്ഥമല്ല എന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നുണ്ട്. വ്യതിരിക്തമായ ചിന്തകളും അഭിപ്രായങ്ങളും ഉള്ള രണ്ടു വ്യക്തികൾ ഒന്നിച്ചു നിലനിൽക്കുമ്പോൾ, വിയോജിപ്പുകളും തെറ്റായ ആശയവിനിമയവും സംഭവിച്ചേക്കാം. ഇത്തരം വിയോജിപ്പുകളും ആശയവിനിമയ തകരാറുകളും സൃഷ്ടിപരമായ തരത്തിൽ കൈകാര്യം ചെയ്യുന്നതിന് കുടുംബ തെറപ്പി സഹായിക്കുന്നു. 

കുടുംബ തെറപ്പിയിൽ നിന്ന് എനിക്ക് എന്തു പ്രതീക്ഷിക്കാം?

കുടുംബാംഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന എല്ലാ പ്രശ്‌നങ്ങളും കുടുംബ തെറപ്പി പരിഹരിക്കും എന്നു ഊഹിക്കുന്നത് സ്വാഭാവികമാണ്, പക്ഷേ അത് അങ്ങനെയല്ല. നിങ്ങൾക്കു പ്രതീക്ഷിക്കുവാൻ കഴിയുന്നത് താഴെ പറയുന്നവയ ാണ്:

 • തന്മയീഭാവത്തോടെയും നിങ്ങളെ വിധിക്കുന്ന തരത്തിലുള്ള പെരുമാറ്റത്തിലൂടെ അല്ലാതെയും നിങ്ങൾ പറയുന്നത് ശ്രദ്ധിക്കുന്ന ഒരു വിദഗ്ദ്ധ തെറപ്പിസ്റ്റ് ഉണ്ട്.
 • മറ്റ് അംഗങ്ങൾ (ഉണ്ടെങ്കിൽ) സംഭാഷണങ്ങൾ അവരിൽ നിന്ന് രഹസ്യമായി വയ്ക്കും
 • സംഭാഷണങ്ങൾ കുറ്റാരോപണ പരം ആയിരിക്കാതെ ഫലപ്രദം ആയിരിക്കത്തക്കവിധം ഘടനാഭദ്രമായിരിക്കും
 • തങ്ങളുടെ കാഴ്ച്ചപ്പാട് വെളിവാക്കുന്നതിനായി ഓരോ കുടുംബാംഗത്തിനും തുല്യമായ വേദി നൽകുന്നുണ്ട്
 • തെറപ്പിസ്റ്റ് ആരുടേയും ഭാഗം പിടിക്കില്ല, അതിനു പകരം കുടുംബത്തിന് ഏറ്റവും അനുയോജ്യമായ രീതിയിൽ ഒരു പരിഹാരം കണ്ടുപിടിക്കുന്നതിന് ശ്രമിക്കുന്നു.

തെറപ്പി സമയത്ത് ലഭിക്കുന്ന ഉൾക്കാഴ്ച്ചയ്ക്ക് അനുസൃതമായി പ്രവർക്കുന്നതിനെ ആശ്രയിച്ചായിരിക്കും തെറപ്പിയുടെ ഫലപ്രാപ്തി.

നിംഹാൻസ് (NIMHANS) ലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയ ഡോ. വീണ സത്യനാരായണ പകർന്നു തന്ന അറിവുകൾ കൂടി ഉൾക്കൊള്ളിച്ചാണ് ഈ  ലേഖനം രചിച്ചിരിക്കുന്നത്.

ബന്ധങ്ങളിൽ ഉള്ള ആശയവിനിമയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധ പതിപ്പിക്കുന്ന ഒരു പ്രത്യേക തരം തെറപ്പിയാണ് കുടുംബ തെറപ്പി. സംഘർഷങ്ങൾക്ക് പിന്നിലുള്ള യഥാർത്ഥ കാരണങ്ങൾ മനസ്സിലാക്കി കുടംബാംഗങ്ങൾക്കിടയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് കുടുംബ തെറപ്പിസ്റ്റ് സഹായിക്കുന്നു. 

White Swan Foundation
malayalam.whiteswanfoundation.org