നിങ്ങളുടെ ഫിറ്റ്‌നസ് ക്രമത്തിനുള്ളിൽ മാനസിക ആരോഗ്യവും ഉള്‍പ്പെടുത്തുക

മാനസിക രോഗികൾക്ക് മാത്രമല്ല, മറ്റെല്ലാവർക്കും മാനസിക ആരോഗ്യം പ്രധാനമാണെന്ന് മനസിലാക്കുക അത്യാവശ്യമാണ്. 
ഡോ. സീമ മെഹ്‌റോത്ര
നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലെങ്കിൽ എന്തിനാണ് ആരോഗ്യത്തെപ്പറ്റി ഉത്കണ്ഠപ്പെടുന്നത്. ആരോഗ്യത്തെക്കുറിച്ചുള്ള അവബോധം വർദ്ധിച്ച് വരുന്ന കാലത്ത് ഇതൊരു മണ്ടൻ ചോദ്യമായി തോന്നിയേക്കാം. ശാരീരിക പ്രശ്‌നങ്ങൾ വരാതെ നോക്കുന്നതിനെക്കുറിച്ചും (കായികക്ഷമത) ഫിറ്റ്‌നസ് വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും നമ്മൾ തിരിച്ചറിയുന്നുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. എന്തുകൊണ്ടെന്നാൽ സംതൃപ്തിയും കാര്യക്ഷമതയുമുള്ള ഒരു ജീവിതം നയിക്കുവാൻ ഇത് അനിവാര്യമാണെന്ന് നമ്മൾ മനസിലാക്കുന്നുണ്ട്. 
മുകളിൽ കൊടുത്തിരിക്കുന്ന ഖണ്ഡിക വായിച്ചപ്പോൾ എന്താണ് നിങ്ങൾ മനസിൽ കണ്ടത്? രാവിലെ ഓടാൻ പോകുന്നവരെയോ ജിമ്മിൽ കായികപരിശീലനംനടത്തുന്നവരെയോ പതിവായി രാവിലെ നടക്കാൻപോകുന്ന വൃദ്ധരേയോ ആകാം നിങ്ങൾ ഓർത്തിരിക്കുക എന്നതിൽ സംശയമില്ല. ആരോഗ്യകരമായ ഭക്ഷണരീതിയെക്കുറിച്ച് ടെലിവിഷനിൽ വരുന്ന പരസ്യങ്ങളെയോ ജനപ്രിയ വാരികയിൽ വരുന്ന പോഷകാഹാരത്തെക്കുറിച്ചുള്ള വിദഗ്‌ദ്ധോപദേശങ്ങളുടെയോ ചിത്രങ്ങളും നിങ്ങൾ ഓർത്തെടുത്തിരിക്കുവാനുള്ള സാധ്യതയുണ്ട്. 
ഇനി ഞാനൊന്ന് ചോദിക്കട്ടെ. മാനസിക ആരോഗ്യത്തെ നിങ്ങളുടെ ചിന്തകളിലോ മനോഭാവത്തിലോ ഉൾപ്പെടുത്തിയിട്ടുണ്ടോ? ഒരു വ്യക്തി തന്റെ തീവ്രദുഃഖങ്ങളെക്കുറിച്ച് തന്റെ അടുത്ത സുഹൃത്തിനോടോ കൗൺസിലറോടോ പങ്കുവെയ്ക്കുന്നത് നിങ്ങൾ സങ്കല്പിച്ചിരുന്നോ? തന്റെ കോപത്തെ അടക്കാനുള്ള പ്രായോഗികമായ മാർഗങ്ങൾ എഴുതി വയ്ക്കുന്ന ഒരാളെ നിങ്ങൾ സങ്കൽപ്പിച്ചിരുന്നോ? ഉത്കണ്ഠയും ആത്മാഭിമാനത്തിലുണ്ടായ ഇടിവും എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ച് വിശദീകരിക്കുന്ന പുസ്തകം വായിക്കുന്ന ഒരാളുടെ ചിത്രം നിങ്ങളുടെ മനസിൽ ഉണ്ടായിരുന്നോ? വ്യക്തികളുമായി ഇടപഴകാനുള്ള കഴിവ് വളർത്തിയെടുക്കാൻ ശ്രമിക്കുന്നവരെയോ പോസിറ്റീവ് ചിന്താഗതി എങ്ങനെയുണ്ടാകാം എന്നതിനെക്കുറിച്ചുള്ള പരിപാടിയിൽ പങ്കെടുക്കുന്ന ഒരാളെയോ നിങ്ങൾ സങ്കല്പിച്ചിട്ടുണ്ടോ? 
ഉത്തരം ഇല്ലാ എന്നാകുമെന്നാണ് എന്റെ ഊഹം. നിങ്ങൾ ഇതിൽ ഏതെങ്കിലും ഒന്നിനെക്കുറിച്ച് ചിന്തിക്കുകയോ, അല്ലെങ്കിൽ ആരോഗ്യം എന്നാൽ മാനസിക ആരോഗ്യവും അതിൽ ഉൾപ്പെടുന്നു എന്ന വസ്തുതയെക്കുറിച്ച് നിങ്ങൾ ബോധവാൻ ആകുകയോ ചെയ്താൽ നല്ലതാണ്. 
തീർച്ചയായും ശാരീരിക ആരോഗ്യത്തെ കാര്യമായി പരിഗണിക്കാതെവരുന്ന സന്ദർഭങ്ങളുണ്ട്. പക്ഷേ, മാനസിക ആരോഗ്യത്തിന്റെ കാര്യത്തിൽ ഇത് തികച്ചും സാധാരണമാണ്. വാസ്തവത്തിൽ മാനസിക ആരോഗ്യം എന്ന വാക്ക് തന്നെ മാനസികരോഗത്തിനുള്ള പര്യായമായിരിക്കുന്നു. ഇതുകൂടാതെ മാനസിക ആരോഗ്യം എന്നത് മാനസിക രോഗികൾ മാത്രം ശ്രദ്ധിക്കേണ്ട കാര്യമാണെന്ന് നമ്മൾ തെറ്റിദ്ധരിച്ചിരിക്കുന്നു. 
മാനസിക ആരോഗ്യ പ്രശ്നങ്ങളെ ചെറുക്കുന്നതും മാനസിക ആരോഗ്യത്തേയും ക്ഷേമത്തേയും പരിപോഷിപ്പിക്കുന്നതും ശാരീരിക ആരോഗ്യത്തിനും കായികക്ഷമതയ്ക്കും വേണ്ടി ജോലിയെടുക്കുന്നതിന് തുല്യമാണ്. ശാരീരിക ആരോഗ്യവും മാനസിക ആരോഗ്യവും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും ഇവ പരസ്പരം സ്വാധീനിക്കുന്നുണ്ടെന്നും പഠനങ്ങൾ തെളിയിക്കുന്നു. നിരവധി ഗവേഷണഫലങ്ങൾ ഇവ തമ്മിലുള്ള ബന്ധം തെളിയിക്കുന്നു. മാനസിക ആരോഗ്യവും ശാരീരിക ആരോഗ്യവും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധം തെളിയിക്കപ്പെട്ടിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ ബുള്ളറ്റിൻ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് വ്യക്തമാക്കുന്നത് (ഉദാഹരണത്തിന്, ടൈപ്പ് 2 പ്രമേഹം ബാധിച്ചിട്ടുള്ള വ്യക്തികൾക്ക് സാധാരണ ആളുകളെക്കാൾ വിഷാദരോഗം ബാധിക്കുവാനുള്ള സാധ്യത ഇരട്ടിയാണ്, അല്ലെങ്കിൽ ഹൃദയാഘാതത്തിന് ശേഷമുള്ള വിഷാദരോഗ ലക്ഷണങ്ങൾ ചികില്‍സിക്കുന്നത് അതുമൂലമുണ്ടാകുന്ന മരണനിരക്കും വീണ്ടും ആശുപത്രിയിലാകാനുള്ള സാധ്യതയും കുറയ്ക്കുന്നു). മാനസിക ആരോഗ്യത്തേയും ശാരീരിക ആരോഗ്യത്തേയും ഒരുപോലെ കൈകാര്യം ചെയ്യണമെന്ന വസ്തുത നാം ഓർക്കേണ്ടതുണ്ട്. ഒന്നിനെ മാത്രം കൈകാര്യം ചെയ്താൽ മറ്റൊന്നിന് പകരമാകുമെന്ന് കരുതരുത്. 
മാനസിക ആരോഗ്യത്തേയും ക്ഷേമത്തേയും പരിപാലിക്കുവാനും വർദ്ധിപ്പിക്കാനുമുള്ള ശീലങ്ങളും പരിശീലനങ്ങളും വികസിപ്പിച്ച് എടുക്കുന്നത് പൂർവ്വസ്ഥിതി പ്രാപിക്കുവാനും ജീവിതത്തിലെ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാനുമുള്ള കഴിവ് ഉണ്ടാക്കി തരും. ഗാലപ്പ് ഗവേഷണസംഘത്തിന്റെ പഠനത്തിൽ തെളിഞ്ഞതിനനുസരിച്ച് മാനസികക്ഷേമത്തിൽ ശ്രദ്ധ ചെലുത്തുന്നത് ഒരു നല്ല തിരഞ്ഞെടുപ്പാണ്. എന്തുകൊണ്ടെന്നാൽ നമ്മുടെ ജീവിതത്തിലെ വിവിധ മേഖലകളിലെ പ്രവർത്തന ക്ഷമതയുമായി ഇത് അടുത്ത്  ബന്ധപ്പെട്ടിരിക്കുന്നു. 
മാനസിക ആരോഗ്യത്തെ സംരക്ഷിക്കുക എന്നത് ഇപ്പോഴും ഒരു പൊതു സ്വീകാര്യതയുള്ള ആശയമല്ല. ആളുകളുടെ മനസിൽ മാനസികരോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ കൊണ്ട് മാത്രമല്ല ഇതിന്റെ അവ്യക്തവും അമൂർത്തവുമായ സ്വഭാവം കൊണ്ട് കൂടിയാണ് എങ്ങനെയാണ് ഇതിനെ കൈകാര്യം ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് ആർക്കും ധാരണയില്ലാതെ പോകുന്നത്. 
ഒരാളുടെ മാനസിക ആരോഗ്യത്തേയും ക്ഷേമത്തേയും വർദ്ധിപ്പിക്കുക എന്ന പ്രക്രിയയിൽ വിവിധ ഘട്ടങ്ങൾ ഉൾപ്പെടുന്നു. മാനസിക വൈദഗ്ദ്ധ്യം, പൂർവ്വസ്ഥിതി പ്രാപിക്കുവാനുള്ള കഴിവുകൾ എന്നിവ ഉണ്ടാക്കിയെടുക്കുക. ഉദാഹരണത്തിന്, നെഗറ്റീവ് ചിന്തകളെ നിയന്ത്രിക്കാനുള്ള കഴിവ്, ആരോഗ്യം വികസിപ്പിക്കാനുള്ള രീതി, പോസിറ്റീവ് ചിന്തകൾ വളർത്തിയെടുക്കാനുള്ള കഴിവ് രൂപീകരിക്കുക, തത്ക്കാലിക ആശ്വാസത്തിന് വേണ്ടി പെട്ടെന്ന് രോഗശമനം നൽകുന്നതും ദീർഘകാല ഉപയോഗംകൊണ്ട് പ്രശ്‌നമാകുന്നതുമായ മരുന്നുകൾ ഉപേക്ഷിക്കുക, മറ്റുള്ളവരിൽനിന്നും, ആവശ്യമുള്ളപ്പോൾ വിദഗ്ദ്ധരിൽനിന്നും സഹായം തേടുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു (കേംബ്രിഡ്ജ് സർവ്വകലാശാല പ്രസ്, അസോസിയേഷൻ ഫോർ സൈക്കോളിജിക്കൽ സയൻസ്, ഇന്റർനാഷണൽ ജേർണൽ ഓഫ് സൈക്കോളജിക്കൽ സ്റ്റഡീസ് എന്നിവയുടെ പഠനങ്ങളിലാണ് ഈ നിരീക്ഷണങ്ങൾ ഉള്ളത്). ഇവ വെറും ഉദാഹരണങ്ങൾ മാത്രമാണ്. നമ്മുടെ മാനസികക്ഷേമത്തിനെ പരിപോഷിപ്പിക്കുവാനുള്ള വഴികൾ ഒരുപാടുണ്ട്. അതുകൊണ്ട് നമുക്ക് ഈ വിവരങ്ങൾ നമ്മുടെ മനസിലും പരസ്പരവും പങ്കുവെയ്ക്കാം!
ഡോ. സീമ മെഹ്‌റോത്രാ നിംഹാൻസിലെ ക്ലിനിക്കൽ സൈക്കോളജി വിഭാഗം അഡീഷണൽ പ്രൊഫസറാണ്. മാനസികാരോഗ്യത്തെ സംബന്ധിച്ച ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുക, യുവാക്കളിൽ പ്രത്യേകശ്രദ്ധ കേന്ദ്രീകരിച്ച് സേവനങ്ങളും പരിശീലനവും നൽകുക തുടങ്ങിയവ നടപ്പിലാക്കുന്ന പോസിറ്റീവ് സൈക്കോളജി യൂണിറ്റിന്റെ കോർഡിനേറ്ററുമാണ്.      

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org