നമ്മള്‍ സ്‌നേഹിക്കുന്ന വ്യക്തിയുടെ നഷ്ടം/മരണം എന്ന അവസ്ഥയുമായി സമരസപ്പെടുന്നത്

എന്താണ് തീവ്രദുഃഖം, ഒരു വ്യക്തിക്ക് എങ്ങനെയാണ് അതിനോട് സമരസപ്പെടാനാവുക?

ഒരു വ്യക്തിയുടെ മരണത്തെ പറ്റി കേൾക്കുമ്പോൾ  വിഷാദമോ അസന്തുഷ്ടിയോ തോന്നുക എന്നതാണ്നമ്മുടെ സ്വാഭാവിക പ്രതികരണം. വിവാഹമോചനം, തിരിച്ചു കിട്ടാത്ത പ്രണയം, ഒരു ബന്ധത്തിലുള്ള തകർച്ച അതല്ലെങ്കിൽ സ്‌നേഹിക്കുന്ന ഒരാൾക്ക് മാനസിക രോഗമുണ്ടെന്നു അറിയാനിട വരിക മുതലായി വിവിധ തരത്തിലുള്ള പ്രതീകാത്മകമായ നഷ്ടങ്ങളെ കുറിച്ച് ആളുകൾ വിഷമം അനുഭവിക്കാറുണ്ട്. നഷ്ടത്തോട്  സമരസപ്പെടുന്നതിനു സഹായകമാകും വിധം  ഒരു നിര സങ്കീർണ്ണമായ വികാരങ്ങള്‍ ഈ ദുഃഖം നമ്മില്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. വളരെ പ്രയാസമേറിയതും എന്നാൽ ഒഴിച്ചു കൂടാനാവാത്തതും ആയ പ്രക്രിയ ആണ് ദുഃഖവുമായി സമരസപ്പെടുക എന്നത്. എന്നിരുന്നാലും ഒരാൾ എങ്ങനെയാണ് ദുഃഖിക്കേണ്ടത്, എത്ര കാലത്തേക്കാണ് എന്നതു സംബന്ധിച്ച് കൃത്യമായ രീതികളൊന്നും നിലവിലില്ല.

ദുഃഖാവസ്ഥയിൽ അനുഭവപ്പെടാൻ സാദ്ധ്യതയുള്ള വികാരങ്ങൾ

  • വ്യസനം, ശോകം അല്ലെങ്കിൽ അസന്തുഷ്ടി.
  • ഞെട്ടൽ: മരണം അല്ലെങ്കിൽ നഷ്ടം അപ്രതീക്ഷിതമോ പെട്ടെന്നുള്ളതോ അസ്വാഭാവികമോ ആകുന്ന അവസരങ്ങളിൽ കാണുന്നത്.
  • കുറ്റബോധം: ഈ അവസ്ഥ ഒഴിവാക്കുന്നതിനായി തനിക്ക് എന്തെങ്കിലും ചെയ്യുവാൻ കഴിയുമായിരുന്നു എന്ന് അതിജീവിക്കുന്ന സുഹൃത്തിനോ ബന്ധുവിനോ തോന്നുമ്പോൾ. 
  • ഏകാന്തത: വളരെ അടുപ്പമുള്ളതോ ഉറ്റ ബന്ധമുള്ളതോ ആയ ഒരാളെ നഷ്ടപ്പെടുമ്പോൾ ആളുകൾ ഇത് അനുഭവിക്കുന്നു. മരണപ്പെട്ട ആളിനെ ആശ്രയിച്ചിരുന്നതോ സഹായം തേടാനായി വളരെ കുറച്ച് ബന്ധങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളു എന്നുള്ള അവസരങ്ങളിലോ ഇതു സംഭവിക്കുന്നു.
  • കോപം അല്ലെങ്കിൽ നിരാശ: അതിജീവിക്കുന്നവരിൽ ചിലർക്ക് തന്നെ ചതിച്ചു എന്നതിൽ മരണപ്പെട്ട ആളിനോട് കോപം തോന്നാം, പെട്ടെന്ന് പിൻവാങ്ങി എന്നതിൽ നിരാശയും തോന്നിയേക്കാം.

തീവ്രദുഃഖവുമായി സമരസപ്പെടുന്നത്

തീവ്രദുഃഖം വളരെ വേദനാജനകമാണ്, പക്ഷേ ഒരു വ്യക്തിയെ ആരോഗ്യത്തിലേക്കു തിരിച്ചു കൊണ്ടുവരുന്നതിനുള്ള അനിവാര്യമായ പ്രക്രിയയത്രേ അത്. സാംസ്‌കാരികമോ പതിവുള്ളതോ ആയ ആചാരങ്ങളും ചടങ്ങുകളും ആളുകൾക്ക് ദുഃഖാചരണം നടത്തുന്നതിനും അത് അവസാനിപ്പിക്കുന്നതിനും ഉള്ള അവസരം നൽകുന്നു. ഓരോ വ്യക്തിയും ആ ആളുടേതായ വിധത്തിൽ അനുപമമായിരിക്കും, തീവ്രദുഃഖം അനുഭവിക്കുന്ന വിധത്തിലും അതിനോട് സമരസപ്പെടുന്ന രീതിയിലും വ്യത്യസ്ത പുലർത്തുകയും ചെയ്യും. തീവ്രദുഃഖം അനുഭവിക്കുന്ന വ്യക്തി മൂന്നു വ്യത്യസ്ത വശങ്ങളുമായി സമരസപ്പെടേണ്ടതുണ്ട്:

  • മരണപ്പെട്ട വ്യക്തി ഇനിമേൽ ഇവിടെയില്ല. ദുഃഖം അനുഭവിക്കുന്നതിന്‍റെ ഭാഗമായി അതിജീവിക്കുന്ന വ്യക്തി മരണപ്പെട്ട ആളുടെ സഹവാസം കൊതിക്കുന്നുണ്ടാവാം
  • അതിജീവിക്കുന്ന വ്യക്തി അനുഭവിക്കുന്ന സമ്മിശ്ര വികാരങ്ങൾ.  തീവ്രദുഃഖത്തിന്‍റെ വികാരങ്ങള്‍ അനുഭവിക്കുന്ന വിധം ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും. 
  • മരണം സംഭവിച്ച സാഹചര്യങ്ങൾ, അതായത് അത് സ്വാഭാവികമായിരുന്നുവോ അസ്വഭാവികം ആയിരുന്നോ എന്നത്

ചിലപ്പോൾ നമ്മൾ അതിജീവിക്കുന്നവരുടെ വികാരങ്ങൾ നിഷേധിക്കുകയോ മയപ്പെടുത്തുകയോ, കാര്യമാത്ര പ്രസക്തമായ രീതിയിൽ സംഭവങ്ങളെ പറ്റി പറയുകയോ ചെയ്‌തുവെന്നു വരാം. ഒരാളുടെ ജീവിതവുമായി മുന്നോട്ടു പോകുന്നത് നിർണ്ണായകമാണെന്നിരിക്കെ, ദുഃഖിക്കുന്നതിനുള്ള ഇടവും സമയവും ഒരാൾക്ക് സ്വയം നൽകുക എന്നതും തുല്യ പ്രാധാന്യമുള്ള കാര്യമാണ്. ദുഃഖം പ്രകടിപ്പിക്കുന്നില്ലെങ്കിൽ, അത് ശാരീരികമോ മാനസികമോ ആയ വൈഷമ്യത്തിലേക്ക് നയിച്ചുവെന്നു വരാം. ഉദാഹരണത്തിന്:

  • കോപം, പരസ്പരവിരുദ്ധ വൈകാരിക നിലപാടുകൾ എന്നീ വികാരങ്ങൾ അംഗീകരിക്കപ്പെടുകയും പ്രകടിപ്പിക്കപ്പെടുകയും ചെയ്യാത്തപ്പോൾ, അതിജീവിക്കുന്നയാൾ മരണപ്പെട്ട ആളിനു വേണ്ടി തീവ്രമായി ആഗ്രഹിക്കുകയോ, മരണം അംഗീകരിക്കുന്നതിന് പ്രശ്‌നങ്ങൾ ഉണ്ടാകുന്ന തരം ചിരസ്ഥായിയായ വിലാപാവസ്ഥയിലേക്ക് എത്തിപ്പെടുകയോ ചെയ്തെന്നു വരാം. അതല്ലെങ്കില്‍ കോപം ഉള്ളിലേക്ക് തിരിയുമ്പോൾ വിഷാദം അനുഭവപ്പെട്ടെന്നും വരാം.
  • എളുപ്പത്തിൽ പരിക്കേൽക്കപ്പെടാവുന്ന ലോലമനസ്സുള്ള അവസ്ഥയിലുള്ള ആളുകൾ തീവ്രദുഃഖത്തിൽ ആഴ്ന്നിരിക്കുക കൂടി ചെയ്യുമ്പോൾ, അത് മാനസിക രോഗം, അധികവും വിഷാദം, വളരുന്നതിലേക്ക് നയിച്ചെന്നും വരാം.
  • ചില ആളുകൾ തങ്ങളുടെ ദുഃഖത്തിനോടും നഷ്ടത്തിനോടും സമരസപ്പെടുന്നതിനായി പദാർത്ഥ ഉപയോഗത്തിലൂടെ തങ്ങളുടെ പ്രയാസങ്ങൾ കൈകാര്യം ചെയ്യുന്നതിന് ശ്രമിച്ചെന്നു വരാം.
  • ആരുടെയെങ്കിലും മരണത്തിനു സാക്ഷിയാകേണ്ടി വരുമ്പോൾ, ഒരാൾക്ക് ആരോഗ്യ ബന്ധിതമായ ആകാംക്ഷ ഉണ്ടാകത്തക്ക വിധം പെട്ടെന്ന് തന്‍റെ തന്നെ നശ്വരതയെ കുറിച്ച് അവബോധമുണ്ടായെന്നു വരാം. ഉത്കണ്ഠയുടെ തോന്നലുകൾ തീവ്രവും ചിരസ്ഥായിയുമാകുമ്പോൾ, ദുഃഖ പ്രതികരണം ക്രമീകരിക്കുന്നതിന് സഹായം തേടുന്നതാണ് ഉത്തമം.

സ്വാഭാവികമായ ദുഃഖം എന്ന പ്രക്രിയ അടക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നതിനു പകരം ആളുകൾ അത് അനുഭവിക്കുകയാണ് ചെയ്യേണ്ടത് എന്നതു വളരെ പ്രധാനമാണ്. ദുഃഖിക്കുക എന്ന പ്രക്രിയ സൗകര്യപ്പെടുത്തുന്നതിന് ദുഃഖസംബന്ധമായ ഉത്ബോധനം സഹായകമാകും. അനുഭവപ്പെടുന്ന വികാരങ്ങൾ തിരിച്ചറിയുക, ഈ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിന് വ്യക്തിയെ സഹായിക്കുക, അനുരൂപമായതും ആരോഗ്യകരമായതുമായ രീതിയിൽ ഒരു അവസ്ഥയിൽ നിന്ന് മറ്റൊന്നിലേക്ക് മാറുക എന്നിവ ഉൾപ്പെട്ടതായിരിക്കും ഈ പ്രക്രിയ. 

സ്‌നേഹിക്കുന്ന ഒരാളുടെ ദേഹവിയോഗവുമായി സമരസപ്പെടുന്നതിനുള്ള  ചില വഴികൾ

  • ഫോട്ടോ ആൽബങ്ങളും വിഡിയോകളും ഉപയോഗിച്ച് വ്യക്തിയെ കുറിച്ചുള്ള നല്ല ഓർമ്മകൾ പുനരുജ്ജീവിപ്പിക്കുക: ഈ പ്രവര്‍ത്തിക്ക് ആ വ്യക്തിയെ കുറിച്ചുള്ള ഓർമ്മകൾ പുതുക്കുന്നതിന് സഹായിക്കാൻ കഴിയും: മരണപ്പെട്ട വ്യക്തിയോട് ബന്ധപ്പെട്ട വികാരങ്ങളിലേക്കും തോന്നലുകളിലേക്കും അവനവനെ തന്നെ ക്രമേണ വെളിപ്പെടുത്തുന്നതിലേക്കും അത് സഹായമാകുന്നു.
  • വ്യക്തിപരമായ വസ്തുക്കളും സ്മരണാർഹ വിഷയങ്ങളും ഇനം തിരിക്കുകയും എന്തെല്ലാം സൂക്ഷിക്കുവാൻ ആഗ്രഹിക്കുന്നു, എന്തെല്ലാമാണ് കളയാൻ ആഗ്രഹിക്കുന്നത് എന്നു തീരുമാനമെടുക്കുകയും ചെയ്യുക.
  • ആളുകളുമായി ബന്ധം വയ്ക്കുന്നതും വിശ്വസിക്കുന്ന ഒരാളുമായി സ്വന്തം നഷ്ടത്തേയും ദുഃഖത്തേയും പറ്റി സംസാരിക്കുന്നതും. 
  • ദുഃഖിക്കുക എന്ന പ്രക്രിയയ്ക്കിടയിൽ ഒരാളുടെ ഓർമ്മകളെ കുറിച്ച് ഒരു ഡയറി എഴുതി സൂക്ഷിക്കുക.
  • ദൈനംദിന ജീവിത പ്രവർത്തനങ്ങളിലേക്ക് തിരികെ വരുന്നതിന് ഒരാൾക്ക് തോന്നി എന്നു വരില്ല, പക്ഷേ തന്‍റെ ദൈനംദിന പതിവുകളിലേക്ക് ക്രമേണ  മടങ്ങി എത്തുക എന്നത് പ്രധാനമാണ്.
  • സാംസ്‌കാരിക ആചാരങ്ങൾ അനുഷ്ഠിക്കുന്നത് ഒരു സമാധാനത്തിന്‍റെ അവബോധം നൽകിയെന്നിരിക്കും, ഒരാളുടെ മാനിസികാരോഗ്യത്തിൽ അത് ഒരു ശുഭാത്മക പ്രഭാവം ചെലുത്തി എന്നും വരാം.
  • അങ്ങനെയുള്ള ഒരു വിയോഗത്തിന്‍റെ ആദ്ധ്യാത്മിക അർത്ഥവും ഒരാൾക്ക് പരിശോധിക്കാവുന്നതാണ്. ചിലപ്പോൾ, ആദ്ധ്യാത്മികത വഴി ആ സംഭവത്തെ കുറിച്ചോ നഷ്ടത്തെ കുറിച്ചോ വ്യക്തിക്ക് അവബോധം സൃഷ്ടിക്കുവാൻ  സാധിച്ചുവെന്നും വരാം. 

നിംഹാൻസില്‍ ക്ലിനിക്കൽ സൈക്കോളജിയിൽ അസിസ്റ്റന്‍റ് പ്രഫസറായ ഡോ വീണ എ എസ് നൽകിയ വിവരങ്ങള്‍ കൂടി ഉള്‍ക്കള്ളിച്ചു തയ്യാറാക്കിയതാണ് ഈ ലേഖനം. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org