സൗഖ്യം

എന്‍റെ തെറപ്പിസ്റ്റ് എനിക്കു സ്വീകാര്യനാണോ?

നിങ്ങൾ ഒരു തെറപ്പിസ്റ്റിനെ അന്വേഷിക്കുകയാണെങ്കിൽ, തെറപ്പിസ്റ്റ് നിങ്ങൾക്ക് ശരിയായും അനുയോജ്യനാണ് എന്ന് ഉറപ്പിക്കുന്നതിനായി നിങ്ങൾ മനസ്സിൽ കണക്കാക്കേണ്ട ചില കാര്യങ്ങൾ ഇതാ

റിയ ഗാന്ധി

നമ്മളോട് ഏറ്റവും യോജിച്ചു പോകാവുന്ന തെറപ്പിസ്റ്റിനെ കണ്ടുപിടിക്കുക എന്നത്, ദീർഘകാലം നിലനിൽക്കുന്ന, സുഖപ്രദമായ ഒരു ജോഡി ഷൂസുകൾ  കണ്ടെടുക്കുന്നതിനു തുല്യമാണ്. നമ്മൾ ജീവിതപ്പെരുവഴിയിലൂടെ നടക്കുമ്പോൾ, നമ്മുടെ കാലുകൾക്ക് എന്നതു പോലെ തന്നെ നമ്മുടെ മനസ്സിനും ഹൃദയത്തിനും  ഏതാനും പരിക്കുകൾ -ചിലവ വലുത്, ചിലത് നിസ്സാരമായത്- സംഭവിക്കുന്നു. നമ്മൾ എപ്പോഴും ഉപയോഗിച്ചു കൊണ്ടേയിരിക്കുന്നു എന്നതിനാൽ, കാൽപ്പാദങ്ങളിൽ ഏൽക്കുന്ന മുറിവുകൾ സുഖപ്പെടുന്നതിനാണ് ഏറ്റവും കൂടുതൽ താമസം നേരിടുക എന്നാണ് അവർ പറയുന്നത്. ഇതേ കാര്യം നമ്മുടെ മനസ്സിനും ബാധകമാണ് - നമ്മൾ അവ നിരന്തരം, തുടർച്ചയായി ഉപയോഗിക്കുന്നു, നമ്മൾ ഉറക്കത്തിൽ ആയിരിക്കുമ്പോൾ പോലും മുഴുവനായി വിശ്രമം എടുക്കുന്നില്ല. ആ പ്രക്രിയയിൽ ഉടനീളം നമുക്ക് പിന്തുണയേകുന്ന  പ്രാപ്തിയുള്ള ഒരു തെറപ്പിസ്റ്റിനെ കണ്ടെത്തുക എന്നത് അനിവാര്യമാണ്. 

നമ്മുടെ മാനസിക വ്യഥയെ പറ്റി സംസാരിക്കുന്നതിന് സുരക്ഷിതവും വിധിക്കാത്തതുമായ ഒരു ഇടം നൽകുകയും ഒപ്പം തന്നെ ഉൾക്കാഴ്ച്ചയോടെ, വിവരത്തോടെ, തന്മയീഭാവത്തോടെ, ശക്തമായ രീതിയിൽ നമ്മെ പിന്തുണയ്ക്കുന്നതിനുള്ള യോഗ്യത നേടിയ ആളുമായിരിക്കും ഒരു നല്ല തെറപ്പിസ്റ്റ്. ഒരു തെറപ്പിസ്റ്റിനെ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രായോഗിക പൊടിക്കൈകൾ ഇതാ ഇവിടെ നൽകുന്നു.

നമ്മുടെ സൗകര്യപ്രകാരം ഉള്ള ആൾ എന്നതിനപ്പുറം ഒരു നല്ല തെറപ്പിസ്റ്റിനെ തെരഞ്ഞെടുക്കുക  

ചെലവും സൗകര്യവും എത്രത്തോളം പ്രധാന പരിഗണനകൾ ആകുന്നുവോ അത്രത്തോളം തന്നെയാണ് മുൻഗണനകളും. നിങ്ങളുടെ ഇപ്പോഴത്തെ മാനസികാരോഗ്യത്തിന് മുൻഗണന നൽകുക എന്നത് വളരെ നിർണ്ണായകമാണ്, കാരണം നിങ്ങൾ മാനസിക വ്യഥയിൽ ഉഴറുമ്പോൾ, മിയ്ക്ക ദൈനംദിന പ്രവർത്തനങ്ങള്‍ നടത്തിയെടുക്കുന്നതിനും നിങ്ങള്‍ക്ക് ബുദ്ധിമുട്ടായിരിക്കും. 

ഒരു തെറപ്പിസ്റ്റിനെ തെരഞ്ഞെടുക്കുമ്പോൾ, നിങ്ങളുടെ അടുത്തുള്ളത്, സമയക്രമം കൂടുതൽ വഴങ്ങുന്നത്, മുതലായ പരിഗണനകൾ പ്രധാനമാകുമ്പോൾ തന്നെ, പലപ്പോഴും അതു നിങ്ങളെ ഏറ്റവും നല്ല തെരഞ്ഞെടുപ്പിലേക്ക് നയിക്കണമെന്നില്ല. ജോലി/ കോളേജു സമയങ്ങൾ തുടങ്ങിയ പ്രായോഗിക പരിമിതികൾ എപ്പോഴും ഉണ്ടെന്നാലും ഓർമ്മിക്കുക, തെറപ്പി എല്ലായ്‌പ്പോഴും നിങ്ങളുടെ ഒഴിവു സമയം അനുസരിച്ച് തികച്ചും യോജിച്ചതായിരിക്കണം എന്നില്ല. സ്വയം പരിചരണത്തിനായി നിങ്ങൾ സമയം സൃഷ്ടിച്ചെടുത്തേ മതിയാകൂ. കക്ഷിയുടെ ഭാഗത്തു നിന്ന് ഒരു പ്രവർത്തനനിരതമായ പ്രക്രിയയാണ് തെറപ്പി, അതുകൊണ്ട് ഏറ്റവും 'എളുപ്പമായ' രീതി എന്ന നിലയ്ക്ക്, ഗൂഗിളിൽ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ പേരോ, അതുമല്ലെങ്കിൽ ആവശ്യത്തിന് അന്വേഷണം നടത്താതെ ആദ്യം പ്രത്യക്ഷപ്പെട്ട പേരുള്ള ആളിനെ തെരഞ്ഞെടുക്കുകയോ ചെയ്യുന്നത്, കാര്യം വേഗത്തിൽ ആക്കിയെന്നിരിക്കും, പക്ഷേ ഒട്ടും മൂല്യവത്തായിരിക്കുകയില്ല. സമയം ഉണ്ടാക്കുക, ഈ പ്രക്രിയ നടന്നു കിട്ടുന്നതിനായി പരിശ്രമിക്കുക, അതു വളരെ ചാരിതാർത്ഥ്യജനകമായിരിക്കും. ഇന്ത്യയിൽ, യോഗ്യത നേടിയ തെറപ്പിസ്റ്റുകളുടെ ദൗർലഭ്യമുണ്ട്, അതിനാൽ ഓൺലൈൻ കൗൺസിലിംഗ് എന്ന സാദ്ധ്യത കൂടി കണക്കിലെടുക്കുന്നത് ഉപയോഗപ്രദമായേക്കം, നിങ്ങൾ എവിടെയാണെങ്കിലും നിങ്ങൾക്ക് മെച്ചപ്പെട്ട ഗുണമേന്മയുള്ള സേവനം  ലഭിക്കുന്നതിന് ഇതു സഹായകമായേക്കാം.

ചെലവിന്‍റെ കാര്യം സംബന്ധിച്ച്, ഒരു ആരോഗ്യകരമായ ചികിത്സാപര ചങ്ങാത്തം പ്രയോജനകരവും മൂല്യവത്തും ആയിരിക്കും, ചെലിവനേക്കാൾ ഉപരി, അത് നിങ്ങളുടെ മാനസികവും മാനസികകാരണങ്ങളാൽ ഉണ്ടാകുന്ന ശാരീരികരോഗങ്ങൾ സംബന്ധിച്ചും ദീർഘകാലം നിലനിൽക്കുന്ന ഒരു മുതൽമുടക്ക് ആയിരിക്കും. അനുഭവസമ്പത്തും വിദ്യാഭ്യാസ യോഗ്യതകളും അനുസരിച്ച് തെറപ്പിസ്റ്റിന്‍റെ ഫീസ് സാരമായി വ്യത്യാസപ്പെടും. ഏറ്റവും ചെലവു കൂടിയ തെറപ്പിസ്റ്റ് എല്ലായ്‌പ്പോഴും ഏറ്റവും ഉത്കൃഷ്ടനായിരിക്കണം എന്നൊന്നും ഇല്ല,  എളുപ്പത്തിൽ പരിക്കേൽക്കാൻ സാദ്ധ്യതയുള്ളത് എന്നു നിങ്ങൾക്ക് തോന്നുന്ന അവസരത്തിൽ  പക്ഷേ വേണ്ടവിധത്തിൽ പരിശീലനം ലഭിച്ചിട്ടില്ലാത്ത ചെലവു കുറഞ്ഞ തെറപ്പിസ്റ്റ് നിങ്ങള്‍ക്കു കൂടുതൽ നാശം വരുത്തി എന്നു വരാം. 

സർവ്വം തികഞ്ഞ പൂർണ്ണതയുള്ള ഒരു തെറപ്പിസ്റ്റ് ഇല്ല, നിങ്ങൾക്ക് ഗുണകരമാകുന്ന ഒരു തെറപ്പിസ്റ്റിനെ കണ്ടുപിടിക്കുവാൻ നോക്കുക. 

ഒരേ ഷൂസ് രണ്ട് വ്യക്തികൾക്ക് ഒരിക്കലും ഒരേ പോലെ ചേരുന്നതായിരിക്കണം എന്നില്ല - നമ്മുടെ ഷൂസിന്‍റെ വലിപ്പം, അഭിരുചികൾ, മുറിവുകൾ എന്നിവയെല്ലാം വ്യത്യസ്തമായിരിക്കും. കൃത്യമായി നമുക്ക് ചേരുന്നതു കണ്ടുപിടിക്കുന്നതിനായി. നമ്മൾ ഏതാനും ചിലവ ഇട്ടു നോക്കുകയും ചെയ്യുന്നു. നിങ്ങള്‍ നിങ്ങളുടെ തെറപ്പിസ്റ്റിനെ തെരഞ്ഞെടുക്കുന്നതിനു മുമ്പ് ഏതാനും തെറപ്പിസ്റ്റുകളെ പരിഗണിക്കുന്നത് നിങ്ങള്‍ എന്താണ് അന്വേഷിക്കുന്നത് എന്നതു സംബന്ധിച്ച് നിങ്ങള്‍ക്ക് ഒരു രൂപരേഖ നല്‍കിയേക്കാം. നിങ്ങളുടെ  മിയ്ക്കവാറും തെറപ്പിസ്റ്റുകളുടെ വെബ്‌സൈറ്റുകൾ/ വിവരണങ്ങൾ എന്നിവ അവർ ചെയ്യുന്ന ജോലി സംബന്ധിച്ച് അവർക്കുള്ള സമീപനം എന്താണ് എന്നതിനെ കുറിച്ച് നിങ്ങൾക്ക് ഒരു ഭേദപ്പെട്ട രൂപം നൽകും. ഇവയെല്ലാം അന്വേഷിച്ചു വിശദമായ അന്വേഷണം നടത്തുന്നതിനും താരതമ്യം ചെയ്യുന്നതിനും കുറച്ചു സമയം ചെലവഴിക്കുന്നത് തെറപ്പിസ്റ്റ് നിങ്ങളുടെ ലോകവീക്ഷണപ്രകാരവും ആവശ്യപ്രകാരവും യോജിച്ചതാണോ എന്നു കണ്ടുപിടിക്കുന്നതിന് ഉപയോഗപ്രദം ആയിരിക്കും. ഇത് എന്നെ അടുത്ത വിഷയത്തിലേക്കു നയിക്കുന്നു.

നിങ്ങളുടെ സഹജാവബോധത്തെ വിശ്വസിക്കുക    

ഒരു കൂടിക്കാഴ്ച്ച എടുക്കുന്നതിനു മുമ്പോ അല്ലെങ്കിൽ ആദ്യത്തെ കൂടിക്കാഴ്ച്ചയ്ക്കു ശേഷമോ തെറപ്പിസ്റ്റിനോടു സംസാരിക്കുമ്പോൾ നിങ്ങൾക്ക് സ്വയം എങ്ങനെ തോന്നുന്നു എന്ന് പരിശോധിക്കുക. അവരോടു സംസാരിക്കുന്നത് എളുപ്പമാണോ? അവരോടു സംസാരിക്കുകയോ ഇമെയിൽ ചെയ്യുകയോ ചെയ്യുന്നതിനു മുമ്പും ചെയ്തപ്പോഴും അതിനുശേഷവും നിങ്ങൾക്ക് എങ്ങനെ തോന്നി? നിങ്ങൾ വിധിക്കപ്പെടുകയാണ് എന്നു തോന്നിയോ? അവരെ കുറിച്ച് നിങ്ങള്‍ക്ക് എങ്ങനെ തോന്നുന്നു എന്നത് ശ്രദ്ധിക്കുക, അതു വിശ്വാസത്തിലെടുക്കുക. എന്നാൽ തെറപ്പി എന്നത് പെട്ടെന്ന് നന്നാക്കി എടുത്തു പരിഹരിക്കാവുന്ന തരം ഒന്നല്ല എന്നു മനസ്സിലാക്കേണ്ടത് പ്രധാനമാണ്. അതിനാൽ ഏതാനും ചില കൂടിക്കാഴ്ച്ചായോഗങ്ങൾ കൊണ്ട് ഒരു സാരവത്തായ സ്വഭാവമാറ്റം  അനുഭവപ്പെടുക എന്നതിന് സാദ്ധ്യത കുറവാണ്. എന്നിരുന്നാലും ആദ്യത്തെ കുറച്ചു കൂടിക്കാഴ്ച്ചകളിൽ ആ വ്യക്തിയോടു സംസാരിക്കുന്നത് നിങ്ങൾക്ക് ആശ്വാസകരം എന്നു തോന്നുന്നില്ല, വിവിധ കാരണങ്ങൾ മൂലം ആ വ്യക്തിയുടെ മുമ്പിൽ മുഴുവനായും തുറന്നു സംസാരിക്കുന്നതിന് നിങ്ങൾക്കു കഴിയുന്നുമില്ല എങ്കിൽ - ആ വ്യക്തി ആയിരിക്കുകയില്ല നിങ്ങൾക്കു ശരിയായി യോജിക്കുന്ന ആൾ. ഈ പ്രശ്‌നം തെറപ്പിസ്റ്റിനോട് അഭിസംബോധന ചെയ്യുന്നതും എന്തുകൊണ്ടാണ് ഇതു സംഭവിക്കുന്നത് എന്നു ആരായുകയും ചെയ്യുന്നത് സഹായകരമായേക്കാം. ഇത്തരം പ്രശ്‌നങ്ങൾ സത്യസന്ധമായി അഭിസംബോധന ചെയ്യുക എന്നതാണ് ഒരു ആരോഗ്യകരവും ചികിത്സാപരവുമായ ബന്ധത്തിന്‍റെ ഏറ്റവും കാതലായ ഭാഗം, നിങ്ങളുടെ ഉത്കണ്ഠകളെ കുറിച്ചുള്ള തെറപ്പിസ്റ്റിന്‍റെ പ്രതികരണം, അവർ ഈ പ്രബോധന ഇടത്തിൽ വച്ച് എങ്ങനെയാണ് നിങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുവാൻ പോകുന്നത് എന്നതു സംബന്ധിച്ച് മിയക്കവാറും നിങ്ങൾക്ക് ഒരു നല്ല രൂപരേഖ ലഭിക്കും.

അവരുടെ താത്വികമായ ചായ്വ് മനസ്സിലാക്കുക

തന്‍റെ രോഗി അവതരിപ്പിക്കുന്ന, മാനസികമായി എളുപ്പത്തിൽ പരിക്കേൽപ്പെടാൻ സാദ്ധ്യതയുള്ള ആ പ്രത്യേക കാര്യത്തോട് തെറപ്പിസ്റ്റ് കൈക്കൊള്ളുന്ന മദ്ധ്യസ്ഥതാ ഇടപെടൽ സമീപനത്തെയാണ് ഒരു താത്വികമായ ക്രമീകരണം അഥവാ ചായ്വ് എന്നു പറയുന്നത്. കൗൺസിലിംഗിലും  മാനസിക ചികിത്സയിലും പരസ്പരം കടത്തിവെട്ടുന്ന രണ്ട് ചിന്താസരണികൾ - ഒന്നാമത്തേത് പരിഹാരത്തിൽ ഊന്നിയതും രണ്ടാമത്തേത് ഉൾക്കാഴ്ച്ചയിൽ ക്രമപ്പെടുത്തിയതും - ഉണ്ട്. ലളിതമായി പറഞ്ഞാൽ, ഇപ്പോൾ അവതരിപ്പിക്കുന്ന വിഷയം പുകവലി ഉപേക്ഷിക്കൽ ആണെന്നിരിക്കട്ടെ, ആ പ്രശ്‌നത്തെ നേരിടാൻ തെറപ്പിസ്റ്റിന് പ്രവർത്തിക്കുവാൻ കഴിയുന്ന അനേകം വഴികളുണ്ട്. പരിഹാരത്തിൽ ശ്രദ്ധിക്കുന്ന ഒരു തെറപ്പിസ്റ്റ്, ഉദാഹരണത്തിന് ഒരു സിബിറ്റി (CBT) പ്രാക്ടീഷണർ, അതിനു വേണ്ടി പ്രവർത്തിക്കുന്നത് അത് തിരിച്ചറിയുക, ചിന്താക്രമരൂപങ്ങളെ മാറ്റുക, പാരിസ്ഥിതികപരമായ പ്രേരകശക്തികൾ ബോദ്ധ്യപ്പെടുക, പഴകിപ്പോയ ദുശ്ശീലത്തിൽനിന്ന് രക്ഷപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ചികിത്സാരീതിയായ അവെർഷൻ തെറപ്പി തുടങ്ങിയവയിലൂടെ ആയിരിക്കും. അതിനാൽ, അത് അധികവും ശ്രദ്ധ പതിപ്പിക്കുന്നത് സമീപസ്ഥമായ ആ പ്രശ്‌നത്തിലും ചിലപ്പോൾ അതിനോട് ബന്ധിപ്പിച്ചു വരുന്ന മറ്റു ചിലവയിലും ആയിരിക്കും.

ഉൾക്കാഴ്ച്ചയിൽ ഊന്നിയ സമീപനം കൈക്കൊള്ളുന്ന തെറപ്പിസ്റ്റ് ആകട്ടെ, രോഗിയെ പുകവലി ശീലത്തിലേക്കു നയിച്ച രൂഢമൂലമായ പ്രശ്‌നങ്ങൾ അന്വേഷിച്ചു കണ്ടെത്തുന്നതിന് ആഗ്രഹിച്ചുവെന്നിരിക്കും. കൂടുതൽ അബോധാത്മകമായ, അടക്കി വച്ചിട്ടുള്ള പ്രചോദനങ്ങളും പുകവലിയിലേക്ക് നയിക്കുന്ന മോഹങ്ങളും അന്വേഷിച്ചു കണ്ടെത്തുന്നത് ആണ് അതിൽ ഉൾപ്പെട്ടിട്ടുള്ള രീതി. ഒരാളുടെ ആസക്തിയുമായി ബന്ധപ്പെട്ടിട്ടുള്ള വ്യാപകമായ ക്രമരൂപങ്ങളിലേക്ക് ഉൾക്കാഴ്ച്ച നേടുന്നതിനായി, അയാളുടെ വികാരങ്ങൾ, പ്രാണന്‍റേയോ മനസ്സിന്‍റേയോ അതോ വ്യക്തിത്വത്തിന്‍റേയോ ഉള്ളിൽ തന്നെ സംഭവിക്കുന്ന ഊർജ്ജം, അവനവന്‍റെ തന്നെ ഉള്ളിലേക്ക് അഭിഗമ്യതയുണ്ടാക്കൽ, അയാളുടെ ബന്ധങ്ങൾ, സാധാരണയായി അടക്കി വച്ചിട്ടുള്ളതോ അവഗണിച്ചിട്ടുള്ളതോ ആയ അയാളുടെ ഓർമ്മകൾ എന്നിവയെ കുറിച്ച് കൂടുതൽ ഗ്രഹണശക്തിയോടെയുള്ള പരിശോധനകൾ എന്നിവ ഈ രീതി ആവശ്യപ്പെടുന്നുണ്ട്.  താറുമാറായ അവസ്ഥകളുടെ നടുവിൽ നിന്നു പരിശോധിച്ചുകൊണ്ട്, തന്നെ തിരികെ വിളിക്കുന്ന നശീകരണപരമായ ആ സ്വഭാവത്തിൽ നിന്ന് മോചനം നൽകുന്ന തരം, അയാളുടെ തന്നെ ഉള്ളിൽ ഉള്ള ലോകത്തിലേക്ക് തിരിച്ചു പിടിച്ച ഒരു ഭൂതക്കണ്ണാടി പോലെ ആണ് ഇത്തരത്തിൽ ഉള്ള സവിശേഷചികിത്സ. 

യോഗ്യതകൾ, യോഗ്യതകൾ, യോഗ്യതകൾ നിർഭാഗ്യകരമെന്നു പറയട്ടെ, ഇന്ത്യയിൽ നിയന്ത്രണ സംഘടനയുടെ അഭാവം മൂലം, ഔപചാരിക വിദ്യാഭ്യാസം പോലും ഇല്ലാത്ത, തങ്ങളെ തന്നെ സ്വയം 'കൗൺസിലർമാർ (ഉപദേശകർ)' എന്നു വിശേഷിപ്പിക്കുന്ന ഒരു കൂട്ടം ആളുകൾ ഉണ്ട്. ഒരാളെ സന്ദർശിക്കുന്നതിനു മുമ്പ്, ആ ആളിന്‍റെ വ്യക്തിപരമായ വിദ്യാഭ്യാസ യോഗ്യതകൾ തിരക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഒരു അംഗീകൃത സർവ്വകലാശാലയുടേയോ കോളേജിന്‍റേയോ ബിരുദാനന്തര ബിരുദമാണ് ഒരു തെറപ്പിസ്റ്റിന് ഉണ്ടാകേണ്ട കുറഞ്ഞ യോഗ്യത. പൊതുവായി പറഞ്ഞാൽ കൂടുതൽ കീർത്തിയുള്ള യൂണിവേഴ്‌സിറ്റികൾ കൂടുതൽ വിശ്വസനീയമായ തെറപ്പിസ്റ്റുകളെ സൃഷ്ടിക്കുന്നു എന്നു പറയാം. അതിന്‍റെ ആധികാരികതയെ കുറിച്ച് നിങ്ങൾക്ക് അറിയില്ലാ എങ്കിൽ, പട്ടികയിൽ പെടുത്തിയിട്ടുള്ള ബിരുദാനന്തര ബിരുദങ്ങളെ കുറച്ച് പരിശോധിക്കുന്നത് ഒരു നല്ല ആശയമാണ്. ഓൺലൈൻ ബിരുദം മാത്രമുള്ള കൗൺസിലർമാരെ കുറിച്ച് ജാഗ്രത്താവേണ്ടതുണ്ട്, കാരണം സ്വന്തം മേൽനോട്ടത്തിലുള്ള ചികിത്സാവിധി അവർ നൽകിയെന്നു വരില്ല, അന്തർദ്ദേശീയ നിലവാരപ്രകാരം തന്നെ അങ്ങനെയുള്ള വ്യക്തികൾക്ക് രോഗികളെ കാണുന്നതിന് ധാർമ്മികമായ അവകാശങ്ങളില്ല. ഇന്ത്യയിലുള്ള അനേകം സ്വകാര്യ സ്ഥാപനങ്ങൾ ഇന്ന് കൗൺസിലിംഗ് 'സർട്ടിഫിക്കറ്റുകൾ' അഥവാ 'ഡിപ്ലോമകൾ' നൽകി വരുന്നുണ്ട്. ഇവ ബിരുദങ്ങള്‍ക്കു പകരം വയ്ക്കാവുന്നവ അല്ല എന്നു ശ്രദ്ധിക്കുക, രോഗികളുമായി ഒത്തു ചേർന്നു പ്രവർത്തിക്കുന്നതിന് ഇവ അവരെ യോഗ്യരാക്കുന്നുമില്ല. ഔപചാരികമായ പരിശീലനം തെറപ്പിയിൽ നേടിയിട്ടില്ല എങ്കിൽ, സൈക്കോതെറപ്പിസറ്റുകൾ/ കൗൺസിലർമാർ എന്ന നിലിയിൽ പ്രവർത്തിക്കുന്നതിന് സൈക്യാട്രിസ്റ്റുകൾ പോലും അംഗീകരിക്കപ്പെട്ടവരല്ല. 

ധാർമ്മികത   

തെറപ്പിസ്റ്റുകൾ ചെയ്യുന്ന ജോലിയിൽ ധാർമ്മികത സർവ്വശ്രേഷ്ഠമത്രേ. ഏറ്റവും പ്രധാനപ്പെട്ടത് രഹസ്യസ്വഭാവം സൂക്ഷിക്കുക എന്നതാണ്, ഒഴിവാക്കൊനൊക്കാത്ത സാഹചര്യങ്ങളിൽ - ഉദാഹരണത്തിന് ആ വ്യക്തിയിൽ ആത്മഹത്യാപ്രവണത ശരിക്കും ഉണ്ട് എങ്കിൽ, മറ്റേതെങ്കിലും ഒരു വ്യക്തിക്ക് എന്തെങ്കിലും അപകടസാദ്ധ്യത ഉണ്ട് എങ്കിൽ, അത് കോടതി കൽപ്പന ഉള്ളതാണ് എങ്കിൽ - മാത്രമേ അതു ലംഘിക്കുവാൻ പാടുള്ളു. അപകടകരമായ ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കുന്നില്ല എങ്കിൽ, ഒരു നല്ല തെറപ്പിസ്റ്റ് ഒരിക്കലും നിങ്ങളുടെ സ്വകാര്യ കൂടിക്കാഴ്ച്ചാ യോഗങ്ങളുടെ വിശദവിവരങ്ങൾ നിങ്ങളുടെ കുടുംബാംഗങ്ങളോട്, സുഹൃത്തുക്കളോട്, അല്ലെങ്കിൽ അവരുടെ തന്നെ അനൗദ്യോഗിക ചുറ്റുപാടുകളിലോ വെളിപ്പെടുത്തുകയില്ല. നല്ല തെറപ്പിസ്റ്റുകൾ ഒരിക്കലും വിധിക്കുന്നവർ ആയിരിക്കുകയില്ല, സ്വാതന്ത്ര്യവും രോഗികൾ അവരവരെ തന്നെ ശക്തിപ്പെടുത്തുന്നതു പ്രോത്സാഹിപ്പിക്കുന്നവരും ആയിരിക്കും. നിങ്ങളുടെ അവകാശങ്ങളെ കുറിച്ച് അറിയുന്നതിനും ഒരു ധാർമ്മികത പാലിക്കുന്ന തെറപ്പിസ്റ്റിൽ നിന്ന് നിങ്ങൾ അധികാരപൂർവ്വം അവകാശപ്പെടാവുന്നത് എന്താണ് എന്നും അറിയുന്നതിനായി, സ്ഥാപനങ്ങൾക്ക് അന്തർദ്ദേശീയ അംഗീകാരം നൽകുന്ന എപിഎ (അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ), ബിഎസിപി (ബ്രിട്ടീഷ് അസോസിയേഷൻ ഫോർ കൗൺസിലിംഗ് ആൻഡ് സൈക്കോതെറപ്പി) പോലെയുള്ളവരുടെ ധാർമ്മികതാ നിയമങ്ങൾ പരിശോധിക്കാവുന്നതാണ്.

തെറപ്പി എന്നാൽ ചങ്ങാത്തം കൂടലല്ല

ശരിയായ തെറപ്പി എന്നത് സുഹൃത്ബന്ധം പോലെ അല്ല - ചാരാൻ ഒരു ചുമലും കേൾക്കാൻ ഒരു ചെവിയും അല്ല അത്. ഉപദേശങ്ങൾ സ്വീകരിക്കലോ, അഭിപ്രായങ്ങൾ അടിച്ചേൽപ്പിക്കലോ അതിൽ ഉൾപ്പെട്ടിട്ടില്ല. അത് സത്യത്തിന്‍റെ ഒരു കണ്ണാടിയാണ് -തങ്ങളുടെ തന്നെ സ്വന്തം ചായ്‌വുകൾ മൂലം നിങ്ങളുടെ ചങ്ങാതിമാർക്കു ചെയ്യുവാൻ കഴിയാത്തത് - എന്നതിനാൽ അത് എപ്പോഴും നിങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ടതാണ് എന്നു തോന്നിപ്പിച്ചെന്നു വരില്ല. സുഹൃത്തക്കളെ പോലയല്ലാതെ, അവരുമായി ഒത്തു ചേർന്ന് പ്രവർത്തിക്കത്തക്ക വിധത്തിൽ തെറപ്പിസ്റ്റുകൾ ആഴത്തിൽ ശ്രദ്ധിക്കും. നിങ്ങൾ അനുഭവിക്കുന്ന കരുതലില്ലായ്മകൾ, മാനസിക സംഘർഷങ്ങൾ എന്നിവ, വിധിക്കാത്ത, കനിവുള്ള ഒരു ഇടത്തിനുള്ളിൽ തുറന്നു പ്രകടിപ്പിക്കത്തക്ക വിധം അത് നിങ്ങൾക്ക് ഒരു സുരക്ഷിത ഇടം തുറന്നു തരേണ്ടതുണ്ട്. രോഗി പ്രവർത്തിക്കുന്നത് എപ്പോഴാണോ അപ്പോഴാണ് അത് നല്ല തെറപ്പി ആകുക.  തെറപ്പിസ്റ്റ് ഊന്നുവടി നൽകുന്നു, പക്ഷേ നടക്കേണ്ടത് രോഗി സ്വയം ആണ്. 

സ്‌കോട്‌ലൻഡിലെ എഡിൻബറോ യൂണിവേഴ്‌സിറ്റിയിൽ പരിശീലനം നേടിയിട്ടുള്ള റിയാ ഗാന്ധി ഒരു സൈക്കോതെറപ്പിസ്റ്റും ഗവേഷകയും ആണ്. അവർ  മുംബൈയിൽ സ്വകാര്യ ചികിത്സ നടത്തി വരുന്നുണ്ട്, മാനസികശക്തികൾ, വ്യക്തി കേന്ദ്രീകൃത താത്വിക ചായ്‌വുകൾ എന്നിവയിലുള്ള സന്ധിസംഭാഷണ മേഖലകളിൽ അവ ര്‍ പ്രവർത്തിച്ചു വരികയും ചെയ്യുന്നു.

White Swan Foundation
malayalam.whiteswanfoundation.org