Others

കുഴപ്പം പിടിച്ച കൗമാരക്കാലം

ഡോ. ശ്യാമള വാത്സ

പെട്ടെന്ന്, ലോകം വളരെ വലുതായി, പ്രപഞ്ചവിജ്ഞാനത്തിന്‍റെ അര്‍ത്ഥത്തിലല്ല, ഞാനത് കുറേക്കാലമായി അറിയുകയും അതില്‍ അത്ഭുതപ്പെടുകയും ചെയ്തിട്ടുള്ളതായിരുന്നു. എന്നെ പൊതിഞ്ഞിരുന്ന കുമിള പൊട്ടിയതായി എനിക്ക് തോന്നി. ഞാന്‍ പുറത്തെ കലര്‍പ്പില്ലാത്ത, ലഹരിപിടിപ്പിക്കുന്ന വായുവിലേക്ക് പ്രവേശിച്ചു".

ഇതെഴുതിയത് എനിക്ക് നന്നായി അറിയാവുന്ന ഒരു കൗമാരക്കാരനാണ്. ഇത് വളരുന്ന പ്രായത്തിലെ എല്ലാത്തരത്തിലുള്ള അസ്പഷ്ടവും ആവേശകരവുമായ വികാരങ്ങളെ മനോഹരമായി പ്രതിഫലിപ്പിക്കുന്നു. ആളുകളും പുത്തന്‍ സാങ്കേതികവിദ്യയും മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങളുടേയും വികാരങ്ങളുടേയും ലോകത്തിലേക്കുള്ള ഒരു ഉണര്‍ന്നെഴുന്നേല്‍ക്കല്‍, കേവലം ഭൗതികമായ പരിമിധികള്‍ കൊണ്ടുള്ള അതിര്‍ത്തിയില്ലാത്ത ലോകം.

 ആദ്യതവണ, കാര്യങ്ങള്‍ കറുപ്പോ വെളുപ്പോ (വ്യക്തമോ അവ്യക്തമോ) ആയിരിക്കില്ല; ജീവിതത്തിന്‍റെ എല്ലാം മേഖലകളെയും കുറിച്ചുള്ള ഇഷ്ടാനിഷ്ടങ്ങളും തീരുമാനങ്ങളും രൂപീകരിക്കുമ്പോള്‍ അതുമായി മല്ലിടുന്നത് കറുപ്പും വെളുപ്പും കലര്‍ന്ന നിറമായിരിക്കും. മൂല്യങ്ങള്‍, കൂട്ടുകാര്‍, എന്തിന് നിങ്ങള്‍ വ്യക്തിത്വ പ്രകടനത്തിനായി തെരഞ്ഞെടുക്കുന്ന വസ്ത്രങ്ങള്‍ പോലും വെറും ദ്വന്ദങ്ങളായി  നില്‍ക്കില്ല. നിലനില്‍ക്കുന്ന വ്യവസ്ഥകളും നിയമങ്ങളും ചോദ്യംചെയ്യപ്പെടും, കാരണം ഒരു വ്യക്തിത്വം രൂപപ്പെടുത്തുന്നതിനായി നിങ്ങളുടെ വിശ്വാസങ്ങള്‍ തരംതിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമായി വരും.

ഏറ്റവും ആത്മവിശ്വാസമുള്ള കൗമാരക്കാരന്/കൗമാരക്കാരിക്ക് പോലും തന്നെക്കുറിച്ച് ഉള്ളില്‍ പതുങ്ങിയിരിക്കുന്ന സംശയങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ സഹപാഠികളുമായി മത്സരിക്കുകയും താരതമ്യപ്പെടുത്തുകയും ചെയ്യുക എന്നത് പുറമേയ്ക്ക്  വളരെ ബാലിശമായി കാണപ്പെട്ടേക്കാമെങ്കിലും ഒഴിവാക്കാനാകാത്തതായിരിക്കും, കാരണം മറ്റുള്ളവരുമായുള്ള ബന്ധങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ എവിടെ നില്‍ക്കുന്നു എന്ന് കാണുന്നതിനുള്ള സാധാരണമായ മാര്‍ഗമാണിത്. ഈ അളവുകോലില്‍ നിങ്ങള്‍ നിങ്ങളെ എവിടെയാണ് അടയാളപ്പെടുത്തുന്നത് എന്നതിന്‍റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് വിജയമോ പരാജയമോ അനുഭവപ്പെടും.
ആത്മവിശ്വാസം അനുഭവപ്പെടുന്നതിന് നേട്ടങ്ങളെക്കുറിച്ചുള്ള ധാരണ ഉണ്ടായിരിക്കണം, നിങ്ങള്‍ക്കും നിങ്ങളുടെ ജീവിതത്തിനും അര്‍ത്ഥമുണ്ടെന്ന വിശ്വാസം. മാനസിക സൗഖ്യം എന്നാല്‍ ഇതാണ്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചചെയ്താല്‍ ഉത്കണ്ഠ, വിഷാദം പോലുള്ള പ്രതികൂല വികാരങ്ങള്‍ മൂലം നിങ്ങള്‍  തളരും, ഇതുമൂലം ഒരു ജീവിത സ്തംഭനം പോലും ഉണ്ടായേക്കും. 

ഒരു കാര്യം വളരെ പ്രധാനപ്പെട്ടതാണ്- ശാരീരിക ആരോഗ്യം സംരക്ഷിക്കുന്നതുപോലെ തന്നെ മാനസികാരോഗ്യവും സംരക്ഷിക്കണം, അക്കാര്യം അല്‍പം പോലും അവഗണിക്കരുത്. കാര്യങ്ങള്‍ തെറ്റിപ്പോകുമ്പോള്‍ - ചിലപ്പോള്‍ അതങ്ങനെയാകും- നിങ്ങളുടെ മാതാപിതാക്കളോട് സംസാരിക്കുക എന്നത് വളരെ ആവശ്യമായ കാര്യമാണ്, വാസ്തവത്തില്‍, നിങ്ങള്‍ നിങ്ങളുടെ മാതാപിതാക്കളുമായി സ്നേഹപൂര്‍ണമായ, വിശ്വസ്തമായ ഒരു ആത്മബന്ധം പങ്കുവെയ്ക്കുന്നു എങ്കില്‍ അതാണ് ഏറ്റവും മികച്ച കാര്യം. അവര്‍  നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളെ എപ്പോഴും അംഗീകരിക്കുന്നില്ലെങ്കിലും നിങ്ങളുടെ നന്മ തന്നെയാണ് അവര്‍ ആഗ്രഹിക്കുന്നത്.എന്തെങ്കിലും കാരണവശാല്‍ നിങ്ങള്‍ക്ക് ഇതിന് കഴിയുന്നില്ലായെങ്കില്‍ നിങ്ങള്‍ക്ക് വിശ്വാസമുള്ള ഒരു മുതിര്‍ന്നയാളെ അല്ലെങ്കില്‍ മാനസികാരോഗ്യ വിദഗ്ധനെ സമീപിക്കാവുന്നതാണ്.

കൗമാരപ്രായത്തിലുള്ള (ടീനേജര്‍) ഒരു പെണ്‍കുട്ടി അവളുടെ ജീവിതത്തെകുറിച്ച് പറഞ്ഞ ചില കാര്യങ്ങള്‍ ഞാനിവിടെ പങ്കുവെയ്ക്കാം : 

ഒരു ടീനേജറായിരിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മുതിര്‍ന്നവര്‍ ഒരു ദയയും ഇല്ലാതെ നിങ്ങളില്‍ നിന്ന് പലതും പ്രതീക്ഷിച്ചുകൊണ്ടിരിക്കും. അതുപോലെ തന്നെ കിടമത്സരത്തിലേര്‍പ്പെടുന്നതിനായി ഉന്നതമായ നേട്ടങ്ങള്‍ കൈവരിക്കുന്ന കുട്ടികളെ മാതൃകയായി, ഉദാഹരണമായി ചൂണ്ടികാണിച്ചുകൊണ്ടിരിക്കും.
അവിശ്വസനീയമാം വിധം ലളിതവത്ക്കരിക്കപ്പെട്ട മാനദണ്ഡങ്ങള്‍ കൊണ്ട് നിങ്ങളുടെ മൂല്യം അളക്കാന്‍ കഴിയും എന്നപോലെയാണ് ആളുകള്‍ പെരുമാറുന്നത്. ചിലരൊക്കെ ഈ സമ്മര്‍ദ്ദത്തിന് അടിയില്‍പെട്ട് തകരാന്‍ ഇടയുണ്ട്

മറ്റുള്ളവരുടെ കാര്യം പോട്ടെ, നിങ്ങളുടെ തലയ്ക്കുള്ളില്‍ തന്നെ വലിയ  സമ്മര്‍ദ്ദം ഉണ്ടാക്കുന്ന കാലമാണിത്. നിങ്ങള്‍ സ്ഥിരമായി നിങ്ങളെ മറ്റൊരാളുമായി താരതമ്യം ചെയ്യുന്നുണ്ടോ? നിങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്ന ഓരോ മേഖലയിലും അപ്രമാദിത്വമുള്ള ഒരു എതിരാളിയെ കണ്ടുമുട്ടുകയും നിങ്ങള്‍ ഒന്നിനും കൊള്ളാത്തവരാണെന്ന് തോന്നുകയും ചെയ്യുന്നുണ്ടോ? ഞാന്‍ ചിലപ്പോഴൊക്കെ അങ്ങനെ ചെയ്തിട്ടുണ്ട്, അത് ശരിക്കും നമ്മളെ തളര്‍ത്തിക്കളയുന്ന കാര്യമാണ്. സത്യം പറഞ്ഞാല്‍, ആരെന്ത് പറഞ്ഞാലും എനിക്കിത് നിര്‍ത്താന്‍ കഴിയുന്നില്ല.

നിങ്ങളുടെ ജീവിതം കൊണ്ട് നിങ്ങള്‍ക്ക് എന്താണ് ചെയ്യേണ്ടത്? പരാജയവും വിജയവും എന്നതുകൊണ്ട് നിങ്ങള്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? ഉറപ്പില്ലാത്ത ഈ കാര്യത്തെക്കുറിച്ചുള്ള നിങ്ങളുടെ സ്വന്തം ചിന്തയുമായി മുന്നോട്ട് പോകുക പ്രയാസമുള്ള കാര്യമാണ്, അത് നിങ്ങളുടെ മാതാപിതാക്കളുമായി ഏറ്റുമുട്ടുന്നുണ്ടെങ്കില്‍ പ്രത്യേകിച്ചും. 

പിന്നെ, ധാര്‍മികമായ ചിന്താക്കുഴപ്പങ്ങള്‍ ഉണ്ടാകുന്നു. സ്കൂളില്‍ ചെയ്യേണ്ട പ്രവര്‍ത്തികളുടെ ഭാരം കൂടുന്ന സമയത്ത് ഈ ധര്‍മ്മസങ്കടത്തിന്‍റെ എല്ലാ മണ്‍തിട്ടകളും നിങ്ങളില്‍ ഇടിക്കുന്നു. നിങ്ങള്‍ ഇതുമായി ഇണങ്ങുന്നില്ലായെങ്കില്‍ നിങ്ങള്‍ക്ക് ഏകാന്തതയും ഒറ്റപ്പെടലും അനുഭവപ്പെടുന്നു, കാരണം നിങ്ങള്‍ ധാര്‍മികമായി തെറ്റായ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. അല്ലെങ്കില്‍ വളരെ പരവശനാകുന്നു, കാരണം കൂട്ടുകാരില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലം നിങ്ങള്‍ക്ക് സ്കൂള്‍ ജീവിതം അസഹ്യമായിത്തീരുകയും കാര്യങ്ങള്‍ വഴുതിപ്പോകാന്‍ അനുവദിക്കുകയും ചെയ്യുന്നു. 

സാഹചര്യങ്ങളും ആളുകളും കറുപ്പ് അല്ലെങ്കില്‍ വെളുപ്പ് ആയിരിക്കില്ല, അവ ആശയക്കുഴപ്പം ഉണ്ടാക്കുന്നതരത്തില്‍ നരച്ച നിറത്തിലായിരിക്കും.എന്‍റെ വിശ്വാസ വ്യവസ്ഥ ഒരു ഇളകി മറിച്ചിലിന് വിധേയമായി. മുതിര്‍ന്നവര്‍ പറയുന്നതുപോലെ ചില കാര്യങ്ങള്‍ പൂര്‍ണമായും തെറ്റാണെന്നതിനെക്കുറിച്ച് എനിക്കിപ്പോഴും ഉറപ്പില്ല. അതുപോലെ തന്നെ എല്ലാകാര്യത്തിലും മുതിര്‍ന്നവര്‍ ശരിയാണെന്നും എനിക്ക് തോന്നുന്നില്ല.

ചിലപ്പോഴൊക്കെ എന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകാത്തതും മോഹാലസ്യപ്പെടുത്തുന്നത്ര വ്യാപ്തിയുള്ളതുമായി തോന്നും. ഒരു പക്ഷെ ഈ പ്രശ്നങ്ങള്‍ എന്‍റെ സ്വന്തം തലച്ചോറിനുള്ളില്‍ തുള്ളിത്തെറിക്കുകയും പ്രതിധ്വനിക്കുകയും ചെയ്യുന്നതുകൊണ്ട് എനിക്ക് ഇത്തരത്തില്‍ തോന്നുന്നതുമായേക്കാം. എന്നാല്‍ ചിലപ്പോള്‍ ഞാന്‍ അന്തിച്ച് പോകും- ഒരു കൗമാരക്കാരിയായിരിക്കുക എന്നാല്‍ ഇങ്ങനെയാണോ?

 ഇതൊരു പെണ്‍കുട്ടിയുടെ മാത്രം കഥയാണ്. എല്ലാം കൗമാരക്കാരും ജീവിതത്തെ അവന്‍റെ അല്ലെങ്കില്‍ അവളുടെ സ്വന്തം ലെന്‍സിലൂടെയാണ് നോക്കികാണുന്നതെന്നും ഓരോരുത്തര്‍ക്കും ഉത്തരങ്ങള്‍ ആവശ്യമുള്ള നിരവധി ചോദ്യങ്ങളുണ്ടായിരിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്.
അടുത്ത ഏതാനും ആഴ്ചകളില്‍ ഈ കോളം കൗമാരക്കാരുടെ മാനസിക സൗഖ്യത്തെ സംബന്ധിക്കുന്ന കാര്യങ്ങളെ ക്കുറിച്ച് പ്രതിപാദിക്കും. 

ഡോ. ശ്യാമള വാത്സ കഴിഞ്ഞ ഇരുപത് വര്‍ഷത്തിലധികമായി ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രാക്ടീസ് ചെയ്യുന്ന മനോരോഗ ചികിത്സകയാണ് (സൈക്യാട്രിസ്റ്റ്). യുവാക്കളെക്കുറിച്ചുള്ള ഡോ. ശ്യാമള വാത്സയുടെ ഈ കോളം രണ്ടാഴ്ചയില്‍  ഒരിക്കലാണ് പ്രസിദ്ധീകരിക്കപ്പെടുക. ഇതിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും എഴുതിയറിയിക്കേണ്ട വിലാസം- columns@whiteswanfoundation.org
White Swan Foundation
malayalam.whiteswanfoundation.org