ഗര്‍ഭകാലത്തെ  ഉറക്കത്തിന്‍റെ  പ്രശ്നങ്ങള്‍

ഗര്‍ഭകാലത്തെ ഉറക്കത്തിന്‍റെ പ്രശ്നങ്ങള്‍

ഗര്‍ഭസമയത്ത് ഹോര്‍മോണുകളിലും ശരീരത്തിലുമുണ്ടാവുന്ന മാറ്റങ്ങള്‍ ഗര്‍ഭിണിയുടെ ഉറക്കത്തിന്‍റെ ഗുണനിലവാരത്തെ ബാധിക്കുന്നതാണ്. മാസം ഏറുംതോറും ഉറക്കത്തിലെ അസ്വസ്ഥതകളുടെ സ്വഭാവവും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. ഗര്‍ഭകാലത്ത് ഉറക്കവുമായി ബന്ധപ്പെട്ട അസ്വസ്ഥതകളില്‍ ചിലത് ഇവയാണ്. 
  • .ഗര്‍ഭകാലത്തെ ശാരീരികവും, വൈകാരികവുമായ സമ്മര്‍ദ്ദങ്ങളുടെ ഭാഗമായുള്ള ഉറക്കം കെടലുകള്‍
  • പ്രോജസ്റ്ററോണിന്‍റെ അളവ് കൂടുന്നതുമൂലം ഇടക്കിടെ ശുചിമുറിയില്‍ പോകേണ്ടി വരുക
  • ഗര്‍ഭസ്ഥശിശുവിന്‍റെ വളര്‍ച്ചയുടെ ഭാഗമായി പൊതുവായുണ്ടാവുന്ന അസ്വസ്ഥതകളും, വേദനകളും
  • രാത്രിയിലെ ഉറക്കമില്ലായ്മ മൂലം പകല്‍നേരങ്ങളില്‍ കൂടുതലുറങ്ങുക
  • അധികഭാരം പേറുന്നതിന്‍റെയും, പൊതുവെയുള്ള ക്ഷീണത്തിന്‍റെയും ഫലമായി കാലുകള്‍ പേശികള്‍ ഉരുണ്ടുകയറുക. 
  • വായുകോപവും നെഞ്ചെരിച്ചിലും, പ്രത്യേകിച്ച് രാത്രിയില്‍ കിടക്കുന്ന നേരത്ത് 
  • ശരീരത്തിലെ രക്തചംക്രമണം കൂടുന്നതിനാല്‍ നാസികാസ്തരത്തിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിക്കുന്നു. ഇതു മൂലം അനുഭവപ്പെടുന്ന മൂക്കടപ്പ്
  • കാലുകള്‍ നിരന്തരം ഇളക്കികൊണ്ടിരിക്കുവാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ കാലുകളില്‍ അനുഭവപ്പെടുന്ന, റെസ്റ്റ്ലെസ് ലെഗ് സിന്‍ഡ്രോം എന്നറിയപ്പെടുന്ന ഒരുതരം ഇക്കിളിപ്പെടല്‍. 
  • മൂക്കടപ്പിന്‍റെ ഫലമായുണ്ടാവുന്ന കൂര്‍ക്കം വലിയും, ഉറക്കത്തില്‍ അനുഭവപ്പെടുന്ന ശ്വാസതടസ്സവും
  • ഉത്ക്കണ്ഠയുടെ ഫലമായുള്ള ഉറക്കമില്ലായ്മ
ഉറക്കം മെച്ചപ്പെടുത്തുവാന്‍ എന്താണ് ചെയ്യേണ്ടത്
ഉറക്കം തീരെ ഇല്ലാതാവുന്ന സ്ഥിതിയിലും, ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്ന ങ്ങള്‍ വല്ലാതെ അലട്ടുന്ന സാഹചര്യത്തിലും അക്കാര്യം ഡോക്ടറുമായി സംസാരിക്കണം. ഉറങ്ങാന്‍ സഹായിക്കുന്ന ചില മാര്‍ഗങ്ങള്‍ ഇവയാണ്. 
  • .വ്യായാമം നല്ല ഉറക്കം കിട്ടുന്നതിന് ഏറെ സഹായകമാണ്. എന്നാല്‍ കിടക്കുന്നതിന് തൊട്ടുമുമ്പ് വ്യായാമം നല്ലതല്ല
  • കഫീന്‍ അടങ്ങിയ കാപ്പി പോലുളള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാതിരിക്കുക
  • ഊര്‍ജ്ജത്തിന്‍റെ തോത് ഉയര്‍ത്തുന്നതിനാല്‍ രാത്രി പഞ്ചസാര ഉപയോഗിക്കുന്നത് ഒഴിവാക്കുക
  • ഉറങ്ങുന്നതിന് മുമ്പ് അല്‍പ്പനേരം ശാന്തമായും സ്വസ്ഥമായും ഇരിക്കുക. ചൂട് വെള്ളത്തില്‍ ഒരു കുളി, മൃദുവായ സംഗീതം അങ്ങനെ നമ്മെ ആയാസരഹിതമാക്കുവാന്‍ സഹായിക്കുന്ന ഏതെങ്കിലും ആവാം.
  • പകല്‍ നേരത്ത് ധാരാളം പാനീയങ്ങള്‍ കഴിക്കുക. രാത്രി കിടക്കുന്നതിന് മുമ്പ് പാനീയങ്ങള്‍ കഴിക്കാതിരിക്കുക 
  • പകലുറങ്ങുകയാണെങ്കില്‍ അത് കഴിയുന്നതും നേരത്തെയാക്കുക. 
  • രാത്രി ഉറങ്ങുന്നതിന് മുമ്പ് ലഘുവായി എന്തെങ്കിലും കഴിക്കുകയാണെങ്കില്‍ ഉറക്കത്തിന്‍റെ മൂര്‍ദ്ധന്യത്തില്‍ വിശപ്പ് കൊണ്ടുണരുന്നത് ഒഴിവാക്കാം. 
  • നടുവേദനയും, അടിവയറ്റിലെ വേദനയും കുറക്കുന്നതിന് കൂടുതല്‍ തലയിണകള്‍ സഹായകമാണ്
നിങ്ങള്‍ അനുഭവിക്കുന്ന എല്ലാ ബുദ്ധിമുട്ടുകളും ഡോക്ടറുമായി പങ്കുവക്കേണ്ടതാണ്. ഡോക്ടറുടെ ഉപദേശമില്ലാതെ ഒരു മരുന്നും കഴിക്കരുത്.                   

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org