മാനസിക തകരാറുകള്‍

കഴിഞ്ഞ 100 വര്‍ഷമായി മനോരോഗ ഗവേഷണ, ചികിത്സാ രംഗങ്ങളില്‍ ശ്രദ്ധയേമായ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. ചികിത്സയും പ്രത്യേക ശ്രദ്ധയും ആവശ്യമായ വിവിധ മാനസികാരോഗ്യാവസ്ഥകളെക്കുറിച്ച് മനസിലാക്കുന്നതിനായി നൂറുകണക്കിന് ഗവേഷണങ്ങളും പെരുമാറ്റ സംബന്ധമായ പഠനങ്ങളും മറ്റുമാണ് ഈ മേഖലയില്‍ നടന്നിട്ടുള്ളത്. ഒരു വ്യക്തി പ്രകടിപ്പിക്കുന്ന വിവിധ ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍  ആ വ്യക്തിക്ക് ഒരു പ്രത്യേക തരം തകരാറുള്ളതായി കണ്ടെത്താന്‍ ഒരു ചികിത്സാ വിദഗ്ധന് സാധിക്കും. അതുപോലെ തന്നെ തലച്ചോറിലെ ഏതേതു ഭാഗങ്ങളാണ്  ഓരോരോ തകരാറിനും ഉത്തരവാദിയെന്നതിനെക്കുറിച്ചും ഇപ്പോള്‍ നമുക്ക് അറിവുണ്ട്.
 
ആഗോള തലത്തില്‍ മാനസികാരോഗ്യ തകരാറുകളെ തിരിച്ചറിയുകയും വിവിധ വിഭാഗങ്ങളായി തിരിക്കുകയും ചെയ്യുന്നതിന് പ്രധാനമായും രണ്ട് സംവിധാനങ്ങളാണ് ഉള്ളത്- ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ചിട്ടുള്ള രോഗങ്ങളുടെ അന്താരാഷ്ട്ര വിഭാഗീകരണം അഥവാ ഇന്‍റര്‍നാഷണല്‍ ക്ലാസിഫിക്കേഷന്‍ ഓഫ് ഡിസീസിന്‍റെ അദ്ധ്യായം ഢ, അമേരിക്കന്‍ സൈക്യാട്രിക് അസോസിയേഷന്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മാനസികാരോഗ്യങ്ങള്‍ കണ്ടെത്തുന്നതിനും സ്ഥിതിവിവരക്കണക്കുകള്‍ ഉണ്ടാക്കുന്നതിനുമുള്ള മാനദണ്ഡങ്ങള്‍ അഥവാ ഡയഗ്നോസ്റ്റിക് ആന്‍റ് സ്റ്റാറ്റിസ്റ്റിക്കല്‍ മാന്വല്‍ ഓഫ് മെന്‍റല്‍ ഡിസോര്‍ഡേര്‍സ് (ഡിഎസ്എം-5) എന്നിവയാണ് അത്. ഇതിനകം സവിശേഷമായ 250 ല്‍ അധികം മാനസികാരോഗ്യ തകരാറുകള്‍ തിരിച്ചറിയുകയും അവയ്ക്ക് പേരുനല്‍കപ്പെടുകയും ചെയ്തിട്ടുണ്ട്. 
 
മാനസികവും നാഡീ വളര്‍ച്ചാ സംബന്ധവുമായ തകരാറുകളെക്കുറിച്ച് മനസിലാക്കാന്‍ നിങ്ങളെ സഹായിക്കുന്നതിനായി ഈ വിഭാഗത്തെ മൂന്നു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇതില്‍ 'പൊതുവായുള്ള തകരാറുകള്‍' എന്ന വിഭാഗത്തില്‍ വിഷാദരോഗവുമായി ബന്ധപ്പെട്ട തകരാറുകളും ഉത്കണ്ഠാരോഗവുമായി ബന്ധപ്പെട്ട തകരാറുകളും കാണാം. 'ജീവിത ഘട്ടങ്ങളിലെ തകരാറുകള്‍' എന്ന വിഭാഗത്തിനു കീഴില്‍ കുട്ടിക്കാലത്തെ തകരാറുകള്‍, വാര്‍ദ്ധക്യകാല തകരാറുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകും. അതുപോലെ തന്നെ സ്കിസോഫ്രീനിയ, ഹ്രസ്വകാല മാനസിക തകരാറുകള്‍ എന്നിവ പോലുള്ള മറ്റ് തകരാറുളുടെ വിവരങ്ങള്‍ 'മറ്റ് തകരാറുകള്‍' എന്ന വിഭാഗത്തിന് കീഴില്‍ കാണാവുന്നതാണ്.
 
ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ 'വൈറ്റ് സ്വാന്‍' സംഘം  സമഗ്രമായ ഗവേഷണങ്ങള്‍ക്കും ഓരോരോ വിഷയവുമായി ബന്ധപ്പെട്ട വിദഗ്ധരുമായുള്ള അഭിമുഖ സംഭാഷണങ്ങള്‍ക്കും ശേഷം തയ്യാറാക്കിയിട്ടുള്ളതാണ്. മാനസിക തകരാറുകളെക്കുറിച്ചുള്ള നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ലളിതമായ രീതിയില്‍ ഉത്തരം ലഭ്യമാക്കാനും പുതിയ വിവരങ്ങള്‍ എത്തിക്കാനുമുള്ള ഒരു ശ്രമമാണിത്. മാനസിക തകരാറുകളെക്കുറിച്ചുള്ള വൈദ്യശാസ്ത്രപരമായ വിശദീകരണങ്ങള്‍ വ്യക്തിപരമായ സംഭവകഥകളും, വിവിധ രോഗികളേയും അവരുടെ രോഗങ്ങളേയും അവസ്ഥകളേയും കുറിച്ചുള്ള പഠനങ്ങളും, വിദഗ്ധരുടെ ലേഖനങ്ങളും കൊണ്ട് കൂടുതല്‍ വിശദമാക്കുകയും നിങ്ങള്‍ക്ക് വായിച്ച് മനസിലാക്കാന്‍ കൂടുതല്‍ എളുപ്പമാക്കുകയും ചെയ്തിരിക്കുന്നു.
 
ഈ പോര്‍ട്ടലിലൂടെ കടന്നു പോകുമ്പോള്‍ പ്രത്യേകം ഓര്‍ക്കേണ്ട ഒരു കാര്യം, ഇത് നിങ്ങളെ സ്വയം രോഗനിര്‍ണയം നടത്തുന്നതിന് സഹായിക്കുക എന്ന ലക്ഷ്യം വെച്ചുള്ളതല്ല, മറിച്ച് മാനസികാരോഗ്യ പ്രശ്നങ്ങളേയും അവയുടെ വ്യാപ്തിയേയും പ്രാധാന്യത്തേയും കുറിച്ച് നിങ്ങള്‍ക്ക് അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്. ഏതൊരു ശാരീര രോഗത്തിന്‍റേയും കാര്യത്തിലെന്ന പോലെ തന്നെ പ്രാംരംഭത്തിലേ കണ്ടെത്തുകയും ആവശ്യമായ ഇടപെടലുകള്‍ നടത്തുകയും ചെയ്യുക എന്നത് മാനസിക രോഗങ്ങളുടെ കാര്യത്തിലും ചികിത്സയ്ക്ക് വളരെയധികം സഹായകരമാകും. 
 
ഈ പോര്‍ട്ടലിലെ 'മാനസികാരോഗ്യത്തെ മനസിലാക്കല്‍' എന്ന സെക്ഷന്‍ സന്ദര്‍ശിക്കുകയും ഇക്കാര്യത്തില്‍ നിങ്ങളെ സഹായിക്കാന്‍ മാനസികാരോഗ്യ വിദഗ്ധര്‍ക്ക് എന്ത് പങ്ക് വഹിക്കാനാകും എന്ന് മനസിലാക്കുകയും ചെയ്യുക. അതിലൂടെ ഇക്കാര്യത്തില്‍ ആവശ്യമായ സഹായം കണ്ടെത്തുന്നതിന് ഈ വിവരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ നിങ്ങള്‍ക്ക് സാധിക്കും.