ഡോ. അനില്‍ പാട്ടീല്‍

പരിചരിക്കാനുള്ള ശ്രദ്ധ

സഹായക സംഘങ്ങള്‍ക്ക് പരിചരിക്കുന്നവരുടെ ക്ലേശം ലഘൂകരിക്കാന്‍ കഴിയും - ഡോ. അനില്‍ പാട്ടീല്‍

എന്‍റെ മുന്‍ ലേഖനത്തില്‍ പരിചരിക്കുന്നവര്‍ നേരിടുന്ന ദുരിതങ്ങളും അവയുടെ ഫലമായി പരിചരിക്കുന്നവരുടെ ജീവിതത്തിനുണ്ടാകുന്ന ആഘാതവും തിരിച്ചറിയേണ്ടതിന്‍റെ പ്രാധാന്യവും നമ്മള്‍ പരിശോധിച്ചിരുന്നു. അവരുടെ പ്രശ്നങ്ങള്‍ തിരിച്ചറിയുകയും തക്കസമയത്ത് പിന്തുണ കൊടുക്കുകയും ചെയ്യുന്നതുകൊണ്ട്  അവരുടെ സൗഖ്യവും പരിചരിക്കാനുള്ള കഴിവും  മെച്ചപ്പെടുകമാത്രമല്ല അതിനോടൊപ്പം തന്നെ വൈകാരികമായ ഞെരുക്കവും മാനസിക സമ്മര്‍ദ്ദങ്ങളും മാനസികാരോഗ്യത്തെ പൂര്‍ണമായും മോശമാക്കുന്ന അവസ്ഥയിലേക്ക് വളരുന്നതില്‍ നിന്ന് തടയുകയും ചെയ്യും.

വീടിനടുത്ത് കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും നല്‍കുന്ന പിന്തുണയാണ് ഏറ്റവും നല്ലത്. നിങ്ങള്‍ക്ക് അറിയാവുന്ന പരിചരിക്കുന്നയാളെ ആരോഗ്യത്തോടിരിക്കാന്‍ സഹായിക്കുന്നത് അവരുടെ മാനസികവും ശാരീരികവുമായ സൗഖ്യത്തെ സംരക്ഷിക്കും. അവര്‍ ആരോഗ്യകരമായ തരത്തില്‍ ഭക്ഷണം കഴിക്കുന്നുണ്ടെന്നും വേണ്ടത്ര ഉറങ്ങുന്നുണ്ടെന്നും ഉറപ്പുവരുത്തുക. ചിലപ്പോള്‍ അവര്‍ക്ക് ഉച്ചഭക്ഷണം കൊണ്ടുപോയി കൊടുക്കാന്‍, അവര്‍ക്കൊപ്പം ഊണ് കഴിക്കാന്‍, അല്ലെങ്കില്‍ നിങ്ങള്‍ നട്ടുവളര്‍ത്തിയതോ വാങ്ങിയതോ ആയ കുറച്ച് നല്ല പച്ചക്കറികള്‍ അവരുമായി പങ്കുവെയ്ക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഉറക്കക്കുറവ് മാനസിക സമ്മര്‍ദ്ദവും വിഷാദവും വര്‍ദ്ധിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ്.അവരുടെ ഉറക്കം പതിവായി തടസ്സപ്പെടുന്നു എങ്കില്‍  വേണ്ടത്ര ഉറക്കം ഉണ്ടാക്കിയെടുക്കുന്നതിനുള്ള പോംവഴികള്‍ കണ്ടെത്താന്‍ അവരെ സഹായിക്കുക- ആഴ്ചയില്‍ ഒരു ദിവസം ഒരു രാത്രി തനിക്ക് പകരം പരിചരണം ഏറ്റെടുക്കുന്നതിന് അവര്‍ക്ക് ആരെയെങ്കിലും കിട്ടുമോ, അല്ലെങ്കില്‍ അവര്‍ക്ക് പകല്‍ സമയത്ത് ഒന്നു മയങ്ങുന്നതിന് അവസരം ഉണ്ടാക്കികൊടുക്കാനാകുമോ എന്ന് നോക്കുക. പതിവായുള്ള വ്യായാമം മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ്. അവര്‍ക്ക് ഒരു യോഗ ക്ലാസിന് പോകുന്നതിനോ, അല്ലെങ്കില്‍ നടക്കാന്‍ പോകുന്നതിനോ വേണ്ടി നിങ്ങള്‍ അല്‍പനേരം അവര്‍ പരിചരിക്കുന്നയാളുടെ അടുത്തിരിക്കാമെന്ന്  പറയുക. തനിച്ച് പുറത്തുപോകുക എന്നത് അവര്‍ക്ക് പ്രയാസമുള്ള കാര്യമായി തോന്നുന്നു എങ്കില്‍ അവര്‍ക്കൊപ്പം ചേരുക. ഇതും അവരുമായി സംസാരിക്കുന്നതിന് നിങ്ങള്‍ക്ക് അവസരം തരുകയും അവര്‍ക്ക് അവരുടെ ഉത്കണ്ഠകളും വേവലാതികളും നിങ്ങളുമായി പങ്കുവെയ്ക്കാന്‍ അവസരം നല്‍കുകയും ചെയ്യും. അതല്ലെങ്കില്‍ പരിചരിക്കലുമായി തീരെ ബന്ധമില്ലാത്ത മറ്റ് വിഷയങ്ങള്‍ സംസാരിക്കാന്‍ ഇതിലൂടെ അവസരം കിട്ടിയേക്കും, ഇത് പരിചരിക്കലുമായി  ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പങ്കുവെയ്ക്കുക എന്നതുപോലെ തന്നെയുള്ളയും വളരെ പ്രധാനപ്പെട്ടതുമായ കാര്യമാണ്. ഈ തലത്തിലുള്ള പിന്തുണ കൂടാതെ, പരിചരിക്കുന്നവര്‍ക്ക് തങ്ങളുടെ പൊതുവായ അനുഭവങ്ങള്‍ പങ്കുവെയ്ക്കാനും പര്സപര പിന്തുണ നേടാനും സാധിക്കുന്ന മറ്റ് പരിചരിക്കുന്നവരുമായി സമ്പര്‍ക്കപ്പെടുന്നതിലൂടേയും പരിചരിക്കുന്നവര്‍ക്ക് തങ്ങളുടെ മാനസികാരോഗ്യത്തിന് പിന്തുണ നേടാവുന്നതാണ്.

 
കഴിഞ്ഞ രണ്ട് വര്‍ഷമായി കെയറേഴ്സ് വേള്‍ഡ്വൈഡ് ഞങ്ങളുടെ പങ്കാളികളുമായി ചേര്‍ന്ന്  പരിചരിക്കുന്നവരെ, പരിചരിക്കുന്നവര്‍ക്ക് പിന്തുണ കൊടുക്കുന്നതിനുള്ള ഗ്രൂപ്പുകളില്‍ ഒത്തൊരുമിപ്പിക്കുന്നതിന് വേണ്ടി ഇന്ത്യയിലെമ്പാടും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. പ്രാദേശികമായ ആവശ്യങ്ങള്‍, ഭൂമിശാസ്ത്രം, പരിചരിക്കുന്നവരുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്നു. ചിലവ ഗ്രാമീണ തലത്തില്‍ സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു, ഇവ ഓരോ രണ്ടാഴ്ചയിലും  മറ്റുള്ളവ മാസത്തിലൊരിക്കലും ഒത്തുകൂടുന്നു. ഈ ഗ്രൂപ്പുകള്‍ക്ക് ഞങ്ങളുടെ പങ്കാളിത്ത സ്ഥാപനങ്ങളില്‍- നിരവധി വര്‍ഷങ്ങളായി വൈകല്യങ്ങള്‍ അല്ലെങ്കില്‍ മാനസികരോഗം ഉള്ള ആളുകള്‍ക്കായി നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക സര്‍ക്കാരേതര സംഘടനകള്‍- നിന്നുള്ള പരിചയ സമ്പന്നരായ സാമൂഹ്യ പ്രവര്‍ത്തകരുടെ സേവനം ലഭ്യമാകുന്നു. കെയറേഴ്സ് വേള്‍ഡ്വൈഡിന്‍റെ പങ്കാളിയാകുകയും  ശേഷി വര്‍ദ്ധിപ്പിക്കല്‍ പരിശീലനത്തില്‍ പങ്കെടുക്കുകയും ചെയ്യുന്നതിലൂടെ ഈ സന്നദ്ധ സംഘടനകള്‍ പരിചരിക്കുന്നവരുടെ നിര്‍ണായകമായ പ്രാധാന്യം തിരിച്ചറിയുകയും രോഗിയുടേയതിനോടൊപ്പം അവരുടെ ആവശ്യങ്ങളും കാര്യക്ഷമമായി കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് മനസിലാക്കുകയും ചെയ്തിരിക്കുന്നു. 


പരിചരിക്കുന്ന നിരവധി പേര്‍ക്ക് ഈ പരിചരിക്കുന്നവര്‍ക്കുള്ള ഗ്രൂപ്പുകളില്‍ പങ്കെടുക്കന്നതിലൂടെ ഒരു പുതുജീവന്‍ ലഭിക്കുകയും പരിചരിക്കുക എന്ന ഉത്തരവാദിത്തം ഏറ്റെടുത്തുതിന് ശേഷം ആദ്യമായി വീടിന് പുറത്തിറങ്ങി മറ്റുള്ളവരുമായി സമ്പര്‍ക്കപ്പെടാന്‍ അവസരം ലഭിക്കുകയും ചെയ്യുന്നു. ഒരു ഗ്രൂപ്പ് ഒത്തുകൂടുന്ന ആദ്യത്തെ ചില അവസരങ്ങള്‍ വളരെ വികാരഭരിതമായേക്കാം. അതുവരെ അടക്കിവെച്ചിരുന്ന വികാരങ്ങള്‍ പരിചരിക്കുന്നവര്‍ ഇവിടെ പ്രകടിപ്പിക്കുന്നു.പരിചരണം ലഭിക്കുന്ന വ്യക്തിയില്‍ എല്ലാ ശ്രദ്ധയും കേന്ദ്രീകരിക്കപ്പെടുന്നതാണ് അവര്‍ക്ക് പരിചിതമായ അനുഭവം. അവരുടെ സ്വന്തം ക്ഷേമത്തേക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചും ഉള്ള അന്വേഷണം അവര്‍ക്ക് നല്‍കുന്ന ആശ്വാസം അവരെ കീഴടക്കിക്കളയും. ഇവിടെ വരുന്ന പരിചരിക്കുന്നവര്‍ക്കെല്ലാം ഈ സംഘങ്ങളോട് നൂറുശതമാനം പ്രതിബദ്ധതയുണ്ട്. വൈകാരിക പിന്തുണയില്‍ നിന്നും സൗഹൃദത്തില്‍ നിന്നും അവര്‍ക്ക് വിലയേറിയ നേട്ടങ്ങള്‍ ഉണ്ടാകുന്നു. തങ്ങള്‍ തനിച്ചല്ലെന്ന് അവര്‍ക്ക് മനസിലാകുന്നു. ഇതവരുടെ ആത്മവിശ്വാസവും ആത്മാഭിമാനവും വര്‍ദ്ധിപ്പിക്കുകയും ശാക്തീകരണത്തിന്‍റെ പ്രക്രിയയ്ക്ക് തുടക്കം കുറിക്കുകയും ചെയ്യുന്നു.


പരിചരിക്കുന്നവരുടെ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങളും അവയുടെ ഫലവും ഞങ്ങള്‍ തുടക്കത്തില്‍ വിഭാവനം ചെയ്തതിലും ആഗ്രഹിച്ചതിലും അപ്പുറം പോയിട്ടുണ്ട്. വടക്കന്‍ കര്‍ണാടകയിലെ ഒരു കൂട്ടം ഗ്രാമങ്ങളില്‍ ഈ സംഘാംഗങ്ങള്‍ ഒത്തുകൂടുന്നതിന് പുറമേ പെട്ടെന്നുള്ള പിന്തുണ ലഭ്യമാക്കുന്നതിനായി സ്വന്തമായി അനൗപചാരികമായ, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പരസ്പരം  ബന്ധപ്പെടുന്നതിനുള്ള സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. ഒരംഗം മീറ്റിംഗിന് വന്നില്ലെങ്കില്‍ മറ്റ് അംഗങ്ങള്‍ ഉടനേ അവരെ വിളിക്കുകയും എന്താണ് വരാത്തതെന്ന് അന്വേഷിക്കുകയും ചെയ്യും. എന്നിട്ടവര്‍ പിന്തുണ ഉറപ്പാക്കുന്നതിന് വേണ്ടത് ചെയ്യുകയും വരാത്തയാള്‍ അനുഭവിക്കുന്ന പ്രശ്നമോ അടിയന്തിര സാഹചര്യമോ തരണം ചെയ്യാന്‍ സഹായിക്കുകയും ചെയ്യും. എന്തെങ്കിലും പറയാനോ ഉപദേശം തേടാനോ ഉണ്ടെങ്കില്‍ ഇവര്‍ പരസ്പരം ഫോണില്‍ ബന്ധപ്പെടുന്നു. ഏതെങ്കിലും ഒരംഗത്തിന് പ്രത്യേക ആവശ്യമോ അപേക്ഷയോ ഉണ്ടെങ്കില്‍ അംഗങ്ങള്‍ ഒത്തുചേര്‍ന്ന്  അവരെ സഹായിക്കാന്‍ ശ്രമിക്കുകയോ പങ്കാളിയായ സംഘടനയില്‍ നിന്ന് ഉപദേശം തേടുകയോ ചെയ്യും. പരിചരണത്തില്‍ നിന്ന് ഒരു വിശ്രമമോ ഇടവേളയോ പരസ്പരം നല്‍കുന്ന തരത്തിലും ഇവര്‍ തമ്മില്‍ തമ്മില്‍ സഹായിക്കാറുണ്ട്. ഝാര്‍ഖണ്ഡിലെ ഞങ്ങളുടെ പദ്ധതി പ്രദേശത്തെ ഒരു സംഘാംഗമായ തിലോതമ മറ്റംഗങ്ങള്‍ക്ക്  കുറച്ചു നേരത്തേക്ക് മാര്‍ക്കറ്റില്‍ പോകുന്നതിനായി അവരുടെ ആശ്രിതരെ പരിചരിക്കാറുണ്ട്. ഈ ജോലി അല്ലെങ്കില്‍ അവര്‍ക്ക് വെല്ലുവിളിയായേനെ. ഞങ്ങള്‍ ഈയിടെ സഹായക ഗ്രൂപ്പുകളില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ പരിചരിക്കുന്നവരില്‍ 100 ശതമാനവും പറഞ്ഞത് ഗ്രൂപ്പില്‍ ചേര്‍ന്ന ശേഷം അവരുടെ മാനസിക സൗഖ്യം മെപ്പെട്ടു എന്നാണ്. 


ഞങ്ങളുടെ അനുഭവത്തില്‍ നിന്ന് മനസിലാകുന്നത് ഗണ്യമായ സമ്മര്‍ദ്ദം അനുഭവിക്കുകയോ വിഷാദരോഗമോ ഉത്കണ്ഠാ രോഗമോ പിടിപെടുകയോ ചെയ്തിട്ടുള്ള പരിചരിക്കുന്നവര്‍ക്ക് കൗണ്‍സലിംഗ് വിദഗ്ധരുടെ സേവനം പ്രധാനമായിരിക്കും എന്നാണ്. അപമാനഭീതി കൂടാതെ ഇത് ലഭ്യമാക്കണം.പരിചരിക്കുന്നവരോടൊപ്പം  ഇരുന്ന് അവരുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സന്നദ്ധരായ കൗണ്‍സിലര്‍മാരെ കണ്ടെത്താന്‍ പരിചരിക്കുന്നവര്‍ക്ക് പിന്തുണ നല്‍കണം. 


പരിചരിക്കുന്നവര്‍ക്ക് സമൂഹത്തിലുള്ള പങ്ക് പരമപ്രധാനമാണ്. പരിചരണവുമായി ബന്ധപ്പെട്ടുള്ള ക്ലേശം നമ്മള്‍ തിരിച്ചറിയുകയും പരിചരിക്കുന്നവര്‍ക്ക് ആവശ്യമായ മാനസികവും വൈകാരികവുമായ പിന്തുണ നല്‍കുകയും വേണം. ഗുരുതരമായ പേശീക്ഷയം ബാധിച്ച മൂന്നു കുട്ടികളെ പരിചരിക്കുന്നയാളും ഞങ്ങളുടെ ഒരു സംഘത്തില്‍ അംഗവുമായ റഷീദാ ബീഗം പറയുന്നത് ഇങ്ങനെയാണ്; "ജീവിതം ഇപ്പോഴും ക്ലേശകരമാണ്. എന്‍റെ പ്രശ്നങ്ങള്‍ എല്ലാം ഇപ്പോഴും ഉണ്ട്. എങ്കിലും ഇപ്പോളെനിക്ക് ഒരു പിടിവള്ളി കിട്ടിയിട്ടുണ്ട്. എനിക്ക് ഭാവിയെ നേരിടാന്‍ കഴിയും". 


അടുത്ത ലേഖനത്തില്‍ പരിചരിക്കുന്നവര്‍ക്ക് ചെറിയ ഇടവേള കിട്ടേണ്ടതിന്‍റെ ആവശ്യത്തെക്കുറിച്ചും സമൂഹത്തില്‍ ബദല്‍ പരിചരണ മാര്‍ഗങ്ങള്‍ സ്ഥാപിക്കാവുന്ന വഴികളെക്കുറിച്ചും പറയുന്നു.