സ്‌നേഹിച്ചിരുന്ന ഒരാൾ ആത്മഹത്യ മൂലം നഷ്ടപ്പെട്ടു പോയ ഒരു വ്യക്തിയോട് സംസാരിക്കേണ്ടത് എങ്ങിനെയാണ്?

ആത്മഹത്യ മൂലം മരണപ്പെട്ട ഒരു വ്യക്തിയുടെ കുടുംബാംഗവുമായോ സുഹൃത്തുമായോ ഒരു പിന്തുണയ്ക്കുന്ന സംഭാഷണം നടത്തേണ്ടത് എങ്ങനെയാണ്

ആത്മഹത്യ മൂലം വന്നു പെട്ട വിയോഗദുഃഖമോ നിരാശ്രയത്വമോ അനുഭവിക്കുന്ന ആരെയെങ്കിലും നിങ്ങൾ കാണാൻ ഇടയാകുന്നു എങ്കിൽ, എന്താണു പറയേണ്ടത് എന്നതു സംബന്ധിച്ച് നിങ്ങൾക്ക് ആശയക്കുഴപ്പവും ആഘാതവും ഉത്കണ്ഠയും അനുഭവപ്പെടുന്നുണ്ടാകും.  അതിജീവിച്ച വ്യക്തിക്ക് കേൾക്കുമ്പോൾ എന്താണ് പിന്തുണയ്ക്കുന്നതായി തോന്നുന്നത് എന്നതിനെ കുറിച്ച് ഒരു ധാരണയുണ്ടാകുന്നത് ഈ സംഭാഷണം നടത്തുന്നതിന് നിങ്ങൾക്ക് സഹായകമായി ഭവിച്ചേക്കാം. 

  • വെറുതെ കേൾക്കുക. ആത്മഹത്യ മൂലം അനാഥത്വം സംഭവിച്ച വ്യക്തി, നിങ്ങൾ ആ വ്യക്തിയെ കേൾക്കുന്നതിനായിരിക്കും ആഗ്രഹിക്കുക. അവർ കടന്നു പോകുന്ന അവസ്ഥയെ കുറിച്ചോ അതല്ലെങ്കിൽ അവരുടെ പ്രശ്‌നം ഇല്ലാതാക്കുന്നത് എങ്ങനെയെന്നതോ സംബന്ധിച്ച് മുഴുവൻ കാര്യങ്ങളും നിങ്ങൾ അറിഞ്ഞിരിക്കണമെന്നു നിർബന്ധമൊന്നുമില്ല. ഉപദേശങ്ങളോ അഭിപ്രായങ്ങളോ നൽകാതെ അവരെ കേൾക്കുന്നത്, തങ്ങൾക്ക് തോന്നുന്നത് എന്താണോ അത് ശരിയാണ് എന്ന ആശയം പകർന്നു കൊടുക്കുന്നതിന് സഹായകമാകും. "ഇപ്പോൾ നിങ്ങൾ കടന്നു പോകുന്നത് എന്തിലൂടെയാണ് എന്ന് എനിക്കു സങ്കൽപ്പിക്കുവാൻ പോലും ആവില്ല, പക്ഷേ നിങ്ങൾക്കു വേണ്ടി ഞാൻ ഇവിടെ ഉണ്ടാവും, നിങ്ങളെ കേൾക്കാൻ ഞാൻ തയ്യാറുമാണ്."
  • അവിടുത്തെ അവസ്ഥ മനസ്സിലാക്കുന്നതിനുള്ള നിങ്ങളുടെ സ്വന്തം ത്വരയെ കുറിച്ചും അത് സ്വയം തടഞ്ഞു നിർത്തേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചും നിങ്ങള്‍ക്ക് ധാരണയുണ്ടായിരിക്കണം. അനുഭവം മനസ്സിലാക്കുന്നതിനും അതിനു കാരണമോ അർത്ഥമോ കൽപ്പിച്ചു നൽകുന്നതിനും ഉള്ള ഒരു പ്രേരണ മനുഷ്യസഹജമാണ്. മരിച്ചു പോയ വ്യക്തിയുമായി അത്രത്തോളം അടുപ്പം ഇല്ലാതിരുന്ന ഒരാളോട് ഇത് അന്വേഷിക്കുന്നതിനു നിങ്ങൾക്കു തീരുമാനിക്കാം. ഏറ്റവും അടുപ്പമുള്ള കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഈ ആഘാതവുമായി  പൊരുത്തപ്പെടുന്നതിന് ഏറ്റവും പ്രയാസം അനുഭവിക്കുന്ന ഘട്ടമായിരിക്കും അത്, അവർക്ക് വൈകാരിക പിന്തുണ ആവശ്യവുമുണ്ട്. നഷ്ടവുമായി മല്ലിട്ടുകൊണ്ടും സംഭവിച്ചു പോയതുമായി പൊരുത്തപ്പെടുന്നതിനു തങ്ങൾ തന്നെ ശ്രമിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന അവസരത്തിൽ ആവർത്തിച്ചാവർത്തിച്ചുള്ള ചോദ്യങ്ങളോ വിശദവിവരങ്ങളെ കുറിച്ച് അന്വേഷിക്കുന്നതോ അവർക്ക് തീരെ ഉൾക്കൊള്ളുവാൻ ആകില്ല.
  • അവർ ആഗ്രഹിക്കുന്നത് എന്താണോ അതു പങ്കു വയ്ക്കുന്നതിന് അവരെ അനുവദിക്കുക. അവർ എന്താണോ നിങ്ങളോടു പങ്കു വയക്കുവാൻ ആഗ്രഹിക്കുന്നത്, അതു ചെയ്യുന്നതിനുള്ള ഇടം അവർക്കു നൽകുക, ഒരു പക്ഷേ അത് അവരുടെ നഷ്ടവുമായി ബന്ധപ്പെട്ടതല്ല എങ്കിൽ കൂടിയും. കഥയുടെ വിശദാംശങ്ങളോ നഷ്ടത്തിനു മുമ്പും പിമ്പും എന്തു സംഭവിച്ചു എന്നതോ പറയുന്നതിനായി അവരെ നിർബന്ധിക്കുന്നത് ഒഴിവാക്കുക. ചില ആളുകൾക്ക് തങ്ങളുടെ കഥ വീണ്ടും വീണ്ടും പറയണം എന്നു തോന്നും; ചില ആളുകൾ തങ്ങളുടെ സ്‌നേഹഭാജനത്തിന്‍റെ ഓർമ്മകൾ അയവിറക്കുവാൻ ആഗ്രഹിച്ചുവെന്നിരിക്കും. ഒരു അവസ്ഥ നേരിടുന്നതിന് നമ്മളിൽ ഓരോരുത്തർക്കും വ്യത്യസ്തമായ ഓരോരോ രീതികളുണ്ട്. 
  • അവരുടെ വ്യസനം സാധുവാക്കുകയും അതു സാധാരണമാണ് എന്ന മട്ടില്‍ തോന്നിപ്പിക്കുകയും ചെയ്യുക. ആത്മഹത്യ സംബന്ധിച്ചുള്ള ദുഷ്‌കീർത്തി നിശ്ചിതമായതിനാൽ, ദുഃഖം തോന്നുന്നതും കരയുന്നതും ചിലപ്പോൾ തങ്ങളുടെ സ്‌നേഹഭാജനത്തോട് ദേഷ്യം തോന്നുന്നതും സാധാരണമാണ്, അതിൽ അപാകതയൊന്നുമില്ല എന്ന് അറിയുവാൻ അവർ ആഗ്രഹിക്കും. അത് ദുഃഖിക്കുന്ന പ്രക്രിയയുടെ ഒരു ഭാഗമാണ്, ഓരോരുത്തരും ദുഃഖിക്കുന്ന രീതി വ്യത്യസ്തമായിരിക്കും താനും. അവർക്കു സങ്കടം തോന്നുന്നതിനോ അവര്‍ കരയുന്നതിനോ കുഴപ്പമില്ല എന്ന് അവരെ അറിയിക്കുക.
  • അത് അവരുടെ തെറ്റ് അല്ല എന്ന് അവരെ അറിയിക്കുവാൻ ശ്രമിക്കുക. തങ്ങളുടെ സ്‌നേഹഭാജനത്തെ 'രക്ഷിക്കുവാൻ' കഴിഞ്ഞില്ലല്ലോ എന്നതിൽ അവർക്ക് കുറ്റബോധമോ നാണക്കേടോ തോന്നുന്നുണ്ടാകാം. അത് അവരുടെ കുറ്റമല്ല എന്ന് അവരെ അറിയിക്കുക. 
  • അവരെ സുഖപ്പെടുത്തേണ്ടത് നിങ്ങളുടെ ജോലിയല്ല എന്നതു മറക്കാതിരിക്കുക. നിങ്ങൾ ഒരു മാനസികാരോഗ്യ വിദഗ്ദ്ധൻ അല്ലെങ്കിൽ, അവരെ അവരുടെ അവസ്ഥയുമായി  പൊരുത്തപ്പെടുന്നതിനു സഹായിക്കുവാനുള്ള കഴിവുകൾ നിങ്ങൾക്ക് ഉണ്ടായി എന്നു വരില്ല. അവരോട് നിങ്ങൾക്കു ചെയ്യുവാൻ കഴിയുന്നത് നിങ്ങളുടെ സ്‌നേഹവും പരിചരണവും പിന്തുണയും നൽകുന്നതിനുള്ള സന്നദ്ധത പ്രകടിപ്പിക്കൽ ആണ്. നിങ്ങൾ വല്ലാതെ പരവശനാണെങ്കിൽ, ഉടനേ തന്നെ ഒരു വിശ്വസ്ത സുഹൃത്തിനെ, കുടുംബാംഗത്തെ സമീപിക്കുക. അതല്ലെങ്കിൽ ഹെൽപ് ലൈൻ ഉപയോഗിക്കുക.
  • ആവശ്യമുള്ള പക്ഷം അവരെ ഒരു വിദഗ്ദ്ധന്‍റെ അടുത്തേക്കു അയയ്ക്കുക. നഷ്ടത്തിനു ശേഷം ആഴ്ച്ചകളോളമോ ചിലപ്പോള്‍ മാസങ്ങളോളമോ തന്നെ അവര്‍ പരവശരായി കാണപ്പെടുന്നു എന്ന് നിങ്ങള്‍ ശ്രദ്ധിക്കുന്നുവെങ്കില്‍, അവര്‍ ഒരു ഹെല്‍പ് ലൈനുമായോ കൗണ്‍സിലറുമായോ ബന്ധപ്പെടുന്നത് സഹായകമായിരിക്കും എന്ന് സൗമ്യമായി അവരോട് അഭിപ്രായപ്പെടുക. 

എന്താണ് പറയാൻ പാടില്ലാത്തത്:

"അയ്യയ്യോ! അവർ സ്വയം കൊല്ലുമെന്നു ഞാൻ ഒരിക്കലും കരുതിയിരുന്നേയിലല്ല."

"ഒന്നുമില്ലെങ്കിൽ അവർ ഇപ്പോൾ ഒരു ഭേദപ്പെട്ട നിലയിലാണല്ലോ."

"അപ്പോൾ എന്താണു സംഭവിച്ചത് ? അവർ എന്തിനാണ് അതു ചെയ്തത്?"

"നിങ്ങള്‍ക്ക് ശരിക്കും യാതൊരു അറിവും ഇല്ലെന്നോ?"

"അവരെ പറഞ്ഞു മനസ്സിലാക്കാൻ നിങ്ങൾ ശ്രമിച്ചില്ലേ?"

"അവർക്കു മാനസിക രോഗമൊന്നും ഉണ്ടായിരുന്നില്ല എന്നു നിങ്ങൾക്ക് ഉറപ്പാണോ?"

"വിഷമിക്കാതിരിക്കൂ, അതെല്ലാം ശരിയാകും!"

ആത്മഹത്യ മൂലം ഒരാളെ നഷ്ടപ്പെട്ട ഒരു വ്യക്തിയോടാണ് നിങ്ങൾ സംസാരിക്കുന്നതെങ്കിൽ, ഇത്തരം അഭിപ്രായങ്ങൾ, അവ ഏറ്റവും നല്ല ഉദ്ദേശ ശുദ്ധിയോടു കൂടിയത് ആണെങ്കിൽ കൂടി, സ്വീകരിക്കപ്പെടാൻ ബുദ്ധിമുട്ടാണ്. സ്‌നേഹിച്ചിരുന്ന ആൾ ആത്മഹത്യ മൂലം നഷ്ടപ്പെട്ടിട്ടുള്ള ഒരു വ്യക്തി തീവ്രമായ വികാരങ്ങൾ അനുഭവിക്കുന്നുണ്ടാകും: ആഘാതം, കോപം, കുറ്റബോധം, നാണക്കേട്, ഭയം. 

ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്, ഫോർട്ടിസ് ഹെൽത്ത്‌കെയറിലെ (Fortis healthcare) മെന്‍റൽ ഹെൽത്ത് ആൻഡ് ബിഹേവിയറൽ സയൻസസ് വകുപ്പിലെ കൺസൽറ്റന്‍റ് ക്ലിനിക്കൽ സൈക്കോളജിസ്റ്റും മാനസിക ആരോഗ്യ വിഭാഗത്തിന്‍റെ മേധാവിയുമായ കാമ്‌ന ഛിബർ, മുംബൈയിലെ ഐകോൾ സൈക്കോളജിക്കൽ ഹെൽപ് ലൈന്‍ (iCall psychosocial helpline) പ്രോഗ്രാം അസോഷ്യേറ്റ് ആയ തനൂജ ബാബർ, എന്നിവർ പങ്കു വച്ച അറിവുകൾ കൂടി ഉൾക്കൊള്ളിച്ചു കൊണ്ടാണ്. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org