മനോഭാവ ചാഞ്ചാട്ടങ്ങൾ നേരിടുന്ന ഒരു പങ്കാളിയെ പരിചരിക്കേണ്ടത് എങ്ങനെയാണ്?

മനോഭാവ ചാഞ്ചാട്ടങ്ങൾ നേരിടുന്ന ഒരു പങ്കാളിയെ പരിചരിക്കേണ്ടത് എങ്ങനെയാണ്?

നിങ്ങൾക്ക് ഒരു ഒഴിഞ്ഞ കപ്പിൽ നിന്ന് ഒഴിക്കാനാവില്ല. നിങ്ങളേയും നിങ്ങളുടെ പങ്കാളിയേയും പരിചരിക്കേണ്ടതിനെ കുറിച്ചുള്ള ചില പൊടിക്കൈകളും നയങ്ങളും ഇവിടെ നൽകുന്നു.

വിഷാദമുള്ള ഒരു പങ്കാളി ഉണ്ടാകുക എന്നത് ക്ലേശകരമായ അവസ്ഥയാണ്. ഇന്നത്തെ കാലത്ത് മനോഭാവ തകരാറുകൾ എന്നത് സാധാരണമാണെങ്കിലും, അടുത്ത ബന്ധങ്ങളിൽ ഇത്തരം തകരാറുകൾ സൃഷ്ടിക്കുന്ന സ്വാധീനത്തെ കുറിച്ച് നമ്മള്‍ അത്ര ശ്രദ്ധയൊന്നും നൽകിയിട്ടില്ല. പിൻവലിയൽ, കുറയുന്ന സാമൂഹിക പാരസ്പര്യം, പ്രവർത്തനങ്ങളിലുള്ള താത്പര്യക്കുറവ് തുടങ്ങിയ സാധാരണ ലക്ഷണങ്ങൾ ഇത്തരം ബന്ധങ്ങൾ ഒരു അദ്ധ്വാനം ആക്കി മാറ്റിയേക്കാം. 

നിങ്ങൾ സ്‌നേഹിക്കുന്ന ആരെയെങ്കിലും നിങ്ങൾക്കു പരിചരിക്കേണ്ടി വരുമ്പോൾ നിങ്ങളുടെ ശ്രദ്ധ ആ ആളിന്‍റെ സന്തോഷത്തിലേക്കു വഴിമാറുന്നു എന്നതിനാൽ അത് നിങ്ങളേയും ബാധിക്കും, നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ സ്വന്തം ആവശ്യങ്ങളും ആഗ്രഹങ്ങളും അവഗണിക്കുകയും ചെയ്യും. മാനസികാരോഗ്യ പ്രശ്‌നം അനുഭവിക്കുന്ന ഒരു പങ്കാളിയെ സംരക്ഷിക്കുക എന്നത് അങ്ങനെ വളരെ സങ്കീർണ്ണമായ ഒരു കാര്യമായി മാറുന്നു. നിങ്ങളുടെ പങ്കാളി ഒരു മാനസിക രോഗത്തിലൂടെ കടന്നു പോകുമ്പോൾ, നിങ്ങളെ തന്നെ നിങ്ങൾ സ്വയം പരിപാലിക്കേണ്ടത് അനുപേക്ഷണീയമാണ്, അത് നിങ്ങൾ ഇരുവർക്കും നന്നാണ്, അതുവഴി നിങ്ങളുടെ പങ്കാളിയെ പിന്തുണയ്ക്കുന്നതിനും നിങ്ങൾക്ക് കഴിയും. 

ഉപയോഗപ്രദമായേക്കാവുന്ന ചില ഉപായങ്ങൾ ഇവിടെ പറയുന്നു.

പ്രശ്‌നം ഒരിക്കലും നിഷേധിക്കാതിരിക്കുക.

ഒരു പങ്കാളി മിയ്ക്കവാറും ആദ്യം ചെയ്യുന്ന കാര്യം ഒരു പ്രശ്നം ഉണ്ട് എന്നത് നിഷേധിക്കുകയോ അവഗണിക്കുകയോ ആയിരിക്കും. അത് ആദ്യം ഏറെ ശ്രമകരമായിരിക്കും. പക്ഷേ എത്ര പെട്ടെന്ന് നിങ്ങള്‍ അത് അംഗീകരിക്കുകയും നിങ്ങളുടെ പങ്കാളിയോട് സഹായം തേടാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവോ അതിന്‍റെ ഫലങ്ങള്‍ അത്രയും മെച്ചപ്പെട്ടതായിരിക്കും.

കാര്യങ്ങള്‍ നിഷേധിക്കുന്നതിനു പകരം, വെല്ലുവിളികളെ അഭിമുഖീകരിക്കുകയും പങ്കാളിയുമായി ആരോഗ്യകരമായ ഒരു തുറന്ന സംഭാഷണം നിലനിര്‍ത്തുകയും ചെയ്യുക: ഇത് ഒരു വിശ്വാസത്തിന്‍റെ തലവും അടുപ്പവും നിലനിര്‍ത്തും.  പൂര്‍ണ്ണമായ, അര്‍ത്ഥപൂര്‍ണ്ണമായ ഉത്തരങ്ങള്‍ ലഭിക്കുന്ന തരം ചോദ്യങ്ങള്‍ ചോദിക്കുവാന്‍ ശ്രമിക്കുക: "നിങ്ങളുടെ മനോഭാവത്തിലും പെരുമാറ്റത്തിലും ഞാന്‍ ചില മാറ്റങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. നിങ്ങളെ എന്തെങ്കിലും ഒരു കാര്യം വിഷമിപ്പിക്കുന്നുണ്ടോ? അതേ കുറിച്ചു സംസാരക്കുവാന്‍ നിങ്ങള്‍ക്കു താല്‍പര്യമുണ്ടോ? " തുറന്നു പറയുന്നതിന് ഇതു പങ്കാളിയെ സഹായിക്കുന്നു, തന്നെ കുറിച്ച് താല്പര്യം ഉണ്ട് എന്ന് അയാള്‍ക്ക്/ അവള്‍ക്ക് തോന്നുകയും ചെയ്യുന്നു. 

അതില്‍ പങ്കു ചേരുക.

നിങ്ങളുടെ പങ്കാളി കടന്നു പോകുന്ന രോഗാവസ്ഥെയെ കുറിച്ച് പഠിക്കുക. രോഗം എങ്ങനെയായിരിക്കും, അത് എങ്ങനെ ചികിത്സിക്കുവാൻ ആകും എന്നതിനെ കുറിച്ച് അവബോധം ഉണ്ടാകുന്നതിലൂടെ നിങ്ങൾക്ക് അത് കുറേക്കൂടി മെച്ചപ്പെട്ട നിലയിൽ കൈകാര്യംചെയ്യുവാൻ കഴിയും. രോഗത്തിന്‍റെ പ്രഭാവം ബന്ധത്തെ ബാധിക്കുന്നത് എങ്ങനെ കുറയ്ക്കാം എന്നും നിങ്ങൾ പഠിക്കും. എല്ലാ രോഗങ്ങൾക്കും സാധാരണ ലക്ഷണങ്ങൾ ഉണ്ടാകുമെങ്കിലും ഓരോ വ്യക്തിയിലും അത് കാണപ്പെടുന്നത് വ്യത്യസ്തമായിട്ടായിരിക്കും. നിങ്ങളുടെ പങ്കാളി പ്രകടിപ്പിക്കുന്ന പ്രത്യേക ലക്ഷണങ്ങളെ കുറിച്ച് നിങ്ങൾക്ക് ജാഗ്രത ഉണ്ടായിരിക്കുക. ഇതു ചെയ്യുന്നതിനായി, നിങ്ങൾ കൂടി നിങ്ങളുടെ പങ്കാളിക്കൊപ്പം തെറപ്പിസ്റ്റിന്‍റേയോ (സവിശേഷ വിദഗ്ദ്ധ ചികിത്സകന്‍/ചികിത്സക) ഡോക്ടറുടേയോ അടുത്തേക്ക് പേകേണ്ടതുണ്ട്.

നിങ്ങളുടെ സ്വന്തം സന്തോഷത്തിൽ കൂടി ശ്രദ്ധ വയ്ക്കുക.

നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുക. ഒരു ദിവസം അവധി എടുക്കുക, നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഒപ്പം പോകുക, ഒരു സിനിമ കാണുക. നിങ്ങൾ നിങ്ങളുടെ പങ്കാളിക്കും പങ്കാളിയുടേതായ ഇടവും സമയവും അനുവദിക്കേണ്ടതുമുണ്ട്.

മറ്റുള്ള ആളുകളെ കൂടി ഉൾപ്പെടുത്തുക.

പരിചരണം മറ്റുള്ളവരുമായി കൂടി പങ്കു വയ്ക്കുക:  നിങ്ങൾക്ക് നിങ്ങൾക്കായി കൂടുതൽ സമയം കണ്ടെത്തുന്നതിനും നിങ്ങളുടെ ചുമലിലെ ചുമതല കുറയക്കുന്നതിനും ഇതിലൂടെ നിങ്ങൾക്കു കഴിയും. തന്നെ കുറിച്ച് ഉത്കണ്ഠയുള്ള വേറേയും ആളുകൾ ഉണ്ട് എന്നത് അറിയുമ്പോൾ നിങ്ങളുടെ പങ്കാളിക്ക് കൂടുതൽ തൃപ്തി തോന്നുകയും ചെയ്യും. 

പങ്കാളിയുടെ  സന്തോഷത്തിന്‍റെ ചുമതല നിങ്ങൾക്കാണ് എന്ന് ചിന്തിക്കരുത്. 

ഓർമ്മിക്കുക: പങ്കാളി കടന്നു പോകുന്നത് ഒരു ആരോഗ്യ പ്രശ്‌നത്തിലൂടെയാണ്. അതിൽ നിന്ന് സുഖപ്പെടുന്നതിന് സമയം എടുക്കും. പങ്കാളിക്കു സങ്കടമുണ്ടെങ്കിൽ നിങ്ങൾ നിങ്ങളെ കുറ്റപ്പെടുത്തരുത്. തെറപ്പിസ്റ്റിന്‍റെ  അടുത്തേക്ക് അയാൾക്ക് /അവർക്ക് ഒപ്പം പോകുക, ഇഷ്ടമുള്ള കാര്യം ചെയ്യുന്നതിനു പ്രേരിപ്പിക്കുക തുടങ്ങിയവ ചെയ്ത് പങ്കാളിക്കു പിന്തുണ നൽകുക. പക്ഷേ പങ്കാളിക്കു വേണ്ടി സന്തോഷം സൃഷ്ടിക്കുക എന്ന ഭാരം  ഏറ്റേടുക്കരുത്.

അത് വ്യക്തിപരം എന്ന നിലിയിൽ എടുക്കരുത്.

വിഷാദം വികാരങ്ങളിൽ മാറ്റം വരുത്തിയേക്കാം. അവർ നിരാശരാണെങ്കിൽ, അതു നിങ്ങൾ കാരണമല്ല, മറിച്ച് അവർ കടന്നു പോകുന്നത് ഒരു ആരോഗ്യ പ്രശ്‌നത്തിലൂടെ ആയതു കൊണ്ടാണ്. പങ്കാളി നിരാശയിൽ ആയിരിക്കുമ്പോൾ പങ്കാളിയേയും നിങ്ങളെ സ്വയവും സഹായിക്കുവാനുള്ള ഒരു വഴി ആ വ്യക്തിയെ കുറിച്ചുള്ള പ്രതീക്ഷകൾ കുറയ്ക്കുക എന്നതാണ്. സാഹചര്യങ്ങളുടെ ഉൾപ്രേരണകൾ മൂലം സാധാരണമായി പ്രതികരിക്കാറുള്ളതു പോലെ പ്രതികരിക്കാതിരിക്കുക എന്നത് മനോഭാവ ചാഞ്ചാട്ടങ്ങള്‍ അനുഭവിക്കുന്നവരെ സംബന്ധിച്ച് സാധാരണമാണ്.

നിങ്ങൾക്കു സ്വയം വിദഗ്ദ്ധ സഹായം തേടുക.

ഒരാളുടെ പൂർവ്വസ്ഥിതി പ്രാപിക്കാനുള്ള കഴിവിൽ പരിചരണം നല്‍കല്‍ കുറവു വരുത്തിയേക്കാം. നിങ്ങൾ പരവശതയിൽ ആണ്, സ്വയം തകരുമെന്നു തോന്നുകയും ചെയ്യുന്നു എന്നുള്ള പക്ഷം വിദഗ്ദ്ധ സഹായം തേടുന്നതിന് ഭയപ്പെടേണ്ട കാര്യമില്ല.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയ ഡോ രത്‌നാ ഐസക് നൽകിയ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയത്. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org