പരിചരിക്കുന്നവരുടെ ക്ലേശം തിരിച്ചറിയുക

പരിചരിക്കുന്നവരുടെ ക്ലേശം തിരിച്ചറിയുക

Published on
കഴിഞ്ഞ ലേഖനത്തില്‍ ഞാന്‍ രോഗിയെ പരിചരിക്കുന്നവര്‍ക്ക് അതിലൂടെ ഉണ്ടാകുന്ന ശാരീരികമായ ആഘാതങ്ങളെക്കുറിച്ച് പറഞ്ഞു, അതിനാല്‍ പരിചരിക്കുന്നവരുടെ മാനസികാരോഗ്യം എന്ന സങ്കീര്‍ണമായ പ്രശ്നത്തിലേക്ക് തിരിയേണ്ട സമയമാണിപ്പോള്‍. പരിചരിക്കുന്നവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോഴൊക്കെ ഞങ്ങള്‍ക്ക് അനുഭവപ്പെട്ടിട്ടുള്ള ഒരു പ്രധാന സംഗതി, അവര്‍ പെട്ടെന്നുണ്ടാകുന്ന വേവലാതിയും സങ്കടവും മൂലമോ അല്ലെങ്കില്‍ ദീര്‍ഘനാളായി പരിചരിക്കുക എന്ന പ്രക്രിയയില്‍  ഏര്‍പ്പെടേണ്ടി വരുന്നതു മൂലമോ  വിഷാദവും ഉത്കണ്ഠയും  ഉള്ളവരും മറ്റുള്ളവരില്‍ നിന്ന് പിന്‍വലിഞ്ഞ് നില്‍ക്കുന്നവരും മോശമായ മാനസികാരോഗ്യം അനുഭവിക്കുന്നവരുമായിത്തീരുന്നു എന്നതാണ്.

ഒരു വ്യക്തിയെ പരിചരിക്കുക എന്നത് അതിശ്രദ്ധവേണ്ടുന്ന കാര്യമാണ്. എല്ലാ പരിചരിക്കുന്നര്‍ക്കും ഏതെങ്കിലും സമയത്ത് തളര്‍ച്ച അനുഭവപ്പെടുകയും ചെയ്യുന്നു. ഇത്തരം അനുഭവങ്ങളെ ഓര്‍ത്ത് പരിചരിക്കുന്നവര്‍ക്ക് നാണക്കേട് തോന്നേണ്ട കാര്യമില്ല.അതുപോലെ തന്നെ " ഇതുപോലൊരാളെ പരിചരിക്കുന്ന നിങ്ങള്‍ ഒരു മാലാഖയാണ്. നിങ്ങള്‍ക്ക് ഇത് എങ്ങനെ ചെയ്യാനാകുന്നു എന്ന് എനിക്കറിയില്ല", അല്ലെങ്കില്‍ ഭിന്നശേഷിയുള്ള കുട്ടികളെ സവിശേഷതയുള്ള മാതാപിതാക്കള്‍ക്കാണ് കിട്ടുന്നത്- അവള്‍ നിങ്ങളിലേക്ക് തന്നെ വരാനുള്ളതായിരുന്നു" എന്നിങ്ങനെയുള്ള നല്ല അര്‍ത്ഥത്തിലുള്ള വാക്കുകള്‍ പരിചരിക്കുന്നവര്‍ക്ക് ഒരു ആശ്വാസവും പ്രോത്സാഹനവുമായേക്കാം എങ്കിലും അവ പലപ്പോഴും ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കാം. പരിചരിക്കുന്നവര്‍ക്ക് തങ്ങള്‍ പരാതിപ്പെടാന്‍ പാടില്ലെന്നോ അല്ലെങ്കില്‍ പരിചരിക്കുക എന്നത് വളരെ പ്രയാസമേറിയതായി തോന്നുന്നു എങ്കില്‍ തങ്ങള്‍ വേണ്ടത്ര ശേഷിയില്ലാത്തവരാണെന്നോ ഉള്ള വിചാരം ഉണ്ടാകുന്നു. 

പരിചരിക്കുന്നവര്‍ക്ക് പരിചരിക്കുക എന്ന പ്രക്രിയയിലെ ചില പ്രത്യേക കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടുള്ളതായി അനുഭവപ്പെട്ടേക്കാം. ഉദാഹരണത്തിന്, തങ്ങളുടെ ആശ്രിതരുടെ വെല്ലുവിളിയുയര്‍ത്തുന്ന പെരുമാറ്റ പ്രത്യേകതകള്‍, അല്ലെങ്കില്‍ പതിവായി ഉറക്കം തടസപ്പെടുന്നതിനെ നേരിടല്‍. പരിചരിക്കുന്ന കാലത്തിന്‍റെ ദൈര്‍ഘ്യം അനുസരിച്ച് മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്ന വെല്ലുവിളികളുടെ വലിപ്പം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ചില ബന്ധങ്ങള്‍ അധിക മാനസിക തളര്‍ച്ചയ്ക്ക് കാരണമാകുന്നു- ഉദാഹരണത്തിന്, തങ്ങളുടെ ജീവിത പങ്കാളികളെ പരിചരിക്കുന്നവര്‍ക്ക് പലപ്പോഴും വിഷാദരോഗ ലക്ഷണങ്ങള്‍ ഉണ്ടാകുന്നു, അതുപോലെ തന്നെ പ്രായക്കൂടുതലുളള പരിചരിക്കുന്നവരും പലപ്പോഴും  വര്‍ദ്ധിച്ച തോതിലുള്ള വിഷാദ രോഗ  ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നു.

ഈ മാനസിക സംഘര്‍ഷവും ദുരിതവും മറ്റുള്ളവരുമായി പങ്കുവെയ്ക്കാന്‍ പരിചരിക്കുന്നവര്‍ക്ക് കഴിയുന്നില്ലായെങ്കില്‍ അവര്‍ക്ക് വര്‍ദ്ധിച്ച തോതിലുള്ള ഉത്കണ്ഠയും മാനസിക സമ്മര്‍ദ്ദവും ഒറ്റപ്പെടലുമൊക്കെ അനുഭവപ്പെട്ടേക്കും. അതുകൊണ്ട് ഇവ പങ്കുവെയ്ക്കണം എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഉദാഹരണത്തിന്, പരിചരിക്കുക എന്നതില്‍ നിന്ന് ഒരു ഇടക്കാല വിശ്രമത്തിന് അവസരം കിട്ടുന്നതോ നിങ്ങളുടെ വീട്ടുകാര്യങ്ങളില്‍ ആരെങ്കിലും  നിങ്ങളെ സഹായിക്കുന്നതോ ഉപകാരപ്രദമാകും.  വൈകാരികമായ പിന്തുണയിലൂടെ മനസിന്‍റെ ഭാരം ഇറക്കിവെയ്ക്കാന്‍ അവസരം കിട്ടുക എന്നതും ഇതുപോലെ തന്നെ പ്രധാനപ്പെട്ടതാണ്.  ഒരു അയല്‍ക്കാരി/അയല്‍ക്കാരനിലൂടെ, അല്ലെങ്കില്‍  വിമര്‍ശിക്കുകയോ വിധിയെഴുതുകയോ ചെയ്യാതെ നിങ്ങള്‍ പറയുന്നത് കേട്ടിരിക്കുന്ന ഒരു സുഹൃത്തിലൂടെ അല്ലെങ്കില്‍ മറ്റ് പരിചരിക്കുന്നവരുടെ സ്വയം സഹായക ഗ്രൂപ്പില്‍ അംഗമായിക്കൊണ്ട് അതുമല്ലെങ്കില്‍ പരിചയസമ്പന്നനായ ഒരു കൗണ്‍സിലറുടെ സഹായം തേടിക്കൊണ്ട് ഇത് സാധ്യമാക്കാവുന്നതാണ്. 

 പരിശോധിക്കപ്പെടാതിരിക്കുകയും പിന്തുണ കിട്ടാതെ പോകുകയും ചെയ്യുന്ന പരിചരിക്കുന്നവരുടെ മാനസികവും വൈകാരികവുമായ ക്ലേശങ്ങളും സങ്കടവും ഭാരവും ഗുരുതരമായ മാനസികാരോഗ്യ പ്രശ്നമായി വളരുകയും അവരുടേയും അവര്‍ പരിചരിക്കുന്ന വ്യക്തിയുടേയും ജീവിതത്തിന് പരിക്കേല്‍ പ്പിക്കുകയും ചെയ്യും.

പരിചരിക്കുന്നവര്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍ എന്തെല്ലാമെന്നും അവ ഏതേത് മേഖലകളിലാണെന്നും നമുക്ക് നോക്കാം. ഒരു പക്ഷെ നിങ്ങള്‍ക്ക് അറിയാവുന്ന പരിചരിക്കുന്ന ഒരാളെ സഹായിക്കാന്‍ ഒരു വഴികണ്ടെത്താന്‍ നിങ്ങള്‍ക്കായേക്കും... 
മാനസിക സമ്മര്‍ദ്ദവും വേവലാതിയും: പരിചരിക്കുക എന്ന ഉത്തരവാദിത്തം പലപ്പോഴും പരിചരിക്കുന്നയാള്‍ക്ക് വലിയ മാനസിക പിരിമുറുക്കവും വേവലാതിയും സൃഷ്ടിക്കാറുണ്ട്. അവര്‍ മിക്കവാറും തങ്ങളുടെ പ്രിയപ്പെട്ടയാളുടെ രോഗത്തേക്കുറിച്ചും  പരിചരിക്കലിന്‍റെ ഭാഗമായി പൂര്‍ത്തിയാക്കേണ്ട പ്രവര്‍ത്തികളെക്കുറിച്ചും ചിന്തിക്കുന്നതിന് ഒരുപാട് സമയം ചെലഴിക്കുന്നു, ഇത് സ്വയം ഒന്ന് വിശ്രമിക്കുക എന്നത് അവര്‍ക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമാക്കുന്നു. പരിചരിക്കുന്നവര്‍ക്ക് പലപ്പോഴും ഉറങ്ങാന്‍ ബുദ്ധിമുട്ട് നേരിടുന്നു, അവര്‍ വളരെയധികം അല്ലെങ്കില്‍ വളരേക്കുറച്ച് ഭക്ഷണം കഴിക്കുന്നു, അവരുടെ മാനസികാവസ്ഥയെ ഇത് വല്ലാതെ ബാധിക്കുന്നു. ദീര്‍ഘനാള്‍ ഈ അനുഭവങ്ങളിലൂടെ കടന്നു പോകുന്നത്   പരിചരിക്കുന്നയാളുടെ മാനസികാരോഗ്യത്തിന് ഹാനികരമാകുകയും അവര്‍ സുഖമില്ലാത്തവരായി മാറുകയും ചെയ്തേക്കാം. 

സാമൂഹികമായ ഒറ്റപ്പെടല്‍: സാമൂഹികമായ സമ്പര്‍ക്കത്തിനോ തങ്ങള്‍ക്ക് ഇഷ്ടപെട്ട വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനോ സമയം കണ്ടെത്താന്‍ പരിചരിക്കുന്ന പലരും വല്ലാതെ പ്രയാസപ്പെടുന്നുണ്ട്. ഞങ്ങളുടെ പദ്ധതി പ്രദേശത്ത്, 88 ശതമാനം പരിചാരകരും പറഞ്ഞത് അവരുടെ കാര്യങ്ങള്‍ ചെയ്യുന്നതിനായി അവര്‍ക്ക് തീരെ സമയം കിട്ടുന്നില്ല എന്നാണ്. അതുപോലെ തന്നെ തങ്ങള്‍ക്കായി അല്‍പം സമയം എടുക്കുന്നതില്‍ അവര്‍ക്ക് കുറ്റബോധം തോന്നുകയും ചെയ്യുന്നു. പരിചരിക്കുന്നയാള്‍ക്കു നേരേയോ രോഗിക്ക് നേരേയോ ഉണ്ടാകുന്ന           അപമാനിക്കലിനെക്കുറിച്ചുള്ള ഉത്കണ്മൂലം പരിചരിക്കുന്നവര്‍ തങ്ങളുടെ പരിചരിക്കല്‍ ജോലിയെക്കുറിച്ചോ അതിന്‍റെ ദുരിതങ്ങളേക്കുറിച്ചോ ആരോടും ഒന്നും പറയുന്നില്ല. ഇവര്‍ക്ക് കടുത്ത ഒറ്റപ്പെടല്‍ അനുഭവപ്പെടു കയും ഒടുവില്‍ ഉത്കണ്ഠാരോഗം, വിഷാദരോഗം, തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു. ഞങ്ങള്‍ പ്രവര്‍ത്തിക്കുന്ന മേഖലയിലെ പരിചരിക്കുന്നവരില്‍ 77 ശതമാനം പേര്‍ക്കും ഈ അവസ്ഥ അനുഭവപ്പെടുന്നുണ്ട്. 

നിരാശയും കോപവും: പരിചരിക്കുന്നവര്‍ക്ക് വളരെ കോപവും നിരാശയും അനുഭവപ്പെട്ടേക്കും, പ്രത്യേകിച്ച് അവര്‍ ഒരു കരിയര്‍ ഉപേക്ഷിക്കുന്നതുപോലെയുള്ള കാര്യങ്ങള്‍ ചെയ്തുകൊണ്ട് അവരുടെ ജീവിതത്തിന്‍റെ നല്ല ഭാഗം ഒരു പരിചരിക്കുന്നയാള്‍ എന്ന നിലയ്ക്ക് തീര്‍ക്കുകയാണെങ്കില്‍. തങ്ങള്‍ക്ക് പരിചരിക്കുന്നയാള്‍ ആകുകയല്ലാതെ മറ്റൊരു പോംവഴിയും ഇല്ലായിരുന്നല്ലോ എന്ന് അവര്‍ക്ക് തോന്നിയേക്കാം. ചിലരുടെ കാര്യത്തില്‍ ഈ ദേഷ്യം കുടുംബാംഗങ്ങളുടെ നേര്‍ക്കോ അല്ലെങ്കില്‍ പരിചരിക്കപ്പെടുന്ന രോഗിയുടെ നേര്‍ക്കോ തിരിഞ്ഞേക്കും. ഇത് ക്രമേണ പരിചരിക്കുന്നയാളില്‍ ഒരു കുറ്റബോധം ഉളവാക്കുകയും അവരെ  വിനാശകരമായ വികാരങ്ങളുടെ വിഷമവൃത്തത്തിലാക്കാന്‍ തുടങ്ങുകയും ചെയ്യും. 

കുറഞ്ഞ ആത്മാഭിമാനം: ഒരു രോഗിയെ പരിചരിക്കുന്നയാളായിരിക്കുക എന്നത് ആത്മാഭിമാനത്തെ വലിയതോതില്‍ ബാധിക്കുന്ന കാര്യമായേക്കാം. തങ്ങള്‍ ശ്രദ്ധയും പരിചരണവും അര്‍ഹിക്കുന്നയാളല്ലെന്നും അവരുടെ സമയം മുഴുവന്‍ പരിചരിക്കുന്നതിനായി ചെലവഴിക്കേണ്ടതാണെന്നുമുള്ള ഒരു വിചാരം അവരില്‍ ഉണ്ടാക്കിയേക്കാം. അവനവനിലും പരിചരിക്കുക എന്ന കര്‍ത്തവ്യം നിര്‍വഹിക്കുന്നതിന് പുറത്ത് മറ്റെന്തെങ്കിലും ചെയ്യുന്നതിനുള്ള ശേഷികളിലുമുള്ള ആത്മവിശ്വാസം നഷ്ടപ്പെടുക എന്നത് പരിചരിക്കുന്നവര്‍ക്കിടയില്‍ സാധാരണമായിരിക്കുന്ന കാര്യമാണ്.   

സാമ്പത്തികമായ വേവലാതികള്‍: പരിചരിക്കുന്നവര്‍ക്ക് സാധാരണയായി അധിക പരിചരണം, മരുന്ന്, തെറാപ്പി, ഉപകരണങ്ങള്‍, യാത്ര എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്കായി ധാരാളം പണം മുടക്കേണ്ടതായി വരുന്നു. ഇത് സാമ്പത്തികമായി വലിയ ഞെരുക്കം ഉണ്ടാക്കുകയും അവര്‍ക്ക് അവരുടെ സ്വന്തം ആവശ്യങ്ങളും ആഗ്രഹങ്ങളും ഗണ്യമായി വെട്ടിക്കുറക്കേണ്ടി വരികയും ചെയ്യുന്നു. പരിചരിക്കുന്ന നിരവധി പേര്‍ ഈ ചിലവുകള്‍ നടത്തിക്കൊണ്ടുപോകാന്‍ പാടുപെടുകയും കടത്തിലാകുകയും ചെയ്യുന്നു. ഞങ്ങള്‍ ദിവസവും ബന്ധപ്പെടുന്ന പരിചരിക്കുന്നവരില്‍ പത്തില്‍ ഒമ്പതുപേരും സാമ്പത്തികമായ ദുരിതം അനുഭവിക്കുന്നവരാണെന്നാണ് മനസിലാക്കാനായിട്ടുള്ളത്. 

പരിചരിക്കുന്നവര്‍ക്ക് തങ്ങളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായി സഹായവും പിന്തുണയും ആവശ്യമുണ്ട്, അവര്‍ അത് അര്‍ഹിക്കുകയും ചെയ്യുന്നു. ഒരു സമൂഹം എന്ന നിലയ്ക്ക് നമ്മള്‍ പരിചരിക്കലിനെക്കുറിച്ച് തുറന്ന് സംസാരിക്കാന്‍ തുടങ്ങുകയും പരിചരിക്കുന്നവരും അവരുടെ പ്രശ്നങ്ങളും നമ്മുടെ സമൂഹത്തില്‍ എത്രമാത്രം ഉണ്ടെന്നത് തിരിച്ചറിയുകയും ചെയ്താല്‍ മാത്രമേ പരിചരിക്കുന്നവര്‍ക്ക് നിര്‍ണായകമായ ഈ ശ്രദ്ധയും പരിഗണനയും ലഭ്യമാകുകയുള്ളു. എന്തായാലും ജീവിതത്തില്‍ എപ്പോളെങ്കിലും നമ്മളില്‍ ഓരോരുത്തരും പരിചരിക്കുന്നവരോ  പരിചരിക്കപ്പെടുന്നവരോ അല്ലെങ്കില്‍ അത് രണ്ടുമോ ആയേക്കും എന്ന കാര്യം ഓര്‍ത്തിരിക്കുക. 

എന്‍റെ അടുത്ത ലേഖനത്തില്‍, പരിചരിക്കുന്നവരെ സഹായിക്കുന്നതിനുള്ള വൈകാരികവും പ്രായോഗികവുമായ വഴികളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും അവരുടെ മാനസികാരോഗ്യത്തിന് പിന്തുണ നല്‍കാന്‍ കെയറേഴ്സ് വേള്‍ഡ്വൈഡ്  ഏതൊക്കെ രീതിയില്‍ ശ്രമിക്കുന്നു എന്ന് വിശദമാക്കുകയും ചെയ്യുന്നു. 

Related Stories

No stories found.
White Swan Foundation
malayalam.whiteswanfoundation.org